Daily Archives: മാര്‍ച്ച് 3, 2008

പത്രവാര്‍ത്തകള്‍ 03-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ഇസ്രയേലുമായുള്ള ബന്ധം പലസ്തീന്‍ മരവിപ്പിച്ചു
ഗാസസിറ്റി: ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള ബന്ധം പലസ്തീന്‍ മരവിപ്പിച്ചു. പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് ഈ തീരുമാനമെടുത്തത്. ബുധനാഴ്ച മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ മരണം 100 കവിഞ്ഞു. മരിച്ചവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഇതേതുടര്‍ന്ന് പലസ്തീനിലെങ്ങും സംഘര്‍ഷമാണ്. ഗാസ നഗരത്തില്‍ ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഓഫീസിലും ഇസ്രയേല്‍ ബോംബിട്ടു. പ്രത്യാക്രമണമായി പലസ്തീന്‍പോരാളികള്‍ നടത്തിയ റോക്കറ്റാക്രമണങ്ങളില്‍ ഏതാനും ഇസ്രയേലുകാര്‍ക്ക് പരിക്കേറ്റു.

യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ഇരുപക്ഷത്തോടും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭ്യര്‍ഥിച്ചു. ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അവരുമായി ചര്‍ച്ചകള്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷിന്റെ മധ്യസ്ഥതയില്‍ അന്നാപൊളീസില്‍ നടന്ന ഉച്ചകോടിയിലാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ഗാസയില്‍ പൂര്‍ണ അധിനിവേശത്തിനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്.

ഫത്താ കക്ഷിയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടലുകള്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ നബ്ളുസ്, ബത്ലഹേം, റമള്ള എന്നിവിടങ്ങളില്‍ സംഘര്‍ഷം ശക്തമായിട്ടുണ്ട്. ഗാസയില്‍ ശനിയാഴ്ചത്തെ ആക്രമണത്തില്‍ മാത്രം 70 പേര്‍ മരിച്ചു. ജെബലിയ അഭയാര്‍ഥികേന്ദ്രത്തിലും പട്ടണത്തിലുമാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്.

2000ല്‍ പലസ്തീന്‍കാര്‍ സ്വാതന്ത്യ്രത്തിനായുള്ള രണ്ടാം ഇന്തിഫാദ ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ സൈന്യം ഒറ്റദിവസം നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഞായറാഴ്ചയും ഇസ്രയേല്‍ അഭയാര്‍ഥി ക്യാമ്പുകളിലടക്കം പല കേന്ദ്രങ്ങളിലും ബോംബിട്ടു. പലസ്തീന്‍കാര്‍ റോക്കറ്റ് ആക്രമണം നിര്‍ത്തുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് പറഞ്ഞു.

ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പലസ്തീന്‍കാര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിനും മറ്റുമായി ഈജിപ്ത് ഗാസ അതിര്‍ത്തി തുറന്നു.

ഗാസനഗരത്തില്‍ പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഓഫീസിനുനേരെ ആക്രമണമുണ്ടാകുമ്പോള്‍ ഉള്ളിലാരുമില്ലായിരുന്നു. ഇതിനിടെ ഞായറാഴ്ചയും ഇസ്രയേല്‍ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം ഉണ്ടായി. 15 റോക്കറ്റുകള്‍ പതിച്ചെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ഇസ്രയേല്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച ഹമാസിനെ പാശ്ചാത്യലോകം അംഗീകരിക്കാഞ്ഞതോടെ പലസ്തീന്‍ രണ്ടായ നിലയിലാണ്. ഹമാസിന്റെ നിയന്ത്രണത്തിലാണ് ഗാസ. വെസ്റ്റ് ബാങ്കിലാണ് ഫത്താ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍. അമേരിക്കന്‍ അനുകൂല നയങ്ങളെച്ചൊല്ലിയാണ് ഫത്തായും ഹമാസും ഇടഞ്ഞത്. യാസര്‍ അറഫാത്തിന്റെ മരണശേഷം ഫത്താ നേതൃത്വം അമേരിക്കന്‍ അനുകൂല നിലപാടെടുക്കുകയാണെന്ന് ഹമാസ് വിലയിരുത്തുന്നു. ഗാസയെ പൂര്‍ണമായി ഒറ്റപ്പെടുത്തിയുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തിവരുന്നത്. വെള്ളവും വെളിച്ചവും തടഞ്ഞ് ഗാസ നിവാസികളെ ക്രൂരമായി പീഡിപ്പിച്ചുവരികയാണ്.

2. വിശ്വാസികള്‍ ആയുധമെടുക്കണമെന്ന് ആന്‍ഡ്രൂസ് താഴത്ത്
മണ്ണുത്തി: വിശ്വാസികള്‍ മഴുവെടുക്കണമെന്നാണ് കുണ്ടുകുളം പിതാവ് പറഞ്ഞതെങ്കില്‍ പകരം മറ്റൊരു ആയുധത്തിന്റെ പേര് പറയാന്‍ തനിക്ക് മടിയില്ലെന്ന് തൃശൂര്‍ അതിരൂപത മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. വിമോചനസമരത്തിന്റെ ഓര്‍മകള്‍ വിശ്വാസികള്‍ വീണ്ടെടുക്കണം. മണ്ണുത്തിയില്‍ ചേര്‍ന്ന ഒല്ലൂര്‍ നിയോജക മണ്ഡലം വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് വിശ്വാസികളോട് ആയുധമെടുക്കാന്‍ താഴത്ത് ആവശ്യപ്പെട്ടത്.

മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്നാണ് ചിലര്‍ പറയുന്നത്. രാഷ്ട്രീയത്തിന്റെ ധാര്‍മികത സംരക്ഷിക്കാന്‍ പുരോഹിതര്‍ ഇടപെടുന്നതില്‍ തെറ്റില്ല. നിരീശ്വരവാദം വളര്‍ത്തി വരുംതലമുറയെ കൈയിലെടുക്കാനാണ് കെഇആര്‍ പരിഷ്കാരം ലക്ഷ്യമിടുന്നത്. കൊടിപിടിക്കാന്‍ ആളെ കിട്ടാനാണിത്. എസ്എസ്എല്‍സി പരീക്ഷയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കൃത്രിമവിജയം സൃഷ്ടിക്കുന്നതായി സംശയിക്കുന്നു. പഠിക്കാത്തവരെ ജയിക്കാന്‍ സൌകര്യമൊരുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

3. റെയില്‍വെ ബോഗി നിര്‍മാണ യൂണിറ്റ്: അന്തിമപഠനത്തിന് സംഘം എത്തി
ചേര്‍ത്തല: ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് റെയില്‍വെ ബോഗി നിര്‍മാണയൂണിറ്റ് ആരംഭിക്കുന്നതിനുള്ള അന്തിമനടപടിക്രമങ്ങളുടെ ഭാഗമായി ഉന്നതലസംഘം ഓട്ടോകാസ്റ്റ് സന്ദര്‍ശിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പുവയ്ക്കും.

റെയില്‍വെ ബോര്‍ഡംഗം (മെക്കാനിക്) രാജ്കമല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച പകല്‍ 11ഓടെ ചേര്‍ത്തല ഓട്ടോകാസ്റ്റും സില്‍ക്ക് യൂണിറ്റും സന്ദര്‍ശിച്ചത്. ഇരു സ്ഥാപനങ്ങളുടെയും പ്ളാന്റുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് സംഘം ഒരുമണിക്കൂര്‍ അവിടെ ചെലവഴിച്ചു. റെയില്‍വെയുടെ വിവിധ നിലവാരത്തിലുള്ള സംഘങ്ങള്‍ നേരത്തെ ഇവിടം സന്ദര്‍ശിച്ച് സംയുക്ത സംരംഭത്തിന് പച്ചക്കൊടി കാട്ടിയിരുന്നു. അതിന്റെ ഫലമായാണ് ഇത്തവണത്തെ റെയില്‍വെബജറ്റില്‍ ഒരുകോടിയിലേറെ രൂപ ഈ യൂണിറ്റിന് വകയിരുത്തിയത്. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഒപ്പിടേണ്ട ധാരണാപത്രം ഇതിനകം തയാറായിട്ടുണ്ട്.

റെയില്‍വെ അഡീഷണല്‍ മെമ്പര്‍ (മെക്കാനിക്) ആന്‍ഡ് അഡ്വൈസര്‍ പി കെ ഗുപ്ത, ചെന്നൈ ചീഫ് മെക്കാനിക്കല്‍ എന്‍ജിനിയര്‍ കാര്‍മിലസ്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ടൈറ്റസ് കോശി, എറണാകുളം ഏരിയമാനേജര്‍ സി എം ചന്ദ്രശേഖരന്‍നായര്‍, സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ രവീന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. സംസ്ഥാന വ്യവസായ സെക്രട്ടറി പി എച്ച് കുര്യന്‍, വ്യവസായമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ ഗോപകുമാര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു. ഓട്ടോകാസ്റ്റ് മാനേജിങ് ഡയറക്ടര്‍ കുര്യാക്കോസ്, സില്‍ക്ക് മാനേജിങ് ഡയറക്ടര്‍ ടി വി ആന്റണി എന്നിവര്‍ പ്ളാന്റുകളുടെ പ്രവര്‍ത്തനം സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചു.

4. സാംസ്കാരിക നിറദീപ്തിയോടെ നിക്ഷേപ സമാഹരണത്തിനു തുടക്കം
കണ്ണൂര്‍: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും സ്വാധീനവും ഉദ്ഘോഷിച്ച സാംസ്കാരിക ഘോഷയാത്രയോടെ ഇരുപത്തൊമ്പതാമത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് നടന്ന ഘോഷയാത്രയിലും തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലും സഹകാരികളും സഹകരണ ജീവനക്കാരും ഉള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്നു. നാടന്‍ കലാരൂപങ്ങളും സഹകരണ മേഖലയുടെ വര്‍ധിച്ച പ്രസക്തിയും ജനപക്ഷ പ്രവര്‍ത്തനങ്ങളും അനാവരണം ചെയ്യുന്ന നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയെ ചേതോഹരമാക്കി.

രാവിലെ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഹകരണ സെമിനാറോടെയായിരുന്നു പരിപാടി തുടങ്ങിയത്.സഹകരണ മേഖലയുടെ വര്‍ത്തമാനകാല പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ വ്യവസായമന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ വിഷയം അവതരിപ്പിച്ചു.

സഹകരണ മന്ത്രി ജി സുധാകരന്‍, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം മെഹബൂബ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം അബ്ദുള്ള, സഹകരണ അഡീഷണല്‍ രജിസ്ട്രാര്‍ സുരേഷ് ബാബു, സംഘടനാ നേതാക്കളായ വി കുഞ്ഞികൃഷ്ണന്‍, എം കുട്ടപ്പന്‍പിള്ള, പി വി പവിത്രന്‍, കെ ശ്രീനിവാസന്‍, ടി വേലായുധന്‍, കെ വി ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനം സഹകരണ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ സുധാകരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ പി ജയരാജന്‍, എം പ്രകാശന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍, ഇ നാരായണന്‍, അഡീഷണല്‍ രജിസ്ട്രാര്‍ സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. പോയവര്‍ഷം നിക്ഷേപ സമാഹരണത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച എറണാകുളം, കണ്ണൂര്‍, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.

5. സഹകരണമേഖലയില്‍ 1200 ക്ളിനിക്  തുടങ്ങും : സുധാകരന്‍
കോഴിക്കോട്: ആരോഗ്യമേഖലയില്‍ 150 കോടി രൂപയുടെ വികസനസംരംഭങ്ങള്‍ക്ക് സഹകരണ വകുപ്പ് തയ്യാറാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 1200 സഹകരണ ക്ളിനിക്കുകള്‍ തുടങ്ങും. കോണ്‍ഫെഡറേഷന്‍ ഓഫ് നീതി മെഡിക്കല്‍സ് എംപ്ളോയീസ് ആറാം സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് തലം വരെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാം. ആശുപത്രിവളപ്പില്‍ ആവശ്യത്തിന് സ്ഥലം നല്‍കണമെന്നേയുള്ളൂ. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത സഹകരണമേഖലയെ പുനരുദ്ധരിക്കാനുള്ള ശ്രമമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. ഏകദേശം രണ്ടായിരം കോടി രൂപയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹകരണസ്ഥാപനങ്ങളില്‍ നിന്ന്് കൊള്ളയടിച്ചത്. കിട്ടാക്കടം 5400 കോടി രൂപയാണ്. മാര്‍ച്ച് 31 വരെ നീട്ടിയ കുടിശ്ശികനിവാരണ പദ്ധതിയിലൂടെ പരമാവധി പണം സമാഹരിക്കാമെന്നാണ് പ്രതീക്ഷ.

സഹകരണസ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപം അമ്പതിനായിരം കോടിയാക്കുകയാണ് ലക്ഷ്യം. ഇപ്പോഴത് 36,300 കോടിയാണ്. ഈ സര്‍ക്കാര്‍ വന്നശേഷം 16,000 കോടി രൂപ നിക്ഷേപം വര്‍ധിപ്പിച്ചു. സഹകരണമേഖല ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ഇടതുപക്ഷത്തിന്റെ ലേബല്‍ അണിഞ്ഞ ചിലര്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. വലതുപക്ഷക്കാരെ സഹായിക്കുന്ന ഈ ഇടതുപക്ഷ ലേബലുകാരെ അംഗീകരിക്കാനാകില്ല- സുധാകരന്‍ പറഞ്ഞു.

6. സ്ട്രക്ചറല്‍ പ്ളാന്‍ പരിഷ്കരണം  അഴിമതി തടയാന്‍
തിരു: എച്ച്എംടി ഭൂമി വിവാദത്തിന്റെ മറവില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കരിനിഴലിലാക്കുന്നത്് ലക്ഷങ്ങളുടെ ഭവനസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നടപ്പാക്കുന്ന സ്ട്രക്ചറല്‍-മാസ്റ്റര്‍ പ്ളാന്‍ പരിഷ്കരണത്തെ. എച്ച്എംടി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനിടെ, കൊച്ചിയിലെ സ്ട്രക്ചറല്‍ പ്ളാന്‍ പരിഷ്കരണത്തെപ്പറ്റി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കൊച്ചി കോര്‍പറേഷനിലെ സ്ട്രക്ചറല്‍പ്ളാന്‍ പരിഷ്കരണം ബ്ളൂസ്റ്റാര്‍ കമ്പനിക്കുവേണ്ടി മാത്രമാണെന്നാണ് ഉമ്മന്‍ചാണ്ടി ആരോപിച്ചത്. മെയ് അഞ്ചാം തീയതി ബ്ളൂസ്റ്റാര്‍ കമ്പനി അപേക്ഷ നല്‍കിയെന്നും അവര്‍ക്ക് ഇഷ്ടാനുസരണം കെട്ടിടം നിര്‍മിക്കാന്‍ മെയ് 31ന് മാസ്റ്റര്‍ പ്ളാനില്‍ മാറ്റം വരുത്തിയെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

എന്നാല്‍, പ്രതിപക്ഷനേതാവ് ആരോപിച്ചതുപോലെ ബ്ളൂസ്റ്റാര്‍ കമ്പനി റെവന്യൂമന്ത്രിക്ക് അപേക്ഷ നല്‍കിയത് മെയ് അഞ്ചിനു ശേഷമല്ല, മറിച്ച് മാസങ്ങള്‍ക്കു മുമ്പ് കൊച്ചിയുടെ സ്ട്രക്ചറല്‍ പ്ളാന്‍ പരിഷ്കരണം ആരംഭിച്ചിരുന്നു. അതിന്റെ കരട് 2007 ജനുവരി എട്ടിന് പ്രസിദ്ധീകരിച്ചതാണ്. പരാതികളും നിര്‍ദേശങ്ങളും പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത് ജൂണ്‍ രണ്ടിനാണെന്നുമാത്രം.

യുഡിഎഫിന്റെ ഭരണകാലത്ത് നടമാടിയ കൊടിയ അഴിമതിയെത്തുടര്‍ന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശമാണ് സംസ്ഥാനത്തെ നഗരങ്ങളുടെ മാസ്റ്റര്‍ പ്ളാന്‍ പരിഷ്കരണത്തിന് ഇടയാക്കിയതുതന്നെ. കേരളത്തിലെ അഞ്ച് കോര്‍പറേഷനുകളിലും എട്ടു നഗരസഭകളിലും മാസ്റ്റര്‍ പ്ളാന്‍, ഡിടിപി സ്കീം, സ്ട്രക്ചറല്‍ പ്ളാന്‍ എന്നിവയിലൊന്ന് നിലവിലുണ്ട്. നഗരപ്രദേശങ്ങളിലെ കെട്ടിട നിര്‍മാണത്തെ നിയന്ത്രിക്കുന്നത് ഇത്തരം പ്ളാനുകളാണ്. മാസ്റ്റര്‍പ്ളാനുകളില്‍ പലതും 10 മുതല്‍ 15 വര്‍ഷംവരെ പഴക്കമുള്ളതാണ്. ഇതില്‍നിന്ന് വ്യക്തികള്‍ക്ക് മേഖലാ ഇളവുകള്‍ നല്‍കി മന്ത്രിമാര്‍ ഉള്‍പ്പെട്ട സംഘങ്ങള്‍ യുഡിഎഫ് ഭരണകാലത്ത് കോടികള്‍ മറിച്ചുവെന്ന് ആരോപണം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന് മേഖലാ ഇളവുകള്‍ നല്‍കാനുള്ള അധികാരം 2005 നവംബര്‍ ഏഴിന് ഹൈക്കോടതി റദ്ദാക്കി.

മൂന്നു സെന്റും അഞ്ചുസെന്റും ഭൂമിയുടെ ഉടമകളായ ലക്ഷങ്ങള്‍ക്ക്അതോടെ വീടുവയ്ക്കാന്‍ കഴിയാതെ വന്നു. വ്യക്തിഗത ഇളവുകള്‍ നല്‍കുകയല്ല, ആവശ്യമെങ്കില്‍ മേഖലാ പരിഷ്കരണം നടത്തുകയാണ് വേണ്ടതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ്, നഗരാസൂത്രണ സ്കീമുകളും മാസ്റ്റര്‍ പ്ളാനുകളും കാലാനുസൃതമായി പരിഷ്കരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. ഇതിന്റെ ആദ്യപടിയായി മാസ്റ്റര്‍പ്ളാനുകളില്‍ മാറ്റം വരുത്തി.

വീതിയുള്ള റോഡുകളുടെ ഇരുവശവും മിശ്രിത മേഖലയാക്കിയിട്ടുണ്ട്. കൊച്ചിമേഖലയില്‍ 12 മീറ്റര്‍ റോഡ് എച്ച്എംടി റോഡ് മാത്രമാണെന്ന ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശവും ശരിയല്ല. എന്‍എച്ച് ബൈപ്പാസ് എന്നിവയെല്ലാം 25 മീറ്റര്‍ റോഡാണ്. എംജി റോഡ്, എസ്എ റോഡ്, കലൂര്‍ -കടവന്ത്ര റോഡ് തുടങ്ങിയവ 21 മീറ്ററും. സീപോര്‍ട്ട് റോഡിന് 30 മീറ്റര്‍ വീതിയുണ്ട്. ഈ റോഡുകളുടെയെല്ലാം ഇരുവശവും കൂടുതല്‍ ദൂരത്തേക്ക് മിശ്രിത സോണ്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

കൊച്ചിയുടെ സ്ട്രക്ചറല്‍ പ്ളാനിലെ എല്ലാ നിബന്ധനകളും ഒഴിവാക്കി നിയന്ത്രണമില്ലാത്ത നിര്‍മാണത്തിനുള്ള ഒത്താശചെയ്തത് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് സ്ട്രക്ചറല്‍പ്ളാന്‍ വ്യവസ്ഥകള്‍ പുനഃസ്ഥാപിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും.

7. മാധ്യമരംഗത്തെ വിദേശ   നിക്ഷേപം സ്വാതന്ത്യ്രം നഷ്ടപ്പെടുത്തും
കൊച്ചി: മാധ്യമരംഗത്ത് വിദേശനിക്ഷേപം അനുവദിച്ചാല്‍ ജനാധിപത്യ അവകാശങ്ങളും സുരക്ഷിതത്വവും നഷ്ടപ്പെടുമെന്ന് മന്ത്രി എസ് ശര്‍മ പറഞ്ഞു. മാധ്യമങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടാല്‍ നമ്മുടെ സ്വാതന്ത്യ്രവും അതോടൊപ്പം നഷ്ടമാകും. കേരള ന്യൂസ്പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണം മാധ്യമരംഗത്ത് ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി തൊഴില്‍ അസ്ഥിരതയാണ്. ആധുനിക കേരളത്തിലെ വ്യവസായവളര്‍ച്ചയ്ക്ക് അടിത്തറയിട്ടത് ഭൂപരിഷ്കരണമാണ്. വ്യവസായ പുരോഗതിയെ ഭൂപരിഷ്കരണം തടസ്സപ്പെടുത്തുന്നുവെന്ന വാദം ശരിയല്ല. സംസ്ഥാനത്ത് നിലവിലുള്ള ഒരുനിയമവും വ്യവസായവളര്‍ച്ചയ്ക്കെതിരല്ലെന്നും ശര്‍മ പറഞ്ഞു.

ഡോ. സെബാസ്റ്റ്യന്‍ പോള്‍ എംപി മുഖ്യപ്രഭാഷണം നടത്തി. പത്രജീവനക്കാര്‍ക്കുവേണ്ടി രൂപീകരിച്ച വേജ് ബോര്‍ഡ് ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പത്രമുതലാളിമാരുമായി ബന്ധമുള്ളവര്‍ പാര്‍ലമെന്റില്‍ പത്രജീവനക്കാര്‍ക്കുവേണ്ടി വാദിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് കെ എന്‍ ലതാനാഥന്‍ അധ്യക്ഷനായിരുന്നു. കെ ബാബു എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി കെ മണിശങ്കര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, എറണാകുളം പ്രസ്ക്ളബ് സെക്രട്ടറി പി എന്‍ വേണുഗോപാല്‍, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സെക്രട്ടറി പി ഡി ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.

കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ് സുരേഷ് നന്ദിയും പറഞ്ഞു.

8. 4 വര്‍ഷം  3997 കൊല; 7622 ആക്രമണം
‘പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ആയുധനിര്‍മാണശാലകള്‍ സ്ഥിതിചെയ്യുന്ന നഗരമാണ് ജബല്‍പൂര്‍. ഇവിടെ തങ്ങളുടെ ഗവേഷണ-വികസനകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ മാവോയിസ്റ്റുകള്‍ സമ്മതിച്ചു. ഭോപാലില്‍ ആയുധങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി നക്സലൈറ്റുകള്‍ നടത്തിയിരുന്നത് 2007 ജനുവരി 11ന് അധികൃതര്‍ കണ്ടെത്തി’- ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടത് മറ്റാരുമല്ല; പാര്‍ലമെന്റില്‍ ചോദ്യത്തിന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ നല്‍കിയ മറുപടിയാണിത്.

മധ്യപ്രദേശിലെ ഈ രണ്ട് സംഭവങ്ങളുമായി കൂട്ടിവായിക്കേണ്ട മറ്റൊന്ന്: 2008 ഫെബ്രുവരി 23ന് ബിഹാറിലെ നവാദയില്‍ പൊലീസ് ഒരു ലോറി പിടിച്ചെടുത്തു. മാവോയിസ്റ്റുകളുടെ ഉപയോഗത്തിനായി കൊണ്ടുപോവുന്ന 6000 കിലോ ജലാറ്റിന്‍ സ്റ്റിക്കുകളും മറ്റ് സ്ഫോടകവസ്തുക്കളുമായിരുന്നു ലോറിയില്‍. മധ്യപ്രദേശിലെ ഗുനയില്‍നിന്ന് കൊണ്ടുവന്നതാണിത്. ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. നവാദയാകട്ടെ, നേപ്പാളില്‍നിന്നുള്ള മാവോയിസ്റ്റ് സഹായത്തോടെ ഇന്ത്യയിലെ മാവോയിസ്റ്റ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്ന മേഖലയും.

ഏറെ ചര്‍ച്ചചെയ്യപ്പെട്ട 2007ലെ നന്ദിഗ്രാം സംഭവങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് മാവോയിസ്റ്റുകള്‍ സമ്മതിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ അഖിലേന്ത്യാ നേതാവ് ഗണപതിയും കഴിഞ്ഞദിവസം പശ്ചിമബംഗാളില്‍ അറസ്റ്റിലായ സോമന്‍ എന്ന ഹിമാദ്രിസെന്‍ റേയും നന്ദിഗ്രാം സംഭവത്തില്‍ തങ്ങളുടെ പങ്ക് വെളിപ്പെടുത്തി.

തൊണ്ണൂറുകളില്‍ ആന്ധ്രപ്രദേശില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് നടത്തിയ നക്സലൈറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലാകെ വ്യാപിപ്പിച്ചിരിക്കയാണ്. ആഭ്യന്തരവകുപ്പിന്റെ കണക്കനുസരിച്ച് 2003 മുതല്‍ 2007 നവംബര്‍ 30 വരെ ഇന്ത്യയിലാകെ 7622 നക്സലൈറ്റ്-മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായി. ഇതില്‍ 2339 സിവിലിയന്മാരും 729 പൊലീസുകാരും 929 നക്സലൈറ്റ്-മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.

2007 മാര്‍ച്ച് ഏഴിന് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംപി സുനില്‍ മഹതോയെ കൊലപ്പെടുത്തി മാവോയിസ്റ്റുകള്‍ രാജ്യത്തെ ഞെട്ടിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരായ പ്രസ്ഥാനമായ നാഗരിക് സുരക്ഷാ സമിതിയില്‍ പ്രവര്‍ത്തിച്ചതിനാണ് മഹതോയെ കൊന്നത്. ഗിരിധി ജില്ലയിലെ ചില്‍ക്കാരി ഗ്രാമത്തില്‍ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ മകന്‍ അനൂപിനെയും മാവോയിസ്റ്റുകള്‍ വധിച്ചു.

പൊലീസ് ക്യാമ്പുകള്‍ക്കെതിരെ ശക്തമായ ആക്രമണമാണ് മാവോയിസ്റ്റുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്നത്. 2007 മാര്‍ച്ച് 15ന് ഛത്തീസ്ഗഢിലെ ദണ്ഡെവത മേഖലയിലെ പൊലീസ് ക്യാമ്പിനുനേരെ നടന്ന ആക്രമണത്തില്‍ 15 പൊലീസുകാരടക്കം 54 പേര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ആക്രമണം ഭയന്ന് ക്യാമ്പുകളില്‍ കഴിഞ്ഞ ആദിവാസികളാണ് മരിച്ചവരില്‍ ബാക്കിയുള്ളവര്‍. 2006ല്‍ ദണ്ഡെവതയിലെതന്നെ ദുരിതാശ്വാസ ക്യാമ്പ് ആക്രമിച്ച് 29 പേരെ കൊലപ്പെടുത്തി. ഈ ജില്ലയില്‍ അര ലക്ഷത്തോളം പേര്‍ മാവോയിസ്റ്റ് ആക്രമണം ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദണ്ഡെവത ജയില്‍ ആക്രമിച്ച് മുന്നൂറിലധികം മാവോയിസ്റ്റ് തടവുകാരെ മോചിപ്പിച്ചത് അടുത്തിടെയാണ്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ജനാര്‍ദന്‍റെഡ്ഡിയെയും ഭീകരസംഘം വധിക്കാന്‍ ശ്രമിച്ചു. കിഴക്കന്‍മേഖലയിലെ ഛത്തീസ്ഗഢ്, }ജാര്‍ഖണ്ഡ്, ഒറീസ, ബിഹാര്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാളിന്റെ പടിഞ്ഞാറുള്ള മൂന്ന് ജില്ലകള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 160 ജില്ലകളില്‍ നക്സലൈറ്റ്- മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഒറീസയില്‍ അടുത്തിടെ 14 പൊലീസുകാരെ മാവോയിസ്റ്റുകള്‍ വധിച്ചു.

ഇന്ത്യയിലാകെ പതിനയ്യായിരം കാഡര്‍മാര്‍ ഇവര്‍ക്കുണ്ടെന്നാണ് കണക്ക്. ഉള്‍വനങ്ങളിലാണ് ക്യാമ്പുകള്‍. ആയുധ പരിശീലനമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നു. ഒരുലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഏക്കര്‍ പ്രദേശം മവവോയിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പുതന്നെ സമ്മതിക്കുന്നു. വനഭൂമിയടക്കമുള്ള ഈ പ്രദേശങ്ങളില്‍ സമാന്തരഭരണവും നികുതിപിരിവും കൊള്ളയും പിടിച്ചുപറിയും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നു.

9. കണക്ക് കഠിനം; ഭാഷയില്‍ മുന്നില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: സ്കൂള്‍തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം കണക്ക് തന്നെ. അഞ്ചാംക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 32 ശതമാനത്തിനും കണക്കില്‍ 30 ശതമാനത്തിനു താഴെയേ മാര്‍ക്ക് നേടാന്‍ കഴിയുന്നുള്ളൂവെന്ന് എന്‍സിഇആര്‍ടി നടത്തിയ സര്‍വേയുടെ റിപ്പോര്‍ടില്‍ പറയുന്നു.

കുട്ടികള്‍ക്ക് കണക്ക്, പരിസ്ഥിതിപഠനം, ഭാഷ എന്നിവയില്‍ ചോദ്യങ്ങള്‍ നല്‍കിയാണ് സര്‍വെ നടത്തിയത്. 266 ജില്ലകളിലെ 6828 സ്കൂളുകളിലെ 84322 വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. 11 ശതമാനം കുട്ടികള്‍മാത്രമാണ് കണക്കില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത്.

പശ്ചിമബംഗാളിലെ കുട്ടികളാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ശരാശരി 61 ശതമാനം മാര്‍ക്കാണ് അവര്‍ക്ക് കിട്ടിയത്. തൊട്ടുപിന്നില്‍ കര്‍ണാടകവും ജാര്‍ഖണ്ഡും-57 ശതമാനം. ആറ് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് 50നും 60നുമിടയില്‍ ശതമാനം കിട്ടി. 23 സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് 40നും 50നുമിടയില്‍ ശതമാനം കിട്ടി.

ഛത്തീസ്ഗഢ്, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ 40 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടി. ഭിന്നസംഖ്യ, ദശാംശം എന്നീ ഭാഗങ്ങളാണ് കുട്ടികള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടായി അനുഭവപ്പെട്ടത്. 40 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിഞ്ഞുള്ളൂ.

പ്രഥം എന്ന സന്നദ്ധ സംഘടന നടത്തിയ സര്‍വെയില്‍ ഗ്രാമീണ മേഖലയില്‍ ഭാഷാപരമായി ഏറ്റവും മികവ് പുലര്‍ത്തുന്നത് കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളാണ്. കേരളത്തിലെ കുട്ടികളില്‍ 85 മുതല്‍ 100 ശതമാനംവരെ വായനശേഷിയുണ്ട്.

10. കടാശ്വാസം സഹ. ബാങ്കുകളെ തകര്‍ക്കില്ല: ചിദംബരം
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കിയാല്‍ സഹകരണ ബാങ്കുകള്‍ തകരുമെന്നും വാണിജ്യബാങ്കുകള്‍ ദുര്‍ബലമാകുമെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. ബജറ്റിനെക്കുറിച്ച് വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പകള്‍ എഴുതിത്തള്ളുന്ന ബാങ്കുകള്‍ക്ക് അതനുസരിച്ചുള്ള ബോണ്ടുകള്‍ ഗവണ്‍മെന്റ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പ് വി പി സിങ് സര്‍ക്കാര്‍ നല്‍കിയ 10,000 കോടി രൂപയുടെ കടാശ്വാസം സഹകരണ ബാങ്കുകള്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയതെന്ന് കൃഷി വിദഗ്ധന്‍ ഡോ. അലഗ് പറഞ്ഞിരുന്നു. അലഗിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും എന്നാല്‍ സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ചിദംബരം പറഞ്ഞു.

വട്ടിപ്പണക്കാരില്‍നിന്ന് കടംവാങ്ങിയ കര്‍ഷകരെ സഹായിക്കണമെന്ന് നേരത്തെ രാഷ്ട്രീയ പാര്‍ടികള്‍ പറഞ്ഞില്ലെന്ന് ധനമന്ത്രി ആരോപിച്ചു. കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചതില്‍ അവ്യക്തതയ്ക്ക് സ്ഥാനമില്ല. 2007 മാര്‍ച്ച് 31 വരെ നല്‍കിയ വായ്പകള്‍, 2007 ഡിസംബര്‍ വരെ കുടിശ്ശികയായവ, 2008 ഫെബ്രുവരി 28 വരെ തുകയൊന്നും അടച്ചിട്ടില്ലാത്ത വായ്പകള്‍- ഇവയാണ് എഴുതിത്തള്ളുന്നത്. ആദ്യം കടം എഴുതിത്തള്ളുന്ന നടപടികള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം ബാങ്കുകള്‍ക്കുള്ള സഹായം സംബന്ധിച്ച് തീരുമാനിക്കും.

കടം എഴുതിത്തള്ളിയാല്‍ ജനങ്ങള്‍ വായ്പ തിരിച്ചടയ്ക്കാത്ത നിലപാടെടുക്കില്ലേ എന്ന ചോദ്യവും നേരത്തേതന്നെ ഉന്നയിക്കേണ്ടതായിരുന്നു. എല്ലാ രാഷ്ട്രീയപാര്‍ടികളും കടാശ്വാസം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാദ്യമല്ല കടാശ്വാസം രാജ്യത്ത് പ്രഖ്യാപിക്കുന്നത്. 1937ല്‍ സി രാജഗോപാലാചാരിയും കടാശ്വാസം പ്രഖ്യാപിച്ചിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യം നേരിട്ട് മുന്നോട്ടുപോകാന്‍ ഗവണ്‍മെന്റ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. പരിഷ്കാരങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണ് ഇന്നുള്ള വളര്‍ച്ചനിരക്ക് നേടിയതെന്നും അതിനാല്‍ പരിഷ്കാരങ്ങള്‍ തുടരുമെന്നും ചിദംബരം പറഞ്ഞു.

11. കാര്‍ഷികമേഖലയ്ക്ക് തുക  അപര്യാപ്തം: കിസാന്‍സഭ
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് നാല് ശതമാനം നിരക്കില്‍ വായ്പ അനുവദിക്കണമെന്ന സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശം കേന്ദ്ര ബജറ്റില്‍ പാലിക്കാത്തത് നിരാശാജനകമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. എന്നാല്‍, രണ്ട് ഹെക്ടറില്‍ കൂടുതല്‍ ഭൂമിയുള്ള ഇടത്തരം കര്‍ഷകരെയും പദ്ധതിയില്‍ കൊണ്ടുവരണമായിരുന്നു. അതേപോലെ സ്വകാര്യ പണമിടപാടുകാരില്‍നിന്ന് കടമെടുത്തവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കര്‍ഷകരില്‍ വലിയൊരു വിഭാഗം പദ്ധതിയില്‍നിന്ന് പുറത്താകും.

കാര്‍ഷികമേഖലയ്ക്ക് വേണ്ടത്ര പണം ഇത്തവണയും നീക്കിവച്ചിട്ടില്ല. നിക്ഷേപം കുറയുമെന്നതിനാല്‍ കാര്‍ഷികമേഖലയില്‍ വളര്‍ച്ച കൂടുതല്‍ മുരടിക്കും. കാര്‍ഷികമേഖലയില്‍ തൊഴിലവസരങ്ങളും കുറയും.

ആവശ്യമായ അളവില്‍ ഭക്ഷ്യസബ്സിഡി അനുവദിക്കാനും ചിദംബരം തയ്യാറായിട്ടില്ല. പൊതുവിതരണസംവിധാനം ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളുമില്ല. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം വെറും പാഴ്വാക്കാകും. വിള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചും ബജറ്റ് മൌനംപാലിക്കുകയാണ്.

പ്രാഥമികവിദ്യാഭ്യാസത്തിനുള്ള തുകയില്‍ നേരിയ വര്‍ധന വരുത്തിയിട്ടുണ്ടെങ്കിലും പൊതുമിനിമം പരിപാടിയില്‍ വാഗ്ദാനം ചെയ്തത്രയും പണം വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവച്ചിട്ടില്ല. 20 ശതമാനം വര്‍ധനമാത്രമാണ് തൊഴിലുറപ്പുപദ്ധതിക്കുള്ള വിഹിതത്തില്‍ വരുത്തിയത്. പദ്ധതി ഇരട്ടിയോളം ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണ്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വിലസ്ഥിരതാ ഫണ്ടിന് യുപിഎ സര്‍ക്കാര്‍ രൂപംനല്‍കണം. കര്‍ഷകര്‍ക്കായി പ്രകൃതിക്ഷോഭഫണ്ടും കൊണ്ടുവരണം- കിസാന്‍സഭ ആവശ്യപ്പെട്ടു.

12. സേതുസമുദ്രം പദ്ധതി പരിസ്ഥിതിക്ക് ദോഷമല്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സേതുസമുദ്രം കപ്പല്‍ചാല്‍ പദ്ധതി പരിസ്ഥിതിക്ക് ദോഷമൊന്നും വരുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പദ്ധതി ഏതെങ്കിലും തരത്തില്‍ പരിസ്ഥിതിയെ ബാധിക്കുമോയെന്ന് പരിശോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം പരിസ്ഥിതിക്ക് ദോഷമൊന്നും വരുത്തില്ലെന്ന നിലപാടിലാണ് സമിതി എത്തിച്ചേര്‍ന്നത്- സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടരുതെന്ന നിര്‍ദേശം സത്യവാങ്മൂലത്തിലുണ്ട്. എല്ലാ മതങ്ങളെയും സര്‍ക്കാര്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മതങ്ങളുടെ നിലനില്‍പ്പ് അംഗീകരിക്കുന്ന കാര്യങ്ങളിലൊഴികെ മറ്റ് വിഷയങ്ങളിലൊന്നും കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടരുത്- സര്‍ക്കാര്‍ പറഞ്ഞു.

സേതുസമുദ്രം വിഷയത്തില്‍ സര്‍ക്കാര്‍ ആദ്യം നല്‍കിയ സത്യവാങ്മൂലം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. രാമസേതു എന്നത് വിശ്വാസം മാത്രമാണെന്ന തരത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി രംഗത്തുവന്നതോടെ സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കുകയും പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി തേടുകയുമായിരുന്നു.

1. പ്രതിരോധ മന്ത്രിയെ പോലീസ് വട്ടംകറക്കി
ആലപ്പുഴ: അമ്പലപ്പുഴയില്‍ കെ.സി.എസ് മണിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയെ പൈലറ്റ് വാഹനം വഴിതെറ്റിച്ചു. സംഭവത്തെപ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്പി വിനോദ്കുമാറിന് എസ്പി നിര്‍ദേശം നല്‍കി.

ഇന്നലെ വൈകുന്നേരമാണു സംഭവം. തിരുവനന്തപുരത്തു നിന്നുവന്ന മന്ത്രിയെ ഓച്ചിറമുതല്‍ അമ്പലപ്പുഴ വരെ അനുഗമിക്കാന്‍ കായംകുളം സി.ഐ ഹരികൃഷ്ണനായിരുന്നു ചുമതല. അമ്പലപ്പുഴ കച്ചേരിമുക്കില്‍ നിന്നു കിഴക്കോട്ട് ഉദ്ഘാടനച്ചടങ്ങു നടക്കുന്ന സ്ഥലം വരെ അമ്പലപ്പുഴ സി.ഐക്കായിരുന്നു ചുമതല. എന്നാല്‍ ദേശീയപാതയോടു ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കാതിരുന്നതിനാല്‍ കാ യം കുള ത്തുനിന്നു വന്ന പോലീസ് വാഹനം അമ്പലപ്പുഴയില്‍ നിര്‍ത്താതെ വണ്ടാനം മെഡിക്കല്‍ കോളജിനു സമീപം വരെ മൂന്നു കിലോമീറ്ററോളം കട ന്നു പോവു ക യായിരുന്നു.

ഈ സമയം അമ്പലപ്പുഴ സ്റ്റേഷനിലെ സി.ഐയും സംഘവും അമ്പലപ്പുഴ കച്ചേരിമുക്കിനു കിഴക്കുവശം നിലയുറപ്പിച്ചിരുന്നു. എന്നാല്‍ സ്ഥലം മനസിലാകാതെ പോയതിനാല്‍ ഏറെദൂരം പിന്നിട്ടതിനു ശേഷമാണ് തിരികെ കേന്ദ്രമന്ത്രിയെ അമ്പലപ്പുഴയില്‍ എത്തിച്ചത്.

2. സ്വകാര്യമേഖലയെ അന്ധമായി എതിര്‍ക്കുന്നത് അബദ്ധജടിലം: ജി.സുധാകരന്‍
കോഴിക്കോട്: സ്വകാര്യമേഖലയെ അന്ധമായി എതിര്‍ക്കുന്നത് അബദ്ധ ജടിലമാണെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍. പൊതുമേഖലക്ക് ചെയ്യാനാകാത്ത കാര്യങ്ങള്‍ വരുമ്പോള്‍ സ്വകാര്യ മേഖലയെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണു വേണ്ടത്. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ 150 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണവകുപ്പ് ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജില്ലാ സഹകരണ ബാങ്ക് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ വകുപ്പ് സഹായം നല്‍കിയാല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജില്‍ വരെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹകരണ വകുപ്പ് തയാറാണ്. 1200 സഹകരണ ക്ളിനിക്കുകള്‍ സ്ഥാപിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ജനോപകാരപ്രദമായ മേഖലയില്‍ സഹകരണ വകുപ്പിന്റെ അറ്റാദായം വിനിയോഗിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ സഹകരണ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും ഓരോ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. കഴിഞ്ഞ 20 മാസം കൊണ്ട് സഹകരണ മേഖലയില്‍ 36,300 കോടി രൂപയാണ് അറ്റാദായം ഉണ്ടായത്. ഇതില്‍ 16,000 കോടിയും ഈ സര്‍ക്കാരിന്റേതാണെന്നും സുധാകരന്‍ പറഞ്ഞു.

സഹകരണ ശതാബ്ദി സ്മാരക സമര്‍പ്പണമായി ജില്ലാ സഹകരണ ബാങ്ക് 50 ലക്ഷം രൂപ ചെലവിട്ട് മെഡിസിന്‍, ഒ.പി വിഭാഗങ്ങള്‍ നവീകരിച്ചു. കൂടാതെ രോഗികളുടെ പരിചാരകര്‍ക്ക് വിശ്രമ മന്ദിരം, രണ്ട്, അഞ്ച്, എട്ട് വാര്‍ഡുകളുടെ നവീകരണം എന്നിവയും നടന്നു. വാര്‍ഡുകള്‍ പി.എം.എ.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മേയര്‍ എം.ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സി.സുധീന്ദ്രഘോഷ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ.പി.കെ ശശിധരന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.മെഹബൂബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി, സൊസൈറ്റി പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് വി.ആര്‍.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

3. കോടതിയും സര്‍ക്കാരും തുറന്ന പോരില്‍
കൊച്ചി: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കോടതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്. എറണാകുളം ജില്ലാ കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങു മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും ബഹിഷ്കരിച്ചതോടെയാണ് ഇത്രയും കാലം പ്രസ്താവനകളില്‍ ഒതുങ്ങി നിന്ന ഭിന്നത മറനീക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോകോള്‍ അനുസരിച്ച് മുഖ്യമന്ത്രിയെ അധ്യക്ഷനാക്കിയില്ലെന്നാരോപിച്ചായിരുന്നു സര്‍ക്കാര്‍ ചടങ്ങു ബഹിഷ്കരിച്ചത്.

അധികാരമേറ്റ ശേഷം വി.എസ് സര്‍ക്കാര്‍ കോടതിയുമായി ഏറ്റുമുട്ടുന്നത് ഇതാദ്യമല്ല. സ്വാശ്രയ പ്രശ്നത്തിലെ കോടതിവിധികള്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായതോടെയാണു സര്‍ക്കാരിന്റെ എതിര്‍പ്പു തുടങ്ങിയത്.

മന്ത്രി ബേബിയടക്കം മന്ത്രിമാരുടെ മുനവെച്ച സംസാരങ്ങളും എസ്.എഫ്.ഐയുടെ ഹൈക്കോടതി മാര്‍ച്ചും ജഡ്ജിമാരെ പ്രതീകാത്മകമായി നാടുകടത്തലുമായായിരുന്നു തുടക്കം. ഇതിന്റെ ചുവടുപിടിച്ചു നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമായതോടെ മന്ത്രി പാലോളി മുഹമ്മദുകുട്ടി നേരിട്ടു മാപ്പുപറയുന്നതില്‍ വരെ കാര്യങ്ങളെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് കോടതിക്കെതിരായ നീക്കങ്ങളില്‍ നിന്ന് അല്പം വിട്ടു നിന്ന ഇടതുനേതാക്കള്‍ തുറമുഖങ്ങള്‍ വഴിയുള്ള പാമോയില്‍ ഇറക്കുമതിക്ക് സ്റ്റേ അനുവദിച്ച കോടതി വിധിയെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചതോടെയാണു വീണ്ടും പഴയ നിലപാടിലേക്കെത്തിയത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി, പ്രസ്താവന ജനാധിപത്യ മൂല്യത്തിന് എതിരാണെന്നും കോടതി നടപടികളിലുള്ള ഇടപെടലാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

പാമോയില്‍ നിരോധനത്തിനെതിരായ ഹര്‍ജികളില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് സിരിജഗന്‍ മറ്റൊരു ബഞ്ചിലേക്ക് കേസ് മാറ്റുകയും രേഖകള്‍ ചീഫ് ജസ്റ്റിസിന് അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തയിടെ വീണ്ടും ഏറ്റുമുട്ടി.

ഇത്തവണ എം. വിജയകുമാറായിരുന്നു കോടതിക്ക് ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണെന്ന ആരോപണവുമായെത്തിയത്. എന്നാല്‍, തിരുവനന്തപുരത്ത് ബഞ്ച് അനുവദിക്കേണ്ടതില്ലെന്ന നിലപാട് ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ നേരത്തെതന്നെയുള്ള തീരുമാനമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ മറുപടി.

ഇതിനെല്ലാം പിന്നാലെയാണ് ശനിയാഴ്ച കൊച്ചിയില്‍ പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഹൈക്കോടതി ചീഫ ്ജസ്റ്റിസും പങ്കെടുത്ത ചടങ്ങ് ബഹിഷ്കരിച്ചത്.

പരിപാടി നടത്തിപ്പിലെ അപാകത മൂലമാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് തുറന്നു പറയുകയും ചെയ്തു.

പ്രോട്ടോകോള്‍ അനുസരിച്ചു മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷ സ്ഥാനം ലഭിക്കേണ്ടത് മുഖ്യമന്ത്രിക്കാണെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. ഇത് പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് തയാറായില്ല.

4. ദേശീയ കുടുംബാരോഗ്യ മിഷന്റെ പണവിനിയോഗം കേരളത്തില്‍ പാളുന്നു
പത്തനംതിട്ട: ആരോഗ്യ മേഖലയിലെ ക്ഷേമ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നില്ലെന്നു വിമര്‍ശനം. ഗ്രാമ, നഗര മേഖലകളിലെ ആരോഗ്യ സുരക്ഷാ പദ്ധതിക ള്‍ക്കായാണു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ആരോഗ്യമിഷന്‍ വഴി കോടികള്‍ അനുവദിച്ചിട്ടുള്ളത്.

ദേശീയ ഗ്രാമീണാരോഗ്യമിഷന്‍ സംസ്ഥാനത്തെ ഓരോ ജില്ലകള്‍ക്കും പ്രത്യേക പദ്ധതികളുള്‍പ്പെടുത്തിയാണ് തുക നല്‍കുന്നത്. ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള തുകയുടെ വിനിയോഗമാണ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്.

വിദേശ സഹായത്തോടെ രാജ്യ ത്തെ ആരോഗ്യക്ഷേമ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ള പദ്ധതതിയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു മാത്രം നല്‍കിയിട്ടുള്ളത് 40 കോടി രൂപയാണ്. ദേശീയാരോഗ്യ മിഷന്റെ ജില്ലാ മാനേജര്‍മാര്‍ വഴിയാണ് ഓരോ ജില്ലയ്ക്കും തുക നല്‍കിയത്.

മൂന്നു മുതല്‍ നാലുകോടി രൂപ വരെയാണു പദ്ധതിയില്‍ ഓരോ ജില്ലയ്ക്കും ലഭിക്കുക. ആശുപത്രികളുടെ വികസനം, ഗ്രാമീണ നഗരമേഖലയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം, ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന വിപുലീകരണം, മരുന്നു ശേഖരണം, ഗ്രാമ, മുനിസിപ്പല്‍ വാര്‍ഡുതലങ്ങളിലെ ശുചീകരണം തുടങ്ങിയ പദ്ധതികളിലാണ് തുക വിനിയോഗിക്കേ ണ്ടത്.

സംസ്ഥാനത്തെ ഓരോ ഗ്രാമ, നഗര മേഖലയിലെയും വാര്‍ഡുകള്‍ അടിസ്ഥാനമാക്കി 10,000 രൂപ വീതവും, ആശുപത്രികളുടെ നവീകരണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും 10,000 മുതല്‍ ഒരുലക്ഷം രൂപവരെയുമാണ് നല്‍കുന്നത്. പ്രധാന ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രി വികസന സമിതി വഴി അഞ്ചുലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.

ജീവനക്കാര്‍ കുറവുള്ള ആശു പത്രികളില്‍ ഡോക്ടര്‍മാര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ നിയമനങ്ങള്‍ക്കും ദേശീയ ഗ്രാമീണാരോഗ്യമിഷനിലൂടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തുന്നുണ്ട്.

വിദഗ്ധ ഡോക്ടര്‍മാരെ 25,000 രൂപയ്ക്കും, സ്റ്റാഫ് നഴ്സുമാരെ 7480 രൂപ യ്ക്കും, ലാബ് ടെക്നീഷ്യന്മാരെ 6680 രൂപയ് ക്കും നിയമിക്കുന്നതും ഇതേ പദ്ധതികളിലൂടെയാണ്. എന്നാല്‍ ആശുപത്രികളിലെയും ആരോഗ്യ മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള തുക ഗ്രാമതലങ്ങളില്‍ എത്താത്തതാണ് വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കുന്നത്. ഇത്തരത്തില്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യാനുസരണം തുക ലഭ്യമായിട്ടും മിക്ക സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനത്തിന് ജീവനക്കാരില്ല.

വാര്‍ഡുതലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള തുകകള്‍ വാര്‍ഡ് മെംബര്‍ ചെയര്‍മാനായുള്ള കമ്മിറ്റിക്കാണ് അനുവദിക്കുന്നതെങ്കിലും ഇതും വേണ്ടവിധമല്ല വിനിയോഗിക്കുന്നത്.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ 140 മണ്ഡലങ്ങള്‍ക്കായി 1.4 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ആരോഗ്യ മേളകളും ധൂര്‍ത്തിന് കളമൊരുക്കുകയാണ്. ആരോഗ്യ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള തുക അശാസ്ത്രീയമായാണ് വിനിയോഗിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

5. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനു നേരേ ആക്രമണം
കൊച്ചി: കുമ്മനോട് അനധികൃത പാറമടയുടെ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഗുണ്ടാ സംഘം ആക്രമിച്ചു.

മര്‍ദനത്തില്‍ പരിക്കേറ്റ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടന്‍, കാമറാമാന്‍ ഫിറോസ് ഖാന്‍ എന്നിവരെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിറോസ് ഖാന് സാരമായ പരിക്കുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാറമടയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കവെ ഇരുപത്തഞ്ചോളം വരുന്ന ഗുണ്ടാസംഘം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഐപ്പ് വള്ളിക്കാടന്‍ പറഞ്ഞു. പരാതിക്കാരായ നാട്ടുകാരേയും ഗുണ്ടാസംഘം മര്‍ദിച്ചു. കാമറ, മൈക്ക്, സ്റ്റാന്‍ഡ് എന്നിവ ഗുണ്ടകള്‍ പിടിച്ചുവാങ്ങി നശിപ്പച്ചു.

പൊലീസ് സംഘത്തിന്റെ മുന്നില്‍വച്ചും ഇവര്‍ക്ക് മര്‍ദനമേറ്റു. പൊലീസ് വാഹനത്തിലാണ് ഇവരെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചത്.

6. ഭരണ നേതൃത്വം ലാന്‍ഡ് ബ്രോക്കര്‍മാരായി: പി.സി ജോര്‍ജ്
കൊച്ചി: സംസ്ഥാന ഭരണ നേതൃത്വം ലാന്‍ഡ് മാഫിയ ബ്രോക്കര്‍മാരായി അധഃപതിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി ജോര്‍ജ് എംഎല്‍എ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഭൂമി മാഫിയകളുടെ കൈകളിലെത്തിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന നീക്കം ജനങ്ങളുടെ കൂട്ടായ്മയിലൂടെ എതിര്‍ത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് സെക്യുലര്‍ ജില്ലാ പ്രതിനിധി സമ്മേളനം ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ടി.എസ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജേക്കബ് തോമസ് അരികുപുറം, എസ്.ഭാസ്കരന്‍ പിള്ള, എം.ടി ജോസഫ്, ഇ.കെ ഹസന്‍കുട്ടി, എം.എന്‍ ഗിരി തുടങ്ങിയവര്‍ പങ്കെടുത്തു.

7. എമിഗ്രേഷന്‍ ക്ളിയറന്‍സിന് തൊഴിലുടമയുടെ ഒന്നരലക്ഷംരൂപ ഗ്യാരണ്ടി ഹാജരാക്കണം
തിരുവനന്തപുരം: ഗള്‍ഫില്‍ ജോലിക്കുപോകാന്‍ തൊഴില്‍ ഉടമ നല്‍കുന്ന ഒന്നര ലക്ഷം രൂപയുടെ ഗാരണ്ടി കൂടെ ഹാജരാക്കണമെന്ന നിയമം ഈമാസം മുതല്‍ പ്രാബല്യത്തിലായി.

ഈരേഖകള്‍കൂടെ ഹാജരാക്കിയാല്‍ മാത്രമേ ഇനി മുതല്‍ വിസ ക്ളിയറന്‍സ് ലഭിക്കൂ. തൊഴില്‍ കരാര്‍, വിസയുടെ കോപ്പി, പാസ്പോര്‍ട്ട് എന്നിവയും ഒപ്പം ഹാജരാക്കേണ്ടതുണ്ട്.

തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലെത്തുന്നവര്‍ വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ കൂടിയതാണ് ഇത്തരം നിയമ നിര്‍മാണത്തിനു പ്രേരകമായത്. തൊഴില്‍ നഷ്ടപ്പെടുക, സ്പോണ്‍സര്‍ ശമ്പളം നല്‍കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ പല കഷ്ടപ്പാടുകളും ഗള്‍ഫിലെത്തുന്നവര്‍ അനുഭവിക്കേണ്ടി വന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പ്രവാസികാര്യ വകുപ്പും മന്ത്രി വയലാര്‍ രവിയും മുന്‍കൈയെടുത്താണ് നിയമം പ്രാബല്യത്തില്‍ വരുത്തിയത്.

തൊഴില്‍ കൊടുക്കുന്നയാള്‍ ഒന്നര ലക്ഷം രൂപ (2500 യു.എസ് ഡോളര്‍) എംബസിയില്‍ കെട്ടിവയ്ക്കണം. ഏതെങ്കിലും വിപരീദ സാഹചര്യമുണ്ടായാല്‍ ഈ തുക തൊഴിലെടുക്കുന്നയാള്‍ക്കായി ചെലവഴിക്കും. ഗള്‍ഫ് രാജ്യങ്ങളുടെ എംബസികള്‍, മന്ത്രാലയങ്ങള്‍ എന്നിവയുമായി ദീര്‍ഘനാളായി നടത്തി വന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് നിയമം പ്രാബല്യ ത്തി ലായത്.

ഇതോടെ തൊഴില്‍തേടി ഗള്‍ഫ് നാടുകളിലെത്തുന്നവര്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാകും. അതേസമയം ഗള്‍ഫിലെത്തി ജോലി തേടാനുള്ള സാധ്യത നഷ്ടപ്പെടുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ചെറിയ കൂലിക്ക് ആളെ ഇറക്കുന്ന രീതിയാണ് അറബി നാടുകളിലുള്ളത്.

ശ്രീലങ്ക, ഫിലിപ്പീന്‍സ്,നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചെറിയ കൂലിക്ക് ആളെ കിട്ടുന്നത്. ഇന്ത്യയില്‍ എമിഗ്രേഷന്‍ സംവിധാനത്തില്‍ വരുത്തിയ മാറ്റം ആ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനിടയാക്കും. പണം കെട്ടിവയ്ക്കാന്‍ തയാറാകാത്ത തൊഴില്‍ ഉടമകള്‍ വേറെ രാജ്യങ്ങളില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും വിമര്‍ശകര്‍ പറയുന്നു.

നിലവില്‍ എമിഗ്രേഷന് സ്വന്തമായി പോയാല്‍ 800 രൂപയാണ് ചെലവ്. എന്നാല്‍ റിക്രൂട്ടിംഗ് ഏജന്‍സി വഴി പോകുമ്പോള്‍ ചെലവ് 4500 രൂപവരെയാണ്. പുതിയ രീതി വരുന്നതോടെ റിക്രൂട്ടിംഗ് ഏജന്‍സി വഴിയല്ലാതെ സാധാരണക്കാരന് വിദേശത്തേക്കു പോകാനാകാത്ത അവസ്ഥയാകും ഉണ്ടാകുക. വിദേശത്തെ തൊഴില്‍ ഉടമയില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഗാരണ്ടി ഹാജരാക്കാന്‍ സാധാരണക്കാരന് സാധിക്കില്ല. ഇതോടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിക്രൂട്ടിംഗ് ഏജന്‍സികളെ ആശ്രയിക്കുക മാത്രമേ വഴിയുണ്ടാകൂ. പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ ഈടാക്കുന്ന സ്ഥിതിയിലേക്കെത്തിയാല്‍ എങ്ങനെ നിയന്ത്രിക്കുമെന്ന സംശയവും ഉയരുന്നു.

8. കാര്‍ഷിക വായ്പ എഴുതിതള്ളുന്നതിന് എതിരേ ഹര്‍ജി
ന്യൂഡല്‍ഹി: മൊത്തം കാര്‍ഷിക വായ്പകളുടെ മൂന്ന് ശതമാനം മാത്രമായ 60,000 കോടി രൂപ എഴുതി തള്ളാനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരേ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് ഹര്‍ജി നല്‍കിയത്.

വസ്തുതാവിരുദ്ധമായ കണക്കുകളാണ് ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ബാങ്കില്‍ നിന്നും മറ്റ് പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത കര്‍ഷകരുള്ളപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് ദേശസാല്‍കൃത ബാങ്കുകളുടെ മാത്രം കടങ്ങള്‍ എഴുതി തള്ളുന്നതെന്നും ചോദിക്കുന്നുണ്ട്. സ്വകാര്യ ബാങ്കില്‍ നിന്നുമെടുത്തിട്ടുള്ള കാര്‍ഷിക വായ്പകളും എഴുതി തള്ളണമെന്നും ഹര്‍ജിക്കാരന്‍ ആ വശ്യപ്പെടുന്നു.

9. ഗ്രാമീണനെ ചുട്ടുകൊന്നു
കര്‍ണാല്‍: കൃഷിക്കാരനായ ഗ്രാമീണനെ സ്വന്തം പഴത്തോട്ടത്തില്‍ ജീവനോടെ ചുട്ടെരിച്ചു. ഹൈദരാബാദിലെ കര്‍ണാലിനു സമീപം ഖേരാ ഛാപ്രയിലാണ് സംഭവം.

പാട്ടകൃഷി ചെയ്യുന്ന പുന്നാരാം (50) എന്നയാളാണ് കൊല്ലപ്പെട്ടത്. പോളീത്തീന്‍ ബാഗില്‍ പൊതിഞ്ഞു മണ്ണെണ്ണയൊഴിച്ചു തീയിടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. തീ കത്തുമ്പോള്‍ പുന്നാരാമിന് ജീവനുണ്ടായിരുന്നെന്നാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

10. കാര്‍ഗില്‍ : മുഷാറഫിന്റെ പങ്ക് അന്വേഷിക്കണമെന്നു ഷെരീഫ്
ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധത്തിലേക്കു നയിച്ച സംഭവവികാസങ്ങളും അതില്‍ മുഷാറഫിന്റെ പങ്കും പുതിയ പാക് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.

പി.പി.പിയുമായി ഒപ്പിട്ട ചാര്‍ട്ടര്‍ ഓഫ് ഡെമോ ക്രസിയില്‍ കാര്‍ഗിലിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നു നിര്‍ദേശിച്ചിരുന്നു.രഹസ്യാ ന്വേഷ ണ ഏജന്‍സിയായ ഐ.എസ്.ഐയുടെ നിയന്ത്രണം സിവിലിയന്‍ സര്‍ക്കാരിനു നല്‍കുക, സൈനിക ഓഫീസര്‍മാരുടെ സ്വത്തുവിവരം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും രേഖയിലുള്‍പ്പെടുത്തിയിട്ടുണ്െടന്നു ഷെരീഫ്പറഞ്ഞു.

1. മൂന്നാം ബദലാണ് ആവശ്യം: ബര്‍ദാന്‍
തൃശൂര്‍: കോണ്‍ഗ്രസിനും ബി.ജെ.പിക്കും പകരം മൂന്നാം ബദല്‍ ആവശ്യമാണെങ്കിലും അത് മൂന്നാം മുന്നണിയല്ലെന്ന നിലപാട് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ ആവര്‍ത്തിച്ചു. മൂന്നാം മുന്നണിയല്ല മൂന്നാം ബദലാണ് ആവശ്യമെന്നും സി.പി.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില നേതാക്കള്‍ ഒന്നിച്ചിരുന്നാല്‍ മൂന്നാം മുന്നണിയാകും, മൂന്നാം ബദലാവില്ല. മൂന്നാം ബദല്‍ പരിപാടികളുടെ അടിസ്ഥാനത്തിലാവണം. അതിന് ഇടതുപക്ഷ കക്ഷികളും മതേതര കക്ഷികളും നേതൃത്വം നല്‍കും. ദല്‍ഹിയില്‍ ഒരാള്‍ ഭാവി പ്രധാനമന്ത്രിയായി സ്വയം വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് എന്നും ഭാവി പ്രധാനമന്ത്രിയായി കഴിയേണ്ടിവരും.

ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി ഏറ്റെടുത്തല്ല പ്രത്യേക സാമ്പത്തിക മേഖല രൂപവത്കരിക്കേണ്ടത്. ഭൂ രഹിത കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യണം. ആണവ കരാര്‍ ഒപ്പിടാന്‍ ഇടതുപക്ഷ കക്ഷികള്‍ സമ്മതിക്കില്ല.
നാല് വര്‍ഷവും കര്‍ഷക ആത്മഹത്യ കൈയും കെട്ടി നോക്കിനിന്നവരാണ് ബജറ്റിലൂടെ കാര്‍ഷിക കടം എഴുതിത്തള്ളാനും കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാനും ശ്രമിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുള്ള ബജറ്റാണ്. ഇടതുപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ട കേരള മാതൃകയിലുള്ള കാര്‍ഷിക കടാശ്വാസം എവിടെയെന്ന് അദ്ദേഹം ചോദിച്ചു. കാര്‍ഷിക കടാശ്വാസ കമീഷന്‍ രൂപവത്കരിക്കുകയും നാല് ശതമാനം നിരക്കില്‍ വായ്പ നല്‍കുകയും വേണം.

12.5 ലക്ഷം കോടി രൂപ 535 കോര്‍പറേറ്റുകളുടെ പക്കലാണ്. കേന്ദ്ര ബജറ്റിനെക്കാള്‍ 35 ശതമാനം അധികരിച്ച തുകയാണിത്. മറുഭാഗത്ത് പട്ടിണിയും ദാരിദ്യ്രവും വര്‍ധിക്കുകയാണ്. ബജറ്റിലൂടെ ദേശീയ തൊഴിലുറപ്പ് പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചെങ്കിലും ഫണ്ട് വകയിരുത്തിയിട്ടില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം കൂലി ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണക്കാര്‍ കൌശലക്കാരായതിനാലാണ് പാവപ്പെട്ടവനും പണക്കാരനും തമ്മിലെ അന്തരം കുറക്കണമെന്ന് ഇടക്കിടക്ക് പറയുന്നത്. ഇതേസമയം, കോര്‍പറേറ്റുകള്‍ക്ക് എല്ലാ സൌകര്യവും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. പൊതുവിതരണ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് പൊതുമിനിമം പരിപാടിയില്‍ ഇടതുപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടതാണ്. കര്‍ഷകരില്‍നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യണമെന്നതാണ് ഇടതു കക്ഷികളുടെ ആവശ്യം. എന്നാല്‍, അമേരിക്ക, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നത്. കേരളത്തിലേക്കുള്ള അരിയും ഗോതമ്പും പുനഃസ്ഥാപിക്കണം. വിദേശ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികള്‍ക്കുവേണ്ടിയാണ് മരുന്ന് വില നിയന്ത്രണം എടുത്തുമാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രസീഡിയം ചെയര്‍മാന്‍ കെ.പി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി എ.കെ. ചന്ദ്രന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. നേരത്തേ സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിര്‍ന്ന അംഗം പി.എ. സോളമന്‍ (കൊട്ടാരക്കര) സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം എ.ബി. ബര്‍ദാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.ഇ. ഇസ്മായില്‍ എം.പി രക്തസാക്ഷി പ്രമേയവും സി.എന്‍. ചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഉച്ചക്കുശേഷം സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും സി.എന്‍. ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിജയന്‍ കുനിശേരിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കെ.പി. പ്രഭാകരന്‍ ചെയര്‍മാനും സത്യന്‍ മൊകേരി, എം. റഹ്മത്തുല്ല, ടി.ജെ. ആഞ്ചലോസ്, ആര്‍. ലതാദേവി, പി.എസ്. സുപാല്‍, ഈശ്വരിരേശന്‍ എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എം.പി. അച്യുതന്‍ കണ്‍വീനറായ പ്രമേയ കമ്മിറ്റിയില്‍ കെ.പ്രകാശ് ബാബു, പി. രാമചന്ദ്രന്‍ നായര്‍, ബിനോയ് വിശ്വം, കമലാസദാനന്ദന്‍, ജോസ് ബേബി, പി. രാജു, കെ.കെ. ശിവരാമന്‍, അഡ്വ. പി.കെ. ചിത്രഭാനു എന്നിവര്‍ അംഗങ്ങളാണ്.

2. കടാശ്വാസം: നേട്ടം തട്ടാന്‍ മല്‍സരം
ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന വോട്ട് ബാങ്കായ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയതടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച ബജറ്റിന്റെ നേട്ടം കൈക്കലാക്കാന്‍ ഭരണമുന്നണിയായ യു.പി.എയില്‍ പൊരിഞ്ഞ മല്‍സരം. 60,000 കോടി രൂപയുടെ കാര്‍ഷിക കടമാണ് എഴുതിത്തള്ളിയത്.

പ്രതിപക്ഷവും മൂന്നാം മുന്നണിയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പാര്‍ലമെന്റിന്റെ അവസാന നാളുകളില്‍ തങ്ങള്‍ ഉണ്ടാക്കിയ ബഹളമാണ് കടാശ്വസ നടപടിക്ക് കാരണമെന്നാണ് അവരുടെ അവകാശവാദം.
കാര്‍ഷിക കടാശ്വാസം വോട്ടാക്കാന്‍ കോണ്‍ഗ്രസ് നേരത്തേ തീരുമാനിച്ചിരുന്നു. ബജറ്റ് വരുന്നതിന് രണ്ടാഴ്ച മുമ്പുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും വസതിക്കു മുന്നില്‍ ഈ ആവശ്യമുന്നയിച്ച് റാലി നടത്തി. അന്ന് സോണിയ ചിദംബരം രക്ഷിക്കും എന്ന് അവര്‍ക്ക് വാക്ക് കൊടുത്തു. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ കര്‍ഷകര്‍ക്കും ഏറക്കുറെ ഇതേ മറുപടിയാണ് കിട്ടിയത്. അപ്പോള്‍തന്നെ ബജറ്റില്‍ കടാശ്വാസം ഉണ്ടാകുമെന്ന് സുചനയുണ്ടായിരുന്നു. ബജറ്റ് വന്നുകഴിഞ്ഞപ്പോഴാണ് അതിത്ര വലിയൊരു സംഖ്യയാകുമെന്ന് മനസ്സിലായത്.

എന്നാല്‍ യു.പി.എ നേതാക്കള്‍ക്ക് നടപടി സംബന്ധിച്ച് സൂചനയുണ്ടായിരുന്നതാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. ബജറ്റ് വായിച്ച് തീര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് നേതാക്കളായ ജെ.പി. അഗര്‍വാളിന്റെയും സജ്ജന്‍ കുമാറിന്റെയും നേതൃത്വത്തില്‍ കര്‍ഷകര്‍ നമ്പര്‍ 10 സഫ്ദര്‍ജംഗിന്റെ മുമ്പില്‍ തടിച്ചുകൂടി സോണിയക്ക് നന്ദിപറഞ്ഞു. മകനും ഭാവിനേതാവുമായ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയും ആ സമയം അവിടെയുണ്ടായിരുന്നു. തങ്ങളുടെ കടം എഴുതിത്തള്ളിയതിന് യു.പി.എ ചെയര്‍മാന്‍ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കും നന്ദിപറയാന്‍ പടക്കം പൊട്ടിച്ചും വര്‍ണങ്ങള്‍ വാരിയെറിഞ്ഞുമാണ് അവരെത്തിയത്.

എന്‍.സി.പിക്കാര്‍ പക്ഷേ, കടം എഴുതിത്തള്ളലിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസ് ഒറ്റക്ക് അടിച്ചുകൊണ്ടുപോകുന്നതിന് സമ്മതിക്കുന്നില്ല. ഉത്തരേന്ത്യന്‍ പത്രങ്ങള്‍, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് ശരത്പവാറിന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കലാണ് എന്ന മുഴുപ്പേജ് പരസ്യവുമായാണ് ഇന്നലെ ഇറങ്ങിയത്. പവാറിന്റെ കൂറ്റന്‍ ചിത്രത്തിനൊപ്പം സോണിയയുടെയും മന്‍മോഹന്‍ സിംഗിന്റെയും ചിത്രം പരസ്യത്തിലുണ്ട്. ലാലുവിന്റെ എല്ലാവരേയും സന്തോഷിപ്പിക്കുന്ന റെയില്‍വേ ബജറ്റാണ് ചിദംബരത്തിന്റെ മാതൃകയെന്ന അവകാശവാദം ഉന്നയിക്കുന്ന ആര്‍.ജെ.ഡി സോണിയ^പവാര്‍^ലാലു ടീമിനാണ് തലോടല്‍ ബജറ്റിന്റെ ക്രെഡിറ്റ് കൊടുക്കുന്നത്. ഇതത്രയും കണ്ട് കോണ്‍ഗ്രസ് ഒന്നു പതറിയ മട്ടാണ്. എന്തിനും അവകാശവാദം ഉന്നയിക്കുന്ന കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി ഘടകകക്ഷികളുടെ അവകാശവാദത്തെ നിഷേധിക്കാതെ അഭിപ്രായപ്പെടുന്നത് ഇങ്ങനെ: ‘ജനങ്ങള്‍ക്ക് എല്ലാമറിയാം. ബജറ്റിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാറിനാണ്’. ബജറ്റിന് ശേഷം സി.പി.എം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവകാശപ്പെട്ടിരുന്നു. കാര്‍ഷിക കടം എഴുതി തള്ളണമെന്ന് സി.പി.എം നേരത്തേ മുതല്‍ ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

3. ബജറ്റ് പ്രഖ്യാപനം വിദര്‍ഭയിലെ കര്‍ഷകരുടെ കണ്ണീരൊപ്പില്ല
മുംബൈ: കാര്‍ഷിക കടം എഴുതിത്തള്ളുന്നതിന്റെ ക്രെഡിറ്റിനായി സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും മല്‍സരിക്കുമ്പോള്‍ വിദര്‍ഭയിലെ കര്‍ഷകര്‍ കടക്കെണിയില്‍നിന്ന് പുറംകടക്കാനാകാതെ പതറിനില്‍ക്കുകയാണ്. ബ്ലേഡ് കമ്പനികളും കൊള്ളപ്പലിശക്കാരും വിരിച്ച വലയില്‍നിന്ന് പുറത്തുകടക്കുക ഇവര്‍ക്ക് സ്വപ്നം മാത്രം. മാനവും പണവും സ്വത്തുവകകളും കവര്‍ന്ന് വിഹരിക്കുന്ന പലിശക്കാരെ തുരത്താത്തിടത്തോളം ഇവര്‍ക്ക് മോചനമുണ്ടാകില്ല്ലെന്ന് കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

വിദര്‍ഭയില്‍ 17 ലക്ഷം വരുന്ന ചെറുകിട^ഇടത്തരം കര്‍ഷകര്‍ക്കു മാത്രമേ ബജറ്റ് പ്രഖ്യാപനം ഉപകരിക്കൂ. ഇവരിലും ഭൂരിപക്ഷം പലിശക്കാരുടെ പിടിയിലാണ്. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച 3,750 കോടി രൂപയുടെ പ്രത്യേക പദ്ധതിക്കും വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഏഴു വര്‍ഷത്തിനിടെ ഇവിടെ 4,000ത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഇരുപതു ശതമാനം പേരും ഔദ്യോഗിക സാമ്പത്തിക കേന്ദ്രങ്ങളില്‍നിന്ന് കടമെടുത്തവരായിരുന്നില്ല. വീട്ടാകടങ്ങള്‍ക്കു പുറമെ കൃഷിയുടെ അവസ്ഥയും കുടുംബബാധ്യതകളും ആത്മഹത്യക്ക് കാരണമായിട്ടുണ്ട്. ഏക്കറുകണക്കിന് കൃഷിഭൂമിയുള്ള കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ വഴിമുട്ടി നില്‍ക്കുന്നത്. പാരമ്പര്യ കൃഷിയില്‍നിന്ന് വഴിമാറി പുത്തന്‍ വിത്തുകളും മറ്റും പരീക്ഷിച്ചവരും കൃഷിയുടെ താളപ്പിഴയില്‍ ഉലയുകയാണ്.

വായ്പ ലഭിക്കുന്നതിലെ നൂലാമാലകളും കാലതാമസവും മറികടക്കാനാണ് കര്‍ഷകര്‍ പലിശക്കാരെ സമീപിക്കുന്നത്. രാഷ്ട്രീയക്കാരുടെയും മറ്റും പിന്‍ബലമുള്ള പലിശക്കാര്‍ ഈടുവെച്ച സ്വത്തും സ്ത്രീകളുടെ മാനവും കവരുന്ന സംഭവങ്ങളാണ് വിദര്‍ഭയിലുണ്ടായത്. സമ്മര്‍ദത്തെ തുടര്‍ന്ന് പോലിസ് രംഗത്തെത്തുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും കര്‍ണാടകയിലേക്കും മാറുന്ന പലിശക്കാര്‍ ശാന്തമാകുമ്പോള്‍ തിരിച്ചെത്തി വീണ്ടും സജീവമാകും. കര്‍ഷകര്‍ക്ക് കടം നല്‍കി ഭൂമി കവര്‍ന്ന ഒരു കോണ്‍ഗ്രസ് കുടുംബത്തിനെതിരെയും ബഹളമുയര്‍ന്നിരുന്നു.

4. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ക്ക് പദ്ധതി: കേരളത്തിലെ ഭൂരിപക്ഷവും പുറത്ത്
മലപ്പുറം: ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച 3780 കോടിയുടെ പദ്ധതിയില്‍ നിന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിംകളും പുറത്ത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ ലിസ്റ്റില്‍നിന്ന് നീക്കം ചെയ്തതാണ് പ്രശ്നമായത്. കേരളത്തില്‍നിന്ന് വയനാട് ജില്ല മാത്രമാണ് പട്ടികയിലുള്ളത്.

1987ലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ പട്ടിക തയാറാക്കിയത്. 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയായിരുന്നു ഇത്. പിന്നീട് ഇത് കാലഹരണപ്പെട്ടു.

സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആദ്യം പരിഗണിച്ചത് രാജ്യത്തെ 150 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളെയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളായിരുന്നു ഈ ലിസ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ വയനാട് ഒഴികെമുഴുവന്‍ ജില്ലകളെയും ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. കേരളം കൂടാതെ ഒറീസ, മേഘാലയ, മധ്യപ്രദേശ്, ദല്‍ഹി, ജമ്മുകാശ്മീര്‍, സിക്കിം, ആന്തമാന്‍ നിക്കോബാര്‍ എന്നിവയാണ് ഒരു ജില്ല മാത്രം തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍.

ഹരിയാന, ഉത്തരാഞ്ചല്‍, മിസോറാം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് ജില്ലകള്‍ വീതം ലിസ്റ്റില്‍ ഉള്‍പ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജില്ലകള്‍: അരുണാചല്‍ പ്രദേശ്^7, ആസാം^13, ബീഹാര്‍^7, ഝാര്‍ക്കണ്ഡ്^4, മഹാരാഷ്ട്ര^4, മണിപ്പൂര്‍^6, ഉത്തര്‍പ്രദേശ്^21, പശ്ചിമ ബംഗാള്‍^12.

2001ലെ സെന്‍സസിന്റെയും സാമൂഹിക സാമ്പത്തിക സൂചകങ്ങളുടെയും അടിസ്ഥാനത്തിലാണ് 90 ജില്ലകളുടെ പട്ടിക തയാറാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ശ്രദ്ധ ഈ ജില്ലകളില്‍ പതിയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷ മന്ത്രാലയം ജില്ലകളെയും അവയുടെ പ്രശ്നങ്ങളെയും പരിഗണിച്ച് പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകളില്‍ ദാരിദ്യ്ര നിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൌകര്യങ്ങള്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചിട്ടുണ്ട്്.

കേരള മുസ്ലിംകള്‍ക്കിടയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഏറ്റവും പിന്നാക്ക ദരിദ്ര വിഭാഗമായ തീരദേശ മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍പോലും കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പദ്ധതിക്ക് അര്‍ഹരല്ലാതായിരിക്കുകയാണ്.

5. ‘തെറ്റുപറ്റിയെന്ന് കലക്ടര്‍ സമ്മതിച്ചു’; നക്സല്‍ പരാമര്‍ശം മുഖ്യമന്ത്രി തിരുത്തി
കൊച്ചി: മൂലമ്പിള്ളി സമരത്തിനു പിന്നില്‍ നക്സലൈറ്റുകളാണെന്ന വിവാദ പരാമര്‍ശം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരുത്തി. കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് തിരുത്തിയത്.

കുടിയൊഴിപ്പിക്കലില്‍ ജില്ലാ ഭരണകൂടത്തിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ സമനിലതെറ്റിയതുപോലെ പെരുമാറിയതാണ് പ്രശ്നമുണ്ടാക്കിയത്. ഉദ്യോഗസ്ഥര്‍ നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമരത്തിന്റെ പിന്നില്‍ നക്സലൈറ്റുകളാണെന്ന് താന്‍ പറഞ്ഞത്. ഈ അഭിപ്രായം തന്റേതായിരുന്നില്ല.

ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെടുമ്പോള്‍ ഏത് കലക്ടറായാലും മൂത്രമൊഴിച്ചുപോകും. ഈ അവസ്ഥയില്‍ ഉല്‍സാഹമുണ്ടെന്ന് കാണിക്കാന്‍ കലക്ടര്‍ തിടുക്കത്തില്‍ സ്വീകരിച്ച നടപടികളാണ് പ്രശ്നം സൃഷ്ടിച്ചത്. ഇക്കാര്യം ഞാന്‍ കലക്ടറുമായി സംസാരിച്ചു. തെറ്റുപറ്റിയെന്ന് കലക്ടര്‍ സമ്മതിച്ചു. അന്തസ്സുള്ള പാര്‍പ്പി
ട സൌകര്യം നല്‍കാതെ ആരെയും ഇനി കുടിയൊഴിപ്പിക്കില്ല. കുടിയൊഴിക്കപ്പെട്ടവര്‍ക്കുള്ള പുതിയ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും. രണ്ട് മന്ത്രിമാരെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിക്ക് ‘ബ്രഹ്മ’ വെക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
അങ്ങനെ സംഭവിക്കാതിരിക്കാന്‍് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് നക്സലൈറ്റുകളുടെ കാര്യം താന്‍ പറഞ്ഞത്്. ആര്, എന്ത് പറഞ്ഞാലും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അന്തസ്സുള്ള പാര്‍പ്പിട സൌകര്യം ഒരുക്കും.

ബോള്‍ഗാട്ടിയില്‍ മറീനാ പദ്ധതിക്ക് കല്ലിട്ട ശേഷവും മുഖ്യമന്ത്രി ഈ പ്രഖ്യാപനം വിശദീകരിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയോടൊപ്പം കലക്ടര്‍ മുഹമ്മദ് ഹനീഷുമുണ്ടായിരുന്നു.
ഇരിപ്പിടത്തിലേക്ക് മടങ്ങവെ മുഖ്യമന്ത്രി കലക്ടറുമായി സംസാരിക്കുകയും ചെയ്തു.

6. അരി വരവ് കുറഞ്ഞു; മലബാറില്‍ വില കുതിച്ചുയരുന്നു
കോഴിക്കോട്: ആന്ധ്രയില്‍നിന്നുള്ള കുറുവ അരിയുടെ വരവ് കുറഞ്ഞതോടെ വില കുത്തനെ ഉയര്‍ന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ലെവി കര്‍ശനമാക്കിയതും പുതിയ നെല്ല് എത്താന്‍ ഒരാഴ്ചയിലധികം സമയമെടുക്കുമെന്നതുമാണ് നെല്ലൂര്‍ മേഖലയില്‍നിന്നുള്ള അരി വരവ് കുറയാന്‍ പ്രധാന കാരണമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ജയ, സുരേഖ ഇനം അരിയുടെ വരവ് തുടരുന്നുണ്ടെങ്കിലും കുറുവക്ക് ആവശ്യക്കാരേറെയുള്ള മലബാറുകാരെയാണ് വിലക്കയറ്റം കൂടുതലായി ബാധിക്കുക.

ഫെബ്രുവരി 16നുശേഷം കോഴിക്കോട്ടും 18നു ശേഷം തൃശൂര്‍ റെയില്‍വേ ഗുഡ്സ് ഷെഡുകളിലും ആന്ധ്രയില്‍നിന്ന് അരി വാഗണ്‍ എത്തിയിട്ടില്ല. ലെവി കൊടുത്തശേഷം ഈമാസം 10ന് ശേഷമേ പുതിയ വാഗണ്‍ നെല്ലൂര്‍ മേഖലയില്‍നിന്ന് കേരളത്തിലേക്ക് എത്തൂവെന്നാണ് വ്യാപാരകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും സുലഭമായി അരി എത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ 20നുശേഷം കുറുവ അരിയുടെ മൊത്ത വില കിലോക്ക് 15.75 മുതല്‍ 16.50 വരെയായി കുറഞ്ഞത് ഇപ്പോള്‍ 16.70 മുതല്‍ 17.20 വരെയായി ഉയര്‍ന്നു. ചില്ലറവില്‍പന വില വീണ്ടും ഒന്നര രൂപയോളം വര്‍ധിക്കും. കിലോക്ക് 14.50 രൂപ വരെ താഴ്ന്ന തമിഴ്നാട് കുറുവക്ക് ഇന്നലെ ഒരു രൂപക്കു മുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

ബോധന, 1001 ഇനം അരിയുടെ വിലയും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ജയ, സുരേഖ ഇനം അരിക്കും വില ഉയരുമെന്നാണ് സൂചന.
അരിവിലയെച്ചൊല്ലി കോഴിക്കോട് വലിയങ്ങാടിയില്‍ മൊത്തവ്യാപാരികളും ഏജന്റുമാരും തമ്മിലുണ്ടായ ശീതസമരത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഏജന്റുമാര്‍ അരിവില ഉയര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞമാസം 17ന് മൊത്തവ്യാപാരികള്‍ ആന്ധ്രയില്‍നിന്നെത്തിയ 20 വാഗണ്‍ അരി എടുക്കാതെ വിട്ടുനിന്നിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ മില്ലുടമകള്‍ രംഗത്തെത്തിയെങ്കിലും പ്രശ്നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല.

ഏജന്റുമാരെ ഒഴിവാക്കി കാലിക്കറ്റ് ഫുഡ്ഗ്രെയിന്‍സ് ആന്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് നേരിട്ട് അരി എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. തൃശൂരിലെ മൊത്തവ്യാപാരികളുടെ സഹകരണവും ഇവര്‍ തേടിയിട്ടുണ്ട്. മൊത്തവ്യാപാരികളുടെ ഈ നീക്കം എതിര്‍ക്കാനായി ക്യാന്‍വാസിംഗ് ഏജന്റുമാരും രംഗത്തുണ്ട്.

7. ദല്‍ഹിയിലേക്കും മുംബൈയിലേക്കും പുതിയ വിമാന സര്‍വീസ്
തിരുവനന്തപുരം: ഈമാസം അവസാനത്തോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചി വഴി ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ഇന്ത്യാ സി.എം.ഡി വി. തുളസീദാസ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെട്ട് കൊച്ചി വഴി ദല്‍ഹിയിലെത്തി വൈകുന്നേരം അവിടെ നിന്ന് പുറപ്പെട്ട് രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാകും സര്‍വീസ്.

തിരുവനന്തപുരത്ത് ആരംഭിക്കുന്ന എയര്‍ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിംഗ് മെയിന്റനന്‍സ് ബെയ്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് വൈകുന്നേരം സര്‍വീസ് ഇല്ലാത്തതിനാല്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നു. ഇതിന് പരിഹാരമായാണ് രാവിലെ മുംബൈയില്‍ നിന്ന് പുറപ്പെട്ട് ഇവിടെയെത്തി വൈകുന്നേരം ഇവിടെ നിന്ന് കൊച്ചി വഴി മുംബൈയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഇതോടെ മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ഇന്ത്യ സര്‍വീസിന്റെ സേവനവും യാത്രികര്‍ക്ക് ലഭിക്കും. എയര്‍ഇന്ത്യയുടെ സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഈ സര്‍വീസ് ആരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓപറേറ്റിംഗ് ബെയ്സായി തിരുവനന്തപുരത്തെ മാറ്റിക്കഴിഞ്ഞു. എയര്‍ഇന്ത്യയുടെ മുഴുവന്‍ സര്‍വീസിന്റെയും ബെയ്സാക്കി തിരുവനന്തപുരത്തെ മാറ്റാന്‍ ഉദ്ദേശിക്കുന്നതായും അതിനായി നടപടികള്‍ ആരംഭിച്ചതായും തുളസീദാസ് പറഞ്ഞു.

എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിംഗ് യൂനിറ്റിന്റെ പണി 12 മാസം കൊണ്ട് തീര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിന് സമീപമുള്ള ബ്രഹ്മോസ് എയ്റോസ്പേയ്സിന്റെ സേവനവും സഹകരണവും പ്രയോജനപ്പെടുത്തണമെന്ന് എഞ്ചിനീയറിംഗ് വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ ബോയിംഗ് 737^800 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാണ് ഉദ്ദേശ്യം. ഭാവിയില്‍ മറ്റ് വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും ഇവിടെ നടത്താനാകുമെന്നാണ് പ്രതീക്ഷ.

1. ജോലി സമയം കൂട്ടുന്നതിനെതിരെ പ്രക്ഷോഭം: മുഖ്യമന്ത്രി
ആലത്തൂര്‍: ജോലി സമയം പത്തു മണിക്കൂറാക്കി ഉയര്‍ത്തുന്നതിനെതിരെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി വര്‍ഗത്തെ അണി നിരത്തി പ്രക്ഷോഭം നടത്തുമെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കുത്തകകളെ സഹായിക്കാനാണ് ഇൌ നിര്‍ദേശം. ആഗോളവല്‍ക്കരണത്തിന്റെ അസ്ഥിവാരത്തിലൂന്നിയ കേന്ദ്ര ബജറ്റ് താല്‍കാലിക ആശ്വാസം മാത്രമേ പകരുന്നുള്ളു. രണ്ടു ഹെക്ടറില്‍ താഴെയുള്ള കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ നിര്‍ദേശിച്ചതിനൊപ്പം പ്രമാണിമാരുടെ കടങ്ങളിലെ കോടികള്‍ ഒഴിവാക്കി വര്‍ധിച്ച ലാഭം ഉണ്ടാക്കുന്നതിനു സഹായിച്ചിട്ടുണ്ട്. 76,000 കോടി രൂപയുടെ നഷ്ടമാണു വര്‍ഷം തോറും കാര്‍ഷിക മേഖലയിലുണ്ടാവുന്നത്.  ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയതാണ് കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവിനു കാരണം. ഭക്ഷ്യവിഹിതം കേന്ദ്രം വെട്ടികുറച്ചതു മൂലമാണ് അരിക്കു വില കൂടിയത്. പാലക്കാട്ട് റയില്‍വേ കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള പ്രഖ്യാപനത്തിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലത്തൂര്‍ കോ-ഒാപ്പറേറ്റീവ് കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. .

ജോലിസമയം കൂട്ടിയാല്‍ ചിദംബരത്തിന് ജീവിക്കാന്‍ അര്‍ഹതയില്ല: മുഖ്യമന്ത്രി

തൃശൂര്‍: തൊഴിലാളികളുടെ ജോലിസമയം കൂട്ടാനാണ് തീരുമാനമെങ്കില്‍ ധനമന്ത്രി പി. ചിദംബരത്തിന് ഏറെ നാള്‍ ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകമെങ്ങുമുള്ള തൊഴിലാളികള്‍ നിരന്തര പോരാട്ടം നടത്തിയാണ് തൊഴില്‍സമയം നിജപ്പെടുത്തിയത്. അതു മാറ്റാനുള്ള തീരുമാനം ചിദംബരം തിരുത്തുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ സംഘടിത തൊഴിലാളിവര്‍ഗം മന്ത്രിയെക്കൊണ്ടു തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ചില താല്‍ക്കാലിക ആശ്വാസങ്ങളുണ്ടെങ്കിലും കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാന്‍ ബജറ്റില്‍ ഒന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, റയില്‍വേ ബജറ്റ് കേരളത്തിന് ആശ്വാസമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

2. ന്യൂനപക്ഷക്ഷേമപദ്ധതി:അര്‍ഹത കേരളത്തില്‍ വയനാടിനു മാത്രം
ന്യൂഡല്‍ഹി: ബജറ്റില്‍ ന്യുനപക്ഷ താല്‍പര്യമാണു മുന്നിട്ടുനില്‍ക്കുന്നതെന്നു പ്രതിപക്ഷ നേതാവ് എല്‍.കെ. അഡ്വാനി ആക്ഷേപിച്ചുവെങ്കിലും പ്രഖ്യാപിച്ച പദ്ധതികളില്‍ മിക്കതുംതന്നെ നിലവിലുള്ളവയാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ന്യൂനപക്ഷ കേന്ദ്രീകരണമുള്ള ജില്ലകള്‍ക്കായുള്ള പദ്ധതികളില്‍ കേരളത്തില്‍നിന്നു വയനാടിനു മാത്രമേ അര്‍ഹതയുള്ളൂ. മദ്രസ നവീകരണം, സ്കോളര്‍ഷിപ്പുകള്‍, ന്യൂനപക്ഷ കേന്ദ്രീകരണമുള്ള ജില്ലകള്‍ക്കു വികസന പദ്ധതികള്‍ തുടങ്ങിയവ നിലവിലുള്ളവയാണ്.

സെന്‍സസ് അനുസരിച്ച് മുസ്ലിം പിന്നാക്കാവസ്ഥയുള്ള 100 ജില്ലകളുടെ പട്ടികയില്‍ കേരളത്തില്‍നിന്നു മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കാസര്‍കോട് എന്നിവയുണ്ട്. എന്നാല്‍ ന്യൂനപക്ഷ പിന്നാക്കാവസ്ഥ മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ വയനാടാണു ക്ഷേമപദ്ധതികള്‍ക്കുള്ള പട്ടികയില്‍പെടുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍പെടുന്ന 90 ജില്ലകളുടെ പട്ടികയില്‍ 69 എണ്ണം മാത്രമാണു മുസ്ലിം കേന്ദ്രീകരണമുള്ളവ. കേരളത്തിലെ പല ജില്ലകളിലും മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക നിലവാരവും സൌകര്യങ്ങളും ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണ്.എന്നാല്‍ പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ക്കു വായ്പകളും മറ്റും നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള ജില്ലകളുടെ പട്ടികയില്‍ സംസ്ഥാനത്തെ 14 ജില്ലകളും ഉള്‍പ്പെടും.

പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ ബാങ്കുകളും ന്യൂനപക്ഷങ്ങള്‍ക്കു സുഗമമായ വായ്പ ലഭ്യത ഉറപ്പു വരുത്തണമെന്നും അതിനായി പ്രത്യേക സെല്‍ എല്ലാ ബാങ്കിലും ഉണ്ടായിരിക്കണമെന്നുമാണു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്. ഈ ആനുകൂല്യം രാജ്യത്തെ 103 ജില്ലകള്‍ക്കു ബാധകമാണ്.പതിനഞ്ചിന പരിപാടിയുടെ ഭാഗമായിത്തന്നെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു പോസ്റ്റ് മട്രിക് സ്കോളര്‍ഷിപ് നല്‍കുന്നുണ്ട്.

രക്ഷാകര്‍ത്താക്കളുടെയോ മാതാപിതാക്കളുടെയോ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ് നല്‍കുക. പതിനൊന്നാം ക്ളാസ് മുതല്‍ പിഎച്ച്ഡിവരെയുള്ള പഠനത്തിനു സ്കോളര്‍ഷിപ് ലഭിക്കും. പഠനത്തിലുള്ള കോഴ്സിനു മുന്‍പു പഠിച്ച കോഴ്സില്‍ 50% മാര്‍ക്ക് ഉണ്ടായിരിക്കണം.പോസ്റ്റ് മട്രിക് സ്കോളര്‍ഷിപ്പിനു പുറമേ മാര്‍ക്കും വരുമാനവും കണക്കാക്കി ബിരുദതലംമുതല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ് നല്‍കുന്ന പദ്ധതിയുമുണ്ട്. അതിനു മൊത്തം വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. ഈ പദ്ധതിയിലും പോസ്റ്റ് മട്രിക് സ്കോളര്‍ഷിപ്പിലും 30% പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

രണ്ടു പദ്ധതികളിലും ഫീസിനു പുറമേ നിത്യചെലവിനുള്ള തുകയും അനുവദിക്കും.   ഇതിനു പുറമേ പ്രഫഷണല്‍ കോഴ്സുകള്‍ക്കും മറ്റുമുള്ള കോച്ചിങ് ക്ളാസുകള്‍ക്കായും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു സാമ്പത്തിക സഹായം ലഭിക്കും. സ്കോളര്‍ഷിപ്പുകളുടെയും മറ്റും വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ http://www.minorityaffairs.gov.in എന്ന വിലാസത്തില്‍ ലഭ്യമാണ്.

3. ബധിര-മൂക യുവാവിന് മര്‍ദനം:മൂന്ന് പൊലീസുകാര്‍ക്കെതിരെ കേസ്
ചേര്‍ത്തല: ബധിര-മൂക യുവാവിനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പൊലീസുകാരെ പ്രതിയാക്കി കേസെടുത്തു. മായിത്തറ പടനിലത്ത് ബിനീഷ് (19) ആണ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്നത്. ഡിവൈഎസ്പി  കെ.എം. ടോമിയുടെ നേതൃത്വത്തില്‍ ആംഗ്യഭാഷ അറിയാവുന്നവരുമായി എത്തി ബിനീഷില്‍നിന്നു മൊഴിയെടുത്തു. കേസില്‍നിന്നു ബന്ധുക്കളെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം ഉണ്ട്. ഏതാനും പൊലീസുകാര്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ കണ്ടെങ്കിലും കേസിലുറച്ചു നില്‍ക്കാനാണു ബന്ധുക്കളുടെ തീരുമാനം. ബിനീഷിനെ എംഎല്‍എമാരായ കെ.കെ. ഷാജു, പി.സി. വിഷ്ണുനാഥ് എന്നിവര്‍ സന്ദര്‍ശിച്ചു. വിഷയം നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നു വിഷ്ണുനാഥ് പറഞ്ഞു.

4. കാര്‍ പാര്‍ക്കിങ് കരാര്‍: കൂടുതല്‍ ഉന്നതര്‍ കുടുങ്ങിയേക്കും
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 2.5 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന സിബിഐ അന്വേഷണം മറ്റു ചില ഉന്നത ഉദ്യോഗസ്ഥരിലേക്കും. കോഴിക്കോട് വിമാനത്താവളം, ചെന്നൈ, മധുര, മുംബൈ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം സിബിഐ നടത്തിയ പരിശോധനയെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്താവള ഡയറക്ടറായിരുന്ന ആര്‍. വീരസ്വാമി, അന്നത്തെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) തോമസ്കുട്ടി, കൊമേഴ്സ്യല്‍ മാനേജരുടെ ചുമതലയുണ്ടായിരുന്ന പഴ്സനല്‍ മാനേജര്‍ രഘുവരന്‍, കാര്‍ പാര്‍ക്കിങ് കരാറുകാരായ നവഭാരത് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ രഞ്ജിത് മാധവന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ മറ്റു ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും തെളിവുണ്ടെന്നാണ് അറിയുന്നത്. കോഴിക്കോട് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് സംബന്ധിച്ച ആര്‍ബിട്രേഷന്‍ നടക്കുന്നുണ്ട്. ചെന്നൈ വിമാനത്താവള ഡയറക്ടറാണ് ആര്‍ബിട്രേറ്റര്‍. ചെന്നൈയില്‍നിന്നു പിടിച്ചെടുത്ത രേഖകളിലാണ് കൈക്കൂലി നല്‍കിയതു സംബന്ധിച്ച വിശദാംശങ്ങളുള്ളത്.

മധുര, മംഗലാപുരം, ചെന്നൈ വിമാനത്താവളങ്ങളിലെയും കാര്‍ പാര്‍ക്കിങ് കരാര്‍ നവഭാരത് എന്റര്‍പ്രൈസസിനാണ്. എയര്‍പോര്‍ട്ട് അതോറിറ്റിക്കു നഷ്ടം സംഭവിച്ചതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെങ്കിലും ഇവിടങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ലഭിച്ചതിന്റെ സൂചനകളും സിബിഐക്കു ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ മാസപ്പടി ലഭിച്ച ഉദ്യോഗസ്ഥരുണ്ടെന്നാണ് അറിവ്.

അഞ്ചു വര്‍ഷത്തേക്കാണ് പാര്‍ക്കിങ് കരാറെങ്കിലും ഓരോ വര്‍ഷവും തുക ഉയര്‍ത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അധികാരമുണ്ട്. കരാറുകാരുമായി ധാരണയിലെത്തിയാണ് തുക ഉയര്‍ത്തുക. ഈ പഴുതു വച്ച് ചില കൃത്രിമങ്ങള്‍ നടത്തിയതായാണ് സിബിഐക്കു വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, ഈ കേസില്‍ മറ്റു ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂടി പ്രതികളായേക്കുമെന്നു സൂചനയുണ്ട്.

5. പ്രിന്‍സിപ്പലിനെ തല്ലിയ അധ്യാപകനെ പിരിച്ചുവിട്ടതു ശരി: സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രിന്‍സിപ്പലിനെ തല്ലിയ അധ്യാപകനെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി ശരിവച്ചു. ‘അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും മാതൃകയാവണം. പ്രിന്‍സിപ്പലിനെ കയ്യേറ്റംചെയ്തയാള്‍ അധ്യാപകജോലിക്കു യോഗ്യനല്ലെന്നാണു ഞങ്ങളുടെ അഭിപ്രായം. അയാള്‍ ഒരു ഗുണ്ടയെപ്പോലെയാണു പെരുമാറിയത് – ജസ്റ്റിസ് എച്ച്.കെ. സേമയും മാര്‍ക്കണ്ഡേയ കട്ജുവുമടങ്ങുന്ന ബെഞ്ച് പറഞ്ഞു.

രാജസ്ഥാനിലെ സൂററ്റ്ഗഡിലെ കേന്ദ്രീയ വിദ്യാലയ അധ്യാപകന്‍ സത്ബീര്‍ സിങ് മഹ്ലയാണു പ്രിന്‍സിപ്പലിനെ അടിച്ചു പരുക്കേല്‍പിച്ചത്. അന്വേഷണ സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ഇയാളെ സ്കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. എന്നാല്‍ മാനസിക സംഘര്‍ഷംമൂലമാണ് അധ്യാപകന്‍ തെറ്റു ചെയ്തതെന്നും തിരിച്ചെടുക്കണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധിച്ചു. ഹൈക്കോടതിയും ആ വിധി ശരിവച്ചു. തുടര്‍ന്നാണു സ്കൂള്‍ അധികൃതര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

6. മോഷ്ടാവിനെ സുഹൃത്ത് കഴുത്തറുത്തുകൊന്നു കുഴിച്ചിട്ടു
ചെന്നൈ: ഒട്ടേറെ മോഷണ, ഭവനഭേദന കേസുകളിലെ പ്രതിയായ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്നശേഷം നുങ്കംപാക്കം ടെന്നിസ് സ്റ്റേഡിയത്തിനു സമീപമുള്ള കോര്‍പറേഷന്‍ മൈതാനത്തു കുഴിച്ചിട്ടു. വില്ലിവാക്കം സ്വദേശി ശരവണനെ (27) കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ബാല്യകാല സുഹൃത്തും പെയിന്ററുമായ അമ്പത്തൂര്‍ ഒരഗം സ്വദേശി ധരണിയെ (26) നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തു.

ശരവരണന്റെ ഭാര്യ രേവതിയുടെ പരാതിയെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മൃതദേഹവും കണ്ടെടുത്തു. ശരവണനു മോഷണങ്ങള്‍ നടത്തുന്നതിനായി ഒഴിഞ്ഞ വീടുകളെപറ്റിയും മറ്റുമുള്ള വിവരങ്ങള്‍ നല്‍കാനും മോഷണ സാധനങ്ങള്‍ വില്‍ക്കാനും ധരണി സഹായിച്ചിരുന്നു. ഇൌയിടെ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വിറ്റശേഷം നല്‍കിയ തുക കുറഞ്ഞുപോയെന്ന് ശരവണന്‍ കുറ്റപ്പെടുത്തിയതോടെ ഇരുവരും അകന്നു.

7. യുവാവ് നാലര മണിക്കൂര്‍ എടിഎമ്മില്‍ കുടുങ്ങി
ചെന്നൈ: നാലര മണിക്കൂര്‍ എടിഎം കൌണ്ടറിനുള്ളില്‍ കുടുങ്ങിയ യുവാവിനെ വാതില്‍ തകര്‍ത്തു രക്ഷപ്പെടുത്തി. സെയ്ദാപേട്ടിലുള്ള കാനറാ ബാങ്കിന്റെ എടിഎം കൌണ്ടറിനുള്ളില്‍ രാവിലെ  പണം എടുക്കാന്‍ കയറിയ പ്രേമാനന്ദാണ് വാതില്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രയാസത്തിലായത്. അവധി ദിനമായതിനാല്‍ തിരക്കു കുറവായതു മൂലം വാതില്‍ മുട്ടി വിളിച്ചിട്ടും ആരും എത്തിയില്ല.  പരിചയത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മൊബൈല്‍ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്തു രക്ഷപ്പെടുത്തുകയായിരുന്നു. ബാങ്ക് അധികാരികളും സ്ഥലത്തെത്തിയിരുന്നു.

8. റഷ്യ:മെദ്വെദെവിന്റെ വിജയം ഉറപ്പ്
മോസ്കോ: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ റഷ്യയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒന്നാം ഉപപ്രധാനമന്ത്രിയും പുടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ്വെദെവിന്റെ വിജയം ഉറപ്പാണെന്നു റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.30ന് അവസാനിച്ച വോട്ടെടുപ്പില്‍ 10.9 കോടി വോട്ടര്‍മാരില്‍ 70% പേര്‍ വോട്ട് ചെയ്തെന്നാണ് ഏകദേശ കണക്ക്.മെദ്വെദെവിന് 77% വരെ വോട്ടാണു ചില അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചത്.

തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗെന്നഡി സ്യുഗാനോവിനു 15% വോട്ട് കിട്ടാം. പുടിനോട് ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന തീവ്ര ദേശീയവാദി പാര്‍ട്ടിയായ ലിബറല്‍ ഡമോക്രാറ്റുകളുടെ നേതാവ് വ്ളാഡിമിര്‍ ഷിറിനോവ്സ്കി 10% വോട്ടുമായി മൂന്നാമതെത്തിയേക്കും. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ആന്ദ്രെ ബൊഗാദനോവിന് ഒരു ശതമാനം വോട്ടിലപ്പുറം പ്രതീക്ഷയില്ല.മല്‍സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് വെറും പ്രഹസനം ആയിരുന്നുവെന്നു പ്രതിപക്ഷ പാര്‍ട്ടികളെല്ലാം മുന്‍കൂര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

മെദ്വെദെവിന്റെ തകര്‍പ്പന്‍ വിജയത്തെപ്പറ്റി പ്രതിപക്ഷത്തിനുപോലും സംശയമില്ല. കൌണ്‍സില്‍ ഒാഫ് യൂറോപ്പ് ഒഴികെയുള്ള സ്വതന്ത്ര നിരീക്ഷകരാരും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വിലയിരുത്താന്‍ എത്തിയതുമില്ല.കിഴക്ക് ജപ്പാന്‍തീരംമുതല്‍ പടിഞ്ഞാറ് യുഎസ് സംസ്ഥാനമായ അലാസ്കയ്ക്കടുത്തുവരെ നീണ്ടുകിടക്കുന്ന, 11 സമയമേഖലകളുള്ള മഹാരാജ്യമായ റഷ്യയില്‍ ഏറ്റവും അവസാനം വോട്ട് ചെയ്തതു പോളണ്ടിനടുത്ത് ബാള്‍ട്ടിക് തീര പട്ടണമായ കലിനിന്‍ഗ്രാഡിലെ വോട്ടര്‍മാരാണ്.

പ്രാദേശിക സമയം രാത്രി എട്ടിനാണ് (ഇന്ത്യന്‍ സമയം രാത്രി 11.30) അവിടെ ബൂത്തുകളടച്ചത്.രണ്ട് നാലുവര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ വീണ്ടും മല്‍സരിക്കാന്‍ കഴിയാത്ത പുടിന്‍ ഭാര്യ ല്യൂദ്മിളയുമൊത്ത് മോസ്കോയിലെ അക്കാദമി ഒാഫ് സയന്‍സസിലാണു വോട്ട് ചെയ്തത്. സെന്റ് പീറ്റേഴ്സ്ബര്‍ഗുകാരനായ മെദ്വെദെവിന്റെയും ഭാര്യ സ്വെറ്റ്ലാനയുടെയും വോട്ടും മോസ്കോയിലായിരുന്നു. താന്‍ പ്രസിഡന്റ് ആയാല്‍ പ്രധാനമന്ത്രി പദമേല്‍ക്കണമെന്ന മെദ്വെദെവിന്റെ അഭ്യര്‍ഥന പുടിന്‍ സ്വീകരിച്ചിരുന്നതിനാല്‍ ഫലത്തില്‍ പുടിന്‍ ഭരണം അതേപടി തുടരും. ഡിസംബറിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് റഷ്യയുടെ ടിക്കറ്റില്‍ പുടിന്‍ ജയിച്ചിരുന്നു.

9. നികുതിദായകര്‍ക്ക് വന്‍ ലാഭം
പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപവും 80 സി അനുസരിച്ചുള്ള മറ്റു കിഴിവുകളും കണക്കാക്കിയ ശേഷം എന്റെ നികുതി വരുമാനം ആറു ലക്ഷവും ഭാര്യയുടേതു നാലു ലക്ഷം രൂപയും ആണ്. ബജറ്റിലെ നിര്‍ദേശങ്ങളനുസരിച്ചു ഞങ്ങളുടെ നികുതിയില്‍ എത്ര രൂപ കുറവു വരും?

വ്യക്തികളുടെ ആദായ നികുതി ബാധ്യതയില്‍ വലിയ ഇളവുകളാണ് പുതിയ ബജറ്റിലൂടെ അനുവദിച്ചിരിക്കുന്നത്. നികുതി ബാധ്യതയില്ലാത്ത വരുമാനത്തിന്റെ പരിധി ഉയര്‍ത്തിക്കൊണ്ടും വിവിധ നികുതി നിരക്കിലുള്ള വരുമാനത്തിന്റെ പരിധി ഉയര്‍ത്തിക്കൊണ്ടും ആണ് ഈ ഇളവുകള്‍ നല്‍കിയത്.

വനിതകളും 65 വയസിനുമേലുള്ള മുതിര്‍ന്ന പൌരന്‍മാരും ഒഴികെയുള്ള വ്യക്തികളുടെ നികുതി ഇല്ലാത്ത വരുമാനത്തിന്റെ  പരിധി 1,10,000 ത്തില്‍ നിന്ന് 1,50,000 രൂപയായി ഉയര്‍ത്തി. ഇത് വനിതകള്‍ക്കു 1,45,000 ത്തില്‍ നിന്ന് 1,80,000 രൂപയായും മുതിര്‍ന്ന പൌരന്‍മാര്‍ക്ക് 1,95,000 ത്തില്‍ നിന്ന് 2,25,000 രൂപയായും ഉയര്‍ത്തി.

ഇതിനുപരിയായി നികുതി കണക്കാക്കുന്ന വരുമാനത്തിന്റെ വിവിധ പട്ടികകളുടെ പരിധിയും വര്‍ധിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 1,50,000 മുതല്‍ 3,00,000 രൂപ വരെയുള്ള വരുമാനത്തിന് (അനുവദനീയമായ കിഴിവുകള്‍ക്ക് ശേഷം) 10 ശതമാനമാണ് നികുതി. 3,00,000 മുതല്‍ 5,00,000 രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനവും 5,00,000 മുകളില്‍ ഉള്ള വരുമാനത്തിനു 30 ശതമാനവും ആണ് നികുതി നിരക്ക്.

ചോദ്യ കര്‍ത്താവിന്റെ കാര്യത്തില്‍ ആറു ലക്ഷം രൂപയുടെ വരുമാനത്തിനു മൂന്നു ശതമാനം വിദ്യാഭ്യാസ കരം ഉള്‍പ്പെടെ നടപ്പു സാമ്പത്തിക  വര്‍ഷം 1,32,870 രൂപയും അടുത്ത സാമ്പത്തിക വര്‍ഷം 87,550 രൂപയും ആണു നികുതി ബാധ്യത. ബജറ്റിലെ മാറ്റങ്ങള്‍ മൂലം 45,320 രൂപയുടെ നികുതിയിളവ്  ചോദ്യ കര്‍ത്താവിനു ലഭിക്കും. ചോദ്യ കര്‍ത്താവിന്റെ  ഭാര്യയ്ക്ക് 4,00,000 രൂപയ്ക്ക് 2007-08 സാമ്പത്തിക വര്‍ഷം 67,465 രൂപയുടെ നികുതി ബാധ്യതയുള്ളപ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇതേ വരുമാനത്തിനു 32,960 രൂപയേ നികുതിയായി കൊടുക്കേണ്ടിവരികയുള്ളൂ. നികുതി ബാധ്യതയില്‍ 34,505 രൂപയുടെ കുറവു വന്നതായി കാണാം.

വ്യക്തികള്‍ ഒഴികെ മറ്റു നികുതിദായകരുടെ നിരക്കുകളിലോ ഘടനയിലോ  മാറ്റം വരുത്തിയിട്ടില്ല. അതുപോലെ എല്ലാ നികുതിദായകരും നികുതിയുടെ മേല്‍ കൊടുക്കേണ്ട മൂന്നു ശതമാനം വിദ്യാഭ്യാസ കരത്തിനും മാറ്റമൊന്നുമില്ല.10 ലക്ഷത്തിനു മേല്‍ നികുതി വിധേയ വരുമാനമുള്ള വ്യക്തികളും ഒരു കോടി രൂപയ്ക്കുമേല്‍ നികുതി വിധേയ വരുമാനമുള്ള കമ്പനികളും പാര്‍ട്നര്‍ഷിപ്പ് സ്ഥാപനങ്ങളുംനികുതിയുടെമേല്‍ കൊടുക്കേണ്ട 10 % സര്‍ചാര്‍ജിനും മാറ്റമില്ല.

10. വിപണിക്ക് മാന്ദ്യകാലം
കേന്ദ്ര ബജറ്റിനും ഓഹരി വിപണിയെ രക്ഷിക്കാനായില്ല. പല മേഖലകളെയും തലോടിയ ധന മന്ത്രി ഓഹരി വിപണിക്കു കരുതിവച്ചതു കനത്ത പ്രഹരമായിരുന്നു. ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി വര്‍ധന വിപണിയുടെ അവശേഷിച്ച വീര്യം കൂടി ചോര്‍ത്തിക്കളഞ്ഞു.

ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി 10 ശതമാനമായിരുന്നതു 15 ശതമാനമാക്കിയിരിക്കുകയാണ്. ഓഹരി വാങ്ങി ഒരു വര്‍ഷത്തിനകം ലാഭമെടുത്തു പിന്‍മാറുന്നവര്‍ക്കാണ് അധിക ബാധ്യത. ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചേക്കാവുന്ന പല അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതില്‍നിന്നു നിക്ഷേപകനെ ഇതു പിന്തിരിപ്പിക്കും. നഷ്ടപ്പെട്ട അവസരംപോലൊന്ന് ഒരു വര്‍ഷത്തിനു ശേഷം ലഭിച്ചില്ലെന്നും വരാം. ഹ്രസ്വകാല നിക്ഷേപകരുടെ ഇടപാടുകളില്ലെങ്കില്‍ വിപണിയില്‍ ദൈനംദിന ചലനങ്ങള്‍ക്കു വിരാമമാകും.

വ്യക്തിഗത നികുതിയുടെ കാര്യത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച ധന മന്ത്രി കോര്‍പറേറ്റ് നികുതി കുറയ്ക്കാതിരുന്നതിലും ഓഹരി വിപണിക്ക് അസന്തുഷ്ടിയുണ്ട്. 60,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളാനുള്ള തീരുമാനവും വിപണിക്കു ദഹിക്കുന്നതായില്ല.

അതിനിടെ, നാണ്യപ്പെരുപ്പ നിരക്കു വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. അടുത്ത ആഴ്ചയോടെ നിരക്ക് അഞ്ചു ശതമാനത്തിലെത്തിയേക്കാം.

കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 17578.72 പോയിന്റിലും നിഫ്റ്റി 5223.50 പോയിന്റിലുമായിരുന്നു. ഇന്നു വ്യാപാരം പുനരാരംഭിക്കുമ്പോള്‍ വിപണി ബജറ്റിന്റെ ആഘാതത്തില്‍ തുടരാന്‍ സാധ്യതയുണ്ട്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ചാടിയെഴുന്നേറ്റെന്നും വരാം. പക്ഷേ അത്തരം അഭ്യാസങ്ങള്‍ക്കു വിശ്വാസ്യതയുണ്ടാവില്ലെന്നതിനാല്‍ കുറച്ചു കാലത്തേക്കെങ്കിലും വിപണിയില്‍നിന്നു നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാന്‍ ന്യായമില്ല.

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം