Category Archives: വിഴിഞ്ഞം പോര്‍ട്ട്

വിഴിഞ്ഞം തുറമുഖം: പരിസ്ഥിതി മന്ത്രാലയത്തിന് പ്രതികൂല മനോഭാവം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പ്രതികൂല മനോഭാവം. തമിഴ്‌നാട്ടിലെ കുളച്ചല്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന മറ്റ് തുറമുഖങ്ങളുടെ പേരുപറഞ്ഞ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണിപ്പോള്‍. വീണ്ടും അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിഴിഞ്ഞം തുറമുഖ കമ്പനിയധികൃതര്‍. രാഷ്ട്രീയ സമ്മര്‍ദമില്ലെങ്കില്‍ പദ്ധതി അട്ടിമറിക്കപ്പെടുമെന്നതിന്റെ സൂചനയാണിത്. Continue reading

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിഴിഞ്ഞം പോര്‍ട്ട്

വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ മൂന്നു രാജ്യങ്ങള്‍ താത്പര്യപത്രം നല്‍കി, 22 സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് സ്പെയിന്‍, ദക്ഷിണകൊറിയ, ഹോളണ്ട് എന്നീ രാജ്യങ്ങളും 22 സ്ഥാപനങ്ങളും താത്പര്യപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ അഞ്ചാം തീയതിയാണ് താത്പര്യപത്രം ക്ഷണിച്ചത്. ഈ മാസം 25 ആണ് താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി. അന്വേഷണങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ അമ്പതോളം താത്പര്യപത്രങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വി.ഐ.എസ്.എല്‍) അധികൃതര്‍ സൂചിപ്പിച്ചു. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത, വിദേശം, വിഴിഞ്ഞം പോര്‍ട്ട്, സാമ്പത്തികം

വിഴിഞ്ഞം: ചര്‍ച്ചയ്ക്കായി ബാഴ്സലോണ തുറമുഖ പ്രതിനിധി തലസ്ഥാനത്ത്

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബാഴ്സലോണ തുറമുഖ അതോറിറ്റി വിദേശ വ്യാപാര വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹൊസൂസ് ഡെല്‍ റിയോ തിരുവനന്തപുരത്ത് എത്തി. ബാഴ്സലോണ തുറമുഖത്തിന്റെ പ്രസിഡന്റ് ജോര്‍ഡി വാല്‍സുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.

രണ്ടുദിവസം തിരുവനന്തപുരത്തു തങ്ങുന്ന അദ്ദേഹം തുറമുഖ വകുപ്പുമന്ത്രി എം. വിജയകുമാറുമായും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്പനി അധികൃതരുമായും ചര്‍ച്ച നടത്തും. വിഴിഞ്ഞത്തെ നിര്‍ദ്ദിഷ്ട തുറമുഖ സൈറ്റും സന്ദര്‍ശിക്കും. ഈ മാസം 19ന് ഡല്‍ഹിയില്‍ മന്ത്രി ശശി തരൂരുമായും കൂടിക്കാഴ്ച നടത്തും.

രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ബാഴ്സലോണ തുറമുഖം പ്രതിവര്‍ഷം 23 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്ന യൂറോപ്പിലെ ഒമ്പതാമത്തെ വലിയ കണ്ടെയ്നര്‍ തുറമുഖമാണ്.

ലിങ്ക് – ‌– – കേരളകൗമുദി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, വിദേശം, വിഴിഞ്ഞം പോര്‍ട്ട്

വിഴിഞ്ഞത്ത് തുറമുഖം വരാന്‍ വേണ്ടതെല്ലാം ചെയ്യും – ആന്റണി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിന് തന്റെ സര്‍വവിധ പിന്തുണയുമുണ്ടാവുമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. വിഴിഞ്ഞത്ത് തീരദേശ രക്ഷാസേനയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

”ഏതു വികസനവും ഇവിടെ രാഷ്ട്രീയവിവാദമാണ്. രാഷ്ട്രീയം തിരഞ്ഞെടുപ്പുവേളയില്‍ മാത്രം മതി, വികസനത്തില്‍ വേണ്ട. ഏഴെട്ടു വര്‍ഷത്തോളം വിഴിഞ്ഞം തുറമുഖത്തിനു തടസ്സമായി നിന്നത് നാവികസേനയുടെ എതിര്‍പ്പായിരുന്നു. ഇവിടെ നിന്ന് തുറമുഖത്തിന്റെ ചുമതലയുള്ള മന്ത്രി വിജയകുമാര്‍ എന്നെ വീട്ടില്‍ വന്നു കണ്ട് കാര്യം പറഞ്ഞു. ഞാന്‍ നാവികസേനാ അധികൃതരുമായി സംസാരിച്ചു. ആവശ്യത്തിനു സുരക്ഷാ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തി നല്‍കാമെന്ന് ഉറപ്പു നല്‍കി. അങ്ങനെ വെറും 27 ദിവസത്തിനകം പദ്ധതിക്ക് നാവികസേനയുടെ തടസ്സം നീക്കിക്കൊടുത്തു. പിന്നെയും വിവാദങ്ങള്‍, തടസ്സങ്ങള്‍. ഇനി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ വിജയകുമാര്‍ ഡല്‍ഹിയില്‍ വരേണ്ട കാര്യമില്ല, ഫോണില്‍ വിളിച്ചാല്‍ മതി. എന്തായാലും പദ്ധതിക്കുള്ള ശക്തമായ പിന്തുണ എന്റെ ഭാഗത്തു നിന്നുണ്ടാവും”-ആന്റണി പറഞ്ഞു.

കേരളത്തില്‍ തീരദേശ രക്ഷാസേനയുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കാന്‍ പോവുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് തീരദേശ രക്ഷാസേനയുടെ എയര്‍ സ്റ്റേഷന്‍ തുടങ്ങുന്നതിന് രണ്ടേക്കര്‍ ഏറ്റെടുത്തു നല്‍കുന്ന കാര്യത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന നിയമ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.

ജോര്‍ജ്ജ് മേഴ്‌സിയര്‍ എം.എല്‍.എ., തീരദേശ രക്ഷാ സേനയുടെ ഡയറക്ടര്‍ ജനറലായ വൈസ് അഡ്മിറല്‍ അനില്‍ ചോപ്ര, ദക്ഷിണ വ്യോമ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ എസ്.മുഖര്‍ജി, വിഴിഞ്ഞം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.സുധാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.

നാലു കെട്ടിടങ്ങളുള്ള സമുച്ചയമാണ് ആന്റണി ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. മൂന്നു ഘട്ടങ്ങളുള്ള വികസന പദ്ധതിയുടെ ആദ്യ ഘട്ടം ഇതോടെ പൂര്‍ത്തിയായി. ഓപ്പറേഷന്‍സ് സെന്റര്‍, കമ്മ്യൂണിക്കേഷന്‍ സ്റ്റേഷന്‍, സമ്മേളന മുറി, പരേഡ് ഗ്രൗണ്ട് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിഴിഞ്ഞം പോര്‍ട്ട്

വിഴിഞ്ഞം: ഐ.എഫ്.സി.യുമായി കരാര്‍ ഒപ്പുവച്ചു

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ നിക്ഷേപകനെ കണ്ടെത്താനായി ലോകബാങ്കിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഐ.എഫ്.സി. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ലാര്‍സ് എച്ച്. ടുണെലും സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം തുറമുഖ കമ്പനി ചീഫ് എക്‌സിക്യൂട്ടീവുമായ സഞ്ജീവ് കൗശികും ഒപ്പുവച്ചു.

പദ്ധതി ഘടനാപരമായി ചിട്ടപ്പെടുത്തി വിപണനം ചെയ്ത് സുതാര്യമായ ആഗോള ബിഡിങ് പ്രക്രിയയിലൂടെ നിക്ഷേപകരെ കണ്ടെത്തുകയാണ് ഐ.എഫ്.സി.യുടെ ദൗത്യം. ഇതിനായി 18 മുതല്‍ 24 മാസം വരെ വേണ്ടിവരും. ഒക്ടോബര്‍ മധ്യത്തില്‍ സംസ്ഥാന മന്ത്രിസഭയാണ് ഐ.എഫ്.സി.യെ മുഖ്യ ഉപദേഷ്ടാവാക്കാന്‍ തീരുമാനിച്ചിരുന്നത്.

വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനായി ദീര്‍ഘകാല ധനസഹായം നല്‍കുന്ന ഐ.എഫ്.സി. സ്വകാര്യ പങ്കാളിത്തത്തോടെ ബ്രസീല്‍, മഡഗാസ്‌കര്‍, മൊറീഷ്യസ്, ബെനിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തുറമുഖ പദ്ധതികള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ലാര്‍സ് ടുണെല്‍ ചൂണ്ടിക്കാട്ടി. ഒരാഴ്ചയായി ഇന്ത്യ സന്ദര്‍ശിക്കുന്ന താന്‍ ഇവിടത്തെ സാമ്പത്തിക വളര്‍ച്ചയില്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം ആഴക്കടല്‍ തുറമുഖ പദ്ധതി വിശദമായി അപഗ്രഥനം ചെയ്ത് വിപണനം നടത്താന്‍ തന്നെ 6-8 മാസം വേണ്ടിവരും. പിന്നീട് ബിഡ് രേഖ തയ്യാറാക്കി ആഗോള നിക്ഷേപകരില്‍നിന്ന് ബിഡ് സ്വീകരിച്ച് വിലയിരുത്തി സാങ്കേതിക-വാണിജ്യ പഠനം പൂര്‍ത്തിയാക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തുവേണം അന്തിമ ജേതാവിനെ കണ്ടെത്താന്‍.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സഞ്ജീവ് കൗശിക് പറഞ്ഞു. ഈ പ്രക്രിയയ്ക്കിടയില്‍ റെയില്‍-റോഡ് ബന്ധത്തിനായും ഭൂമി ഏറ്റെടുക്കലിനും മൂലധനം കണ്ടെത്താനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

രണ്ട് ലക്ഷം ഡോളര്‍ അഥവാ 96 ലക്ഷം രൂപയാണ് ഐഎഫ്‌സിക്കുള്ള നിശ്ചിത ഫീസ്. പങ്കാളിയെ കണ്ടെത്തിയാല്‍ സക്‌സസ് ഫീ ആയി മറ്റൊരു തുക ബിഡില്‍ വിജയിച്ച സ്ഥാപനം നല്‍കേണ്ടിവരും.

ഐ.എഫ്.സി ദക്ഷിണേഷ്യാ വിഭാഗം ഡയറക്ടര്‍ പവലോ.എം. മാര്‍ട്ടെല്ലിയും ചടങ്ങില്‍ സംബന്ധിച്ചു.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിഴിഞ്ഞം പോര്‍ട്ട്, സാമ്പത്തികം

വിഴിഞ്ഞം: ആദ്യഘട്ടം നിര്‍മ്മാണം അടുത്ത മാസം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടിസ്ഥാന സൌകര്യം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം തുറമുഖ കമ്പനി (വി.എസ്.ഐ.എല്‍) അടുത്തമാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 450 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മന്ത്രിസഭായോഗത്തിന്റെ അനുമതി. 18 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മാണത്തിന് സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ആഗോളടെന്‍ഡര്‍ നടപടി ഇതോടൊപ്പം ആരംഭിക്കും. 2010 അവസാനത്തോടെ പങ്കാളിയെ കണ്ടെത്തും. റോഡ്, റെയില്‍ സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതിന് ദേശീയപാത അതോറിറ്റി, റെയില്‍വേ എന്നിവയുടെ അധികൃതരുമായി ചര്‍ച്ച നടത്തും.

സര്‍വേ അടുത്തമാസം
വിഴിഞ്ഞം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് മന്ത്രി എം. വിജയകുമാര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ പ്രോജക്ട് കണ്‍സള്‍ട്ടന്റ്സിനെ നിയമിക്കും. 120 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വിഴിഞ്ഞത്ത് പുതിയ ഓഫീസ് തുറക്കും.
സുരക്ഷാ ക്ളിയറന്‍സ് ഒഴികെ മറ്റെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നേടിയെടുക്കും. മുഖ്യ സ്വകാര്യ പങ്കാളി വന്നാലുടന്‍ സെക്യൂരിറ്റി ക്ളിയറന്‍സിന് ശ്രമിക്കും.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മുന്‍കാല നടപടികളെല്ലാം സര്‍ക്കാര്‍ റദ്ദ് ചെയ്തിട്ടുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകള്‍ ബാധകമല്ലെന്നും മന്ത്രി വിജയകുമാര്‍ പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിഴിഞ്ഞം പോര്‍ട്ട്

വിഴിഞ്ഞം തുറമുഖം: ആദ്യഘട്ടത്തില്‍ അടിസ്ഥാന സൗകര്യവികസനം മാത്രം

മന്ത്രിസഭാ തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി മൂന്നു ഘട്ടമായി നടപ്പാക്കാനുള്ള നിര്‍ദ്ദേശം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. ഇപ്പോള്‍ ആദ്യഘട്ടത്തിലെ അടിസ്ഥാന സൗകര്യവികസനം മാത്രമേ പരിഗണിക്കുന്നുള്ളൂ. മൂന്നാം ഘട്ടത്തിലേ പൂര്‍ണ തുറമുഖം യാഥാര്‍ത്ഥ്യമാവൂ.

കമ്പനിയുടെ ഈ നിര്‍ദ്ദേശം ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന്‌ അറിയുന്നു. തുറമുഖപദ്ധതി ആരും ഏറ്റെടുക്കാനില്ലാത്തതിനാല്‍ രണ്ടുതവണ ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു. അടിസ്ഥാനസൗകര്യം വികസിപ്പിച്ചാല്‍ മാത്രമേ പദ്ധതി ഏറ്റെടുക്കുവാന്‍ നിക്ഷേപകര്‍ മുന്നോട്ടുവരൂ എന്ന്‌ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്‌ ഇപ്പോഴത്തെ നിര്‍ദ്ദേശമെന്ന്‌ തുറമുഖ വകുപ്പ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു. ഒറ്റയടിക്ക്‌ വന്‍തുറമുഖ പദ്ധതിമുന്നോട്ടുവെയ്‌ക്കുന്നതിനെക്കാള്‍ ഘട്ടംഘട്ടമായി തുറമുഖം വികസിപ്പിച്ചെടുക്കുന്നതാണ്‌ പ്രായോഗികമെന്ന കാഴ്‌ചപ്പാടാണ്‌ ഇപ്പോള്‍ തുറമുഖവകുപ്പിനുള്ളത്‌. മാത്രമല്ല, വീണ്ടും, ടെന്‍ഡര്‍ നടപടികള്‍ക്ക്‌ ഒരുങ്ങിയാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത്‌ പദ്ധതി തുടങ്ങിവെയ്‌ക്കാനുമാവില്ല.

രണ്ടുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാവുന്ന ആദ്യഘട്ടത്തില്‍ 450 കോടിയുടെ അടിസ്ഥാന സൗകര്യവികസനമാണ്‌ ലക്ഷ്യം. ഇത്‌ സ്വകാര്യ പങ്കാളിത്തതോടെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്പനി നേരിട്ട്‌ നടത്തും. ഇതിനായി 120 ഹെക്ടര്‍ ഭൂമി മൂന്നുമാസത്തിനകം ഏറ്റെടുക്കും. ദേശീയ പാതാ ബൈപ്പാസിലേക്കുള്ള റോഡ്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ ദേശീയപാത അതോറിറ്റി സമ്മതിച്ചിട്ടുണ്ട്‌. വിഴിഞ്ഞത്തേക്കുള്ള റെയില്‍പാത റെയില്‍വേയെക്കൊണ്ട്‌ നിര്‍മ്മിക്കുന്നതിന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയെ കണ്ട്‌ചര്‍ച്ച നടത്തും

അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയശേഷം കണ്ടെയ്‌നര്‍ ടെര്‍മിനലിനുള്ള ടെന്‍ഡര്‍ വിളിക്കും. മൂന്നുവര്‍ഷം കൊണ്ട്‌ കണ്ടെയിനര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതാണ്‌ പദ്ധതിയുടെ രണ്ടാം ഘട്ടം. ടെര്‍മിനല്‍ പ്രവര്‍ത്തിച്ചുതുടങ്ങി വരുമാനം ഉറപ്പാണെന്ന്‌ തെളിയിക്കാനായാലേ തുറമുഖം പൂര്‍ണതോതില്‍ വികസിപ്പിക്കാനുള്ള നിക്ഷേപകരെ കിട്ടൂ.മൂന്നാം ഘട്ടത്തില്‍ രണ്ടുവര്‍ഷം കൊണ്ട്‌ തുറമുഖം പൂര്‍ണമാക്കാനാകുമെന്നാണ്‌ കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അടിസ്ഥാന സൗകര്യ വികസനത്തിന്‌ കേന്ദ്ര – സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപം സ്വീകരിക്കും. സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കുന്നതിന്‌ നെടുമ്പാശേരി വിമാനത്താവള കമ്പനിയുടെ മാതൃകയില്‍ സംവിധാനമുണ്ടാക്കുന്നതിനെപ്പറ്റി തീരുമാനമായില്ല.

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിഴിഞ്ഞം പോര്‍ട്ട്