നോക്കുകൂലി – ഭാഗം രണ്ട്

പേരുകള്‍ പലത്; കാര്യം ഒന്ന്
കെ.എ. ബാബു

നോക്കുകൂലിയുടെ ‘മഹത്ത്വം’ കൊച്ചി തുറമുഖം വഴി രാജ്യാന്തരങ്ങളിലേക്കും കയറ്റിയയയ്ക്കുന്നുണ്ട്. ‘ഭൂതപ്പണം’ എന്ന കൊച്ചി തുറമുഖത്തെ നോക്കുകൂലി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും എത്തുന്ന കപ്പലുകള്‍ക്ക് ഇപ്പോള്‍ പരിചിതമാണ്. ‘ഭൂതപ്പണം’ മൊഴിമാറ്റം ചെയ്ത് ഇംഗ്ലീഷില്‍ ‘ഗോസ്റ്റ് മണി’ എന്നാക്കി. എന്നിട്ടും മനസ്സിലാവുന്നില്ലെങ്കില്‍ തുറമുഖത്ത് ചരക്കിറക്കാതെ കെട്ടിക്കിടക്കുമ്പോള്‍ തനിയേ മനസ്സിലാവും.

കപ്പലില്‍നിന്ന് കാലതാമസം കൂടാതെ ചരക്ക് ഇറക്കി നല്കുന്നതിന് തൊഴിലാളിക്ക് കൊടുക്കുന്ന കൈക്കൂലിയാണ് ‘ഭൂതപ്പണം’. ഭൂതം കൊടുക്കാന്‍ തയ്യാറല്ലാത്ത കപ്പലുകള്‍ ദിവസങ്ങളോളം കെട്ടിക്കിടക്കേണ്ടിവരും. നഷ്ടമോര്‍ത്ത് പലരും ഭൂതപ്പണം നല്കും. അത് ലക്ഷക്കണക്കിന് രൂപയാണ്.
രണ്ടുമാസം മുമ്പ് ഭൂതപ്പണം പറ്റുന്ന മേഖലയില്‍ പണിക്ക് കയറിയ ഫോര്‍ട്ടുകൊച്ചിയിലെ ഒരു തൊഴിലാളി കൊച്ചിയില്‍ രണ്ടുവീടും ഒരു കടമുറിയും വാങ്ങി എന്നു പറയുമ്പോള്‍ ലഭിക്കുന്ന പണത്തിന്റെ കണക്ക് ഏകദേശം ഊഹിക്കാം. ഈ അവസ്ഥയോര്‍ത്ത് കൊച്ചിയില്‍നിന്ന് പല ചരക്കുകപ്പലുകളും വഴിമാറി. തൂത്തുക്കുടിയിലേക്കും വിശാഖപട്ടണത്തേക്കുമാണ് പലതും പോയത്. അവിടെ ഭൂതപ്പണമില്ല.


കപ്പലുകള്‍ വഴിമാറി കൊച്ചി തുറമുഖം നാശത്തിലേക്ക് നീങ്ങുന്നതുകണ്ട് അധികൃതര്‍ ഭൂതപ്പണത്തിനെതിരെ രംഗത്തുവന്നപ്പോള്‍ പ്രതിരോധവുമായി യൂണിയന്‍ നേതാക്കളും രംഗത്തെത്തി. തൊഴിലാളികള്‍ മൂന്നും നാലും ദിവസം ചെയ്യുന്ന ജോലി രണ്ടുദിവസംകൊണ്ട് അധികം ചെയ്ത് പൂര്‍ത്തിയാക്കുന്നതിന് വാങ്ങിക്കുന്ന അധ്വാനത്തുകയായി ഭൂതപ്പണത്തെ കണ്ടാല്‍ മതിയെന്ന് അവര്‍ വാദിച്ചു. തൊഴിലാളികളുടെ സംഘബലത്തിനും രാഷ്ട്രീയപിന്‍ബലത്തിനും മുമ്പില്‍ അധികൃതര്‍ നമിച്ചു.
ഇതിനുപുറമെ കെട്ടുകൂലിയെന്നും അട്ടിക്കൂലിയെന്നും വിളിക്കുന്ന രണ്ടുതരം നോക്കുകൂലിയുംകൂടി ഇവിടെയുണ്ട്. തുറമുഖത്തുനിന്നും ലോറിയില്‍ ചരക്ക് കയറ്റി ടാര്‍പോളിന്‍ ഷീറ്റിട്ട് കെട്ടിയുറപ്പിച്ച് ചുമട്ടുതൊഴിലാളികള്‍ നല്കിയിരുന്നു. ക്രമേണ കെട്ടുന്നതിന് പ്രത്യേകം കൂലി വാങ്ങിത്തുടങ്ങി. കൊടുത്തില്ലെങ്കില്‍ ലോറിയില്‍നിന്നു വഴിനീളെ ചരക്ക് ചിതറിവീഴും. അതുപിന്നെ തുറമുഖത്തേക്ക് കൊണ്ടുവരുന്ന ചരക്കിറക്കാന്‍ കെട്ടഴിക്കുന്നതിനും വേണമെന്നായി. ഇതിനെതിരെയും ചിലരൊക്കെ പ്രതിഷേധിച്ചുനോക്കി. അവര്‍ക്കും കിട്ടി മറുപടി. ലോറിയില്‍ ചരക്ക് കെട്ടിവെക്കുന്നത് വിദഗ്ധമായി ചെയ്യേണ്ട ഒന്നാണ്. അതില്‍ പ്രത്യേക അധ്വാനമുണ്ട്. അതിനാല്‍ പ്രത്യേകമായി പണം നല്കണമെന്നും അവര്‍ വാദിച്ചു. പക്ഷേ, ലോഡ് കെട്ടിവെക്കുന്ന ലോറി മാറി കണ്ടെയ്‌നര്‍ എത്തിയിട്ടും കെട്ടുകൂലിപ്പണം വേണ്ടെന്നു വെച്ചിട്ടില്ല. കണ്ടെയ്‌നറിന്റെ വാതില്‍ പൂട്ടുന്നതിന് കമ്പി ഉറപ്പിച്ചു നല്കുന്നതിന് കെട്ടുകൂലി വേണ്ട. ‘ചായക്കാശ്’ മതി. ഒരു കണ്ടെയ്‌നറില്‍നിന്നുമാത്രം 1000 രൂപയാണ് ‘ചായക്കാശ്’.

കണ്ടെയ്‌നറില്‍ ചാക്കുകള്‍ അടുക്കി വെക്കുന്നതിനും പ്രത്യേക കൂലി നല്കണം. ചുമട്ടുതൊഴിലാളി ഭാരം ചുമക്കുന്നവന്‍ മാത്രമാണിവിടെ. ചുമട് അട്ടിപ്പാകത്തിന് വെക്കുന്നതിന് ‘അട്ടിക്കൂലി’ നല്കണം.
പതിനായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന കൊച്ചി തുറമുഖം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒരു കാരണം ഈ നോക്കുകൂലി കൂടിയാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സെസ് മേഖലയാകുമ്പോള്‍ തൊഴിലാളികളുടെ കൊള്ളയടി നടക്കില്ലെന്ന ആശ്വാസത്തിലാണ് ചില കയറ്റുമതിക്കാര്‍.
കൊച്ചിയില്‍ മണല്‍, പൂഴി എന്നിവയുമായി വരുന്ന ടിപ്പര്‍ ലോറിക്ക് മുന്നില്‍ ഇറക്കുന്ന സ്ഥലത്തിന് തൊട്ടുമുമ്പ് ഒരു ചുമട്ടുതൊഴിലാളി പ്രത്യക്ഷപ്പെട്ടിരിക്കും. ‘കാണിക്ക’ മേടിക്കാനാണിത്. ടിപ്പറില്‍ ലോഡിറക്കുന്നതിനുള്ള നോക്കുകൂലിയാണ് ‘കാണിക്ക’. 100 മുതല്‍ അഞ്ഞൂറുവരെ തരംപോലെ വാങ്ങും. ചതുപ്പടിച്ചു നികത്താനാണെങ്കില്‍ കോളടിച്ചതുതന്നെ. മിക്കവാറും നിയമം ലംഘിച്ചാവും നികത്ത്. അതിനിടയില്‍ തൊഴിലാളിയുടെ പൊല്ലാപ്പുകൂടി വേണ്ടെന്നു കരുതി മിക്കവാറും വന്‍ തുക യൂണിയന് നല്കും.
തൃശ്ശൂരും ആലപ്പുഴയും ഇതിന് ‘വെള്ളംകുടിക്കാശെ’ന്നും പറയും. ജെ.സി.ബി.യും ടിപ്പറും ഉപയോഗിക്കുമ്പോള്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലക്കാര്‍ പറയും, നോക്കുകൂലി വേണ്ട, ‘ഉത്സവബത്ത’ തന്നാല്‍ മതിയെന്ന്. സാക്ഷാല്‍ നോക്കുകൂലിതന്നെ ഇതും. ടിപ്പറുകള്‍ക്ക് 100 രൂപ മുതല്‍ 500 രൂപവരെ വാങ്ങുമ്പോള്‍ ജെ.സി.ബി. ഒരുദിവസം ഉപയോഗിക്കുമ്പോള്‍ 3500 രൂപവരെ നോക്കുകൂലിയായി വാങ്ങും.

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള ജില്ലകളില്‍ വീട്ടിലേക്ക് മാര്‍ബിള്‍ ഇറക്കിയാല്‍ തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്കണം. ‘ഗ്രാനൈറ്റ് കാശ്’ എന്നപേരിലാണ് ഇത് പല സ്ഥലത്തും അറിയപ്പെടുന്നത്. മാര്‍ബിള്‍ കടയിലെ തൊഴിലാളികള്‍തന്നെ വന്നിറക്കിക്കൊടുത്താലും 500 മുതല്‍ 1500 രൂപവരെ നോക്കുകൂലി വാങ്ങും. വന്‍കിട വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും തുക വേറെയാണ്.
‘അവധിക്കാശ്’ എന്നൊരു നോക്കുകൂലിയുണ്ട്. നോക്കുകൂലിയുടെ പറുദീസയായ ആലപ്പുഴയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഒരു പണി നടക്കുമ്പോള്‍ പൊതുഅവധി ദിവസങ്ങളില്‍ കൂലിയുടെ ഒരു ഭാഗം നല്കണമെന്നതാണ് ഇതിന്റെ നിയമം. അമ്പലപ്പുഴ ഐ.ടി. പാര്‍ക്ക് നിര്‍മാണത്തിനായി കല്‍ക്കെട്ട് നിര്‍മിച്ചപ്പോള്‍ കരാറുകാരായ എറണാകുളത്തെ സ്വകാര്യ കമ്പനിക്കാരോട് ആറു തൊഴിലാളികള്‍ക്കുവേണ്ടി അവധിക്കാശുചോദിച്ചത് 35,000 രൂപയാണ്. ഇത്രയും തുക നല്കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ ഫലം: നാലുമീറ്ററോളം കല്‍ക്കെട്ട് ഇവിടെ പൊളിച്ചുകളഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിര്‍മാണ മേഖലയില്‍ ‘തച്ച്’ എന്ന പേരിലും നോക്കുകൂലിയുണ്ട്. ഏതെങ്കിലുമൊരു നിര്‍മാണം നടക്കുമ്പോള്‍ തൊഴിലാളികളുടെ ലീഡര്‍ അല്ലെങ്കില്‍ കണ്‍വീനര്‍ പണിയെടുക്കാതെ വാങ്ങിക്കുന്ന തുകയാണിത്. തൊഴിലുടമയില്‍നിന്ന് കൂലിവാങ്ങി വീതംവെക്കല്‍, രാഷ്ട്രീയപ്രകടനത്തിനും മറ്റുമായി തൊഴിലാളികളെ കൊണ്ടുപോകല്‍ തുടങ്ങിയവയാണ് കണ്‍വീനര്‍ ചെയ്യുന്ന ജോലി. കൊച്ചിയില്‍ സൈറ്റ് കണ്‍വീനര്‍ ഒരു താരംതന്നെയാണ്. ചില വന്‍കിട കെട്ടിട നിര്‍മാതാക്കള്‍ എളുപ്പത്തില്‍ കെട്ടിടനിര്‍മാണം നടത്താന്‍ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കും. അതിന് കണ്‍വീനറെ ‘ഒന്നു കണ്ടാല്‍’ മതി. എതിര്‍പ്പൊന്നും ഉണ്ടാവില്ല. യൂണിയന്‍ തൊഴിലാളികള്‍ മാറിനില്‍ക്കും.
കെട്ടിടങ്ങളുടെ വാര്‍ക്കലിന് കമ്പികെട്ടുന്ന ജോലി കൊച്ചി നഗരത്തില്‍ രാവിലെ ആറുമുതല്‍ എട്ടരവരെയുള്ള സമയത്താണ് ചെയ്യുന്നത്. ഇത്രയും നേരം പണിയെടുക്കുന്ന തൊഴിലാളിക്ക് ഒരുദിവസത്തെ കൂലിയുണ്ട്. എളുപ്പമുള്ള ഈ പണി കിട്ടാന്‍ നിര്‍മാണ തൊഴിലാളികള്‍ കണ്‍വീനര്‍ക്ക് ചില ‘ഉപഹാര’ങ്ങളൊക്കെ നല്കണമെന്നു മാത്രം. കണ്‍വീനര്‍ക്ക് വീടുപണിയെങ്ങാനും നടക്കുന്നുണ്ടെങ്കില്‍ കെട്ടിടം വെക്കാന്‍ സാധനങ്ങള്‍ ബഹുനില കെട്ടിടം വെക്കുന്ന കോണ്‍ട്രാക്ടര്‍ നല്കണം. തൊഴിലാളികള്‍ കാശും സേവനവും നല്കിയില്ലെങ്കില്‍ കണ്‍വീനറുടെ ‘സ്വഭാവ’മറിയും.

നിര്‍മാണ മേഖലയില്‍ നോക്കുകൂലി പ്രോത്സാഹിപ്പിക്കുന്നത് ഫ്‌ളാറ്റ് നിര്‍മാതാക്കളാണെന്നാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ സി. ചന്ദ്രസേനന്‍ നായര്‍ പറയുന്നത്. അതിന്റെ ഫലം അനുഭവിക്കുന്നത് ആറ്റുനോറ്റ് ഒരു വീടുവെക്കുന്ന സാധാരണക്കാരാണ്. ബഹുനില കെട്ടിട നിര്‍മാണ ലഹരിയിലാണ് തൊഴിലാളികള്‍ വീടുനിര്‍മാതാവിനോടും നോക്കുകൂലി ചോദിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.


4.86 കോടിയുടെ നോക്കുകൂലി വെട്ടിപ്പ്

നോക്കുകൂലിയുടെ മറ്റൊരു രൂപമായ കെട്ടുകൂലിയുടെ പേരില്‍ കൊച്ചി തുറമുഖത്ത് നടന്ന വെട്ടിപ്പ് ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 4.86 കോടി രൂപയുടെ നോക്കുകൂലി തട്ടിപ്പാണ് ഇതിലൂടെ പുറത്തായത്. എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പ്രതികളെ അറസ്റ്റുചെയ്തു. നോക്കുകൂലിത്തുകയുടെ വലിപ്പം പുറംലോകമറിഞ്ഞത് ഈ സംഭവത്തിലൂടെയാണ്.
2002-2006 കാലത്താണ് കേസ്സിന്നാസ്​പദമായ സംഭവം. ഐലന്റ് എന്‍.കെ. പൂള്‍ ലീഡറായിരുന്ന കെ.എസ്. ജബ്ബാറും കൂട്ടുതൊഴിലാളികളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പൂളിലെ സഹ തൊഴിലാളികളെക്കൊണ്ട് ലോറി ഡ്രൈവര്‍മാരില്‍നിന്നു കെട്ടുകൂലിപ്പണം അനധികൃതമായി വാങ്ങും. കെട്ടുകൂലിക്ക് ആധികാരികത നല്കാന്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന രശീതുബുക്കുപയോഗിച്ചു. കൃത്രിമം നടത്തി തട്ടിയെടുത്തിരുന്ന പണത്തിലെ ഒരു ഭാഗം എടുത്തശേഷം തൊഴിലാളികള്‍ ജബ്ബാര്‍ മുഖേന യൂണിയന്‍ നേതാവായ വി.എച്ച്. മുഹമ്മദ് റഫീക്കിനെ ഏല്പിക്കുകയായിരുന്നെന്ന് അറസ്റ്റിലായവര്‍ നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

(തുടര

കടപ്പാട് – മാതൃഭൂമി 21-12-2010

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w