Category Archives: സ്മാര്‍ട്ട്സിറ്റി

സ്മാര്‍ട്ട് സിറ്റി: വേണ്ടിവന്നാല്‍ കോടതിയില്‍ നേരിടും – ടീകോം മേധാവി

കൊച്ചി: സ്മാര്‍ട്ട് സിറ്റി എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി കോടതി കയറേണ്ടിവന്നാല്‍ അതിനും ഒരുക്കമാണെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു.

ജൂണ്‍ 28ന് നടക്കുന്ന 21-ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗം നിര്‍ണായകമാണെന്നും ഫരീദ് വ്യക്തമാക്കി. ”സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് വെറുതെ സംസാരിക്കാനല്ല കേരളത്തില്‍ വരുന്നത്. വ്യക്തമായ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് ആവശ്യം. തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍ അടുത്ത യോഗത്തിലെങ്കിലും വേണം” – അദ്ദേഹം ശക്തമായ ഭാഷയില്‍ വ്യക്തമാക്കി.

ടീകോമിന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി. ഈ പദ്ധതി നഷ്ടപ്പെടാന്‍ ഒരു കാരണവശാലും തങ്ങള്‍ക്ക് ആഗ്രഹമില്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കോടതി കയറേണ്ടി വന്നാല്‍ അതിനും സജ്ജമാണ്. സ്വതന്ത്രാവകാശമെന്നത് കരാറില്‍ വ്യക്തമായി പറയുന്നുണ്ട്. അതിനാല്‍ തന്നെ ഈ ആവശ്യം ഉപേക്ഷിക്കില്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ടീകോമിന് കോടതിയെ സമീപിച്ചുകൂടെയെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കോടതിയില്‍ പോയാല്‍ ഉണ്ടാകാവുന്ന കാലതാമസമാണ് തങ്ങളെ അതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. പക്ഷേ അത്തരമൊരു സാഹചര്യം വന്നാല്‍ തീര്‍ച്ചയായും നിയമപരമായി തന്നെ നേരിടും.
സ്വതന്ത്രാവകാശത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ എതിര്‍പ്പിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ ടീകോം ഈ സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ കാത്തിരിക്കുകയാണോ എന്ന ചോദ്യത്തിന് ‘അത്തരം ഗൂഢ ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്ന്’ ഫരീദ് മറുപടി നല്‍കി. തീരുമാനങ്ങളില്‍ വരുന്ന കാലതാമസം സ്വാഭാവികമായി പദ്ധതിയെയും അനിശ്ചിതമായി വൈകിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

അതേസമയം ടീകോമിന്റെ മാള്‍ട്ട സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഈ വര്‍ഷം ഒക്ടോബര്‍ 10ന് ഉദ്ഘാടനം ചെയ്യുമെന്ന് ഫരീദ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

ലിങ്ക് – മാതൃഭൂമി
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സ്മാര്‍ട്ട്സിറ്റി

സ്‌മാര്‍ട്ട്‌സിറ്റി സര്‍ക്കാരിന്‌ ടീകോമിന്റെ മുന്നറിയിപ്പ്‌

ഡിസംബറിനുശേഷം പദ്ധതി പുനരാലോചിക്കും

കൊച്ചി: സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാവിയെക്കുറിച്ച്‌ ഡിസംബറിനുശേഷം പുനരാലോചിക്കേണ്ടി വരുമെന്ന്‌ സ്‌മാര്‍ട്ട്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ (സി.ഇ.ഒ) ഫരീദ്‌ അബ്ദുള്‍റഹ്‌മാന്‍ പറഞ്ഞു. സ്വതന്ത്രാവകാശത്തിന്റെ പേരില്‍ സര്‍ക്കാര്‍ പദ്ധതി വൈകിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. സ്‌മാര്‍ട്ട്‌സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ തീര്‍ന്നശേഷം മാത്രം സ്വതന്ത്രാവകാശഭൂമി കൈമാറിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി സംബന്ധിച്ച്‌ ദുബായില്‍ നിന്നിറക്കിയ വിശദീകരണക്കുറിപ്പിലാണ്‌ ഫരീദ്‌ അബ്ദുള്‍റഹ്‌മാന്‍ ഇത്‌ വ്യക്തമാക്കിയിരുന്നത്‌.

സ്വതന്ത്രാവകാശഭൂമിയുടെ വ്യവസ്ഥ യഥാര്‍ത്ഥ കരാറിലുള്ളതാണ്‌. കരാറില്‍ നിന്ന്‌ വിരുദ്ധമായി ഒന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഭൂമി വില്‍ക്കില്ലെന്നും പദ്ധതിയുടെയും കേരളത്തിന്റെയും നന്മക്കായി മാത്രമേ ഉപയോഗിക്കൂയെന്നും പലതവണ സര്‍ക്കാരിനോട്‌ വ്യക്തമാക്കിയതാണ്‌. മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കിയാല്‍ പന്ത്രണ്ട്‌ ശതമാനം ഭൂമിയില്‍ സ്വതന്ത്ര നിര്‍മ്മാണാവകാശം നല്‍കാമെന്ന്‌ രേഖാമൂലമുള്ള ഉറപ്പ്‌ മാത്രമാണ്‌ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും ഫരീദ്‌ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആരോപണങ്ങള്‍ നിക്ഷിപ്‌ത താല്‌പര്യക്കാരുടെ സൃഷ്ടിയാണ്‌. ദുബായിലെ ഒരു കമ്പനിയെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചതിന്റെ പേരില്‍ ബാക്കി എല്ലാവരെയും സംശയിക്കുന്നത്‌ ശരിയല്ല. ടീകോമിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാന്‍ മുഖ്യമന്ത്രിയെ ദുബായിലേക്ക്‌ കഴിഞ്ഞ 25ന്‌ ക്ഷണിച്ചതാണ്‌. പക്ഷേ ഇതിന്‌ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഒരു പ്രതികരണവും കിട്ടിയിട്ടില്ല. കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായ്‌ സന്ദര്‍ശിച്ച്‌ ടീകോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്‌ അത്യാവശ്യമാണെന്നും ഫരീദ്‌ അബ്ദുള്‍റഹ്‌മാന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക സ്ഥിതി തെളിയിക്കുന്നതിനുള്ള രേഖകളൊന്നും കേരള സര്‍ക്കാര്‍ ഇതുവരെ ടീകോമിനോട്‌ ആവശ്യപ്പെട്ടിട്ടില്ല. സാമ്പത്തികമാന്ദ്യം ബാധിച്ചുവെന്ന്‌ തുടര്‍ച്ചയായി പ്രസ്‌താവനകളിറക്കുന്നത്‌ എന്തടിസ്ഥാനത്തിലാണെന്ന്‌ മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌മാര്‍ട്ട്‌സിറ്റി സംബന്ധിച്ച തീരുമാനം അനന്തമായി നീളുന്നത്‌ ഗുണം ചെയ്യില്ല. സ്വതന്ത്രനിര്‍മ്മാണാവകാശം വേണ്ടെന്ന്‌ തീരുമാനിക്കാന്‍ ടീകോമിനാകില്ല. കരാര്‍ പ്രകാരം ഞങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണത്‌. ഭൂമിയുടെ രജിസ്‌ട്രേഷന്‍, പ്രത്യേക സാമ്പത്തിക മേഖലാപദവി (സെസ്‌) പ്രഖ്യാപനം, പാട്ടക്കരാര്‍ പുതുക്കല്‍… ഇവയൊന്നും പൂര്‍ത്തിയാക്കാതെ എങ്ങനെയാണ്‌ സ്‌മാര്‍ട്ട്‌സിറ്റി ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയെന്നും അദ്ദേഹം ചോദിച്ചു. തര്‍ക്ക വിഷയങ്ങളില്‍ പരിഹാരം കണ്ടാല്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ വീണ്ടും തുടങ്ങാന്‍ ഒരുക്കമാണെന്നും ഫരീദ്‌ വ്യക്തമാക്കി.

അതേസമയം പദ്ധതി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ സംരംഭകരെ തേടുന്നുവെന്നത്‌ വാര്‍ത്തകളിലൂടെ മാത്രമാണ്‌ അറിഞ്ഞതെന്നും സ്‌മാര്‍ട്ട്‌സിറ്റി സി.ഇ.ഒ. പറഞ്ഞു. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. അതിനാല്‍ തന്നെ പദ്ധതിയെക്കുറിച്ച്‌ ഇപ്പോഴും ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറയുന്നു.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സ്മാര്‍ട്ട്സിറ്റി