Category Archives: ശുചിത്വം

21-7-07 ലെ വാര്‍ത്തകള്‍

തിരു: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ ബില്‍ കൊണ്ടുവരും. വന്‍കിട കെട്ടിടങ്ങള്‍ക്ക് മാലിന്യ സംസ്കരണസംവിധാനം നിര്‍ബന്ധമാക്കി കെട്ടിടനിര്‍മാണച്ചട്ടം ഭേദഗതിചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നു. മാലിന്യപ്രശ്നം പകര്‍ച്ചവ്യാധിക്കു വഴിവയ്ക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിന് ബില്‍ കൊണ്ടുവരും. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്ക് പിഴമാത്രമാണ് ഇപ്പോള്‍ അനുശാസിക്കുന്ന ശിക്ഷ. പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങളില്‍ നിര്‍ദേശിക്കുന്ന പിഴ പരമാവധി 250 രൂപയും. ഇതുതന്നെ, തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കാറുമില്ല. ഹോട്ടലുകളും കല്യാണമണ്ഡപങ്ങളും അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന മാലിന്യം സംസ്കരിക്കാനുള്ള ചുമതല ഇപ്പോള്‍ നഗരസഭകള്‍ക്കാണ്. കൊച്ചി-കോഴിക്കോട് നഗരസഭകളുടെ തനതു വരുമാനത്തില്‍ 60 ശതമാനത്തിലേറെയും ഖരമാലിന്യസംസ്കരണത്തിനാണ് ചെലവിടുന്നത്. തിരുവനന്തപുരം നഗരസഭയ്ക്കാവട്ടെ ഇത് 54 ശതമാനമാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കേണ്ട കോടികള്‍ മാലിന്യസംസ്കരണത്തിനു വിനിയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ബില്‍ കൊണ്ടുവരുന്നത്. സംസ്ഥാനത്തെ 17 മുനിസിപ്പാലിറ്റികളില്‍മാത്രമാണ് മാലിന്യ സംസ്കരണസംവിധാനമുള്ളത്. ഏഴു നഗരങ്ങളില്‍ പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും മൂന്നു നഗരസഭകള്‍ക്ക് മാലിന്യസംസ്കരണത്തിനുള്ള സ്ഥലം കണ്ടെത്താന്‍പോലും കഴിഞ്ഞിട്ടില്ല. പ്രദേശവാസികളുടെ എതിര്‍പ്പാണ് തടസ്സം. സ്വകാര്യസ്ഥാപനങ്ങള്‍ സ്വന്തം സംവിധാനമുണ്ടാക്കിയാല്‍ മാലിന്യപ്രശ്നം ഇത്ര രൂക്ഷമാവില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. ബയോഗ്യാസ് പ്ളാന്റുകളും മറ്റും സ്ഥാപിച്ച് അവര്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഫ്ളാറ്റ്, ഓഡിറ്റോറിയം, മറ്റു വന്‍കിടകെട്ടിടങ്ങള്‍ എന്നിവയുടെ പ്ളാനില്‍ മാലന്യസംസ്കരണസംവിധാനം നിര്‍ബന്ധമാക്കും. ഗ്രാമങ്ങളുടെ ശുചിത്വം ഉറപ്പാക്കാനുള്ള, കേന്ദ്രത്തിന്റെ സാനിറ്റേഷന്‍ മിഷന്‍ പദ്ധതിയില്‍ ഖരമാലിന്യസംസ്കരണം ഉള്‍പ്പെടുത്തിയിട്ടില്ല. പദ്ധതിത്തുകയുടെ 25 ശതമാനം മാലിന്യസംസ്കരണത്തിനു വിനിയോഗിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.

2. ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്ന 35,000 കോടി രൂപയുടെ അലോപ്പതി ഔഷധങ്ങളില്‍ മൂന്നിലൊന്നും വ്യാജം. ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് പിടിച്ചെടുത്ത വ്യാജ മരുന്നുകളും കണ്ടെത്തിയ വ്യാജമരുന്നുനിര്‍മാണ യൂണിറ്റുകളും ഇതിന്റെ ചെറിയൊരു ഭാഗംമാത്രമാണ്. 40 കോടി രൂപ വിലപിടിപ്പുള്ള വ്യാജമരുന്നുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ടെത്തിയത്. പരമാവധി വില്‍പ്പനവില നൂറു രൂപയുള്ള മരുന്ന് വ്യാജമരുന്ന് വിതരണംചെയ്യുന്ന മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് നാലിലൊന്ന് വിലയ്ക്കു ലഭിക്കും. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ന്യൂഡല്‍ഹിയിലെ ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിക്കു സമീപമുള്ള നൂറുകണക്കിന് മെഡിക്കല്‍ സ്റ്റോറുകളില്‍ വ്യാജമരുന്നുകള്‍ സുലഭമാണ്. ന്യൂഡല്‍ഹിയിലെയും മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലെയും പ്രധാന ആശുപത്രികള്‍ക്കു സമീപമുള്ള മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വിറ്റഴിക്കുന്ന മരുന്നുകളില്‍ വലിയൊരു പങ്ക് വ്യാജമാണ്. 120 രൂപ വിലയുള്ള മരുന്ന് ഇവിടെ 25 രൂപയ്ക്കു ലഭിക്കും. ഡോക്ടറുടെ കുറിപ്പ് വേണ്ട. ബില്ലും കിട്ടില്ല. അട്രോപ്പിന്‍, അഡ്രിനാലിന്‍, ഡോപ്പാമൈന്‍, ഡോബുട്ടാമൈന്‍ തുടങ്ങിയ ജീവന്‍രക്ഷാ മരുന്നുകളുടെപോലും അനുകരണങ്ങള്‍ വിപണിയിലുണ്ട്. മരുന്നുകളിലെ രാസക്കൂട്ട് ഒന്നാണെങ്കിലും വ്യത്യസ്ത പേരുകളിലാവും ഇവ ലഭിക്കുക. ഗുണഫലത്തെപ്പറ്റി ഒരു ഗ്യാരണ്ടിയുമില്ലാത്ത ഇത്തരം മരുന്നുകള്‍ വിപണിയില്‍ നിറയുകയാണ്.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ അടുത്തകാലത്ത് നടന്ന റെയ്ഡുകളില്‍ നിരവധി വ്യാജ ഔഷധ യൂണിറ്റുകളും വില്‍പ്പനശാലകളും കണ്ടെത്തി. അംഗീകൃതമല്ലാത്ത രഹസ്യ ഫാക്ടറികളില്‍ ഒരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇടപാടുകാരെന്ന വ്യാജേന ഡല്‍ഹിയിലും ഗാസിയാബാദിലുമുള്ള ചില വ്യാജമരുന്നു നിര്‍മാണകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തീര്‍ത്തും അനാരോഗ്യകരമായ സ്ഥലങ്ങളില്‍ മരുന്നുകള്‍ നിര്‍മിക്കുന്നത് കാണാനായി. അസ്കോറില്‍, ബെനാഡ്രില്‍ തുടങ്ങി വ്യാപകമായി ഉപയോഗിക്കുന്ന ചുമയ്ക്കുള്ള സിറപ്പുകള്‍ സുരക്ഷയില്ലാത്ത അന്തരീഷത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് കണ്ടത്. ഏറ്റവും കൂടുതല്‍ മരുന്നുനിര്‍മാണ കമ്പനികളുള്ള ഗുജറാത്തില്‍ത്തന്നെയാണ് ഏറ്റവും കൂടുതല്‍ വ്യാജമരുന്നുനിര്‍മാണ യൂണിറ്റുകളുമുള്ളത്.

കടപ്പാട്‌: ദേശാഭിമാനി

*****************************************************

1. നിത്യോപയോഗ സാധനങ്ങളുടെ ചില്ലറ വില്‍പനയിലേക്ക് റിലയന്‍സ്, ഭാരതി വ്യാപാര ശൃംഖലകള്‍ പ്രവേശിച്ചതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് കുത്തകകള്‍ പുതിയ വില്‍പന മേഖലകളിലേക്കു കണ്ണെറിയുന്നു. മരുന്നു വില്‍പനയാണ് കുത്തകകളുടെ പുതിയ ലക്ഷ്യം. മരുന്നു വില്‍പനയ്ക്കൊപ്പം ക്ളിനിക്-ലാബ് സൌകര്യങ്ങളുമൊരുക്കിയുള്ള ഭീമന്‍മാരുടെ വരവ് മെഡിക്കല്‍ സ്റ്റോര്‍ എന്ന പതിവു സങ്കല്‍പത്തെത്തന്നെ ഇല്ലാതാക്കും.

ഫോര്‍ട്ടിസ് ഹെല്‍ത് കെയര്‍ വേള്‍ഡ്, മെഡ് പ്ളസ്, ഗാര്‍ഡിയന്‍ ലൈഫ്കെയര്‍, അപ്പോളോ തുടങ്ങിയവരാണ് 35,000 കോടി രൂപയുടെ വിപണി സ്വന്തമാക്കാനൊരുങ്ങുന്നത്. ഇന്ത്യയില്‍ ആറര മുതല്‍ ഏഴു ലക്ഷം വരെ മെഡിക്കല്‍ സ്റ്റോറുകളാണ് നിലവിലുള്ളത്. ഇതുവരെ ഈ മെഡിക്കല്‍ സ്റ്റോറുകളാണ് മരുന്നു വിപണി കൈയടക്കിയിരുന്നത്. നിലവില്‍ മരുന്നു വിപണിയുടെ രണ്ടു ശതമാനം മാത്രം കൈകാര്യം ചെയ്യുന്ന കുത്തക ശൃംഖലകള്‍ രണ്ടു വര്‍ഷംകൊണ്ട് 20 ശതമാനമെന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത്. അഞ്ചു വര്‍ഷംകൊണ്ട് 200 നഗരങ്ങളിലായി 1000 മെഡിക്കല്‍ ഷോപ്പുകളാണ് റാന്‍ബാക്സിയുടെ പിന്തുണയുള്ള ഫോര്‍ട്ടിസിന്റെ ലക്ഷ്യം. മെഡ്പ്ളസ് ഇപ്പോഴുള്ള 200 സ്റ്റോറുകള്‍ ഒരു വര്‍ഷംകൊണ്ട് ഇരട്ടിയാക്കും. 23 കോടി രൂപ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. നിലവിലെ 400 സ്റ്റോറുകള്‍ രണ്ടുവര്‍ഷംകൊണ്ട് അപ്പോളോ 1500 ആയി വര്‍ധിപ്പിക്കും. ഗാര്‍ഡിയനും ശൃംഖല വിപുലമാക്കാനുള്ള ഒരുക്കത്തിലാണ്.

സാധാരണ മെഡിക്കല്‍ സ്റ്റോറിനപ്പുറത്തേക്കാണ് കുത്തകകളുടെ സങ്കല്‍പം. മരുന്നു വില്‍പനയ്ക്കു പുറമേ ഹെല്‍ത്ത് ചെക്കപ്പ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, അപ്പോളോ ആശുപത്രികളില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സൌകര്യങ്ങളും അപ്പോളോ സ്റ്റോറുകളിലുണ്ടാകും. രോഗികള്‍ പതിവായി കഴിക്കുന്ന മരുന്നുകള്‍ യഥാസമയം ഓര്‍മപ്പെടുത്താനുള്ള പദ്ധതിയാണ് മെഡ്പ്ളസിന്റേത് വമ്പന്‍ ശൃംഖലകള്‍ക്ക് കുറഞ്ഞ കാലം കൊണ്ടുതന്നെ സാധാരണക്കാരെ പിന്തള്ളാന്‍ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എല്ലാമരുന്നുകളുടെയും ലഭ്യതയാണ് ഇവരുടെ ആകര്‍ഷണം. മരുന്നുകള്‍ക്കുപുറമേ വിവിധ ആരോഗ്യ സംരക്ഷണ ഉല്‍പന്നങ്ങളും ലഭ്യമാക്കും. ഡയപ്പറും നാപ്കിനും തുടങ്ങി വിറ്റാമിന്‍, മിനറല്‍, ഡയറ്റ്, ന്യൂട്രീഷന്‍ ഉല്‍പന്നങ്ങളും ഇവിടെയുണ്ടാകും. മെഡിക്കല്‍ സ്റ്റോറിനൊപ്പം പാത്തോളജി ലബോറട്ടറിയാണ് മെഡ്പ്ളസിന്റെ പുതിയ സംരംഭം. മെഡിക്കല്‍ സ്റ്റോറില്‍ കളക്ട് ചെയ്യുന്ന സാമ്പിളുകള്‍ ലബോറട്ടറിയിലയച്ച് ഫലം ലഭ്യമാക്കും. ഫാര്‍മസി, ക്ളിനിക്, ലബോറട്ടറി സൌകര്യങ്ങളടങ്ങുന്ന ഹെല്‍ത്ത് സെന്ററുകളായിരിക്കും നാളെയുടെ മെഡിക്കല്‍ സ്റ്റോറുകള്‍.

2. തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് പദ്ധതികള്‍ തുടങ്ങുന്നു. ഇടുക്കിയിലെ രാമക്കല്‍മേടും പാലക്കാട്ടെ അട്ടപ്പാടിയിലുമാണ് പാരമ്പര്യേതര ഊര്‍ജ്ജമേഖലയിലെ പുത്തന്‍ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. രണ്ട് പദ്ധതികളും സ്വകാര്യ സംരംഭകരുടേതാണ്. അനര്‍ട്ടാണ് പദ്ധതികളുടെ നോഡല്‍ ഏജന്‍സി. പദ്ധതികള്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്ന കെ.എസ്.ഇ.ബി. തന്നെ വൈദ്യുതി വാങ്ങും. രാമക്കല്‍മേട്ടില്‍ വെസ്റ്റാസ് വിന്‍ഡ് ടെക്നോളജി കമ്പനിയാണ് കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്നു രാവിലെ 11 ന് പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി പട്ടിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. തുടക്കത്തില്‍ 9.75 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്്. 750 കിലോവാട്ടിന്റെ 13 വിന്റ് ജനറേറ്ററുകളാണ് സ്ഥാപിക്കുന്നത്. ഡിസംബറിന് മുമ്പ് കമ്മീഷന്‍ ചെയ്യും. വെസ്റ്റാസ് കമ്പനി മൊത്തം 15 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ട്. അഗളിയില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ജൂലൈ 29ന് തുടങ്ങും. സൂസ്ലോണ്‍ എനര്‍ജി കമ്പനിയാണ് കാറ്റാടിപാടം നിര്‍മ്മിക്കുന്നത്. 4.8 മെഗാവാട്ട് വൈദ്യുതിയാണ് തുടക്കത്തില്‍ ഉല്‍പ്പാദിപ്പിക്കുക. 600കിലോവാട്ടിന്റെ 8 വിന്റ് ജനറേറ്ററുകളാണ് സ്ഥാപിക്കുന്നത്. സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂസ്ലോണ്‍ കമ്പനി മൊത്തം 20 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കാറ്റില്‍ നിന്ന് 800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് നിലവില്‍ കഞ്ചിക്കോട്ട് മാത്രമാണ് കാറ്റാടിപ്പാടമുള്ളത്. കെ.എസ്ഇ.ബി.യുടെ കീഴിലുള്ള ഈ കാറ്റാടിപ്പാടത്തു നിന്ന് 2.5 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനിടക്ക് പൊതു സ്വകാര്യ മേഖലകളിലായി കാറ്റില്‍ നിന്ന് 20 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത

3. തിരുവനന്തപുരം :ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തിനിടെ സംസ്ഥാന ഖജനാവിനു നഷ്ടമായത് പതിനായിരം കോടിയിലധികം രൂപയുടെ നികുതി വരുമാനം.
കൊച്ചി കേന്ദ്രീകരിച്ചാണ് കോടികളുടെ നികുതിവെട്ടിപ്പും ഹവാല ഇടപാടും നടക്കുന്നത്. മാസം തോറും 600 ഓളം കണ്ടയ്നറുകളിലാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ എത്തുന്നത്്. ചൈനയില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന്റെ സാമ്പത്തിക ഇടപാട് ബാങ്ക് മുഖേനയല്ല. ഹവാല, കുഴല്‍പണം ഇടപാടിലൂടെ പണം നല്‍കുന്നതിനാല്‍ കൃത്യമായ കണക്കുകളോ നികുതി വരുമാനമോ ലഭ്യമല്ല. കേരളത്തിലൊട്ടാകെ അഞ്ഞൂറിലധികം ചൈനീസ് വില്‍പനശാലകളാണുള്ളത്. ഫര്‍ണീച്ചറുകളും കളിപ്പാട്ടങ്ങളും മുതല്‍ ഇലക്ട്രോണിക് സാധനങ്ങള്‍വരെ ചൈനയില്‍നിന്ന് എത്തുമ്പോള്‍ ഖജനാവിലേക്കു പോകേണ്ട കോടികളുടെ നികുതിപ്പണം ഇറക്കുമതി ലോബിയുടെയും വ്യാപാരികളുടെയും കീശകള്‍ കുത്തിവീര്‍പ്പിക്കുന്നു. അടുത്തിടെ കൊച്ചിയിലെ ഒരു സ്ഥാപനത്തിന് 17 ലക്ഷംരൂപയും 15 ലക്ഷം രൂപയും വില വരുന്ന രണ്ടു കണ്ടെയ്നറുകള്‍ എത്തിയപ്പോള്‍ കണക്കില്‍ കാണിച്ച തുക രണ്ടുലക്ഷമായിരുന്നു. വില്‍പനനികുതി അടയ്ക്കുമ്പോഴും ഇതേ വെട്ടിപ്പു നടക്കുന്നതിനാല്‍ സര്‍ക്കാരിനു വീണ്ടും കോടികള്‍ നഷ്ടം. കൊച്ചി കേന്ദ്രമായുള്ള തട്ടിപ്പിനു ചുക്കാന്‍ പിടിക്കുന്നത് സിനിമാതാരങ്ങളുമായും വന്‍ ബിസിനസുകാരുമായും ബന്ധമുള്ള റാക്കറ്റാണ്.

റോയി കൊട്ടാരച്ചിറ

കടപ്പാട്‌: മംഗളം

*****************************************************

1. തിരുവനന്തപുരം: വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ 16 കോടി രൂപ ചെലവില്‍ ആലുവായില്‍ ജലപരിശോധനാ ലാബ് തുടങ്ങുമെന്നു ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

2. കൊച്ചി : ഓണത്തോടനുബന്ധിച്ച് തുറക്കുന്ന പ്രത്യേക ബസാറുകള്‍ വഴി ആവശ്യാനുസരണം പച്ചക്കറികള്‍ ലഭ്യമാക്കാന്‍ സപ്ളൈകോ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഓണം വില്പനയ്ക്കാവശ്യമായ ഏത്തക്കായും 29 ഇനം പച്ചക്കറികളും ലഭ്യമാക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍, സഹകരണ സംഘങ്ങള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും സപ്ളൈകോ പ്രാദേശിക തലത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഒരു ചന്തയിലേക്കു മാത്രം പച്ചക്കറിയും ഏത്തക്കായും സപ്ളൈ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാം. ടെന്‍ഡര്‍ ഫോമുകള്‍ സപ്ളൈകോയുടെ താലൂക്ക് ഡിപ്പോകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2206783, 9447990135.
3.
ആലപ്പുഴ: തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക കൃഷിനാശം. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏഴു കോടി രൂപയുടെ കൃഷിനാശം ജില്ലയില്‍ സംഭവിച്ചിട്ടുണ്ട്. 3100 ഹെക്ടര്‍ സ്ഥലത്തെ നെല്‍ക്കൃഷി നശിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ ഒരു മരണം കൂടി സംഭവിച്ചതോടെ മരണസംഖ്യ 19 ആയി. കടലില്‍ വള്ളം മുങ്ങി നീര്‍ക്കുന്നം ഉപ്പൂട്ടുങ്കല്‍ പ്രഭാകരന്റെ മകന്‍ തമ്പി (38)യാണ് മരിച്ചത്. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ 11 പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. ഇന്നലെ രണ്ടു വീടുകള്‍ പൂര്‍ണമായും 219 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 12 ക്യാമ്പുകളും അമ്പലപ്പുഴയില്‍ നാലും ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതേവരെ ജില്ലയില്‍ 212 വീടുകള്‍ പൂര്‍ണമായും 9494 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. 664 ക്യാമ്പുകള്‍ തുറന്നു.

4. നെടുങ്കണ്ടം: രണ്ടു ശതകങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാമക്കല്‍മേട് കാറ്റാടി വൈദ്യുതി പദ്ധതിക്ക് പുതുജീവന്‍. ഇന്ന് പദ്ധതി ഉദ്ഘാടനം നടക്കുന്നത് സംസ്ഥാനത്തിനും ജില്ലയ്ക്കും വന്‍ പ്രതീക്ഷ നല്‍കുന്നു. 1991-ല്‍ പരീക്ഷണാര്‍ഥം അനര്‍ട്ട് കാറ്റിന്റെ വേഗത അളക്കുന്ന അനിമോമീറ്റര്‍ സ്ഥാപിച്ചതുമുതല്‍ കാറ്റാടി പദ്ധതിക്കുവേണ്ടി മുറവിളി ശക്തമായിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളും മറ്റ് തടസങ്ങളും കാരണം പദ്ധതി എങ്ങുമെത്തിയില്ല. നിരവധി കമ്പനികള്‍ പദ്ധതിക്കായി രംഗത്തുവരികയും ബാംഗളൂര്‍ സുഭാഷ് കമ്പനി നിര്‍മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികള്‍ ഇറക്കുകയും ചെയ്തതാണ്. പദ്ധതി ഇടയ്ക്ക് തടസപ്പെട്ടതോടെ വീണ്ടും അനിശ്ചി താവസ്ഥ യുണ്ടായി.  ഇപ്പോള്‍ ചെ ന്നൈ വെസ്റ്റാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 15 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനായി എത്തിയിരിക്കുന്നത്. 81 മീറ്റര്‍ ഉയരമുള്ള തൂണുകളില്‍ 18 മീറ്റര്‍ നീളമുള്ള ഇതളുകള്‍ സ്ഥാപിച്ച് 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പ്രാരംഭഘട്ടത്തില്‍ 9.75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. നാലുമാസത്തിനുശേഷമേ 15 മെഗാവാട്ട് ഉത്പാദനത്തിന് ക്രമീക രണമാകൂ.  ഉത്പാ ദിപ്പി ക്കുന്ന വൈദ്യുതി കല്ലാര്‍ സബ് സ്റ്റേഷനില്‍ എത്തിച്ച് വിതരണം നടത്താനാണ് പദ്ധതി. ഡിസംബറോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് കമ്പനി എംഡി രമേഷ് കൈമള്‍ പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ബാലന്‍പിള്ള സിറ്റിയില്‍ വൈദ്യുതി മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. രാവിലെ 11-ന് നടക്കുന്ന സമ്മേളനത്തില്‍ കെ.കെ ജയചന്ദ്രന്‍ എംഎല്‍എ അധ്യ ക്ഷത വഹിക്കും.  കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. ഇ.എസ് ബിജിമോള്‍ എംഎല്‍എ, അഡ്വ. സുസ്മിത ജോണ്‍, ടി.എം മനോഹരന്‍, ബേബിലാല്‍ ബേബി, സി.എം ബാലകൃഷ്ണന്‍, എം. സുകുമാരന്‍, രജി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കടപ്പാട്‌: ദീപിക

*****************************************************

കൊച്ചി: ഒരു ഭൂപ്രദേശത്തിന്റെ പേരില്‍ പ്രചാരം ലഭിച്ച കാര്‍ഷികമോ പ്രകൃതിദത്തമോ ആയ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമായ ജ്യോഗ്രഫിക് ഇന്‍ഡിക്കേഷന്‍ ആലപ്പുഴ കയറിന് കിട്ടി. കയര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം ചെന്നൈയിലെ ജ്യോഗ്രഫിക് ഇന്‍ഡിക്കേഷന്‍സ് രജിസ്ട്രിയാണ് ഈ പദവി നല്‍കിയത്. ഇതു ലഭിക്കുന്നതു വഴി ‘ആലപ്പുഴ കയര്‍’ എന്ന പേര് ദുരുപയോഗം ചെയ്യുന്നത് തടയാനാകും.ജൂലായ് 24ന് ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണപിള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ എ.സി. ജോസിന് നല്‍കും.

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, ജലം, മാധ്യമം, ശുചിത്വം

20-7-07 ലെ വാര്‍ത്തകള്‍

പാലക്കാട്: രജിസ്ട്രേഷന്‍ നിയമം അട്ടിമറിച്ച് പണി തീരാത്ത ഫ്ലാറ്റുകള്‍ ചുളുവിലക്ക് കൂട്ടത്തോടെ രജിസ്റ്റര്‍ ചെയ്ത് നല്‍കുക വഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിന് പത്തുകോടിയോളം രൂപ നഷ്ടപ്പെട്ടു. നികുതിവെട്ടിപ്പ് ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായ നിയമഭേദഗതി കാറ്റില്‍ പറത്തി പാലക്കാട് സബ്രജിസ്ട്രാര്‍ ഓഫീസില്‍ 35 ആധാരങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുമാസം മുമ്പുള്ള തീയതിവെച്ച് ഒരേ വേണ്ടര്‍ വില്‍പന നടത്തിയ മുദ്രപത്രങ്ങളില്‍ ആധാരം തയാറാക്കിയത് ഒരേ എഴുത്തുകാരാണെന്നത് ഇതിനു പിന്നിലെ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു.

രജിസ്ട്രേഷനായി 25 ആധാരങ്ങള്‍ കൂടി കാത്തുകിടക്കുന്നുണ്ടെന്നും അറിവായി.
ഒരു സെന്റ് ഭൂമിക്ക് ഒരുലക്ഷത്തിലേറെ വിലയുള്ള നഗരത്തിലെ മണപ്പുള്ളിക്കാവില്‍ സ്വിമ്മിംഗ്പൂള്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിക്കുമെന്ന് പറയുന്ന ഫ്ലാറ്റുകള്‍ സ്ക്വയര്‍ ഫീറ്റിന് 40 രൂപയില്‍ താഴെ സംഖ്യക്ക് വിറ്റതായാണ് രേഖ. ഒന്നാംനിലയില്‍ 971 സ്ക്വയര്‍ ഫീറ്റ് വരുന്ന ഫ്ലാറ്റ് 30,000 രൂപക്ക് മുംബൈ ചെമ്പൂരിലുള്ള ഒരാള്‍ക്ക് വിറ്റുവെന്ന് രജിസ്ട്രേഷന്‍ പൂര്‍ത്തിയായി നമ്പറിട്ട ആധാരങ്ങളൊന്നില്‍ പറയുന്നു. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലുള്ള അമ്പാസ് പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനം 72 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന സമുച്ചയത്തില്‍ 81 ഫ്ലാറ്റുകളാണ് ഉണ്ടാവുകയത്രെ. ഇതില്‍ 60 ഫ്ലാറ്റുകളുടെ ‘മുന്‍കൂര്‍ വില്‍പനയുടെ’ രജിസ്ട്രേഷനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊണ്ടുപിടിച്ച് നടക്കുന്നത്. എല്ലാ സജ്ജീകരണങ്ങളുമുള്ള ഫ്ലാറ്റിന് കുറഞ്ഞ വില കണക്കാക്കിയാല്‍ പോലും ലക്ഷങ്ങള്‍ വരുമെന്നിരിക്കെ വാങ്ങുന്ന തുകയുടെ പതിനാലര ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായി ലഭിക്കുന്നതിലാണ് സര്‍ക്കാറിന് വന്‍തോതില്‍ കുറവ് സംഭവിച്ചത്.

ലൈസന്‍സുള്ള വേണ്ടറില്‍നിന്ന് വാങ്ങുന്ന മുദ്രപത്രം ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്താന്‍ നാലുമാസം കാലാവധിയുണ്ടെന്ന നിയമത്തിന്റെ മറവില്‍ നടന്ന കൂട്ട രജിസ്ട്രേഷന്‍ തികച്ചും ആസൂത്രിതമായിരുന്നു. നിയമം പ്രാബല്യത്തിലാവുന്നതിന് തൊട്ടുമുമ്പ് നികുതിവകുപ്പ് സെക്രട്ടറിയടക്കമുള്ള ഐ.എ.എസ്^ഐ.പി.എസ് ഓഫീസര്‍മാര്‍ തിരുവനന്തപുരത്ത് തുച്ഛ വിലക്ക് ഫ്ലാറ്റുകള്‍ വാങ്ങിയതിനെപ്പറ്റി ചീഫ് സെക്രട്ടറിയെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അലയൊലി അടങ്ങുംവരെ കാത്തിരുന്ന ശേഷമാണ് പാലക്കാട്ടെ രജിസ്ട്രേഷന്‍ അരങ്ങേറിയത്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലായ ഉത്തരവിറങ്ങിയത് മാര്‍ച്ച് 28നായിരുന്നു. പാലക്കാട്ടെ രജിസ്ട്രേഷനുവേണ്ടിയുള്ള മുദ്രപത്രങ്ങള്‍ പി. രവീന്ദ്രനാഥന്‍ എന്ന വേണ്ടറില്‍നിന്ന് വാങ്ങിയിട്ടുള്ളത് മാര്‍ച്ച് 29നാണ്. ഇതിന്റെ കാലാവധി ഈമാസം 29ന് തീരാനിരിക്കെയാണ് കൂട്ടത്തോടെയുള്ള രജിസ്ട്രേഷനുകള്‍. തൊട്ടടുത്ത നമ്പറുകളില്‍ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണ് ഏറെ വിസ്മയകരം. ഈമാസം 12ന് 5892/07 നമ്പര്‍ മുതല്‍ 5899/07 വരെ എട്ട് ആധാരങ്ങളും 13ന് 5961/07 മുതല്‍ 5964/07 വരെ നാല് ആധാരങ്ങളും 17ന് 6040/07 മുതല്‍ 6060/07 വരെ 20 ആധാരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഫീസ് പ്രവൃത്തി സമയത്തിന് ശേഷമാണ് രജിസ്ട്രേഷന്‍ നടപടികള്‍ ഒരുമിച്ച് നടന്നതത്രെ. ജില്ലാ രജിസ്ട്രാറായി വിരമിച്ച സ്ത്രീയുടെ ലൈസന്‍സ് ഉപയോഗിച്ചാണ് ആധാരങ്ങള്‍ തയാറാക്കിയിട്ടുള്ളത്. മാത്രമല്ല, ഈ ആധാരമെഴുത്ത് ഓഫീസ് രജിസ്ട്രേഷന്‍ വകുപ്പിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ ബന്ധുവിന്റേതാണെന്നും അറിവായിട്ടുണ്ട്.
മാര്‍ച്ച് 29ന് വാങ്ങിയ മുദ്രപത്രങ്ങള്‍ രജിസ്ട്രേഷന്‍ നടത്താന്‍ ജൂലൈ 29വരെ കാലാവധിയുണ്ടെങ്കിലും ഫ്ലാറ്റുകളുടെ വില്‍പന സംബന്ധിച്ച് നിയമസഭ പാസാക്കിയ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഈ രജിസ്ട്രേഷനുകള്‍. ഭൂമിയുടെ വിഹിതം രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്നതോടൊപ്പം വാങ്ങുന്നയാളുമായി ഫ്ലാറ്റ് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കുന്ന രീതിയാണ് മുമ്പ് ഉണ്ടായിരുന്നത്. ഭൂമിയുടെ വില കണക്കാക്കി നാമമാത്ര തുകക്ക് ആധാരം തയാറാക്കുകയും അതില്‍ ബി പട്ടിക എന്ന പേരില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്ലാറ്റിന്റെ വിവരം കാണിക്കുകയുമാണ് ചെയ്തിരുന്നത്. ഈ സമ്പ്രദായപ്രകാരം ഫ്ലാറ്റിന്റെ വിലക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി സര്‍ക്കാറിന് ലഭിച്ചിരുന്നില്ല. ഇത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 1959ലെ കേരള സ്റ്റാമ്പ് ആക്ടില്‍ ഭേദഗതി വരുത്തിയത്. ഇതോടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം ബി പട്ടികയില്‍ രേഖപ്പെടുത്തുന്ന മൂല്യങ്ങള്‍ക്കും നികുതി ചുമത്തി തുടങ്ങി. നഗരത്തില്‍ 12.5 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം ഫീസുമാണ് നിശ്ചയിച്ചിട്ടുള്ളത്. 20 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റിന് 2.90 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി അടക്കണം. പാലക്കാട്ടുതന്നെ ഈ രീതിയില്‍ മാത്രമാണ് ഏപ്രില്‍ ഒന്നിന് ശേഷം ഫ്ലാറ്റ് രജിസ്ട്രേഷനുകള്‍ നടന്നിട്ടുള്ളത്.

എന്നാല്‍, വിവാദ കൂട്ട രജിസ്ട്രേഷന്‍ വഴി സര്‍ക്കാറിന് ലഭിച്ചത് ഓരോ ആധാരത്തിലും 4000 രൂപയില്‍ താഴെ മാത്രമാണ്. ഫ്ലാറ്റിലെ സൌകര്യമനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിക്കുകയും ചെയ്യും. മണപ്പുള്ളിക്കാവില്‍ പൂര്‍ത്തിയാവുന്ന സമുച്ചയത്തിന്റെ മതിപ്പുവില കണക്കാക്കിയാല്‍ പത്തുകോടി രൂപ സര്‍ക്കാറിന് നഷ്ടമാവുമെന്നാണ് അറിയുന്നത്.

ടി.വി. ചന്ദ്രശേഖരന്‍

കടപ്പാട്‌: മാധ്യമം

*****************************************************

നമ്മുടെ സര്‍ക്കാര്‍ അധികാര വികേന്ദ്രീകര ണത്തിന്റെ സൌകര്യങ്ങളുപയോഗിച്ച് പഞ്ചായത്തു കള്‍ വഴി ചിക്കുന്‍ഗുനി യയെ പ്രതിരോധിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ അവര്‍ക്ക് മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമ മായി നടത്താന്‍ കഴിയുന്നി ല്ല. ഇതു പരിഹരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ചിലതു ചെയ്യാന്‍ കഴിയും. പരിസരശുചീകരണത്തെക്കുറിച്ച് പരസ്യ ചിത്രങ്ങള്‍, പ്രശസ്തരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍, പകര്‍ച്ചപ്പനിക്കുള്ള  ആയുര്‍വേദ മരുന്നുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ദൃശ്യ മാധ്യമങ്ങള്‍ക്ക് അവതരിപ്പിക്കാവുന്നതാണ്. ‘പനി ബാധിച്ചാല്‍ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം എന്നിങ്ങനെയുള്ള രോഗകാല മുന്‍കരുതലുകളെപ്പറ്റി പരിപാടികള്‍ അവതരിപ്പിക്കാം. ഇക്കാര്യത്തില്‍ നമ്മുടെ ചാനലുകളെക്കാളും പത്രങ്ങളെക്കാളും ഏറെ മുന്നിലാണ്  ഓള്‍ ഇന്ത്യാ റേഡിയോ. ഇത്തരം കാര്യങ്ങളില്‍ മാധ്യമങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരം തന്നെ വേണം.

അധികൃതര്‍ക്കും ചിലതു ചെയ്യാവുന്നതാണ്. വീടുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന നിയമങ്ങളൊന്നും നമുക്കില്ല. ഇക്കാര്യത്തി ല്‍ ജനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണം. റബര്‍തോട്ടങ്ങളില്‍ കപ്പുകളും ചിരട്ടകളും ഉപയോഗമില്ലാത്തപ്പോള്‍ കമഴ്ത്തി വയ്ക്കണം, വീടുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ പ്ളാസ്റ്റിക് വസ്തുക്കള്‍, ടയറുകള്‍, ട്യൂബുകള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കുന്ന തരത്തില്‍ ഇടരുത്. ചീഞ്ഞ സാധനങ്ങള്‍ വീടുകളില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തില്‍ വേണം
നിക്ഷേപിക്കേണ്ടത്.

പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തവര്‍ക്ക്  പിഴചുമത്താനുള്ള അധികാരം പഞ്ചായത്തുകള്‍ക്കു നല്‍കണം. ഇത് 10 രൂപ മുതല്‍ 50 രൂപ വരെയാകാം. ഈ തുക പരാതി നല്‍കുന്ന ആളിനു നല്‍കാവുന്നതാണ്. പഞ്ചായത്ത് അംഗങ്ങള്‍ക്കായിരിക്ക ണം ഇതിന്റെ ചുമതല. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രിക്ക്  ഞാന്‍ എഴുതിയിട്ടുണ്ട്. ഇത്   നിസ്സാരമാണെന്നു തോന്നാം. പക്ഷെ ഗൌരവമായി മുന്നോട്ടു നീങ്ങിയാല്‍ ഫലം ഉണ്ടാകുക തന്നെ ചെയ്യും.

ജെയ്സ് ജോയ്
എംബസി ഗോള്‍ഫ് ലിങ്ക്സ് ബിസിനസ് പാര്‍ക്ക്- ബ്ളോക്ക് സി, 2 ഫ്ളോര്‍, ഓഫ് ഇന്ദിരാനഗര്‍- കോറമംഗല ഇന്റര്‍മീഡിയറ്റ് റിങ് റോഡ്,
ബാംഗൂര്‍- 560 071

കടപ്പാട്‌: മനോരമ

*****************************************************

തിരുവനന്തപുരം: ചിക്കുന്‍ ഗുനിയയും പകര്‍ച്ചപ്പനി എന്നിവ വീണ്ടുമുണ്ടാകുമെന്നു മുന്നറിയിപ്പു ലഭിച്ചപ്പോള്‍ സംസ്ഥാനത്ത് ആരോഗ്യ പദ്ധതികള്‍ക്കായി ലഭ്യമായിരുന്ന തുക ആരോഗ്യവകുപ്പു പൂര്‍ണമായി പാഴാക്കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍ റിപ്പാര്‍ട്ടിലാണ് ഇതുസംബന്ധിച്ചു രേഖ പുറത്തുവന്നത്.

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനടക്കം വിവിധ പദ്ധതികള്‍ക്കു ബജറ്റില്‍ അനുവദിച്ച തുകയും കേന്ദ്ര സഹായമായി ലഭിച്ച തുകയും ഉപയോഗിച്ചില്ല. 50 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും ചെലവഴിക്കേണ്ട പദ്ധതികളിലും പണം പൂര്‍ണമായി വിനിയോഗിച്ചില്ല. ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണത്തിനും പുനര്‍നിര്‍മാണത്തിനുമായി വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 14.39 കോടി രൂപയില്‍ 8.30 കോടി രൂപ മാത്രമാണ് ഉപയോഗിച്ചത്.     പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക്, ജില്ലാ , ജനറല്‍ ആശുപത്രികള്‍ എന്നിവയിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അനുവദിച്ച 5.50 കോടി രൂപയയില്‍ 2. 75 കോടിയേ ഉപയോഗിച്ചുള്ളു. ദാരിദ്യ്രരേഖയില്‍ താഴെയുള്ളവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ വകയിരുത്തിയ അഞ്ചുലക്ഷം രൂപ അതേപടി കിടന്നു. പകര്‍ച്ചവ്യാധി പ്രതിരോധം, സ്കൂളുകളിലെ ആരോഗ്യ പരിപാടി, സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകളുടെ നവീകരണം, മായം ചേര്‍ക്കല്‍ തടയാനുള്ള നടപടികള്‍, ഡെന്റല്‍ ക്ളിനിക്കുകളില്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ആശുപത്രി മാലിന്യങ്ങളുടെ നിര്‍മാര്‍ജനം, അടിയന്തിര ആരോഗ്യ സേവനം തുടങ്ങി 35 കാര്യങ്ങള്‍ക്കായി വകയിരുത്തിയ തുകയാണ് ഒട്ടും ഉപയോഗിക്കാത്തത്. ഇതു ലാപ്സാകും.

കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ച കോടിക്കണക്കിന് രൂപ വകുപ്പു വഴിമാറ്റി ചെലവഴിച്ചു. ആശുപത്രികളില്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനുപകരം ആവശ്യമില്ലാത്തിടങ്ങളില്‍ കെട്ടിടം നിര്‍മിക്കാനാണ് ഇതുപയോഗിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ അനുവദിച്ച 2.16 കോടി രൂപയില്‍ 1.46 കോടി മാത്രമാണ് ചെലവഴിച്ചത്.

റോയി കൊട്ടാരച്ചിറ

കടപ്പാട്‌: മംഗളം
*****************************************************

ന്യൂഡല്‍ഹി: വിവാദത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബോളിവുഡ് താരവിഗ്രഹം അമിതാഭ് ബച്ചന്‍ ‘കര്‍ഷകപദവി’ വെടിയുന്നു. മഹാരാഷ്ട്രയിലെ പുണെയിലും ഉത്തര്‍പ്രദേശിലെ ബാറബാങ്കി ജില്ലയിലും നിയമവിരുദ്ധമായി പതിച്ചുകിട്ടിയ കൃഷിഭൂമി ബച്ചന്‍ സര്‍ക്കാരിന് ‘സംഭാവനയായി’ നല്‍കി. ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ച് ബച്ചന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക്് കത്തെഴുതുകയായിരുന്നു.

പുണെയില്‍ തന്റെ പേരിലുള്ള 5.31 ഹെക്ടറും മകന്‍ അഭിഷേക് ബച്ചന്റെ പേരിലുള്ള 4.01 ഹെക്ടറും സംഭാവനയായി നല്‍കാന്‍ അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനും പുണെ ഡിവിഷണല്‍ കമീഷണര്‍ക്കും അയച്ച കത്തില്‍ ബച്ചന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാറബാങ്കി ജില്ലയിലെ ദൌലത്പുരില്‍ മൂന്ന് പ്ളോട്ടുകളായുണ്ടായിരുന്ന നാലര ബീഖ കൃഷിഭൂമി കൈയൊഴിച്ചതിനു പിന്നാലെയാണ് ഈ നടപടി. ഈ ഭൂമി ഗ്രാമസഭയ്ക്ക് തിരികെ നല്‍കുകയായിരുന്നു.

ഭൂമി നല്‍കാന്‍ സന്നദ്ധതയറിയിച്ച് ബച്ചന്റെ കത്തൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേശ്മുഖ് പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി

*****************************************************

1. തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില നിര്‍ണയം ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്നു മന്ത്രി എസ്.ശര്‍മ നിയമസഭയില്‍ അറിയിച്ചു.  താലൂക്ക് സഭകളിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ വില നിശ്ച യി ക്കു ക.ഭൂമിയെ 15 വിഭാഗങ്ങളായി തിരിച്ചാണു വില തിട്ടപ്പെടുത്തുക.  വില തീര്‍പ്പായാല്‍ രണ്ടും മൂന്നും സെന്റ് ഭൂമി വാങ്ങി വീട് വയ്ക്കുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ചെയ്യുന്നതുപരിഗണിക്കും.

2. തിരുവനന്തപുരം: പെപ്സി കോളയുടെ ജലചൂഷണം സംബന്ധിച്ചു ഭൂജല അഥോറിറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നു ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.  നിയമസഭാ സബ്ജക്ട് കമ്മിറ്റി ചുമതലപ്പെടുത്തിയതനുസരിച്ചാണു പഠനം. മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കൊക്കകോളയെ നിരോധിച്ചിട്ടുണ്െടങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
കടപ്പാട്‌: ദീപിക

*****************************************************

തിരുവനന്തപുരം : ലോകബാങ്ക് വായ്പ ഉപയോഗിച്ച് ജലനിധിയുടെ കീഴില്‍ ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കുമ്പോള്‍ പഞ്ചായത്തുകളിലെ പൊതു ടാപ്പുകള്‍ നിറുത്തലാക്കാവുന്നതാണെന്ന് ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജലനിധിക്ക് ലഭിക്കുന്ന 1200 കോടിയുടെ ലോകബാങ്ക് വായ്പ ഉപയോഗിച്ച് 400 പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണ പദ്ധതി ആരംഭിക്കും.
ഈ പദ്ധതി മൂന്ന് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിനകം ലഭിച്ച 363 കോടി രൂപയില്‍ 283 കോടി രൂപ ചെലവഴിച്ചു. പുതിയ വായ്പ ലഭിക്കുമ്പോള്‍ താത്പര്യമുള്ള പഞ്ചായത്തുകള്‍ക്ക് നേരിട്ട് പദ്ധതി നടപ്പാക്കാന്‍ കഴിയും.
പട്ടികജാതി, പട്ടികവര്‍ഗം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള ഗുണഭോക്തൃവിഹിതം അഞ്ചുശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്ന സംഘടനകള്‍ക്ക് പാരിതോഷികം നല്‍കും. അതേസമയം, കാലതാമസം വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്ത

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, ജലം, മാധ്യമം, രജിസ്ട്രേഷന്‍, രോഗങ്ങള്‍, ശുചിത്വം