പത്രവാര്‍ത്തകള്‍ 06-01-08

1. വ്യവസായം വരാന്‍ മുതലാളിത്തം വേണം_ബസു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ വ്യവസായവത്കരിക്കാന്‍ മുതലാളിത്തപാത സ്വീകരിക്കണമെന്ന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാടിന് മുതിര്‍ന്ന സി.പി.എം നേതാവ് ജ്യോതിബസു പിന്തുണ നല്കി. ഇന്നത്തെ കാലത്ത് സോഷ്യലിസം അത്ര പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ഘടകകക്ഷികള്‍ ബുദ്ധദേവിന്റെ ശൈലിയെ എതിര്‍ക്കുന്നതില്‍ ബസു അത്ഭുതം പ്രകടിപ്പിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”രാജ്യത്തും വിദേശത്തും നിന്നുള്ള മൂലധനം നമുക്ക് ആവശ്യമുണ്ട്. എന്തൊക്കെയായാലും മുതലാളിത്ത വ്യവസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത്. സോഷ്യലിസം ഇക്കാലത്ത് സാധ്യമല്ല. സോഷ്യലിസം വിദൂരത്താണ്”_ ബസു പറഞ്ഞു. ”വര്‍ഗരഹിത സമൂഹം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് വളരെ മുമ്പാണ്. സോഷ്യലിസം തന്നെയാണ് നമ്മുടെ രാഷ്ട്രീയ അജന്‍ഡ. ഇക്കാര്യം പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മുതലാളിത്തം ഭാവികാലത്തേക്കുള്ള പ്രേരകശക്തിയായി തുടരും”_ പൊളിറ്റ്ബ്യൂറോ അംഗമായ ബസു അഭിപ്രായപ്പെട്ടു. രാജ്യത്ത് സി.പി.എം മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍സോഷ്യലിസം നടപ്പാക്കുമെന്ന് പറയാനാകുമോ എന്നാല്‍, വ്യവസായത്തിനായി സ്വകാര്യമൂലധനം ക്ഷണിക്കുമ്പോള്‍ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കപ്പെടണം_ അദ്ദേഹം പറഞ്ഞു.

വ്യവസായത്തിനുവേണ്ടി പണം കണ്ടെത്തുകയെന്നത് ബംഗാളിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്നും സമ്പദ്വ്യവസ്ഥ വികസിക്കണമെങ്കില്‍ മുതലാളിത്തത്തെ ആശ്രയിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

മുപ്പതുവര്‍ഷമായി അധികാരത്തിലിരുന്ന ശേഷം ബംഗാള്‍ സര്‍ക്കാര്‍ ഇടതുപ്രത്യയശാസ്ത്രത്തില്‍ നിന്നു വ്യതിചലിക്കുന്നുവെന്ന് ആരോപിക്കുന്ന ഫോര്‍വേഡ് ബ്ലോക്കും ആര്‍.എസ്.പി.യും എന്തിനെയാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ബസു പറഞ്ഞു.

2. വിദ്യാഭ്യാസപരിഷ്കാരം: സി.പി.ഐ മുഖ്യമന്ത്രിക്ക് കത്തുനല്‍കും
തിരുവനന്തപുരം: കെ.ഇ.ആര്‍ പരിഷ്കരണം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയിലും ഇടതുമുന്നണിയിലും സമഗ്രമായ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കത്തു നല്‍കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഈ തീരുമാനം. അടുത്ത ദിവസങ്ങളില്‍ തന്നെ മന്ത്രി സി. ദിവാകരന്‍ മുഖ്യമന്ത്രിയെ കണ്ട് കത്തു നല്‍കണമെന്നും എക്സിക്യൂട്ടീവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിദ്യാഭ്യാസരംഗത്തെ പരിഷ്കരണങ്ങളുടെ പേരില്‍ വിവിധ സമുദായങ്ങള്‍ക്ക് ഉണ്ടായ ആശങ്ക ദുരീകരിക്കണം. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മേല്‍നോട്ട ചുമതല പഞ്ചായത്തുകളെ ഏല്പിക്കാനുള്ള നീക്കം അനഭിലഷണീയമാണ്. എയ്ഡഡ് സ്കൂളുകളുടെയും കോളേജുകളുടെയും നിയമനാധികാരം ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നതാണ് സി.പി.ഐയുടെ നിലപാട്. വേണ്ടത്ര ചര്‍ച്ചയും ഒരുക്കങ്ങളും ഇല്ലാതെയും സമവായം സൃഷ്ടിക്കാതെയും വിദ്യാഭ്യാസരംഗത്ത് നടത്തുന്ന ഏതിടപെടലും സ്വാശ്രയവിദ്യാഭ്യാസരംഗത്തുണ്ടായ തിരിച്ചടി വീണ്ടും ക്ഷണിച്ചുവരുത്തുമെന്നും സി.പി.ഐ മുന്നറിയിപ്പു നല്‍കുന്നു. സ്വാശ്രയവിദ്യാഭ്യാസം സംബന്ധിച്ച മന്ത്രിസഭാഉപസമിതിയുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന വിമര്‍ശനവും സി.പി.ഐ ഉന്നയിച്ചിട്ടുണ്ട്. വളരെ ശക്തമായ ഭാഷയില്‍ തന്നെ തങ്ങളുടെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് സി.പി.ഐയുടെ തീരുമാനം.

3. മണ്ണുത്തി റാഗിങ്: രണ്ടര മാസത്തിനുശേഷം ഒരു പ്രതി അറസ്റ്റില്‍
തൃശ്ശൂര്‍: മണ്ണുത്തി വെറ്ററിനറി കോളേജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി മനുവിനെ റാഗ് ചെയ്ത സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കുരിശുമ്മൂട് മേക്കാടത്ത് എം.ആര്‍. അരുണ്‍രാജാണ് അറസ്റ്റിലായത്. എന്നാല്‍ സംഭവം നടന്ന് രണ്ടരമാസമായിട്ടും മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. പ്രതികളെ മനു കോളേജ് രജിസ്റ്ററില്‍നിന്ന് തിരിച്ചറിയുകയും ഇവര്‍ പലതവണ കോടതിനടപടികള്‍ക്ക് തൃശ്ശൂരിലെത്തുകയും ചെയ്തിരുന്നു. ജില്ലാ കോടതിയും ഹൈക്കോടതിയും പ്രതികളെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പോലീസിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നതുമാണ്.

കഴിഞ്ഞ ഒക്ടോബര്‍ 22_നാണ് റാഗിങ്ങിനെ തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് മനു ശ്രമിച്ചത്. കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്ത് എഫ്.ഐ.ആര്‍. കോടതിയില്‍ സമര്‍പ്പിച്ചു. ഒക്ടോബര്‍ 30ന് അഞ്ച് പ്രതികളെ കോളേജ് രജിസ്റ്ററില്‍നിന്ന് മനു തിരിച്ചറിഞ്ഞു. അപ്പോള്‍തന്നെ കോളേജ് ഹോസ്റ്റലില്‍നിന്ന് പ്രതികള്‍ മുങ്ങി. നവംബര്‍ 12ന് വീണ്ടും പഠനം തുടരുന്നതിന് കോളേജിലെത്തിയ മനുവിനെ സൌഹാര്‍ദ്ദാന്തരീക്ഷത്തിലല്ല ആദ്യം കോളേജധികൃതര്‍ സ്വീകരിച്ചത്. സീനിയര്‍ വിദ്യാര്‍ഥികളായ അഞ്ചുപേരെയും കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

കണ്ടാലറിയുന്നവര്‍ എന്നല്ലാതെ പ്രതിപ്പട്ടിക കോടതിയില്‍ നല്‍കിയിട്ടുമില്ല. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പോലീസില്‍ കീഴടങ്ങുവാനാണ് നിര്‍ദ്ദേശിച്ചത്. അന്വേഷകര്‍ ശുഷ്കാന്തി കാട്ടുന്നില്ലെന്ന് ജില്ലാ കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയിലെ അപ്പീലിലും കാര്യങ്ങള്‍ വ്യത്യസ്തമായില്ല. പ്രതിചേര്‍ത്തിട്ടില്ലെന്നത് മുന്‍കൂര്‍ ജാമ്യത്തിന് കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരിച്ചറിയല്‍ പരേഡ് നടത്തിയേ പ്രതിചേര്‍ക്കൂവെന്ന് പ്രോസിക്യൂഷന്‍ ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തു. ഇതിനുശേഷം ഒന്നരമാസമായെങ്കിലും പ്രതികള്‍ കീഴടങ്ങിയില്ല. പോലീസിന് അറസ്റ്റിനും കഴിഞ്ഞില്ല.

തിരിച്ചറിയല്‍ പരേഡിന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കാത്തതിനെതിരെ പ്രതികള്‍ സി.ജെ.എം. കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളി. പ്രതികള്‍ നേരിട്ട് തൃശ്ശൂരില്‍ എത്തിയിരുന്നു. കക്ഷികളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാത്ത സാഹചര്യത്തില്‍ തിരിച്ചറിയല്‍ പരേഡിന് അവരെ നേരിട്ട് ഹാജരാക്കാമെന്നാണ് പ്രതികളുടെ അഭിഭാഷകന്‍ പറയുന്നത്. അതിന് പോലീസ് വഴങ്ങാത്തത് കൂടുതല്‍ വകുപ്പുകള്‍ എഴുതിച്ചേര്‍ക്കാനാണെന്നും ആരോപിക്കുന്നു. വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഇവര്‍ ഒരുങ്ങുന്നു.

വീണ്ടും കോളേജിലെത്തിയ മനു മാനസികസമ്മര്‍ദ്ദംമൂലം തളര്‍ന്നുവീഴുന്ന സ്ഥിതിയുണ്ടായി. ക്രിസ്മസ് അവധിക്കുശേഷം എത്തിയ മനു സാധാരണനില കൈവരിച്ചു. പ്രതികളെ പിടികൂടാന്‍ ഇപ്പോള്‍ പോലീസിന് നിയമതടസ്സമില്ല. റാഗിങ് തടയുകയെന്നത് കോളേജിന്റെ മാത്രമല്ല, നിയമപാലകരുടെയും കടമയാണെന്ന് ഹൈക്കോടതിതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും തിരച്ചില്‍ തുടരുന്നുവെന്ന പല്ലവിമാത്രമാണ് പോലീസിന്.

പോലീസിന്റെ പിടിപ്പുകേടിനെതിരെ റാഗിങ്ങ് വിരുദ്ധ ജനകീയസമിതി പ്രത്യക്ഷസമരത്തിന് തയ്യാറെടുക്കുകയാണ്. പോലീസ് പ്രതികളുടെ ക്രൈം കാര്‍ഡിറക്കുകയും അവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും വേണം. ഇതിന് തയ്യാറാകാത്തപക്ഷം ജനകീയസമിതി ക്രൈംകാര്‍ഡിറക്കുകയും പിടികിട്ടാപ്പുള്ളികള്‍ക്ക് ജനകീയപാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്യും. ഇതിന്റെ പ്രഖ്യാപനം ജനവരി 12ന് മണ്ണുത്തി സെന്ററില്‍ നടത്തും.

ഇതിനിടെയാണ് ശനിയാഴ്ച രാത്രി ആദ്യത്തെ അറസ്റ്റുണ്ടായത്. പ്രതിയുടെ മണ്ണുത്തിയിലെ ബന്ധുവീട്ടില്‍ നിന്ന് ഡിവൈ.എസ്.പി.യുടെ കീഴിലുള്ള പോലീസ് സംഘമാണ് അരുണ്‍രാജിനെ പിടിച്ചത്. ഇയാളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും.

4. ഭീകരരെ അമര്‍ച്ച ചെയ്യുമ്പോള്‍ പൌരാവകാശങ്ങള്‍ ലംഘിക്കരുത്
കൊച്ചി: ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകരപ്രവര്‍ത്തകരെ അമര്‍ച്ച ചെയ്യുമ്പോള്‍ ബന്ധപ്പെട്ട നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തി പൌരാവകാശങ്ങള്‍ ലംഘിക്കരുതെന്ന് ഇന്ത്യന്‍ ചീഫ് ജസ്റ്റിസും കാനഡ ചീഫ് ജസ്റ്റിസും ഒരേ സ്വരത്തില്‍ ഉന്നയിച്ചു.

അഡ്വ. എസ്. ഈശ്വര അയ്യര്‍ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും കാനഡ ചീഫ് ജസ്റ്റിസ് ബെവേര്‍ലി മക്ലോട്ട്ലിനും ഒരേ വേദിയില്‍ പ്രസംഗിച്ചത്.

ടാഡ, പോട്ട നിയമങ്ങള്‍ നടപ്പാക്കിയതിന്റെ പേരില്‍ നിരപരാധികള്‍ മര്‍ദ്ദിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തത് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ പേരിലുള്ള ടാഡ നിയമം ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. വിലപ്പെട്ട മനുഷ്യാവകാശങ്ങളാണ് ചവുട്ടിമെതിക്കപ്പെട്ടത്. സുരക്ഷ, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പൌരാവകാശങ്ങളും സംരക്ഷിച്ചേ തീരൂ എന്ന് അദ്ദേഹം പറഞ്ഞു.

ഈശ്വര അയ്യര്‍ സ്മാരക പ്രഭാഷണം അദ്ദേഹം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ടാജ് റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ഈശ്വര അയ്യര്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ് ജസ്റ്റിസ് സി.എസ്.രാജന്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യയുടെ മൂന്നില്‍ ഒരു ഭാഗം ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത് ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചു. ദാരിദ്ര്യവും അസമത്വവുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം. ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുകയും വേണം.

ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുമ്പോള്‍ നമ്മുടെ നിയമനിര്‍മാതാക്കളും കോടതികളും കഴിയുന്നത്ര തലത്തില്‍ പൌരാവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന് കാനഡ ചീഫ് ജസ്റ്റിസ് ബെവേര്‍ലി അഭിപ്രായപ്പെട്ടു.

ഭീകര പ്രവര്‍ത്തനങ്ങളെ ശക്തിയായി നേരിട്ടേ പറ്റൂ. കാരണം ഭീകരന്മാര്‍ ജനാധിപത്യത്തേയും വ്യക്തി സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്നു. ഭീകരന്മാരെ നേരിടുമ്പോള്‍ നമുക്ക് ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും പരിരക്ഷിക്കപ്പെടണം. ഇവ തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ബെവേര്‍ലി അഭിപ്രായപ്പെട്ടു. ”ഈ ഘട്ടത്തില്‍ നമ്മുടെ സ്വാതന്ത്ര്യവും ഒരു പരിധിവരെ നിയന്ത്രിക്കപ്പെടും. ന്യായമായ നിയന്ത്രണങ്ങള്‍ നമ്മള്‍ സ്വീകരിക്കണം”.

ചടങ്ങില്‍ കേരളാ ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തുവും കര്‍ണാടക ചീഫ് ജസ്റ്റിസ് സിറിയക് ജോസഫും സംസാരിച്ചു. പ്രഗത്ഭനായ അഭിഭാഷകന്‍ മാത്രമല്ല അവിസ്മരണീയനായ മനുഷ്യസ്നേഹി കൂടിയായിരുന്നു പരേതനായ എസ്.ഈശ്വര അയ്യര്‍ എന്ന് തന്റെ അനുഭവങ്ങളിലൂടെ ചിഫ് ജസ്റ്റിസ് സിറിയക് ജോസഫ് അനുസ്മരിച്ചു. ജൂനിയര്‍ അഭിഭാഷകരെ പ്രോത്സാഹിപ്പിക്കുകയും പ്രതിസന്ധികളില്‍ അവരുടെ രക്ഷയ്ക്ക് എത്തുകയും ചെയ്തിരുന്ന മഹാനായ വ്യക്തിയായിരുന്നു ഈശ്വര അയ്യര്‍_ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഫൌണ്ടേഷന്‍ സെക്രട്ടറി അഡ്വ.വി.കെ.ബീരാന്‍ സ്വാഗതവും ട്രഷറര്‍ അഡ്വ.എ.ഡി.കൃഷ്ണന്‍ ആശാന്‍ നന്ദിയും പറഞ്ഞു. ജനവരി 7ന് നിയമവാഴ്ചയും സാമൂഹിക നീതിയും എന്ന വിഷയത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് ബെവേര്‍ലി സംസാരിക്കും.

5. പാല്‍ക്ഷാമം രൂക്ഷം; കര്‍ണാടകയ്ക്ക് കൊടുക്കാനുള്ളത് 3.25 കോടി രൂപ
തിരുവനന്തപുരം: കര്‍ണാടകത്തില്‍നിന്ന് ആവശ്യത്തിന് പാല്‍ ലഭിക്കാത്തത് സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷമാക്കുന്നു. കഴിഞ്ഞ മൂന്നുദിവസമായി മില്‍മയുടെ ബൂത്തുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് പാല്‍ ലഭിക്കാത്ത സ്ഥിതിയാണ്. തിരുവനന്തപുരം മേഖലാ യൂണിയന് കീഴിലുള്ള ബൂത്തുകളില്‍ ആയിരം കവര്‍ പാല്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 150 കവര്‍ പാല്‍ കുറച്ചാണ് നല്‍കുന്നത്.

കേരളത്തിലെന്നപോലെ കര്‍ണാടകത്തിലും പാലുല്പാദനം കുറയുന്നതും 3.25 കോടി രൂപ മില്‍മ കര്‍ണാടകത്തിന് കുടിശ്ശികയായി നല്‍കാനുള്ളതും ഇവിടെ നിന്നുള്ള പാല്‍വരവ് കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനും പുറമേ പാലിനേക്കാള്‍ ഇരട്ടിയോളം വില പാല്‍പ്പൊടിക്ക് ലഭിക്കുന്നതിനാല്‍ കര്‍ണാടകം ആ വഴിക്ക് നീങ്ങുന്നതും കേരളത്തിന് ഇരുട്ടടിയാണ്. കിലോയ്ക്ക് 78 രൂപ മാത്രമുണ്ടായിരുന്ന പാല്‍പ്പൊടിക്ക് 144 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വിദേശങ്ങളിലേയ്ക്കാണ് ഇത് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ദിവസവും 4.5 ലക്ഷം ലിറ്റര്‍ പാലാണ് വിപണിയില്‍ എത്തിച്ചിരുന്നത്. ഇതില്‍ ആഭ്യന്തര ഉല്പാദനം വഴി 2.5 ലക്ഷം ലിറ്റര്‍ പാലും ബാക്കി കര്‍ണാടകത്തില്‍നിന്നുമാണ് സംഭരിച്ചിരുന്നത്. ഇതില്‍ 25,000 ലിറ്ററോളം പാലിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചരക്ക് കൂലിയുള്‍പ്പെടെ 20 രൂപയ്ക്കാണ് പാല്‍ വാങ്ങുന്നത് തന്നെ. മൂന്ന് രൂപ നഷ്ടത്തിലാണ് വില്പന. കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിന് നല്‍കുന്ന പാലിന് ലിറ്ററിന് 1.80 രൂപ കര്‍ണാടകം കൂട്ടിയത്.

വരുന്ന മാസങ്ങളില്‍ കര്‍ണാടകത്തില്‍നിന്ന് ഒരു തുള്ളിപോലും ലഭിക്കാന്‍ സാധ്യതയില്ല. ഉണക്ക് സമയമായതിനാല്‍ പാലുല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതും ഇവിടെ പാലിന് വന്‍ പ്രിയമായതുമാണ് കാരണം. ആഭ്യന്തര ഉല്പാദനമാകട്ടെ രണ്ട് ലക്ഷം ലിറ്ററിന് താഴെയുമായിരിക്കും. തമിഴ്നാടും മഹാരാഷ്ട്രയും ഇപ്പോള്‍തന്നെ നമുക്ക് പാല്‍ തരുന്നതുമില്ല. ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് മില്‍മ അധികൃതര്‍.

പാല്‍ വില കൂട്ടി കര്‍ഷകരില്‍നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുകയോ അതല്ലെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് പാലെടുക്കുന്നതിന് മില്‍മയ്ക്ക് സബ്സിഡി നല്‍കുകയോ ചെയ്യണമെന്നാണ് ക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം വൈയ്ക്കോല്‍, കാലിത്തീറ്റ എന്നിവയ്ക്ക് സബ്സിഡി ഏര്‍പ്പെടുത്തി, പശു വളര്‍ത്തലിന് പ്രോത്സാഹനം നല്‍കണമെന്നും അവര്‍ പറയുന്നു. തമിഴ്നാട് ഈയിനത്തില്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞവര്‍ഷം 38 കോടി രൂപയാണ് അനുവദിച്ചത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടാത്തിടത്തോളംകാലം കേരളം പാല്‍ സ്തംഭനത്തിലേയ്ക്ക് നീങ്ങുമെന്ന സൂചനയാണ് മില്‍മ അധികൃതര്‍ നല്‍കുന്നത്.

6. കോച്ചുക്ഷാമം: തീവണ്ടിഗതാഗതം താറുമാറാകുന്നു
തിരുവനന്തപുരം: ആവശ്യത്തിന് കോച്ചുകളില്ലാത്തത് തിരുവനന്തപുരത്തുനിന്നുള്ള തീവണ്ടി ഗതാഗതത്തെ സാരമായി ബാധിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതും ഇവിടേയ്ക്ക് വരുന്നതുമായ വണ്ടികള്‍ ഒരാഴ്ചയായി മണിക്കൂറുകള്‍ വൈകുകയാണ്. യാത്രക്കാരോട് കൃത്യസമയം പറയാന്‍ കഴിയാത്ത സ്ഥിതിയാണ് അധികൃതര്‍ക്ക്. തീവണ്ടികള്‍ പുറപ്പെടുന്ന സമയം പുനഃക്രമീകരിക്കുന്നതും അറിയിപ്പ് നല്‍കുന്നതും നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തിന് അല്പം മുമ്പ് മാത്രമാണ്. ഇത് പലപ്പോഴും യാത്രക്കാരും അധികൃതരും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാകുന്നു.

അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി തിരുവനന്തപുരത്തുനിന്ന് മാസത്തില്‍ 85_നും 100_നുമിടയില്‍ കോച്ചുകളാണ് ചെന്നൈയിലേക്ക് അയക്കുന്നത്. പീരിയോഡിക്കല്‍ ഓവറോളിങ് വര്‍ക്ക് എന്നറിയപ്പെടുന്ന ഇത്തരം പണി കഴിഞ്ഞശേഷം ഒരു മാസത്തിനകം ബോഗികള്‍ മടക്കിയയക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ ഇങ്ങനെ അയയ്ക്കുന്ന കോച്ചുകളില്‍ പകുതിയില്‍ താഴെ മാത്രമാണ് തിരികെ ലഭിക്കുന്നത്. അതില്‍ തന്നെ കൃത്യതയില്ല. പകരം കോച്ചുകളും ലഭിക്കുന്നില്ല. ഇതുകാരണം മറ്റുസ്ഥലങ്ങളില്‍ നിന്ന് വരുന്ന തീവണ്ടികളിലെ ബോഗികളില്‍ ചിലതും യാത്രാതീവണ്ടിയിലെ ചില ബോഗികളും ഉപയോഗിച്ചാണ് പല സര്‍വീസുകളും നടത്തുന്നത്. ഇതിന് സമയം അധികമെടുക്കുകയും ചെയ്യും.

കോച്ചുകളുടെ ക്ഷാമം യാത്രാതീവണ്ടികള്‍ റദ്ദാക്കുന്നതിനും റെയില്‍വേയെ പ്രേരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ഭൂരിഭാഗം വണ്ടികളും ലിങ്കായിട്ടാണ് ഓടുന്നത്. ഇങ്ങനെ വരുന്ന ട്രെയിനുകളെ മറ്റ് റൂട്ടുകളിലേയ്ക്ക് മാറ്റിവിടുന്നതും ഇവയിലെ ബോഗികള്‍ ഇളക്കി മറ്റുവണ്ടികളില്‍ ഘടിപ്പിക്കുന്നതും കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.

ശനിയാഴ്ചയും താളംതെറ്റിയാണ് പല വണ്ടികളും തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. രാവിലെ 11.15നുള്ള കേരള എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12.45നും വൈകീട്ട് കൊച്ചുവേളി_ നിസാമുദ്ദീന്‍ എക്സ്പ്രസ്സ് ഉച്ചയ്ക്ക് ഒന്നിനും 12.55നുള്ള കന്യാകുമാരി_ബാംഗ്ലൂര്‍ ഐലന്റ് എക്സ്പ്രസ്സ് ഉച്ചയ്ക്ക് 1.50നുമാണ് യാത്ര പുറപ്പെട്ടത്. വൈകീട്ട് 4.30നുള്ള ഹൌറ രാത്രി 8ന് മാത്രമേ പുറപ്പെടൂ. മറ്റ് തീവണ്ടികള്‍ വൈകിയതിനാല്‍ ഐലന്റ് എക്സ്പ്രസ്സിനെ ഒരു മണിക്കൂറോളം പിടിച്ചിടുകയായിരുന്നു. മിക്ക തീവണ്ടികളിലും ബോഗികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.

7. റെയില്‍പ്പാലം തുറന്ന് നാലുവര്‍ഷത്തിനുശേഷം ബലപരിശോധന
കോഴിക്കോട്: വടകരയ്ക്കടുത്ത മൂരാട് പുതിയ റെയില്‍പ്പാലത്തിന്റെ ബലപരിശോധന നടത്താന്‍ റെയില്‍വേക്ക് തോന്നിയത് പാലം ഗതാഗതത്തിനു തുറന്നുകൊടുത്ത് നാലുവര്‍ഷത്തിനുശേഷം.

ഇതിന്റെ കാരണം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മിച്ച പുതിയ പാലത്തിലൂടെ സുരക്ഷാ പരിശോധനയില്ലാതെയാണ് നാലുവര്‍ഷത്തോളം തീവണ്ടി ഓടിക്കൊണ്ടിരുന്നത് എന്നാണ് അറിയുന്നത്.

റെയില്‍പ്പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമ്പോള്‍ അതിന്റെ ഭാരം താങ്ങാനുള്ള ശേഷികൂടി പരിശോധിച്ചാണ് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ തീവണ്ടി ഓടിക്കാന്‍ അനുമതി നല്‍കുന്നത്. മൂരാട് പാലത്തില്‍ ഇപ്രകാരം പരിശോധന നടത്താതിരുന്നതിനാല്‍ യാത്രാവേഗം മണിക്കൂറില്‍ 20 കിലോമിറ്ററായി നിയന്ത്രിച്ചിരുന്നു. വേഗത്തിലോടിയെത്തുന്ന വണ്ടികള്‍ മൂരാട് പുതിയപാലമടുക്കുമ്പോള്‍ സാവധാനത്തിലാവും. അതേസമയം മൂരാട്ടെ പഴയപാലത്തില്‍ വേഗ നിയന്ത്രണമില്ല.

8. ‘ഇന്ത്യാവിഷനെ’തിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യാവിഷന്‍ ചാനലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

2003_ല്‍ സംസ്ഥാന സഹകരണബാങ്കില്‍ നിന്നും എടുത്ത മൂന്നുകോടി രൂപ തിരിച്ചടച്ചില്ലെന്നും വായ്പയ്ക്കുവേണ്ട രേഖകള്‍ സമര്‍പ്പിച്ചില്ലെന്നുമാണ് സംസ്ഥാന സഹകരണബാങ്ക് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ ആരോപണം.

വായ്പ ലഭിക്കുന്നതിനായി ഇന്ത്യാവിഷന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും ബാങ്കിനെ കബളിപ്പിക്കുകയെന്നത് ഇന്ത്യാവിഷന്റെ ലക്ഷ്യമല്ലെന്നും ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. നിയമവിധേയമായാണ് വായ്പ എടുത്തിട്ടുള്ളത്. തിരിച്ചടവിലുണ്ടായ വീഴ്ച പരിഹരിക്കാനുള്ള വായ്പാകരാറിലെ വ്യവസ്ഥ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ബാങ്ക് പ്രസിഡന്റിന്റെയും മാനേജിങ് ഡയറക്ടറുടെയും മുന്നിലിരിക്കെയാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

9. പ്രത്യേക കറന്‍സി; ജമ്മു_ കശ്മീര്‍ ധനമന്ത്രിയെ പുറത്താക്കാന്‍ സമ്മര്‍ദം
ന്യൂഡല്‍ഹി: ജമ്മു_കശ്മീരിന് പ്രത്യേക കറന്‍സി വേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ട സംസ്ഥാന ധനമന്ത്രി താരിഖ് ഹമീദ് കാറയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ സമ്മര്‍ദമേറുന്നു. തങ്ങളുടെ സഖ്യകക്ഷിയായ പി.ഡി.പി.യുടെ മന്ത്രി നടത്തിയ അതിരുകടന്ന ഈ പരാമര്‍ശം കോണ്‍ഗ്രസ്സിനെയും വെട്ടിലാക്കിയിട്ടുണ്ട്. ധനമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിന് നിര്‍ദേശം നല്കിയിട്ടില്ലെങ്കിലും മന്ത്രി കാറയുടെ അഭിപ്രായത്തെ എ.ഐ.സി.സി. നേതൃത്വവും ശക്തമായി എതിര്‍ത്തിട്ടുണ്ട്.

മന്ത്രി കാറയെ ഉടന്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി. ശനിയാഴ്ച ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ജമ്മുവില്‍ ബി.ജെ.പി.യും ക്രാന്തിദളും പ്രതിഷേധ പ്രകടനം നടത്തി. ഭരണഘടനയുടെ ചട്ടക്കൂടിനകത്തുള്ള സ്വയംഭരണം കശ്മീരിന് ആവാമെങ്കിലും പ്രത്യേക കറന്‍സി വേണ്ടിവരുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി. വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മന്ത്രിയുടെ അഭിപ്രായപ്രകടനം ഭരണഘടനയുടെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനോട് ശക്തമായി വിയോജിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ജമ്മു_കശ്മീര്‍ ബാങ്കിന്റെ 2008ലെ കലണ്ടര്‍ പുറത്തിറക്കുന്ന വേളയിലാണ് മന്ത്രി കാറ പ്രത്യേക കറന്‍സിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. കശ്മീരിന് പ്രത്യേക കറന്‍സി ഉണ്ടാവുമോ എന്ന ചോദ്യത്തിന് ‘ഒരു പക്ഷേ, സ്വയംഭരണം ലഭിച്ചതിനുശേഷം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭിപ്രായപ്രകടനം വിവാദമായപ്പോള്‍, ചോദ്യവും അതിനുള്ള ഉത്തരവും ഗൌരവസ്വഭാവത്തിലുള്ളതായിരുന്നില്ല എന്ന് മന്ത്രി വിശദീകരണം നല്കി.

1. റോഡരികില്‍’ സൂക്ഷിക്കുന്നത് 25,000 കോടിയുടെ സ്വര്‍ണ്ണം
തിരുവനന്തപുരം : ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊന്നും പണവും കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകളും സ്വകാര്യസ്ഥാപനങ്ങളും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി.
റോഡരികില്‍ മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെ 25,000 കോടി രൂപയുടെ സ്വര്‍ണം സൂക്ഷിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്.
സംസ്ഥാനത്ത് സ്വര്‍ണപ്പണയത്തില്‍ പണം നല്‍കുകയും സ്വര്‍ണം സൂക്ഷിക്കാന്‍ ലോക്കറുകള്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന സഹകരണ ബാങ്കുകള്‍, സൊസൈറ്റികള്‍, കെ. എസ്. എഫ്. ഇ ശാഖകള്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവകളിലാണ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കോടികളുടെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നു. കുഗ്രാമങ്ങളിലെ റോഡരികില്‍പ്പോലും ഇത്തരം പണമിടപാട് സ്ഥാപനങ്ങള്‍ കാണാനാകും. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ സ്വയം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണമെന്നാണ് ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷമായിട്ടാണ് സ്വര്‍ണം ലോക്കറുകളില്‍ സൂക്ഷിക്കുകയും പണയം വയ്ക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ വര്‍ദ്ധിച്ചുവന്നത്. സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണിത്. സ്വര്‍ണത്തെ ഏറ്റവും പ്രയോജനപ്രദമായ നിക്ഷേപമായിട്ടാണ് ജനങ്ങള്‍ കാണുന്നത്.
സുരക്ഷയ്ക്ക് ഡിജിറ്റല്‍ ഇലക്ട്രോണിക്സ് സിസ്റ്റം ഏര്‍പ്പെടുത്തുക, പാറാവുകാരെ നിയോഗിക്കുക, കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധം പുലര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇന്റലിജന്‍സ് വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.
ചേലേമ്പ്രയില്‍ സ്വര്‍ണ കവര്‍ച്ചയ്ക്കായി ഒരുലക്ഷം രൂപയോളം തസ്കരന്‍മാര്‍ ചെലവഴിച്ചിരുന്നു. ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ മുറി വാടകയ്ക്കെടുക്കുന്നതിന് പകിടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്.
സ്വര്‍ണം പണയത്തിനെടുക്കുന്ന സംസ്ഥാനത്തെ പല പണമിടപാട് സ്ഥാപനങ്ങളും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും ചെലുത്താറില്ലെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവി എ.ഡി.ജി.പി ജേക്കബ് പുന്നൂസ് ‘കേരളകൌമുദി’യോട് പറഞ്ഞു. ചേലേമ്പ്രയില്‍ കവര്‍ച്ച നടന്ന സ്ഥലം കുഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. അടുത്തിടെ പാലക്കാട്ടും ഇതുപോലെയൊരു സ്ഥലത്ത് 40 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ബാങ്കുകളുടെ സ്ട്രോംഗ് റൂമുകള്‍ പലതിനും യാതൊരു സുരക്ഷിതത്വവുമില്ല. ‘സ്ട്രോംഗ്’ എന്ന് പേരില്‍ മാത്രമേയുള്ളു. പഴക്കംചെന്ന കെട്ടിടങ്ങളിലാണ് പല ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
അതേസമയം, സംസ്ഥാനത്തെ വാണിജ്യബാങ്കുകള്‍ പൊതുവേ മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 3671 ശാഖകളാണ് ഈ ബാങ്കുകള്‍ക്കുള്ളത്. ഇതില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വിദേശ ബാങ്കുകളും ഉള്‍പ്പെടും. സഹകരണ മേഖലയില്‍ ബാങ്കിംഗ് ഇടപാടുള്ള 1710 സംഘങ്ങള്‍ ഇതിന് പുറമേയുണ്ട്.
പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ളത് സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിനാണ് – 565. രണ്ടാമത് എസ്.ബി. ഐയ്ക്കും കനറാ ബാങ്കിനുമാണ്-248 ശാഖകള്‍ വീതം. കേരളത്തില്‍ 346 ശാഖകളുള്ള ഫെഡറല്‍ ബാങ്കാണ് സ്വകാര്യ ബാങ്കുകളില്‍ മുന്നില്‍. പകുതിയോളം വാണിജ്യ ബാങ്കുകള്‍ക്ക് രാത്രി കാവലുമുണ്ട്. ചില പൊതുമേഖലാ ബാങ്കുകള്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തോക്കും നല്‍കിയിട്ടുണ്ട്.
ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയെത്തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ സുരക്ഷാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബാങ്കുകള്‍ രാത്രി കാവലിന് ആളെ വയ്ക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു.

2. ആളുമാറി സംസ്കരിച്ചത് നെടുമങ്ങാട് സ്വദേശിയുടെ ജഡം
അമ്പലപ്പുഴ: കാലടിയില്‍ ആളുമാറി സംസ്കരിച്ചത് നെടുമങ്ങാട് മുക്കോലയ്ക്കല്‍ തേക്കട തടത്തരികത്ത് പുത്തന്‍വീട്ടില്‍ സജു(31)വിന്റെ മൃതദേഹമാണെന്ന് അവകാശപ്പെട്ട് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കി.
കഴിഞ്ഞദിവസം അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കാര്‍ സജുവിന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
റെയില്‍വേ ട്രാക്കില്‍ കണ്ട മൃതദേഹത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ വിട്ടുകൊടുത്ത പൊലീസ് നടപടിയില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചത് സ്റ്റേഷനില്‍ ഒച്ചപ്പാടിനിടയാക്കി.
ഇതിനിടെ മൃതദേഹത്തില്‍ നിന്ന് കണ്ടുകിട്ടിയ ഫോണ്‍ നമ്പരിന്റെ ഉടമ രാജകുമാരി സ്വദേശി ജോര്‍ജ് അമ്പലപ്പുഴ സ്റ്റേഷനിലെത്തി മരിച്ച സജുവുമായി യാതൊരു പരിചയവുമില്ലെന്ന് അറിയിച്ചു.
ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കാലടി വെളിയത്തുവീട്ടില്‍ ഗോപിനാഥമേനോന്റെ മകന്‍ പ്രവീണ്‍കുമാറിന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് ബന്ധുക്കള്‍ സംസ്കരിച്ചത്. എന്നാല്‍ അടുത്തദിവസം പ്രവീണ്‍കുമാര്‍ ഗോവയില്‍ നിന്ന് നാടകീയമായി തിരിച്ചെത്തുകയായിരുന്നു.
ഹൈന്ദാവാചാര പ്രകാരം തന്നെയാണ് സജുവിന്റെ മൃതദേഹം ദഹിപ്പിച്ചതെന്നും മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്നതിന് അവസരമൊരുക്കാമെന്നും ബന്ധുക്കള്‍ക്ക് പൊലീസ് ഉറപ്പുനല്‍കി.
നെടുമങ്ങാട് ടെമ്പോ ഡ്രൈവറായി ജോലിനോക്കിയിരുന്ന അവിവാഹിതനായ സജു ഇടയ്ക്കിടെ കാറില്‍ കൊട്ടന്‍ചുക്കാദി തൈലം വില്പനയ്ക്ക് മറ്റ് ജില്ലകളിലേക്ക് പോകാറുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ഇയാള്‍ ഇവിടെ നിന്ന് കാറില്‍ പുറപ്പെടുമ്പോള്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയും കൂടെ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ബന്ധുക്കള്‍ നെടുമങ്ങാട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. തേക്കടയ്ക്കടുത്ത് താന്നിമൂട് സ്വദേശിയാണ് സജുവിനൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. യുവതി നാട്ടില്‍ തിരിച്ചെത്തിയ തായി നെടുമങ്ങാട് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കാലടി സ്വദേശി പ്രവീണ്‍ കുമാറുമായി സജുവിന് അദ്ഭുത കരമായ രൂപസാദൃശ്യമുണ്ടായിരുന്നു. നെറ്റിയിലെ മുറിവുണങ്ങിയ പാടും ഉയരവും തൂക്കവും മുടി ചീകുന്ന രീതിയുമെല്ലാം ഒരു പോലെയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

3. കൊഴുപ്പുകൂടിയ മില്‍മ പാലിന് 2 രൂപ കൂട്ടി
തിരുവനന്തപുരം : പാല്‍ ഉപഭോക്താക്കള്‍ക്ക് മില്‍മയുടെ ഇരുട്ടടി. കൊഴുപ്പേറിയ റിച്ച് മില്‍ക്കിന് രണ്ടുരൂപ (പുതിയ വില 22 രൂപ) കൂട്ടിയതിനുപുറമേ, ടോണ്‍ഡ് മില്‍ക്കിന് മൂന്നുരൂപ കൂട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശയും ചെയ്തു.
കഴിഞ്ഞ നവംബര്‍ 13 നാണ് പാല്‍വില 17 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതാണ് 20 രൂപയാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സ്വന്തം നിലയ്ക്കാണ് റിച്ച് മില്‍ക്കിന്റെ വിലകൂട്ടിയത്.

4. ഇന്ത്യന്‍ ജുഡിഷ്യറിക്ക് കേരളം മാതൃക: ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍
കോട്ടയം: കേരളത്തിലെ ജുഡിഷ്യറി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കാകെ മാതൃകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ പറഞ്ഞു.
ചില സംസ്ഥാനങ്ങളിലെ ചില ജഡ്ജിമാരെക്കുറിച്ച് അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ജഡ്ജിമാര്‍ക്കെതിരെ ഇല്ലെന്നത് ശ്രദ്ധേയമാണ്. എല്ലാവരും പ്രകീര്‍ത്തിക്കുന്നത് കേരളത്തിലെ ജുഡിഷ്യറിയെയാണ്. ജുഡിഷ്യറിയെ മോശപ്പെടുത്തുന്നതില്‍ ഒരു മുഖ്യപങ്ക് ഒരുപറ്റം അഭിഭാഷകര്‍ക്കുമുണ്ട്. കേരളത്തിലെ അഭിഭാഷകര്‍ ഇതില്‍നിന്നു വ്യത്യസ്തരാണ്. കേരള ഹൈക്കോടതിയിലെ അഭിഭാഷകര്‍ മാന്യമായി പെരുമാറുന്നുവെന്നാണ് പ്രമുഖ അഭിഭാഷകന്‍ നരിമാന്‍ പറഞ്ഞത്.
ഗുരുസ്ഥാനത്തുള്ള അഡ്വ. വി. ജെ. വര്‍ക്കിയുടെ ഛായാചിത്രം ആദ്യമായി അഭിഭാഷകവൃത്തിയാരംഭിച്ച കോട്ടയം ബാര്‍ അസോസിയേഷന്‍ ഹാളില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ഇന്ന് അഭിഭാഷകവൃത്തിക്ക് ഏറെ ഡിമാന്റുണ്ട്. നാഷണല്‍ ലാ കോഴ്സ് പാസായാല്‍ ഒരു ലക്ഷം രൂപ ശമ്പളം തരാന്‍ കമ്പനികള്‍ കാത്തുകെട്ടിനില്‍ക്കുകയാണ്. കേസുകളുടെ എണ്ണത്തില്‍ കുറവു വന്നെങ്കിലും കൂടുതല്‍ നിയമജ്ഞരെ ആവശ്യമുള്ള രീതിയില്‍ ലീഗല്‍ പ്രൊഫഷന്‍ പുരോഗമിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോട്ടയം ബാര്‍ അസോസിയേഷന്‍ മുന്‍ അംഗവും കര്‍ണാടക ചീഫ് ജസ്റ്റിസുമായ സിറിയക് ജോസഫിനും സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിനും ചടങ്ങില്‍ സ്വീകരണം നല്‍കി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.സി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി ആര്‍. നടരാജന്‍, സി.ജെ.എം ജോഷി ജോണ്‍, അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, അഡ്വ. വി.പി. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

5. നികുതി വരുമാനം കൂടാത്തത് പ്രവേശന നികുതി ഒഴിവാക്കിയത് മൂലം: ധനമന്ത്രി
കൊച്ചി: നികുതി വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാതിരുന്നതിനു കാരണം പ്രവേശന നികുതി ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. എറണാകുളം വാണിജ്യ നികുതികാര്യാലയ അങ്കണത്തില്‍ നടന്ന കേരള വ്യാപാരി ക്ഷേമ ബോര്‍ഡിന്റെ മരണാനന്തര ആനുകൂല്യ വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രവേശന നികുതി പുന:സ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ നിര്‍ദ്ദേശമുണ്ടായാല്‍ മാത്രമേ പ്രവേശന നികുതി പുന:സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. നികുതി വരുമാനം 4000 കോടി രൂപയില്‍ കൂടിയാല്‍ ഒരു ശതമാനം തുക ക്ഷേമനിധി ബോര്‍ഡിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

6. കേരളത്തില്‍ ദരിദ്രകുടുംബങ്ങള്‍ 21.03 ലക്ഷം
തിരുവനന്തപുരം : സംസ്ഥാനത്ത് എത്ര ദരിദ്രകുടുംബങ്ങളുണ്ട്? കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം 10.26 ലക്ഷം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ അത് 21.03 ലക്ഷം കുടുംബങ്ങളാണ്.
ദരിദ്രരായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ 21.03 ലക്ഷം കുടുംബങ്ങളില്‍ 11.37 ലക്ഷം അതിദരിദ്രരും ശേഷിക്കുന്ന 9.66 ലക്ഷം ദരിദ്രരുമാണ്. അതിദരിദ്ര കുടുംബങ്ങള്‍ക്ക് മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂവെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആനുകൂല്യങ്ങള്‍ക്ക് എല്ലാ ദരിദ്ര കുടുംബങ്ങളും അര്‍ഹരാണ്. ഏതൊക്കെയാണ് ഈ കുടുംബങ്ങള്‍ എന്ന് ഓരോ പഞ്ചായത്തിലെയും ഗ്രാമസഭകള്‍ പരിശോധിച്ച് അംഗീകരിക്കും.
ഓരോ കുടുംബത്തിന്റെയും ജീവിത സാഹചര്യമനുസരിച്ച് മാര്‍ക്കിട്ടാണ് ദരിദ്ര കുടുംബങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. മുന്‍ഗണനാലിസ്റ്റില്‍ വെയ്റ്റേജ് മാര്‍ക്ക് 18 വരെയുള്ളവരെയാണ് സംസ്ഥാന സര്‍ക്കാര്‍ ദരിദ്രകുടുംബങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. വെയ്റ്റേജ് മാര്‍ക്കില്‍ 27ന് മുകളിലുള്ളവരെയാണ് അതിദരിദ്രരായി കണക്കാക്കിയിട്ടുള്ളത്. നഗരങ്ങളിലെ ദരിദ്രകുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള സര്‍വേ പൂര്‍ത്തിയായിവരുന്നതായും മന്ത്രി പറഞ്ഞു.

7. ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് സഭാസ്കൂള്‍: നിലപാട് മാറ്റില്ലെന്ന് മാര്‍ പൌവ്വത്തില്‍
കോട്ടയം: ക്രൈസ്തവ വിദ്യാര്‍ത്ഥികളെ ക്രൈസ്തവ സഭാ മാനേജുമെന്റുകളുടെ സ്കൂളുകളില്‍ പഠിപ്പിക്കണമെന്ന തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പൌവ്വത്തില്‍ ആവര്‍ത്തിച്ചു.
കോട്ടയം ലൂര്‍ദ്ദ് പബ്ളിക് സ്കൂള്‍ ഹാളില്‍ ആള്‍ കേരള കാത്തലിക് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം കലരുമ്പോഴാണ് വര്‍ഗീയത പടരുക. അരിക്കച്ചവടമോ മീന്‍ കച്ചവടമോ പോലെയല്ല വിദ്യാഭ്യാസം. സ്കൂളിലാണ് ഒരു മനുഷ്യന്റെ വ്യക്തിത്വരൂപീകരണം നടക്കുന്നത്. ശരിയായ മതബോധനവും മാനവികതയും പഠിപ്പിക്കുന്ന ഒരു വിദ്യാലയത്തിലും വര്‍ഗീയത പടരില്ല. സംഘപരിവാര്‍ സ്കൂളുകളിലാണെങ്കിലും ഇതിനു മാറ്റമില്ല.
ക്രൈസ്തവ സമൂഹത്തോട് അല്പമെങ്കിലും മൃദുത്വം കാട്ടിയത് ഇടതു സര്‍ക്കാര്‍ ഇ.കെ. നായനാരുടേതു മാത്രമാണ്. ഇ.എം.എസ് സര്‍ക്കാരിന്റെ പിന്‍ഗാമികളാണെന്നു പ്രഖ്യാപിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ശ്രമം – അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്യ്രം, ജനാധിപത്യം എന്നിവയ്ക്കു തുല്യമാണ് വിദ്യാഭ്യാസ സ്വാതന്ത്യ്രം. മതേതരത്വം മതനിഷേധമായാണ് ഇവിടെ വ്യാഖ്യാനിക്കപ്പെടുന്നത്. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ന്യൂനപക്ഷാവകാശ സംരക്ഷണത്തിലൂടെ ഭരണഘടന ഉറപ്പുനല്‍കിയതാണ്. സഭാനേതാക്കള്‍ വര്‍ഗീയത വളര്‍ത്തുകയാണെന്ന് അപവാദ പ്രചരണം നടത്തി വിദ്യാഭ്യാസ മേഖലയില്‍ ക്ളസ്റ്റര്‍ രൂപീകരണം അടക്കമുള്ള കുത്സിത പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് പൌവ്വത്തില്‍ ആരോപിച്ചു.

8. കെട്ടിടനിര്‍മാണം: അപേക്ഷയ്ക്കു തീര്‍പ്പ് ഒരുമാസത്തിനകം ഉണ്ടായില്ലെങ്കില്‍ ഉത്തരവാദി പഞ്ചാ.സെക്രട്ടറി
തിരുവനന്തപുരം : കെട്ടിടനിര്‍മാണച്ചട്ടത്തിന്റെ മറവില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഹോബിയാക്കിയിട്ടുളള പഞ്ചായത്തു സെക്രട്ടറിമാര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കെതിരെ നടപടി വരുന്നു. കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം തീര്‍പ്പുനല്‍കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറങ്ങി.
എല്ലാ പഞ്ചായത്തുകളിലും കെട്ടിടനിര്‍മാണച്ചട്ടം ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ എത്തിച്ചിട്ടുണ്ട്. അവ വേണ്ടവിധം പ്രദര്‍ശിപ്പിക്കുകയും, ഇളവുകളും നടപടിക്രമങ്ങളും നോട്ടീസ് വഴി ജനങ്ങളെ അറിയിക്കുകയും വേണമെന്ന നിര്‍ദ്ദേശം പല പഞ്ചായത്തു സെക്രട്ടറിമാരും പാലിച്ചിട്ടില്ലെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അപേക്ഷകള്‍ സ്വീകരിക്കാതിരിക്കുക, സ്വീകരിച്ചാലും കൈപ്പറ്റു രസീതു നല്‍കാതിരിക്കുക, നിശ്ചിത സമയത്തിനകം പെര്‍മിറ്റ് നല്‍കാതിരിക്കുക, പോരായ്മകള്‍ അപേക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാതിരിക്കുക, വേണ്ടാത്ത രേഖകള്‍ ആവശ്യപ്പെടുക തുടങ്ങി സെക്രട്ടറിമാരുടെ ക്രമക്കേടും കൃത്യവിലോപവും ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കി നടപടി എടുക്കുമെന്നാണ് മുന്നറിയിപ്പ്.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീരുമാനം അപേക്ഷകനെ അറിയിക്കണം. അല്ലെങ്കില്‍ അപേക്ഷകന്‍ ചട്ടവിരുദ്ധമായി നിര്‍മാണം നടത്തിയാല്‍ അതിന്റെ ഉത്തരവാദി പഞ്ചായത്തു സെക്രട്ടറി ആയിരിക്കുമെന്നും സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

1. ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം വിളിക്കുന്നു
തിരുവനന്തപുരം:അരി ക്ഷാമം പരിഹരിക്കാന്‍ സ്ഥിരം സംവിധാനം ഉണ്ടാക്കുന്നതിനു ദക്ഷിണേന്ത്യന്‍ ഭക്ഷ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ കേരളം മുന്‍കൈയെടുക്കുന്നു.

സംസ്ഥാന ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ മുന്നോട്ടു വച്ച ഈ നിര്‍ദേശം ആന്ധ്രാ പ്രദേശ് ഭക്ഷ്യമന്ത്രി കാവു വെങ്കിട്ട കൃഷ്ണ റാവു സ്വീകരിച്ചിട്ടുണ്ട്.

മറ്റു മന്ത്രിമാര്‍ കൂടി സമ്മതിച്ചാല്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിക്കാനാണ് ആലോചന. കേരളത്തിലെ അരി ക്ഷാമം പരിഹരിക്കാന്‍ ആന്ധ്രയില്‍ നിന്ന് അരി കൊണ്ടുവരാനുള്ള ശ്രമം ലെവി പ്രശ്നത്തില്‍ ഉടക്കി നില്‍ക്കുകയാണ്. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ അരി നല്‍കാന്‍ കഴിയില്ലെന്ന ആന്ധ്രസര്‍ക്കാരിന്റെ നിലപാട് ഉദ്യോഗസ്ഥ സംഘം ഇന്നലെ സര്‍ക്കാരിനെ അറിയിച്ചു. ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍ച്ച വീണ്ടും തുടരാന്‍ തന്നെയാണു സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് നിലവിലുള്ള പരിഹരിക്കാനായി മറ്റ് സംസ്ഥാ നങ്ങളില്‍ നിന്ന് അരി ശേഖരിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരം ഭിച്ചിട്ടുണ്ട്

വരും വര്‍ഷങ്ങളിലും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ക്ഷാമം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു പരസ്പരം ഒരു ധാരണയിലെത്താന്‍ ശ്രമം നടക്കുന്നത്.

വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിക്കണം : മുഖ്യമന്ത്രി

കൊച്ചി: കേരളത്തിന്റെ വെട്ടിക്കുറച്ച കേന്ദ്ര അരി വിഹിതം അടിയന്തരമായി പുനസ്ഥാപിക്കണമെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാറിനെ നേരില്‍ കണ്ടാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിവേദനം നല്കിയത്. 1,13,000 ടണ്‍ അരിയായിരുന്നു കേരളത്തിന്റെ വിഹിതം. ഇത് 23000 ടണ്ണായി വെട്ടിക്കുറച്ചതു മൂലം അരി ക്ഷാമം നേരിടുന്നതായി മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇടുക്കി, കുട്ടനാട്, കാര്‍ഷിക പാക്കേജുകളുടെ കാര്യത്തില്‍ വളരെ വേഗത്തില്‍ ഉത്തരവുണ്ടാകണമെന്നും ഈ മേഖലയിലെ ആയിരക്കണക്കിന് കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പാക്കേജുകള്‍ നിര്‍വഹണ ഘട്ടത്തിലെത്തിക്കേണ്ടതുണ്െടന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാടു നിന്നും കൊച്ചിയിലെത്തിയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച വിഷയങ്ങള്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്തത്.

2. കാലികള്‍ ഇനി ഓടില്ല… മരമടിക്കു മരണം
പത്തനംതിട്ട: മരമടിയും കാളയോട്ടവുമൊക്കെ ഇനി ചരിത്രത്താളുകളിലേക്ക് ഓടിമറയും. ചേറ്റുകളിലൂടെ ഇനി മുതല്‍ കാളക്കൂറ്റന്മാര്‍ ഓടില്ല. സുപ്രിം കോടതി ഉത്തരവാണ് മരമടി പ്രേമികളുടെ ആവേശത്തിനു മീതെ ഇരുട്ടടിയായി മാറിയത്.

ഇന്നലെ മുതല്‍ സംസ്ഥാനത്തും ഇത് പ്രാബല്യത്തി ല്‍ വന്ന തോടെ സുന്ദരമായിരുന്ന ഈ ഗ്രാമീണ കാഴ്ച ഇനി ചരിത്രത്തി ന്റെ താളുകളില്‍ അവശേഷിക്കും. മരമടിക്കായി ഉരുക്കളെ വളര്‍ത്തിയിരുന്നവരും പുതിയ ഉത്തരവില്‍ കടുത്ത നിരാശയിലാണ്. തമിഴ്നാട്ടിലെ ജല്ലിക്കെട്ടിനും ഇതോ ടെ വിലക്കു വീഴും.

മണ്ണിനെയും കന്നിനെയും കരളോടു ചേര്‍ക്കുന്ന കാളയോട്ട മത്സരങ്ങള്‍ കേരളീയരുടെ കാര്‍ഷിക ആഘോഷങ്ങളില്‍ പ്രമുഖമാണ്്. ശരവേഗത്തില്‍ പായുന്ന കാളക്കൂറ്റന്മാ ര്‍ക്കു പിന്നില്‍ മെയ്വഴക്കംവന്ന കരുത്തരായ കാളയോ ട്ടക്കാരും വശം പിടുത്തക്കാരും മരംപിടുത്തക്കാരുമെല്ലാം ചേര്‍ന്നതായിരുന്നു കന്നുകാലി ഓട്ടമത്സരങ്ങള്‍. ചിലയിടങ്ങളില്‍ മരമടി ഉത്സവമായി അറിയപ്പെട്ടിരുന്ന ഈ കായിക വിനോദം കാളപ്പൂട്ട്, ചേറ്റിലോട്ടം തുടങ്ങിയ വിവിധ പേരുകളിലാണ് കേരളത്തില്‍ സംഘടിപ്പിച്ചു പോന്നി രുന്നത്.

കന്നുകാലികളെ കാളയോട്ട മത്സരങ്ങളുടെ പേരില്‍ പീഡിപ്പിക്കുന്നതായുള്ള കണ്െടത്തലാണ് സുപ്രിം കോടതിയുടെ ഇടപെടലിന് വഴിവച്ചത്. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടറാണ് പുതിയ ഉത്തരവിലൂടെ കന്നുകാലി ഓട്ടമത്സരങ്ങള്‍ നിരോധിച്ചത്. തമിഴ്നാട്ടിലെ കടമല കാടുകളില്‍ മേയാന്‍വിടുന്ന പശുക്കുട്ടികള്‍ക്ക് ജനിക്കുന്ന കന്നുകളെയായിരുന്നു ഓട്ടത്തിനായി പരിശീലി പ്പിച്ചിരുന്നത്.

കര്‍ഷകര്‍ക്ക് മണ്ണില്‍ മല്ലിട്ട് മെയ്കുഴയുമ്പോള്‍ കാളകള്‍ക്കൊപ്പം ചേറിലെ ആറാട്ടായിരുന്നു കന്നുകാലി ഓട്ട മത്സരങ്ങള്‍. എന്നാല്‍ തമിഴ്നാട് തുടങ്ങിയ അന്യസംസ്ഥാ നങ്ങളില്‍ ജെല്ലിക്കെട്ടായി അറിയപ്പെട്ടിരുന്ന ഈ ഉത്സവം പലപ്പോഴും മൃഗങ്ങളുടെ പീഡനത്തിലാണ് കലാശിക്കുന്നത്. സ്പെയിനില്‍ കാളപ്പോരായും ഇതേ മത്സരം ഇന്നും നടക്കുന്നുണ്ട്.

സംസ്ഥാനത്ത് അടൂര്‍ ആനന്ദപ്പള്ളി, ഓച്ചിറ, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് പ്രസിദ്ധമായ കന്നുകാലി ഓട്ടമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വിദേശവിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിച്ചിരുന്ന ഈ കായികവിനോദം ഗ്രാമീണ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടായി രുന്നു. കൊയ്ത്തു കഴിഞ്ഞ് ഉഴുതുമറിച്ച വയലുകളിലാണ് ഓട്ടമത്സരങ്ങള്‍ സംഘടിപ്പിച്ചു പോന്നി രുന്നത്.

ഒരടി പൊക്കത്തില്‍ ചെളിയും ചെളിവെള്ളവും നിറഞ്ഞ ചേറ്റിലൂടെ കന്നിന്‍കൂട്ടങ്ങള്‍ ഓടിമറയുമ്പോള്‍ കാര്‍ഷിക മേഖലയ ്ക്കും ഇത് ഏറെ ഉത്സാഹമാണ് പകര്‍ന്നിരുന്നത്.

മൃഗത്തോട് മനുഷ്യന്‍ എതിരിടുന്നതിനു പകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന ഒരു ടീം വര്‍ക്കായിരുന്നു കാള ഓട്ടങ്ങള്‍. എ ന്തായാലും അന്യംനിന്നുപോകുന്ന ഈ മത്സരം വിലക്കപ്പെട്ടതോടെ കന്നുകാലി ഓട്ടങ്ങളും ഇനിയും ചരിത്രത്തിന്റെ ഭാഗം മാത്രം.

3. ഇന്ത്യയെ അറിയാന്‍ അമേരിക്കന്‍ സംഘത്തിന്റെ സന്ദര്‍ശനം
ഈരാറ്റുപേട്ട: അമേരിക്കയിലെ സെന്റ് തോമസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ സംഘം ഈരാറ്റുപേട്ടയില്‍ എത്തി. ഇന്ത്യയിലെ വിവിധ മതങ്ങളെക്കുറിച്ച് പഠിക്കാനും സമുദായങ്ങള്‍ തമ്മിലുള്ള സൌഹൃദം, സംസ്കാരം, ജീവിതരീതി തുടങ്ങിയവ മനസിലാക്കാനുമാണു ബാംഗളൂര്‍ ധര്‍മാരാം കോളജിലെ ഡോ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ സംഘം എത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നടത്തുന്ന പഠനപര്യടനത്തിന്റെ ഭാഗമായാണ് ഈരാറ്റുപേട്ടയില്‍ സംഘം എത്തിയിരിക്കുന്നത്. അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി, മുസ്ലിം ഗേള്‍സ് ഹ യര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.

സെന്റ് തോമസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളജുകളിലെ 20 വിദ്യാര്‍ഥികളും രണ്ടു പ്രഫസര്‍മാരുമാണു സംഘത്തിലുള്ളത്. അരുവിത്തുറ പള്ളിയിലെത്തിയ സംഘത്തെ വികാരി ഫാ.ജോസഫ് പാമ്പാറ സ്വീകരിച്ചു. ഇവിടെനിന്നു കേരളീയ രീതിയില്‍ വാഴയിലയില്‍ വിഭവസമൃദ്ധമായ സദ്യ ഏറെ ഇഷ്ടപ്പെട്ടതായി സംഘാംഗങ്ങള്‍ പറഞ്ഞു.

പിന്നീട് മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയ സംഘം സ്കൂള്‍ വിദ്യാര്‍ഥികള്‍ അ വതരിപ്പിച്ച ഒപ്പന ആ സ്വദിച്ചു.

സി.എം.ഐ സഭയുടെ കീഴില്‍ വാഴൂരില്‍ പ്രവര്‍ത്തിക്കുന്ന അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ രൂപീകരിച്ചിരിക്കുന്ന സംഘടനയുടെ ചുമതലയും ഡോ.മാത്യു ചന്ദ്രന്‍കുന്നേലിനുണ്ട്. സെന്ററിന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ ഇന്ത്യയിലെത്താന്‍ സാഹച ര്യമുണ്ടായത്.

ഭാരതത്തിലെ മതസൌഹാര്‍ദം ഏറെ വിലയേറിയതാണെന്ന് പ്രഫ.എഡ്വേഡ് ഉള്‍റിക് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സംഘം ഇന്ന് തീക്കോയി സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്ത ശേഷം ഇവിടുത്തെ പത്തു വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ ജീവിതരീതിയും കൃഷികളും പഠനവിധേയമാക്കും.

തുടര്‍ന്ന് വാഗമണ്‍ കുരിശുമല, തേക്കടി എന്നിവിടങ്ങളിലേക്കു പോകും. ഈ മാസം എട്ടിന് സംഘം അമേരിക്കയിലേക്ക് മടങ്ങും.

4. വാണിജ്യപാചക വാതകത്തിന് 113 രൂപയും വാഹന ഗ്യാസിന് നാലു രൂപയും വര്‍ധിച്ചു
കൊച്ചി: ഹോട്ടലുകളിലും വ്യവസായ ശാലകളിലും ഉപയോഗിക്കുന്ന വാണിജ്യ പാചകവാതകത്തിനും വാഹന ഗ്യാസിനും എണ്ണക്കമ്പനികള്‍ കുത്തനേ വില കൂട്ടി. വാണിജ്യ പാചക വാതക സിലിണ്ടറിന് 113 രൂപയും വാഹന ഗ്യാസിന് നാലു രൂപയുമാണ് വില വര്‍ധിച്ചത്. പുതുക്കിയ വില അനുസരിച്ചു 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ പാചക വാതക സിലണ്ടറിന്റെ ഇപ്പോഴത്തെ വില 1096.15 രൂപയും വാഹന ഗ്യാസിന് ലിറ്ററിന് 35.31 രൂപയുമാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ധന അനുസരിച്ച് എല്ലാ മാസവും എണ്ണക്കമ്പനികള്‍ വാണിജ്യ പാചകവാതക ത്തിന്റെയും വാഹന ഗ്യാസിന്റെയും വിലയില്‍ വ്യത്യാസം വരുത്താറുണ്ട്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 100 ഡോളര്‍ കവിഞ്ഞ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ വില വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും വില വര്‍ധിപ്പിക്കുന്നതെന്ന് വിതരണക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം വാണിജ്യ പാചക വാതകത്തിന് 82 രൂപ വില വര്‍ധിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ഈ മാസം 113 രൂപ കൂടി വര്‍ധിപ്പിച്ചത്. ഹോട്ടലുകള്‍ക്കും വ്യവസായ ശാലകള്‍ക്കും മറ്റും കനത്ത തിരിച്ചടിയാവും പുതിയ വില വര്‍ധന.

5. കറുത്ത ഗൌണിന്റെ കൂട്ടുകാര്‍ കഥ പറഞ്ഞു, സദസ് കാതോര്‍ത്തു
കോട്ടയം: അഭിഭാഷകന്റെ കറുത്ത ഗൌണ്‍ അണിഞ്ഞു തുടങ്ങിയ കാലത്തെ അനുഭവങ്ങള്‍ അവര്‍ പങ്കുവച്ചപ്പോള്‍ സദസിലുണ്ടായിരുന്ന പഴയ അഭിഭാഷക തലമുറയും ഗതകാലസ്മരണകള്‍ അയവിറക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിറിയക് തോമസും, മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി തോമസും കോട്ടയം ബാര്‍ അസോസിയേഷന്‍ ഹാളില്‍ അഡ്വ. വി.ജെ വര്‍ക്കി ഛായാചിത്ര അനാച്ഛാദന വേദിയിലെത്തിയപ്പോഴാണ് അപൂര്‍വ കൂട്ടായ്മയ്ക്ക് സദസ് സാക്ഷ്യം വഹിച്ചത്.

പഴയ സഹപ്രവര്‍ത്തകരുടെ ഓര്‍മകള്‍ക്കായി സദസ് കാതോര്‍ത്തു. മൂവരും ഒരേ കാലത്ത് കോട്ടയം ബാര്‍ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. 68 മാര്‍ച്ച് മുതല്‍ 69 മാര്‍ച്ച് വരെയായിരുന്നു ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ കോട്ടയം ബാര്‍ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നത്.

തുടര്‍ന്ന് അദ്ദേഹം ഉപരിപഠനത്തിനായി പോകുകയായിരുന്നു. ഇതേ കാലയളവിലാണ് ജസ്റ്റിസ് സിറിയക് തോമസും കോട്ടയം ബാര്‍ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നത്. ജസ്റ്റിസ് കെ.ടി തോമസ് 1960 മുതല്‍ ഡിസ്ട്രിക് ജഡ്ജി ആകുന്നതു വരെ കോട്ടയം ബാര്‍ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.

ബാര്‍ അസോസിയേഷന്‍ ഹാളില്‍ 68-ല്‍ താന്‍ ആദ്യമായി ജൂനിയര്‍ വക്കീലായി എത്തിയ ദിവസം അനുസ്മരിച്ചു കൊണ്ടാണ് കെ.ജി ബാലകൃഷ്ണന്‍ പ്രസംഗം ആരംഭിച്ചത്. ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച എസ്.കെ ഖാദറായിരുന്നു അന്ന് കോട്ടയം ജില്ലാ ജഡ്ജി. അഡ്വ. എം. തോമസ് ആയിരുന്നു അന്ന് കോട്ടയം ബാറിലെ ഏറ്റവും പ്രഗത്ഭനായ ക്രിമിനല്‍ ലോയര്‍. സമയം കിട്ടുമ്പോള്‍ താന്‍ അഡ്വ. എം.തോമസിന്റെ വാദം കേള്‍ക്കാന്‍ പോകുമായിരുന്നു എന്നും കെ.ജി ബാലകൃഷ്ണന്‍ ഓര്‍മ്മിച്ചു.

ഓര്‍മകള്‍ മുറിയുമ്പോള്‍ ഓര്‍മപ്പെടുത്തലുകളുമായി ജസ്റ്റിസ് കെ.ടി തോമസ് സഹായിക്കാനെത്തി. എന്നാല്‍, സമയം വൈകുന്നതിനാല്‍ തന്റെ പ്രസംഗം ഒഴിവാക്കണമെന്നും കെ.ടി തോമസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജസ്റ്റിസ് സിറിയക് തന്റെ ഓര്‍മകളും പുതിയ തലമുറയ്ക്കുള്ള ഉപദേശങ്ങളും വേദിയില്‍ പങ്കുവച്ചു.

തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റ് അഭിഭാഷക സുഹൃത്തുക്കളുമായി സൌഹൃദം പങ്കുവച്ചിട്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വേദിയില്‍നിന്നു വിടവാങ്ങിയത്.

6. ആരോഗ്യരംഗത്തെ വളര്‍ച്ച സ്വകാര്യമേഖലയ്ക്കു സ്വന്തം: ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍
കോട്ടയം: ആരോഗ്യരംഗത്തു കേരളം മുന്നേറ്റം കൈവരിച്ചത് സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളുടെ വളര്‍ച്ചയെത്തുടര്‍ന്നാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍.

കാരിത്താസ് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ബിഷപ് മാര്‍ മാത്യു മാക്കീല്‍ ബ്ളോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്. ഉ ത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയില്‍ ഇപ്പോഴും വളരെ പിന്നോക്കമാണ്. കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യ പരിപാലനത്തില്‍ കേരളം ആശാവഹമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

സ്ഥിതിചെയ്യുന്ന ആശുപത്രികളില്‍നിന്നു വിഭിന്നമായ അന്തരീക്ഷമാണ് കാരിത്താസ് ആ ശുപത്രിയിലുള്ളത്. കേരളത്തിന്റെ വൈദ്യശാസ്ത്ര രംഗത്തുള്ള പേര് നിലനിര്‍ത്തണമെന്നും സംസ്ഥാനത്തു പടര്‍ന്നുപിടിച്ച ചിക്കുന്‍ഗുനിയ കേരളത്തിന്റെ പേരിനു മ ങ്ങലേല്‍പ്പച്ചെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാര്‍ കുര്യാക്കോസ് കുന്നശേരി അധ്യക്ഷത വഹിച്ചു. കര്‍ണാടക ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ്, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശേരി, കെ. സുരേഷ് കുറുപ്പ് എം.പി, കളക്ടര്‍ ഷര്‍മിള മേരി ജോസഫ്, ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ശശിധരന്‍, ആശുപത്രി ഡയറക്ടര്‍ ഫാ.ജോസ് തറയ്ക്കല്‍, ചെയര്‍മാന്‍ മോണ്‍. ജേക്കബ് കൊല്ലാപറമ്പില്‍, പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍ ഫാ.മാത്യു കട്ടിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

7. കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയതു തെറ്റ്: വനംമന്ത്രി

ചെറുതോണി: പാരിസ്ഥിതിക ദുര്‍ബല പ്രദേശ നിയമത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയതില്‍ തെറ്റു സംഭവിച്ചിട്ടുണ്െടന്നു വനംമന്ത്രി ബിനോയ് വിശ്വം. ഇതു ബോധപൂര്‍വമാണോ അല്ലയോ എന്നു പരിശോധിച്ചു നടപടി സ്വീകരിക്കും. ഇതിനായി ഡി.എഫ്.ഒ. അധ്യക്ഷനായി സമിതിക്കു രൂപം നല്‍കും – മന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ കാല്‍വരിമൌണ്ടില്‍ പാരിസ്ഥിതിക പ്രശ്നത്തി ന്റെ പേരില്‍ കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്കയകറ്റാന്‍ ജില്ലാ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്നു തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും. യഥാര്‍ഥ കര്‍ഷകരെ കുടിയിറക്കുക എന്നതു സര്‍ക്കാര്‍ നയമല്ല. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാ ക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതിനെതിരേ നീങ്ങുന്നത് ഗൌരവമായി കാണും – മന്ത്രി പറഞ്ഞു. വനം, ഭൂമി പ്രശ്നങ്ങളില്‍ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ട്. അനധികൃത കൈയേറ്റങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കില്ല.

അതേസമയം, പാരിസ്ഥിതിക നിയമത്തിന്റെ മറവില്‍ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കുകയുമില്ല – മന്ത്രി പറഞ്ഞു.

1. കരട് ഭൂനയം പുറത്തിറക്കി; വ്യവസായങ്ങള്‍ക്ക് അനുവദിക്കുന്ന ഭൂമിയുടെ ഉടമാവകാശം സര്‍ക്കാറിന്
തിരുവനന്തപുരം: ഭാവിയില്‍ വ്യവസായങ്ങള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നത് ഉടമാവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിക്കൊണ്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കരട് ഭൂനയം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു .

നിയമവിരുദ്ധമായി ഭൂമി വാങ്ങിക്കൂട്ടുന്നതും ഭൂസ്വത്ത് കൈയടക്കുന്നതും കര്‍ശനമായി തടയാന്‍ നിയമനിര്‍മാണം അടക്കം നടപടി എടുക്കും. ഭൂമിയുടെ പരിവര്‍ത്തനവും തോട്ടങ്ങള്‍ തുണ്ടുതുണ്ടാക്കി വില്‍ക്കുന്നതും മറ്റാവശ്യങ്ങള്‍ക്കായി മാറ്റുന്നതും കര്‍ശനമായി തടയുമെന്നും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു. മന്ത്രി കെ. പി. രാജേന്ദ്രനാണ് വാര്‍ത്താസമ്മേളനത്തില്‍ നയം പുറത്തിറക്കിയത്.

ഭൂപരിഷ്കരണ നിയമം ലംഘിച്ചുള്ള കൈമാറ്റം തടയാന്‍ നടപടി ഉണ്ടാകും. ഭൂപരിഷ്കരണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതാകും നയം. പുറമ്പോക്ക് ഭൂമി, പാട്ടഭൂമി, ബോട്ട് ഇന്‍ ലാന്റ് (റവന്യു റിക്കവറി നിയമപ്രകാരമുള്ളവ)മിച്ചഭൂമി, ഉപയുക്തമാകാത്ത പൊന്നുംവിലയ്ക്കെടുത്ത ഭൂമി, അന്യംനിന്ന ഭൂമി എന്നിവ സംരക്ഷിക്കാന്‍ ലാന്റ് ബാങ്ക് രൂപവത്കരിക്കും.

നെല്‍വയല്‍ മേഖലകളും പാടങ്ങളും നെല്ലുത്പാദന പ്രദേശങ്ങളായി പ്രഖ്യാപിച്ച് നികത്തുന്നതും പരിവര്‍ത്തനം ചെയ്യുന്നതും നിരോധിക്കും. ജലസേചന പദ്ധതികളിന്‍ കീഴില്‍ വരുന്ന വയലുകളും പാടങ്ങളും നികത്താനും പരിവര്‍ത്തനം ചെയ്യാനും അനുവദിക്കില്ല. അനധികൃത മണല്‍വാരല്‍, മണലൂറ്റല്‍, ചെളിയെടുപ്പ്, കുന്നിടിക്കല്‍, വയലുകളിലും ജലാശയങ്ങളിലുമുള്ള കൈയേറ്റം എന്നിവ തടയാനും കായല്‍^നദീതീര സംരക്ഷണം ഉറപ്പാക്കാനും നടപടി എടുക്കും.

നദികളും ജലസ്രോതസ്സുകളും സംരക്ഷിത മേഖലകളായി നിയമം മൂലം പ്രഖ്യാപിക്കും. ഇവിടെ കൈയേറ്റം, നികത്തല്‍, ഖനനം എന്നിവ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കും. കടലോര കൈയേറ്റവും അനധികൃത ഭൂമി ഇടപാടുകളും നിയന്ത്രിക്കും. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകള്‍ സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കും. ഭൂപ്രദേശത്തെ വിവിധ ഭൂമേഖലകളാക്കുക, തണ്ണീര്‍തട വിവര ശേഖരണ സംവിധാനം, തണ്ണീര്‍തട പരിപാലന സംവിധാനം എന്നിവ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.

പാട്ടത്തുക പുതുക്കി ഈടാക്കും. വ്യവസ്ഥ പാലിക്കാത്തവരുടെ പാട്ടം റദ്ദാക്കി തിരിച്ചെടുക്കും. പാട്ട വ്യവസ്ഥയിലെ അപാകത മാറ്റുകയും പാട്ടമടക്കം വിവിധ നികുതികളും ഫീസുകളും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യും. പട്ടണപ്രദേശങ്ങളിലെ റവന്യു ഭൂമി ഫലപ്രദമാക്കാനും വരുമാന വര്‍ധനക്കും നടപടി എടുക്കും. മിച്ചഭൂമി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി ഏറ്റെടുക്കും. 1^1^77ന് മുമ്പുള്ള മുഴുവന്‍ മലയോര കര്‍ഷകര്‍ക്കും പട്ടയം നല്‍കും. ഭൂരഹിതര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും ഭൂമിയും വീടും നല്‍കും. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കും. ആദിവാസികള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്യാതിരിക്കാന്‍ വ്യവസ്ഥ വരും. റീസര്‍വേ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഭൂമിയുടെ ന്യായവില ഉടന്‍ നടപ്പാക്കും. മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും ഫലപ്രദമാക്കാന്‍ റിവ്യൂ ബോര്‍ഡ് രൂപവത്കരിക്കും. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിത സ്ഥാപനമാക്കും. നയത്തെക്കുറിച്ച് തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കും.
അടുത്ത സമ്മേളനത്തില്‍ അന്തിമ നയം നിയമസഭയില്‍ കൊണ്ടുവരും. ലാന്റ് ബാങ്കില്‍ വരുന്ന ഭൂമിയില്‍ നല്ലൊരു ശതമാനം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി പറഞ്ഞു.

2. ദേവസ്വംബോര്‍ഡില്‍ പ്രതിസന്ധി; അംഗങ്ങളുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പ്രസിഡന്റ്
തിരുവനന്തപുരം: ഇന്നത്തെനിലയില്‍ മറ്റ് രണ്ടംഗങ്ങളുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന്‍ സര്‍ക്കാറിനെ അറിയിച്ചു. മന്ത്രി ജി. സുധാകരന് നല്‍കിയ കത്തിലാണ് ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വിയോജിപ്പുകള്‍ അക്കമിട്ട് നിരത്തി ഗുപ്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ കത്തില്‍ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് മന്ത്രി ജി. സുധാകരന്‍ സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മകരവിളക്ക് കഴിഞ്ഞാല്‍ ദേവസ്വംബോര്‍ഡ് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന സൂചനയാണുള്ളത്. ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ഇങ്ങനെ തുടരുന്നതിനോട് സി.കെ. ഗുപ്തന് താല്‍പര്യമില്ലെന്ന് അറിയുന്നു. സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് സി.കെ. ഗുപ്തന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

സി.പി.എം സെക്രട്ടറിയായ പിണറായി വിജയനാണ് തന്നെ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്. അദ്ദേഹം എന്ത് തീരുമാനം കൈക്കൊണ്ടാലും താന്‍ അനുസരിക്കുമെന്നും ഗുപ്തന്‍ കൂട്ടിച്ചേര്‍ത്തു. നയപരമായ കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതിന് പകരം ചെറിയ കാര്യങ്ങളില്‍ പോലും ഇടപെടുന്ന രീതിയിലേക്ക് ബോര്‍ഡംഗങ്ങളുടെ പ്രവര്‍ത്തനം മാറിയാല്‍ അത് ബോര്‍ഡിനെ സാരമായി ബാധിക്കുകയേയുള്ളൂ. പരമാവധി പ്രശ്നങ്ങളുണ്ടാക്കാതെ മുന്നോട്ട് പോകണമെന്നും അഴിമതിയുമായി ഒരു സന്ധിയും വേണ്ടെന്നുമുള്ള പാര്‍ട്ടി നിര്‍ദേശം താന്‍ അനുസരിച്ചു. എന്നാല്‍ ഇനിയും ഈ അംഗങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല. സര്‍ക്കാറിനെയും എല്‍.ഡി.എഫിനെയും വിലയില്ലാത്ത രീതിയിലാണ് ബോര്‍ഡംഗങ്ങള്‍ നീങ്ങുന്നത്. ദേവസ്വം ഭരണത്തില്‍ കാര്യമായ പ്രതിസന്ധിയൊന്നുമില്ലെന്നും ഗുപ്തന്‍ കൂട്ടിച്ചേര്‍ത്തു.
ആറ് മാസത്തെ ബോര്‍ഡിന്റെ പ്രവര്‍ത്തനവും അംഗങ്ങളുടെ നിലപാട് മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകളും സി.കെ. ഗുപ്തന്‍ മന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാന്റിംഗ് കമ്മിറ്റി രൂപവത്കരണം, വാഹനങ്ങളുടെ ഉപയോഗം, അംഗങ്ങള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍, അരവണ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തില്‍ ഉണ്ടെന്നറിയുന്നു.

പ്രസിഡന്റിന്റെ കത്തില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേവസ്വംബോര്‍ഡ് പ്രശ്നം ഗൌരവമായി കാണണമെന്നും നിലവിലെ ബോര്‍ഡ് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജീവമായി പരിഗണിക്കണമെന്നുമുള്ള കാര്യം മന്ത്രി ജി. സുധാകരന്‍ സി.പി.എം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈമാസം രണ്ടിനാണ് ഗുപ്തന്‍ മന്ത്രിക്ക് കത്ത് കൈമാറിയത്. തുടര്‍ന്ന് ബോര്‍ഡംഗങ്ങളായ പി. നാരായണന്‍, സുമതിക്കുട്ടിയമ്മ എന്നിവര്‍ മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. പ്രശ്നങ്ങളും തെറ്റുകളും പരിഹരിച്ച് മുന്നോട്ട് പോകണമെന്ന നിര്‍ദേശമാണ് മന്ത്രി അവരോട് വെച്ചത്. ബോര്‍ഡിലെ മൂന്നംഗങ്ങളും ഒരുമിച്ച് ശബരിമലയില്‍ പോയി ഉല്‍സവം നല്ലരീതിയില്‍ നടത്തിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സുമതിക്കുട്ടിയമ്മ സന്നിധാനത്ത് എത്തിയ ശേഷം തന്നെ വിളിച്ചിരുന്നുവെന്നും തെറ്റുകള്‍ തിരുത്തുമെന്ന് അവര്‍ പറഞ്ഞതായും സുധാകരന്‍ തന്നെ വ്യക്തമാക്കി.
മകരവിളക്ക് കഴിയുന്നതോടെ എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് ദേവസ്വംബോര്‍ഡിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നറിയുന്നു.
അംഗങ്ങള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഒരുമിച്ച് പോയില്ലെങ്കില്‍ ബോര്‍ഡ് പിരിച്ചുവിടുകയോ അല്ലെങ്കില്‍ അംഗങ്ങള്‍ രാജിവെക്കണമെന്ന കടുത്ത നിലപാട് എടുക്കുകയോ ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്.

3. പഞ്ചവല്‍സര പദ്ധതി താളംതെറ്റുന്നു
തിരുവനന്തപുരം: നടപ്പാക്കലിലെ അലംഭാവം മൂലം പതിനൊന്നാം പഞ്ചവല്‍സരപദ്ധതി താളം തെറ്റുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് ഇതിന് കാരണം. പദ്ധതി ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും 10 ശതമാനം പോലും പൂര്‍ത്തിയാക്കാനായിട്ടില്ല.

11 ാം പഞ്ചവല്‍സര പദ്ധതി രണ്ടാം ജനകീയാസൂത്രണമായി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശവും ദിശാബോധവും നല്‍കപ്പെട്ടില്ല. ജനകീയാസൂത്രണം കീഴ്തട്ടില്‍ വരെ അനുഭവപ്പെടുത്താന്‍ അന്നത്തെ സര്‍ക്കാറിനും ആസൂത്രണബോര്‍ഡിനും കഴിഞ്ഞിരുന്നു. യു.ഡി.എഫിന്റെ കേരള വികസന പദ്ധതിയെന്ന 10^ാം പഞ്ചവല്‍സര പദ്ധതിയും പാളിച്ചകള്‍ കൂടാതെ നടപ്പായി.

ഒട്ടേറെ പേജുകളുള്ള മാര്‍ഗരേഖയും സര്‍ക്കാര്‍ ഉത്തരവുകളും ഇറക്കിയെങ്കിലും നടപ്പാക്കാന്‍ വ്യക്തികളെയും സംഘടനകളെയും വിദഗ്ധസമിതികളെയും ചുമതലപ്പെടുത്താനും സര്‍ക്കാര്‍ വകുപ്പുകളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കാനും സര്‍ക്കാറിനായില്ല.
തദ്ദേശസ്വയംഭരണവകുപ്പില്‍ മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സെക്രട്ടറിയും മല്‍സരിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പലതും പരസ്പര വിരുദ്ധമാണ്. ഇവ എന്തുചെയ്യണമെന്നറിയാതെ സെക്രട്ടറിമാര്‍ കുഴയുന്നു.

ആസൂത്രണ ബോര്‍ഡിന്റെ സംസ്ഥാനതല മേല്‍നോട്ടത്തില്‍ ജില്ലാ ഓഫീസും ജില്ലാ കലക്ടര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാ ആസൂത്രണ കമ്മിറ്റിയും അംഗീകരിച്ച പദ്ധതികള്‍ അവരുടെ മേല്‍നോട്ടത്തില്‍ വിദഗ്ധസമിതിയുടെയും അതത് വിഷയത്തിലെ വിദഗ്ധരുടെയും നിര്‍ദേശങ്ങളോടെയാണ് ജനകീയാസൂത്രണപദ്ധതിയില്‍ നടപ്പാക്കിയത്. എന്നാല്‍ ഇത്തവണ ഇതുവരെ ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല.

പങ്കാളികളാകേണ്ട വകുപ്പുകള്‍ തദ്ദേശസ്വയം ഭരണവകുപ്പിന് കീഴിലല്ലാത്തതിനാല്‍ അവരെ ഏകോപിപ്പിക്കാനും കഴിഞ്ഞിട്ടില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനം അധ്യക്ഷന്‍മാര്‍ അതിനായി ഇടപെടുന്നില്ലെന്ന പരാതി ഉദ്യോഗസ്ഥര്‍ക്കുണ്ട്.
വകുപ്പുകളെ ഏകോപിപ്പിക്കാനും പ്രവര്‍ത്തനം നിരീക്ഷിക്കാനും ബാധ്യസ്ഥരായ ജില്ലാ ആസൂത്രണ സമിതികളും സംസ്ഥാന ആസൂത്രണ ബോര്‍ഡും ഒന്നും ശ്രദ്ധിച്ചില്ലെന്നും പരാതിയുണ്ട്. വകുപ്പ് മന്ത്രി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുമായി ആശയവിനിമയം നടത്താന്‍ കൂട്ടാക്കിയതുമില്ല.

പദ്ധതിപ്രവര്‍ത്തനത്തിനുള്ള കോ^ ഓര്‍ഡിനേറ്റര്‍മാരെ സര്‍ക്കാറാണ് വിവിധ വകുപ്പുകളില്‍ നിന്ന് നല്‍കേണ്ടത്. ഇക്കുറി ഇവരെയും നല്‍കിയിട്ടില്ല.
ഇതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുപോലുമില്ല.
പദ്ധതിനടപ്പാക്കാത്തതിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ഇടക്കിടെ മെമ്മോകളും അച്ചടക്ക നടപടികളും വരുന്നുണ്ട്.

4. എന്‍ട്രന്‍സ് പരിഷ്കരണ കമ്മിറ്റി പ്രവര്‍ത്തനം മുടങ്ങി
തിരുവനന്തപുരം: കണ്‍വീനര്‍ ആരെന്ന സംശയത്തെ ചൊല്ലി എന്‍ട്രന്‍സ് പരീക്ഷാ പരിഷ്കരണ കമ്മിറ്റിയുടെ പ്രവര്‍ത്തനം മുടങ്ങി. കമ്മിറ്റിയുടെ കണ്‍വീനര്‍ പദവികൂടി വഹിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ. തോമസ് ചീഫ് സെക്രട്ടറിയായി നിയമിതനായതോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കകം നിയമിക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനം ത്രിശങ്കുവിലായത്.

പൊതുപ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ നല്‍കാന്‍ പി.ജെ. തോമസ് കണ്‍വീനറായി അഞ്ച് അനൌദ്യോഗിക അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. എന്‍ട്രന്‍സ് കമീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗികാംഗങ്ങളാണ്. ശിപാര്‍ശകള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തവണ കമ്മിറ്റി സര്‍ക്കാറിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി . ഈ റിപ്പോര്‍ട്ടിലെ ശിപാര്‍ശ സ്വീകരിച്ച് കഴിഞ്ഞ പൊതുപ്രവേശന പരീക്ഷയുടെ സമയം അരമണിക്കൂര്‍ ദീര്‍ഘിപ്പിച്ച് രണ്ടര മണിക്കൂര്‍ ആക്കിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചശേഷം ഒരുതവണ മാത്രമാണ് കമ്മിറ്റിയോഗം ചേര്‍ന്നത്. ഇടക്കാല റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പും കമ്മിറ്റിയോഗം പരിമിതമായിരുന്നെങ്കിലും ഇ^മെയില്‍ ചര്‍ച്ച സജീവമായിരുന്നു. പഴയ ഉത്തരവില്‍ പദവിക്ക് പകരം പേര് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ആരാണ് നിലവിലെ കണ്‍വീനര്‍ എന്നതാണ് തര്‍ക്കം. ഉത്തരവില്‍ പേര് ചേര്‍ത്തിട്ടുള്ളതിനാല്‍ കമ്മിറ്റി കണ്‍വീനര്‍ ഇപ്പോഴും പി.ജെ. തോമസ് തന്നെയാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയിലാണ് പി.ജെ. തോമസ് കണ്‍വീനറായതെന്നും അദ്ദേഹം പദവിയില്‍ നിന്ന് മാറിയതോടെ പുതുതായി തല്‍സ്ഥാനത്ത് നിയമിതനായ ടി.കെ. ജോസാണ് കണ്‍വീനറെന്നും വ്യാഖ്യാനമുണ്ട്. ഏതായാലും ഉത്തരവിലെ അവ്യക്തത കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചുകഴിഞ്ഞു.

കമ്മിറ്റിയുടെ യോഗം വിളിക്കേണ്ടത് കണ്‍വീനറാണ്. ഇതേസമയം പ്രശ്നത്തില്‍ ഇടപെട്ട് മിനിട്ടുകള്‍ക്കകം വ്യക്തത കൈവരുത്താന്‍ സര്‍ക്കാറിന് കഴിയുമെങ്കിലും പതിവുപോലെ ഇക്കാര്യത്തിലും മെല്ലെപ്പോക്ക് തുടരുകയാണ്. ഇതിനിടെ കമ്മിറ്റിയിലെ ഒരംഗം നിര്‍ജീവാവസ്ഥയില്‍ മനംനൊന്ത് രാജിക്കൊരുങ്ങിയെങ്കിലും മറ്റുള്ളവര്‍ ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു. എന്നിട്ടും കുരുക്കഴിക്കാന്‍ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നതാണ് വിചിത്രം.

ഇത്തവണ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോള്‍ പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിക്കണമെന്ന അഭിപ്രായം പരിഷ്കരണ കമ്മിറ്റി സജീവമായി ചര്‍ച്ചചെയ്തിരുന്നു. ഇതിനനുസൃതമായ ശിപാര്‍ശ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നും ഏകദേശം ഉറപ്പിച്ചിരുന്നു. പക്ഷേ, അതിനിടെയാണ് കണ്‍വീനര്‍ പദവിയില്‍ തട്ടി എല്ലാം തകിടം മറിഞ്ഞത്. ഇനി ധിറുതി പിടിച്ച് പഴയ ഉത്തരവില്‍ വ്യക്തത വരുത്തി കണ്‍വീനറെ നിശ്ചയിച്ചാലും ഇക്കൊല്ലത്തെ പ്രവേശന പരീക്ഷയില്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാനാകില്ല.

5. ബേനസീര്‍ വധത്തില്‍ വേലക്കാരനെ സംശയം
ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ വധത്തില്‍ അവരുടെ ഒരു വേലക്കാരനെ സംശയിക്കാന്‍ ന്യായമുള്ളതായി പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. ബേനസീര്‍ റാവല്‍പിണ്ടിയിലെ റാലിയില്‍ പ്രസംഗിക്കവേ, സംശയകരമായി പെരുമാറിയ വേലക്കാരന്‍ ഒളിവിലാണെന്നും ഇയാളെ പിടികൂടിയാല്‍ വധത്തെക്കുറിച്ച സൂചനകള്‍ ലഭിക്കുമെന്നും പി.പി.പി പ്രവര്‍ത്തകര്‍ പറഞ്ഞതായി ദ ന്യൂസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഖാലിദ് ശാഹിന്‍ ഷാ എന്ന പരിചാരകനെക്കുറിച്ചാണ് സംശയമുയര്‍ന്നിരിക്കുന്നത്. ബേനസീര്‍ പ്രസംഗിക്കുമ്പോള്‍ വേദിയില്‍ അവരുടെ ഇടതുഭാഗത്ത് നിന്നിരുന്ന ഇയാള്‍ സ്വന്തം കഴുത്തില്‍ വിരല്‍വെച്ച് കഴുത്തറുക്കുന്നതുപോലുള്ള ആംഗ്യം കാണിക്കുകയുണ്ടായത്രെ. പ്രാദേശിക ടി.വി ചാനലുകള്‍ പുറത്തുവിട്ട റാലിയുടെ ദൃശ്യങ്ങളില്‍നിന്നാണ് ഈ വിചിത്രരംഗം ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. ഖാലിദ് ശാഹിന്‍ ഷായുടെ സംശയകരമായ ആംഗ്യങ്ങള്‍ ആശങ്കാജനകവും അവഗണിക്കാനാവാത്തതുമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

സുരക്ഷാ ഉപദേശകന്‍ റഹ്മാന്‍ മാലിക്കിന്റെ നിര്‍ദേശപ്രകാരമായിരുന്നു ബേനസീര്‍ ഖാലിദിനെ കൂടെകൊണ്ടുപോയത്. ബേനസീറിന്റെ പ്രസംഗം കഴിഞ്ഞയുടന്‍ ഇയാള്‍ അവരുടെ ബുള്ളറ്റ്പ്രൂഫ് വാഹനത്തിനകത്തേക്ക് ധിറുതിയില്‍ കയറിയെന്നും അവര്‍ക്ക് ഡോര്‍ തുറന്നുപിടിച്ചു നില്‍ക്കാന്‍ തയാറായില്ലെന്നും പി.പി.പി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ശാഹിന്‍ ഷാ സാധാരണ ഏറ്റവും അവസാനമാണ് ബേനസീറിന്റെ വാഹനത്തില്‍ കയറാറെന്നും സ്ഥലമില്ലാത്തപ്പോള്‍ ഫുട്ബോര്‍ഡില്‍ നിന്ന് യാത്രചെയ്തിരുന്നുവെന്നും അവര്‍ പറയുന്നു. ബേനസീര്‍ കൊല്ലപ്പെട്ട ശേഷം ഇസ്ലാമാബാദിലെ അവരുടെ സര്‍ദാരി ഹൌസില്‍ രണ്ടുദിവസം കഴിച്ചുകൂട്ടിയ ശാഹിന്‍ ഷാ സിന്ധിലെ നൌദിറോ ഗ്രാമത്തില്‍ നടന്ന സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മൂന്നാം ദിവസമാണ് അയാള്‍ അവിടെയെത്തിയതെന്നും ദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

6. സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ പരസ്യ തര്‍ക്കം
ന്യൂദല്‍ഹി: പൊതുതാല്‍പര്യ ഹരജികള്‍ കൈകാര്യം ചെയ്യുന്ന രീതിയെപ്പറ്റി കേസ് പരിഗണിച്ചുകൊണ്ടിരിക്കെ സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായഭിന്നത. ജസ്റ്റിസുമാരായ മാര്‍ഖണ്ഡേയ കട്ജുവും എച്ച്.കെ. സേമയും തമ്മിലാണ് പൊതുതാല്‍പര്യഹരജികളുടെ പേരില്‍ സര്‍ക്കാറിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടണമോ എന്നതിനെക്കുറിച്ച് പരസ്യമായ തര്‍ക്കം നടന്നത്. പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ ലക്ഷ്മണരേഖ കടക്കരുതെന്നും കോടതികള്‍ ഭരണകാര്യങ്ങളില്‍ ഇടപെടുകയാണെന്നും നേരത്തേ ജസ്റ്റിസ് കട്ജു കുറ്റപ്പെടുത്തിയിരുന്നു.

ഗുജറാത്ത് പോലിസ് ഡയറക്ടര്‍ ജനറലായി പി.സി. പാണ്ഡെയെ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് ജഡ്ജിമാര്‍ രണ്ടു നിലപാടുകളിലെത്തിയത്. ഇത്തരം പരാതികള്‍ പരിഗണിക്കുന്നതിനെ തന്നെ ജസ്റ്റിസ് കട്ജു എതിര്‍ത്തപ്പോള്‍ പരാതി പരിഗണിച്ച് പാണ്ഡയെ ഡി.ജി.പിയായി നിയമിക്കുന്നത് വിലക്കിയ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹാജരാക്കാന്‍ ജസ്റ്റിസ് സേമ പരാതിക്കാരോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് സേമ ഉത്തരവിടുംമുമ്പ് ഇത് സംസ്ഥാന സര്‍ക്കാറിന് തീരുമാനമെടുക്കാവുന്ന വിഷയമായതിനാല്‍ കോടതി സംയമനം പാലിക്കണമെന്ന് ജസ്റ്റിസ് കട്ജു ഓര്‍മിപ്പിച്ചു. കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ല എന്ന് അദ്ദേഹം സഹപ്രവര്‍ത്തകനെ ഓര്‍മിപ്പിച്ചു. കോടതികള്‍ പരിധി കടക്കുന്നതിനെതിരെ ഡിസംബര്‍ ആറിന് താനും ജസ്റ്റിസ് മാഥൂറും ചേര്‍ന്ന് പുറപ്പെടുവിച്ച വിധിന്യായം ഓര്‍മിപ്പിച്ചുകൊണ്ട് ജഡ്ജിമാര്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നത തസ്തികകളില്‍ നിയമിക്കുന്നവര്‍ കൊള്ളാവുന്നവരോ അല്ലാത്തവരോ ആകട്ടെ അത് സംസ്ഥാന സര്‍ക്കാറിന്റെ വിവേചനാധികാരത്തിനകത്ത് വരുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നിങ്ങള്‍ ഒരു ഡി.ജി.പിയുടെ നിയമനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിയമനത്തെപ്പോലും നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം. ഇതൊക്കെ കൈകാര്യം ചെയ്യേണ്ടത് കോടതിയാണോ? ^പരാതിക്കാരുടെ അഭിഭാഷകയോട് അദ്ദേഹം ആരാഞ്ഞു.

കോടതികളാണോ സര്‍ക്കാര്‍ നടത്തേണ്ടത്? അധികാരവികേന്ദ്രീകരണമെന്നൊന്നില്ലേ? തല്‍സ്ഥാനത്തുനിന്ന് പാണ്ഡെ നീക്കം ചെയ്യപ്പെട്ട സ്ഥിതിക്ക് പരാതിതന്നെ കഴമ്പില്ലാതായി എന്നും ജസ്റ്റിസ് കട്ജു ചൂണ്ടിക്കാട്ടി. പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പാണ്ഡെയെ വീണ്ടും നിയമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പരാതിക്കാരുടെ അഭിഭാഷക അപര്‍ണ ഭട്ടിന്റെ മറുപടി.
ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട് പാണ്ഡെക്കെതിരെ ഒരുപാട് പരാതികള്‍ ഉണ്ടെന്നു കാണിച്ച് 2006ലാണ് ഒരു സന്നദ്ധസംഘടന പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. വാദം കേട്ട ജസ്റ്റിസ് സേമ പക്ഷേ, പരാതിക്കാരോട് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിനൊപ്പം സത്യവാങ്മൂലം കൂടി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

7. ദേശസ്നേഹം പ്രകടമാക്കാന്‍ മദ്രസകള്‍ക്ക് കേന്ദ്ര ധനസഹായം: പ്രതിഷേധമുയരുന്നു
ന്യൂദല്‍ഹി: ദേശീയ അവധി ദിവസങ്ങള്‍ ആഘോഷിക്കുന്ന മദ്രസകള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കാന്‍ കേന്ദ്ര നീക്കം. പതിനൊന്നാം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. കേന്ദ്ര സഹായം ലഭിക്കുന്ന 12,000 മദ്രസകള്‍ക്ക്് റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്യ്ര ദിനത്തിലും പതാക ഉയര്‍ത്തുന്നതിനും മറ്റുമാണ് ധനസഹായം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വാതന്ത്യ്ര ദിനാഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നത് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതേസമയം, മദ്രസകളില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന് പ്രത്യേക ആനുകൂല്യം നല്‍കാനുള്ള നീക്കം മുസ്ലിം കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധത്തിന് വഴിവെക്കും. ദേശീയപതാക ഉയര്‍ത്താന്‍ ധനസഹായം നല്‍കുകയെന്നത് മുസ്ലിം സമുദായത്തെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് തുല്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗവും മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗവുമായ എസ്.ക്യു.ആര്‍ ഇല്യാസ് മാധ്യമത്തോട് പറഞ്ഞു.

മദ്രസകള്‍ രാജ്യത്തിന്റെ പൊതുധാരയുടെ ഭാഗമല്ലെന്നും അവിടെയുള്ളവര്‍ ദേശസ്നേഹമില്ലാത്തവരാണെന്നും വരുത്തി തീര്‍ക്കുന്ന ലജ്ജാകരമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വികസന കൌണ്‍സില്‍ യോഗത്തിലാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. അധികമാരുടെയും ശ്രദ്ധയില്‍ വരാതെ പോയ ഈ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിയത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നു. മുസ്ലിംകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നുവെന്നായിരുന്നു ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ആക്ഷേപിച്ചത്.

8. ആണവകരാര്‍ ഉപേക്ഷിച്ചിട്ടില്ല: കേന്ദ്രം
ന്യൂദല്‍ഹി: അമേരിക്കയുമായുള്ള ആണവ കരാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിക്ക് ആണവ കരാറുമായി ബന്ധം കാണുന്നില്ലെന്ന് വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

കരാറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയം അതിക്രമിക്കുകയാണെന്ന് പി.ടി.ഐ എഡിറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. കരാറില്‍ ഇനിയെന്ത് ചെയ്യാനാവുമെന്ന് ആരാഞ്ഞുവരികയാണെന്ന്, പ്രശ്നത്തില്‍ ഇടതുപക്ഷവുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രണബ് വെളിപ്പെടുത്തി.

ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷം സമ്മര്‍ദം ശക്തിപ്പെടുത്തുമെന്നതിനാല്‍ കരാര്‍ അവഗണിച്ചേക്കുമെന്ന അഭ്യൂഹം അദ്ദേഹം തള്ളി. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായുള്ള സുരക്ഷാമാനദണ്ഡ ചര്‍ച്ച ഈ മാസാവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

1. സംസ്ഥാന വ്യാപകമായി മണല്‍ റെയ്ഡ്
തിരുവനന്തപുരം: അനധികൃത മണല്‍ ഖനനത്തിനും വില്‍പനയ്ക്കുമെതിരെ സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടര്‍മാരുടെയും റവന്യു അധികൃതരുടെയും നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 446 വാഹനങ്ങളും എട്ടു ജെസിബിയും പിടിച്ചെടുത്തു. 48 വള്ളങ്ങളും രണ്ടു ജെറ്റ് പമ്പുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പരിയാരം തിരുവട്ടൂരില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ച ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവട്ടൂര്‍ സ്വദേശി മൊയ്തീനെ അറസ്റ്റ് ചെയ്തു. ജീപ്പിലുണ്ടായിരുന്ന പരിയാരം വില്ലേജ്മാന്‍ എ.പി. മനോജി(30)നു പരുക്കേറ്റു.വിവിധ പ്രദേശങ്ങളില്‍ ഒരേസമയം നടത്തിയ മിന്നല്‍ പരിശോധനയില്‍ 483 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത മണല്‍ ലേലം ചെയ്തു 11 ലക്ഷം രൂപയോളം പിഴയായി ഈടാക്കി. മണല്‍ കടത്താനുപയോഗിച്ചിരുന്ന ലോറികളുടെയും മറ്റു വാഹനങ്ങളുടെയും പിഴകൂടി ഉള്‍പ്പെടുമ്പോള്‍ ഈ തുക ഒരു കോടിയോളമാകുമെന്നു റവന്യു അധികൃതര്‍ അറിയിച്ചു.

വിവിധ സ്ഥലങ്ങളിലേക്കു കടത്താനായി കടവുകളില്‍ കൂട്ടിയിട്ട മണലും കടത്താനുപയോഗിച്ച വാഹനങ്ങളുമാണു പുലര്‍ച്ചെ നാലരയോടെ, പൊലീസ് സഹായത്തോടെ തുടങ്ങിയ റെയ്ഡില്‍ പിടിച്ചെടുത്തത്.തിരുവനന്തപുരം താലൂക്കില്‍ മാത്രം 64 മണല്‍ ലോറികള്‍ പിടികൂടി. വിവിധ കടവുകളില്‍ നിന്നായി 251 ലോഡ് മണലും പിടിച്ചെടുത്തു. ജില്ലയില്‍ കരമന, നേമം, കാക്കാമൂല, വെള്ളായണി, തിരുവല്ലം, തൃക്കണ്ണാപുരം, കഠിനംകുളം എന്നിവിടങ്ങളിലെ മണലൂറ്റ് – സംഭരണ കേന്ദ്രങ്ങളില്‍ എട്ടു സ്ക്വാഡുകളാണു റെയ്ഡിനു നേതൃത്വം നല്‍കിയത്.

ഒരിക്കല്‍ പിടിയിലാവുന്ന ലോറികള്‍ മണല്‍കടത്തിനു വീണ്ടും പിടിയിലായാല്‍ ഓരോ തവണയും 10,000 രൂപ അധികം പിഴയായി ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്രമാതീതമായുള്ള മണലൂറ്റ് നദി ഗതിമാറി ഒഴുകുന്നതിനു തന്നെ കാരണമായിട്ടുണ്ട്. പലയിടത്തും കരയിലും വ്യാപകമായ മണലൂറ്റു നടക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു.

കൊല്ലം ജില്ലയില്‍ അഞ്ചു താലൂക്കുകളിലെ 13 കേന്ദ്രങ്ങളില്‍ നടന്ന പാറ – മണല്‍ റെയ്ഡില്‍ 31 ലോറികള്‍ പിടിച്ചെടുത്തു. മണല്‍ നിറച്ച 16 ലോറികളും പാറ നിറച്ച 15 ലോറികളുമാണു പിടിച്ചെടുത്തത്. ഇളാട് നിന്നു ലൈസന്‍സില്ലാതെ പാറ ഖനനത്തിന് ഉപയോഗിച്ചിരുന്ന രണ്ടു ജാക്ക് ഹാമറുകളും സ്ഫോടക വസ്തുക്കളും കലക്ടര്‍ എ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. മണല്‍ ഒന്നര ലക്ഷത്തിലേറെ രൂപയ്ക്കു ലേലം ചെയ്തു.

എറണാകുളം ജില്ലയില്‍ 89 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. 74 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 58 വാഹനങ്ങളും 15 വള്ളവും പിടിച്ചെടുത്തു. 120 ലോഡ് മണലാണു പിടിച്ചത്. അനധികൃതമായി കടത്തിയ ഒന്‍പതു ലോഡ് ചുവന്ന മണ്ണും പിടിച്ചെടുത്തു.തൃശൂര്‍ ജില്ലയില്‍ എട്ടു സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 87 ലോഡ് മണല്‍ പിടികൂടി. മണല്‍ കൊണ്ടുപോവുകയായിരുന്ന വഞ്ചിയും മണലൂറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.കോട്ടയത്ത് അഞ്ചു താലൂക്കുകളിലായി 52 റെയ്ഡ് നടത്തി. മൊത്തം ആറരലക്ഷം രൂപയുടെ മണല്‍ പിടിച്ചെടുത്തിട്ടുണ്ട്.

മണ്ണുമായി പോയ നാലു ലോറി ചങ്ങനാശേരിയില്‍ പിടികൂടി. പൂഴിമണ്ണ് എടുക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ജെസിബിയും രണ്ടു ജെറ്റ് പമ്പും വൈക്കത്തു നിന്നു കസ്റ്റഡിയിലെടുത്തു.ഇടുക്കിയില്‍ മിന്നല്‍പരിശോധന സംബന്ധിച്ച നീക്കം ചോര്‍ന്നു. നാലു താലൂക്കുകളില്‍ പരിശോധന നടത്തിയെങ്കിലും തൊടുപുഴ താലൂക്കിലെ മൂന്നു സ്ഥലത്തു കൂട്ടിയിട്ടിരുന്ന മണല്‍ മാത്രമാണു ലഭിച്ചത്.പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 35 ലോഡ് മണല്‍ പിടിച്ചെടുത്തു. ഒരു ലോറി, ഒരു മിനി ലോറി, ആറു നാടന്‍ വള്ളങ്ങള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ മണല്‍ കടത്തിയ 46 വാഹനങ്ങളും 14 വള്ളങ്ങളും പിടിച്ചെടുത്തു. 2,24,910 രൂപ പിഴ ഈടാക്കി. ഒരാളെ അറസ്റ്റ് ചെയ്തു. 60 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

മാവേലിക്കരയിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത് – 22. വാഹനങ്ങളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി.വയനാടു ജില്ലയില്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ആറു സംഘങ്ങളായാണു പരിശോധന നടത്തിയത്. ക്വാറികളും ഇഷ്ടികക്കളങ്ങളും മണലെടുപ്പു കേന്ദ്രങ്ങളുമടക്കം 157 സ്ഥലത്തു നടത്തിയ പരിശോധനയില്‍ 61 അനധികൃത കേന്ദ്രങ്ങള്‍ കണ്ടെത്തി. ട്രാക്ടര്‍, ടിപ്പര്‍, വാന്‍ എന്നിവയടക്കം 23 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

കോഴിക്കോടു ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയില്‍ 25 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 27 വാഹനങ്ങളും ഒരു ജെസിബിയും പിടിച്ചെടുത്തു. പിഴയായി 13,350 രൂപ ഈടാക്കി. കോഴിക്കോടു താലൂക്കില്‍ 70 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി 15 കേസുകളിലായി 15 വാഹനങ്ങള്‍ പിടിച്ചെടുത്തു. വടകര താലൂക്കില്‍ 42 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു സ്ഥലങ്ങളില്‍ അനധികൃത മണല്‍കടത്തു കണ്ടെത്തി. ഇവിടെ 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്കില്‍ 56 ഇടങ്ങളില്‍ പരിശോധന നടത്തി.

മലപ്പുറം ജില്ലയില്‍ ആറു താലൂക്കുകളിലായി 19 സ്ക്വാഡുകള്‍ 220 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 51 വാഹനങ്ങളും അവയിലുണ്ടായിരുന്ന മണല്‍, ചെങ്കല്ല്, ഗ്രാനൈറ്റ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

പാലക്കാടു ജില്ലയില്‍ നടന്ന റെയ്ഡില്‍ 39 വാഹനങ്ങള്‍ പിടികൂടി. പാലക്കാടു താലൂക്കില്‍ രണ്ടു ജെസിബിയടക്കം 17 വാഹനങ്ങള്‍ പിടിച്ചെടുത്തു. ചിറ്റൂര്‍ താലൂക്കില്‍ 13 മണല്‍ ലോറികള്‍ പിടികൂടി. ആലത്തൂര്‍ താലൂക്കില്‍ നിന്നു മൂന്നു ഗുഡ്സ് ഒാട്ടോകളും കടവുകളില്‍ കൂട്ടിയിട്ടിരുന്ന 12 ലോഡ് മണലും കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലത്ത് അഞ്ചു വാഹനങ്ങളും മണ്ണെടുപ്പില്‍ ഏര്‍പെട്ടിരുന്ന ഒരു ജെസിബിയും പിടിച്ചെടുത്തു. മണ്ണാര്‍ക്കാടു താലൂക്കില്‍ ഒരു ലോറി പിടിച്ചു.

കണ്ണൂര്‍ ജില്ലയില്‍ 35 വാഹനങ്ങളും അഞ്ചു ലോറികളും പിടിച്ചെടുത്തു. കണ്ണൂരില്‍ – 14, തലശേരി – ഏഴ്, തളിപ്പറമ്പ് – 10 എന്നിങ്ങനെയാണു വാഹനം പിടികൂടിയത്. തളിപ്പറമ്പ് പാറോളിക്കടവില്‍ നിന്നു തോണിയും പിടികൂടി.കാസര്‍കോടു ജില്ലയില്‍ രണ്ടു താലൂക്കുകളില്‍ നിന്നായി മണല്‍ കടത്തുന്നതിനിടെ 23 വാഹനങ്ങള്‍ പിടിച്ചെടുത്തു.

2. കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിക്കണം: ഗോസാമി
കൊല്ലം: കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നു വ്യതിചലിച്ചുള്ള വ്യവസായവല്‍ക്കരണത്തെ ആര്‍എസ്പി എതിര്‍ക്കുമെന്നു ബംഗാള്‍ പൊതുമരാമത്ത് മന്ത്രി ക്ഷിത്തി ഗോസാമി. ആര്‍എസ്പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൊതുമിനിമം പരിപാടിയിലെ ധാരണകള്‍ ലംഘിച്ച കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്നും ക്ഷിത്തി ഗോസാമി പറഞ്ഞു. നന്ദിഗ്രാം സംഭവത്തില്‍ ബംഗാളിലെ പ്രധാന പാര്‍ട്ടിയായ സിപിഎമ്മിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചു ശ്രദ്ധേയനായ ക്ഷിത്തി ഗോസാമി ഇന്നലെയും സിപിഎമ്മിന്റെ പുതിയ സാമ്പത്തിക നയങ്ങളെ ശക്തമായി വിമര്‍ശിച്ചു.

സിങ്കൂരില്‍ കൃഷിഭൂമി ടാറ്റയ്ക്കു നല്‍കാനുള്ള തീരുമാനം ആയിരക്കണക്കിനു സാധാരണക്കാരെയാണു വഴിയാധാരമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിയൊഴിപ്പിക്കപ്പെടുന്നവരു ‘ന്6ട ഭാവി, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിസഭയിലും മറ്റു വേദികളിലും ഉന്നയിച്ചു.

എന്നാല്‍ ഇതുവരെ കൃത്യമായ ചിത്രം ലഭിച്ചിട്ടില്ല. നന്ദിഗ്രാമില്‍ ഗ്രാമീണരുടെയും ആര്‍എസ്പിയുടെയും എതിര്‍പ്പു കാരണം ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം തിരുത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതായി ഗോസാമി ചൂണ്ടിക്കാട്ടി. വ്യവസായവല്‍ക്കരണത്തെയല്ല ആര്‍എസ്പി എതിര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശരിയായ ദിശയിലുള്ളതല്ലെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ടി. ജെ. ചന്ദ്രചൂഡന്‍ പറഞ്ഞു. ഒരു വശം ദുര്‍മേദസുപോലെ വളരുമ്പോള്‍ മറുവശം തളരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍, വി. പി. രാമകൃഷ്ണപിള്ള, എ. എ. അസീസ് എംഎല്‍എ, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, മനോജ് ഭട്ടാചാര്യ, കെ. ശങ്കരന്‍ നായര്‍, കല്ലട വിജയം, കെ. സണ്ണിക്കുട്ടി തുടങ്ങിയവരും പ്രസംഗിച്ചു. പൊതുസമ്മേളനത്തിനു മുന്‍പായി കൊല്ലം നഗരത്തെ ചുവപ്പണിയിച്ച് ആയിരങ്ങള്‍ പങ്കെടുത്ത വന്‍ പ്രകടനം നടന്നു.

3. ബാംഗ്ലൂരില്‍നിന്നു കടത്തിക്കൊണ്ടുവന്ന 56 തത്തക്കുഞ്ഞുങ്ങളെ പിടികൂടി
തിരൂര്‍ (മലപ്പുറം): ബാംഗൂരില്‍നിന്ന് വില്‍പനയ്ക്കായി ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടുവന്ന 56 തത്തക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടി. കമ്പിവലയും ചാക്കുംകൊണ്ടു മൂടിക്കെട്ടിയ കുട്ടയിലായിരുന്നു തത്തകള്‍. ഫോറിന്‍ മാര്‍ക്കറ്റ് പരിസരത്ത് ബസില്‍നിന്ന് ഇറക്കിയ ശേഷം ജീപ്പില്‍ കയറ്റി കുന്നംകുളത്തേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ജീപ്പ് ഡ്രൈവര്‍ തിരൂര്‍ പൂക്കയില്‍ കാവുംപുറത്ത് മുഹമ്മദ് മാലിക് (23) ആണു പിടിയിലായത്. തത്തകളില്‍ 53 എണ്ണം രണ്ടു ദിവസം പ്രായമുള്ളവയാണ്. തൂവല്‍ മുളയ്ക്കുന്നതേയുള്ളൂ. ബാക്കിയുള്ളവ രണ്ടാഴ്ച വളര്‍ച്ചയെത്തിയവയാണ്.

എല്ലാം ചുവന്ന ചുണ്ടുള്ള നാടന്‍ ഇനങ്ങളാണ്. ശ്വാസം മുട്ടിയും ഭക്ഷണം ലഭിക്കാതെയും അവശ നിലയിലായിരുന്നു. കുന്നംകുളത്തെ ഗോള്‍ഡന്‍ അക്വേറിയത്തിലേക്കാണ് തത്തക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതെന്ന മാലിക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അക്വേറിയം ഉടമ റജിക്കെതിരെയും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് ഡിഎഫ്ഒ സി.വി. രാജന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

കോടതി നിര്‍ദേശപ്രകാരം തത്തകളെ തൃശൂര്‍ മൃഗശാലയിലേക്കു മാറ്റി. മാലിക്കിനെ റിമാന്‍ഡ് ചെയ്തു. ഒരു ജോടി തത്തയ്ക്ക് 250 രൂപമുതല്‍ 300 രൂപവരെ വിലയുണ്ട്. തത്തമുട്ടകള്‍ ശേഖരിച്ച് കൃത്രിമമായി വിരിയിച്ചു വില്‍ക്കുന്ന സംഘം ബാംഗൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതായി വനംവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. കേസിന്റെ തുടരന്വേഷണത്തിനു കര്‍ണാടക വനംവകുപ്പിന്റെ സഹായം തേടുമെന്ന് ഡിഎഫ്ഒ സി.വി. രാജന്‍ പറഞ്ഞു. നിലമ്പൂര്‍ ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ ഷാന്‍ട്രി ടോം, ഫോറസ്റ്റര്‍മാരായ എസ്. സുഗതന്‍, മുരളി കൃഷ്ണന്‍, ഗാര്‍ഡുമാരായ വി. രഘുനാഥ്, കെ.പി. കൃഷ്ണന്‍, വി. രാജേഷ്, പി. രാജീവ്, സി.എം. മുഹമ്മദ് അഷ്റഫ്, വി.കെ. മുഹ്സിന്‍, വി. ഷാജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

4. പാസ്പോര്‍ട്ടിനുള്ള പരിശോധന ഇനി എസ്ഐമാര്‍ക്ക്
പാലക്കാട്: സംസ്ഥാനത്ത് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്താനുള്ള ചുമതല ഇനി പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലെ എസ്ഐമാര്‍ക്ക്. ഇതു വരെ സ്പെഷല്‍ ബ്രാഞ്ചിനായിരുന്നു ചുമതല. പാസ്പോര്‍ട്ട് പരിശോധനയെചൊല്ലി പരാതി ഉയര്‍ന്നതിനാലാണ് ചുമതല കൈമാറുന്നത്. അഴിമതി ആരോപണം വ്യാപകമായപ്പോള്‍ സ്പെഷല്‍ ബ്രാഞ്ച് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

റെയ്ഡില്‍ സംസ്ഥാനത്തെ പല സ്പെഷല്‍ ബ്രാഞ്ച് ഓഫിസുകളില്‍ നിന്നും കണക്കില്‍പ്പെടാത്ത തുക കണ്ടെടുത്തിരുന്നു. പടി ഇനത്തില്‍ പൊലീസുകാര്‍ തുക കൈപ്പറ്റുന്നതായി വിജിലന്‍സ് അധികൃതര്‍ ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ ചുമതല സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നു മാറ്റുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യം വരുത്തി പുതിയ ഉത്തരവിറക്കിയത്.

എന്നാല്‍ പുതിയ നിര്‍ദേശം പൊലീസ് സ്റ്റേഷനുകളിലെ ജോലിഭാരം കൂട്ടുമെന്ന് ആശങ്കയുണ്ട്. പല പൊലീസ് സ്റ്റേഷനിലും നിലവില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണ്. ജോലിഭാരത്താല്‍ വീര്‍പ്പു മുട്ടുന്ന തങ്ങള്‍ക്കു പാസ്പോര്‍ട്ട് പരിശോധന കൂടി നടത്തേണ്ടി വന്നാല്‍ ജോലി ഭാരം ഇരട്ടിയാകുമെന്നും പൊലീസുകാര്‍ പരാതിപ്പെടുന്നു. പാസ്പോര്‍ട്ടിനായി രണ്ടു തരത്തിലുള്ള അപേക്ഷകളാണ് ലഭിക്കുന്നത്. അടിയന്തര സ്വഭാവമുള്ള അപേക്ഷകളാണ് ഇതില്‍ കൂടുതലും.

5. പൊലീസിനെ ആക്രമിക്കലും പ്രതിയെ മോചിപ്പിക്കലും: അഞ്ചു പേര്‍ കീഴടങ്ങി
കുറ്റ്യാടി: വേളം കൃഷിഭവന്‍ ഉപരോധത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ കോടതിയിലും പൊലീസ് സ്റ്റേഷനില്‍അതിക്രമിച്ചുകയറി പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പൊലീസിലും കീഴടങ്ങി. അറസ്റ്റിലായയാളെ പൊലീസ് സ്റ്റേഷനില്‍ കയറി മോചിപ്പിച്ച കേസിലെ പ്രതികളായ കണ്ണോത്ത് കാവില്‍ ഗിരീഷന്‍ (33) രയരോത്ത് മീത്തല്‍ വേണു(30) പരപ്പില്‍മീത്തല്‍ പി.എം. ബാബു (40) എന്നിവരാണു പൊലീസില്‍ കീഴടങ്ങിയത്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളായ പാറച്ചാലില്‍ ലിനീഷ് (28) കെ.കെ. മനോജ് (30) എന്നിവര്‍ നാദാപുരം കോടതിയില്‍ കീഴടങ്ങി.

അഞ്ചു പ്രതികളെയും രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. നവംബര്‍ 12നു വേളം കൃഷി ഭവനില്‍ ബന്ദിയാക്കിയ ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത വേളം കൂളിക്കുന്നിലെ പാറച്ചാലില്‍ ലിനീഷിനെ ബുധനാഴ്ച രാത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. നാണു എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കയറി

6. മെര്‍ക്കിസ്റ്റണ്‍: വനം വകുപ്പ് തെളിവെടുപ്പു നടത്തി
തിരുവനന്തപുരം: വിവാദ വിഷയമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചതിനെക്കുറിച്ചു വനം വകുപ്പ് തെളിവെടുപ്പു നടത്തി. വര്‍ഷങ്ങളായി നടക്കുന്ന തോട്ടമായതിനാല്‍ എസ്റ്റേറ്റ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരില്ലെന്ന് എസ്റ്റേറ്റ് നടത്തുന്ന സതേണ്‍ ഫീല്‍ഡ് വെഞ്ചേസ് ഇഎഫ്എല്‍ കസ്റ്റോഡിയന്‍ എന്‍. ഗോപിനാഥ് മുമ്പാകെ സമര്‍പ്പിച്ച പത്രികയില്‍ വാദിച്ചു. എസ്റ്റേറ്റ് പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന വിജ്ഞാപനം നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ പുനര്‍വിജ്ഞാപനം വേണ്ടിവരില്ലെന്നും വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

7. കുപ്പിവെള്ളം കുടിച്ച നാലു പേര്‍ കുഴഞ്ഞു വീണു
വാല്‍പ്പാറ: കുപ്പി വെള്ളം കുടിച്ചു രക്തം ഛര്‍ദിച്ച മൂന്നു പേര്‍ കുഴഞ്ഞു വീണു. തമിഴ്നാട് ഐസിഡിഎസ് ഒാര്‍ഗനൈസര്‍മാരുടെ സെമിനാറിലാണ് സംഭവം. വേദിയില്‍ വിതരണം ചെയ്ത മിനറല്‍ വാട്ടര്‍ കുടിച്ച മൂന്നു സ്ത്രീകള്‍ രക്തം ഛര്‍ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തു. ഇതു കണ്ട്, വെള്ളത്തിനു രുചിഭേദമുണ്ടോ എന്നു പരിശോധിക്കാന്‍ ജീപ്പ് ഡ്രൈവര്‍ വെള്ളം കുടിക്കുകയും ഉടന്‍ കുഴഞ്ഞു വീഴുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് എല്ലാ കടകളിലും പരിശോധന നടത്താന്‍ സബ് കലക്ടര്‍ വിജയ് പിംഗ്ലേ ഉത്തരവിട്ടു.

8. പൊതുവേദിയില്‍ പറയാതെ ‘എല്ലാം പറഞ്ഞ്’ വിഎസും പിണറായിയും
പട്ടാമ്പി(പാലക്കാട്): മാര്‍ഗരേഖകള്‍ തെറ്റിച്ചാല്‍ ആര്‍ക്കും പരാതി നല്‍കാമെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരം സമ്മേളന നടത്തിപ്പില്‍ അച്യുതാനന്ദനു പരാതിയുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ആ സമ്മേളനത്തിലല്ലേ അതു കാണിക്കുകയെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ചു നടന്ന പൊതുയോഗത്തിലായിരുന്നു കൊത്തും കൊളുത്തുമുള്ള പരാമര്‍ശങ്ങള്‍. പാലക്കാട് സമ്മേളനത്തിലെ ചില ‘പൊട്ടും പൊടിയുമൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ തട്ടുമെന്നും വ്യക്തിപരമായോ ഗ്രൂപ്പ് അടിസ്ഥാനത്തിലോ പരാതികളുണ്ടായാല്‍ പരിഹരിക്കാന്‍ പൊളിറ്റ് ബ്യൂറോ മാര്‍ഗരേഖകളുണ്ടെന്നും ആദ്യം പ്രസംഗിച്ച വിഎസ് പറഞ്ഞു.

പാര്‍ട്ടിയില്‍ ആശയരംഗത്ത് മുമ്പും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുസ്ലിം ലീഗുമായും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കരുണാകരനുമായും കൂട്ടുകെട്ടുണ്ടാക്കിയതു തെറ്റായെന്നു മനസ്സിലായപ്പോള്‍ തിരുത്തിയിട്ടുണ്ടെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ആശയപരമായ കാരണങ്ങളാല്‍ ചിലതു കൊള്ളുകയും കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നു പിണറായിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ തുടരണമെന്നും നിര്‍ദാക്ഷിണ്യം പ്രതികരിക്കണമെന്നും നിങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരിന്റെ നയം മാറ്റേണ്ടതുണ്ടെങ്കില്‍ മാറ്റാമെന്നും പറഞ്ഞാണു മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

വിഎസ് നിര്‍ത്തിയിടത്തു നിന്നു തുടങ്ങാമെന്ന മുഖവുരയോടെ പ്രസംഗമാരംഭിച്ച പിണറായി കേരളത്തിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ അച്യുതാനന്ദനെ കോപ്രായങ്ങള്‍ കാട്ടുന്ന ആളായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നു പറഞ്ഞു. ഒരു മനുഷ്യനെ അപമാനിക്കുന്നതിനു അതിരു വേണ്ടേ. സാരമായ പ്രശ്നങ്ങളില്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ല. ഭിന്നതകള്‍ സ്വാഭാവികമായി ഉണ്ടാവും. വിഎസ് ഡല്‍ഹിയിലേക്കു പോകുന്നുവെന്നു പറഞ്ഞ് ഒരു പത്രം എഴുതി. സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും എഴുതാമെന്നാണോ. പാര്‍ട്ടി കരുത്താര്‍ജിക്കുന്നതിന്റെ വിഷമമാണിവര്‍ക്ക്. കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ അല്‍പാല്‍പമുള്ള വിഭാഗീയത കോട്ടയം സംസ്ഥാന സമ്മേളനത്തോടെ അവസാനിപ്പിക്കുമെന്നും അതിന്റെ പേരില്‍ ആരും മനപ്പായസം ഉണ്ണേണ്ടെന്നും പറഞ്ഞായിരുന്നു പിണറായി പ്രസംഗം അവസാനിപ്പിച്ചത്.

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു അഭിപ്രായം ഇടൂ