Tag Archives: റയിഡ്

പോസ്റ്റ്മാന്റെ വീട്ടില്‍ നിന്ന് ആയിരത്തോളം തപാല്‍ ഉരുപ്പടികള്‍ പിടിച്ചു

കരിവെള്ളൂര്‍: കരിവെള്ളൂര്‍- പെരളം പഞ്ചായത്തിലെ കൊഴുമ്മല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്റെ വീട്ടില്‍ നിന്ന് ആയിരത്തോളം തപാല്‍ ഉരുപ്പടികള്‍ പിടിച്ചെടുത്തു. പയ്യന്നൂര്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വര്‍ഷങ്ങളായി വിതരണം ചെയ്യാതെ കിടന്ന ഉരുപ്പടികള്‍ പിടിച്ചെടുത്തത്. നിയമന ഉത്തരവുകള്‍, പരീക്ഷാ ഹാള്‍ ടിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍, ആര്‍.സി. ബുക്കുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇ.ഡി. പോസ്റ്റ്മാന്‍ കൊഴുമ്മലിലെ എം.രാമചന്ദ്രനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

കൊഴുമ്മല്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ തപാലുകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് വര്‍ഷങ്ങളായി പരാതി ഉണ്ടായിരുന്നു. നാട്ടുകാരന്‍ കൂടിയായ പോസ്റ്റ്മാനെതിരെ ആരും രേഖാമൂലം പരാതി നല്കിയിരുന്നില്ല. പോസ്റ്റ്മാന്റെ കെടുകാര്യസ്ഥതമൂലം ഒട്ടേറെപേര്‍ക്ക് ജോലി നഷ്ടപ്പെടുകയും പി.എസ്.സി പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. യുവജന സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളൊന്നും വിതരണം ചെയ്യാറില്ല. കഴിഞ്ഞ ഫിബ്രവരി 23ന് തളിപ്പറമ്പില്‍ നിന്ന് രജിസ്‌ട്രേഡ് ആയി അയച്ച ഡ്രൈവിങ് ലൈസന്‍സ് മേല്‍വിലാസക്കാരന് ലഭിക്കാതായതിനെ തുടര്‍ന്നാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുന്നത്. വെള്ളിയാഴ്ച ഒമ്പത് മണിയോടെയാണ് പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കൊഴുമ്മല്‍ യു.പി.സ്‌കൂളിന് സമീപമുള്ള വീട്ടില്‍ പരിശോധനക്കെത്തിയത്. മൂന്ന് ചാക്കുകളിലായി കെട്ടിവെച്ചിരിക്കയായിരുന്നു തപാല്‍ ഉരുപ്പടികള്‍. ഇവ പോസ്റ്റ് ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

അഞ്ചുമണിക്കൂര്‍ നീണ്ട റെയ്ഡ്, കണ്ടെടുത്തത് നാലുലോറി സാധനങ്ങള്‍

കണ്ണൂര്‍: രണ്ട് തടവുകാര്‍ രക്ഷപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ചനടന്ന റെയ്ഡില്‍ നിരവധി മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, കത്തികള്‍, ആയുധമാക്കിമാറ്റാന്‍പറ്റുന്ന ഉപകരണങ്ങള്‍ എന്നിവ പിടികൂടി. നാലുലോറി വരുന്ന സാധനങ്ങളാണ് 160ഓളം ഉദ്യോഗസ്ഥര്‍ അഞ്ചുമണിക്കൂര്‍നീണ്ട റെയ്ഡില്‍ കണ്ടെടുത്തത്. ഇതില്‍ രണ്ടുലോഡുകള്‍ പുറത്തേക്ക് കൊണ്ടുപോയി.

ബുധനാഴ്ച രണ്ടുമണിക്ക് തുടങ്ങിയ റെയ്ഡ് വൈകിട്ട് ഏഴുമണിവരെ തുടര്‍ന്നു. ജയിലിലെ 60 ഏക്കര്‍ സ്ഥലവും അരിച്ചുപെറുക്കി.

ആറ് മൊബൈല്‍ഫോണ്‍, 27 ചാര്‍ജര്‍, 9 ബാറ്ററി, രണ്ട് സിംകാര്‍ഡ്, ശൂലംപോലുള്ള ഇരുമ്പ്കഷണം, കമ്പികള്‍, ഹാകേ്‌സാബ്ലേഡ്, കഞ്ചാവ്‌പൊതി, ചിരവ, അമ്മിക്കല്ല്, കറിക്കത്തികള്‍, കോണ്‍ക്രീറ്റ് പണിക്കായി ഉപയോഗിക്കുന്ന ആയുധങ്ങള്‍, മരക്കഷണങ്ങള്‍, വിറകുകഷണം തുടങ്ങിയവയെല്ലാം പിടിച്ചെടുത്തു. ഇവയില്‍ പലതും ആയുധമല്ലെങ്കിലും ജയിലില്‍ സംഘര്‍ഷമുണ്ടായാല്‍ ഇതൊക്കെ ആയുധമായിമാറുമെന്ന് ജയില്‍ എ.ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടുതടവുകാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് ഇരുമ്പ്‌പൈപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയിഡില്‍ തടവുകാരില്‍നിന്നായി 3519 രൂപയും പിടിച്ചെടുത്തു.

ജയിലില്‍ സ്വകാര്യപാചകം അനുവദിച്ചിട്ടില്ല. അതേസമയം മണ്ണെണ്ണ, സ്റ്റൗ, പാത്രങ്ങള്‍, അടുപ്പ്, കറിക്കത്തികള്‍, ചെറിയചിരവ എന്നിവ വര്‍ഷങ്ങളായി ചിലതടവുകാര്‍ രഹസ്യമായി ഉപയോഗിക്കുന്നു.

400 മോഷ്ടാക്കളെ പാര്‍പ്പിച്ച 3, 5, 6, 7 ബ്ലോക്കുകളില്‍ നിന്നാണ് ഇത്തരംസാധനങ്ങള്‍ കൂടുതലും പിടിച്ചെടുത്തത്. 15 വര്‍ഷത്തോളം തടവുകാര്‍ തമ്മില്‍ സ്വന്തമാക്കിവെക്കുകയും ഒരാള്‍പോകുമ്പോള്‍ അടുത്തയാള്‍ക്ക് രഹസ്യമായി കൈമാറുകയും ചെയ്യുന്ന സ്വകാര്യ അടുക്കള ഉപകരണങ്ങള്‍ ആണിത്. എ.ഡി.ജി.പി. പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ജയിലില്‍ രഹസ്യമായി ചാക്കുകൊണ്ടുംമറ്റും മറച്ച ‘മറ’യും റെയ്ഡില്‍ കണ്ടെത്തി. ഇതും അവിടെനിന്ന് മാറ്റി.

റെയ്ഡ് ഉണ്ടെന്നറിഞ്ഞപ്പോള്‍ തടവുകാര്‍ സാധനങ്ങള്‍ എല്ലാം വലിച്ചെറിയുകയായിരുന്നതിനാല്‍ വ്യക്തികളില്‍ നിന്ന് ഇവ പിടിച്ചെടുക്കാന്‍ പറ്റിയില്ല.

രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിച്ച സ്ഥലങ്ങളില്‍നിന്ന് മൊബൈല്‍ ഫോണും, മറ്റുസാധനങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്.

22 ജയിലുകളില്‍നിന്ന് 64 ഉദ്യോഗസ്ഥരും 52 പോലീസുകാരും ജയിലിലെ മുഴുവന്‍ ജീവനക്കാരും റെയ്ഡില്‍ പങ്കെടുത്തു. താര, കിട്ടു എന്ന രണ്ടു പോലീസ്‌നായ്ക്കളും പങ്കെടുത്തു.

ലിങ്ക് – മാതൃഭൂമി

1 അഭിപ്രായം

Filed under കേരളം, വാര്‍ത്ത

വ്യാജ സോഫ്റ്റ്വെയര്‍ റയിഡ്

സോഫ്റ്റ് അല്ലാത്ത ഒരു സോഫ്റ്റ്വെയര്‍ ഒാട്ടം
സോഫ്റ്റ്വെയര്‍ രംഗത്തെ അതികായന്മാര്‍ തലസ്ഥാനത്തു നെട്ടോട്ടമാണ്. തങ്ങളുടെ സോഫ്റ്റ്വെയറുകള്‍ വ്യാജമായി ഉപയോഗിക്കുന്നുവെന്നാണു പരാതി. പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്നവരെ പിടിച്ചു ചില കടകളില്‍ അവര്‍ റെയ്ഡും സംഘടിപ്പിച്ചു.
പാവപ്പെട്ട കടക്കാരുടെ പത്തു സിഡികള്‍ പൊലീസ് പൊക്കി. റെയ്ഡ് കൊണ്ടുപിടിച്ചു നടക്കുമ്പോഴാണ് ഉടമകള്‍ അതു പറഞ്ഞത് – ആദ്യം ഭരണരംഗത്തെ ചില ഉന്നതന്മാരുടെ കംപ്യൂട്ടറുകളും പരിശോധിക്കണമെന്ന്. അവിടെയും പൈറേറ്റഡ് സിഡികള്‍ ഒരുപാടുണ്ടത്രേ.
കേട്ടതുപാതി കേള്‍ക്കാത്തപാതി പൊലീസും റെയ്ഡിനു വടംപിടിച്ചവരും അങ്ങോട്ട് ഒാടുമെന്ന് അവരുടെ ആവേശംകണ്ട ചിലര്‍ക്കെങ്കിലും തോന്നി. പക്ഷേ, ഒാടിയിട്ടു കാര്യമൊന്നുമില്ലെന്ന് അവര്‍ക്കു നന്നായി അറിയാമല്ലോ.
കടപ്പാട്- മനോരമ

കംപ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്: പകര്‍പ്പവകാശ നിയമം ലംഘിച്ചതിന് ഒരാള്‍ അറസ്റ്റില്‍
കംപ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൈ ക്രോസോഫ്റ്റിന്റെ വ്യാജ സോഫ്റ്റ്വേറുകള്‍ പിടികൂടി. ഡല്‍ഹിയില്‍ നിന്നെത്തിയ മൈക്രോസോഫ്റ്റിന്റെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.

പ്ളാമൂട്ടിലുളള മീഡിയാ സിസ്റ്റംസ്,ആറ്റിങ്ങലിലെ സൂര്യ ടെക്,കൊല്ലത്തെയും വര്‍ക്കലയിലെയും ഓ രോ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പ്ളാമൂട്ടിലെ മീഡിയാ സിസ്റ്റംസില്‍ നിന്ന് വ്യാജ സോഫ്ട്വേറുകളുടെ 10 സി.ഡികള്‍ പിടികൂടി.

സിറ്റി പോലീസ് കമ്മിഷണറു ടെ നിര്‍ദ്ദേശപ്രകാരം മെഡിക്ക ല്‍കോളേജ് പോലീസാണ് ഇവിടെ റെയ്ഡ് നടത്തിയത്. മൈക്രോ സോഫ്റ്റിനെ പ്രതിനിധാനം ചെയ്തു നിയമോപദേഷ്ടാവ് ഡി.സി ശര്‍മ,ജയ്ഭരദ്വാജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

മീഡിയാ സിസ്റ്റംസിന്റെ മാനേ ജിംഗ് പാര്‍ട്ണര്‍ പ്രസാദിനെ പോലീസ് അറസ്റ്റുചെയ്തു പകര്‍പ്പവകാശ ലംഘന നിയമപ്രകാരം കേ സെടുത്തതായി മെഡിക്കല്‍ കോ ളേജ് സി.ഐ സുരേഷ്കുമാര്‍ പറഞ്ഞു.

തങ്ങളുടെ സോഫ്റ്റ്വേറുകള്‍ അനുവാദം കൂടാതെ പകര്‍ത്തി വി ല്‍ക്കുന്നു എന്ന മൈക്രോസോഫ്റ്റിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

കുറച്ചു നാളുകളായി കേരളത്തില്‍ നിന്നു സോഫ്റ്റ് വേറുകളുടെ വില്‍പ്പനയിലൂടെയുളള വരുമാനം കുറഞ്ഞതോടെ വ്യാ ജ സോഫ്റ്റ്വേറുകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്നു കാട്ടി തങ്ങള്‍ ഡീലര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായി മൈ ക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ റെയ്ഡ് തികച്ചും ഏ കപക്ഷീയമാണെന്നും ടെക് നോ പാര്‍ക്കിലെ വന്‍കിട സ്ഥാപനങ്ങളിലാണു വ്യാജ സോഫ്റ്റ് വേറുകള്‍ക്കായി മൈ ക്രോ സോഫ്റ്റ് റെയ്ഡ് നടത്തേണ്ടിയിരുന്ന തെന്നും ഐ.ടി ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കടപ്പാട്- ദീപിക

മൈക്രോസോഫ്റ്റിന്റെ വ്യാജ സോഫ്റ്റ്വെയര്‍ സിഡികള്‍ പിടിച്ചു
തിരു: മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പകര്‍ത്തി സൂക്ഷിച്ച സോഫ്റ്റ്വെയര്‍ സിഡികള്‍ പിടിച്ചെടുത്തു.

തിരുവനന്തപുരം പ്ളാമൂട്ടിലുള്ള മീഡിയാ സിസ്റ്റം, ആറ്റിങ്ങല്‍ സബ് ട്രഷറിക്ക് സമീപത്തെ സൂര്യാ ടെക്് കമ്പ്യൂട്ടര്‍ സെയില്‍സ് എന്നീ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. മൈക്രോസോഫ്റ്റിന്റെ ദില്ലി ഓഫീസില്‍നിന്ന് എത്തിയ ബി സി ശര്‍മ, വിജയ് ഭരദ്വാജ് എന്നീ ഉദ്യോഗസ്ഥരാണ് അനധികൃത സോഫ്റ്റ്വെയറുകള്‍ പിടിച്ചെടുത്തത്. മീഡിയാ സിസ്റ്റം പ്രൊപ്രൈറ്റര്‍ പ്രസാദ്, സൂര്യാ ടെക്് ഉടമ റിജു മുകുന്ദന്‍ എന്നിവരെ അറസ്റ്റുചെയ്തു.

മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയറുകള്‍ അനുവാദമില്ലാതെ പകര്‍ത്തി ഉപയോഗിക്കുന്നത് വ്യാപകമായതിനെത്തുടര്‍ന്നാണ് പരിശോധന. ‘മീഡിയാ സിസ്റ്റ’ത്തില്‍നിന്ന് അനധികൃതമായി പകര്‍ത്തിയ മൈക്രോസോഫ്റ്റിന്റെ പത്തു പ്രോഗ്രാം സിഡികളാണ് പിടിച്ചത്. പകര്‍പ്പവകാശ ലംഘനത്തിന് കേസെടുത്തു.

അനധികൃതമായി സോഫ്റ്റ്വെയറുകള്‍ പകര്‍ത്തി നല്‍കുന്നതു വഴി കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. തട്ടിപ്പു നടത്തുന്ന ആയിരത്തോളം കമ്പനികളുടെ ലിസ്റ്റ് മൈക്രോസോഫ്റ്റ് കമ്പനി തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കടപ്പാട്- ദേശാഭിമാനി

ഐ.ടി. സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്: രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജ സോഫ്ട്വെയറുകള്‍ പ്രചരിക്കുന്നത് തടയാന്‍ മൈക്രോസോഫ്ട് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ വിവിധ ഐ.ടി. സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സിറ്റി പോലീസ് കമ്മീഷണറുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വ്യാജ സോഫ്ട്വെയറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ആറ്റിങ്ങലിലെ ‘സൂര്യടെക്’ സ്ഥാപനത്തിന്റെ ഉടമ റിജു മുകുന്ദന്‍, പട്ടത്തെ ‘മീഡിയ സിസ്റ്റംസ്’ മാനേജിങ് പാര്‍ട്ണര്‍ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സൂര്യടെക്കില്‍ നിന്നും 12 സി.ഡി.കളും രണ്ട് ഹാര്‍ഡ്വെയര്‍ കോപ്പികളും പോലീസ് കണ്ടെടുത്തു.

വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും അറിയുന്നു. മൈക്രോസോഫ്ട് ഉദ്യോഗസ്ഥരായ ഡി.സി. ശര്‍മ്മ, ആനന്ദ് ബാനര്‍ജി, നിയമോപദേഷ്ടാവ് ജയ്ഭരദ്വാജ് എന്നിവരാണ് പരിശോധന നടത്തിയത്. ഇവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി വിവരങ്ങള്‍ ധരിപ്പിച്ച ശേഷം അതത് പോലീസ് സ്റ്റേഷനുകളിലെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തുകയാണുണ്ടായത്.

മൈക്രോസോഫ്ടിന്റെ സോഫ്ട്വെയറുകള്‍ വില്‍ക്കുന്നത് നിയമാനുസൃതം തെറ്റാണെന്ന് കാണിച്ച് ഐ.ടി. സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായി മൈക്രോസോഫ്ട് ഉദ്യാഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ല. രണ്ട് ലക്ഷം രൂപ വരെ വിലമതിക്കുന്നവയാണ് ഈ സോഫ്ട്വെയറുകള്‍.

അതേസമയം ചെറുകിട ഐ.ടി. സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഓള്‍ കേരള ഐ.ടി. ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വന്‍കിട സ്ഥാപനങ്ങളില്‍ യഥേഷ്ടം വ്യാജ സോഫ്ട്വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നത് പരിശോധിച്ചാല്‍ വ്യക്തമാവുമെന്നും ഇവര്‍ പറയുന്നു. താരതമ്യേന ചെറിയ സ്ഥാപനങ്ങളിലാണ് മൈക്രോസോഫ്ട് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
കടപ്പാട്- മാതൃഭൂമി

3അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം