Tag Archives:

ഡിസംബര്‍ 22 ശനി

1. ചോദ്യം ചെയ്യല്‍ വീഡിയോ നശിപ്പിച്ചു: ബുഷിനെ കുരുക്കാന്‍ മന്‍മോഹന്‍ പുത്രി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനോട് ആദരവും പ്രിയവുമൊക്കെയുണ്ട്.

ഏറെത്തവണ ബുഷിന്റെ പ്രകീര്‍ത്തനം മന്‍മോഹനു ലഭിച്ചിട്ടുമുണ്ട്. പക്ഷേ, മന്‍മോഹന്റെ പുത്രി അമൃത് സിംഗ് ഇപ്പോള്‍ ബുഷിന്റെ ഉറക്കം കെടുത്തുകയാണ്.
അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനി(എ.സി.എല്‍.യു)ലെ പ്രമുഖ അഭിഭാഷകയായ അമൃതസിംഗ് സമര്‍പ്പിച്ച ഹര്‍ജി പ്രകാരം വൈറ്റ് ഹൌസ്, ചാരസംഘടനയായ സി.ഐ.എ, എഫ്.ബി.ഐ. എന്നിവ കുരുക്കിലായേക്കുമെന്നാണു റിപ്പോര്‍ട്ട്. 2002-ല്‍ അബു സുബൈദ, അബ്ദ് അല്‍ റഹീം അല്‍ നാഷിരി എന്നിവരെ ചോദ്യം ചെയ്യുമ്പോള്‍ എടുത്ത വീഡിയോ ദൃശ്യങ്ങള്‍ 2005-ല്‍ നശിപ്പിച്ചു കളഞ്ഞതിന്റെ വിശദീകരണം നല്‍കണമെന്നാണു അമൃതിന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഫെഡറല്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ടേപ്പുകള്‍ നശിപ്പിക്കുന്നതിനു ഭരണനേതൃത്വം സി.ഐ.എയുമായി ചര്‍ച്ച നടത്തിയിരുന്നെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എ.സി.എല്‍.യു. ഹര്‍ജി ഫയല്‍ ചെയ്തത്. എ.സി.എല്‍.യുവില്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രോജക്ടില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന അമൃത് സിംഗ് അടുത്തകാലത്താണു പൊതുജനമധ്യത്തില്‍ ശ്രദ്ധേയയായത്.

ഇപ്പോള്‍ എ.സി.എല്‍.യുവിനു വേണ്ടി ശക്തമായി വാദിക്കുന്നത് അമൃതാണ്. അമൃതിന്റെ നീക്കത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം പ്രതികരിച്ചില്ല.

അമേരിക്കയും നിശബ്ദത പാലിക്കുകയാണ്. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍നിന്നാണു അമൃത് നിയമ ബിരുദം നേടിയത്്.

വിവരാവകാശ സ്വാതന്ത്യ്ര നിയമപ്രകാരം എ.സി.എല്‍.യു. കോടതി മുഖേന ടേപ്പുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് അവ നശിപ്പിച്ച കാര്യം സി.ഐ.എ. വ്യക്തമാക്കിയത്.

ടേപ്പിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സി.ഐ.എയുടെ കുറ്റസമ്മതം. വൈറ്റ് ഹൌസിന്റെയും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും അറിവോടെയാണു ടേപ്പുകള്‍ നശിപ്പിച്ചതെന്നാണ് എ.സി.എല്‍.യുവിന്റെ നിഗമനം.

2. രണ്ടുകോടി പരസ്യത്തുകയല്ല; ദേശാഭിമാനി ആവശ്യപ്പെട്ടത്: വിജിലന്‍സിനോട് സാന്റിയാഗോ മാര്‍ട്ടിന്‍

കൊച്ചി: ദേശാഭിമാനി ബോണ്ട് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ വിജിലന്‍സ് എസ്.പി: ടി. ശ്രീശുകന്‍ ചോദ്യംചെയ്തു.

ദേശാഭിമാനിയിലെ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് രണ്ടുകോടി രൂപ ബോണ്ട് നിക്ഷേപമായി നല്‍കിയതെന്നു മാര്‍ട്ടിന്‍ മൊഴിനല്‍കിയതായാണു സൂചന. പാലക്കാട് ഗസ്റ്റ്ഹൌസില്‍ ഒരാഴ്ച മുമ്പ് അതീവരഹസ്യമായിട്ടായിരുന്നു ചോദ്യംചെയ്യല്‍. മുമ്പ് ആവശ്യപ്പെട്ടിട്ടും കേരളത്തിലേക്കു വരാന്‍ വൈമനസ്യം പ്രകടിപ്പിച്ച മാര്‍ട്ടിന്‍ തമിഴ്നാട്ടിലെ ഏതാനും കേസുകളില്‍ ജാമ്യത്തിലിറങ്ങിയതിനേത്തുടര്‍ന്നാണു പാലക്കാട്ടെത്തി തെളിവെടുപ്പില്‍ സഹകരിച്ചത്.
മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കെന്നപോലെ ദേശാഭിമാനിക്കും തന്റെ സ്ഥാപനം പരസ്യം നല്‍കുന്നുണ്ട്. പരസ്യത്തുകയായല്ല രണ്ടുകോടി രൂപ നല്‍കിയത്, പലിശസഹിതം തിരിച്ചുകിട്ടുന്ന നിക്ഷേപമായിട്ടാണ്. ദേശാഭിമാനിയില്‍നിന്നു ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ച് കോയമ്പത്തൂരിലെ ഓഫീസില്‍നിന്നു കരൂര്‍ വൈശ്യ ബാങ്ക് മുഖേന മക്കളുടെ പേരില്‍ 50 ലക്ഷത്തിന്റെ വീതം നാലു ഡ്രാഫ്റ്റ് എടുത്ത് അയച്ചുകൊടുക്കുകയായിരുന്നു.

വിവാദമായതോടെ ആവശ്യപ്പെടാതെതന്നെ തുക ഡ്രാഫ്റ്റായി മക്കളുടെ പേരില്‍ തിരിച്ചുനല്‍കി. ഇതുസംബന്ധിച്ചു പരാതിയില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ഇതോടെ ബോണ്ട് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലെത്തി. വി.എസ്. സര്‍ക്കാര്‍ അധികാരമേറ്റ് ഒറ്റനമ്പര്‍-അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരേ കര്‍ശനനടപടി പ്രഖ്യാപിക്കുകയും ലോട്ടറി നികുതിക്കുടിശിക 8760 കോടി പിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് 2006 ഒക്ടോബര്‍ ഒമ്പതിന് രണ്ടുകോടി രൂപ മാര്‍ട്ടിനില്‍നിന്നു ദേശാഭിമാനി സ്വീകരിച്ചത്. തുക വികസനബോണ്ടായി സ്വീകരിച്ചെന്നാണു ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി. ജയരാജന്‍ ആദ്യംപറഞ്ഞത്.

പിന്നീടു സി.പി.എം. നേതൃത്വം അതു തിരുത്തി. പരസ്യത്തിനുള്ള മുന്‍കൂര്‍തുകയാണെന്നു വിശദീകരിച്ചു. പോളിറ്റ് ബ്യൂറോ ഇടപെട്ടു നടത്തിയ ചര്‍ച്ചയില്‍ ജയരാജന്റെ കുറ്റകരമായ അനാസ്ഥയായി സംഭവം വിലയിരുത്തി തുക തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തിനകം പാര്‍ട്ടി ഫണ്ടില്‍നിന്ന് ഈ തുക തിരിച്ചുനല്‍കിയതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

സംഭവം നിയമസഭയിലും ഒച്ചപ്പാടായതോടെയാണ് ഒരുകോടി രൂപയുടെ ലിസ് കോഴവിവാദത്തിനൊപ്പം ബോണ്ട് പ്രശ്നവും വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

3. വ്യാജക്കള്ളുദൌത്യം കെട്ടുകെട്ടിക്കാന്‍ അബ്കാരികളുടെ ‘മൂന്നാര്‍ മോഡല്‍’

ആലപ്പുഴ: സ്പിരിറ്റൊഴുക്കിനും വ്യാജക്കള്ളിനുമെതിരേ റെയ്ഡ് തുടരുന്ന ഋഷിരാജ്സിംഗിനെ കെട്ടുകെട്ടിക്കാന്‍ അബ്കാരിലോബി ‘മൂന്നാര്‍ മോഡല്‍’ തന്ത്രമാവിഷ്കരിക്കുന്നു.

മൂന്നാര്‍ ദൌത്യസംഘത്തിനെതിരേ സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെയും ചില ഘടകകക്ഷികളുടെയും പിന്തുണയോടെ കൈയേറ്റലോബി പയറ്റിവിജയിച്ച അതേ തന്ത്രമാണ് അബ്കാരിലോബിയും പരീക്ഷിക്കുന്നത്.
വ്യാജക്കള്ള് റെയ്ഡില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ തുടര്‍ച്ചയായ എട്ടാംദിവസവും കള്ളുഷാപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്.

കഞ്ഞികുടി മുട്ടിയ ചെത്തുതൊഴിലാളികളോടുള്ള സഹതാപം പാര്‍ട്ടിയിലും മുന്നണിയിലും ആളിക്കത്തിച്ചാല്‍ ഋഷിരാജിനെയും സംഘത്തെയും വഴിതിരിച്ചുവിടാമെന്നാണ് അബ്കാരികളുടെ കണക്കുകൂട്ടല്‍. ചെത്തുതൊഴിലാളികള്‍ക്കിടെ ഏറെ സ്വാധീനമുള്ള സി.പി.എമ്മിന് അവരുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാകില്ലെന്നതും ഷാപ്പുകള്‍ അടച്ചിട്ടു പ്രതിസന്ധി സൃഷ്ടിക്കാന്‍ അബ്കാരികളെ പ്രേരിപ്പിക്കുന്നു.

ചെത്തുതൊഴിലാളികള്‍ ഉല്‍പാദിപ്പിക്കുന്ന കള്ളു മുഴുവന്‍ ഷാപ്പുകാര്‍ വാങ്ങാറുണ്ടെന്നും അതിലേറെ ആവശ്യമുള്ളതിനാലാണ് വ്യാജക്കള്ളു നിര്‍മിക്കുന്നതെന്നുമാണ് പ്രചാരണം. അതുകൊണ്ടുതന്നെ റെയ്ഡ് ചെത്തുതൊഴിലാളികള്‍ക്കു ഗുണം ചെയ്യില്ലെന്ന ‘ബോധവത്കരണ’വും ലോബി നടത്തുന്നുണ്ട്.

പ്രമുഖ സമുദായസംഘടനാ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് റെയ്ഡിനെതിരായ നീക്കങ്ങള്‍. സമുദായസംഘടനയുടെ നേതാക്കള്‍ക്കു ബന്ധമുള്ളതും അവരുടെ ബിനാമി പേരുകളിലുള്ളതുമാണ് കായംകുളം ഭാഗത്തെ നല്ലൊരുഭാഗം കള്ളുഷാപ്പുകളും മദ്യശാലകളും. റെയ്ഡ് നടപടികളൊഴിവാക്കാന്‍ സി.പി.എമ്മിലെ ചില നേതാക്കള്‍ക്ക് ഒരുകോടി രൂപ വരെ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.

സി.പി.എം ഹരിപ്പാട് ഏരിയാനേതൃത്വത്തിന്റെ ശിപാര്‍ശയോടെ ബാര്‍ ലൈസന്‍സിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വി.എസ് പക്ഷത്തിനുനേരെയുണ്ടായ ആരോപണങ്ങളില്‍നിന്നു തലയൂരാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണു ഋഷിരാജിനെ നിയോഗിച്ചതെന്നും സ്പിരിറ്റ്രാജാവായ സമുദായ യൂണിയന്‍ നേതാവിനെ ഒതുക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനമാണ് റെയ്ഡിനുപിന്നിലെന്നും അണിയറസംസാരമുണ്ട്.

ഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നും ചെത്തുതൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കരുതെന്നും ആവശ്യപ്പെട്ട് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) കായംകുളം റേഞ്ച് കമ്മിറ്റിയും രംഗത്തെത്തി.

4. സി.പി.എമ്മില്‍ ‘മൈക്രോസോഫ്റ്റ്’ പക്ഷം; കെ.എസ്.ഇ.ബി. കമ്പ്യൂട്ടര്‍വത്കരണം പാളി

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്വേര്‍ വേണോ ആഗോളകുത്തകയായ മൈക്രോസോഫ്റ്റ് വേണോയെന്ന സി.പി.എമ്മിലെ തര്‍ക്കം മൂലം വൈദ്യുതി ബോര്‍ഡിലെ കമ്പ്യൂട്ടര്‍വത്കരണം നീളുന്നു. കഴിഞ്ഞ ഒക്ടോബറിനകം അന്‍പതോളം സെക്ഷന്‍ ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും മൂന്നിടത്തു മാത്രമാണ് നടപ്പിലായത്. അടുത്ത ഓഗസ്റ്റിനുള്ളില്‍ വൈദ്യുതി ബോര്‍ഡിന്റെ 632 സെക്ഷന്‍ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കണമെന്നതായിരുന്നു ലക്ഷ്യം.

സ്വതന്ത്ര സോഫ്റ്റ്വേറിനു പ്രചാരം നല്‍കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിതനയം. സ്വതന്ത്ര സോഫ്റ്റ്വേറായ’ലിനക്സാ’ണ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉദ്ദേശിച്ചിരുന്നത്. സ്വതന്ത്ര സോഫ്റ്റ്വേറിനുപകരം ആഗോളകുത്തകയായ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വേറിനെ അനുകൂലിക്കുന്ന വൈദ്യുതി ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.
സി.പി.എം. നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞതോടെയാണ് ബോര്‍ഡിലെ കമ്പ്യൂട്ടര്‍വത്കരണംമന്ദീഭവിച്ചത്. സ്വതന്ത്ര സോഫ്റ്റ്വേര്‍ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരേ ചില ലോബികള്‍ തൊഴിലാളി യൂണിയന്‍ നേതാക്കളേയും സി.പി.എമ്മിലെ ചില നേതാക്കളേയും ബോര്‍ഡ് ഉന്നതരേയും സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി നിയോഗിക്കപ്പെട്ട ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് വേണ്ടത്ര ധാരണയുമില്ല.

കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയായാല്‍ ബോര്‍ഡിന് 300 കോടിയോളം രൂപയുടെ അധികവരുമാനമുണ്ടാവുമെന്ന് കണക്കാക്കപ്പെടുന്നു. ബില്‍ തയാറാക്കുന്നതില്‍ ഉള്‍പ്പെടെയുള്ള പിഴവുകള്‍ പരിഹരിക്കാന്‍ സാധിക്കും. 2000-ലാണ് ബോര്‍ഡില്‍ കമ്പ്യൂട്ടര്‍വത്കരണ നടപടികള്‍ ആരംഭിച്ചത്. ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വികസിപ്പിച്ചെടുത്ത ഐ.ഡി.എസ്. എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ച് എട്ടു സെക്ഷനുകളില്‍ കമ്പ്യൂട്ടര്‍വത്കരണം നടത്തിയിരുന്നു. 2001-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ മൈക്രോസോഫ്റ്റുമായി കരാറിലേര്‍പ്പെട്ട് ‘ജ്യോതി’ എന്ന പേരില്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വേര്‍ 177 ഓഫീസുകളില്‍ ഉപയോഗിച്ചെങ്കിലും ബില്‍തുക നിര്‍ണയിക്കുന്നതിലും കുടിശിക നിശ്ചയിക്കുന്നതിലും പിഴവുകള്‍ കണ്ടെത്തി.

തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്വേറിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നയം ആവിഷ്കരിച്ചു. സ്വതന്ത്ര സോഫ്റ്റ്വേറിന്റെ ഉപജ്ഞാതാവ് റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. മൈക്രോസോഫ്റ്റ് സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഒരു സെക്ഷന്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ ലൈസന്‍സ് ഫീ ഇനത്തില്‍തന്നെ 80 ലക്ഷം രൂപ ബോര്‍ഡിനു ചെലവുവരും. വ്യാജസോഫ്റ്റ്വേര്‍ (പൈറേറ്റഡ്) ഉപയോഗിച്ചാല്‍ ബോര്‍ഡിനെതിരേ നിയമനടപടിയെടുക്കാന്‍ മൈക്രോസോഫ്റ്റിനാകും. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്വേറിന് അത്രയും ചെലവുവരില്ല. ഡെബിയന്‍ എന്ന സര്‍വറില്‍നിന്ന് ‘ഉബണ്ടു’ എന്ന ലിനക്സ് അടിസ്ഥാനമാക്കിയ സോഫ്റ്റ്വേര്‍ ഉപയോഗിക്കാനാണ് ബോര്‍ഡ് ഉദ്ദേശിച്ചിരുന്നത്. ഇതു തയാറാക്കാന്‍ സ്വതന്ത്രസോഫ്റ്റ്വേറിനോളം ചെലവുവരില്ല. ആവശ്യത്തിനു പകര്‍പ്പുണ്ടാക്കി ഉപയോഗിക്കുകയും ചെയ്യാം.
കടപ്പാട്- മംഗളം

5. ധാരണാപത്രം മുടക്കിയത് റിസര്‍വ് ബാങ്ക് നിലപാട്
തിരു: കേരളത്തിലെ അര്‍ബന്‍ സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് സഹകരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കുമായി ഈ സര്‍ക്കാര്‍ നാലുവട്ടം ചര്‍ച്ച നടത്തി. റിസര്‍വ് ബാങ്കിന്റെ ദേശീയതലത്തിലുള്ള ഉദ്യോഗസ്ഥരുമായി രണ്ടു വട്ടവും സംസ്ഥാനതല ഉദ്യോഗസ്ഥരുമായി രണ്ടു വട്ടവുമാണ് ചര്‍ച്ച നടത്തിയത്. അര്‍ബന്‍ സഹകരണബാങ്കുകളിലെ മനുഷ്യവിഭവശേഷി വികസനം, കമ്പ്യൂട്ടറൈസേഷന്‍, പ്രൊഫഷണലൈസേഷന്‍ എന്നിവയിലൂന്നിയാണ് ധാരണാപത്രം തയ്യാറാക്കിയത്. അതിന്റെകൂടെ 25 കോടിക്കുമുകളില്‍ നിക്ഷേപമുള്ള ബാങ്കുകളിലെ ഓഡിറ്റ് ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരെക്കൊണ്ട് ചെയ്യിക്കണമെന്ന വ്യവസ്ഥകൂടിയുണ്ടായിരുന്നു. സഹകരണ അര്‍ബന്‍ ബാങ്കുകളില്‍ നിലവില്‍ സഹകരണ ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഡിറ്റര്‍മാരാണ് ഓഡിറ്റ് നടത്തുന്നത്. ഇത് സഹകരണനിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ള പ്രകാരമാണ്. നിലവിലുള്ള ഓഡിറ്റിങ് സംവിധാനം തുടര്‍ന്നുകൊണ്ടുമാത്രമേ ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരുടെ ഓഡിറ്റ് പാടുള്ളൂവെന്ന് ചര്‍ച്ചകളില്‍ മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം റിസര്‍വ് ബാങ്ക് അധികൃതര്‍ ചര്‍ച്ചയിലും തുടര്‍ന്ന് കത്ത് മുഖേനയും അംഗീകരിച്ചിരുന്നു. എന്നാല്‍, സംസ്ഥാനനിയമസഭ പാസാക്കിയ നിയമപ്രകാരമുള്ള സഹകരണ ഓഡിറ്റ് നിലനിര്‍ത്തുന്നതിനുള്ള വ്യവസ്ഥകള്‍ ധാരണാപത്രത്തില്‍ ഉണ്ടായിരുന്നില്ല. ഈ വ്യവസ്ഥയില്ലാതെ ധാരണാപത്രം ഒപ്പിട്ടാല്‍ അത് നിയമത്തോടും നിയമനിര്‍മാണ സഭയോടുമുള്ള അനാദരവായിരിക്കും. ‘നിലവിലുള്ള ഓഡിറ്റ് സംവിധാനം അങ്ങെനെ തന്നെ തുടരും’ എന്ന വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്ന് റിസര്‍വ് ബാങ്ക് അധികൃതരോട് അവസാനം നടന്ന ചര്‍ച്ചാവേളയിലടക്കം മന്ത്രി ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ധാരണാപത്രം ഒപ്പിടാന്‍ കഴിയാതെ വന്നത്. റിസര്‍വ് ബാങ്കിന്റെ ആഗോളവല്‍ക്കരണ ഈഗോയിസം കാരണമാണ് ഇത് സാധിക്കാതെ വന്നത്.

സഹകരണമേഖല ശക്തിപ്പെടുത്താനും സഹകരണ ഓഡിറ്റ് പുനസംവിധാനംചെയ്യാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. ഇതിനിടയിലാണ് ഉത്തരവാദിത്തമില്ലാതെ ചിലര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഈ വിഷയത്തില്‍ ക്യാമ്പയിന്‍ നടത്തിയത്. ഇത് മറ്റു ചിലര്‍ ഈ മേഖലയില്‍ നടത്തുന്ന കള്ളക്കളികളുടെ തുടര്‍ച്ചയാണ്.

സര്‍ക്കാര്‍ പറഞ്ഞ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഏറ്റവും പെട്ടെന്ന് ധാരണാപത്രം ഒപ്പിടണമെന്നാണ് ഗവണ്‍മെന്റിന്റെ അഭിപ്രായം. അതിന് റിസര്‍വ് ബാങ്ക് തയ്യാറാകുമെന്നാണ് കരുതുന്നതെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
കടപ്പാട്- ദേശാഭിമാനി

6. ഐ.എസ്.ആര്‍.ഒയുടെ ആവശ്യം അംഗീകരിച്ചില്ല; പൊന്‍മുടിയില്‍ 120 ഏക്കര്‍ അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ പൊന്‍മുടി എസ്റ്റേറ്റ് വിട്ടുതരണമെന്ന ഐ.എസ്.ആര്‍.ഒ.യുടെ ആവശ്യം അവഗണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനായി പൊന്‍മുടിയില്‍ വേറെ 120 ഏക്കര്‍ ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.

പൊന്‍മുടി തെന്നൂര്‍ വില്ലേജില്‍ കമ്പിമൂടിന് സമീപം സര്‍വേ നമ്പര്‍ 3994_ല്‍പ്പെട്ട 100 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ നവംബര്‍ 21ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതുകൂടാതെ അപ്പര്‍ സാനറ്റോറിയത്തില്‍ 25 ഏക്കര്‍കൂടി അനുവദിക്കണമെന്ന ഐ.എസ്.ആര്‍.ഒ.യുടെ അഭ്യര്‍ത്ഥന പരിഗണിച്ച് അവിടെ 20 ഏക്കര്‍കൂടി നല്കാന്‍ തീരുമാനമായി.

ഇതിന്റെ തുടര്‍ച്ചയായാണ് മുമ്പ് അനുവദിച്ച 100 ഏക്കര്‍ ഭൂമിക്കുപുറമേ 20 ഏക്കര്‍ ഭൂമികൂടി അനുവദിച്ച് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. നിവേദിത പി. ഹരന്‍ വെള്ളിയാഴ്ച ഉത്തരവിട്ടത്. ഇപ്പോള്‍ അനുവദിച്ച 120 ഏക്കര്‍ ഭൂമി അളന്നുതിരിച്ച് ഡിസംബര്‍ 31 നകം ഐ.എസ്.ആര്‍.ഒ. അധികാരികള്‍ക്ക് കൈമാറാനുള്ള അടിയന്തരനടപടികള്‍ കൈക്കൊള്ളാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറോട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥലം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍, ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍, ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നിവര്‍ക്ക് റവന്യൂമന്ത്രിയുടെ ഓഫീസില്‍നിന്നും അയച്ചുകൊടുത്തിട്ടുണ്ട്.

പുതിയ ഉത്തരവിലൂടെ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് പരിസ്ഥിതിദുര്‍ബല പ്രദേശമായി നേരത്തെ പ്രഖ്യാപിച്ച പൊന്‍മുടി എസ്റ്റേറ്റ് പുനര്‍വിജ്ഞാപനത്തിലൂടെ ഏറ്റെടുത്തുനല്‍കണമെന്ന ഐ.എസ്.ആര്‍.ഒയുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്. പൊന്‍മുടി എസ്റ്റേറ്റ് ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ. കത്തുനല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി കെ.പി. രാജേന്ദ്രനും പറഞ്ഞുവെങ്കിലും ഐ.എസ്.ആര്‍.ഒ യുടെ കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

പരിസ്ഥിതിദുര്‍ബല പ്രദേശമായി നേരത്തെ പ്രഖ്യാപിച്ചിരുന്ന പൊന്‍മുടി എസ്റ്റേറ്റ് ഏറ്റെടുത്തുനല്‍കാന്‍ മന്ത്രി കെ.പി. രാജേന്ദ്രന്റെ അസാന്നിദ്ധ്യത്തില്‍ മന്ത്രിസഭാ ഉപസമിതിയോഗത്തില്‍ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ പരിസ്ഥിതിദുര്‍ബല പ്രദേശവും വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനോട് തൊട്ടുകിടക്കുന്നതുമായ പൊന്‍മുടി എസ്റ്റേറ്റ് ഏറ്റെടുത്ത് നല്‍കുന്നത് എസ്റ്റേറ്റ് ഉടമയെന്ന് അവകാശപ്പെടുന്ന സേവി മനോമാത്യുവിന് സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ മന്ത്രി രാജേന്ദ്രന്‍തന്നെ രംഗത്തുവന്നതിനെത്തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

7. പതിബെലിന് 120 കോടി: അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 120 കോടി രൂപയുടെ ഭീമമായ അധികബാധ്യത വരുത്തുന്ന കെ.എസ്.ടി.പി. കരാര്‍ ടെണ്ടറില്ലാതെ പതിബെല്‍ കമ്പനിക്ക് നിയമവിരുദ്ധമായി നല്‍കിയതിനെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടന്ന കെ.എസ്.ടി.പി. പണികളെക്കുറിച്ച് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവശേഷിക്കുന്ന പണി 106 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാമെന്ന് പതിബെല്‍ നേരത്തെ സമ്മതിച്ചിരുന്നതാണ്. അതാണിപ്പോള്‍ 106 കോടിക്ക് പുറമേ 120 കോടി കൂടി നല്‍കുന്നത്. കരാര്‍തുകയില്‍ 72.5% വര്‍ധന, ആര്‍ബിട്രേഷന് 35 കോടി, റോഡുപണിയുടെ ചെലവില്‍ വരാവുന്ന വര്‍ധന എന്നിവ കണക്കിലെടുക്കുമ്പോഴാണ് ഇത്രയും വലിയ തുക നല്‍കേണ്ടിവരുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവമാണിതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ നിന്നൊഴിയുമ്പോള്‍ 12.5 കോടി രൂപയാണ് കുടിശ്ശിക നല്‍കാനുണ്ടായിരുന്നത്. കുടിശ്ശിക തുക നല്‍കുകയും കരാര്‍ ആറുമാസം നീട്ടുകയും ചെയ്താല്‍ പണി 106 കോടി രൂപയ്ക്കുതന്നെ പൂര്‍ത്തീകരിക്കാന്‍ പതിബെല്‍ കമ്പനി തയ്യാറായിരുന്നു. അസാധാരണമായ വര്‍ധന നല്‍കിയത് അസ്വാഭാവികമായ സാഹചര്യത്തിലായതിനാലാണ് ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മുടങ്ങിക്കിടന്ന കെ.എസ്.ടി.പി. പണി ഇടതു സര്‍ക്കാര്‍ റീടെന്‍ഡര്‍ ചെയ്തപ്പോള്‍ 93% വരെ അധിക നിരക്കാണ് ക്വാട്ട് ചെയ്തത്. പതിബെല്‍ ടെണ്ടറില്‍ പങ്കെടുത്തതേയില്ല. ടെണ്ടറില്‍ പങ്കെടുക്കാത്ത ഒരു കമ്പനിക്ക് പണി നല്‍കാന്‍ മന്ത്രിസഭയ്ക്കുപോലും അധികാരമില്ല.

ഇടതുസര്‍ക്കാര്‍ ലോകബാങ്കുമായി ചര്‍ച്ച നടത്തി 2000_ല്‍ ധാരണാപത്രത്തില്‍ ഒപ്പിടുകയും കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുകയും പ്രീക്വാളിഫിക്കേഷന്‍ ടെണ്ടര്‍ നടത്തുകയും ചെയ്ത കെ.എസ്.ടി.പി. പദ്ധതിയുടെ അന്തിമ കരാറിലാണ് യു.ഡി.എഫ്. ഒപ്പിട്ടത്. സ്ഥലമെടുപ്പ് തുടങ്ങിവെയ്ക്കുകപോലും ചെയ്യാതെയാണ് ഇടതു സര്‍ക്കാര്‍ പ്രീക്വാളിഫിക്കേഷന്‍ നടത്തിയത്. സ്ഥലമെടുപ്പിന്റെ മുഴുവന്‍ ഭാരവും യു.ഡി.എഫ്. സര്‍ക്കാരില്‍ കെട്ടിവെച്ചിട്ട് ഇടതുസര്‍ക്കാര്‍ പൊടിയും തട്ടി ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

8. വിദര്‍ഭ പാക്കേജ്: പലിശ എഴുതിത്തള്ളിയ ബാങ്കുകള്‍ കെണിയില്‍

പാലക്കാട്: വിദര്‍ഭ പാക്കേജനുസരിച്ച് അവധിതെറ്റിയ കാര്‍ഷികകടങ്ങളുടെ പലിശ എഴുതിത്തള്ളിയ സഹകരണ ബാങ്കുകള്‍ കെണിയില്‍. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് എഴുതിത്തള്ളിയ തുകയുടെ നല്ലൊരുപങ്കും തിരിച്ചുപിടിക്കേണ്ടിവരുന്നതോടെ പ്രവര്‍ത്തനം താളംതെറ്റുന്നതിനൊപ്പം കര്‍ഷകസമൂഹവുമായി നിലനില്‍ക്കുന്ന നല്ല ബന്ധം തകരുകയും ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ ഭയക്കുന്നു.

പാലക്കാട് ജില്ലയിലെ ഒരു കാര്‍ഷിക വികസനബാങ്ക് ഈ ഇനത്തില്‍ നല്‍കിയ 34 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. റിസര്‍വ്ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണിത്. ജില്ലയിലെ ഭൂരിപക്ഷം സഹകരണബാങ്കുകള്‍ക്കും ഒട്ടേറെ പട്ടികജാതി, വര്‍ഗ സഹകരണസംഘങ്ങള്‍ക്കും ഇത്തരത്തില്‍ കര്‍ഷകരില്‍നിന്ന് പണം തിരിച്ചുപിടിക്കേണ്ടിവരും. ജില്ലയില്‍ ആകെ 92 സഹകരണബാങ്കുകളാണുള്ളത്. സര്‍ക്കാരില്‍നിന്ന് കൃത്യമായ നിര്‍ദ്ദേശം ഇല്ലാതിരുന്നിട്ടും കര്‍ഷകര്‍ക്കുള്ള സഹായം നഷ്ടപ്പെടരുതെന്ന ധാരണയോടെ തിരക്കുപിടിച്ച് കാര്യങ്ങള്‍ ചെയ്തുതീര്‍ത്തശേഷമാണ് ബാങ്കുകള്‍ ഈ കെണിയിലകപ്പെട്ടത്.

പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിലാണ് വിദര്‍ഭ മോഡല്‍ പാക്കേജ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 2006 ജൂണ്‍ 30ന് അവധിതെറ്റിയ കാര്‍ഷിക കടങ്ങളുടെ പലിശ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. 20/2006_2007 നമ്പറായിട്ടാണ് ഇതിനുള്ള സര്‍ക്കുലര്‍ ഇറങ്ങിയത്. ഇതിലെ നിര്‍ദ്ദേശങ്ങളനുസരിച്ച് പലിശ കണക്കാക്കി 31/3/2007ന് പലിശകിഴിച്ച് വായ്പകളെ പുനക്രമീകരിക്കുകയും ചെയ്തു.

പാലക്കാട് ജില്ലയിലെ സഹകരണബാങ്കുകള്‍ക്കും വാണിജ്യബാങ്കുകള്‍ക്കും കാര്‍ഷിക വികസനബാങ്കുകള്‍ക്കുമായി 160 കോടി രൂപയാണ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയ ഇനത്തില്‍ ലഭിച്ചത്.

2007 സപ്തംബറില്‍ സഹകരണവകുപ്പ് നല്‍കിയ നിര്‍ദ്ദേശമാണ് ബാങ്കുകളെ കെണിയിലാക്കുന്നതിന് തുടക്കമിട്ടത്.

കാര്‍ഷികകടങ്ങള്‍ക്കുള്ള വായ്പ എഴുതിത്തള്ളിയവരുടെ പട്ടിക പുനഃപരിശോധിക്കാനും കാര്‍ഷികവായ്പ വിള വായ്പ മാത്രമായി നിജപ്പെടുത്താനുമായിരുന്നു നിര്‍ദ്ദേശം. കാര്‍ഷിക വായ്പ എന്ത് എന്നതിന് നേരത്തെ തന്ന നിര്‍ദ്ദേശത്തിന് കടകവിരുദ്ധമായിരുന്നു പുതിയ നിര്‍ദ്ദേശമെന്ന് ബാങ്കുകള്‍ കുറ്റപ്പെടുത്തുന്നു. വളരെ തിടുക്കത്തില്‍ കാര്‍ഷിക വായ്പകളുടെ കണക്കുകള്‍ ശേഖരിച്ച് നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഈ കണക്കുകള്‍ സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. സഹകരണബാങ്കുകളുടെ വായ്പാരേഖകള്‍ ആദ്യം ജില്ലാ സഹകരണബാങ്ക് മുഖേനയാണ് പരിശോധിച്ചതെങ്കിലും അതുപോരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് സഹകരണവകുപ്പിലെ ഓഡിറ്റ്വിഭാഗം പരിശോധന നടത്തിയത്.

ഇതെല്ലാംകഴിഞ്ഞ് മാസങ്ങള്‍ക്കുശേഷമാണ് കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച് പട്ടിക പുനഃപരിശോധിക്കണമെന്ന് ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം വരുന്നതെന്ന് സഹകരണവകുപ്പ് പറയുന്നു.

പട്ടിക പുനഃപരിശോധന പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് പല സ്ഥാപനങ്ങളിലും ഓഡിറ്റ് ജോലികള്‍ നിലച്ചിരിക്കയാണ്. ഫിബ്രവരിക്കകം ഓഡിറ്റ് പൂര്‍ത്തിയായില്ലെങ്കില്‍ മാര്‍ച്ചില്‍ സഹകരണസംഘങ്ങള്‍ക്ക് ബജറ്റ് അവതരിപ്പിക്കാനോ പാസാക്കാനോ പറ്റില്ല. ഇത് അടുത്ത സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യും.

എന്നാല്‍ വിദര്‍ഭപാക്കേജ് അനുസരിച്ചുള്ള പുനഃപരിശോധനകളും ഓഡിറ്റുമായി ബന്ധമില്ലെന്ന് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ (ഓഡിറ്റ്) പറയുന്നു. കാര്‍ഷിക വായ്പ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതിന്റെ സൂക്ഷ്മപരിശോധനയാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

ജില്ലയിലെതന്നെ ചില ബാങ്കുകള്‍ ലഡ്ജറിലെ കിട്ടാക്കടങ്ങളെ കാര്‍ഷിക കടങ്ങളാക്കി മാറ്റിയത് റിസര്‍വ്ബാങ്കിന്റെ പരിശോധനയില്‍ കണ്ടെത്തിയതായും ഇതെത്തുടര്‍ന്നാണ് പുനഃപരിശോധനാ നിര്‍ദ്ദേശം വന്നതെന്നും സൂചനയുണ്ട്.
കടപ്പാട്- മാതൃഭൂമി

9. കള്ളുഷാപ്പ് റെയ്ഡ് അട്ടിമറിച്ചത് എക്സൈസ്
ആലപ്പുഴ: ബിനാമി കള്ളുഷാപ്പുകള്‍ കണ്ടെത്താനുള്ള സര്‍ക്കാര്‍ നീക്കം എക്സൈസ് വകുപ്പു തന്നെ അട്ടിമറിച്ചു. ബിനാമി കള്ളുഷാപ്പുകളുടെ വിവരം അറിയിക്കണ മെന്നാവശ്യപ്പെട്ട് ഇന്നലെ നല്‍കിയ അടിയന്തര ഫാക്സ് സന്ദേശത്തിന് ബിനാമി ഷാപ്പുകള്‍ ഇല്ലെന്ന മറുപടിയാണു ജില്ലകളില്‍ നിന്നു പ്രവഹിക്കുന്നത്. സംസ്ഥാനത്ത് ആയിരത്തിലേറെ കള്ളുഷാപ്പുകള്‍ ബിനാമികളാണു നടത്തുന്നതെന്ന സര്‍ക്കാര്‍ കണ്ടെത്തലിനു വിരുദ്ധമായാണ് ബിനാമി ഷാപ്പുകള്‍ ഇല്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നത്.

ഇന്നലെ രാവിലെയാണ് എല്ലാ ജില്ലകളിലെയും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശമെന്ന പേരില്‍ എക്സൈസ് കമ്മിഷണറുടെ ഫാക്സ് സന്ദേശം എത്തിയത്. ഇന്നലെത്തന്നെ മറുപടി നല്‍കണമെന്നും സന്ദേശം രഹസ്യമായി സൂക്ഷിക്കണ മെന്നുമായിരുന്നു നിര്‍ദേശം.ആയിരത്തിലേറെ കള്ളുഷാപ്പുകള്‍ ബിനാമികളാണു നടത്തുന്നതെന്നു സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ആലപ്പുഴ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ ഭൂരിഭാഗവും ബിനാമി ഷാപ്പുകള്‍ ഇല്ലെന്ന നിലപാടിലാണ്. ബിനാമി ഷാപ്പുകള്‍ക്കും സ്പിരിറ്റ് ലോബികള്‍ക്കും മധ്യതിരുവിതാംകൂറിലെ റേഞ്ചുകളില്‍പോലും ബിനാമി കള്ളുഷാപ്പുകള്‍ ഇല്ലെന്ന ഉദ്യോഗസ്ഥരുടെ ‘കണ്ടെത്തല്‍ സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.

ഈ മേഖലകളില്‍ ഐജി: ഋഷിരാജ് സിങ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നു പ്രദേശത്തെ മിക്ക കള്ളുഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്.ബിനാമി ഷാപ്പുകള്‍ ഏതെന്നു കണ്ടുപിടിക്കുക പ്രയാസമാണെന്ന പഴുതു ചൂണ്ടിക്കാട്ടിയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍നീക്കത്തെ അട്ടിമറിച്ചത്. അബ്കാരികളുമായുള്ള രഹസ്യ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണു പലയിടത്തും ബിനാമികള്‍ ഷാപ്പ് നടത്തുന്നത്. ഇതു രേഖാമൂലം തെളിയിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെ നടപടിയുണ്ടായാല്‍ മാസപ്പടി കൊയ്ത്തു നിലയ്ക്കുമെന്നും ഷാപ്പുകള്‍ കാലക്രമത്തില്‍ തൊഴിലാളികള്‍ക്കു വിട്ടുകൊടുക്കുമെന്നും കണ്ടാണ് ഉദ്യോഗസ്ഥര്‍തന്നെ സര്‍ക്കാരിനെ വഴിതെറ്റിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ 135 എക്സൈസ് റേഞ്ചുകളിലായി 5972 കള്ളുഷാപ്പുകളുണ്ടെന്നാണു കണക്ക്. അഞ്ചുമുതല്‍ എട്ടുവരെ ഷാപ്പുകളുള്ള ഗ്രൂപ്പുകളായാണു ലൈസന്‍സ് നല്‍കിയിരിക്കുന്നത്. മധ്യതിരുവിതാംകൂറിലേത് ഉള്‍പ്പെടെ സംസ്ഥാനത്തു പല ഗ്രൂപ്പുകളും വന്‍കിട സ്പിരിറ്റ് ലോബികളുടെ ബിനാമികളാണു നടത്തുന്നതെന്നു നേരത്തേ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് ഐജി: ഋഷിരാജ് സിങ്ങിനെ സ്പിരിറ്റ് വേട്ടയ്ക്കു മധ്യതിരുവിതാംകൂറിലേക്ക് അയച്ചതെന്ന ആരോപണം നിലനില്‍ക്കേ, ബിനാമി ഷാപ്പുകള്‍ക്കും കള്ള് ഗോഡൌണുകള്‍ക്കുമെതിരെ ശക്തമായ നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുന്നത് ‘മൂന്നാര്‍ മോഡല്‍ ഓപ്പറേഷനു സര്‍ക്കാര്‍ തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ്.

എന്നാല്‍, ഐജിയുടെ നേതൃത്വത്തില്‍ ഇൌയിടെ പിടിച്ചെടുത്ത കള്ള് വ്യാജക്കള്ളല്ലെന്ന വാദവുമായി പിണറായിപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന സിഐടിയു നേതൃത്വത്തിലുള്ള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ രംഗത്തെത്തിയത് അബ്കാരി വിഷയത്തിലും പാര്‍ട്ടിയില്‍ രണ്ടു ചേരികളും ശക്തമാണെന്നതിന്റെ സൂചനയായി.

9. ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തില്‍ 39 കോടി വെട്ടിക്കുറച്ചു
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ 2004-05 വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പളംനല്‍കിയ വകയില്‍ ചെലവായ 789 കോടി രൂപയില്‍ 39 കോടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു.

ബോര്‍ഡ് ജീവനക്കാര്‍ക്ക് ആ വര്‍ഷം നല്‍കിയ ഇന്‍ക്രിമെന്റ് വെട്ടിക്കുറച്ചാലേ ഈ ഉത്തരവ് നടപ്പാക്കാനാവൂ. ആ വര്‍ഷം ശമ്പളത്തിന് 750 കോടി രൂപ ചെലവാക്കാനാണ് കമ്മിഷന്‍ അനുമതി നല്‍കിയിരുന്നത്. പക്ഷേ, 789 കോടിയായി. 2003-04, 2004-05ല്‍ സിഎജി അംഗീകരിച്ച കണക്കുകള്‍ വീണ്ടും റഗുലേറ്ററി കമ്മിഷനു മുന്‍പാകെ സമര്‍പ്പിച്ചപ്പോഴാണ് അവര്‍ അധികച്ചെലവ് കണ്ടെത്തിയതും വെട്ടിക്കുറച്ചതും.

2003-04ലെ ശമ്പളത്തിന്റെ മൂന്നു ശതമാനമേ തൊട്ടടുത്ത വര്‍ഷം കൂട്ടാവൂ എന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, സാധാരണഗതിയില്‍ ഓരോ വര്‍ഷവും ബോര്‍ഡിലെ ശമ്പളത്തില്‍ 5-6% വര്‍ധനയുണ്ടാകും. മൂന്നു ശതമാനത്തില്‍ കൂടുതല്‍ കമ്മിഷന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്‍ക്രിമെന്റ് വെട്ടിക്കുറയ്ക്കുകയേ നിര്‍വാഹമുള്ളൂ. 2004-05ല്‍ ബോര്‍ഡിന്റെ കമ്മി 218 കോടി രൂപയാണ്. ഇതു സര്‍ക്കാരിനു ബോര്‍ഡ് നല്‍കാനുള്ള ഡ്യൂട്ടിയില്‍ തട്ടിക്കിഴിച്ചതായി കമ്മിഷന്‍ ഉത്തവിറക്കിയിരിക്കുകയാണ്.

ഡ്യൂട്ടി വേണ്ടെന്നുവയ്ക്കാനും അതു നഷ്ടത്തില്‍ തട്ടിക്കിഴിക്കുന്നതിന് അനുമതി നല്‍കാനും സര്‍ക്കാരിനേ അധികാരമുള്ളൂ. അറ്റകുറ്റപ്പണിക്ക് 2003-04ല്‍ 65കോടി രൂപയാണ് ബോര്‍ഡ് ചെലവാക്കിയത്. ഇത്രയും തുകയേ തൊട്ടടുത്ത വര്‍ഷവും ചെലവാക്കാവൂ എന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 75 കോടി ചെലവായി. ഈ 10കോടി അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു കര്‍ശനമായി നടപ്പാക്കിയാല്‍ ബോര്‍ഡിലെ അറ്റകുറ്റപ്പണി നാമമാത്രമാകും.

ബോര്‍ഡിന്റെ പ്രസാരണ വിതരണ നഷ്ടം 3% കണ്ടു കുറയ്ക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും 2% കുറയ്ക്കാനേ ബോര്‍ഡിനു സാധിച്ചുള്ളൂ. ഒരു ശതമാനം വൈദ്യുതി കൂടി ലാഭിച്ചിരുന്നുവെങ്കില്‍ ബോര്‍ഡിന്റെ വരുമാനം 35 കോടി വര്‍ധിക്കുമായിരുന്നുവെന്ന് കമ്മിഷന്‍ കണക്കാക്കുകയും ഇത് 2003-04ലെ വരുമാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കടപ്പാട്- മനോരമ

11. നികുതി പിരിവ് ലക്ഷ്യമിട്ടതിലും ഏറെ കുറവ്: ധനമന്ത്രി
കൊച്ചി: സംസ്ഥാനത്തെ വാണിജ്യ നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുവാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പദ്ധതി ലക്ഷ്യമിട്ടതിലും വളരെ കുറവാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. ലക്ഷ്യത്തിലെത്താന്‍ തീവ്രശ്രമം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തില്‍ കച്ചവട സമൂഹത്തിന്റെ സഹകരണം മന്ത്രി ആവശ്യപ്പെട്ടു. നികുതി ചുമത്തലും നടത്തിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള നികുതിദായകര്‍ക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് ശരിയായ പരിഗണന കിട്ടുമെന്നും കഴിയുന്നത്ര പരിഹാരപരമായ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

12. സൈന്യത്തിന്റെ വ്യാജ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് നക്സല്‍ പ്രവര്‍ത്തനം
തിരുവനന്തപുരം: സൈന്യത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ സംശയത്തിന്റെ നിഴലില്‍. കേരളത്തില്‍ നക്സലുകള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തിയ രഹസ്യാന്വേഷണ വിഭാഗങ്ങളാണ് സൈന്യത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറുകള്‍ സുരക്ഷിത താവളമാക്കിയ സംഘങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളുടെ പേരിലുള്ള സ്റ്റിക്കറുകള്‍ പതിച്ചാല്‍ സാധാരണ വാഹന പരിശോധകളില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതിയാണ് വ്യാപകമായി സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത്. നക്സലുകളോ അനാശാസ്യ, അധോലോക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നവരോ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്െടന്നാണ് സംശയിക്കുന്നത്.

ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിങ്ങനെയുള്ള സ്റ്റിക്കറുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ഈ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളില്‍ ഇത്തരം സ്റ്റിക്കറുകള്‍ പതിക്കാറുണ്ട്. എന്നാല്‍ ഇത് തികച്ചും അനൌദ്യോഗികമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും സൈന്യത്തിന്റെ ഉപയോഗങ്ങള്‍ക്കും നല്‍കിയിട്ടുള്ള വാഹനങ്ങളില്‍ ഔദ്യോഗിക പദവി വ്യക്തമാക്കുന്ന അടയാളങ്ങളുണ്ടാകും. ഔദ്യോഗിക വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടത്തുന്നതും സൈനിക വകുപ്പാണ്. പ്രത്യേക രജിസ്ട്രേഷന്‍ നമ്പരുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഹനം പുറത്തിറങ്ങിയ വര്‍ഷവും ഉപയോഗിക്കുന്ന സ്ഥലവും വിഭാഗവും തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക കോഡാണ് രജിസ്ട്രേഷന്‍ നമ്പരായി രേഖപ്പെടുത്തുക.

എന്നാല്‍, ഓഫീസുകളില്‍ സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഗേറ്റിലെ പരിശോധനകളില്‍ തിരിച്ചറിയുന്നതിനു വേണ്ടി ഏതു വിഭാഗത്തിലേതാണെന്ന് അറിയിക്കുന്ന അനൌദ്യോഗിക സ്റ്റിക്കറുകള്‍ ഉപയോഗിക്കാറുണ്ട്. ഇതിനാകട്ടെ പ്രത്യേക മാനദണ്ഡങ്ങളൊന്നും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ഈ സൌകര്യം മുതലെടുത്താണ് കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സ്വകാര്യ വാഹനങ്ങളില്‍ സൈന്യക വിഭാഗങ്ങളുടെ സ്റ്റിക്കറുകള്‍ പതിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിച്ച 250-ലധികം വാഹനങ്ങളുണ്െടന്ന് പ്രാഥമിക പരിശോധനയില്‍ കണ്െടത്തിയിട്ടുണ്ട്. ചില ഇരുചക്ര വാഹനങ്ങളിലും ഇത്തരം സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്.

സാധാരണ ഗതിയില്‍ ആര്‍മി എന്ന സ്റ്റിക്കറാണ് അധികവും പതിച്ചിരിക്കുന്നത്. എയര്‍ ഫോഴ്സ് എന്ന് പതിച്ച അപൂര്‍വം ചില വാഹനങ്ങളും കണ്െടത്താന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നാവിക സേനക്ക് ഉന്നതതല ഓഫീസുകള്‍ ഇല്ലാത്തതു കൊണ്ട് നേവി എന്നു പതിച്ച വാഹനങ്ങളുണ്ടാകാറില്ല.

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ ഭാഗത്ത് ഇന്ത്യന്‍ നേവി എന്ന സ്റ്റിക്കര്‍ പതിച്ച കറുത്ത ആള്‍ട്ടോ കാര്‍ ഉപയോഗിക്കുന്നതായി കണ്െടത്തിയിട്ടുണ്ട്. സ്ഥിരമായി വഞ്ചിയൂര്‍ കോടതി പരിസരത്ത് കറങ്ങുന്ന ഈ കാറിനെ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കാര്യമായി വേരുകളുള്ള ഉന്നതര്‍ക്കു ബന്ധമുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘത്തിന്റേതായിരിക്കും ഈ കാറെന്ന സൂചനയും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്. ഇതിന്റെ വിശദ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

വയനാട്ടിലും ഇടുക്കിയിലും ഇത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പരിശോധന എല്ലാ ജില്ലകളിലും വ്യാപകമാക്കാനാണ് തീരുമാനം. സൈനിക ആസ്ഥാനത്ത് ഈ വിവരങ്ങള്‍ ഉള്‍ക്കൊളിച്ച് രേഖാമൂലം അറിയിപ്പ് നല്‍കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
കടപ്പാട്- ദീപിക

13. കോട്ടയത്തെ വീട്ടമ്മയുടെ പേരില്‍ ഓര്‍ക്കുട്ടില്‍ വ്യാജ പ്രൊഫൈല്‍; അശ്ളീല ചിത്രങ്ങള്‍
കോട്ടയം: വീട്ടമ്മയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് ‘ ഓര്‍ക്കുട്ടില്‍’ അശ്ളീല ചിത്രപ്രദര്‍ശനം. ഇതിനെതിരെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസിന് പരാതി. സൌഹൃദ വെബ്സൈറ്റായ ഓര്‍ക്കുട്ടിലാണ് ആയിരക്കണക്കിന് അശ്ളീല ചിത്രങ്ങളുമായി വ്യാജന്‍ വിലസുന്നത്. പ്രൊഫൈലില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍, ലാന്‍ഡ് നമ്പരുകളിലേക്ക് സ്ഥിരമായി അശ്ളീല ചുവയുള്ള കോളുകള്‍ എത്തിയതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 32 വയസുള്ള സുന്ദരിയായ വിവാഹിതയാണെന്നു കാണിച്ചാണ് പ്രൊഫൈല്‍ സൃഷ്ടിച്ചിരിക്കുന്നത്. വീട്ടമ്മയുടേതെന്ന നിലയില്‍ വ്യാജ ചിത്രവും നല്‍കിയിട്ടുണ്ട്. 23 സുഹൃത്തുക്കള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അതിലേറെ അശ്ളീല വീഡിയോ ചിത്രങ്ങളുള്ള കമ്മ്യൂണിറ്റികളുമായി ഇത് ലിങ്ക് ചെയ്തിട്ടുണ്ട്. ഈ കമ്മ്യൂണിറ്റികള്‍ വഴി ആയിരക്കണക്കിന് അശ്ളീല പ്രൊഫൈലുകളിലേക്ക് കടക്കാം. ഈ കോട്ടയം സ്വദേശിയുടെ പേരിലുള്ള പ്രൊഫൈലില്‍ നിന്ന് മറ്റുള്ളവരിലേക്ക് ഫ്രണ്ട് ‘റിക്വസ്റ്റ്’ എത്തിയതോടെയാണ് കള്ളി പുറത്തായത്. കോട്ടയത്തെയും പാലായിലെയും വിവാഹിതരായ സ്ത്രീകള്‍, കോട്ടയം ബാഡ് ബോയ്സ് തുടങ്ങിയ കമ്മ്യൂണിറ്റികള്‍ ഇതിലുണ്ട്. മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്തി എന്നു കരുതുന്ന ചിത്രങ്ങളും കമ്മ്യൂണിറ്റികളില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രൊഫൈലിലെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും ആരെങ്കിലും തങ്ങളെ അപമാനിക്കാന്‍ ചെയ്തതാവുമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഇന്നലെ വൈകുന്നേരം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഗൃഹനാഥന്‍ പരാതി നല്‍കി. ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കും.

14.  പള്ളിക്കമ്മിറ്റിയുടെ പാടം നികത്തല്‍ തടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വളഞ്ഞുവച്ചു വെങ്ങോലയില്‍ സംഘര്‍ഷം
പെരുമ്പാവൂര്‍: പള്ളികമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടം നികത്താനുള്ളശ്രമം തടഞ്ഞ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ വളഞ്ഞുവച്ചത് വെങ്ങോലയില്‍ ഇന്നലെ രാത്രി സംഘര്‍ഷത്തിനിടയാക്കി. വെങ്ങോല ബത്സാദ സ്കൂളിനു പിന്‍വശം പള്ളിയുടെ ഉടമസ്ഥതയിലുള്ള പാടം നികത്താനുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സമീപത്തുള്ള ഭൂമിയില്‍ നിന്നും മണ്ണെടുത്ത് പാടത്തേയ്ക്കിടുകയായിരുന്നു. രാത്രി എട്ടുമണിയോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പണി തടസപ്പെടുത്തുകയും പാടത്ത് കൂട്ടിയിട്ട മണ്ണ് തിരികെയെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ പള്ളിയുടെ ചുറ്റുമതില്‍ പൊളിച്ചുവെന്നും പള്ളിവികാരി വില്‍സനെ കൈയ്യേറ്റം ചെയ്തുവെന്നും ആരോപിച്ച് പള്ളിക്കാര്‍ മണിമുഴക്കി നാട്ടുകാരെ വിളിക്കുകയായിരുന്നു. ജനക്കൂട്ടം എത്തി 15 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞുവച്ചു. പെരുമ്പാവൂര്‍ ബ്ളോക്ക് പ്രസിഡന്റ് സി.വി. ഐസക്ക്, ജോയിന്റ് സെക്രട്ടറി സാബു.വി.പോള്‍, വൈസ് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡി.വൈ.എഫ്.ഐയുടെ സമരം. ജനക്കൂട്ടം എത്തുന്നതുകണ്ട് ഓടിരക്ഷപ്പെട്ട സി.വി. ഐസക്കിനെ തിരികെ സ്ഥലത്തെത്തി ക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്ളിക്കാര്‍ പ്രവര്‍ത്തകരെ തടഞ്ഞുവച്ചത്. സംഭവമറിഞ്ഞ് സമീപപ്രദേശങ്ങളില്‍നിന്ന് ഡി.വൈ.എഫ്.ഐ- സി.പി.എം പ്രവര്‍ത്തകരും സംഘടിച്ച് സ്ഥലത്തെത്തിയതോടെ സംഘര്‍ഷസാധ്യത വര്‍ദ്ധിച്ചു. ഇന്നലെ രാത്രി വൈകിയും വെങ്ങോലയില്‍ സംഘര്‍ഷം തുടരുകയാണ്.ഡിവൈ.എസ്.പി കെ.ജെ. സ്കറിയ, സി.ഐ. കെ.പി. ജോസ്, എസ്.ഐ ക്രിസ്പല്‍ സാം എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

15. ഭൂമി കൈവശപ്പെടുത്തല്‍ തുടരുമെന്ന് ബത്തേരി അര്‍ബന്‍ ബാങ്കും
കല്‍പ്പറ്റ: കാര്‍ഷികേതര വായ്പയെടുത്ത് തിരിച്ചടവു മുടങ്ങിയവരുടെ ഭൂമി പിടിച്ചെടുക്കുമെന്ന് ജില്ലാ ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതിനു പുറമെ, സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വ്യക്തമായ നിര്‍ദ്ദേശമുണ്ടാകാത്തതിനാല്‍ തങ്ങളും കുടിശ്ശികക്കാരുടെ ഭൂമി പിടിച്ചെടുക്കല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബത്തേരി അര്‍ബന്‍ ബാങ്ക് പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള, ഒരു ലക്ഷം രൂപക്കു മുകളിലുള്ള വായ്പകളില്‍ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കാര്‍ഷികേതര വായ്പകളാണ് അര്‍ബന്‍ ബാങ്ക് നല്‍കിയിട്ടുള്ളത്. കാര്‍ഷിക ആവശ്യത്തിനായും കര്‍ഷകര്‍ കാര്‍ഷികേതര വായ്പകള്‍ എടുത്തിട്ടുണ്ട്. നിയമ നടപടികളിലൂടെ ചെറുകിടക്കാരെ ദ്രോഹിക്കില്ല. റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമായാണ് നടപടി സ്വീകരിക്കുന്നത്.അര്‍ബന്‍ ബാങ്കില്‍ നിന്നെടുത്തിട്ടുള്ള കാര്‍ഷികേതര വായ്പകളില്‍ കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഇളവ് ശുപാര്‍ശ ചെയ്തുകൊണ്ട് അയച്ച സര്‍ക്കുലര്‍ അവ്യക്തമാണെന്ന് ബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ.പി തോമസ് പറഞ്ഞു. ആര് ഇളവ് നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. ഇതു കാരണം കമ്മിഷന്റെ ശുപാര്‍ശ നടപ്പിലാക്കാന്‍ കഴിയില്ലെന്നും കെ.പി തോമസ് വ്യക്തമാക്കി. സര്‍ക്കാരോ കമ്മിഷനോ പണം അനുവദിച്ചില്ലെങ്കില്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ല. കാര്‍ഷികേതര വായ്പകളില്‍ ജപ്തി നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാരോ മറ്റ് ഏജന്‍സികളോ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് കടാശ്വാസ കമ്മിഷനെയും മന്ത്രിമാരെയും സമീപിച്ചിട്ടും മറുപടി കിട്ടിയിട്ടില്ല.ഈ സാഹചര്യത്തില്‍ നടപടി സ്വീകരിക്കാതെ ബാങ്കിന് മറ്റ് മാര്‍ഗമില്ല. സര്‍ക്കാരോ കടാശ്വാസ കമ്മിഷനോ വ്യക്തമായ ഉത്തരവ് നല്‍കിയാല്‍ ഇത് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ച് നടപടികള്‍ എടുക്കാതിരിക്കാം. ബാങ്കിന്റെ തിരിച്ചടവ് മന്ദീഭവിച്ച് നിഷ്ക്രിയ ആസ്തി വര്‍ധിച്ച സാഹചര്യത്തില്‍ ബാങ്കിനെ കുറ്റപട്ടികയില്‍ പെടുത്തി ഗ്രേഡ് വെട്ടിക്കുറച്ച സംഭവം വരെയുണ്ടായി. ഇതിനാല്‍ വന്‍കിടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും കെ.പി തോമസ് പറഞ്ഞു. ഒ.കെ മുഹമ്മദ്, സി.പി വര്‍ഗീസ്, പി. എം തോമസ്, കെ.പി ഗോപിനാഥ്, വി.സി കുര്യാക്കോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

16. മൈക്രോസോഫ്ടിനെ സ്കൂളുകളില്‍ കുടിയിരുത്തുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മൈക്രോസോഫ്ടിനെ വീണ്ടും കുടിയിരുത്താന്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍ ശ്രമിക്കുന്നു. സ്കൂളുകളില്‍ പഠിപ്പിക്കുന്ന സ്വതന്ത്രസോഫ്ട്വേറായ ലിനക്സിനെ ഒഴിവാക്കുന്നതിനുര്‍ ശ്രമത്തിനുപിന്നില്‍ ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറേറ്റിലെ ചില പ്രമുഖരുമുണ്ട്.
ഇതിന്റെ ഭാഗമായി യുവജനോത്സവത്തിന്റെ നടത്തിപ്പ്, സ്കോര്‍, മത്സരങ്ങളുടെ ക്രമം എന്നിവ രേഖപ്പെടുത്താനും എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുമായി രണ്ട് സോഫ്ട്വേറുകള്‍ സ്കൂളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറ്റിേംഗ് സിസ്റ്റം സോഫ്ട്വേര്‍ വേണം. ഒരു സ്കൂളിലും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നിലവില്ല. എല്ലാ സ്കൂളുകളിലേയും കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേറും എം.എസ് ഓഫീസ് സോഫ്ടവേറും ലോഡ് ചെയ്യുകയാണ്. മൈക്രോസോഫ്ടില്‍ നിന്ന് ഒറിജിനല്‍ സോഫ്ട്വേറുകള്‍ വാങ്ങണമെങ്കില്‍ 15000 രൂപ നല്‍കേണ്ടിവരും. അതിനാല്‍ എല്ലായിടത്തും വ്യാജസോഫ്ട്വേറുകളാണ് ഉപയോഗിക്കുന്നത്. പകര്‍പ്പവകാശ നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെങ്കിലും മൈക്രോസോഫ്ടുകൂടി അറിഞ്ഞുകൊണ്ടായതിനാല്‍ ഇപ്പോള്‍ പ്രശ്നം ഉണ്ടാക്കില്ല. സ്കൂളുകളില്‍ മൈക്രോസോഫ്ട് വ്യാപിച്ചുകഴിഞ്ഞാല്‍ അടുത്ത പടിയായി സോഫ്ട്വേറിന്റെ ഒറിജിനല്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.ഐ.ടി അറ്റ് സ്കൂള്‍ മുമ്പ് മൈക്രോസോഫ്ടിനെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2005 മുതല്‍ ലിനക്സ് പഠിപ്പിക്കാന്‍ തുടങ്ങി.

കടപ്പാട്- കേരളകൗമുദി 

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം