Daily Archives: ജൂണ്‍ 20, 2010

റെയില്‍വെ റിക്രൂട്ട്മെന്റ് തട്ടിപ്പ്: 27ലെ പരീക്ഷ മാറ്റിവച്ചു

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എഴുത്തു പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം 27ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അറിയിച്ചു. ഗുഡ്സ് ഗാര്‍ഡ് തസ്തികകളിലേക്കാണ് പരീക്ഷ നടത്താനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (മുംബയ്) ചെയര്‍മാന്‍ എസ്.എം. ശര്‍മ്മയുടെ മകന്‍ വിവേക് ശര്‍മ്മ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത വിവരം ‘കേരളകൌമുദി’ കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നിരുന്നു. ആന്ധ്രപ്രദേശ് ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഹൈദരാബാദില്‍ നിന്ന് മൂന്ന് ഏജന്റുമാരും റായ്പൂരില്‍ നിന്ന് ഒരാളുമാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒളിവിലായ എസ്.എം. ശര്‍മ്മയെ റെയില്‍വേ ഇന്നലെ സസ്പെന്‍ഡ് ചെയ്തു. റായ്പൂരില്‍ അഡിഷണല്‍ ഡിവിഷണല്‍ മാനേജരായിരുന്ന ജഗന്നാഥമാണ് കഴിഞ്ഞ ദിവസം പിടിയിലായവരില്‍ ഒരാള്‍.
ജൂണ്‍ ആറിനാണ് അഖിലേന്ത്യാതലത്തില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എഴുത്തു പരീക്ഷ നടത്തിയത്. ജൂണ്‍ പതിമൂന്നിന് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ പരീക്ഷ നടന്നു.
മുംബയില്‍ നടത്തിയ റെയ്ഡില്‍ എസ്.എം. ശര്‍മ്മയുടെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 60 ലക്ഷം രൂപയും രഹസ്യവിവരങ്ങളടങ്ങിയ ലാപ്ടോപ്പും ബാങ്ക് പാസ് ബുക്കുകളും സി.ബി.ഐ പിടിച്ചെടുത്തിരുന്നു.
അറസ്റ്റിലായ വിവേക് ശര്‍മ്മ തട്ടിപ്പിലൂടെ നേടിയ പണം കൊടുത്ത് ‘പജേറോ’ കാര്‍ വാങ്ങിയിരുന്നു. ലക്ഷക്കണക്കിന് രൂപ ഹോട്ടലുകളിലും ബാറുകളിലും ധൂര്‍ത്തടിച്ചതായും കണ്ടെത്തി. 21.5 ലക്ഷം രൂപയും ഉദ്യോഗാര്‍ത്ഥികളുടെ 444 ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമാണ് ജഗന്നാഥത്തിന്റെ ഹൈദരാബാദിലെ വസതിയില്‍ നിന്ന് സി.ബി.ഐ കണ്ടെടുത്തത്. ബാംഗ്ളൂരിലെ ഹോട്ടലില്‍ 12 ലക്ഷം രൂപ ജഗന്നാഥത്തിന് ഏജന്റ് മൂര്‍ത്തി കൈമാറുമ്പോഴാണ് സി.ബി.ഐയുടെ പിടിയിലായത്.

ലിങ്ക് – കേരളകൗമുദി

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത