എയ്ഡഡ് സ്കൂള്‍ നിയമനം

ന്നിച്ചു നീങ്ങാന്‍ ക്രൈസ്തവസഭകളും എന്‍എസ്എസും
ചങ്ങനാശേരി:

കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ പരിഷ്കരണ നിര്‍ദേശങ്ങളടക്കം വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ മാറ്റങ്ങള്‍ക്കെതിരെ ഒരുമിച്ചു നീങ്ങാന്‍ ക്രൈസ്തവ സഭയും നായര്‍ സര്‍വീസ് സൊസൈറ്റിയും തീരുമാനിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തുചേര്‍ന്ന എന്‍എസ്എസ് നേതാക്കളുടെയും വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടെയും സംയുക്തയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.

വിദ്യാഭ്യാസ നിയമ പരിഷ്കരണത്തിന്റെ പേരില്‍ മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം ഉള്‍പ്പെടെയുള്ളവ കയ്യടക്കുന്നതിനും സ്കൂളുകളുടെ ഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈപ്പിടിയിലൊതുക്കി രാഷ്ട്രീയക്കാരുടെ വേദിയാക്കി മാറ്റുന്നതിനുമുള്ള സര്‍ക്കാര്‍നീക്കം നീതിയല്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം വിലയിരുത്തി. എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ നിയമനം അതതു മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ടതാണ്. നിയമനാധികാരവും അക്കാദമിക ഭരണ – തലങ്ങളിലെ നിയന്ത്രണവും ഇന്നുള്ളപോലെ തന്നെ തുടരണം.

പ്രക്ഷോഭങ്ങളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സര്‍ക്കാര്‍ അവരുടെ നിലപാടും തീരുമാനവും പ്രഖ്യാപിച്ചശേഷം മാത്രമേ അതേക്കുറിച്ച് ആലോചിക്കൂ എന്നും യോഗശേഷം ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവാ, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ എന്നിവര്‍ പറഞ്ഞു.

ഇൌ കൂട്ടായ്മ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഭാവി പരിപാടികള്‍ രൂപീകരിക്കാനും മുന്നോട്ടു കൊണ്ടുപോകാനും പി.കെ നാരായണപ്പണിക്കര്‍, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ ചെയര്‍മാന്മാരും ബിഷപ് തോമസ് സാമുവല്‍, ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമായി സമിതിയും രൂപീകരിച്ചു. എംഇഎസ് അടക്കമുള്ള സമാനചിന്താഗതിക്കാരുമായി ആശയ വിനിമയം നടത്തും.എസ്എന്‍ഡിപി നേതാക്കള്‍ സര്‍ക്കാര്‍ നയത്തെ അനുകൂലിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അവരുടെ ലക്ഷ്യം വേറെയാണെന്ന് എന്‍എസ്എസ് അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

കുറച്ചു സ്കൂളുകളേ അവര്‍ക്കുള്ളൂ. നിയമനം പിഎസ്സിക്കു വിടുമ്പോള്‍ കിട്ടുന്ന 14 ശതമാനം സംവരണത്തിലാണ് അവരുടെ നോട്ടം. സംവരണ സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്. ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, എന്‍എസ്എസ് നേതാക്കളായ പി. കെ. നാരായണപ്പണിക്കര്‍, പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍, ജി. സുകുമാരന്‍ നായര്‍, പൌലോസ് മാര്‍ പക്കോമിയോസ്, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, തോമസ് മാര്‍ തിമോത്തിയോസ്, ബിഷപ് തോമസ് സാമുവല്‍, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, റവ. കെ. എം. മാമ്മന്‍, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ജോസഫ് എം. പുതുശേരി എംഎല്‍എ, എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ലക്ഷ്യം ഭിന്നിപ്പിച്ചു തകര്‍ക്കല്‍: എന്‍എസ്എസ് – ക്രൈസ്തവ സഭായോഗം

കോട്ടയം: വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ ഉറച്ചുനിന്നിട്ടുള്ള മത സംഘടനകളെയും സമുദായ സംഘടനകളെയും ഭിന്നിപ്പിച്ചു തകര്‍ക്കുക എന്ന ലക്ഷ്യമാണു സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നിലുള്ളതെന്നു പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് – ക്രൈസ്തവ സഭായോഗം വിലയിരുത്തി.

ഈശ്വര വിശ്വാസത്തിലും മതസൌഹാര്‍ദത്തിലും അധിഷ്ഠിതമായ സംസ്കാരത്തെ തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനങ്ങള്‍. സമൂഹനന്മ ലക്ഷ്യമാക്കി ഭാരിച്ച ചെലവു വഹിച്ചു ഭൂമി വാങ്ങി കെട്ടിടങ്ങളും മറ്റു സൌകര്യങ്ങളുമൊരുക്കി വിദ്യാലയങ്ങള്‍ ആരംഭിച്ച മാനേജ്മെന്റുകള്‍ക്ക് അതിലൊന്നും യാതൊരു അവകാശവുമില്ല എന്നു വരുത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ആദ്യകാലം മുതല്‍ മത – സമുദായ സംഘടനകളും മറ്റു പ്രസ്ഥാനങ്ങളും വ്യക്തികളും സ്വകാര്യമേഖലയില്‍ വഹിച്ചിട്ടുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാവുന്നതല്ലെന്ന് ഇന്നലത്തെ യോഗത്തിന്റെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാരിനു മാത്രമായി കഴിയാതിരുന്ന കാര്യങ്ങള്‍ തങ്ങളുടെ ബാധ്യതയായി സ്വയം ഏറ്റെടുത്തവരാണ് അത്തരം സംഘടനകളും വ്യക്തികളും.

അവര്‍ ആയിരക്കണക്കിനു വിദ്യാലയങ്ങള്‍ ആരംഭിച്ചതു സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല. വിദ്യാഭ്യാസരംഗത്തെ സാമൂഹിക പുരോഗതിയായിരുന്നു ലക്ഷ്യം. ഫീസ് പിരിവ് ഒഴിവാക്കാനും അധ്യാപകരുടെ ശമ്പള പരിഷ്കാരംപോലുള്ളവ നടപ്പാക്കാനും വേണ്ടിയാണു സര്‍ക്കാരുമായി കരാറുണ്ടാക്കി ഇൌ സ്ഥാപനങ്ങള്‍ എയ്ഡഡ് സ്ഥാപനങ്ങളായി മാറിയത്. ഇത്തരം വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്കു ശമ്പളം കൊടുത്തതുകൊണ്ടോ നാമമാത്രമായ വാര്‍ഷിക മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചതുകൊണ്ടോ അവയുടെ പ്രവര്‍ത്തനം പൂര്‍ണമാകുന്നില്ല.

കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥാവര – ജംഗമ സ്വത്തുക്കളും അവയുടെ ഭാരിച്ച തുടര്‍ ചെലവുകളും മാനേജ്മെന്റുകളുടെ ഭാരിച്ച ചുമതലയാണിപ്പോഴും. സമൂഹ നന്മ ലക്ഷ്യമാക്കി ഭൂമിയുടെ ഭാരിച്ച ചെലവു വഹിച്ചു കെട്ടിടങ്ങളും മറ്റു സൌകര്യങ്ങളും ഒരുക്കി വിദ്യാലയങ്ങള്‍ തുടങ്ങിയ മാനേജ്മെന്റുകള്‍ക്ക് അതിലൊന്നും ഒരവകാശവുമില്ല എന്നു വരുത്തിത്തീര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമം – പ്രസ്താവനയില്‍ പറയുന്നു.
കടപ്പാട്- മനോരമ

എയ്ഡഡ് സ്കൂള്‍ നിയമനം എന്‍എസ്എസ്സും ക്രൈസ്തവസഭകളും യോജിച്ചുനീങ്ങും

ചങ്ങനാശ്ശേരി: മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം കൈയടക്കാനും സ്കൂള്‍ഭരണം രാഷ്ട്രീയക്കാരുടെ വരുതിയിലാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് യോജിച്ചുള്ള ചെറുത്തുനില്പിന് എന്‍എസ്എസ്സും വിവിധ ക്രൈസ്തവസഭകളും കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭച്ചര്‍ച്ചകള്‍ക്ക്, പെരുന്ന എന്‍എസ്എസ് ആസ്ഥാനമന്ദിരം വ്യാഴാഴ്ച വേദിയായി.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതവും ഏകപക്ഷീയവുമാണെന്ന് യോഗം വിലയിരുത്തി. ഇത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ എന്നും ഉറച്ചുനിന്നിട്ടുള്ള മത_സമുദായ സംഘടനകളെ ഭിന്നിപ്പിച്ച് തകര്‍ക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എയ്ഡഡ് സ്കൂളുകളിലെ നിയമനാധികാരം മാനേജുമെന്റുകള്‍ക്കാണ്. സമൂഹ നന്മയ്ക്കായി ഭൂമിയും കെട്ടിടവും മറ്റുസൌകര്യങ്ങളും ഒരുക്കി, വിദ്യാലയം ആരംഭിച്ച മാനേജ്മെന്റുകള്‍ക്ക് അതിലൊന്നും അവകാശമില്ലെന്നുവരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് യോഗം കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ നീക്കത്തിനെതിരെ, സമാനചിന്താഗതിക്കാരായ മാനേജുമെന്റുകളേയും ഉള്‍പ്പെടുത്തി ശക്തമായ നിലപാടു കൈക്കൊള്ളാനും ധാരണയായി. എന്‍എസ്എസ്സിനെ പ്രതിനിധീകരിച്ച്ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍, അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍നായര്‍, ട്രഷറര്‍ പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ക്രൈസ്തവസഭകളുടെ പ്രതിനിധികളായി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി പൌലോസ് മാര്‍ പക്കോമിയോസ്, ലത്തീന്‍ കത്തോലിക്കാസഭാ പ്രതിനിധി കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്‍, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് തിമോത്തിയോസ്, സിഎസ്ഐ മധ്യകേരള മഹായിടവകയിലെ ബിഷപ്പ് തോമസ് സാമുവല്‍, കോട്ടയം രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ക്നാനായ യാക്കോബായ സഭ ചിങ്ങവനം സഹായമെത്രാന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. കെ.എം.മാമ്മന്‍, പാലാ രൂപതാ വികാരി ജനറല്‍ ഫാ.ഫിലിപ്പ് ഞരളയ്ക്കാട്ട്, ജോസഫ് എം.പുതുശ്ശേരി എംഎല്‍എ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇതിനുമുമ്പും ഒന്നിച്ചുനീങ്ങിയ ചരിത്രമാണ് എന്‍എസ്എസ്സിനും ക്രൈസ്തവസഭകള്‍ക്കും ഉള്ളതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. എയ്ഡഡ് മേഖലയിലെ നിയമനാധികാരം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ എസ്എന്‍ഡിപി യോഗം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് കൂടുതല്‍ ലാഭം പ്രതീക്ഷിച്ചാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എണ്ണത്തില്‍ കുറവായ സ്ഥാപനങ്ങള്‍ വിട്ടുകൊടുത്തശേഷം 14 ശതമാനം സംവരണത്തിലൂടെ എല്ലാസ്ഥാപനങ്ങളിലും കയറിപ്പറ്റാനുള്ള ശ്രമമാണവര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ മുസ്ലിം മാനേജുമെന്റുകളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.

രാഷ്ട്രീയമില്ലെന്ന് നേതൃത്വം

ചങ്ങനാശ്ശേരി: സര്‍ക്കാരിന്റെ തെറ്റായവിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ യോജിച്ച് പോരാടുകയെന്ന ലക്ഷ്യമാണ് എന്‍എസ്എസ്_ക്രൈസ്തവസഭാ നേതൃചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും ഇരുനേതൃത്വവും അറിയിച്ചു. കേരളകോണ്‍ഗ്രസ്സുകാരനായ കല്ലൂപ്പാറ എംഎല്‍എ ജോസഫ് എം.പുതുശ്ശേരി പെരുന്നയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അദ്ദേഹം ഓര്‍ത്തഡോക്സ് സഭാ പ്രതിനിധിയായാണ് വന്നതെന്ന് സഭാ വക്താക്കള്‍ അറിയിച്ചു.

കടപ്പാട്- മാതൃഭൂമി

വീണ്ടും പടയൊരുക്കം
തിരുവനന്തപുരം : വിദ്യാഭ്യാസ പരിഷ്കരണശ്രമങ്ങളുടെ മറപിടിച്ച് ഗവണ്‍മെന്റിനെതിരെ വീണ്ടുമൊരു വിമോചനസമരത്തിന് അണിയറയില്‍ പരിശ്രമം തുടങ്ങി.
ഇന്നലെ ചങ്ങനാശ്ശേരിയില്‍ പത്ത് ക്രൈസ്തവസഭകളും എന്‍. എസ്. എസ്സും സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് പൊതുവേദി രൂപീകരിച്ചത് ഈ ലക്ഷ്യത്തോടെയാണെന്നാണ് നിഗമനം.

എയ്ഡഡ് സ്കൂളിലെ അദ്ധ്യാപക നിയമനം പി.എസ്.സി ലിസ്റ്റില്‍ നിന്നാകണമെന്ന് കെ.ഇ.ആര്‍ പരിഷ്കരണ സമിതിയുടെ മുന്‍പാകെ വന്ന നിര്‍ദ്ദേശമാണ് പ്രകോപനമുണ്ടാക്കിയിരിക്കുന്നത്. സമിതി സര്‍ക്കാരിന് ഇങ്ങനെയൊരു ശുപാര്‍ശ നല്കിയിട്ടില്ല. സമിതിയുടെ റിപ്പോര്‍ട്ടും അന്തിമമായിട്ടില്ല. എന്നാല്‍, ഇതുസംബന്ധിച്ച് സമിതിയില്‍ സജീവമായ ചര്‍ച്ച നടക്കുകയുണ്ടായി. അപ്പോഴേക്കും ഉയര്‍ന്നിരിക്കുകയാണ്, സംയുക്ത പ്രക്ഷോഭത്തിന്റെ കേളികൊട്ട്.
എയ്ഡഡ് സ്കൂള്‍ അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്നത് പുതിയ നിര്‍ദ്ദേശമൊന്നുമല്ല. 1957ല്‍ ആദ്യ ഇ.എം.എസ് ഗവണ്‍മെന്റിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസനിയമത്തിലെ കോളിളക്കമുണ്ടാക്കിയ പതിനൊന്നാം വകുപ്പാണ് ഇത്. ഈ വകുപ്പിന് പുറമെ അന്ന് രണ്ടു വകുപ്പുകള്‍ കൂടി വിവാദം സൃഷ്ടിച്ചിരുന്നു. വിദ്യാലയങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്കുന്ന 14-ാം വകുപ്പും അദ്ധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്കാനുള്ള 9-ാം വകുപ്പും. പിന്നീട് സുപ്രീംകോടതി 14-ാം വകുപ്പില്‍ ഭേദഗതി വരുത്തിയെങ്കിലും നിയമനം പി.എസ്.സിക്ക് വിടണമെന്ന പതിനൊന്നാം വകുപ്പിന്മേല്‍ സ്പര്‍ശിച്ചില്ല. എന്നാല്‍, പിന്നീടു വന്ന ഗവണ്‍മെന്റുകള്‍ ഈ വകുപ്പ് മരവിപ്പിച്ചു.

അതേ വകുപ്പ് വീണ്ടും ചര്‍ച്ചയ്ക്കെത്തിയതോടെയാണ് വിമോചനസമരം പുനരുജ്ജീവിപ്പിക്കാനാവുമോ എന്ന് നോക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേരത്തേ രണ്ടുതവണ വിമോചനസമരനീക്കമുണ്ടായെങ്കിലും പാളിപ്പോയിരുന്നു. സ്വാശ്രയ നിയമത്തിന്റെ പേരിലായിരുന്നു ആദ്യം. അങ്കമാലിയിലെ കല്ലറയ്ക്ക് മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രക്ഷോഭത്തിന്റെ പ്രഖ്യാപനം നടത്തിയെങ്കിലും അതെങ്ങുമെത്തിയില്ല. മത്തായി ചാക്കോയുടെ ശവമടക്ക് വിവാദവുമായി ബന്ധപ്പെട്ടാണ് രണ്ടാം നീക്കമുണ്ടായത്. പുരോഹിതന്മാരെയും വിശ്വാസികളെയും രംഗത്തിറക്കിയെങ്കിലും ക്രിസ്തീയ സമൂഹത്തിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉണ്ടായതോടെ അതും കെട്ടടങ്ങി.

എന്നാല്‍, ഇത്തവണ എന്‍.എസ്. എസ്സിന്റെ പിന്തുണകൂടി ആര്‍ജിക്കാന്‍ വിമോചനസമര നീക്കക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം എസ്. എന്‍.ഡി.പി യോഗം മറുഭാഗത്താണ്. അദ്ധ്യാപകര്‍ക്ക് ശമ്പളവും വിദ്യാലയങ്ങളുടെ മെയിന്റനന്‍സിനുള്ള പണവും സര്‍ക്കാര്‍ നല്കുമ്പോള്‍ പി. എസ്.സി തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്ന് എന്തുകൊണ്ട് നിയമനം നടത്തിക്കൂടാ എന്നാണ് മറുപക്ഷത്തിന്റെ ചോദ്യം.
കെ.ഇ.ആര്‍. പരിഷ്കരണസമിതിയില്‍ നിന്ന് പ്രതിപക്ഷ പ്രതിനിധി കെ. വിക്രമന്‍ നായര്‍ ഇന്നലെ രാജിവച്ചത് പ്രശ്നത്തിന് രാഷ്ട്രീയമാനം നല്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിക്രമന്‍ നായര്‍ രാജിവച്ചത്.
ചങ്ങനാശ്ശേരിയില്‍ ക്രൈസ്തവ സഭകളെയും എന്‍. എസ്. എസ്സിനെയും യോജിപ്പിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ മാണി ഗ്രൂപ്പ് നേതാവ് ജോസഫ് എം. പുതുശ്ശേരിയാണ്.
ഇടതുസര്‍ക്കാരിനെതിരെ നേരത്തേ നടന്ന സമരനീക്കങ്ങള്‍ക്ക് നേതൃത്വംനല്കിയ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തിലാണ് ഇപ്പോഴത്തെ നീക്കത്തിന്റെയും പ്രേരകശക്തി. പവ്വത്തില്‍ ഇപ്പോള്‍ റോമിലാണ്.

എന്‍.എസ്.എസ്സും ക്രൈസ്തവ സഭകളും സംയുക്ത പ്രക്ഷോഭത്തിന്
ചങ്ങനാശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത പ്രക്ഷോഭം നടത്താന്‍ ക്രൈസ്തവ സഭകളും എന്‍.എസ്.എസ്സും പൊതുവേദി രൂപീകരിച്ചു. വിദ്യാഭ്യാസ നിയമ പരിഷ്കരണത്തിന് പിന്നില്‍ സര്‍ക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്ന് പൊതുവേദി ആരോപിച്ചിട്ടുണ്ട്.
സംയുക്ത നീക്കത്തിന് പൊതുവേദി രൂപീകരിക്കാന്‍ ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാര്‍ ഇന്നലെ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തുകയായിരുന്നു. പൊതുവേദിയുടെ ചെയര്‍മാന്‍മാരായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണ പ്പണിക്കരെയും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തെയും തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍.എസ്.എസ് അസി. സെക്രട്ടറി ജി. സുകുമാരന്‍ നായരും സി.എസ്.ഐ മദ്ധ്യ കേരള മഹാ ഇടവക ബിഷപ്പ് റവ. തോമസ് സാമുവലുമാണ് സെക്രട്ടറിമാര്‍.

വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവേദിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവേദി ആരോപിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ ഇല്ലാതെ ഉറച്ചു നിന്നിട്ടുള്ള മതസംഘടനകളെയും സമുദായ സംഘടനകളെയും ഭിന്നിപ്പിച്ച് തകര്‍ക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസനയം എന്നൊക്കെ വഴി തെറ്റിയിട്ടുണ്ടോ അന്നൊക്കെ എന്‍.എസ്.എസ് പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് മാനേജ്മെന്റ് ആയതിനാലാണ് ഇത്തരമൊരു പൊതുവേദിക്ക് മുന്‍കൈ എടുത്തതെന്നും നാരായണപ്പണിക്കരും സുകുമാരന്‍ നായരും പറഞ്ഞു.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളെ എസ്.എന്‍.ഡി.പി യോഗം മാത്രമേ സ്വാഗതം ചെയ്തിട്ടുള്ളൂ. സര്‍ക്കാരിന് ഏകപക്ഷീയമായ ലക്ഷ്യമാണുള്ളത്. സംവരണ സംവിധാനത്തിലൂടെ ചില സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമം. എസ്.എന്‍.ഡി.പിക്ക് കച്ചവട സമീപനമാണ്. കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂ. പുതിയ നിയമം വന്നാല്‍ 14 ശതമാനം സംവരണത്തിലൂടെ കൂടുതല്‍ അവസരങ്ങള്‍ സ്വന്തമാക്കാമെന്ന ലക്ഷ്യവും എസ്. എന്‍.ഡി.പിക്ക് ഉണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
കടപ്പാട്- കേരളകൗമുദി

കെഇആര്‍ പരിഷ്കരണം അട്ടിമറിക്കാന്‍ ഗൂഢ നീക്കം
തിരു: കാലഹരണപ്പെട്ട കേരള വിദ്യാഭ്യാസചട്ടം പരിഷ്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് ചില മാധ്യമങ്ങള്‍ കെഇആര്‍ പരിഷ്കരണത്തിനെതിരെ രംഗത്തിറങ്ങി. കരട് റിപ്പോര്‍ട്ട് അംഗീകരിക്കുമ്പോള്‍ സ്കൂള്‍ മാനേജര്‍മാര്‍ക്ക് അധികാരത്തില്‍ കുറവ് വരുമെന്നാണ് മലയാളമനോരമയുടെ കണ്ടെത്തല്‍. എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള നീക്കമാണ് ഈ പ്രചാരണത്തിനു പിന്നില്‍.

വിദ്യാഭ്യാസം വികേന്ദ്രീകരിക്കുകയെന്ന ദേശീയതലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമാണ് കേരളത്തിലെ പരിഷ്കരണനടപടികള്‍. ഇത് കേരളത്തില്‍മാത്രം നടപ്പാക്കുന്നു എന്ന മട്ടിലാണ് ചില മാധ്യമങ്ങളുടെ പ്രചാരവേല. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പ മൊയ്ലി ചെയര്‍മാനായ കമ്മിറ്റി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം വികേന്ദ്രീകരണം നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ സാധ്യതകള്‍ പഠിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നതിന് അവസരമൊരുക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശ. വീകേന്ദ്രീകൃതവികസനത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഭരണഘടനാ ഭേദഗതിയും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലും മാറ്റം വരുന്നത്.

അധ്യയനദിനങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയാണ് പല മാധ്യമങ്ങളും ഉയര്‍ത്തുന്നത്. അധ്യയനദിനങ്ങള്‍ കുറയുന്നുവെന്നു പറയുകയും ഒപ്പം ഇതിനെ എതിര്‍ക്കുകയുംചെയ്യുന്ന തലതിരിഞ്ഞ നിലപാടിലാണവര്‍. ഏറ്റവും ചുരുങ്ങിയത് 220 പ്രവൃത്തിദിനങ്ങളെങ്കിലും വേണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ വിട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസവകുപ്പില്‍ ഡിഇഒ, എഇഒ തസ്തികകള്‍ ഇല്ലാതാവുന്നുവെന്നാണ്് മറ്റൊരു ആശങ്ക. 36 ഡിഇഒമാരും 161 എഇഒമാരുമാണ് സംസ്ഥാനത്തുള്ളത്. വികേന്ദ്രീകൃതമായി വരുമ്പോള്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയല്ലാതെ കുറവ് വരുന്നില്ല. മാത്രമല്ല ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകള്‍ക്കായും എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ളാസുകള്‍ക്കായും ഓരോ അഡീഷണല്‍ ഡിപിഐമാര്‍ക്ക് ഭേദഗതിയുടെ കരടില്‍ നിര്‍ദേശമുള്ളതായി അറിയുന്നു. ബ്ളോക്ക്തല വിദ്യാഭ്യാസ ഓഫീസര്‍ എന്ന തസ്തികയും ഇതിലുണ്ട്. ഫലത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ കുറവ് വരുന്നില്ല.

കെഇആര്‍ പരിഷ്കരണം
റിപ്പോര്‍ട്ടിനുമുമ്പ് പ്രതിഷേധമെന്തിന്: മന്ത്രി
തിരു: കെഇആര്‍ പരിഷ്കരണസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിനുമുമ്പ് കമ്മിറ്റിയിലെ ചര്‍ച്ചയെക്കുറിച്ച് കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തിലുള്ള പ്രതികരണം അകാലത്തിലുള്ളതാണെന്ന് മന്ത്രി എം എ ബേബി പറഞ്ഞു. കമ്മിറ്റിയുടെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. റിപ്പോര്‍ട്ട് ഇനിയും സര്‍ക്കാരിന് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാല്‍ എല്‍ഡിഎഫ് ചര്‍ച്ചചെയ്യും. അതിനുശേഷം എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരടക്കം ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചചെയ്ത് സമവായമുണ്ടാക്കിയേ നടപ്പാക്കൂ. എന്നാല്‍ കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ച മാധ്യമങ്ങള്‍വഴി അറിഞ്ഞ് അതിനോട് ചില മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചുകണ്ടു. ഇത്തരം പ്രതികരണങ്ങളും പ്രതിഷേധങ്ങളും അനവസരത്തിലുള്ളതാണ്.

കെഇആര്‍ പരിഷ്കരണസമിതിയില്‍നിന്ന് രാജിവയ്ക്കുന്നതിനുപകരം വിയോജിപ്പുകള്‍ കമ്മിറ്റിയില്‍ ഉന്നയിക്കുകയും കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു ജിഎസ്ടിയു പ്രതിനിധിക്ക് അഭികാമ്യം. രാജിവാര്‍ത്ത മാധ്യമപ്രവര്‍ത്തകരില്‍നിന്നാണ് അറിഞ്ഞത്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ സര്‍ക്കാരിനോട് എന്തെങ്കിലും പരാതി ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിയമനാധികാരം കൈയടക്കുന്നെന്ന്
എന്‍എസ്എസും ബിഷപ്പുമാരും
ചങ്ങനാശേരി: വിദ്യാഭ്യാസ നിയമ പരിഷ്ക്കാരത്തിന്റെ (കെഇആര്‍) പേരില്‍ മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം കൈയടക്കാന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നീക്കം നടത്തുകയാണെന്ന് ക്രൈസ്തവ മേലധ്യക്ഷന്‍മാരുടെയും എന്‍എസ്എസ് ഭാരവാഹികളുടെയും സംയുക്തയോഗം കുറ്റപ്പെടുത്തി.

ഇതിനെ എസ്എന്‍ഡിപി എതിര്‍ക്കാത്തത് അവര്‍ക്കിത് ലാഭ കച്ചവടമാകുന്നതുകൊണ്ടാണെന്നും ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിനുശേഷം നേതാക്കള്‍ പറഞ്ഞു.

എയ്ഡഡ് മേഖലയില്‍ നാമമാത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമുള്ള എസ്എന്‍ഡിപിക്ക് പരിഷ്കരണം നടപ്പിലാക്കുന്നതോടെ മറ്റ് സമുദായങ്ങളുടെ ബഹുഭൂരിപക്ഷം വരുന്ന സ്കൂള്‍, കോളേജുകളില്‍ ലഭ്യമായ 14 ശതമാനം സംവരണ മാനദണ്ഡമുപയോഗിച്ച് നിയമനങ്ങള്‍ ലഭിക്കും.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തുടര്‍നടപടി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ നിയമനം, അക്കാദമിക് ഭരണതലങ്ങളിലുള്ള നിയന്ത്രണം എന്നിവ ഇപ്പോഴത്തേതുപോലെ തുടരണമെന്നും സംയുക്ത പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപണിക്കര്‍, ട്രഷറര്‍ പി എന്‍ നരേന്ദ്രനാഥന്‍നായര്‍, അസിസ്റ്റന്റ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിവിധ ക്രൈസ്തവസഭ മേലധ്യക്ഷന്‍മാരായ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവാ, ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പൌലോസ് മാര്‍ പക്കോമിയോസ്, ബിഷപ്പ് സ്റ്റാന്‍ലിറോമന്‍, തോമസ് മാര്‍ തീമോത്തിയോസ്, ബിഷപ്പ് തോമസ് ശാമുവല്‍, ആര്‍ച്ച്ബിഷപ്പ് മാത്യു മൂലക്കാട്ടില്‍, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, റവ. കെ എം മാമ്മന്‍, മോണ്‍. ഫിലിപ്പ് ഞെരളക്കാട്ട്, ജോസഫ് പുതുശേരി എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

പടപ്പുറപ്പാടിനു പിന്നില്‍ യുഡിഎഫ്
ചങ്ങനാശേരി: വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെയും എന്‍എസ്എസ് നേതാക്കളുടെയും ‘പടപ്പുറപ്പാടി’ന് യുഡിഎഫ് സ്പോണ്‍സര്‍ഷിപ്പ്

കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ ജോസഫ് എം പുതുശേരിയാണ് ഇതിനായി രംഗത്തുണ്ടായിരുന്നത്. സംയുക്തയോഗം നടന്ന വ്യാഴാഴ്ച രാവിലെ 10ന് തന്നെ എംഎല്‍എ എന്‍എസ്എസ് ആസ്ഥാനത്തെത്തി. എന്‍എസ്എസ് നേതാക്കളുമായി അല്‍പനേരത്തെ കുശലാന്വേഷണത്തിനൊടുവില്‍ പുറത്തിറങ്ങി. വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരെ ഫോണില്‍ വിളിച്ചു. ഇതിനിടയില്‍ യോഗ തീരുമാനം സംബന്ധിച്ച പത്രക്കുറിപ്പ് തയ്യാറാക്കുന്ന ചുമതലയും പുതുശേരി ഏറ്റെടുത്തു. ബിഷപ്പുമാരെ സ്വീകരിച്ച് എന്‍എസ്എസ് ഓഫീസില്‍ കൊണ്ടിരുത്തുന്ന ഉത്തരവാദിത്വവും അദ്ദേഹം നിര്‍വഹിച്ചു.
കടപ്പാട്- ദേശാഭിമാനി

കെ.ഇ.ആര്‍ ഭേദഗതി: ക്രൈസ്തവ സഭയും എന്‍.എസ്.എസും സംയുക്ത നീക്കത്തിന്
ചങ്ങനാശേരി: സര്‍ക്കാറിന്റെ വിദ്യാഭ്യാസ പരിഷ്കരണത്തിനെതിരെ യോജിച്ച്നീങ്ങാന്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരും എന്‍.എസ്.എസ് നേതൃത്വവും തീരുമാനിച്ചു.
ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പൌലോസ് മാര്‍ പക്കോമിയോസ്, ബിഷപ്പ് ഡോ.സ്റ്റാന്റി റോമന്‍, തോമസ് മാര്‍ തിമോത്തിയോസ്, തോമസ് സാമുവല്‍, ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, കെ.എം. മാമ്മന്‍, മോണ്‍. ഫിലിപ് ഞരളക്കാട്ട് എന്നിവര്‍ ഇന്നലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയാണ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍, അസി.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ട്രഷറര്‍ രവീന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമന അധികാരം കൈയടക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈപ്പിടിയിലാക്കാനും മത സമുദായ സംഘടനകളെ ഭിന്നിപ്പിച്ച് തകര്‍ക്കാനുമുള്ള ശ്രമ മാണ് ഇതിന് പിന്നിലുള്ളത്. സര്‍ക്കാറിനെക്കൊണ്ട് മാത്രം സാധ്യമാകാതിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനം സ്വയം ഏറ്റെടുത്തവരാണ് മത ^സാമുദായ സംഘടനകളും മറ്റ് പ്രസ്ഥാനങ്ങളും വ്യക്തികളും. ഇവ ആരംഭിച്ചത് സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ചല്ല. സാമൂഹിക പുരോഗതിയായിരുന്നു ലക്ഷ്യം. ഇത്തരം വിദ്യാലയങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതുകൊണ്ടോ, നാമമാത്ര ഗ്രാന്റ് അനുവദിച്ചതുകൊണ്ടോ മാത്രം പ്രവര്‍ത്തനം പൂര്‍ണമാകില്ല. സ്വത്തുക്കളും അതിന്റെ ഭാരിച്ച ചെലവുകളും കണ്ടെത്തിയാണ് സ്ഥാപന ഭരണം മാനേജ്മെന്റ് നിര്‍വഹിക്കുന്നത്. ഇങ്ങനെ സ്ഥാപിച്ച സ്ഥാപനങ്ങളില്‍ മാനേജ്മെന്റുകള്‍ക്ക് അവകാശമില്ലെന്ന് വരുത്താനുള്ള നീക്കത്തിനെതിരെ ശക്തമായ തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായും സമുദായ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നില്ല. എസ്.എന്‍.ഡി.പിക്ക് സര്‍ക്കാര്‍ നീക്കം ലാഭക്കച്ചവടമാണെന്നും പത്തോ നാല്‍പതോ സ്കൂളുകളുള്ള അവര്‍ക്ക് ഇതുകൊണ്ട് ഒന്നും വരാനില്ലെന്നും എന്‍.എസ്.എസ് അസി.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
സര്‍ക്കാറിനെ വിദ്യാഭ്യാസ പരിഷ്കരണത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സംയുക്ത നീക്കത്തിനാവുമെന്ന പ്രതീക്ഷയാണ് സമുദായ നേതാക്കള്‍ പ്രകടിപ്പിച്ചത്.
ഇത് സംബന്ധിച്ച് പ്രക്ഷോഭത്തിന് തയാറാണോ എന്ന മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിന് ‘ചര്‍ച്ച തുടക്കം മാത്രമാണ്’ എന്നായിരുന്നു കാതോലിക്കാബാവയുടെ പ്രതികരണം.
കടപ്പാട്-മാധ്യമം

  എന്‍.എസ്.എസും ക്രൈസ്തവസഭയും കൈകോര്‍ക്കുന്നു
ചങ്ങനാശേരി: വിദ്യാഭ്യാസാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏതു നീക്കത്തെയും ചെറുത്തുതോല്‍പ്പിക്കുമെന്ന പ്രഖ്യാപനത്തോടെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരും എന്‍.എസ്.എസ് നേതാക്കളും ചങ്ങനാശേരിയില്‍ ചര്‍ച്ച നടത്തി.

വിദ്യാഭ്യാസ നിയമ പരിഷ്കരണത്തിന്റെ പേരില്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം കൈയടക്കുന്നതിനും ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി രാഷ്ട്രീയക്കാരുടെ വേദിയാക്കി മാറ്റാനുമുള്ള നീക്കം അനുവദിക്കില്ല. വിദ്യാഭ്യാസമുള്‍പ്പെടെ സമാനമായ എല്ലാ വിഷയങ്ങളിലും ഇരു സമുദായങ്ങളും കൈകോര്‍ത്തു നീങ്ങാനും യോഗം തീരുമാനിച്ചു.

ഒരാഴ്ച നീണ്ട ആലോചനകള്‍ക്കൊടുവില്‍ ചങ്ങനാശേരി പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് ഇന്നലെ രാവിലെ രണ്ടു മണിക്കൂര്‍ രഹസ്യ ചര്‍ച്ചയ്ക്കുശേഷമാണ് വിദ്യാഭ്യാസ- സാമുദായികതലങ്ങളില്‍ സഹകരണം ഉറപ്പാക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.

ബസേലിയോസ് മാര്‍ ക്ളീമീസ് കാതോലിക്കാ ബാവ, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. സ്റ്റാന്‍ലി റോമന്‍, പൌലോസ് മാര്‍ പക്കോമിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, റവ. തോമസ് ശാമുവല്‍, ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ സെക്രട്ടറി ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ.കെ.എം മാമന്‍, ജോസഫ് എം പുതുശേരി എംഎല്‍എ എന്നിവര്‍ ക്രൈസ്തവസഭകളെ പ്രതിനിധീകരിച്ചും പി.കെ നാരായണപ്പണിക്കര്‍, പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍, ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ എന്‍.എസ്.എസിനെ പ്രതിനിധീകരിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തു.

സമാനതലങ്ങളില്‍ ഒരുമിച്ചു നീങ്ങാന്‍ തയാറുള്ള മറ്റ് സമുദായാംഗങ്ങളും വൈകാതെ ക്രൈസ്തവ – നായര്‍ ഐക്യ ഫോറത്തോടു കൂട്ടുചേരും. മാര്‍ ജോസഫ് പെരുന്തോട്ടം, പി.കെ നാരായണപ്പണിക്കര്‍ എന്നിവര്‍ പ്രസിഡന്റുമാരും റവ. തോമസ് ശാമുവല്‍, ജി.സുകുമാരന്‍നായര്‍ എന്നിവര്‍ സെക്രട്ടറിമാരുമായുമാണ് ഐക്യ ഫോറം രൂപീകരിച്ചിരിക്കുന്നത്.

സമുദായ സഖ്യ തീരുമാനങ്ങള്‍ വ്യക്തമാക്കുന്ന പ്രസ്താവനയുടെ പൂര്‍ണരൂപം : സംസ്ഥാ നത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ആദ്യകാലഘട്ടം മുതല്‍ മത- സാമുദായിക സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും സ്വകാര്യമേഖലയില്‍ വഹിച്ചുവരുന്ന പങ്ക് വിസ്മരിക്കാവുന്നതല്ല. സര്‍ക്കാരിനെക്കൊണ്ടുമാത്രം സാധ്യമല്ലാതിരുന്ന വിദ്യാഭ്യാസപ്രവര്‍ത്തനം കടമയായി ഏറ്റെടുത്തവരാണ് മത-സാമുദായിക സംഘടനകള്‍. സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ചല്ല, മറിച്ചു വിദ്യാഭ്യാസ- സമൂഹപുരോഗതി മാത്രം ലക്ഷ്യമിട്ടാണ് ഞങ്ങള്‍ ആയിരക്കണക്കിനു വിദ്യാലയങ്ങള്‍ തുറന്നത്.

ഇവിടത്തെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതുകൊണ്േടാ നാമമാത്രമായ വാര്‍ഷിക മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചതുകൊണ്േടാ മാത്രം ഇവയുടെ പ്രവര്‍ത്തനം പൂര്‍ണമായി എന്നു കരുതേണ്ടതില്ല. സ്ഥാവര-ജംഗമ സ്വത്തുക്കളും അതിന്റെ ഭാരിച്ച തുടര്‍ചെലവുകളും ഏറ്റെടുത്തുകൊണ്ടാണ് ഇന്നും ഈ സ്ഥാപനങ്ങളുടെ ഭരണം മാനേജുമെന്റുകള്‍ നിര്‍വഹിച്ചുപോരുന്നത്. വിദ്യാഭ്യാസനിയമ പരിഷ്ക്കരണത്തിന്റെ പേരില്‍ മാനേജുമെന്റുകള്‍ക്ക് അവകാശപ്പെട്ട നിയമനാധികാരം കൈയടക്കുന്നതിനും ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി രാഷ്ട്രീയക്കാരുടെ വേദിയാക്കി മാറ്റുന്നതിനുമുള്ള സര്‍ക്കാരിന്റെ നീക്കം നീതിയല്ല; അംഗീകരിക്ക ത്തക്കതുമല്ല.

ഈ നീക്കം രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവുമാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ എന്നും ഉറച്ചുനിന്നിട്ടുള്ള മതസംഘടനകളേയും സാമുദായിക സംഘടനകളേയും ഭിന്നിപ്പിച്ച് തകര്‍ക്കുക എന്നുള്ള ലക്ഷ്യവും ഇതിനു പിന്നിലുണ്ട് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ നിയമനം അതതു മാനേജുമെന്റുകള്‍ക്ക് അവകാശപ്പെട്ടതാണ്. അത് ഇന്നുള്ളതുപോലെ തുടരുകയും വേണം.അക്കാദമിക്- ഭരണ തലങ്ങളിലുളള നിയന്ത്രണവും ഇന്നുള്ളതുപോലെ തുടരണം.ഈ ചര്‍ച്ചായോഗം ആവശ്യമായതുടര്‍ നടപടികള്‍ കൈ ക്കൊള്ളുവാന്‍ തീരുമാനിച്ചി രിക്കയാണ്. ഈ കൂട്ടായ്മ സ്ഥിരമായി തുടര്‍ന്നുകൊണ്ടുപോകാനും തീരുമാനിച്ചിരിക്കുന്നു.

നായര്‍- ക്രൈസ്തവ ചര്‍ച്ചയ്ക്കു വിവിധ സാമൂഹിക മാനങ്ങള്‍
ചങ്ങനാശേരി: ക്രൈസ്തവ സഭാ പിതാക്കന്‍മാരും എന്‍.എസ്.എസ് നേതൃത്വവും ഇന്നലെ ചങ്ങനാശേരിയില്‍ നടത്തിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ ചര്‍ ച്ച പ്രബലമായ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യദാര്‍ഢ്യ യോഗമായിരുന്നു. പെരുന്നയിലെ നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനത്ത് ക്രൈസ്തവ സഭാ പിതാക്കന്‍മാര്‍ ചര്‍ച്ചയ്ക്കെത്തുന്നത് ഇത് ആദ്യമായാണ്.

മുന്‍കാലങ്ങളില്‍ സമാനമായ സമുദായ ചര്‍ച്ചകളെല്ലാം നടന്നിട്ടുള്ളത് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ അരമനയിലാണ്. ക ത്തോലിക്ക, ഓര്‍ത്തഡോക്സ്, യാക്കോബായ, സി.എസ്.ഐ, മാര്‍ത്തോമ, ക്നാനായ സഭകളുടെ പ്രധാനികള്‍ രണ്ടു മണിക്കൂര്‍ നീണ്ട രഹസ്യചര്‍ച്ചയിലുണ്ടായി. എസ്.എന്‍.ഡി.പിയുമായുള്ള രണ്ടു വര്‍ഷത്തെ സഖ്യം മുറിച്ചശേഷം എന്‍.എസ്.എസ് പുതിയൊരു സാമുദായിക സഹകരണ സഖ്യ ത്തിനു ക്രൈസ്തവവിഭാഗങ്ങളെ കൂട്ടി അടിത്തറയിടുകയായിരുന്നു.

സംവരണത്തിന്റെ ഒരു ആനുകൂല്യവുമില്ലാത്ത നായര്‍ സമുദായത്തിന്റെ വിദ്യാഭ്യസ അവകാ ശങ്ങള്‍ക്കൂടി കവര്‍ന്നെടുത്താല്‍ പ്രക്ഷോഭത്തില്‍ ഏതു തലംവരെയും പോകാന്‍ മടിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

കേരളത്തിലെ 45 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ക്രൈസ്തവ സഭകളുടെ അസ്ഥിത്വം തകര്‍ക്കുന്ന നീക്കമാണ് അധ്യാപക നിയമനം പി.എസ്.സിക്കുവിടാനും സ്ഥാപന നടത്തിപ്പില്‍ രാഷ്ട്രീയ താത്പര്യങ്ങളുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തുകയും വഴി സര്‍ക്കാര്‍ ലക്ഷ്യ മിടുന്നതെന്ന് അഭിപ്രായമുയര്‍ന്നു. ക്രൈസ്തവ സ്കൂളുകളെ രാഷ്ടീയവല്‍കരിക്കുകവഴി വിശ്വാ സസംരക്ഷണം തന്നെ അപകടത്തിലാകുമെന്നും ഇന്റര്‍ ചര്‍ച്ച് കൌ ണ്‍സില്‍ വ്യക്തമാക്കി.

പള്ളി വക സ്കൂളുകള്‍ പള്ളിപ്പറമ്പുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. സന്യസ്തരുടെയും സമര്‍പ്പിതരുടെയും സമര്‍പ്പിത സേവനമാണ് ഇതിന്റെ അടിത്തറ. ഈ സമാധാന അന്തരീക്ഷമാണ് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ ഇത്രത്തോളം സമ്പന്നമാക്കിയത്. എന്നാല്‍ പള്ളിക്കൂടങ്ങളുടെ പ്ര വര്‍ത്തന അവകാശം നഷ്ടപ്പെടാ ന്‍ സമുദായിക നിലനില്‍പിനു ത ന്നെ ഭീഷണിയാകുമെന്നാണ് സഭാ നേതൃത്വം കഴിഞ്ഞ ദിവസങ്ങളില്‍ വിലയിരുത്തിയത്.

നായര്‍ സമുദായം മുന്നോക്കമെങ്കിലും സംവരണത്തിന്റെ ആനുകൂല്യം ഒന്നും തന്നെ കിട്ടുന്നവര ല്ലെന്നും എന്‍.എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. ഞങ്ങള്‍ സഹോദരങ്ങളാണെന്നും എല്ലാ കാര്യങ്ങളിലും സൌദാര്‍ദത സൂക്ഷിക്കുന്നു ണ്െടന്നും സുകുമാരന്‍നായര്‍ കൂട്ടി ച്ചേര്‍ത്തു. ആശയപരമായി യോജിക്കുമെങ്ങില്‍ മുസ്ളീം എഡ്യുക്കേഷണല്‍ സൊസൈറ്റിയെയും ഐക്യ ഫോറത്തില്‍ ചേര്‍ക്കാന്‍ തയാ റാണ്.

വിദ്യാഭ്യാസ സ്വാതന്ത്യ്രത്തിനെതിരേയുള്ള സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാന്‍ പൊതുവേദിയില്‍ ഒരുമിച്ച് അണിനിരക്കുന്നതുള്‍ പ്പെടെ എല്ലാ രംഗങ്ങളിലും സഹകരിക്കും-മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

ഇത്തരമുള്ള സമുദായ ഐക്യം മുന്‍കാല ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണെന്ന് അല്‍പം കൂടി മാനങ്ങള്‍ നല്‍കി പി.കെ നാരായണപ്പണിക്കര്‍ പറഞ്ഞു. എന്നാ ല്‍ ഇത് രണ്ടാം വിമോചന സമരത്തിന്റെ തുടക്കമല്ലെന്നും കൂട്ടി ച്ചേര്‍ത്തു.ഒന്നരയാഴ്ച മുന്‍പു തുടങ്ങിയ ആശയവിനിമയമാണ് ഇന്നലെ പതിനഞ്ചു പ്രതിനിധികളുടെ രഹസ്യചര്‍ച്ചയ്ക്ക് വഴിയിട്ടത്. പി.കെ നാരായണപണിക്കരുടെ സഹപാഠിയും ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ ചെയര്‍മാനുമായ മാര്‍ ജോസഫ് പവ്വത്തില്‍ വിദേശപര്യടനത്തിലായതിനാല്‍ ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നില്ല.
കടപ്പാട്- ദീപിക

Advertisements

3അഭിപ്രായങ്ങള്‍

Filed under പലവക

3 responses to “എയ്ഡഡ് സ്കൂള്‍ നിയമനം

  1. സ്വന്തം സമുദായത്തിലെ യാതൊരു സംവരണവുമില്ലാത്ത ആയിരങ്ങള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില് തൊഴില് ലഭിക്കുന്നതിനുള്ള അവസരം കലക്കാനാണോ ഈ നാരായണപ്പണിക്കരുടെ ശ്രമം.

  2. സ്വന്തം സമുദായത്തിലെ യാതൊരു സംവരണവുമില്ലാത്ത ആയിരങ്ങള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില് തൊഴില് ലഭിക്കുന്നതിനുള്ള അവസരം കലക്കാനാണോ ഈ നാരായണപ്പണിക്കരുടെ ശ്രമം.

  3. RAGHAVAN

    പൊതുഖജനാവ് കൊള്ളയടിക്കാൻ കാട്ടുകള്ളൻമാർ ഒന്നിച്ചുകൂടും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w