പത്രവാര്‍ത്തകള്‍ 07-01-08

1. പി.എസ്.സിയുടെ ‘വിശ്വരൂപം’ ജില്ലാ ബാങ്ക് ക്ളാര്‍ക്ക് പരീക്ഷയിലും
തിരു : സിലബസില്‍ ഇല്ലാത്തതും അബദ്ധങ്ങള്‍ നിറഞ്ഞതുമായ ചോദ്യങ്ങളുമായി പി. എസ്.സി ഒരിക്കല്‍ക്കൂടി തനിരൂപം കാട്ടിയപ്പോള്‍ ജില്ലാ സഹകരണ ബാങ്കിലെ ക്ളാര്‍ക്ക്/കാഷ്യര്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളംകുടിച്ചു. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ ശരിയുത്തരം കാണാതെ തിരുവനന്തപുരം ജില്ലയില്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞു. കൊല്ലം ജില്ലയില്‍ ഇതേ പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസില്‍ 42 ചോദ്യങ്ങള്‍ ഒരു ഗൈഡില്‍ നിന്ന് ‘അടിച്ചുമാറ്റി’യാണ് പി. എസ്.സി മികവ് കാട്ടിയത്. സഹകരണ നിയമങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളും ചോദിക്കാന്‍ കഴിഞ്ഞു എന്നതും പി. എസ്.സിയുടെ ‘മികവി’ന് തെളിവായി.

തിരുവനന്തപുരത്ത് വിതരണം ചെയ്ത ആല്‍ഫാ കോഡ് ‘സി’യിലുള്ള ചോദ്യക്കടലാസിലാണ് തെറ്റുകള്‍ ഏറെ കടന്നുകൂടിയത്. ഇംഗ്ളണ്ടില്‍ റോച്ച്ഡെയില്‍ ഇക്വിറ്റബിള്‍ പയനിയേഴ്സ് സൊസൈറ്റി ആരംഭിച്ചവര്‍ഷം ഏതെന്ന 32-ാമത്തെ ചോദ്യത്തിന് ഉത്തരപട്ടികയില്‍ 1844 എന്ന ശരി ഉത്തരം ഇല്ല. കേരള കോ- ഓപ്പറേറ്റീവ് ആക്ട് പ്രകാരം ഒരു സംഘത്തിന് ലാഭത്തിന്റെ എത്രശതമാനത്തില്‍ കുറയാത്ത തുക റിസര്‍വ് ഫണ്ടിലേക്ക് മാറ്റാം എന്ന 75-ാമത്തെ ചോദ്യത്തിന് 15 ശതമാനം എന്ന ശരി ഉത്തരം തിരഞ്ഞെടുക്കാന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വെങ്കടപ്പയ്യ കമ്മിറ്റി രൂപീകരിച്ചത് 1966 ആണെന്ന ഉത്തരവും പട്ടികയില്‍ (ചോദ്യം 95) ഇല്ല. അയര്‍ലന്‍ഡിലെ ഭൂമി വാങ്ങല്‍ ആക്ട് ഏതുവര്‍ഷം പാസ്സായി എന്നത് (ചോദ്യം 33) പി. എസ്.സി അറിയിച്ചിട്ടുള്ള സിലബസില്‍പ്പെടാത്തതും സഹകരണ നിയമങ്ങളുമായി പുലബന്ധംപോലും ഇല്ലാത്തതുമാണ്. ഈ രീതിയിലുള്ള ചോദ്യങ്ങളാല്‍ സമ്പുഷ്ടമാണ് തിരുവനന്തപുരം ജില്ലയിലെ ചോദ്യങ്ങള്‍.

എച്ച്. ആര്‍. മുഖി എഴുതിയ കോ- ഓപ്പറേഷന്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ നിന്ന് അതേപടി പകര്‍ത്തിയതാണ് കൊല്ലം ജില്ലയില്‍ നടത്തിയ പരീക്ഷയിലെ ചോദ്യങ്ങളില്‍ നല്ലൊരു ഭാഗവും. ഡിസംബര്‍ 29നായിരുന്നു ജില്ലാതലത്തില്‍ ഒറ്റദിവസം കൊണ്ട് ഈ പരീക്ഷ നടത്തിയത്. പരീക്ഷയുടെ തലേദിവസംപോലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ലഭിച്ചിരുന്നില്ലെന്നും പരാതി ഉണ്ടായി. ഇവര്‍ പട്ടത്തെ പി.എസ്.സി ആ സ്ഥാന ഓഫീസില്‍ എത്തി താത്കാലിക അഡ്മിറ്റ് കാര്‍ഡ് വാങ്ങിയാണ് പരീക്ഷ എഴുതിയത്.

2. സുനാമി ദുരിതാശ്വാസത്തിനുള്ള 12 കോടി നഷ്ടമാവുന്നു
തിരുവനന്തപുരം: നടത്തിപ്പിലെ വീഴ്ച കാരണം സുനാമി അടിയന്തര ദുരിതാശ്വാസ പദ്ധതിയില്‍പ്പെട്ട 12 കോടിയോളം രൂപ കേരളത്തിന് നഷ്ടമാവുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധികള്‍ ലഭ്യമാക്കാനും മറ്റുമായി അനുവദിച്ച ധനസഹായമാണ് ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ മൂലം കളഞ്ഞുകുളിക്കുന്നത്. മൂന്നുവര്‍ഷ പദ്ധതിയുടെ കാലാവധി അടുത്ത സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെ ആകെയുള്ള 40.8 കോടിയില്‍ ഇതുവരെ 16 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 2005 ജൂണ്‍ മാസം പദ്ധതി നിലവില്‍ വന്നു. പദ്ധതി മേല്‍നോട്ടം വഹിക്കുന്ന ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് അവശേഷിക്കുന്ന എട്ടു മാസം കൊണ്ട് പരമാവധി 70 ശതമാനം തുകയേ ചെലവഴിക്കാനാകൂ. അതായത്, 40.8 കോടിയില്‍ 28.6 കോടി രൂപ.

ദുരന്ത നിവാരണ വകുപ്പും പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഫിഷറീസ് വകുപ്പും തമ്മിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും പ്രശ്നമായിട്ടുണ്ട്. എ.ഡി.ബി സഹായ പദ്ധതിയില്‍പ്പെടുത്തി കേരളത്തിന് വായ്പയായും ഗ്രാന്റായും ആകെ 240 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ ഗ്രാന്റിനത്തില്‍ ലഭിച്ച തുകയില്‍ 40.8 കോടിയാണ് ഫിഷറീസ്വകുപ്പ് വഴി ചെലവാക്കേണ്ടത്. 2005 ജൂണ്‍ മുതല്‍ മൂന്നു വര്‍ഷക്കാലത്തേക്കാണ് പദ്ധതി. ഇതുപ്രകാരം വരുന്ന മേയില്‍ പദ്ധതി പൂര്‍ത്തിയാകേണ്ടതായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് സെപ്റ്റംബര്‍ വരെ കാലാവധി നീട്ടി നല്‍കി.

240 കോടി രൂപയില്‍ 138.24 കോടി വായ്പയും 101.4 കോടി ഗ്രാന്റുമാണ്. ഗതാഗതം ( പാലം, റോഡ്, തുറമുഖം തുടങ്ങിയവ)- 101.8 കോടി, ജലവിതരണം, ശുചീകരണം, അടിസ്ഥാനസൌകര്യവികസനം- 55.4 കോടി, കപ്പാസിറ്റി ബില്‍ഡിംഗ്- 44.7കോടി, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജീവനോപാധികള്‍ ലഭ്യമാക്കല്‍- 40.8 കോടി എന്നിങ്ങനെയാണ് പദ്ധതിപ്രകാരം നീക്കിവച്ചത്. ഇതില്‍ ജലവിതരണം, ശുചീകരണം, അടിസ്ഥാനസൌകര്യവികസനം, മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധികള്‍ എത്തിക്കല്‍ എന്നിവയ്ക്കുള്ള തുക ഗ്രാന്റാണ്. ബാക്കി വായ്പയും.

മത്സ്യത്തൊഴിലാളികള്‍ക്കു ജീവനോപാധികള്‍ ലഭ്യമാക്കേണ്ട ചുമതല ഫിഷറീസ്വകുപ്പിനാണെങ്കിലും അവര്‍ അത് മത്സ്യഫെഡ്, ഫിര്‍മ, സാഫ്, അഡാക് തുടങ്ങിയ ഏജന്‍സികളെ ഏല്‍പ്പിച്ചു. ഇതും വീഴ്ചയ്ക്കു കാരണമായതായി ആക്ഷേപമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളം,വല, എന്‍ജിനുകള്‍ തുടങ്ങിയവ എത്തിക്കേണ്ട ചുമതല മത്സ്യഫെഡിനാണ്. മത്സ്യഫെഡിലാകട്ടെ, തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തിലുണ്ടായത്. അര്‍ഹരല്ലാത്ത പലരും ആനുകൂല്യം കൈപ്പറ്റുന്നതായും പരാതിയുണ്ട്.

3. മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
തിരു: പള്‍സ് പോളിയോ ദിനത്തിന്റെ തലേന്ന് ലോഡ് ഷെഡിംഗ് ഒഴിവാക്കാതിരുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം പ്രൊഫ. എസ്. വര്‍ഗീസ് സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍, വൈദ്യുതി ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ ഈ മാസം 16ന് കൊല്ലത്ത് നടക്കുന്ന സിറ്റിംഗില്‍ വിശദീകരണവുമായി ഹാജരാകണം.

4. ആനക്കൊമ്പ് പൊടി വിദേശത്തേക്ക് കടത്തുന്നു
പാലക്കാട്: ആനക്കൊമ്പിന്റെ പൊടിക്ക് വിദേശത്ത് പ്രിയം ഏറുന്നു. ഒരു കിലോഗ്രാം കൊമ്പിന്റെ പൊടിക്ക് 25,000 രൂപ വരെ ലഭിക്കുന്നുണ്ട്. അനധികൃതമായതിനാല്‍ വളരെ രഹസ്യമായാണ് ആനക്കൊമ്പ് പൊടി വിദേശത്തേക്ക് കൊണ്ടുപോകുന്നത്. ചൈനയിലാണ് ഇതിന് ഡിമാന്റ് കൂടുതല്‍. പൊടിയില്‍ പ്രത്യേകതരം രാസവസ്തു കലര്‍ത്തി വീണ്ടും കൊമ്പ് സൃഷ്ടിക്കുന്നു. ഇത് വന്‍ വിലയ്ക്ക് മറിച്ച് വില്‍ക്കുകയും ചെയ്യുന്നു.
വൈല്‍ഡ് ലൈഫ് സ്റ്റോക്ക് റൂള്‍സ് പ്രകാരം ലൈസന്‍സ് ഉള്ള ആനകളുടെ കൊമ്പ് ഉടമയ്ക്ക് സൂക്ഷിക്കാം. മറ്റുള്ളവ വനംവകുപ്പ് ഏറ്റെടുക്കും. ആനയുടമകള്‍ കൊമ്പ് കൌതുക വസ്തുക്കള്‍ നിര്‍മ്മിക്കാനായി വില്‍ക്കാറുണ്ട്. കൌതുകവസ്തു നിര്‍മ്മിക്കുമ്പോള്‍ രാകി കളയുന്ന ആനക്കൊമ്പിന്റെ ഭാഗമാണ് പൊടിയാക്കി വിദേശത്തേക്ക് കടത്തുന്നത്.

പലപ്പോഴും മരുന്നെന്ന വ്യാജേനയാണ് ആനക്കൊമ്പ് പൊടി കൊണ്ടുപോകുന്നത്. ഇതു സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാല്‍ വനംവകുപ്പ് അന്വേഷിക്കാറില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് 17 ആനകള്‍ ചെരിഞ്ഞിട്ടുണ്ട്. ഇവയില്‍ ഏതെല്ലാം ആനകള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് വനംവകുപ്പ് പരിശോധിച്ചിട്ടില്ല. ആനകളുടെ ജഡം സംസ്കരിക്കാനും വനംവകുപ്പിന്റെ അനുമതി വേണം. എന്നാല്‍ പലപ്പോഴും അനുമതി വാങ്ങാതെ ഇവയെ ദഹിപ്പിക്കും. അടുത്തിടെ ചെരിഞ്ഞ ഒരു ആനയുടെ കൊമ്പ് തൊടുപുഴ വനം ഫ്ളൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. 364 ദിവസം കൂടുമ്പോള്‍ ആനകളുടെ ലൈസന്‍സ് പുതുക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല.
ചെരിഞ്ഞ ആനകളില്‍ കരുനാഗപ്പള്ളി ക്ഷേത്രത്തിലെ ആനയുടെ കൊമ്പിന്റെ വിവരങ്ങള്‍ മാത്രമേ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളൂ എന്നാണറിയുന്നത്. അമ്പത് വയസിന് മുകളിലുള്ള ആനയുടെ ഒരു കൊമ്പിന് 25 കിലോയിലധികം ഭാരമുണ്ടാകും. ആനക്കൊമ്പ് കേടുകൂടാതെ എടുത്തു കൊടുക്കുന്നതിനും പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂഞ്ഞാര്‍, ഈരാറ്റുപേട്ട, കോട്ടയം, തലയോലപ്പറമ്പ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 25,000 രൂപയാണ് ഒരു ആനയുടെ കൊമ്പ് എടുത്ത് നല്‍കുന്നതിനുള്ള ഫീസ്. ഇവരുമായി ബന്ധമുള്ള മറ്റു ചിലര്‍ ആനകളെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി വിറ്റ് ലാഭം കൊയ്യുന്നുണ്ട്.

5. അനങ്ങാത്ത കോച്ചുകളില്‍ താളം തെറ്റുന്ന ട്രെയിന്‍ ഗതാഗതം
തിരുവനന്തപുരം: ഓടി പഴകിയ കോച്ചുകള്‍ കേരളത്തിന്റെ ട്രെയിന്‍ യാത്ര മുടക്കുന്നു. കോച്ചുകള്‍ പലതും അനങ്ങാതായതോടെ മണിക്കൂറുകളോളമാണ് ട്രെയിനുകള്‍ വൈകുന്നത്. കഴിഞ്ഞദിവസം രാവിലെ 11.15ന് പുറപ്പെടേണ്ടിയിരുന്ന കേരള എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ഇതിനെച്ചൊല്ലി കോച്ച് വിഭാഗം ഓഫീസറും ട്രാഫിക് വിഭാഗം ജീവനക്കാരും തമ്മില്‍ വാക്കേറ്റമായി. കോച്ച് വിഭാഗം ഓഫീസറുടെ അനാസ്ഥ കാരണമാണ് ട്രെയിനുകള്‍ വൈകുന്നതെന്ന് ട്രാഫിക് വിഭാഗം ആരോപിക്കുന്നു.
ഓടിത്തളര്‍ന്നവയാണ് ഇവിടെ ഓടുന്ന ട്രെയിനുകളിലെ കോച്ചുകളില്‍ ഏറെയും. ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് കോച്ച് അനങ്ങുന്നില്ലെന്ന് അറിയുന്നത്. പിന്നെ ഇത് നന്നാക്കാനുള്ള തിരക്കായി. നന്നാക്കിയിട്ടും നന്നാക്കിയിട്ടും ശരിയാവാതെ വരുമ്പോള്‍ അടുത്ത ട്രെയിന്‍ ഓട്ടം കഴിഞ്ഞ് എത്തുന്നതുവരെ കാത്തിരിക്കുന്നു. ആ ട്രെയിനില്‍ നിന്ന് കോച്ച് ഇളക്കി ഘടിപ്പിച്ചാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഇത് നിത്യസംഭവമായിട്ടുണ്ട്. രാത്രി 8.45ന് പുറപ്പെടേണ്ട മംഗലാപുരം എക്സ്പ്രസ് കഴിഞ്ഞയാഴ്ച രാത്രി 11.30നാണ് പുറപ്പെട്ടത്.

ഓരോ ട്രെയിനും യാത്ര കഴിഞ്ഞെത്തുമ്പോള്‍ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നാണ് നിബന്ധന. എന്നാല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അങ്ങനെയൊരു പരിശോധന പലപ്പോഴുമില്ല. പുറപ്പെടാനായി ട്രാക്കില്‍ പിടിക്കുമ്പോഴായിരിക്കും കോച്ചുകളുടെ കുഴപ്പം കണ്ടെത്തുക.
ഒരു വര്‍ഷം 400 കോച്ചുകള്‍ നന്നാക്കാനായി ചെന്നൈയിലേക്ക് അയയ്ക്കാറുണ്ട്. ഇങ്ങനെ അയയ്ക്കുന്ന കോച്ചുകളില്‍ പലതും തിരിച്ചെത്താറില്ല. പകരം അവിടെ ഓടി കണ്ടം ചെയ്ത കോച്ചുകള്‍ ഇങ്ങോട്ട് അയയ്ക്കുന്നു. അതുവച്ച് സര്‍വീസ് നടത്തിയതോടെയാണ് കേരളത്തിന്റെ ട്രെയിന്‍ ഗതാഗതം താറുമാറായത്.

6. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള അസംഘടിത തൊഴിലാളികള്‍ക്ക് സൌജന്യ ആരോഗ്യരക്ഷാ പദ്ധതി
കൊച്ചി: അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള ദേശീയ സൌജന്യ ആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രില്‍ ഒന്നിന് നടപ്പാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ കൌണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചംഗ കുടുംബത്തിന് പ്രീമിയം കൂടാതെ 30,000 രൂപയുടെ ഇന്‍ഷ്വറന്‍സ് സുരക്ഷ നല്‍കുന്നതാണ് പദ്ധതി.

ദേശീയ തലത്തില്‍ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്. നിര്‍മ്മാണത്തൊഴിലാളികളെയും ബോണസ് ആക്ടിന്‍െറ പരിധിയില്‍ കൊണ്ടു വന്നത് ഇതിനുദാഹരണമാണ്. ഒരു മാസം ജോലി ചെയ്ത തൊഴിലാളിയും ബോണസിന് അര്‍ഹനാണ്. എട്ട് സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞു.

അംഗഭംഗം സംഭവിക്കുകയോ പരാശ്രയം വേണ്ട തരത്തില്‍ വികലാംഗരാവുകയോ ചെയ്യുന്ന ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി ‘ആം ആദ്മി ബീമാ യോജന’യെന്ന പേരില്‍ പ്രത്യ്രേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അപകടമരണം സംഭവിക്കുന്നവര്‍ക്ക് പദ്ധതിതുകയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കും. ഈ വിഭാഗത്തിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. 200 രൂപ കേന്ദ്ര വിഹിതമായി നല്‍കുന്ന സുരക്ഷാ ഫണ്ടിലേക്ക് സംസ്ഥാനസര്‍ക്കാരുകള്‍ തുല്യ തുക നിക്ഷേപിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്. കേന്ദ്രവിഹിതത്തെക്കാള്‍ കൂടുതല്‍ തുക നല്‍കുന്നതിന് ചില സംസ്ഥാനങ്ങള്‍ സന്നദ്ധരാണ്.
ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ എ.സി ജോസ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി പ്രത്യേക ദേശീയ ക്ഷേമനിധി വേണമെന്ന് ആവശ്യപ്പെട്ടു.

7. സേവി മനോമാത്യു അടക്കമുള്ള സംഘം
തിരുവനന്തപുരം : വലിയമലയില്‍ ഐ. എസ്. ആര്‍. ഒയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ച് കുപ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെരുവിലിറക്കിയതില്‍ സേവി മനോമാത്യു അടക്കമുള്ളവരുടെ സംഘത്തിന് പങ്കുള്ളതായി ഗവണ്‍മെന്റ് സംശയിക്കുന്നു. വലിയമലയില്‍ ഏത് ഭൂമി ഏറ്റെടുക്കണമെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചിട്ടില്ലെങ്കിലും എല്‍.പി. എസ്.സിയുടെ മതിലിനോടു ചേര്‍ന്ന് മണ്ണറക്കോണം, മുടിപ്പുര, മകുടഗിരി, കരിങ്ങകോളനി തുടങ്ങിയ പ്രദേശങ്ങളാണ് ഏറ്റെടുക്കുന്നതെന്ന് ചിലര്‍ പ്രചരണം അഴിച്ചുവിടുകയായിരുന്നു. ജനവാസമുള്ള ഈ പ്രദേശങ്ങളൊന്നും ഏറ്റെടുക്കാന്‍ ആലോചിച്ചിട്ടുപോലുമില്ലെന്ന് റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍ ‘കേരളകൌമുദി’യോട് പറഞ്ഞു.

ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ള പ്രദേശങ്ങളാണ് റവന്യു ഉദ്യോഗസ്ഥര്‍ നോക്കുന്നത്. വലിയമലയ്ക്ക് സമീപം രണ്ടുമൂന്ന് വ്യക്തികളുടെ കൈവശമായുള്ള 40 ഏക്കറോളം റബര്‍ എസ്റ്റേറ്റ് നോക്കിയിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന് ജനവാസമില്ലാത്ത കുറെ ഭൂമിയുമുണ്ട്. റബര്‍ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന ഭൂമി സര്‍ക്കാരിന് വിട്ടുനല്‍കാന്‍ ഉടമസ്ഥര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, ബഹിരാകാശ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ട കെട്ടിടങ്ങള്‍ പണിയാനുള്ള സൌകര്യമുണ്ടോയെന്ന് പരിശോധിച്ചശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എല്‍.പി. എസ്.സി കേന്ദ്രത്തില്‍നിന്ന് അല്പം മാറി ജനവാസമില്ലാത്ത സ്ഥലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എല്‍.പി. എസ്.സി കേന്ദ്രത്തില്‍നിന്ന് ഒന്നോരണ്ടോ കിലോമീറ്റര്‍ ദൂരത്തായാലും കുഴപ്പമില്ലെന്ന് ഐ. എസ്. ആര്‍. ഒ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങളെ ഇളക്കിവിട്ട് വലിയമലയില്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തടയിട്ടാല്‍ ഗത്യന്തരമില്ലാതെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് തന്നെ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് ചിലര്‍ കണക്കുകൂട്ടുന്നുണ്ടെന്ന് റവന്യുവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ഭൂമി ഏറ്റെടുക്കാനെന്ന് പറഞ്ഞ് കോളനികളില്‍ റവന്യു ഉദ്യോഗസ്ഥര്‍ ചെന്നത് സംശയത്തിന് ഇട നല്‍കുന്നുവെന്ന് റവന്യുമന്ത്രി പറഞ്ഞു. റവന്യു ഉദ്യോഗസ്ഥന്‍മാരെന്ന വ്യാജേന മറ്റാരെങ്കിലുമായിരിക്കും ചെന്നതെന്ന് സംശയിക്കുന്നു. കാരണം, ജനവാസകേന്ദ്രങ്ങളില്‍ ഭൂമി നോക്കേണ്ടതില്ലെന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജനങ്ങളെ ഇളക്കിവിട്ടതിനു പിന്നില്‍ മറ്റുചില ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നു. എല്‍.പി. എസ്.സി കേന്ദ്രത്തിനു സമീപം ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനും മറ്റുചില പ്രമുഖ വ്യക്തികള്‍ക്കും റബര്‍ എസ്റ്റേറ്റുകളുണ്ട്. ഈ എസ്റ്റേറ്റ് ഏറ്റെടുക്കുമോയെന്ന ആശങ്ക ഉടമസ്ഥര്‍ക്കുണ്ട്.

8. ഐ.എസ്.ആര്‍.ഒയ്ക്ക് സ്ഥലമെടുപ്പ്: ഒഴിപ്പിക്കല്‍ പരമാവധി കുറച്ച്
നെടുമങ്ങാട്: ഐ.എസ്.ആര്‍.ഒയ്ക്കുവേണ്ടി ഒഴിപ്പിക്കല്‍ കൂടാതെ സ്ഥലമെടുത്തു നല്‍കാന്‍ പറ്റുമോ എന്ന അന്വേഷണം മാത്രമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഇതേ വരെ വലിയമലയില്‍ നടത്തിയിട്ടുള്ളത്. വലിയമല എല്‍.പി.എസ്.സി കേന്ദ്രം സ്ഥിതി ചെയ്യുന്ന കരിപ്പൂര് വില്ലേജിലും പരിസരത്തെ ഉഴമലയ്ക്കല്‍, തൊളിക്കോട് വില്ലേജുകളിലുമാണ് അനുയോജ്യമായ ഭൂമിക്കു വേണ്ടി പരിശോധന നടത്തിവരുന്നത്. ഉഴമലയ്ക്കലില്‍ 87 ഏക്കറും തൊളിക്കോട് 1000 ഏക്കറിലധികവും അനുയോജ്യമെന്നു കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഇതു പുറമ്പോക്കോ, വനഭൂമിയോ ആണെന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് അതത് വില്ലേജാഫിസര്‍മാര്‍ തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എന്നാല്‍, കരിപ്പൂര് വില്ലേജില്‍ പരിശോധന നടക്കുന്നതേയുള്ളു. എട്ട് ഏക്കറോളം ഭൂമിയെ ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്നു പറയാവുന്നതായുള്ളൂവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. പത്തും അഞ്ചും സെന്റുകളായി പലേടങ്ങളിലായാണ് ഈ ഭൂമിയുടെ കിടപ്പ്. ഈ സാഹചര്യത്തില്‍ വിലയ്ക്ക് എടുക്കാന്‍ പറ്റിയ ഭൂമിയുണ്ടോ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നോക്കുന്നത്. വലിയമല എല്‍.പി.എസ്.സി മതില്‍ക്കെട്ടിനു സമീപത്തെ രണ്ടു സ്വകാര്യ റബര്‍ എസ്റ്റേറ്റുകള്‍ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത് 40 ഏക്കര്‍ വരും. ശേഷിക്കുന്ന 30 ഏക്കര്‍ ഭൂമി പരിസരത്തു നിന്നും കണ്ടെത്താനാവുമോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ. ജനവാസ മേഖലയാണിവിടം. 60 നും 30 നും ഇടയ്ക്ക് കുടുംബങ്ങളെ ഒഴിപ്പിക്കാനായാല്‍ ഐ.എസ്.ആര്‍.ഒ ആവശ്യപ്പെട്ട സ്ഥലം ലഭ്യമാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. അഞ്ചും പത്തും സെന്റില്‍ വീടുവച്ചു താമസിക്കുന്നവരാണ് ഇവരില്‍പ്പലരും. ഐ.എസ്.ആര്‍.ഒ യുടെ പുതിയ സ്ഥാപനം വരുന്നതിനെ എതിര്‍ക്കില്ലെന്ന് അവര്‍ പറയുന്നുമുണ്ട്.

1. വിമര്‍ശനത്തില്‍ നിഴലിക്കുന്നത് മതത്തോടുള്ള അസഹിഷ്ണുത: ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍
ചങ്ങനാശേരി: ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കു ക്രൈസ്തവ വിദ്യാഭ്യാസം കൊടുക്കണമെന്നു പറയുന്നതിനെതിരേ വിമര്‍ശിച്ച സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി ഇന്ത്യയുടെ മതേതര ജനാധിപത്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള അജ്ഞതയും മതത്തോടുള്ള അസിഹിഷ്ണതയുമാണ് പ്രകടിപ്പിക്കുന്നതെന്ന് ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ വക്താവ് പ്രസ്താവിച്ചു. ഭരണഘടനയ്ക്കു രൂപം നല്കിയിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും അതിന്റെ അടിസ്ഥാന ആശയങ്ങള്‍പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാഷ്ട്രീയക്കാരുണ്െടന്നതു ഖേദകരമാണ്.

മതത്തെ വര്‍ഗീയതയായും, വിഭാഗീയതയായും ചിത്രീകരിച്ച് കേരളത്തില്‍ മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മതേതരത്വമെന്നാല്‍ മതനിഷേധമാണെന്ന ഭരണഘടനാവിരുദ്ധമായ നിലപാടും ഉയര്‍ത്തിപ്പിടിച്ചാണ് സൈദ്ധാന്തിക തിമിരം ബാധിച്ചവരുടെ പ്രചാരണം.
രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണനും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനും ക്രൈസ്തവ വിദ്യാലയങ്ങളിലാണു പഠിച്ചത്. ശ്രേഷ്ഠരായ ഹൈന്ദവ സന്യാസിമാരില്‍ പലരും ക്രൈസ്തവ വിദ്യാലയങ്ങളിലാണു പഠിച്ചിറങ്ങിയത്. സ്വന്തം മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും മറ്റു വിശ്വാസങ്ങളോടു ആദരവു പുലര്‍ത്താന്‍ സഹായിക്കുകയുംചെയ്യുന്ന ക്രൈസ്തവ വിദ്യാലയങ്ങളാണ് കേരളത്തില്‍ മതസൌഹാര്‍ദത്തിനു സുപ്രധാന പങ്കു വഹിച്ചിട്ടുള്ളത്.

2. ഗാര്‍ഹിക പീഡനം; ഏറ്റവുമധികം കേസുകള്‍ തിരുവനന്തപുരത്ത് , കോട്ടയത്ത് കേസില്ല
കൊച്ചി: ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയില്‍. 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം 158 കേസുകളാണ് ജില്ലയില്‍ സമര്‍പ്പിച്ചത്. കൊല്ലത്ത് 115 കേസുകള്‍ സമര്‍പ്പിച്ചു.

പത്തനംതിട്ട 73, ആലപ്പുഴ 40, ഇടുക്കി 9, എറണാകുളം 9, തൃശൂര്‍ 73, പാലക്കാട് 24, മലപ്പുറം-16, കോഴിക്കോട്-37, വയനാട് -6, കണ്ണൂര്‍-28, കാസര്‍ഗോഡ് -28 എന്നിങ്ങനെയാണ് സാമൂഹിക ക്ഷേമവകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കോട്ടയം ജില്ലയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. സാമൂഹിക ക്ഷേമവകുപ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിലാണ് ഇത് വ്യക്തമാക്കുന്നത്. ഹ്യുമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനുവാണ് അപേക്ഷ നല്കിയത്. സ്ത്രീധന നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തുലോം കുറവാണ്.

ആറു ജില്ലകളില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ ശിക്ഷിക്കപ്പെട്ടത് രണ്ടു കേസുകള്‍ മാത്രം.പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 2007 വരെ സ്ത്രീധന നിരോധന നിയമപ്രകാരം 36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ടു കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു.12 കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി.

3. പാറമട സ്ഫോടനം ‘ഭൂചലനമായി’; റാന്നിയില്‍ ജനം പരക്കം പാഞ്ഞു
റാന്നി: റാന്നി ജണ്ടായിക്കലില്‍ പാറമടയ്ക്കു സമീപത്തെ സ്ഫോടനം നാട്ടില്‍ ഭീതി പരത്തി. ഭൂചലനമാണെന്നു കരുതി പലരും വീടിനു പുറത്തേയ്ക്കു പാഞ്ഞു. സ്ഫോടനത്തെ തുടര്‍ന്നു കല്ലും മണ്ണുമൊക്കെ തെറിച്ചു വീണതാണ് സംശയത്തിനു ഇട നല്കിയത്.

സമീപത്തെ വീടുകള്‍ക്ക് ചെറിയ തോതില്‍ നാശനഷ്ടങ്ങളുമുണ്ടായി. ഇതോടെ ഭൂചലനമുണ്ടായെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ചില ചാനലുകള്‍ പത്തനംതിട്ടയില്‍ ഭൂചലനമെന്നു ഫ്ളാഷ് വാര്‍ത്തയും നല്കി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ക്രഷര്‍ യൂണിറ്റിനടുത്ത സ്ഥലത്തെ പുല്ലിനു തീപിടിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നു പറയുന്നു. ഇതേ തുടര്‍ന്ന് കല്ലും മണ്ണും കൂടുതല്‍ സ്ഥലങ്ങളിലേക്കു തെറിച്ചു വീണു. മൂന്നുകിലോമീറ്ററോളം സ്ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനമുണ്ടായതായും, ഭൂമി കുലുങ്ങുന്ന പ്രതീതി തൊട്ടടുത്ത സ്ഥലങ്ങളില്‍ അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. മണിക്കൂറുകളോളം ആളുകള്‍ അധികവും വീടിനു പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. പോലീസും, റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. പാറമടയില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ പുല്ലുകള്‍ക്കിടയില്‍ കിടന്ന് പൊട്ടിത്തെറിച്ചതാണ് സംഭവമെന്നും സംശയിക്കുന്നു.

4. മലയാളത്തിന്റെ മരുമകളായി സ്കോട്ട്്ലന്‍ഡ്കാരി
കൊച്ചി: സ്കോട്ട്ലന്‍ഡില്‍ മൊട്ടിട്ട പ്രണയത്തിനു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാഫല്യം. കോട്ടയം പാത്താമുട്ടം മാളികയില്‍ ഡോ. എം.എസ്.അലക്സാണ്ടര്‍- കുമാരി ദമ്പതികളുടെ മകനായ ഡോ.സ്കറിയ അലക്സാണ്ടറാണ് സ്കോട്ട്ലന്‍ഡുകാരി ഡോ. കരോളിന്‍ ബ്ളെയ്ക്കിനെ മിന്നുചാര്‍ത്തി ജീവിത സഖിയാക്കിയത്.

കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ഡോ.കരോളിന്റെ വിവാഹവും തികച്ചും കേരളീയ ശൈലിയില്‍ത്തന്നെയായിരുന്നു.

നാദസ്വരത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ആനയുടേയും അകമ്പടിയോടെ കസവു സാരി ധരിച്ചു മുല്ലപ്പൂ ചൂടിയെത്തിയ ഡോ. കരോളിന്റെ മുഖത്ത് ആദ്യം കൌതുകമായിരുന്നു. സ്കോട്ട്ലന്‍ഡിലെ ഗ്ളാസ്ഗോ സ്വദേശിയായ സ്റ്റീഫന്‍ ബ്ളെയ്ക്ക്- ക്രിസ്റ്റീന്‍ ദമ്പതികളുടെ മകളാണു കരോളിന്‍.

കോട്ടയം സ്വദേശിയായ ഡോ. അലക്സാണ്ടര്‍ 35 വര്‍ഷമായി ഇംഗ്ളണ്ടിലാണ് താമസം. ഇംഗ്ളണ്ടിലെ സെന്റ് ജയിംസ് യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി വിഭാഗം മേധാവിയായിരുന്നു അദ്ദേഹം.

ഇദ്ദേഹത്തിന്റെ മൂന്നാമത്തെ മകനാണ് ഡോ.സ്കറിയ. ലണ്ടനിലെ ചാറിംഗ് ക്രോസ് ഹോസ്പിറ്റലിലെ പ്ളാസ്റ്റിക് സര്‍ജനാണ് സ്കറിയ. കരോളിന്‍ അവിടെ തന്നെ അസ്ഥിരോഗ വിഭാഗത്തില്‍ ഡോക്ടറാണ്.

സ്കോട്ട്ലന്‍ഡ് മെഡിക്കല്‍ കോളജിലെ വൈദ്യശാസ്ത്ര പഠനത്തിനിടയ്ക്കാണ് ഇരുവരും പരിചയപ്പെടുന്നത്.

സൌഹൃദം പ്രണയത്തിന് വഴിമാറി. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയതോടെ അറബിക്കടലിന്റെ റാണി വിവാഹ വേദിയായി.

ഇന്നലെ വൈകുന്നേരം നാലിന് എറണാകുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് മിന്നുകെട്ട് നടന്നത്. ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ സ്കറിയയുടെ വിവാഹത്തിന് ഇംഗ്ളണ്ടില്‍ നിന്നുള്ള ഫാ. ഏബ്രഹാം തോമസാണ് കാര്‍മികത്വം വഹിച്ചത്.

സ്കറിയയുടെ മൂത്ത സഹോദരി ഡോ. സൂസന്‍ അലക്സാണ്ടര്‍ വിവാഹം കഴിച്ചിരിക്കുന്നത് ഇംഗ്ളണ്ടുകാരനായ ഡോ. ആന്‍ഡ്രു വാലസിനെയാണ്. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ തോള്‍ ശസ്ത്രക്രിയ നടത്തിയ ആളാണ് ഡോ.ആന്‍ഡ്രൂസ്. മറ്റൊരു സഹോദരി ഡോ. മറിയം അലക്സാണ്ടര്‍ സിഡ്നി ആശുപത്രിയില്‍ ഡോക്ടറാണ്.

ഒരു വര്‍ഷം മുമ്പ് കേരളം സന്ദര്‍ശിച്ച കരോളിന്‍ പറയുന്നത് കേരളത്തിന്റെ വസ്ത്രധാരണ രീതിയും ഭക്ഷണവുമെല്ലാം തനിക്ക് ഏറെ ഇഷ്ടമാണെന്നാണ്. തന്റെ നിര്‍ബന്ധപ്രകാരമാണ് വിവാഹത്തിന് കേരളീയ വേഷം തെരഞ്ഞെടുത്തതെന്നും ഇവര്‍ പറയുന്നു.

വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ സ്കോട്ട്ലന്‍ഡില്‍ നിന്നും കരോളിന്റെ മാതാപിതാക്കളും സഹോദരി ബാര്‍ബറ, സഹോദരന്‍ മാല്‍ക്കം എന്നിവരും ഇംഗ്ളണ്ട്, കാനഡ, ഓസ്ട്രേലിയ ,സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നു സുഹൃത്തുക്കളായ 50 -ല്‍ അധികം ഡോക്ടര്‍മാരും എത്തിയിരുന്നു. വധൂ-വരന്മാര്‍ ഒരാഴ്ച കഴിഞ്ഞ് ഇംഗ്ളണ്ടിലേക്കു മടങ്ങും.

1. പാഠ്യപദ്ധതി: വിവാദ നിര്‍ദേശം നടപ്പാക്കില്ല
തിരുവനന്തപുരം: കെ.ഇ.ആര്‍^പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് മുസ്ലിം സമുദായത്തിന് ഹാനികരമായ ഒരു നിര്‍ദേശവും നടപ്പാക്കില്ലെന്ന് മന്ത്രി എം.എ. ബേബി വ്യക്തമാക്കി.

ഗസ്റ്റ് ഹൌസില്‍ വിവിധ മുസ്ലിം സംഘടനാ നേതാക്കളുമായി നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വിവാദനിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെന്ന് നേതാക്കളുടെ സാന്നിധ്യത്തില്‍ മന്ത്രി ഉറപ്പുനല്‍കിയത്. മന്ത്രിയുടെ ഉറപ്പ് മുഖവിലക്കെടുത്ത് പ്രക്ഷോഭപരിപാടികള്‍ നിര്‍ത്തിവെക്കുന്നതായി മദ്രസാ കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

ആശങ്ക സൃഷ്ടിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെന്ന് ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മന്ത്രി പറഞ്ഞുവെങ്കിലും വ്യക്തമായ ഉറപ്പ് നല്‍കണമെന്ന നിലപാടാണ് സംഘടനകള്‍ ഒന്നടങ്കം സ്വീകരിച്ചത്. മദ്രസാ പഠനത്തിന് ഹാനികരമായ രീതിയില്‍ സ്കൂള്‍ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തില്ലെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്കൂള്‍ സമയത്തില്‍ മാറ്റം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

പാഠ്യപദ്ധതി പരിഷ്കരണ നിര്‍ദേശ കരടില്‍ സമയമാറ്റം മദ്രസകളെ ദോഷകരമായി ബാധിക്കുമെന്ന് മുസ്ലിം സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. ദേശീയ കരിക്കുലത്തില്‍ സ്കൂള്‍ സമയമാറ്റത്തില്‍ പഞ്ചായത്തുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാറ്റവും സമയത്തിന്റെ കാര്യത്തില്‍ വരുത്തില്ല. സ്കൂളുകളില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തില്ല. ആണ്‍^പെണ്‍ വ്യത്യാസം ഒഴിവാക്കാന്‍ ഹാജര്‍ ബുക്കില്‍ പേര് എഴുതാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ചില സ്കൂളുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയതായി ആക്ഷേപം വന്നു. സര്‍ക്കാര്‍ ഇത് അന്വേഷിക്കും. ഇടകലര്‍ത്തി ഇരുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ല. ഇത് ലിംഗപരമായ വിവേചനമല്ല.

നിലവില്‍ നാലാം ക്ലാസ് വരെ ഒരുമിച്ചും അഞ്ച് മുതല്‍ പ്രത്യേകവുമാണ് കുട്ടികള്‍ ഇരിക്കുന്നത്. പി.ജി ക്ലാസുകളില്‍പോലും ഇതാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് തെറ്റായി ചില അധ്യാപകര്‍ നടപ്പാക്കിയതാണ് അന്വേഷിക്കുക.

ഭാഷാപഠനത്തിന് ഇന്ന് ലഭ്യമായ സമയത്തില്‍ കുറവ് വരുത്തില്ല. സമയത്തെപ്പറ്റി പുനരാലോചന നടത്തുന്നുണ്ടെങ്കില്‍ അത് വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരിക്കും. വിദ്യാഭ്യാസരംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുതുതായി ഒരധികാരവും നല്‍കിയിട്ടില്ല. ഇനി പുതുതായൊന്നും കൈമാറില്ല. അക്കാദമിക കാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒരധികാരവും കൈമാറാന്‍ ഉദ്ദേശിക്കുന്നില്ല.

സമീപനരേഖയില്‍ മതനിരാസപരമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നും വിമര്‍ശം വന്നു. മത^ജാതി സ്പര്‍ധക്കെതിരായ വികാരം വര്‍ധിപ്പിക്കുകയല്ലാതെ മത^ജാതിവിരുദ്ധവും യുക്തിവാദപരവുമായ ഒന്നും ഇതിലുള്‍പ്പെടുത്തില്ല. ശാസ്ത്രബോധം വളര്‍ത്താന്‍ വേണ്ടി ചിലത് ചെയ്യേണ്ടിവരും. അല്ലാതെ മതവിരുദ്ധത പഠിപ്പിക്കില്ല. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തില്‍ സമീപനരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയെന്ന വിമര്‍ശം യോഗത്തില്‍ വന്നു. എം.എല്‍.എമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട് പല പദ്ധതികളും നടപ്പാക്കാനാകും. അതുപോലെ ഒന്ന് മാത്രമാണ് കുണ്ടറ മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ലോക്കുകളിലും നടപ്പാക്കുന്നത്. കെ.ഇ.ആര്‍^പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചവയല്ല ഇതെന്നും മന്ത്രി പറഞ്ഞു.

ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശം പൂര്‍ണമായും സംരക്ഷിക്കും. സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആ അവകാശം സംരക്ഷിച്ചുകൊണ്ടാകും സര്‍ക്കാര്‍ മുന്നോട്ട് പോകുക. മുസ്ലിം സംഘടനകളുമായി ഉണ്ടാക്കിയ ധാരണകള്‍ മുഖവിലയ്ക്കെടുത്തുകൊണ്ടാകും കെ.ഇ.ആര്‍ പരിഷ്കരണ നിര്‍ദേശങ്ങളില്‍ അന്തിമതീരുമാനമെടുക്കുക എന്ന് മന്ത്രി പറഞ്ഞു.

യോഗത്തിന്റെ മിനിട്സ് സമിതിക്ക് കൈമാറും. സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നല്ല നിര്‍ദേശങ്ങളില്‍ മാറ്റംവരുത്തുന്നത്. മദ്റസകളിലെ ലക്ഷത്തിലേറെ വരുന്ന അധ്യാപകരെയും അവിടെ പഠിക്കുന്ന കുട്ടികളെയും ബാധിക്കുന്നതാണിത്. ഇത് സ്തംഭിപ്പിക്കാന്‍ ഒരു സര്‍ക്കാറിനുമാകില്ല. ശാസ്ത്ര സാഹിത്യപരിഷത്ത് ഉത്തരവാദിത്തവും എല്ലാ കാര്യങ്ങളിലും സ്വന്തമായ അഭിപ്രായവുമുള്ള സംഘടനയാണ്. പരിഷത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് അവസാനവാക്കല്ല. സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് മുന്നോട്ട്പോകും. പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തും. നേരത്തെ തീരുമാനിച്ച ചര്‍ച്ചയുടെ സമയം അവര്‍ക്ക് അസൌകര്യമായതിനാലാണ് മാറ്റിവെച്ചതെന്നും മന്ത്രി പറഞ്ഞു.

2. മുന്നറിയിപ്പില്ലാതെ മില്‍മ റിച്ച് പാലിന് രണ്ടു രൂപ കൂട്ടി
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മില്‍മ റിച്ച് പാലിന് ലിറ്ററിന് രണ്ട് രൂപ വില കൂട്ടി. നിലവില്‍ 17 രൂപയുള്ള പാലിന് ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിക്കണമെന്ന മില്‍മയുടെ ശിപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ തീരുമാനം വരും മുമ്പാണ് മില്‍മ റിച്ച് പാലിന് രണ്ട് രൂപ വര്‍ധിപ്പിച്ച് ഇന്നലെ വിപണനം ആരംഭിച്ചത്.

അരലിറ്റര്‍ വരുന്ന ഒരു കവര്‍ മില്‍മ റിച്ച് പാലിന്റെ വില 10 രൂപയില്‍ നിന്ന് 11 രൂപയായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇന്നലെ മില്‍മ ബൂത്തുകളില്‍ എത്തിയ ഉപഭോക്താക്കള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ റിച്ച് പാലിന്റെ വില വര്‍ധിപ്പിച്ചതറിഞ്ഞ് അന്തംവിട്ടു. എന്നാല്‍ പാല്‍ കവറുകളില്‍ 11 രൂപയെന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ റിച്ച് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ മില്‍മ രഹസ്യമായി തീരുമാനിച്ചിരുന്നുവെന്ന് വ്യക്തം. പുതിയ ഉത്പന്നമല്ലാത്തതിനാലാണ് റിച്ച് പാലിന്റെ വില വര്‍ധിപ്പിക്കുന്ന കാര്യം പ്രസിദ്ധീകരിക്കാത്തതെന്ന വിശദീകരണമാണ് മില്‍മയുടേത്.

കഴിഞ്ഞ നവംബര്‍ മാസത്തിലാണ് മില്‍മ പാല്‍ ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രണ്ടാമത്തെ വര്‍ധനയായിരുന്നു ഇത്. ഇതിനിടയില്‍ തൈരിന് രഹസ്യമായി രണ്ട് രൂപ വര്‍ധിപ്പിക്കുകയുമുണ്ടായി. തമിഴ്നാട്ടില്‍ നിന്നുള്ള പാല്‍ വരവ് നിലച്ചതും കര്‍ണാടകയില്‍ നിന്നുള്ള പാലിന് വില വര്‍ധിപ്പിച്ചതും സാമ്പത്തിക ബാധ്യത വര്‍ധിപ്പിച്ചതിനാലാണ് റിച്ച് പാലിന്റെ വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് മില്‍മ അധികൃതര്‍ വിശദീകരിക്കുന്നു.

3. അപ്പീല്‍ തീരുമാനത്തിന് ഹൈക്കോടതി കാരണം വ്യക്തമാക്കണം: സുപ്രീം കോടതി
ന്യൂദല്‍ഹി: അപ്പീലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ഹൈക്കോടതികള്‍ അതിന് അടിസ്ഥാനമായ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി.

വ്യക്തമായ കാരണം പറയാതെയുള്ള ഉത്തരവുകള്‍ അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കാരണം വ്യക്തമാക്കാതെ ‘ഡിസ്മിസ്ഡ്’ എന്ന് ഉത്തരവു നല്‍കി അപ്പീല്‍ നിരസിച്ച ഹിമാചല്‍ പ്രദേശ് ഹൈക്കോടതി വിധിയെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

ക്രിമിനല്‍ കേസിലെ ഹൈക്കോടതി വിധി റദ്ദാക്കി ജസ്റ്റിസ് അരിജിത് പസായത്, അഫ്താബ് ആലം എന്നിവരടങ്ങിയ ബെഞ്ചാണ് കാരണങ്ങള്‍ പറയാതെയുള്ള ഹൈക്കോടതി വിധി അസാധുവാണെന്ന് വിധിച്ചത്. വിചാരണാ കോടതി ഇക്കാര്യത്തില്‍ പിഴവുവരുത്തിയാല്‍ ഹൈക്കോടതി അത്തരം അപ്പീലുകള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ കേസില്‍ വിചാരണ കോടതി നിയമപരമായ ബാധ്യത നിറവേറ്റിയിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഹൈക്കോടതി ഇത് സ്വീകരിക്കണം. ആദ്യത്തെ അപ്പീല്‍ കോടതി എന്ന നിലയില്‍ ഹൈക്കോടതി മുഴവന്‍ തെളിവുകളും പുനഃപരിശോധിച്ച് വസ്തുനിഷ്ഠമായ തീരുമാനത്തിലെത്തണം. അങ്ങനെ ചെയ്യുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടിരിക്കയാണ്. ഇക്കാര്യം നിസാരമല്ല. അപ്പീല്‍ നിരസിച്ച ഹൈക്കോടതി അതിന് കാരണമൊന്നും പറഞ്ഞിട്ടില്ല.

കേസ് പുനഃപരിശോധനക്കായി ഹൈക്കോടതിയിലേക്കുതന്നെ തിരിച്ചയക്കുന്നതായും സുപ്രീം കോടതി പറഞ്ഞു. കാരണം കാണിക്കുന്നതില്‍ കോടതി വരുത്തുന്ന വീഴ്ച നീതിനിഷേധം തന്നെയാണെന്ന് മറ്റൊരു വിധി ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.

കാരണം അറിയാനുള്ള അവകാശം ആരോഗ്യകരമായ നീതിന്യായ വ്യവസ്ഥയില്‍ ഒഴിവാക്കാനാവുന്നതല്ല. എന്തുകൊണ്ടാണ് തനിക്കെതിരെ ഇങ്ങനെ ഒരു വിധിവന്നതെന്ന് അറിയാന്‍ അതിന് വിധേയനായ പൌരന് അവകാശമുണ്ട് എന്നും സുപ്രീംകോടതി വ്യക്തമാക്കി.

1. മരവിച്ച നിലയില്‍ സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: കാര്യനിര്‍വഹണത്തിന് ഇച്ഛാശക്തിയില്‍ ഉണ്ടായിട്ടുള്ള കുറവും വകുപ്പുകള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും സെക്രട്ടേറിയറ്റിലെ ഭരണത്തെ കാര്യമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

മന്ത്രിസഭ അധികാരത്തില്‍ വന്നതുമുതല്‍ ഭരണയന്ത്രം നവീകരിക്കുമെന്ന് പറഞ്ഞുകേട്ടതാണ്. ഇതു സംബന്ധിച്ച് പല മന്ത്രിമാരും പരസ്യമായിത്തന്നെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷേ ഭരണക്രമം നവീകരിക്കാനോ ഫയല്‍ നീക്കത്തിന്റെ വേഗം കൂട്ടാനോ കാര്യമായി നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഒരു കാലവും ഇല്ലാത്തവിധം ഭരണസിരാകേന്ദ്രത്തില്‍ മരവിപ്പ് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

അധികാരവികേന്ദ്രീകരണം നടപ്പിലാക്കുന്നതോടെ നയപരമായ കാര്യങ്ങളേ സെക്രട്ടേറിയറ്റില്‍ പരിശോധനയ്ക്ക് എത്തുകയുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. അതനുസരിച്ച് വികേന്ദ്രീകരണവും പുനര്‍വിന്യാസവും നടത്തി. എ.ഡി.ബിയുടെ ധനസഹായത്തോടെ കോടികള്‍ മുടക്കി സെക്രട്ടേറിയറ്റ് നവീകരിച്ചു. എല്ലാ സെക്ഷനിലെയും പഴയ ഉപകരണങ്ങളും ടൈപ്പ്റൈറ്റിങ് യന്ത്രങ്ങളും മാറ്റി കമ്പ്യൂട്ടര്‍ സ്ഥാപിച്ചു. ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കി. എന്നാല്‍ സെക്രട്ടേറിയറ്റിലെ പത്ത് ശതമാനം ഫയലുകള്‍പോലും കമ്പ്യൂട്ടറിലൂടെ അല്ല ഇപ്പോള്‍ നീങ്ങുന്നത്. കമ്പ്യൂട്ടറുകള്‍ പഴയ ടൈപ്പ്റൈറ്റിങ് ഉപകരണങ്ങളെപ്പോലെ പലയിടത്തും പൊടിപിടിച്ച് കിടക്കുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. സെക്രട്ടറിമാര്‍പോലും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ വിമുഖത കാട്ടുന്നു.

മുമ്പ് എല്ലാ കാലത്തും റൂള്‍സ് ഓഫ് ബിസിനസ്, സെക്രട്ടേറിയറ്റ് മാനുവല്‍ എന്നിവ പ്രകാരമാണ് ഉദ്യോഗസ്ഥന്മാര്‍ ഭരണം നിര്‍വഹിച്ചിരുന്നത്. ഇതിന് വിരുദ്ധമായി വരുന്ന ഒന്നും പരിഗണിക്കരുതെന്നായിരുന്നു രീതി.

സെക്രട്ടറിമാര്‍ക്ക് സെക്രട്ടേറിയറ്റ് മടുത്തു. പലരും ഇന്ന് ഡെപ്യൂട്ടേഷനിലാണ്. അവരാരും ഇങ്ങോട്ടു വരാന്‍ തയ്യാറല്ല. രണ്ടാം നിരയില്‍പ്പെട്ട സെക്രട്ടറിമാരാണ് ഇന്ന് പൊതുവെ സെക്രട്ടേറിയറ്റിലെ ഭരണം നിയന്ത്രിക്കുന്നത്. അവരിലും പ്രഗത്ഭന്മാര്‍ ഉണ്ട്. പക്ഷേ ഓരോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ഏല്പിച്ചിരിക്കുന്നത് അഞ്ചും ആറും പ്രധാന വകുപ്പുകളാണ്.അതിനാല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

1980_ലെ ഐ.എ.എസ്. ബാച്ചിലെ ആറ് സീനിയര്‍ സെക്രട്ടറിമാര്‍ വരും മാസങ്ങളില്‍ ഹൈദരാബാദില്‍ പരിശീലനത്തിനായി പോകുകയാണ്. ബജറ്റ് അവതരണം ഉള്‍പ്പെടെ പ്രധാന പല ജോലികളും നടക്കേണ്ട വേളയില്‍ സീനിയര്‍ സെക്രട്ടറിമാര്‍കൂടി പോകുന്നതോടെ സെക്രട്ടേറിയറ്റ് ഭരണം കൂടുതല്‍ മന്ദഗതിയിലാകാനാണ് സാധ്യത.

2. മരുന്ന് നിര്‍മ്മാണത്തിനും വിതരണത്തിനും കേന്ദ്ര അതോറിറ്റി വരുന്നു
തിരുവനന്തപുരം: രാജ്യത്തെ മരുന്ന് നിര്‍മ്മാണവും വിതരണവും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള നിയമഭേദഗതിക്ക് തുടക്കമായി. ഇതേവരെ ഇതിന്റെ ചുമതല അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

മരുന്ന് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചുമതലകള്‍ നിറവേറ്റുന്ന ‘സെന്‍ട്രല്‍ ഡ്രഗ്സ് അതോറിറ്റി’ രൂപവല്‍ക്കരിക്കുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത്. അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും വിശദമാക്കുന്ന കരട് രേഖ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.

ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി കമ്മിറ്റി ഈ മാസം 9, 10 തീയതികളില്‍ കേരളത്തിലെത്തും. അതോറിറ്റി രൂപവല്‍ക്കരിക്കുന്നതിനുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സ്വീകരിക്കാനും പരിശോധിക്കാനുമാണ് കമ്മിറ്റി അംഗങ്ങള്‍ എത്തുന്നത്.

ഉത്തര്‍ പ്രദേശ് എം. പി. അമര്‍സിങ് ചെയര്‍മാനായ കമ്മിറ്റിയില്‍ അംഗങ്ങളായി കേരളത്തില്‍ നിന്നുള്ള എം. പി. മാരായ പി. ജെ. കുര്യനും പന്ന്യന്‍ രവീന്ദ്രനുമുണ്ട്. തിരുവനന്തപുരത്ത് എത്തുന്ന സംഘം കോവളം ലീലാ ഹോട്ടലില്‍ തങ്ങും. 30 പേരാണ് സംഘത്തിലുള്ളത്. രണ്ട് ദിവസത്തിനിടെ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡ്രഗ്സ് കണ്‍ട്രോളറും സംയുക്തമായി സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും.

സെന്‍ട്രല്‍ ഡ്രഗ്സ് അതോറിറ്റി രൂപവല്‍ക്കരിക്കുന്നതോടെ മരുന്ന് നിര്‍മ്മാണത്തിനും വിതരണത്തിനും ലൈസന്‍സ് നല്‍കാനുള്ള പൂര്‍ണ അധികാരം കേന്ദ്രസര്‍ക്കാരിനായിരിക്കും. ലൈസന്‍സ് ഫീസ് ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതോറിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. വിതരണത്തിനുള്ള ലൈസന്‍സ് പോലും ലഭിക്കാന്‍ മരുന്ന് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരും.

മരുന്ന് കമ്പനികളുടെ ലൈസന്‍സ് ഫീസില്‍ നിന്നും ലഭിക്കുന്ന ഭീമമായ വരുമാനം നഷ്ടപ്പെടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അതോറിറ്റി രൂപവല്‍ക്കരണത്തോട് വലിയ താല്പര്യമില്ലെന്നറിയുന്നു. അതോറിറ്റി രൂപവല്‍ക്കരിച്ചാലുണ്ടായേക്കാവുന്ന ദോഷഫലങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും. ഒപ്പം സംസ്ഥാനത്തെ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ മുതലുള്ള തസ്തികകള്‍ കേന്ദ്രസര്‍ക്കാരിന് കീഴിലാക്കണമെന്ന നിര്‍ദ്ദേശവും സമര്‍പ്പിക്കും.

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പരമാധികാരം നഷ്ടപ്പെടുത്തുന്ന വിധമാണ് കേന്ദ്ര അതോറിറ്റിയുടെ പ്രവര്‍ത്തനം. നിര്‍മ്മാണത്തിനും വിതരണത്തിനുമുള്ള ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ ഡല്‍ഹിയിലെ അതോറിറ്റി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന് നിലവിലുള്ള രീതിയില്‍ മരുന്നു കമ്പനികള്‍ക്കെതിരെ നടപടികള്‍ എടുക്കാനാവില്ല. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സാഹചര്യം പോലും ഉണ്ടാവില്ലെന്ന ആശങ്കയുമുണ്ട്. പോലീസ് വകുപ്പിലുള്ളത്രയും വിപുലമായ അധികാരങ്ങളാണ് ഇപ്പോള്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനുള്ളത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ച് ആവശ്യമെങ്കില്‍ മരവിപ്പിക്കാനും വാറന്റില്ലാതെ ഏതുസമയവും പരിശോധന നടത്താനും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന് കഴിയും. ലൈസന്‍സിനുള്ള മുഴുവന്‍ രേഖകളും കേന്ദ്രത്തില്‍ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളില്‍ കയറി ഈ രീതിയിലുള്ള പരിശോധന ഇനി പ്രാവര്‍ത്തികമല്ലെന്നതും അതോറിറ്റി രൂപവല്‍ക്കരണത്തിന്റെ ഭാഗമായുണ്ടായേക്കാവുന്ന പ്രധാന മാറ്റമായിരിക്കും.

ചെന്നൈ, മുംബൈ, ഘാസിയാബാദ്, കൊല്‍ക്കത്ത, തുടങ്ങിയ സ്ഥലങ്ങളില്‍ ശാഖകളുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനായിരിക്കും അതോററ്റിയുടെ പ്രധാനഭാഗം. എന്നാല്‍ ഈ ഓര്‍ഗനൈസേഷനിലെ ജീവനക്കാരുെടെ എണ്ണം വളരെ കുറവാണെന്നതും രാജ്യത്തുടനീളം നിര്‍മ്മിക്കുന്ന മരുന്നുകളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കാന്‍ ഈ അതോറിറ്റിക്കാവുമോയെന്നും സംശയകരമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നുണ്ട്.

3. മെഡിക്കല്‍കോളേജ് പ്രൊഫസര്‍മാരുടെ സര്‍വീസ് ഒരു വര്‍ഷത്തേക്ക് നീട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍കോളേജുകളില്‍നിന്നും പ്രൊഫസര്‍മാര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ പകരം നിയമിക്കാന്‍ ആളില്ലെങ്കില്‍ റിട്ടയര്‍ ചെയ്യാന്‍ പോകുന്നവരുടെ സര്‍വീസ് ഒരു വര്‍ഷം കൂടി നീട്ടിക്കൊടുക്കാന്‍ സര്‍ക്കാരും അധ്യാപക സംഘടനാ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.

ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ ഔദ്യോഗിക വസതിയില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ കെ.ജി.എം.സി.ടി.എ.സംസ്ഥാന പ്രസിഡന്റ് ഡോ. ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മറ്റ് ഭാരവാഹികളും പങ്കെടുത്തു. സര്‍ക്കാരിന് ഡോക്ടര്‍മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അതീവ ജാഗ്രതയാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

ഒരേ സീനിയോറിട്ടിയുള്ള ഒന്നില്‍ കൂടുതല്‍ പ്രൊഫസര്‍മാരുള്ള ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഓരോരുത്തരെയും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വകുപ്പ് മേധാവിയായി നിയമിക്കും. എന്നാല്‍ മെഡിക്കല്‍കോളേജുകളിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നും തീരുമാനമായി.

എന്നാല്‍ മെഡിക്കല്‍ കൌണ്‍സില്‍ മാനദണ്ഡം അനുസരിച്ച് സമയബന്ധിതമായി അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിനുവേണ്ടി ഓരോ വകുപ്പുകളിലുമുള്ള ഒഴിവുകള്‍ എത്രയെന്ന് പരിശോധിക്കാനും ധാരണയായി. അതുപോലെ എല്ലാ മെഡിക്കല്‍കോളേജുകളിലേയും ഡോക്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഏകീകരിക്കാനും തീരുമാനമായി.

4. ഡിജിറ്റല്‍ സര്‍വേ കേരളത്തില്‍ ആദ്യം
തിരുവനന്തപുരം: കൈവശമുള്ള ഭൂമിയെക്കുറിച്ച് സമ്പൂര്‍ണ്ണവിവരം ലഭിക്കുന്നതിനുള്ള ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന്. തലസ്ഥാന നഗരത്തിലെ തൈയ്ക്കാട് വില്ലേജിനാണ് ഈ നേട്ടം.

കാലതാമസം കൂടാതെ റീസര്‍വേ നടത്തി ഭൂഉടമകള്‍ക്ക് അവരുടെ ഭൂമിയെ സംബന്ധിച്ച് സമഗ്രമായ വിവരം നല്‍കുന്നതിനുള്ള ഈ സംവിധാനം റവന്യൂവകുപ്പിന്റെ കീഴില്‍ പരീക്ഷണ പദ്ധതിയെന്ന നിലയിലാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. തൈയ്ക്കാട് വില്ലേജില്‍ തുടങ്ങിയ ഈ സര്‍വേ നടപടി വിജയകരമാണെന്ന് കണ്ടാല്‍ സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.

2007 മെയ് രണ്ടിനാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റീസര്‍വേ നടപടികള്‍ തൈയ്ക്കാട് വില്ലേജ് ഓഫീസില്‍ തുടങ്ങിയത്. ഡിസംബര്‍ 19 ഓടെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇരുപത് ടോട്ടല്‍ സ്റ്റേഷന്‍ ഉപേയാഗിച്ചായിരുന്നു സര്‍വേ. ഇതുവഴി ലഭിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറിലേയ്ക്ക് മാറ്റുകയായിരുന്നു.

തൈയ്ക്കാട് വില്ലേജ് ഓഫീസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ പ്രത്യേക കൌണ്ടര്‍ വഴി ഭൂഉടമകള്‍ക്ക് അവരുടെ വസ്തുവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങിയ പകര്‍പ്പും സ്കെച്ചും ലഭിക്കും. ഇതിന് 15 രൂപ അടച്ചാല്‍ മാത്രം മതി. പഴയ സര്‍വേ നമ്പരോ തണ്ടപ്പേര് നമ്പരോ നല്‍കുകയും വേണം. ഇതിന് പുറമേ വിവരങ്ങള്‍ ലഭിക്കാന്‍ ടച്ച് സ്ക്രീനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലഭിക്കുന്ന പകര്‍പ്പ് പരിശോധിച്ചശേഷം റീസര്‍വേ സംബന്ധിച്ച പരാതി നല്‍കാനും അവസരമുണ്ട്. ഇങ്ങനെയുള്ള പരാതികള്‍ ജനവരി 18 വരെ സ്വീകരിക്കും. ഇതുവരെ 408 പരാതികള്‍ മാത്രമാണ് ഈ രീതിയില്‍ തൈയ്ക്കാട് വില്ലേജ് ഓഫീസില്‍ ലഭിച്ചിരിക്കുന്നത്. സാധാരണ പതിനായിരത്തോളം പരാതികളാണ് കിട്ടുകയെന്ന് അധികൃതര്‍ പറയുന്നു. ലഭിച്ച പരാതികളിലധികവും പേരിലും മേല്‍വിലാസത്തിലുമുള്ള തിരുത്തലുകള്‍ സംബന്ധുച്ചുള്ളതാണ്. വസ്തുവിന്റെ അതിര്‍ത്തിയേയോ അളവിനെയോകുറിച്ചുള്ള പരാതികള്‍ വളരെകുറവാണ്.

പരാതികള്‍ പരിഹരിച്ചശേഷം ഫിബ്രവരി 15_ഓടെ റീസര്‍വേയുടെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ഇതിനായി അവര്‍ ഒഴിവ് ദിനമായ ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്നു.

സറ്റ് വഴി തങ്ങളുടെ ഭൂവിവരങ്ങളെക്കുറിച്ച് അറിയാനാകുമെന്നതാണ് ഈ സംവിധാനത്തിലെ ഏറ്റവും വലിയ പ്രത്യേകത. 30_ ഉം 40_ഉം വര്‍ഷമെടുത്താണ് സാധാരണ ഭൂസര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ഈ താമസം സാങ്കേതികമായ പല തടസ്സങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതൊഴിവാക്കി യഥാര്‍ത്ഥ ഭൂമടയ്ക്ക് ശരിയായ വിവരങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റീസര്‍വേ പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്. 90 ജീവനക്കാരാണ് ഇതില്‍ പങ്കെടുത്തത്.

ജനപങ്കാളിത്തമാണ് പദ്ധതി വിജയത്തിലെത്താനുള്ള പ്രധാന കാരണം. ജനപ്രതിനിധികള്‍, റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, അംഗങ്ങളുമായുള്ള കോ_ഓര്‍ഡിനഷന്‍ കമ്മിറ്റി വീടുകള്‍ സന്ദര്‍ശിച്ച് റീസര്‍വേയെക്കുറിച്ച് ബോധവത്കരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ പൂര്‍ണമായ സഹകരണത്തോടെയാണ് സാങ്കേതിക വിദ്യ വഴിയുള്ള ഇന്ത്യയിലെ ആദ്യത്തെ റീസര്‍വേ പൂര്‍ത്തിയായത്.

5. പാര്‍ലമെന്റിലെ ബഹളം: കഴിഞ്ഞവര്‍ഷം പാഴായത് 20 കോടി രൂപ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടതുവഴി കഴിഞ്ഞവര്‍ഷം രാജ്യത്തിന്റെ ഖജനാവിന് നഷ്ടമായത് ഇരുപതുകോടിയിലേറെ രൂപ!. ഒച്ചപ്പാടും ബഹളവുംമൂലം പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കും കഴിഞ്ഞകൊല്ലം നഷ്ടമായത് 130 മണിക്കൂറുകളാണ്. മിനിറ്റൊന്നിന് ഇരുപത്തയ്യായിരം രൂപയോളമാണ് ലോക്സഭയുടെ മാത്രം സമ്മേളനച്ചെലവ്.

കഴിഞ്ഞവര്‍ഷം ഒട്ടേറെ ദിവസങ്ങള്‍ പാഴായെങ്കിലും പുതുവര്‍ഷത്തില്‍ സ്ഥിതി വ്യത്യസ്തമാവില്ലെന്നാണ് പ്രതീക്ഷയെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. സാധാരണക്കാരനെ ബാധിക്കുന്ന യഥാര്‍ഥ ദേശീയ പ്രശ്നങ്ങള്‍ തിരിച്ചറിയാനും ചര്‍ച്ച ചെയ്യാനും പാര്‍ലമെന്റിന് ഇക്കൊല്ലം സാധിക്കമെന്നാണ് കരുതുന്നത്_അദ്ദേഹം അഭിപ്രായപ്പെട്ടു.

സഭാ നടപടകള്‍ തടസ്സപ്പെടുത്തുന്ന പ്രവണതയ്ക്ക് തടയിടാന്‍ ഉദ്ദേശിച്ച് മുന്നോട്ടുവെച്ച ചില നിര്‍ദേശങ്ങള്‍രാഷ്ട്രീയ കക്ഷികള്‍ തള്ളിക്കളഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. ‘പണി ചെയ്യാത്ത സമയത്തിന് കൂലിയുമില്ല’ എന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനം. ഇത് ചര്‍ച്ചചെയ്യാന്‍ സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചെങ്കിലും ആരും നിര്‍ദേശത്തെ അനുകൂലിച്ചില്ല. ഇരുസഭകളും വര്‍ഷത്തില്‍ ചുരുങ്ങിയത് നൂറു ദിവസമെങ്കിലും സമ്മേളിച്ചിരിക്കണമെന്നൊരു നിര്‍ദേശം ഇപ്പോള്‍ പരിഗണനയിലുണ്ട്. ഇതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും ചാറ്റര്‍ജി അറിയിച്ചു.

1. എം.ടിക്കെതിരെ എം.വി. ദേവന്‍
തൃശൂര്‍: എം.ടി. വാസുദേവന്‍ നായരുടെ നാലുകെട്ട് കൃതിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിന് എം.വി. ദേവന്റെ വക വിമര്‍ശനം.

കുമാരനാശാന്റെ വീണപൂവിന്റെ നൂറു വര്‍ഷമാചരിക്കുന്ന കേരളം ഒരു മാടമ്പി നായരുടെ കൃതിയുടെ അന്‍പതാം വര്‍ഷവും ആചരിക്കുന്നു. എന്നാല്‍ എഴുത്തുകാര്‍ക്കിടയില്‍ ഒരേയൊരു ചക്രവര്‍ത്തിയേയുള്ളു. അതു വൈക്കം മുഹമ്മദ് ബഷീറാണ്. ബഷീറിന്റെ നൂറാം വര്‍ഷമാണ് ഈ 19ന്. ഇവിടെ ഏതെങ്കിലും ഒരുത്തന്‍ അത് ആഘോഷിക്കുന്നുണ്ടോ? ഏതെങ്കിലും ഒരു സംഘടന അത് ഓര്‍ത്തോ? എന്താ കാരണം? ബഷീര്‍ ഒരു ഇസ്ലാമായതുകൊണ്ടുമാത്രം. ജാതിയും മതവുമാണ് എല്ലാം നിശ്ചയിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ വെള്ളാപ്പള്ളി നടേശഗുരുവിന്റെ കാഴ്ചപ്പാടുകളോടു സര്‍വാത്മനാ യോജിക്കുന്നുവെന്ന് ഏറ്റുപറയുന്നു – എം.വി. ദേവന്‍ പറഞ്ഞു.

2. ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭൂമി കണ്ടെത്തി
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുയോജ്യമായ ഭൂമി റവന്യൂ വകുപ്പ് കണ്ടെത്തി. എന്നാല്‍ ഐഎസ്ആര്‍ഒ വ്യക്തമായി ആവശ്യങ്ങള്‍ അറിയിച്ച ശേഷം മാത്രം ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ മതിയെന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

വലിയമല ഉഴമലക്കല്‍ വില്ലേജിലാണ് റവന്യൂ സര്‍വേ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഭൂമി കണ്ടത്തിയത്. 87 ഏക്കര്‍ കശുമാവ് തോട്ടം വനം വകുപ്പിന്റെ ഉടമസ്ഥതതയിലുള്ള റിസര്‍വ് വനമാണോ എന്നു പരിശോധിക്കും.   ഈ സ്ഥലം കൈമാറണമെങ്കില്‍   കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണ്. തൊളിക്കോടു വില്ലേജില്‍ ആയിരം ഏക്കറോളം ഭൂമി കണ്ടെത്തിയതും വനമാണെന്ന് സൂചനയുണ്ട്. പൊന്‍മുടി കമ്പിമൂട്ടില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി വനത്തിന്റെ നിര്‍വചനത്തില്‍ വന്നേക്കും എന്നു പറഞ്ഞ് ഐഎസ്ആര്‍ഒ നിരസിച്ചിരുന്നു.

അതേസമയം, വലിയമലയോട് ചേര്‍ന്നുള്ള 70 ഏക്കര്‍ സ്വകാര്യ ഭൂമിയിയോടുള്ള താത്പര്യം ഐഎസ്ആര്‍ഒ അനൌദ്യോഗികമായി അറിയിച്ചിരുന്നു.   ഇതിന് വിലയ്ക്കെടുക്കുന്നതും ജനങ്ങളെ പുനരധിവസിപ്പിക്കുന്നതും പ്രയാസമേറിയതും ഭാരിച്ച ചെലവു വരുന്നതും ആണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഐഎസ്ആര്‍ഒ വ്യക്തമായി ആവശ്യങ്ങള്‍ അറിയിച്ചശേഷം മാത്രം പുതിയ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ മതി എന്ന് റവന്യൂ വകുപ്പ് തീരുമാനമെടുത്തതായി അറിയുന്നു. മെര്‍ക്കിസ്റ്റണ്‍ കേസില്‍ തങ്ങള്‍ക്കനുകൂലമായ കോടതി വിധി ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ തീരുമാനങ്ങളില്‍ അവ്യക്തത നിലനിര്‍ത്തുന്നതെന്നും റവന്യൂ വൃത്തങ്ങള്‍ ആരോപിക്കുന്നു.

3. യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍ പണംവാങ്ങി ആണവ രഹസ്യംപാക്കിസ്ഥാന് ചോര്‍ത്തി’
ലണ്ടന്‍: അഴിമതിക്കാരായ ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ക്കു പണവും പ്രലോഭനങ്ങളും വാരിക്കോരി നല്‍കിയാണു പാക്ക് ചാരസംഘടനയായ ഐഎസ്ഐ തുര്‍ക്കിയിലെ ഏജന്റുമാര്‍ വഴി അണ്വായുധ രഹസ്യങ്ങള്‍ പാക്ക് ആണവശാസ്ത്രജ്ഞനായ എ.ക്യു. ഖാന് എത്തിച്ചുകൊടുത്തതെന്നു ‘സണ്‍ഡെ ടൈംസ് പത്രം വെളിപ്പെടുത്തി.

ഐഎസ്ഐ മേധാവിയായിരുന്ന മഹ്മൂദ് അഹമ്മദും വാഷിങ്ടണ്‍ ആസ്ഥാനമാക്കിയ സഹപ്രവര്‍ത്തകരും തുര്‍ക്കി എംബസിയിലെ ഉദ്യോഗസ്ഥരും തമ്മില്‍ സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്ന് അവരുടെ സംഭാഷണങ്ങള്‍ രഹസ്യമായി പിടിച്ചെടുത്തതിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

എഫ്ബിഐയുടെ മുന്‍ തുര്‍ക്കി ഭാഷാ വിവര്‍ത്തക സിബല്‍ എഡ്മണ്ട്സ് (37) ആണു രഹസ്യം വെളിപ്പെടുത്തിയത്. വാഷിങ്ടണിലെ ഒാഫിസില്‍ ജോലിചെയ്യവേ ഇത്തരം നൂറുകണക്കിനു സുപ്രധാന സംഭാഷണങ്ങളുടെ ടേപ്പുകള്‍ സിബല്‍ ശ്രദ്ധിച്ചിരുന്നു.

അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ പങ്കെടുത്ത വിമാനാപഹര്‍ത്താക്കളില്‍ ചിലരെ പരിശീലിപ്പിച്ച അല്‍ഖായിദ തീവ്രവാദിയുടെ വെളിപ്പെടുത്തല്‍ പത്രത്തില്‍ വായിച്ചതിനെത്തുടര്‍ന്നാണ് സിബല്‍ കഴിഞ്ഞമാസം പത്രത്തെ സമീപിച്ചു വിവരം വെളിപ്പെടുത്തിയത്.ആണവ രഹസ്യങ്ങളുടെ സുപ്രധാന രേഖകള്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു കരിഞ്ചന്തയില്‍ വിറ്റ തുര്‍ക്കിക്കാരായ ഏജന്റുമാരാണു യുഎസ് വിദേശ വകുപ്പിലെ പ്രശസ്ത സീനിയര്‍ ഉദ്യോഗസ്ഥന് വാഷിങ്ടണില്‍ പണം നല്‍കിയതെന്നു ടേപ്പുകളില്‍ വ്യക്തമായെന്നു സിബല്‍ പത്രത്തോടു പറഞ്ഞു.

ഇൌ ഉദ്യോഗസ്ഥന്‍ പക്ഷേ ആരോപണം ശക്തിപൂര്‍വം നിഷേധിച്ചിരിക്കുകയാണ്.ഭീകരാക്രമണത്തിനു തൊട്ടുമുന്‍പ് വിമാനറാഞ്ചികളിലൊരാളായ മുഹമ്മദ് അത്തയ്ക്ക് ഒരുലക്ഷം ഡോളര്‍ ഐഎസ്ഐ മേധാവി മഹ്മൂദ് അഹമ്മദ് അനുവദിച്ചതായി രഹസ്യ ടേപ്പില്‍ വെളിപ്പെട്ടിരുന്നു. അല്‍ഖായിദ ഭീകരരും ഐഎസ്ഐയും തമ്മില്‍ നിരന്തര ബന്ധമുണ്ടായിരുന്നതായും പത്രം പറഞ്ഞു. രണ്ടര വര്‍ഷത്തിനിടെ ഇതുപോലെ കുറഞ്ഞതു മൂന്നു പണമിടപാടുകള്‍ താന്‍ കേട്ടുവെന്നും കൂടുതല്‍ പണമിടപാടുകളുണ്ടായിട്ടുണ്ടെന്നു മിക്കവാറും ഉറപ്പാണെന്നും സിബല്‍ പത്രത്തോടു പറഞ്ഞു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )