പത്രവാര്‍ത്തകള്‍ 4-1-08


1. ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടേക്കും
തിരുവനന്തപുരം : മകരവിളക്ക് സീസണ്‍ കഴിയുന്നതോടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടേക്കും. ഇക്കാര്യം സര്‍ക്കാര്‍ ഗൌരവമായി ആലോചിച്ചുവരികയാണ്. പ്രസിഡന്റും അംഗങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത ബോര്‍ഡിന്റെ പ്രവര്‍ത്തനംതന്നെ സ്തംഭിപ്പിച്ച സാഹചര്യത്തിലാണിത്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതും ഇങ്ങനെയൊരു തീരുമാനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ബോര്‍ഡ് പ്രസിഡന്റില്‍നിന്ന് ബോര്‍ഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന കത്ത് എഴുതി വാങ്ങാനും അത് ഹൈക്കോടതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനുമാണ് ഒരാലോചന. എല്‍.ഡി. എഫിലെ ഘടകകക്ഷികളുടെ പ്രതിനിധികളാണ് അംഗങ്ങളെന്നതിനാല്‍ സി.പി. എം, സി.പി. ഐ, ആര്‍. എസ്.പി നേതൃത്വം ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടിവരും. സി.പി. ഐയുടെയും ആര്‍. എസ്.പിയുടെയും അംഗീകാരം നേടിയെടുക്കുകയാണ് പ്രധാനപ്രശ്നം. സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ നിലവിലുള്ള ഭരണസമിതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന വാദം പൊതുവേ ശക്തിപ്പെട്ടിട്ടുണ്ട്.
ശബരിമല സീസണില്‍ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിലുണ്ടായ തമ്മിലടി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ ദോഷമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് ശബരിമലയില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കേണ്ടിവന്നത്.
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് കടുത്ത അതൃപ്തിയാണുള്ളത്. ശബരിമലയില്‍ ഈ പ്രായത്തിലും മുഖ്യമന്ത്രി നേരിട്ടുപോയി കാര്യങ്ങള്‍ വിലയിരുത്തിയതും മറ്റൊന്നും കൊണ്ടല്ല.

രാജി വേണ്ടിവരും: ഗുപ്തന്‍
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പദവിയില്‍ തുടരണോയെന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് സി.കെ. ഗുപ്തന്‍ ‘കേരളകൌമുദി’യോട് പറഞ്ഞു.
ദേവസ്വംബോര്‍ഡ് ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യ പ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കിയോ?
ഇതുവരെ കൊടുത്തിട്ടില്ല. ചിലപ്പോള്‍ കൊടുത്തേക്കും.
താങ്കള്‍ രാജിവയ്ക്കുമോ?
രാജി ചിലപ്പോള്‍ വേണ്ടിവരും. എനിക്ക് ഈ നിലയില്‍ പോകുന്നതിനോട് താത്പര്യമില്ല. പാര്‍ട്ടിയുമായി ആലോചിച്ച് വേണ്ടതുചെയ്യും. എല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്.
പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തോ?
ഇതുവരെയില്ല. എന്നാല്‍ ചര്‍ച്ച ചെയ്യും. അങ്ങനെയായാല്‍ പെട്ടെന്ന് ഭരണസമിതി പിരിച്ചുവിടാനുള്ള കത്ത് നല്‍കിയേക്കാം.
മന്ത്രിയുമായി ബന്ധപ്പെട്ടോ?
അദ്ദേഹം ഇവിടെയില്ല. ആലപ്പുഴയിലാണ്. ഫോണില്‍ എല്ലാ കാര്യവും ഞങ്ങള്‍ സംസാരിക്കാറുണ്ട്.
അംഗങ്ങളുടെ കാറിന്റെയും വീടിന്റെയും പ്രശ്നം വൈകി അജണ്ടയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞല്ലോ?
മന്ത്രി കമ്മിഷണര്‍ക്കാണ് കത്ത് നല്‍കിയത്. അവരുടെ വീഴ്ചകളാണ് അദ്ദേഹം സൂചിപ്പിച്ചത്.
പ്രസിഡന്റും അംഗങ്ങളും ശബരിമലയില്‍പോയി മേല്‍നോട്ടം വഹിക്കണമെന്ന് മന്ത്രി പറഞ്ഞു?
എനിക്കുവയ്യ. അംഗങ്ങള്‍ പോകുമോയെന്ന് അവരോട് ചോദിക്കണം.
എന്തുപറ്റി?
നല്ല സുഖമില്ല. ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ മീറ്റിംഗില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ തളര്‍ന്നുവീണു. അവിടെ ഐ.സിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ശ്രീചിത്രയിലെ ഐ.സിയിലും കിടന്നു. ന്യുമോണിയയായിരുന്നു. പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.
ബോര്‍ഡിന്റെ ഗതിയെന്താകും?
ഞാന്‍ പറഞ്ഞില്ലേ. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ തീരുമാനം നടപ്പിലാവും. പാര്‍ട്ടി തന്നെയാണ് എനിക്ക് പ്രധാനം.

2. ഡോക്ടര്‍മാര്‍ക്ക് 2,200 മുതല്‍ 5,000 രൂപവരെ അലവന്‍സ് വര്‍ദ്ധന
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് 2,200 മുതല്‍ 5,000 രൂപവരെ ശമ്പള വര്‍ദ്ധന ലഭിക്കുന്നതരത്തില്‍ അലവന്‍സുകളുടെ പുതിയ പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കി.
സ്പെഷ്യല്‍പേ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ സമര്‍പ്പിച്ച പാക്കേജിലെ ചില നിര്‍ദ്ദേശങ്ങള്‍കൂടി സ്വീകരിച്ചുകൊണ്ടാണിത് തയ്യാറാക്കിയത്. സ്പെഷ്യല്‍ പേ അനുവദിക്കാനാവില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അലവന്‍സുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പുതിയ പാക്കേജ് തയ്യാറാക്കിയത്.

എന്‍ട്രി കേഡറില്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും കുറഞ്ഞത് 2200 രൂപയുടെ ശമ്പളവര്‍ദ്ധന ലഭിക്കുന്നതാണ് പുതിയ പാക്കേജ്. ഹൈക്കോടതിയില്‍ നാളെ ഇത് സമര്‍പ്പിക്കും. സ്പെഷ്യല്‍ പേ അല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് കെ.ജി.എം.ഒ.എ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഹൈക്കോടതി നിര്‍ദ്ദേശിച്ചാല്‍ അവര്‍ക്കിത് അംഗീകരിക്കേണ്ടിവരും. സര്‍ക്കാരിന്റെ ഉദ്ദേശ്യവും അതാണ്.
മന്ത്രിസഭ നേരത്തേ അംഗീകരിച്ച പാക്കേജില്‍ പി.ജി അലവന്‍സ് 1,380 രൂപയായിരുന്നു. ഇത് 460 രൂപയായി കുറച്ചു. പി.ജി ഡോക്ടര്‍മാര്‍ക്കും പുതിയ പാക്കേജില്‍ 2000 രൂപ സ്പെഷ്യല്‍ അലവന്‍സ് കിട്ടുമെന്നതിനാലാണിത്. റൂറല്‍ അലവന്‍സും കുറച്ചിട്ടുണ്ട്. പുതിയ പാക്കേജില്‍ 2000 രൂപയാണ് റൂറല്‍ അലവന്‍സ് നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ചത് 3,330 രൂപയാണ്.
റൂറല്‍ മേഖലയില്‍ 4,200 രൂപ അധികം കിട്ടും. 2,000 രൂപ സ്പെഷ്യല്‍ അലവന്‍സും 2,000 രൂപ റൂറല്‍ അലവന്‍സും 200 രൂപ ടെലിഫോണ്‍ അലവന്‍സും. ആദ്യപാക്കേജില്‍ 3,300 രൂപയുടെ റൂറല്‍ അലവന്‍സും 200 രൂപ ടെലിഫോണ്‍ അലവന്‍സും മാത്രമായിരുന്നു. പുതിയ പാക്കേജ് നടപ്പിലാക്കുന്നതിന് 25 കോടി വേണ്ടിവരുമെന്ന് കരുതുന്നു.

സ്വീകാര്യമല്ലെന്ന് കെ.ജി.എം.ഒ.എ
പുതിയ പാക്കേജില്‍ ഒരു പുതുമയുമില്ലെന്ന് കെ.ജി. എം. ഒ. എ പ്രസിഡന്റ് ഡോ. സണ്ണി പി. ഓരത്തേല്‍ അറിയിച്ചു. സംഘടന ഇത് അംഗീകരിക്കില്ല. അക്കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിക്കും.

3. വ്യവസായ ഡയറക്ടര്‍ സൂരജിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ്
തിരുവനന്തപുരം : വ്യവസായ വകുപ്പ് ഡയറക്ടറും മുന്‍ കോഴിക്കോട് കളക്ടറുമായ ടി.ഒ. സൂരജിനെ അഴിമതി കേസില്‍ പ്രതിയായതിന്റെ പേരില്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം ആഭ്യന്തരവകുപ്പിനോട് ശുപാര്‍ശ ചെയ്തു.

സൂരജ് കോഴിക്കോട്ട് കളക്ടറായിരിക്കെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കും ജനറല്‍ ആശുപത്രിക്കും വേണ്ടി 2003 ല്‍ 60 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്നുകണ്ട് വിജിലന്‍സ് വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാംപ്രതിയാണ് സൂരജ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന റിപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ വിജയന്‍, ഒന്നാംപ്രതിയും സിഡ്കോ മുന്‍ എം.ഡി ശശിധരന്‍, ഓറിയന്റല്‍ സര്‍ജിക്കല്‍ എം.ഡി പി.എം. വാസുദേവന്‍ എന്നിവര്‍ മൂന്നും നാലും പ്രതികളുമാണ്.കേസ് രജിസ്റ്റര്‍ ചെയ്ത വിവരം കോഴിക്കോട് വിജിലന്‍സ് കോടതിയെയും വിജിലന്‍സ് വിഭാഗം അറിയിച്ചു.

അനാവശ്യപീഡനം : സൂരജ്
അതേസമയം, ഈ കേസില്‍ താന്‍ നിരപരാധിയാണെന്നും നാലുവര്‍ഷമായി ഇതിന്റെ പേരില്‍തന്നെ പീഡിപ്പിക്കുകയാണെന്നും ടി.ഒ. സൂരജ് ‘കേരളകൌമുദി’യോട് പറഞ്ഞു. കളക്ടര്‍ ചെയര്‍മാനും എം.എല്‍.എമാരും ജനപ്രതിനിധികളും അംഗങ്ങളുമായ ജില്ലാതല കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ഉപകരണങ്ങള്‍ വാങ്ങിയത്. റിപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് പ്രോജക്ടിനുവേണ്ടി ലഭിച്ചതില്‍ ചെലവാകാതെ കിടന്ന 60 ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചു. ഏറ്റവും കുറഞ്ഞ വില ക്വാട്ട് ചെയ്ത സിഡ്കോയുടെ ടെന്‍ഡര്‍ സ്വീകരിച്ചു. സിഡ്കോയ്ക്ക് ഈ ഉപകരണങ്ങള്‍ നല്‍കിയത് ഏത് കമ്പനിയാണെന്ന് കളക്ടര്‍ അറിയേണ്ടകാര്യമില്ല. എന്നാല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനി കൂടിയ നിരക്ക് വാങ്ങിയെന്നാണ് വിജിലന്‍സിന്റെ വാദം. 2005 ല്‍ മറ്റൊരു പരാതിയില്‍ ഇതേ കേസ് ലോകായുക്ത കഴമ്പില്ലെന്നുകണ്ട് തള്ളിയതാണ്. എന്നിട്ടും വിജിലന്‍സ് വിഭാഗം തന്നോട് കാണിക്കുന്നത് കൊടും ക്രൂരതയാണെന്ന് സൂരജ് പറഞ്ഞു.

4. ഭൂമിയുടെ ന്യായവില: കരട് രേഖ അടുത്ത മാസം പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില നിര്‍ണയിച്ചുകൊണ്ടുള്ള കരട്രേഖ അടുത്തമാസം അവസാനത്തോടെ പുറത്തിറക്കും. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളുടെ ന്യായവില റിപ്പോര്‍ട്ട് രജിസ്ട്രേഷന്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ലഭിച്ച രേഖകള്‍ അച്ചടിക്കുവേണ്ടി സര്‍ക്കാര്‍ പ്രസിന് കൈമാറിക്കഴിഞ്ഞു. എറണാകുളം ജില്ലയുടെ കരട്രേഖയ്ക്കുമാത്രം ഒന്നരലക്ഷം പേജുകളുണ്ട്. കരട് പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് രണ്ടുമാസത്തെ സമയം അനുവദിക്കും. അതിനുശേഷമാണ് അന്തിമരേഖ തയ്യാറാക്കുന്നത്.

കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കുകയും ഉപേക്ഷിക്കുകയും ചെയ്ത വില നിര്‍ണയവുമായി ഇപ്പോഴത്തെ ശുപാര്‍ശകള്‍ക്ക് സാമ്യമില്ല. കരഭൂമിയും വയലും പരിഗണിച്ചാണ് അന്ന് ന്യായവില നിര്‍ണയിച്ചത്. ഇപ്പോള്‍ ഭൂമിയുടെ പ്രത്യേകതകള്‍ അനുസരിച്ച് 15 വിഭാഗമായി തിരിച്ച് വിലനിര്‍ണയിച്ചതിനാല്‍ പരാതികള്‍ താരതമ്യേന കുറവായിരിക്കുമെന്ന് കരുതുന്നു.

വാണിജ്യമേഖലയിലുള്ള ഭൂമിക്കാണ് കൂടുതല്‍ വില ഇട്ടിരിക്കുന്നത്. റോഡുകളുടെ പ്രത്യേകത അനുസരിച്ചും വില നിശ്ചയിച്ചിട്ടുണ്ട്. നാഷണല്‍ ഹൈവേ, പി.ഡബ്ള്യു.ഡി റോഡ്, നഗരസഭ റോഡ്, മുന്‍സിപ്പാലിറ്റി റോഡ്, പഞ്ചായത്ത് റോഡ് എന്നീക്രമത്തില്‍ ന്യായവില കുറഞ്ഞുവരും. ഇതില്‍ റോഡിന് മുമ്പിലുള്ളതും പിന്നിലുള്ളതുമായ വസ്തുവിന് വെവ്വേറെ വിലയാണ് കണക്കാക്കുന്നത്. നാഷണല്‍ ഹൈവേ കടന്നുപോകുന്നുവെങ്കിലും പ്രദേശം അവികസിതമാണെങ്കില്‍ ഭൂമിയുടെ ന്യായവിലയില്‍ കുറുവുണ്ടാകും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ച് തോട്ടങ്ങളുടെ വിലയില്‍ വ്യത്യാസം വരും. ഇവിടെയും റോഡ് മാനദണ്ഡമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയുടെ കരട്രേഖ ഇനിയും തയ്യാറാക്കിയിട്ടില്ല. രേഖ ഉടന്‍ സമര്‍പ്പിക്കാമെന്ന് ആര്‍.ഡി.ഒ അറിയിക്കുന്നതല്ലാതെ അതേക്കുറിച്ച് ഒരു രൂപവുമില്ലെന്ന് രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

5. 56 രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യത്തിന് വിലക്ക്
തിരുവനന്തപുരം : 1955ലെ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടില്‍ പറഞ്ഞിട്ടുള്ള 56 രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യത്തിന് ജനുവരി 5 മുതല്‍ നിരോധനം നിലവില്‍വരും. ആക്ടില്‍ പറയാത്ത രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യം അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. പരസ്യം ഭാഗികമായി നിയന്ത്രിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു.

56 രോഗങ്ങളില്‍ പ്രധാനമായും ആസ്ത്മ, എയിഡ്സ്, അന്ധത, വിഷബാധ, കാന്‍സര്‍, നേത്രരോഗങ്ങള്‍, പ്രമേഹം, തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍, സ്ത്രീകളുടെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട മരുന്നുകള്‍, വിവിധ പനികള്‍, ഫിറ്റ്സ്, കിഡ്നിയുടെ തകരാറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കുഷ്ഠം, പൊണ്ണത്തടി, ലൈംഗികശേഷിക്കുറവിനുള്ള മരുന്നുകള്‍, ഗ്യാസ്ട്രിക് അള്‍സര്‍, ലൈംഗികരോഗങ്ങള്‍ എന്നിവയ്ക്കുള്ള ഒരു മരുന്നിന്റെയും പരസ്യം അനുവദിക്കില്ല. കേന്ദ്രനിയമം നടപ്പാക്കേണ്ട ബാദ്ധ്യത സംസ്ഥാനത്തിനാണ്. പല സംസ്ഥാനങ്ങളും ഇനിയും ഇത് കര്‍ക്കശമാക്കിയിട്ടില്ല. അങ്ങനെ വരുമ്പോള്‍ ഇവിടെ മാത്രം നിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് ആയുര്‍വേദ ഔഷധനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. വന്‍കിട മരുന്ന് കമ്പനികള്‍ക്ക് തുടര്‍ന്നും ദേശീയ ടെലിവിഷന്‍ ചാനലുകളിലൂടെയും റേഡിയോയിലൂടെയും മറ്റും പരസ്യം ചെയ്യാം. ഇത് സംസ്ഥാനത്തെ മരുന്നുകമ്പനികള്‍ക്ക് ദോഷമാവും. താരനും മുടികൊഴിച്ചിലിനും മുഖകാന്തിക്കുമൊക്കെയുള്ള എണ്ണയ്ക്കും കുഴമ്പിനുമൊന്നും പരസ്യനിരോധനമില്ല. ചുമയ്ക്കുള്ള കഫ്സിറപ്പുകള്‍ക്കും പരസ്യമാവാം.

6. കാര്‍ഷിക യൂണി.യില്‍ ധൂര്‍ത്തെന്ന് ആക്ഷേപം കംപ്ട്രോളര്‍ സ്ഥാനമൊഴിയാന്‍ അനുമതി തേടി
തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കാര്‍ഷിക സര്‍വകലാശാല ഭരണസമിതി പണം ധൂര്‍ത്തടിക്കുന്നതായി ആക്ഷേപം. ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയുടെ ധനകാര്യ മേധാവിയായ കംപ്ട്രോളര്‍ വി. വിജന്‍ തന്നെ ആ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.

ജീവനക്കാരുടെ പി.എഫ്. വായ്പകളും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാനാവാത്തവിധം സര്‍വകലാശാല പരുങ്ങലിലാണ്. ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് 6.45 കോടി രൂപയാണ് ഒരുമാസം വേണ്ടിവരുന്നത്. കഴിഞ്ഞമാസം ഈ തുക കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടു. വൈസ് ചാന്‍സലര്‍ക്ക് താമസിക്കാന്‍ തൃശൂരുള്ള ഫ്ളാറ്റ് 3.5 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി ചെയ്യാന്‍ തീരുമാനിച്ചതിനെ കംപ്ട്രോളര്‍ ചോദ്യം ചെയ്തിരുന്നു. 2.5 ലക്ഷമേ നല്‍കാനാവൂ എന്ന നിലപാടിലായിരുന്നു കംപ്ട്രോളര്‍. ഇതിനെച്ചൊല്ലി തര്‍ക്കമായപ്പോള്‍ കംപ്ട്രോളറെ വി.സി. അപമാനിച്ചുവെന്നും ഇതാണ് സ്വയം ഒഴിഞ്ഞുപോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. ഫ്ളാറ്റ് അറ്റകുറ്റപ്പണി നടത്തിയതിനോടൊപ്പം വി.സി. 9.45 ലക്ഷം രൂപയ്ക്ക് ഇന്നോവ കാര്‍ വാങ്ങിയതും ചോദ്യം ചെയ്യപ്പെട്ടു. വി.സി. ഇന്നോവ വാങ്ങിയപ്പോള്‍ രജിസ്ട്രാര്‍ പുതിയ ഇന്‍ഡിക്ക കാര്‍ വാങ്ങിയാണ് സര്‍വകലാശാലയുടെ ചെലവ് വര്‍ദ്ധിപ്പിച്ചതെന്നും ആരോപണമുണ്ട്.

എന്നാല്‍, പണം ധൂര്‍ത്തടിച്ചിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍ പറഞ്ഞു. ഫ്ളാറ്റ് താമസത്തിന് യോഗ്യമല്ലാതിരുന്നതുകൊണ്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. പഴയ അംബാസഡര്‍ കാര്‍ വിറ്റിട്ടാണ് പുതിയ കാര്‍ വാങ്ങിയത്. തനിക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരത്ത് വെള്ളായണിവരെ സഞ്ചരിക്കാന്‍ പഴയ കാര്‍ പ്രയോജനപ്പെടില്ലെന്ന് കണ്ടതുകൊണ്ടാണ് പുതിയത് വാങ്ങിയത്. ഇതിന്റെ ഫയലുകളെല്ലാം കംപ്ട്രോളര്‍ കണ്ടിട്ടുള്ളതാണെന്നും വി.സി. പറയുന്നു.

7. സംസ്കരിച്ചതിനു പിന്നാലെ ‘പരേതന്റെ’ ഫോണ്‍ കാള്‍
കാലടി: ട്രെയിന്‍ തട്ടി മരിച്ചതെന്നു കരുതി ‘യുവാവിന്റെ’ മൃതദേഹം സംസ്കരിച്ച വീട്ടുകാര്‍ മണിക്കൂറുകള്‍ക്കകം അയാളുടെ ഫോണ്‍ കാള്‍ കിട്ടിയപ്പോള്‍ അമ്പരന്നു. കാലടി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വെളിയത്ത് വീട്ടില്‍ ഗോപിനാഥമേനോന്റെ മകന്‍ പ്രവീണ്‍ കുമാറി(35) ന്റെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാവിലെ 9 മണിയോടെ തകഴി കുന്നുമ്മേല്‍ റെയില്‍വേ ക്രോസിനു സമീപം റെയില്‍വേ ട്രാക്കിലൂടെ നടന്നുപോയ അജ്ഞാതന്‍ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചു മരിച്ചിരുന്നു. മൃതദേഹം ഛിന്നഭിന്നമായി. പോക്കറ്റില്‍ നിന്നു ലഭിച്ച മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ട പൊലീസ് മരിച്ചത് പ്രവീണ്‍ കുമാറാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍, മരിച്ചത് ഭര്‍ത്താവാണെന്ന് സമ്മതിക്കാന്‍ പ്രവീണിന്റെ ഭാര്യ രമണി തയ്യാറായില്ല. അപകടമുണ്ടാകുന്നതിന് അര മണിക്കൂര്‍ മുമ്പ് പ്രവീണ്‍ തന്നോട് ഫോണില്‍ സംസാരിച്ചതായി ഇവര്‍ അമ്പലപ്പുഴ പൊലീസിനോട് പറഞ്ഞു. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, അര്‍ദ്ധരാത്രിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാവിലെ ഗോവയില്‍ നിന്ന് പ്രവീണ്‍കുമാര്‍ വിളിച്ചതോടെ സത്യാവസ്ഥ മനസ്സിലാക്കിയ വീട്ടുകാരുടെ ദുഃഖം ആഹ്ളാദത്തിനു വഴി മാറി. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രവീണ്‍കുമാര്‍ ഒന്നരമാസംമുമ്പ് വീട്ടില്‍ നിന്ന് ജോലി തേടി പുറപ്പെട്ടതാണ്. അപ്പോഴും ട്രെയിന്‍ തട്ടി മരിച്ചത് ആരാണെന്ന ദുരൂഹത തുടരുകയാണ്.

8. ഉത്തരം പറയാനാവാതെ ഗവേഷണ മേധാവി; ജനം എന്തു വിചാരിക്കുമെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: “വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ?” കേന്ദ്ര ഭക്ഷ്യ സംസ്കരണമന്ത്രി സുബോധ്കാന്ത് സഹായിയുടേതായിരുന്നു ചോദ്യം. ഉത്തരം പറയാനാവാതെ കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ മേധാവി പതറിയപ്പോള്‍ കേന്ദ്രമന്ത്രിയുടെ കമന്റ്: “നിങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ ഇതിനെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ജനം എന്തു വിചാരിക്കും?”
കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ മസ്കറ്റ് ഹോട്ടലില്‍ ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളും ഭക്ഷ്യസംസ്കരണ വ്യവസായികളും ഉള്‍പ്പെടുന്ന സദസ്സുമായി സംവദിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

വിപണന സാധ്യതകള്‍ കണ്ടെത്താത്തതും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യാത്തതുമായ സാങ്കേതികവിദ്യകള്‍ ലബോറട്ടറികളില്‍ ഇരിക്കുകയേയുള്ളൂ- സുബോധ്കാന്ത് പറഞ്ഞു. സംവാദത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ഗവേഷണ മേധാവികളെ മന്ത്രി ചോദ്യം ചോദിച്ചു വെള്ളം കുടിപ്പിക്കുകയായിരുന്നു. എന്നാല്‍ നല്ല ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മറന്നില്ല. സഹായങ്ങളും വാഗ്ദാനം ചെയ്തു.
വന്‍ കുത്തകകളുടെ റീട്ടെയില്‍ ശൃംഖലകളോട് മത്സരിക്കാനാകുംവിധം കര്‍ഷക പ്രാതിനിധ്യത്തോടെ ഗ്രാമീണ ശൃംഖല സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടുകൃഷിയും സഹകരണാടിസ്ഥാനത്തിലുള്ള കൃഷിയും കൊണ്ടേ ഇനി പിടിച്ചുനില്‍ക്കാനാവുകയുള്ളൂ. ഇതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.

വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോയെന്നുള്ള കേന്ദ്രമന്ത്രിയുടെ ചോദ്യത്തിന് നാളികേര ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ ഒടുവില്‍ മറുപടി പറഞ്ഞു: “വെളിച്ചെണ്ണയും കൊളസ്ട്രോളും തമ്മില്‍ ഒരു ബന്ധവുമില്ല.” അതിന് നല്ല പബ്ളിസിറ്റി നല്‍കണമെന്നായിരുന്നു അപ്പോള്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം. മന്ത്രി എളമരം കരീം അദ്ധ്യക്ഷനായിരുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ഡോ. സി. അറുമുഖന്‍, ഡോ. എസ്. എഡിസണ്‍, ഡോ. ജോണ്‍ ടി. സഖറിയ തുടങ്ങിയവര്‍ സംസാരിച്ചു. കിന്‍ഫ്ര എം.ഡി എസ്. രാമനാഥ് നന്ദി പറഞ്ഞു.

9. മയക്കുമരുന്നിന് വീര്യം കൂട്ടാനും പാമ്പിന്‍ വിഷം
തിരുവനന്തപുരം: കുത്തിവയ്ക്കുന്ന മയക്കുമരുന്നിന്റെ വീര്യം കൂട്ടാന്‍ പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന പാമ്പിന്‍വിഷത്തിന് അതുകൊണ്ടുതന്നെ പൊന്നിന്റെ വിലയാണ് മാര്‍ക്കറ്റില്‍.
ഇവിടെ നിന്ന് വിഷം വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അനുയോജ്യമായ വിധം വിഷം സംസ്കരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വിദേശത്തേ ഉള്ളൂ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അപൂര്‍വ്വം ചില ഔഷധങ്ങളിലും പാമ്പിന്‍വിഷം ചേര്‍ക്കാറുണ്ട്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തുന്നതിനു മുന്നോടിയായി ഹൃദയത്തെ മരവിപ്പിച്ചു നിര്‍ത്താനുള്ള മരുന്നില്‍ പാമ്പിന്‍വിഷം ചേര്‍ക്കാറുണ്ടെന്നും ഇത് വളരെ ഫലപ്രദമാണെന്നും മെഡിക്കല്‍സയന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞദിവസം പിടികൂടിയത് അരലിറ്റര്‍ പാമ്പിന്‍ വിഷമാണ്. വിഷംകടത്ത് ലോബിയെ സംബന്ധിച്ച് ഇത് വളരെ ഉയര്‍ന്ന അളവാണ്. കാരണം, ഒരു പാമ്പില്‍ നിന്ന് ഒരു തവണ കിട്ടുന്നത് അര ഔണ്‍സ് വിഷം മാത്രമാണ്. രാജവെമ്പാലയാണെങ്കില്‍ ഒരൌണ്‍സ് കിട്ടും.
അപൂര്‍വ്വമായി മാത്രമേ കേരളത്തില്‍നിന്ന് പാമ്പിന്‍ വിഷക്കടത്ത് പിടികൂടപ്പെട്ടിട്ടുള്ളൂ. ചന്ദനക്കടത്ത് തടയാന്‍ കര്‍ശനനടപടി സ്വീകരിച്ചുതുടങ്ങിയപ്പോള്‍ ചന്ദനലോബി കളംമാറി വിഷക്കടത്ത് ബിസിനസിലേക്കു തിരിഞ്ഞതാവാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ നാലു പേരാണ് കണ്ണൂരിലും തിരുവനന്തപുരത്തുമായി വനംവകുപ്പിന്റെ പിടിയിലായത്.

1. മുല്ലപ്പെരിയാറിന് ഭീഷണി: കേരളത്തിന് പുതിയ തെളിവ്

കോട്ടയം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് അനുവദിക്കപ്പെട്ടിട്ടുള്ള 136 അടിയില്‍ നില്ക്കുമ്പോള്‍ ചെറിയൊരു പ്രളയം വന്നാല്‍ വന്‍ അപകടത്തിന് സാധ്യതയുണ്ടെന്ന് കേരളത്തിന് തെളിവുകിട്ടി. കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണക്കുകള്‍തന്നെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിദഗ്ദ്ധര്‍ തയ്യാറാക്കിയ ഈ വിവരം മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ക്ക് ബലംപകരും.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയില്‍ നില്ക്കുമ്പോള്‍ സെക്കന്‍ഡില്‍ 6003 ഘനമീറ്റര്‍ കണക്കില്‍ വെള്ളം ഒഴുകിയെത്തിയാല്‍ അണക്കെട്ടിന്റെ പരമാവധി ശേഷിയായ 155 അടിയിലും കവിയുമെന്നാണ് ജല കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ മേഖലയില്‍ സാധ്യതയുള്ള പ്രളയത്തിന്റെ തോതായാണ് സെക്കന്‍ഡില്‍ 6003 ഘനമീറ്റര്‍ എന്ന കണക്ക് ജല കമ്മീഷന്‍ വെച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയില്‍ നില്ക്കുമ്പോഴുള്ള സ്ഥിതിയാണ് കമ്മീഷന്‍ പരിശോധിച്ചത്. 136 അടിയില്‍ നില്ക്കുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് കമ്മീഷന്‍ മൌനംപാലിക്കുകയായിരുന്നു. എന്നാല്‍, ഈ അവസ്ഥയിലും പ്രളയം അപകടം ചെയ്യുമെന്നാണ് കേരളത്തിലെ വിദഗ്ദ്ധര്‍ക്കു കിട്ടിയ പുതിയ വിവരം. 1943_ല്‍ മുല്ലപ്പെരിയാറിലുണ്ടായ പ്രളയത്തില്‍ സെക്കന്‍ഡില്‍ 8453 ഘനമീറ്റര്‍ എന്ന തോതിലാണ് വെള്ളം ഒഴുകിയെത്തിയത്. ഇത്തരത്തില്‍ ശക്തമായൊരു പ്രളയം മുല്ലപ്പെരിയാറിന് താങ്ങാനാവില്ല എന്ന് ഈ കണക്കുകളില്‍നിന്നുതന്നെ വ്യക്തമാവുന്നു.

സുപ്രിംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേസിനുവേണ്ടി പഠനം നടത്തവെയാണ് കേരളത്തിലെ വിദഗ്ദ്ധര്‍ക്ക് ഈ തെളിവുകിട്ടിയത്.

അണക്കെട്ടിലെ പ്രളയത്തിന്റെ സാധ്യതാപഠനം ഡല്‍ഹി ഐ.ഐ.ടി.യിലെ ഡോ. ഗൊസൈന്റെ നേതൃത്വത്തില്‍ നടക്കുന്നതിനിടെ കിട്ടിയ ഈ പുതിയ വിവരം തമിഴ്നാടുമായുള്ള ചര്‍ച്ചകളില്‍ കേരളത്തിന് ഏറെ ഗുണം ചെയ്തേക്കും.

ജലക്കമ്മീഷന്റെ റിപ്പോര്‍ട്ട് പഴയതാണെങ്കിലും കേരളം ഇക്കാര്യത്തെക്കുറിച്ച് ശരിക്കറിയുന്നത് ഇപ്പോഴാണ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇതുവരെ നടന്ന ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും പ്രധാനമായും ഉയര്‍ന്നുനിന്നത് അണക്കെട്ടിന്റെ ഭൌതിക ഘടനയിലുള്ള ബലക്ഷയം, അണക്കെട്ടിനു ദോഷകരമായേക്കാവുന്ന ഭൂചലനസാധ്യത തുടങ്ങിയ കാര്യങ്ങളായിരുന്നു. കേസുകളിലും കേരളം ജലസംബന്ധിയായ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതും പ്രധാന വിഷയമായി കടന്നു വരും.അണക്കെട്ടുകളുടെ വെള്ളപ്പൊക്കത്തിന്റെ സാധ്യത കണക്കെടുക്കുമ്പോള്‍, മുമ്പ് എന്നെങ്കിലും സംഭവിച്ചതിനേക്കാള്‍ വലിയ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയാണ് പരിഗണിക്കുക. എന്നാല്‍, ഇവിടെ അതുണ്ടായില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഉപദേശകന്‍ എ. മോഹനകൃഷ്ണന്‍ എഴുതി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇറിഗേഷന്‍ ആന്‍ഡ് പവര്‍ പ്രസിദ്ധീകരിച്ച പുസ്തകംതന്നെയാണ് ഇതിനു പ്രധാന തെളിവ്. 1943_ ല്‍ മുല്ലപ്പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കം സെക്കന്റില്‍ 8453 ഘനമീറ്റര്‍ എന്ന തോതിലായിരുന്നുവെന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്.

ശക്തമായൊരു പ്രളയം മുല്ലപ്പെരിയാര്‍ താങ്ങില്ലെന്നത് ഉറപ്പാണ്. അനിയന്ത്രിതമായി വെള്ളം ഉയര്‍ന്നാല്‍ ഈ ഗ്രാവിറ്റി ഡാം കവിഞ്ഞൊഴുകും. അങ്ങനെവന്നാല്‍ വെള്ളം വന്നുവീഴുന്ന താഴ്ഭാഗത്തെ മണ്ണിളകി, അണക്കെട്ട് തകരും. ലോകത്തെ ഗ്രാവിറ്റി ഡാമുകളില്‍ 40 ശതമാനവും തകര്‍ന്നത് വെള്ളപ്പൊക്കംകൊണ്ടാണ്.

മുല്ലപ്പെരിയാറില്‍ പരമാവധി ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തിയശേഷമുള്ള വലിയ വെള്ളപ്പൊക്കമുണ്ടായത് 1989 ജൂലായ് 25 നായിരുന്നു. അന്ന് ജലനിരപ്പ് 142.6 അടിവരെ ഉയര്‍ന്നു. അന്ന് സെക്കന്റില്‍ 1500 ഘനമീറ്ററായിരുന്നു വെള്ളമൊഴുകിയതിന്റെ കണക്ക്.

2. നിരോധിച്ചിട്ടും കപ്പലില്‍ പാമോയില്‍ എത്തുന്നു

തൃശ്ശൂര്‍: കേരകര്‍ഷകന്റെ രക്ഷയ്ക്കായി സംസ്ഥാനമാകെ പാമോയില്‍ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിന്റെ മഷി ഉണങ്ങുംമുമ്പ് ടണ്‍കണക്കിന് പാമോയില്‍ ഇറക്കാന്‍ നീക്കം. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചുകൊണ്ടാണ് പുതിയ നീക്കം നടക്കുന്നത്. കഴിഞ്ഞ 24നാണ് സംസ്ഥാനത്തെ തുറമുഖങ്ങള്‍ വഴിയുള്ള പാമോയില്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

നിരോധന ഉത്തരവിനെ മറികടന്ന് ജനവരി ഏഴിന് ബേപ്പൂര്‍ തുറമുഖത്ത് പാമോയില്‍ ഇറക്കാനാണ് നീക്കം. ഇതിനായി 7000 ടണ്‍ ക്രൂഡ് പാമോയിലുമായി ജനവരി ഒന്നിന് മലേഷ്യയില്‍നിന്ന് കപ്പല്‍ പുറപ്പെട്ടുകഴിഞ്ഞു. മലേഷ്യന്‍ കപ്പലായ എം.ടി. ഗോള്‍ഡന്‍ ട്രഡീഷന്‍ കൊണ്ടുവരുന്ന 7000 ടണ്‍ പാമോയിലും ബേപ്പൂരിലെ പാരിസണ്‍ ഫുഡ്സിന് വേണ്ടിയാണ്. കേന്ദ്രസര്‍ക്കാറിന്റെ വാണിജ്യമന്ത്രാലയം കേരളത്തിലെ ലക്ഷക്കണക്കിന് കേരകര്‍ഷകരുടെ നന്മ ലാക്കാക്കി കൊണ്ടുവന്ന ഒരു ഉത്തരവിനെ കോടതിയുടെ പിന്‍ബലത്തോടെ മാറ്റിമറിക്കാനുള്ള സ്വകാര്യ വ്യവസായ ഗ്രൂപ്പിന്റെ നീക്കം അധികൃതരില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്.

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വെളിച്ചെണ്ണ വിപണിയിലുണ്ടായ കുതിപ്പ് ഒരു കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കിതപ്പായി മാറുമോ എന്ന ആശങ്കയിലാണ് കേരകര്‍ഷകര്‍. ഏഴാംതീയതി ബേപ്പൂര്‍ തുറമുഖം വഴി പാമോയില്‍ ഇറക്കാന്‍ അനുമതി നല്കിയാല്‍ അത് കേന്ദ്രസര്‍ക്കാറിന്റെ നിരോധന ഉത്തരവിനെ തകിടം മറിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 16ന്കൊച്ചിയില്‍ മാത്രം പാമോയില്‍ ഇറക്കുമതി നിരോധിച്ചിരുന്നു. ഈ വിലക്കിനെതിരെ ഹൈക്കോടതിയില്‍ നിന്ന് ഒക്ടോബര്‍ 25ന് സ്റ്റേ സമ്പാദിച്ചുകൊണ്ട് പാരിസണ്‍ ഫുഡ്സ് മൂന്ന് കപ്പലില്‍പാമോയില്‍ ഇറക്കിയിരുന്നു. എന്നാല്‍ ബേപ്പൂര്‍ തുറമുഖം വഴിയുള്ള പാമോയില്‍ ഇറക്കുമതി ഉള്‍പ്പെടെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉയര്‍ന്ന ജനകീയ പ്രക്ഷോഭങ്ങളും മുഖ്യമന്ത്രിതലത്തിലുണ്ടായ ഇടപെടലുകളുമാണ് സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളും വഴിയുള്ള പാമോയില്‍ ഇറക്കുമതി നിരോധിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയത്തെ നിര്‍ബന്ധിതമാക്കിയത്. ഈ നിരോധനത്തെ കോടതി ഇടപെടലുകളുടെ പിന്‍ബലത്തോടെ നിര്‍വീര്യമാക്കാനുള്ള സ്വകാര്യ വ്യവസായ ലോബിയുടെ നീക്കമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

3. മധ്യപ്രദേശില്‍ സ്കൂളില്‍ പതിനഞ്ചുകാരന്‍ സഹപാഠിയുടെ വെടിയേറ്റു മരിച്ചു

സത്ന(മധ്യപ്രദേശ്): ഗുഡ്ഗാവിലെ സ്കൂളില്‍ വിദ്യാര്‍ഥി സഹപാഠിയുടെ വെടിയേറ്റു മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മധ്യപ്രദേശിലും സ്കൂളില്‍ വിദ്യാര്‍ഥി സഹപാഠിയുടെ വെടിയേറ്റു മരിച്ചു. സത്ന ജില്ലയിലെ ചൊരോനി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ് സഹപാഠിയെ വെടിവെച്ചുകൊന്നത്.

ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് നടക്കുന്ന ഇത്തരത്തിലെ രണ്ടാമത്തെ സംഭവമാണിത്. പത്താം ക്ലാസ്സുകാരനാണ് നാടന്‍തോക്കുപയോഗിച്ച് എട്ടാംക്ലാസ്സുകാരനെ വെടിവെച്ചു വീഴ്ത്തിയത്. വെടിയേറ്റ വിദ്യാര്‍ഥിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു ഏറ്റുമുട്ടല്‍. പരീക്ഷയ്ക്കുശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. അമേരിക്കന്‍ സ്കൂളുകളില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് സമാനമാണ് സത്നയിലേതെന്ന് പോലീസ് സൂപ്രണ്ട് കമല്‍ സിങ് രാത്തോഡ് അറിയിച്ചു. ഡിസംബര്‍ 11ന് ഹരിയാണയിലെ ഗുഡ്ഗാവില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ സഹാപാഠികള്‍ ചേര്‍ന്ന് വെടിവെച്ചുകൊന്നിരുന്നു.

4. മില്ലുടമകള്‍ നെല്ല് മറിച്ചുവിറ്റു _റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍

തിരുവനന്തപുരം: കര്‍ഷകരില്‍നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ച് സ്വകാര്യ മില്ലുകളെ ഏല്പിച്ചതില്‍ 51 കോടിയുടെ നെല്ല് മില്ലുടമകള്‍ മറിച്ചുവിറ്റതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.

അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന സെക്രട്ടറിമാരായ എ. ഷാജഹാന്‍, മണ്ണന്തല വിജയന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തിലാണ് ആരോപണമുന്നയിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി സ്വകാര്യ മില്ലുകളെ ഏല്പിച്ച 80,273 മെട്രിക് ടണ്‍ നെല്ലില്‍ 23,000 മെട്രിക് ടണ്ണിന്റെ അരിമാത്രമേ റേഷന്‍ വിതരണത്തിനായി മടക്കി നല്‍കിയിട്ടുള്ളൂ.

തിരികെ നല്‍കേണ്ട 57, 273 മെട്രിക് ടണ്‍ നെല്ലിന്റെ അരി പൊതുവിപണിയില്‍ അരിവില കൂടിയപ്പോള്‍ ചാക്കില്‍ നിറച്ച് മില്ലുടമകള്‍ അവരുടെ ‘ബ്രാന്റ് അരി’യായി മറിച്ചുവില്‍ക്കുകയാണ് ചെയ്തത്.

ഇത്തരത്തില്‍ അവര്‍ നൂറുകോടിയോളം രൂപയുടെ ലാഭമുണ്ടാക്കിയതായി നേതാക്കള്‍ പറഞ്ഞു.

നിശ്ചിത കാലാവധിക്കുള്ളില്‍ അരി തിരിച്ചേല്പിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍ മറിച്ചുവില്പനയ്ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി.

അരിവില കുതിച്ചുയര്‍ന്നിട്ടും സംഭരിച്ച നെല്ല് അരിയാക്കി വാങ്ങുന്നതിനോ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

ക്രിസ്മസും ബക്രീദും പ്രമാണിച്ച് അഞ്ച് കിലോ പച്ചരിയും ഒരുകിലോ സ്പെഷല്‍ പഞ്ചസാരയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക താലൂക്കുകളിലും വിതരണം നടന്നില്ലായെന്നും ബേബിച്ചന്‍ മുക്കാടന്‍ ചൂണ്ടിക്കാട്ടി.

5. ഭക്തര്‍ക്ക് അസൌകര്യമുണ്ടായാല്‍ ഇടപെടുമെന്ന് കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരാന്‍ വൈകുന്നതുമൂലം ഭക്തര്‍ക്ക് അസൌകര്യമുണ്ടായാല്‍ ഇടപെടുമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് പതിവായി യോഗം ചേരാത്തതിനാല്‍ ഉത്സവ നടത്തിപ്പിന് ഗ്രാന്റ് കിട്ടുന്നില്ലെന്നും മറ്റും കാണിച്ച് കൊഴിഞ്ഞനെല്ലൂര്‍ ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് രവീന്ദ്രന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജി പരിഗണനക്കെടുത്തപ്പോഴാണ് ജസ്റ്റിസ് പി.ആര്‍. രാമനും ജസ്റ്റിസ് വി.കെ. മോഹനനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ വാക്കാല്‍ പരാമര്‍ശം നടത്തിയത്.

ദേവസ്വം ബോര്‍ഡിന്റെ പരിഗണന കാത്തിരിക്കുന്ന അപേക്ഷകളുടെ പൂര്‍ണ പട്ടിക നല്‍കാന്‍ കോടതി ദേവസ്വം ബോര്‍ഡ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര പരിഗണന അര്‍ഹിക്കുന്ന അപേക്ഷകളുടെ പട്ടിക വേറെയും നല്‍കണം. വരുന്ന ചൊവ്വാഴ്ച ഹര്‍ജി വീണ്ടും കോടതി പരിഗണനക്കെടുക്കും.

ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ബോര്‍ഡംഗം പ്രസിഡന്റിനെതിരെ സത്യവാങ്മൂലം നല്‍കിയിരുന്നു. ബോര്‍ഡ് പ്രസിഡന്റ് വിസമ്മതിച്ചതുമൂലമാണ് യോഗം ചേരാത്തതെന്നാണ് ബോര്‍ഡംഗം പി. നാരായണന്‍ വ്യക്തമാക്കിയത്. എന്നാല്‍ ബോര്‍ഡ് പ്രസിഡന്റിന്റെ സൌകര്യമനുസരിച്ചാണ് ബോര്‍ഡ് യോഗം ചേരുകയെന്നാണ് ബോര്‍ഡ് പ്രസിഡന്റിനു വേണ്ടി ബോര്‍ഡ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങളും ബോര്‍ഡിന്റെ പരിഗണന കാത്തിരിക്കുന്നുണ്ടെന്ന് ബോര്‍ഡംഗം സുമതിക്കുട്ടിയമ്മയുടെ വിശദീകരണത്തി

1. ഭൂനയം കരട് നാളെ; ഭൂബാങ്ക് രൂപവത്കരിക്കും; മാഫിയയെ നിയന്ത്രിക്കും
തിരുവനന്തപുരം: അന്യാധീനപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യാനുസരണം വിനിയോഗിക്കുന്നതിനുമായി ഭൂബാങ്ക് രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ പുറത്തിറക്കുന്ന ഇടതുസര്‍ക്കാറിന്റെ ഭൂ നയത്തിന്റെ കരടിലാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിച്ചഭൂമി, പൊന്നുംവിലയ്ക്ക് വാങ്ങി ഇനിയും ഉപയോഗിക്കാത്ത ഭൂമി, പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍, റവന്യു ഭൂമി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും അന്യം നിന്നതുമായ എല്ലാ ഭൂമികളും ഭൂബാങ്കിന് കീഴിലാക്കും. മൂന്നാറില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയും ഇതിന് കീഴിലാക്കാനാണ് തീരുമാനം.

റവന്യു^രജിസ്ട്രേഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് കാലാകാലങ്ങളില്‍ ഭൂമി വില നിശ്ചയിക്കുന്നതിനും നിര്‍ദേശമുണ്ട്. പട്ടണപ്രദേശങ്ങളിലെ റവന്യു ഭൂമി ഏറ്റെടുത്ത് വരുമാനം വര്‍ധിപ്പിക്കുന്ന മാര്‍ഗത്തില്‍ വിനിയോഗിക്കും. ഇവ ആവശ്യമെങ്കില്‍ പൊതു ^സ്വകാര്യമേഖലകള്‍ക്ക് കൈമാറും. എന്നാല്‍ സര്‍ക്കാര്‍ ഭൂമി പൂര്‍ണമായും സര്‍ക്കാറിന്റെ ഉടമസ്ഥാവകാശത്തില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള കര്‍ശന വ്യവസ്ഥകളും ഭൂ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്താലും മേലില്‍ അവയുടെ ഉടമസ്ഥാവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കും. ഇതുസംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകളില്‍ അടിമുടി മാറ്റംവരുത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി ഒരു പദ്ധതിക്കും മേലില്‍ വെറുതെ പതിച്ചുനല്‍കേണ്ടതില്ലെന്ന സുപ്രധാന വ്യവസ്ഥയും ഭൂ നയത്തിലുണ്ട്. അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടുന്ന ഭൂമാഫിയകളെ നിയന്ത്രിക്കുന്നതിനും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നതിന് റവന്യു^ സര്‍വേ ^രജിസ്ട്രേഷന്‍ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് വിഭാഗം രൂപവത്കരിക്കാനും കരടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വ്യക്തിക്കും കുടുംബത്തിനും കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി കര്‍ശനമാക്കും. വ്യക്തിക്ക് കൃഷിഭൂമിയല്ലാതെ 15 ഏക്കറില്‍ കൂടുതല്‍ കൈവശംവെക്കാന്‍ പാടില്ലെന്ന ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ കൂടുതല്‍ കര്‍ക്കശമാക്കി നടപ്പാക്കുമെന്ന് കരട് നയത്തില്‍ പറയുന്നു. നിലവില്‍ കൈവശഭൂമി സംബന്ധിച്ച് സര്‍ക്കാറിന് കണക്കില്ല. പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുകയും ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് പകരം ഭൂമി, വീട്, തൊഴില്‍ എന്നിവ നല്‍കണമെന്നും നയത്തില്‍ വ്യവസ്ഥയുണ്ട്. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വ്യവസ്ഥ ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഭൂമി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ബിനാമി പേരുകളില്‍ ഭൂമി വാങ്ങുന്നവരെ പിടികൂടുന്നതിന് രജിസ്ട്രേഷന്‍ വകുപ്പിന് കൂടുതല്‍ അധികാരാവകാശങ്ങളും നയത്തില്‍ ഉറപ്പുനല്‍കുന്നു.

തണ്ണീര്‍ത്തടങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാരണവശാലും വിട്ടുകൊടുക്കില്ല. പരിസ്ഥിതിക്ക് അനുയോജ്യമായ വികസന പദ്ധതികള്‍ക്ക് മാത്രമേ മേലില്‍ അനുമതി നല്‍കൂ. ബണ്ടുകളുടെ നിര്‍മാണത്തിനും നിയന്ത്രണം കൊണ്ടുവരും. ജലഗതാഗതമാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തുന്ന വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കില്ല. നദികളുടെയും കായലുകളുടെയും ജല സ്രോതസ്സുകളുടെയും നീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിനും ഫലപ്രദമായ വിനിയോഗത്തിനും തണ്ണീര്‍ത്തട വിവരശേഖര സംവിധാനവും തണ്ണീര്‍ത്തട പരിപാലന സംവിധാനവും രൂപവത്കരിക്കുമെന്നും ഭൂനയത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. റവന്യു^ രജിസ്ട്രേഷന്‍ സര്‍വേ വകുപ്പുകളില്‍ കമ്പ്യൂട്ടര്‍വത്കരണം ഏര്‍പ്പെടുത്തും. റവന്യു വകുപ്പിനെ കമ്പ്യൂട്ടര്‍ ശൃംഖല വഴി രജിസ്ട്രേഷന്‍ ^സര്‍വേ വകുപ്പുകളുമായി ബന്ധിപ്പിക്കും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആവശ്യക്കാര്‍ക്ക് എല്ലാ റവന്യു രേഖകളും നിശ്ചിതസമയത്തിനകം നല്‍കുമെന്നും ഭൂ നയത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമഗ്രഭൂനയം പ്രഖ്യാപിക്കുന്നതെന്ന് റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

2. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് അനുമതി
തിരുവനന്തപുരം: കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായി കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. 3084 കോടി ചെലവു വരുന്ന പദ്ധതി ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാവും നടപ്പാക്കുക. ഇതിനായി ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാതൃകയില്‍ കമ്പനി രൂപവത്കരിക്കുമെന്നും മന്ത്രിസഭാ തീരുമാനം വിശദീകരിക്കവെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

മൊത്തം ചെലവിന്റെ 15 ശതമാനം (450 കോടി) സംസ്ഥാന സര്‍ക്കാറും 20 ശതമാനം (600 കോടി ) കേന്ദ്രസര്‍ക്കാറും നല്‍കും. ശേഷിക്കുന്ന തുക ജെ.ബി.ഐ.സിയില്‍നിന്ന് വായ്പയെടുക്കും. സംസ്ഥാനത്ത് നടപ്പാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയ സ്ഥാപനമാണ് ജെ.ബി.ഐ.സി. വായ്പയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ ഉടന്‍ നിയമിക്കും. കേന്ദ്ര അനുമതി ലഭിച്ചാലുടന്‍ കരാര്‍ ഒപ്പുവെക്കും. മൂന്നു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സംസ്ഥാന വിഹിതം അഞ്ചു വര്‍ഷംകൊണ്ട് കൊടുത്തുതീര്‍ത്താല്‍ മതി. പദ്ധതിക്കായി സ്ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സ്മാര്‍ട്ട്സിറ്റി അടക്കം കൊച്ചി കേന്ദ്രീകരിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ മെട്രോ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. തൃപ്പൂണിത്തുറ മുതല്‍ ആലുവവരെ 25.25 കിലോമീറ്ററാണ് റെയില്‍ ദൈര്‍ഘ്യം. ഭാരം കുറഞ്ഞ മൂന്ന് ബോഗികളാകും ഓരോ ട്രെയിനിലും ഉണ്ടാകുക. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രതിദിനം 50,000 ത്തോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതിയുടെ മാര്‍ഗരേഖ വൈകാതെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കും. ഒന്നാം ഘട്ടം പൂര്‍ത്തിയായാല്‍ ഉടന്‍ നഗരത്തിലെ മറ്റുപ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കും.

മുടങ്ങിക്കിടന്ന തലസ്ഥാന വികസനത്തിന് പൂഞ്ച്ലോയ്ഡ് കമ്പനിയുമായി നാളെ പുതിയ കരാര്‍ ഒപ്പുവെക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. നഗരത്തിലെ 42 കിലോമീറ്റര്‍ റോഡിന്റെ വികസനവും രണ്ട് മേല്‍പാലങ്ങളുടെ നിര്‍മാണത്തിനുമാണ് കരാര്‍ ഒപ്പുവെക്കുന്നത്. പഴവങ്ങാടി, ബേക്കറി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് മേല്‍പ്പാലം.

തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കമ്പനിയുമായാണ് ധാരണാപത്രം ഒപ്പുവെക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. കഴിയുന്നത്ര വേഗം പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി ശേഷിക്കുന്ന 10 ശതമാനം ഭൂമി ഏറ്റെടുക്കല്‍ നടപടി മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും. 105 കോടി കമ്പനി ആവശ്യപ്പെട്ടെങ്കിലും കഴിയുന്നത്ര തുക കുറക്കാന്‍ പൂഞ്ച്ലോയ്ഡ് തയാറായിട്ടുണ്ട്.

3. 34 പുതിയ സെസുകള്‍ക്ക് കേന്ദ്രാനുമതി
ന്യൂദല്‍ഹി: പുതിയ 34 പ്രത്യേക സാമ്പത്തിക മേഖലക്കു (സെസ്) കൂടി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കി. ഇതോടെ രാജ്യത്ത് നികുതിരഹിത പ്രത്യേക സാമ്പത്തിക മേഖലകളുടെ എണ്ണം 600 കവിയും.കേന്ദ്ര വാണിജ്യ സെക്രട്ടറി ഗോപാല്‍കൃഷ്ണ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിഗണിച്ച അപേക്ഷകളില്‍ നാലെണ്ണത്തിന് അന്തിമ അംഗീകാരവും 30 എണ്ണത്തിന് പ്രാഥമിക ഗ്രീന്‍ ചാനല്‍ അനുമതിയുമാണ് നല്‍കിയത്.

തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സേലം സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യക്കും സെസിന് അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തേ നോട്ടിഫൈ ചെയ്ത 187 സെസുകളില്‍ ഇതിനകം 56000 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി വാണിജ്യ സെക്രട്ടറി അറിയിച്ചു. 2008ല്‍ ഇവിടെ ലക്ഷം തൊഴിലവസരങ്ങളും ഉണ്ടാകും.
ഗോവയില്‍ നേരത്തേ അനുമതി നല്‍കിയ മൂന്നു സെസുകളുടെ അനുമതി പിന്‍വലിച്ച ഗോവ സര്‍ക്കാറിന്റെ നടപടി നിയമപ്രാബല്യമില്ലാത്തതാണെന്ന് സെക്രട്ടറി വ്യക്തമാക്കി. നോട്ടിഫൈ ചെയ്തുകഴിഞ്ഞ സെസുകളില്‍ പൂര്‍ണാധികാരം പാര്‍ട്ടികള്‍ക്കു മാത്രമാണ്.

സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ പ്രകാരം നല്‍കിയ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിന് കഴിയില്ല. പ്രശ്നം ഇനി സംസ്ഥാന സര്‍ക്കാറും പാര്‍ട്ടിയും മാത്രം ഉള്‍പ്പെട്ടതാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍, സെസ് അനുമതിക്കായുള്ള പുതിയ അപേക്ഷകള്‍ നിരസിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയും.

വ്യാപക രാഷ്ട്രീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ 31നാണ് ഗോവ സര്‍ക്കാര്‍ മൂന്ന് നോട്ടിഫൈഡ് സെസുകളുള്‍പ്പെടെ 15 പ്രത്യേക സാമ്പത്തിക മേഖലക്കുള്ള അനുമതി ഒറ്റയടിക്ക് റദ്ദാക്കാന്‍ തീരുമാനിച്ചത്.

1. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്അലവന്‍സ്അനുവദിച്ച്ഉത്തരവായി
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്സ്പെഷല്‍ അലവന്‍സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എല്ലാവര്‍ക്കും 2200 രൂപ മുതല്‍ 5500 രൂപവരെ വര്‍ധനവു ലഭിക്കുന്ന പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷല്‍ അലവന്‍സായി 2000 രൂപ, ഫോണ്‍ അലവന്‍സ്200 രൂപ, കോമ്പന്‍സേറ്ററി അലവന്‍സ്900 രൂപ എന്നിങ്ങനെയാണ് അലവന്‍സുകള്‍.

2. ചിക്കുന്‍ഗുനിയ, ഡെങ്കുപനി കൊതുകുകളുടെ വളര്‍ച്ച തടയുന്ന പരീക്ഷണം വിജയം
തിരുവനന്തപുരം: ചിക്കുന്‍ഗുനിയ, ഡെങ്കുപനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സഹകരണത്തോടെ നടത്തിയ പരീക്ഷണം വിജയം. പത്തനംതിട്ട ജില്ലയില്‍ റാന്നി പെരിനാട് പഞ്ചായത്തില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. പകര്‍ച്ചപ്പനി പരത്തുന്ന ഈഡീസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പെറ്റുപെരുകുന്നതിന്റെ തോത് ഏഴിലൊന്നായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആരോഗ്യ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊതുകു വളര്‍ച്ചയുടെ തോത് കുറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത്.

ചിക്കുന്‍ഗുനിയയും ഡെങ്കുപനിയും അടക്കമുള്ള പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിച്ചതിനു ശേഷം നവംബര്‍ അഞ്ചു മുതല്‍ ഏഴുവരെയും പരീക്ഷണത്തിനു ശേഷം ഡിസംബര്‍ നാലു മുതല്‍ ആറുവരെയും എന്‍ഡമോളജി ( ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം ) വിഭാഗം നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ താരതമ്യ പഠനത്തിലാണ് ഇപ്പോള്‍ പകര്‍ച്ചപനി പരത്തുന്ന കൊതുകുകള്‍ പെറ്റുപെരുകുന്നതിന്റെ തോത് കുറഞ്ഞതായി കണ്െടത്തിയിട്ടുള്ളത്.

ആദ്യ ഘട്ടത്തില്‍ മാടമണ്‍, പമ്പ, റാന്നി – പെരിനാട്, വടശേരിക്കര, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ ഭാഗങ്ങളില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതിന്റെ തോത് ഗുരുതരമായി ഉയര്‍ന്നതായി കണ്െടത്തിയിരുന്നു. ഇതില്‍ റാന്നി പെരിനാട് ഭാഗത്താണ് ഏറ്റവും അധികം കൊതുകു വളര്‍ച്ച കണ്െടത്തിയത്. ഇവിടെയാണ് കേരളത്തില്‍ ആദ്യമായി ചിക്കുന്‍ഗുനിയ കണ്െടത്തിയത്.

കൊതുകുകളുടെ പ്രജനനതോത് അളക്കുന്ന ബ്രൂട്ടോ ഇന്‍ഡക്സ് ഇവിടെ 179 ആയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായ ഇവിടെ ചിക്കുന്‍ ഗുനിയയും ഡെങ്കു പനിയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു.

ഈ സമയത്താണ് ഡല്‍ഹി കേന്ദ്രമാക്കി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അക്യൂഡിം കമ്പനി സര്‍ക്കാര്‍ സഹകരണത്തോടെ പെരിനാട് പഞ്ചായത്തില്‍ കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പരീക്ഷണം നടത്തിയത്. ഇതിനു ശേഷമാണ് എന്‍ഡമോളജി വിഭാഗം ഡിസംബര്‍ നാലു മുതല്‍ ആറു വരെ നിരീക്ഷണം നടത്തിയത്.

ഇതില്‍ കൊതുകുകളുടെ പ്രജനന തോതായ ബ്രൂട്ടോ ഇന്‍ഡക്സ് 49 ആയി കുറഞ്ഞതായി കണ്െടത്തി. അക്യൂഡിം ഒരു ദിവസം നടത്തിയ പ്രവര്‍ത്തനമാണ് ബ്രൂട്ടോ ഇന്‍ഡക്സ് ഏഴിലൊന്നായി കുറയാന്‍ കാരണം. ഇക്കാര്യവും ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.പെരിനാട് പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ നടത്തിയ പരീക്ഷണം വിജയമായ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ ആലോചിച്ചേക്കും.

ചിക്കുന്‍ഗുനിയയും ഡെങ്കു പനിയും അടക്കമുള്ള പകര്‍ച്ചപനികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പെരിനാട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ പകര്‍ച്ചപനി തടയുന്നതിനുള്ള മാര്‍ഗം കണ്െടത്തിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പും സര്‍ക്കാരും.

3. എ.ടി.എം കൌണ്ടര്‍ പൊളിച്ച് കവര്‍ച്ചാ ശ്രമം
തൃശൂര്‍: പേരാമംഗലം എ.ടി.എം കൌണ്ടര്‍ തകര്‍ക്കാന്‍ശ്രമം. പേരാമംഗലത്ത് സൌത്ത്ഇന്ത്യന്‍ ബാങ്ക് എ.ടി.എം കൌണ്ടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഇന്നുവെളുപ്പിന് സെക്യൂരിറ്റിക്കാരന്‍ ബാത്ത്റൂമില്‍പോയ തക്കംനോക്കിയാണ് രണ്ടംഗസംഘം എ.ടി.എം കൌണ്ടര്‍ കവര്‍ച്ചയ്ക്ക് മുതിര്‍ന്നത്. പെട്ടെന്ന് സെക്യൂരിറ്റിക്കാരന്‍ സ്ഥലത്തെത്തിയതിനാല്‍ ശ്രമം വിജയിച്ചില്ല. കൌണ്ടര്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടില്ല. പോലീസില്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടെ ഒരാള്‍ വലയിലായതായി സൂചനയുണ്ട്. അപരനുവേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

4. മലയാളിയുടെ കഞ്ഞികുടി മുട്ടുന്നു; മിച്ചം ഒരാഴ്ചത്തേക്കുള്ള അരി
തിരുവനന്തപുരം: സംസ് ഥാനത്തിന്റെ പത്തായത്തില്‍ ഇനി അവശേഷിക്കുന്നത് കഷ്ടിച്ച് ഒരാഴ്ചത്തേക്കുള്ള അരി മാത്രം. ഇത് മൊത്ത വ്യാപാരികളുടെ കൈകളിലാണ്. ചര്‍ച്ചകളും കൂടിക്കാഴ്ചകളും വഴിക്ക് നടക്കുന്നുണ്െടങ്കിലും സംസ്ഥാനത്തെ അരിവില ഉയര്‍ന്ന് തന്നെ. ആന്ധ്രയില്‍ നിന്നും അരി ഉടന്‍ വീണ്ടും എത്തി തുടങ്ങിയില്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും അരിക്ഷാമം രൂക്ഷമാകും.

വിപണികളില്‍ ഇപ്പോള്‍ തന്നെ അരിയുടെ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മൊത്തവ്യാപാരികള്‍ വന്‍തോതില്‍ അരി ശേഖരിച്ചിട്ടുള്ളതിനാല്‍തിനാല്‍ വിപണിയിലെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുകയും നിയന്ത്രണം ഇവരിലേക്ക് മാത്രമായി ചുരങ്ങുകയും ചെയ്യും. ഇതുവരെ ആന്ധ്രയില്‍ നിന്ന് സംസ്ഥാനത്തേക്ക് സുഗമമായ രീതിയില്‍ അരി എത്തിത്തുടങ്ങിയിട്ടില്ല. ഇത് പരിഹരിക്കാനും അരി പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ വിളവെടുപ്പ് കാലത്ത് തന്നെ സംഭരിച്ച് നല്‍കുന്നതിനും ദീര്‍ഘകാലത്തെ കരാര്‍ ഒപ്പിടുന്നതിനും സിവില്‍ സ്പ്ളൈസ് എം.ഡി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആന്ധ്രയ്ക്ക് തിരിച്ചിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നു തന്നെയാണ് ഭക്ഷ്യ വകുപ്പിന്റെ വിശ്വാസം. ളജിയുടേയും സംയുക്ത സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിപണയില്‍ എണ്ണവില കൂടിയതു കാരണം പെട്രോളിന്റേയും ഡീസലിന്റേയും വില അനിയന്ത്രിതമായി ഉയരുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അരി വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികളുടെ പക്ഷം. ക്രിസ്മസും ബക്രീദും പ്രമാണിച്ച് ആരംഭിച്ച സ്പെഷ്യല്‍ ബസാറുകളും അരിക്കടകളും അവശ്യസാധന വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വില നിയന്ത്രണാധീതമാകുന്നത് വരെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൃത്രിമവും തടയാനായി സിവില്‍ സ്പ്ളൈസിന്റേയും ലീഗല്‍ മെട്രോ ഒരു ലക്ഷത്തിലധികം രൂപ ഇതുവരെ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. വിപണിയില്‍ അരിയുടെ വില ഇപ്പോഴും 21 രൂപയാണ്.

പച്ചരിയുടെ വില 17.50 രൂപയില്‍ തന്നെ ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ വില നിയന്ത്രിക്കാനായി ആരംഭിച്ച പീപ്പിള്‍ ബസാറുകളില്‍ നിന്നും ഗുണഭോക്താക്കള്‍ അല്ലാത്തവര്‍ അരി മൊത്തമായി ശേഖരിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കുത്തക വ്യാപാരികളുടെ ചെറു സംഘങ്ങള്‍ പീപ്പിള്‍ ബസാര്‍ വഴി വിതരണം ചെയ്യുന്ന 14 രൂപയുടെ അരി ശേഖരിച്ച് വിപണിയില്‍ 21 രൂപയ്ക്ക് വില്‍ക്കുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. പീപ്പിള്‍ ബാസാറില്‍ നിന്നും അരി വാങ്ങുന്നത് ഗുണഭോക്താവാണോ അരി വാങ്ങാനെത്തുന്നതെന്ന പരിശോധന ഇല്ലാത്തത് കാരണം ഈ തട്ടിപ്പ് അധികൃതരും മനസിലാക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. റേഷന്‍കാര്‍ഡിന്റെ അടിസ്ഥാനിലോ മറ്റ് അനുബന്ധ രേഖകളുടെ അടിസ്ഥാനത്തിലോ അരിവിതരണം ചെയ്യുന്നതാണ് തട്ടിപ്പ് തടയാനുള്ള മാര്‍ഗമായി ഉദ്യോഗസ്ഥരില്‍ ചിലരും പറയുന്നത്. അല്ലെങ്കില്‍ റേഷന്‍കട വഴി അരിയുള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുക. റേഷന്‍ കടകള്‍ വഴി ജനങ്ങള്‍ക്ക് ആവശ്യത്തിന് പച്ചരി വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പല റേഷന്‍ കടകളിലും പച്ചരി ഇതുവരെ എത്തിയിട്ടില്ല. എത്തിയ കടകളിലാകട്ടെ പറഞ്ഞതിലും വളരെ കുറവാണെന്നാണ് റേഷന്‍ വ്യാപാരികളുടെ പരാതി.

1. എല്ലാ എസ്പി ഓഫിസിലും നോര്‍ക്ക സെല്‍
കൊച്ചി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ എസ്പി ഓഫിസുകളിലും നോര്‍ക്ക സെല്‍ സ്ഥാപിക്കുമെന്ന് അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. നോര്‍ക്ക സംഘടിപ്പിച്ച കേരളീയ പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസത്തെ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

പ്രവാസിമലയാളികളുടെ യഥാര്‍ഥ കണക്ക് ഇന്നും ലഭ്യമല്ല. വിവരശേഖരണത്തിനാവശ്യമായ തയ്യാറെടുപ്പ് സര്‍ക്കാര്‍ നടത്തുന്നുണ്ട്. നിരവധിപേരുടെ ജീവിതം തകര്‍ക്കുന്ന വ്യാജറിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

ഗള്‍ഫ് രാജ്യങ്ങളുടെ പേരുപറഞ്ഞ് ഇറാഖിലേക്ക് തൊഴിലാളികളെ കടത്തുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കും. ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അറബ് രാജ്യങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കും – മന്ത്രി പറഞ്ഞു.

2. സ്റ്റേഷനില്‍നിന്ന് ഡിവൈഎഫ്ഐ പ്രതിയെ മോചിപ്പിച്ചു
കുറ്റ്യാടി: പൊലീസിനെ അക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ നേതൃത്വത്തിലെത്തിയ ഒരുസംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. വേളം കൃഷിഭവനില്‍ ബന്ദിയാക്കിയ ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ എത്തിയ പൊലീസുകാരന്‍ ഷാജിയെ ചവിട്ടി പരുക്കേല്‍പിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയ കൂളിക്കുന്നിലെ പാറച്ചാലില്‍ ലിനീഷിയാണ് (28) ബുധനാഴ്ച രാത്രി 11 ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചത്. പിടിവലിക്കിടിയില്‍ ശ്രീജിത്ത്, പ്രഭാകരന്‍ എന്നീപൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. സ്റ്റേഷന്‍ മുറ്റത്തെ ചെടിചട്ടിയും തല്ലിതകര്‍ത്തിട്ടുണ്ട്.

ന്യായവിരോധമായി സംഘംചേര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പ്രതിയെ മോചിപ്പിക്കുകയും, ഒൌദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. കുഞ്ഞമ്മദ്കുട്ടി, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.കെ. നാണു, ഡിവൈഎഫ്ഐ നേതാവ് ഗിരീഷന്‍, പെരുവയിലെ വേണു, ബാബു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 35 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബുധനാഴ്ച രാത്രി എട്ടിനാണ് പ്രതിയെ അറസ്റ്റ്ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രാത്രി 11ന് മോചിപ്പിക്കുകയും ചെയ്തു. എഎസ്പി അനൂപ് കുരുവിള ജോണ്‍ രാത്രിതന്നെ കുറ്റ്യാടിയില്‍ എത്തിഅന്വേഷണം ആരംഭിച്ചു.

സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ വാഴകൃഷി വികസന പദ്ധതിക്കായി വേളം കൃഷിഭവന്‍ മുഖേന വിതരണം ചെയ്ത പണം സിപിഐ ഒത്താശയോടെ വാഴകൃഷി ചെയ്യാതെ ചിലര്‍ തട്ടിയെന്നാരോപിച്ചാണ് കഴിഞ്ഞ നവംബര്‍ 12 ന് വേളം കൃഷിഭവന്‍ ഉദ്യോഗസ്ഥരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബന്ദിയാക്കിയത്. ഇവരെ മോചിപ്പിക്കാന്‍ ചെന്നപ്പോഴാണ് ഷാജിയെന്ന പൊലീസുകാരന് മര്‍ദനമേറ്റത്.

അതേസമയം താന്‍  പ്രതിയെ മോചിപ്പിച്ചെന്ന ആരോപണം ശരിയല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. പി. കുഞ്ഞമ്മദ്കുട്ടി പറഞ്ഞു. രാത്രി താന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ട്കൊടുക്കാന്‍ പറ്റുമോ എന്ന് എസ്ഐയോട് ചോദിച്ചിരുന്നതായും ഉടന്‍തന്നെ വീട്ടിലേക്ക് പോയതായും കുഞ്ഞമ്മദ്കുട്ടി പറഞ്ഞു.

3. ഇറക്കുമതിച്ചൂങ്കം കുറച്ചു; കേരളത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ അസോസിയേഷനിലെ (സാര്‍ക്) ബംഗദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്നു 4800 ഇനം സാധനങ്ങളും ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള ചുങ്കം ഇന്ത്യ റദ്ദാക്കി.

പാക്കിസ്ഥാനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള ചുങ്കത്തില്‍ ഗണ്യമായ കുറവും പ്രഖ്യാപിച്ചു.ഭക്ഷ്യഎണ്ണകള്‍, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങള്‍, പാലും പാലുല്‍പന്നങ്ങളും, ഉണക്കിയ പഴവര്‍ഗങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ഇവയില്‍ മിക്കതും ഉല്‍പാദിപ്പിക്കുന്ന കേരളത്തിനു വന്‍ തിരിച്ചടിയാവുന്ന നടപടിയാണിത്. കേരളം കയറ്റിയയയ്ക്കുന്ന പല ഉല്‍പന്നങ്ങളും സ്വതന്ത്ര ഇറക്കുമതി അനുവദിച്ചവയിലുണ്ട്.

സാര്‍ക് മേഖലാവ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി ഒന്നിനാണ് ഇൌ ഇളവുകള്‍ നിലവില്‍ വന്നതെന്നു വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 16-40% ഇറക്കുമതിച്ചുങ്കമുണ്ടായിരുന്ന ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ പൂര്‍ണ ഇളവു നല്‍കിയത്.പാക്കിസ്ഥാനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഇതേ സാധനങ്ങള്‍ക്കു മേലില്‍ 12-20% വരെയാണു പരമാവധി ഇറക്കുമതിച്ചുങ്കം. ബംഗദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് എല്ലാ ഇനം മരുന്നുകളുടെയും ഇറക്കുമതിച്ചുങ്കം 12.5ല്‍ നിന്നു 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

പക്ഷേ, ഇൌ ഇളവ് പാക്ക് – ലങ്കന്‍ മരുന്ന് ഇറക്കുമതിക്കില്ല. പാക്കിസ്ഥാനും ലങ്കയും ഒഴികെയുള്ള സാര്‍ക് രാജ്യങ്ങളില്‍ നിന്നുള്ള വളം, സിമന്റ്, ചുണ്ണാമ്പുകല്ല് എന്നിവയുടെ ഇറക്കുമതിച്ചുങ്കം 10 ശതമാനമായി കുറച്ചു.നാലു സാര്‍ക് രാജ്യങ്ങള്‍ക്കു മാത്രം ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയത് അവിടെ നിന്ന് ഈ സാധനങ്ങള്‍ വന്‍തോതില്‍ കയറ്റിയയയ്ക്കാന്‍ സാധ്യതയില്ലാത്തതു കൊണ്ടാണെന്നു വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

പാലുല്‍പന്നങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നോ ശ്രീലങ്കയില്‍ നിന്നോ ഇന്ത്യയിലേക്കു കൊണ്ടുവരണമെങ്കില്‍ 20% ചുങ്കം നല്‍കണം. ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിച്ചുങ്കം കുറച്ചത് ഇന്ത്യയെ ബാധിക്കില്ലെന്നു കരുതുന്നു. കാരണം, സാര്‍ക് രാജ്യങ്ങളൊന്നും പാമോയില്‍ കയറ്റുമതി ചെയ്യുന്നവയല്ല.

വളഞ്ഞവഴിക്കുള്ള ഇറക്കുമതി അപകടഭീഷണി
നാലു സാര്‍ക്ക് രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്കു മാത്രമാണ് ഇളവെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തശേഷം ഇന്ത്യയിലേക്ക് ഇവ കയറ്റിയയയ്ക്കുമെന്ന ഭീഷണിയുണ്ട്. കൊളംബോ വഴിയാണ് ഇത്തരം കയറ്റുമതി കൂടുതലും നടക്കുന്നത്. സുഗന്ധദ്രവ്യങ്ങളും ഭക്ഷ്യഎണ്ണയും ഇങ്ങനെ വരാന്‍ തുടങ്ങിയാല്‍ കേരളത്തിനു വന്‍ തിരിച്ചടിയാകും.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )