നോക്കുകൂലി – ഭാഗം ഒന്ന്

ഇ.എം.എസ്സിന്റെ മുന്നില്‍ വീണ കണ്ണീര്‌

കെ.എ. ബാബു

പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തട്ടിയെറിഞ്ഞ് ‘നോക്കുകൂലി’ ഇവിടെ വളരുകയാണ്. നീതിക്കോ ധാര്‍മികതയ്‌ക്കോ നിരക്കാത്ത ഒരു സമ്പ്രദായത്തിനു വഴങ്ങേണ്ടിവരുന്ന ദയനീയ അവസ്ഥയിലാണ് കേരളീയര്‍


ലിസമ്മ നിര്‍ധനയായ വീട്ടമ്മയാണ്. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ആലപ്പുഴ സീവ്യൂ വാര്‍ഡ് ആറാട്ടുകുളം കുടുംബവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് അവരും ആഗ്രഹിച്ചിരുന്നു. ഡ്രൈവിങ് സ്‌കൂളില്‍ അധ്യാപകനായ ഭര്‍ത്താവിന്റെ വരുമാനം ഒന്നിനും തികയാത്ത അവസ്ഥ. അപ്പോഴാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം. ഇ.എം.എസ്. ഭവനപദ്ധതി. വീടില്ലാത്ത എല്ലാവര്‍ക്കും വീട്! ലിസമ്മ സന്തോഷിച്ചു. ആകെയുള്ള മൂന്നുസെന്റില്‍ വീടുവെക്കാന്‍ അപേക്ഷ നല്‍കി. ഉടന്‍ അനുമതി ലഭിച്ചു. 75,000 രൂപ ലഭിക്കും.
വീടൊരുക്കാന്‍ അവര്‍ ഒരുങ്ങി. ആദ്യഗഡു പണം ലഭിച്ചയുടന്‍ അടിത്തറയ്ക്കുള്ള കരിങ്കല്ലിന് ഓര്‍ഡര്‍ കൊടുത്തു. ഒരു ലോഡിറക്കി. രണ്ടാമത്തെ ലോഡ് ടിപ്പറില്‍ ഇറക്കിത്തീര്‍ന്നപ്പോള്‍ ഒരുസംഘം സി.ഐ.ടി.യു.ക്കാര്‍ വീടിനുമുമ്പില്‍. ”കല്ലിറക്കിയല്ലേ?””ഉവ്വ്”-ലിസമ്മ.
”എങ്കില്‍ ഞങ്ങളുടെ കാശ് തന്നേക്ക്.”
”നിങ്ങളുടെ കാശോ?”
”അതെ. ഞങ്ങള്‍ ചെയ്യേണ്ട ജോലി ടിപ്പര്‍ ചെയ്തു.”
”യന്ത്രത്തിന് വിശപ്പില്ല. ഇറക്കിയത് ഞങ്ങളാണെന്ന് കരുതി ആ കാശിങ്ങു താ. ഒരു വണ്ടിക്ക് 400 രൂപ വീതം 800 രൂപ വേണം. അതിവിടെ നടപ്പുള്ളതാ.”
”കര്‍ത്താവേ.” ലിസമ്മ തലയ്ക്കു കൈവെച്ചു. അവര്‍ ദയനീയമായി പറഞ്ഞു: ”എന്നെ നിങ്ങള്‍ ഒഴിവാക്കണം. എന്റെ ദാരിദ്ര്യംകൊണ്ട് പറയുവാ.”
”കാശുതരില്ലേ. എന്നാല്‍ വീടുവെക്കുന്നതൊന്നു കാണണമല്ലോ.”
ഇതിനിടെ കനാല്‍ വാര്‍ഡില്‍ നിന്നും കുറച്ച് തൊഴിലാളികള്‍കൂടി എത്തി. ”പണം മേടിക്കാനൊക്കെ അറിയാം. തന്നില്ലെങ്കില്‍ നീ വിവരമറിയുകയും ചെയ്യും” എന്ന് അവരും.
ഭര്‍ത്താവ് വീട്ടിലില്ല. വിളറിവെളുത്ത അവര്‍ വീടിനുള്ളില്‍ നിന്നും 800 രൂപ എടുത്ത് അവര്‍ക്ക് നല്‍കി. അത് നല്‍കുമ്പോള്‍ പലവട്ടം അവരുടെ കണ്ണുനിറഞ്ഞു.
കൈയും മെയ്യുമനങ്ങാതെ കിട്ടിയ പണത്തിന്റെ ആഹ്ലാദത്തില്‍ തൊഴിലാളികള്‍ പോയി. കിട്ടിയ നോട്ടില്‍ കണ്ണീര്‍ പടര്‍ന്നിട്ടുണ്ടെന്ന് അറിഞ്ഞുതന്നെ.
ലിസമ്മയുടെ ദുഃഖം കണ്ട് കേസുകൊടുക്കാന്‍ പലരും നിര്‍ബന്ധിച്ചു. നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. സി.ഐ.ടി.യു. യൂണിറ്റ് കണ്‍വീനറടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തു. ഇതിന്റെ ദേഷ്യത്തില്‍ തൊഴിലാളികള്‍ വാങ്ങിയ 800 രൂപയില്‍ 200 രൂപ വീട്ടിലെക്കെറിഞ്ഞിട്ടു പോയി. സംഭവം വിവാദമായപ്പോള്‍ യൂണിയന്‍ നേതാക്കള്‍ നോക്കുകൂലി വാങ്ങിയിട്ടില്ലെന്ന് പ്രസ്താവനയിറക്കി.
അമ്പലപ്പുഴ പുറക്കാട് പായല്‍ക്കുളങ്ങര കടപ്പുറത്ത് കവിത സുനിലിന്റെയും അനുഭവം മറ്റൊന്നല്ല. സുനാമി തകര്‍ത്ത വീടിനുപകരം മറ്റൊന്നു വെക്കാനൊരുങ്ങിയ അവര്‍ക്ക് മുമ്പില്‍ സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തൊഴിലാളികളാണ് വില്ലന്മാരായെത്തിയത്. മൂന്നുലോഡ് കരിങ്കല്ല് ടിപ്പര്‍ ലോറിയിലിറക്കിയതിന് 600 രൂപ അവര്‍ നോക്കുകൂലി വാങ്ങി. പേടികൊണ്ട് അവര്‍ പരാതിക്ക് പോയില്ല.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നോക്കുകൂലിയുടെ ധാര്‍ഷ്ട്യത്തിന് ഇരകളായ ആയിരങ്ങളുടെ പ്രതിനിധികളാണ് ലിസമ്മയും കവിതയും. 

അവകാശസമര പോരാട്ടത്തില്‍ നിണം ചൊരിഞ്ഞവരുടെ പിന്‍മുറക്കാര്‍ ഇപ്പോള്‍ ജന്മിയുടെ വേഷത്തിലാണ്. കൈയും മെയ്യുമനങ്ങാതെ, വിയര്‍ക്കാതെ പണിസ്ഥലത്തേക്കൊന്നു നോക്കുകപോലും ചെയ്യാതെ, നോക്കുകൂലി വാങ്ങാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. കേരളത്തിലെ ഏറ്റവും വലിയ സംഘടിത രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതാവ് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നോക്കിനില്‍ക്കുന്നവര്‍ കൂലി വാങ്ങരുതെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിട്ട് അദ്ദേഹത്തിന്റെ അനുയായികള്‍പോലും ഗൗനിക്കുന്നില്ല. അല്ലെങ്കില്‍ ലിസമ്മയുടെ വീട്ടില്‍ ഒരു സി.പി.എമ്മുകാരനെങ്കിലും ചെന്ന് കാര്യം തിരക്കുമായിരുന്നു.
കേരളത്തിന്റെ സമസ്തമേഖലയിലും പടര്‍ന്നുകയറിയിരിക്കുന്ന നോക്കുകൂലി നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അനങ്ങുന്നില്ല. 1978-ല്‍ രൂപപ്പെടുത്തിയ ചുമട്ടുതൊഴിലാളി നിയമം ഒന്നു നന്നായി നടപ്പിലാക്കിയാല്‍ മാത്രം ഇല്ലായ്മ ചെയ്യാനാവുന്ന ഒരു ദുരാചാരമാണിത്. പക്ഷേ, സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ പൊതുജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്നു. ഇരകള്‍ ഇരകളെ ചൂഷണം ചെയ്യുന്ന ദയനീയ അവസ്ഥ തൊഴിലാളിസംഘടനാ രംഗത്ത് നിലനില്ക്കുന്നു. നേരിട്ട് നോക്കുകൂലി വാങ്ങുന്നവനേക്കാള്‍ ഭീകരന്‍ അപ്പുറത്തിരിക്കുന്നുണ്ട്. നോക്കുകൂലിയുടെ നോക്കുകൂലി വാങ്ങുന്ന നേതാവ്.
കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ എല്ലാ സീമകളും ലംഘിച്ച് നോക്കുകൂലി ഇപ്പോള്‍ നടമാടുകയാണ്. കണ്ണൂരിലെ തൊഴിലാളികള്‍ നോക്കുകൂലിയെ വെറുക്കുന്നവരാണ്.
അപകടത്തില്‍പ്പെട്ട വാഹനം തള്ളിമാറ്റുന്നതിനുപോലും നോക്കുകൂലി ചോദിക്കുന്ന അവസ്ഥയാണിപ്പോള്‍. സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും നിര്‍മാണങ്ങളും നോക്കുകൂലിക്കാരുടെ ‘സുവര്‍ണാ’വസരങ്ങളായി.


പോലീസിനോടും വാങ്ങും നോക്കുകൂലി

കോഴിക്കോട് പോലീസ് ക്ലബ്ബിലേക്ക് കമ്പ്യൂട്ടറുകള്‍ ഇറക്കുന്നത് തടഞ്ഞാണ് നോക്കുകൂലി വാങ്ങിയത്. 2009 ഒക്ടോബര്‍ ആറിനാണ് സംഭവം. പോലീസുകാരുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായാണ് കമ്പ്യൂട്ടറുകള്‍ കൊണ്ടുവന്നത്. ലോറിയില്‍ നിന്ന് സൊസൈറ്റി ഭാരവാഹികളായ പോലീസുകാര്‍ കമ്പ്യൂട്ടര്‍ ഇറക്കുന്നതിനിടെ എത്തിയ സി.ഐ.ടി.യു. തൊഴിലാളികള്‍ ജോലി തടസ്സപ്പെടുത്തി. ഒരു പെട്ടി ഇറക്കുന്നതിന് 15 രൂപ വീതം കൂലി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കൂടാതെ നേരത്തേ പോലീസുകാര്‍ ഇറക്കിയ ലോഡിന് നോക്കുകൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. നഗരത്തില്‍ത്തന്നെയുള്ള എരഞ്ഞിപ്പാലത്തുനിന്നും ലോഡ് കയറ്റിയപ്പോള്‍ ഒരു പെട്ടിക്ക് മൂന്നു രൂപ വീതമാണ് അവിടത്തെ ചുമട്ടുതൊഴിലാളികള്‍ ഈടാക്കിയതെന്ന് പോലീസുകാര്‍ പറഞ്ഞെങ്കിലും പറഞ്ഞതില്‍ ഉറച്ചുനിന്ന് പോലീസില്‍ നിന്ന് പണവും വാങ്ങി അവര്‍ പോയി. അസോസിയേഷന്‍ നേതാക്കള്‍ സി.പി.എം. നേതാക്കളുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നോക്കുകൂലി വാങ്ങിയ മൂന്നു സി.ഐ.ടി.യു.ക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതിനെതിരെ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇടുക്കി ചെറുതോണിയില്‍ പോലീസ് എംപ്ലോയീസ് അസോസിയേഷന്‍ പണിയുന്ന ഓഫീസ് മന്ദിരത്തിനു വേണ്ടി ടിപ്പറില്‍ കട്ട ഇറക്കിയതിനാണ് നോക്കുകൂലി വാങ്ങിയത്. ഇവിടെ സിമന്റ് ലോഡ് വന്നപ്പോള്‍ തൊഴിലാളികള്‍ തടഞ്ഞിട്ടു. മുന്‍ ദിവസങ്ങളില്‍ ടിപ്പറില്‍നിന്ന് കട്ട ഇറക്കിയതിന് നോക്കുകൂലി നല്‍കിയിട്ട് ലോഡ് ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞു. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഗത്യന്തരമില്ലാതെ സി.പി.എം. നേതാക്കളുടെ സഹായം തേടി. സി.പി.എം. ജില്ലാ നേതാവെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. നേരത്തേ ആവശ്യപ്പെട്ടതിന്റെ പകുതി നോക്കുകൂലി നല്‍കണമെന്ന് നേതാവ് പറഞ്ഞു. നിവൃത്തിയില്ലാതെ അതുകൊടുത്തു പോലീസുകാര്‍ പ്രശ്‌നം തീര്‍ത്തു.


പാര്‍ട്ടിയുടേതല്ലേയെന്ന് പറഞ്ഞുനോക്കി എന്നിട്ടും…

സി.പി.എം. നേതാക്കള്‍ ഉള്‍പ്പെട്ടവര്‍ ഭരിക്കുന്ന ബാങ്കാണ് പത്തനംതിട്ട കുളനട സര്‍വീസ് സഹകരണബാങ്ക്. പറഞ്ഞിട്ടെന്തുകാര്യം ഇവിടത്തെ ലോക്കര്‍ മാറ്റിയപ്പോള്‍ സി.ഐ.ടി.യു. തൊഴിലാളികള്‍ 1000 രൂപ നോക്കുകൂലി വാങ്ങി. ബാങ്കിന്റെ തെക്കേമല ശാഖയുടെ ലോക്കര്‍ 10 മീറ്റര്‍ അകലെയുള്ള പുതിയ ഓഫീസിലേക്ക് വിദഗ്ധ തൊഴിലാളികള്‍ മാറ്റിയപ്പോഴാണ് നോക്കുകൂലി വാങ്ങിയത്. കെ.എസ്.ടി.എ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ബാങ്ക് പ്രസിഡന്റ് ടി.ജി. ആനന്ദന്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തര്‍ക്കമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും നോക്കുകൂലിത്തുക തിരികെ വാങ്ങി നല്‍കിയില്ല.
കൊട്ടാരക്കരയില്‍ വൈദ്യുതിഭവനില്‍ നിന്ന് കിഴക്കേ കല്ലട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലേക്ക് 11 കെ.വി. ലൈനിനുവേണ്ട അത്യാവശ്യ സാധനങ്ങള്‍ എടുക്കാനെത്തിയപ്പോഴാണ് നോക്കുകൂലി വാങ്ങിയത്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., യു.ടി.യു.സി. യൂണിയനിലെ തൊഴിലാളികളെത്തി 750 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. വൈദ്യുതിഭവനിലെ ചില നേതാക്കള്‍ ഇടപെട്ട് അത് 200 രൂപയായി കുറച്ചു. തുക വാങ്ങി തൊഴിലാളികള്‍ സ്ഥലംവിട്ടു. ബോര്‍ഡിലെ ജീവനക്കാര്‍തന്നെ പിന്നീട് ലോഡ്കയറ്റി.


അപകടത്തില്‍പ്പെട്ടാലും കാരുണ്യം കിട്ടില്ല

ശബരിമല തീര്‍ഥാടകരുമായി വാഹനം കോട്ടയം എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടതിന് ശേഷമുണ്ടായ സംഭവം നോക്കുകൂലിയുടെ ഭീകരതയ്ക്ക് ഉദാഹരണമാണ്. 16 പേരുടെ മരണത്തിനിടയാക്കിയ ബസ് ഓടിച്ചുകൊണ്ടുപോകാന്‍ പറ്റാത്തവിധം തകര്‍ന്നതിനാല്‍ പൊളിച്ചുകൊണ്ടുപോകാന്‍ ആന്ധ്രയില്‍ നിന്നുള്ളവര്‍ ശ്രമിച്ചപ്പോള്‍ നോക്കുകൂലിക്കാര്‍ രംഗത്തെത്തി. 4000 രൂപ നോക്കുകൂലി വാങ്ങിയാണ് പ്രദേശത്തെ യൂണിയന്‍കാര്‍ ആന്ധ്രക്കാരെ വിട്ടയച്ചത്.
2009 ഒക്ടോബറില്‍ ചങ്ങനാശ്ശേരിക്ക് സമീപം എ.സി. റോഡില്‍ പാറയ്ക്കല്‍ കലുങ്കിന് സമീപം ആലപ്പുഴയിലേക്ക് ചകിരിയുമായിപ്പോയ നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. നിയന്ത്രണംവിട്ട് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറിയ ലോറിയില്‍ നിന്ന് തമിഴ്‌നാട് സ്വദേശികളായ ജീവനക്കാര്‍ ചകിരിയിറക്കിയപ്പോള്‍ പ്രദേശത്തെ ചുമട്ടുതൊഴിലാളികള്‍ രംഗത്തെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. ലോറിജീവനക്കാര്‍ മറ്റ് തമിഴ്‌ലോറിക്കാരുടെ സഹായംതേടാന്‍ ശ്രമിച്ചപ്പോള്‍ യൂണിയന്‍കാര്‍ അവരെ മര്‍ദിക്കുകയും വാഹനത്തിന് കേടുവരുത്തുകയും ചെയ്തു.

 

ഓക്‌സിജന്‍ ഇറക്കാനും തടസ്സം

2008 നവംബറില്‍ തിരുവനന്തപുരം നഗരത്തിലാണ് സംഭവം. പി.ആര്‍.എസ്. ആസ്​പത്രിയില്‍ അത്യാസന്നനിലയില്‍ കിടക്കുന്ന രോഗികള്‍ക്ക് നല്‍കുന്നതിന് ഓക്‌സിജനുമായി സിലിണ്ടറുകള്‍ ആസ്​പത്രി കോമ്പൗണ്ടിലെത്തി. ഈ സമയം സമീപപ്രദേശങ്ങളില്‍ നിന്നായി പത്തോളം ചുമട്ടുതൊഴിലാളികള്‍ രംഗത്തെത്തി. സിലിണ്ടര്‍ ഇറക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞു. സിലിണ്ടറുകള്‍ സൂക്ഷിച്ച് ഇറക്കേണ്ടതാണെന്ന് കമ്പനിയില്‍നിന്നെത്തിയവര്‍ പറഞ്ഞപ്പോള്‍ നോക്കുകൂലി നല്‍കണമെന്നായി ആവശ്യം. അതിന് തങ്ങളുടെ കൈയില്‍ പണമില്ലെന്നും കമ്പനി അതിന് തങ്ങള്‍ക്ക് അനുമതി നകിയിട്ടില്ലെന്നും പറഞ്ഞുനോക്കി. രോഗികളുടെ ജീവന്‍ വെച്ചു പന്താടുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് ആസ്​പത്രി അധികൃതര്‍ കേണപേക്ഷിച്ചിട്ടും തൊഴിലാളികളുടെ മനസ്സലിഞ്ഞില്ല. ഒടുവില്‍ സിലിണ്ടറുമായി വാഹനം തിരികെ പോയി. ആസ്​പത്രി തുടങ്ങിയ കാലം മുതല്‍ കമ്പനി വക വാഹനങ്ങളില്‍ അവരുടെ വിദഗ്ധ തൊഴിലാളികളെത്തിയാണ് സൂക്ഷ്മതയോടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇറക്കിയിരുന്നതെന്ന് ആസ്​പത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. തിരുവാരിയന്‍ പറഞ്ഞു.


ആന തടി കയറ്റിയതിനും

പത്തനംതിട്ട അടൂരില്‍ കഴിഞ്ഞ ജൂണിലാണ് സംഭവം. അടൂര്‍ മേലൂട് ‘ലക്ഷ്മിശ്രീ’യില്‍ സുരേന്ദ്രന്‍ വീടുപണിക്കായി പുതിയകാവില്‍ ചിറയില്‍ നിന്നും തേക്കുവാങ്ങി. മരം ലോറിയിലാക്കാന്‍ ആനയെ കൊണ്ടുവന്നു. 2750 രൂപ നല്‍കി ആനയെക്കൊണ്ട് തടി ലോറിയില്‍ കയറ്റി. വണ്ടി പോകാന്‍ തുടങ്ങുമ്പോള്‍ യൂണിയന്‍കാരെത്തി തടഞ്ഞു. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എം.എസ്., എ.ഐ.ടി.യു.സി. യൂണിയനുകളിലെ തൊഴിലാളികള്‍ ഉള്‍പ്പെട്ട സംഘം 1500 രൂപ നോക്കുകൂലിയായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കിയശേഷമാണ് തടി കയറ്റിയ ലോറി വിട്ടത്. ഇതിനിടയില്‍ ലോറിയില്‍ നിന്ന് റോഡില്‍ വീണ രണ്ടു കഷണം തടി തിരികെ ലോറിയില്‍ കയറ്റാന്‍ പോലും യൂണിയന്‍കാര്‍ തയ്യാറായില്ല.


ക്രെയിനില്‍ ഇറക്കിയതിന് റെക്കോഡ്തുക

അടുത്തിടെ നോക്കുകൂലിയിനത്തില്‍ ഏറ്റവും കൂടിയ തുക കൈപ്പറ്റിയത് പത്തനംതിട്ട സീതത്തോടിലെ തൊഴിലാളികളാണ്. ശബരിഗിരി പദ്ധതിയുടെ മൂഴിയാര്‍ പവര്‍ഹൗസില്‍ ക്രെയിന്‍ ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ ലോറിയില്‍ കയറ്റാനെത്തിയപ്പോള്‍ സി.ഐ.ടി.യു., ബി.എം.എസ്., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി. എന്നിവയടക്കം ആണ്ടമൂഴിയിലെ 11 യൂണിയനുകളിലെ തൊഴിലാളികള്‍ കൊടിനിറം നോക്കാതെ നോക്കുകൂലിയായി വാങ്ങിയത് 88,800 രൂപയാണ്. ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് വൈദ്യുതിബോര്‍ഡ് ലേലംചെയ്ത് നല്‍കിയ നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍ കൊണ്ടുപോകാനെത്തിയ കരാറുകാരനോട് 1,68,000 രൂപയാണ് തൊഴിലാളികള്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത്.

30 ടണ്‍ ഭാരം വരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ക്രെയിനിന്റെ സഹായത്തോടെ മാത്രമേ ലോറിയില്‍ കയറ്റാന്‍ കഴിയുകയുള്ളൂ എന്നിരിക്കെയാണ് ഇത്. 27,000 രൂപ വൈദ്യുതിബോര്‍ഡിന് വാടക നല്‍കിയാണ് ബോര്‍ഡിന്റെ ക്രെയിന്‍ കരാറുകാരന്‍ ഉപയോഗിച്ചത്. ഏകദേശം മൂന്നുമണിക്കൂര്‍ കൊണ്ട് ഈ ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു. വനമേഖലയില്‍ ഈറ്റയും തടിയും വെട്ടി അട്ടിവെക്കുന്ന തൊഴിലാളികളാണ് കൂട്ട വിലപേശല്‍ നടത്തി പണം തരപ്പെടുത്തിയത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ ഗുഡ്‌സ്‌ഷെഡ്ഡില്‍ ടൈലുകള്‍ അടങ്ങിയ കണ്ടെയ്‌നര്‍ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കിയപ്പോഴാണ് തൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയത്. 2008 ജൂണ്‍ മാസത്തിലാണ് സംഭവം. ഗുജറാത്തില്‍ നിന്ന് റെയില്‍മാര്‍ഗം കൊണ്ടുവന്ന ടൈല്‍ കണ്ടെയ്‌നറുകള്‍ ഉടന്‍തന്നെ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കി. കണ്ടെയ്‌നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് തൊഴിലാളികള്‍ കണ്ടെയ്‌നര്‍ ഒന്നിന് 1000 രൂപ വീതം നോക്കുകൂലി നല്‍കണമെന്നാവശ്യപ്പെട്ടു. നോക്കുകൂലി നല്‍കാതെ ടൈലുകള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍കാര്‍ അറിയിച്ചപ്പോള്‍ കണ്ടെയ്‌നര്‍ കൊണ്ടുവന്ന മുംബൈയിലുള്ള സുമിത്ത് റോഡ് കാരിയേഴ്‌സ് ലിമിറ്റഡ് അധികൃതര്‍ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ കണ്ടെയ്‌നര്‍ ഒന്നിന് 275 രൂപ വീതം നല്‍കുന്നതിന് സമ്മതിച്ചാണ് 60 കണ്ടെയ്‌നറും കൊണ്ടുപോയത്.

റെഡിമിക്‌സ് (കോണ്‍ക്രീറ്റ് മിശ്രിതം തയ്യാറാക്കുന്ന യന്ത്രം) ഉപയോഗിച്ചപ്പോള്‍ ആലപ്പുഴയിലെ തൊഴിലാളികള്‍ തരപ്പെടുത്തിയത് 35,000 രൂപ. 2009 ജൂണ്‍ മാസത്തില്‍ കളര്‍കോട് ജങ്ഷന് സമീപമാണ് സംഭവം. റിട്ട. മേജര്‍ പി.സി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണമാണ് പ്രശ്‌നത്തിലായത്. റെഡിമിക്‌സ് ഉപയോഗിച്ച് കെട്ടിടത്തിന്റെ വാര്‍ക്കല്‍ പണി തീര്‍ത്തു. റെഡിമിക്‌സ് യന്ത്രം തിരിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. അപ്പോഴാണ് സി.ഐ.ടി.യു., എ.ഐ.ടി.യു.സി. യൂണിയനില്‍പ്പെട്ടവര്‍ സ്ഥലത്തെത്തി യന്ത്രം കൊണ്ടുപോകുന്നത് തടഞ്ഞത്. വാര്‍ക്കപ്പണിക്ക് നഗരത്തില്‍ റെഡിമിക്‌സ് ഉപയോഗിക്കാന്‍ യൂണിയനുകളുമായി ധാരണയില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചു. ഗത്യന്തരമില്ലാതെ പണം നല്‍കി കോണ്‍ട്രാക്ടര്‍ വാഹനവുമായി സ്ഥലംവിട്ടു.
കായംകുളത്ത് ക്രെയിനില്‍ ജനറേറ്റര്‍ ഇറക്കിയപ്പോഴാണ് നോക്കുകൂലി നല്‍കേണ്ടിവന്നത്. കായംകുളം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് സമീപം നിര്‍മാണം നടത്തിയ കെട്ടുവള്ളില്‍ ആര്‍ക്കേഡ്‌സ് ഉടമ എന്‍. രാജേന്ദ്രന്‍ ഗത്യന്തരമില്ലാതെ 2000 രൂപയാണ് നല്‍കിയത്.
82.5 കിലോവാട്ട്‌സ് പ്രവര്‍ത്തന ശേഷിയുള്ള ജനറേറ്റര്‍ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ കെ.ടി.യു.സി. തൊഴിലാളികള്‍ സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിക്കുമ്പോള്‍ തൊഴില്‍നഷ്ടത്തിന് പരിഹാരമായി 6000 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഒരുമണിക്കൂര്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ പണം നല്‍കി തര്‍ക്കം തീര്‍ത്തു. പക്ഷേ, ചെയ്യാത്ത ജോലിക്ക് പണം കൊടുക്കേണ്ടി വന്നതിന്റെ കുറ്റബോധത്തില്‍ രാജേന്ദ്രന്‍ കായംകുളം പോലീസിന് പരാതിനല്‍കി. പതിവുപോലെ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.

(തുടരും)

കടപ്പാട് – മാതൃഭൂമി ലേഖനം 20-12-2010

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )