Category Archives: വിദ്യാഭ്യാസം

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മതമില്ലെന്നും ചേര്‍ക്കാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക് ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മതവിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടേതാണ് തീരുമാനം.

അധ്യക്ഷനായിരുന്ന മന്ത്രി എം.എ. ബേബി തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ധാരാളം പേര്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അതിനാലാണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി ആമുഖമായി പറഞ്ഞു. Continue reading

Advertisements

1 അഭിപ്രായം

Filed under കേരളം, നിയമം, വാര്‍ത്ത, വിദ്യാഭ്യാസം, സര്‍ക്കാര്‍, സാങ്കേതികം

മലപ്പുറത്ത് അധ്യാപക നിയമന കോഴ 23 ലക്ഷംവരെ; അപേക്ഷകരധികവും തെക്കന്‍ ജില്ലക്കാര്‍

മലപ്പുറം: വടക്കന്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ അനുവദിച്ചതിന്റെ മറവില്‍ അധ്യാപക നിയമന കോഴയായി ഒരു കോടിയിലേറെ രൂപയാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ വാരിക്കൂട്ടുന്നത്. മലപ്പുറം ജില്ലയില്‍ 19 ഗ്രാമപഞ്ചായത്തുകളിലാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്തത്. ഇത്തവണ 29 സ്‌കൂളുകളിലാണ് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത്. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുള്ള പഞ്ചായത്തുകളില്‍തന്നെ വീണ്ടും കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. സീനിയര്‍ അധ്യാപക നിയമനത്തിന് 23 ലക്ഷം വരെയാണ് കോഴ വാങ്ങുന്നത്. നിലമ്പൂര്‍ ഭാഗങ്ങളില്‍ പുതുതായി ഹയര്‍ സെക്കന്‍ഡറി അനുവദിച്ച സ്‌കൂളുകളില്‍ 18 മുതല്‍ 23 ലക്ഷം വരെയാണ് കോഴ. ഇംഗ്ലീഷ്, മലയാളം, മാത്‌സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് 15 ലക്ഷം ചോദിക്കുമ്പോള്‍ ഡിമാന്റ് കുറഞ്ഞ വിഷയങ്ങള്‍ക്ക് 23 ലക്ഷം വരെ ചോദിക്കുന്നുണ്ട്. ജൂനിയര്‍ അധ്യാപക നിയമനത്തിന് 15 മുതല്‍ 18 ലക്ഷം വരെയാണ് നടപ്പുകോഴ. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

കെ.എസ്.യു. മാര്‍ച്ചില്‍ കല്ലേറും ലാത്തിയടിയും

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസരംഗത്തെ തകര്‍ച്ചയില്‍ കെ.എസ്.യു. സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും ലാത്തിയടിയും. കല്ലേറില്‍ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.കെ. ദിനിലിനും ലാത്തിയടിയില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലുള്‍പ്പെടെ 12 പേര്‍ക്കും പരിക്കേറ്റു.ബുധനാഴ്ച ഉച്ചയ്ക്ക് 12ന് രക്ഷസാക്ഷിമണ്ഡപത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭയിലേക്ക് നീങ്ങിയ മാര്‍ച്ച് യുദ്ധസ്മാരകത്തിന് സമീപം പോലീസ് തടഞ്ഞു. നിയമസഭയിലേക്ക് കടക്കുന്നത് തടയുന്നതിനായി പോലീസ് തീര്‍ത്ത ബാരിക്കേട് സമരക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചു.

ഇതിനിടെ പ്രകടനത്തിന്റെ പിന്‍നിരയില്‍നിന്നും പോലീസിനുനേരെ കല്ലേറ് തുടങ്ങി. ആദ്യത്തെ രണ്ടുകല്ലുകള്‍ ജലപീരങ്കിയില്‍ തട്ടി ത്തെറിച്ചു. ഒരു കല്ലുകൊണ്ട് മ്യൂസിയം സി.ഐ. ദിനിലിന്റെ കൈയില്‍നിന്ന് രക്തം ഒലിക്കാന്‍ തുടങ്ങിയതോടെ പോലീസ് ലാത്തിയടി തുടങ്ങി. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഓട്ടത്തിനിടെ മറിഞ്ഞുവീണു. നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് തല്ലി. പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനെയും തിരിച്ചുതല്ലി.

അര മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷം നിലനിന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.സമരത്തിന് നേതൃത്വം നല്‍കിയ 12 പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, റിജില്‍, ജോയി, ടി.പി. ദീപുലാല്‍, നിജോ, അബ്ദുല്‍കരീം, സന്ദീപ്, മഹേഷ്ചന്ദ്രന്‍, രാജേഷ്, സുനില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്​പത്രിയില്‍ കഴിയുന്നവരെ നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ സന്ദര്‍ശിച്ചു.


ഇന്ന് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു. വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്തു. പൊതുവിദ്യാഭ്യാസ തകര്‍ച്ചയും സ്വാശ്രയ കച്ചവടത്തിനുമെതിരെ ബുധനാഴ്ചയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബന്ദ് നടത്തുമെന്നും ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്നും കെ.എസ്.യു. പത്രക്കുറിപ്പില്‍ അറിയിച്ചു.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, വിദ്യാഭ്യാസം

എല്ലാ സ്‌കൂളിലും രണ്ടുമാസത്തിനകം അടിസ്ഥാന സൗകര്യം ഉറപ്പാക്കണം-ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും രണ്ട് മാസത്തിനകം കുടിവെള്ളം, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സപ്തംബര്‍ 23നകം നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കോടതി സപ്തംബര്‍ 27ന് പരിഗണിക്കണം.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളില്‍ അവ പണിയാന്‍ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടു വന്നതിനെ കോടതി അഭിനന്ദിച്ചു. (എല്ലാ ജില്ലയിലും ഏറ്റവും അര്‍ഹതപ്പെട്ട രണ്ട് സ്‌കൂളുകളില്‍ ടോയ്‌ലറ്റ് നിര്‍മിച്ചുനല്‍കാന്‍ ‘മാതൃഭൂമി’ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്).

പൊതു അപേക്ഷ ക്ഷണിച്ച് കൂടുതല്‍ പേര്‍ സഹായം നല്‍കാന്‍ തയ്യാറുണ്ടോ എന്ന് അറിയണം. ഇത്തരം സാമ്പത്തിക സഹായം കൂടി വിനിയോഗിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്രയുംവേഗം സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.
നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 49 എണ്ണത്തില്‍ ടോയ്‌ലറ്റില്ല. 66 സ്‌കൂളില്‍ മൂത്രപ്പുരയും 70 എണ്ണത്തില്‍ കുടിവെള്ളവും ഇല്ല. എയ്ഡഡ് മേഖലയില്‍ 209 സ്‌കൂളുകളില്‍ ടോയ്‌ലറ്റും 195 എണ്ണത്തില്‍ മൂത്രപ്പുരയും 120 എണ്ണത്തില്‍ കുടിവെള്ളവും ഇല്ല. സ്‌കൂളില്‍ പ്രാഥമിക സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ അവകാശമാണ്. അതില്‍ സര്‍ക്കാര്‍ സ്‌കൂളെന്നോ എയ്ഡഡെന്നോ വിവേചനമില്ല. രണ്ട് മാസത്തിനകം അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താത്ത എയ്ഡഡ് സ്‌കൂളുകളുടെ മാനേജര്‍മാര്‍ക്ക് നോട്ടീസ് നല്‍കി നിയമാനുസൃത നടപടി ആരംഭിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ എയ്ഡഡ് സ്‌കൂളിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തണം. പ്രാഥമിക സൗകര്യം ഒരുക്കി നല്‍കേണ്ടതിന്റെ പ്രാധാന്യം അറിയാത്ത സ്‌കൂള്‍ മാനേജര്‍മാര്‍ പ്രസ്തുത പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് കോടതി വിലയിരുത്തി. പല സ്‌കൂളുകളിലും വേണ്ടത്ര മൂത്രപ്പുരയും വെള്ളമുള്ള ടോയ്‌ലറ്റും കുടിവെള്ള സംവിധാനവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വടക്കാഞ്ചേരി ഘടകം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇത്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത, വിദ്യാഭ്യാസം

പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി

മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍പ്പെട്ട അധ്യാപകന്റെ വലതു കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റി. തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളവിഭാഗം മേധാവിയായിരുന്ന മൂവാറ്റുപുഴ തെങ്ങനാക്കുന്നേല്‍ ടി ജെ ജോസഫി(53)നെയാണ് എട്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ചെറുവട്ടൂര്‍ പരുത്തിക്കാട്ടുകുടി ജാഫറിനെ പൊലീസ് പിടികൂടി. മറ്റ് മൂന്നുപേര്‍കൂടി കസ്റ്റഡിയിലായതായി സൂചനയുണ്ട്. അക്രമികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാനും കസ്റഡിയിലെടുത്തു. മൂവാറ്റുപുഴ ഹോസ്റല്‍ ജങ്ഷനു സമീപം ഞായറാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പള്ളിയില്‍ പോയി കാറില്‍ തിരിച്ചുവരുമ്പോള്‍ വീടിനടുത്തുവച്ചായിരുന്നു ആക്രമണം. എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിന്റെ കൈപ്പത്തി തുന്നിച്ചേര്‍ക്കാന്‍ ശ്രമം തുടരുകയാണ്. കോടാലിയും വടിവാളും അടക്കമുള്ള ആയുധങ്ങളുമായി ഒമ്നി വാനിലെത്തിയ സംഘം ജോസഫും വീട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ മെയിന്‍റോഡില്‍നിന്ന് ഇടവഴിയിലേക്കുള്ള വളവില്‍ തടഞ്ഞു. കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത് ജോസഫിനെ വലിച്ചിറക്കി രണ്ടുപേര്‍ പിടിച്ച് റോഡില്‍ കിടത്തി മറ്റൊരാള്‍ വെട്ടുകയായിരുന്നു. വലതുകൈപ്പത്തി വെട്ടിമാറ്റി സമീപത്തെ വീട്ടുമുറ്റത്തേക്കെറിഞ്ഞു. ഇടതു തുടയ്ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. അമ്മ ഏലിക്കുട്ടിയെയും സഹോദരി സിസ്റര്‍ സ്റെല്ലയെയും കത്തി കാട്ടി തടഞ്ഞുവച്ചായിരുന്നു ആക്രമണം. ആളുകളെ അകറ്റാന്‍ പടക്കമെറിഞ്ഞ് ഭീതിപരത്തിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ തൊടുപുഴ ഭാഗത്തേക്ക് വാനില്‍ സ്ഥലം വിട്ടു. ഓടിയെത്തിയ മകനും സുഹൃത്തും ചേര്‍ന്നാണ് ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. മൂവാറ്റുപുഴ ഡിവൈഎസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജാഫറിനെ കസ്റഡിയില്‍ എടുത്തത്. കോതമംഗലത്ത് പലചരക്കുകട നടത്തുന്ന ഇയാളെ കോതമംഗലം നെല്ലിക്കുഴി ഭാഗത്തുനിന്നാണ് പിടികൂടിയത്. അക്രമികള്‍ സഞ്ചരിച്ച വാന്‍ ജാഫറിനെയാണ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു വാക്കത്തി, രണ്ട് തൊപ്പി, ചെരുപ്പ് എന്നിവ സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ന്യൂമാന്‍ കോളേജില്‍ മാര്‍ച്ചില്‍ നടന്ന ഡിഗ്രി ഇന്റേണല്‍ പരീക്ഷയ്ക്ക് ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യംമതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേ ചൊല്ലിയുണ്ടായ വിവാദത്തിനിടെ മുസ്ളിംലീഗ്, പോപ്പുലര്‍ ഫ്രണ്ട് (എന്‍ഡിഎഫ്) നേതൃത്വത്തില്‍ തൊടുപുഴയിലെ മതസൌഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമുണ്ടായി. സര്‍ക്കാരും ആഭ്യന്തരവകുപ്പും ഫലപ്രദമായി ഇടപെട്ടതിനാല്‍ പ്രശ്നം വഷളായില്ല. ഒളിവില്‍പോയ അധ്യാപകനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി. ഏപ്രില്‍ ഒന്നിന് ഇടുക്കിയില്‍നിന്ന് അറസ്റ് ചെയ്തു. പിന്നീട് മജിസ്ട്രേട്ടിനുമുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മഹാത്മാഗാന്ധി സര്‍വകലാശാല അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോളേജ് അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയുംചെയ്തു. കോളേജ് പ്രിന്‍സിപ്പലിനെതിരെയും യൂണിവേഴ്സിറ്റി നടപടി സ്വീകരിച്ചു. അധ്യാപകന് കോടതി ജാമ്യം അനുവദിച്ചത് തൊടുപുഴയില്‍ വരാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയായിരുന്നു. ജോസഫിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നതായി സിസ്റര്‍ സ്റെല്ല പറഞ്ഞു. ഐജി ബി സന്ധ്യ, റൂറല്‍ എസ് പി വിക്രം, സിപിഐ എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

വിവാദ ചോദ്യപേപ്പര്‍ സംഭവം: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി

കൊച്ചി: വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമിസംഘം വെട്ടിമാറ്റി. ഞായറാഴ്ച രാവിലെ 8.05ന് മൂവാറ്റുപുഴയിലെ വീടിനടുത്ത് നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമിസംഘം സഞ്ചരിച്ച വാനും പോലീസ് പിടിച്ചെടുത്തു. അക്രമികള്‍ വൈകാതെ പിടിയിലാകുമെന്ന് ഉന്നത പോലീസ്‌വൃത്തങ്ങള്‍ അറിയിച്ചു.

നിര്‍മല മാതാപള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴാണ് പ്രൊഫ. ജോസഫ് ആക്രമിക്കപ്പെട്ടത്. മാരുതി ഓംനി വാനില്‍ എത്തിയ എട്ടംഗസംഘം തോട്ടപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തുകയായിരുന്നു. കാറില്‍ ജോസഫിന്റെ അമ്മ ഏലിക്കുട്ടിയും ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മാരിസ്റ്റെല്ലയും ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഏലിക്കുട്ടിക്കും സിസ്റ്റര്‍ക്കും പരിക്കുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ആനിക്കാട് പഞ്ചായത്തിലെ ഹോസ്റ്റല്‍ ജങ്ഷനില്‍ നിര്‍മല പബ്ലിക് സ്‌കൂളിന് മുന്‍വശത്തുള്ള റോഡിലായിരുന്നു സംഭവം. ഇവിടെ നിന്ന് 100 മീ. മുകളിലാണ് ജോസഫിന്റെ വീട്. തോട്ടപൊട്ടിച്ച് പുകമറ സൃഷ്ടിച്ച ശേഷം, ഡ്രൈവിങ് സീറ്റിലായിരുന്ന പ്രൊഫ. ജോസഫിനെ അക്രമിസംഘം റോഡിലേക്ക് വലിച്ചിട്ടു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. കൈകള്‍ ബലമായി പിടിച്ചുവെച്ച് മഴുപോലുള്ള ആയുധംകൊണ്ട് തുരുതുരാ വെട്ടി. അറ്റുവീണ കൈപ്പത്തി അടുത്ത വീടിന്റെ മുറ്റത്തേക്കെറിഞ്ഞു. അതു കണ്ട് നിലവിളിയോടെ ഇറങ്ങിവന്ന ഏലിക്കുട്ടിയേയും സിസ്റ്റര്‍ മാരിസ്റ്റെല്ലയേയും സംഘം പിടിച്ചുതള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബഹളംകേട്ട് ജോസഫിന്റെ ഭാര്യ സലോമിയും മകന്‍ മിഥുനും ഓടിയെത്തി. സംഘം ഇവരെ തോട്ടകാണിച്ച് ഭീഷണിപ്പെടുത്തി. മിഥുനെ സംഘം താഴെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് തള്ളിയിടുകയും ചെയ്തു. ഡോറുകള്‍ തുറന്ന് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന വാനില്‍ കയറി തുടര്‍ന്ന് സംഘം രക്ഷപ്പെടുകയായിരുന്നു.

ജോസഫിന്റെ അറ്റുപോയ വലതുകൈപ്പത്തിക്ക് മുകളിലും ഇടതുകൈയ്ക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവുണ്ട്. ഇടതുകാലിന്റെ തുടയ്ക്ക് മുകളിലും കണങ്കാലിലും പരിക്കുണ്ട്. രാവിലെ 9.30 ഓടെയാണ് ജോസഫിനെ മൂവാറ്റുപുഴ നിര്‍മല ആസ്​പത്രിയില്‍ നിന്ന് എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആസ്​പത്രിയിലെത്തിച്ചത്. ഉടന്‍തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അറ്റുപോയ വലതു കൈപ്പത്തി തുന്നിപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരുടെ സംഘം. ആഴത്തിലുള്ള മുറിവുകള്‍ ഏറെയുള്ളതിനാല്‍ സര്‍ജറിക്ക് 10 മണിക്കൂറിലേറെ വേണ്ടിവന്നു.
മാര്‍ച്ച് 25നാണ് വിവാദ സംഭവങ്ങളുടെ തുടക്കം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബി. കോം. രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് പ്രൊഫ. ജോസഫാണ്. ഈ ചോദ്യപ്പേപ്പറില്‍ മതനിന്ദ കലര്‍ന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. തുടര്‍ന്ന്, മുസ്‌ലിംസംഘടനകള്‍ തൊടുപുഴയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ കോളേജ് അധികൃതര്‍ മാപ്പുപറയുകയും അധ്യാപകനെ സസ്‌പെന്‍ഡ്‌ചെയ്യുകയും ചെയ്തു. പോലീസ്‌കേസിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രൊഫ. ജോസഫ് ഏപ്രില്‍ ഒന്നിന് പൈനാവില്‍വെച്ചാണ് പിടിയിലായത്. പുസ്തകത്തിലെ ഒരു വാക്ക് തമാശയ്ക്ക് മാറ്റിയെഴുതിയതാണെന്നായിരുന്നു ജോസഫിന്റെ വിശദീകരണം. പിന്നീട് ജാമ്യത്തിലിറങ്ങിയ ജോസഫിന് നിരന്തരം ഭീഷണിയുണ്ടായിരുന്നു.

ഉത്തരം കിട്ടാത്ത ചോദ്യമായി ‘ഒരു കുടുംബത്തിന്റെ ദുരന്തം’

കൊച്ചി: പാളിപ്പോയ ഒരു ചോദ്യം ജീവിതത്തെ തന്നെ ചോദ്യചിഹ്നമാക്കിയ ദുരന്തകഥയാണ് മൂവാറ്റുപുഴ തെങ്ങനാകുന്നേല്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കുടുംബത്തിന്‍േറത്. വിവാദമായ ചോദ്യത്തിന് കിരാതമായ ഉത്തരം ചോരകൊണ്ടായിരുന്നു. പരീക്ഷ നടന്ന് 102-ാം നാള്‍, ചോദ്യം തയ്യാറാക്കിയ കൈ അക്രമികള്‍ വെട്ടിയെടുക്കുമ്പോള്‍ ഒരു കുടുംബം കുടിച്ച കണ്ണീരിന് കണക്കില്ലായിരുന്നു.
‘വെറും തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം. ആരും സത്യം മനസ്സിലാക്കിയില്ല. മനസ്സിലാക്കാന്‍ ശ്രമിച്ചതുമില്ല. ചോദ്യത്തില്‍ മതനിന്ദയുണ്ടെന്ന ആക്ഷേപം ശരിയല്ല. ഒരു വിശദീകരണം പോലും ചോദിക്കാതെ ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നു’-പ്രൊഫ. ജോസഫിന്റെ ഭാര്യ സലോമി പറഞ്ഞു.
വിവാദ സംഭവമുണ്ടായതുമുതല്‍ ഈ കുടുംബം ഭീതിയുടെ നിഴലിലാണ്. പല ഭാഗത്ത് നിന്നും ഭീഷണിയുണ്ടായിരുന്നതായി സലോമി പറഞ്ഞു. പലവട്ടം ചില ആളുകള്‍ വീട്ടില്‍ വന്നിട്ടുണ്ട്. പലകാരണങ്ങള്‍ പറഞ്ഞായിരുന്നു വരവ്. സംഭവമുണ്ടായതിന്റെ പിറ്റേന്ന് എത്തിയ പത്തംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം മൂന്നുവട്ടം പല സംഘങ്ങളെത്തി. മൂന്നോ നാലോ പേരുടെ സംഘം ബൈക്കിലാണ് വന്നിരുന്നത്. ആദ്യം വന്ന സംഘം പറഞ്ഞത് ഒരു സോവനീറിലേക്ക് സാറിനെക്കൊണ്ട് എഴുതിക്കാനാണെന്നാണ്. പിന്നീട് കാന്‍സര്‍ രോഗിക്ക് സഹായം അഭ്യര്‍ഥിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. അവര്‍ ഒരു കവര്‍ തന്നു. എന്നാല്‍ അത് പൊട്ടിക്കാതെ തിരിച്ചുകൊടുത്തു. വാതിലടക്കുകയും ചെയ്തു. പിന്നീട് വന്ന സംഘം പറഞ്ഞത് ബാങ്കില്‍ നിന്ന് വന്നതാണെന്നാണ്. അവര്‍ വീടിനുള്ളിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. ബൈക്കുകള്‍ പുറത്ത് സ്റ്റാര്‍ട്ട് ചെയ്താണ് നിര്‍ത്തിയിരുന്നത്. ഇത്തരം ഭീഷണികള്‍ ആവര്‍ത്തിച്ചപ്പോള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. കഠിനമായ മാനസ്സിക പീഡനത്തിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് സലോമി പറയുന്നു.
സംഭവം കഴിഞ്ഞ് പ്രൊഫ. ജോസഫ് ഒളിവില്‍ പോയതായിരുന്നു. ജോസഫിനെ പുറത്തുകൊണ്ടുവരാനുള്ള സമ്മര്‍ദതന്ത്രമായി മകന്‍ മിഥുനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരപരാധിയായ മിഥുന്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടതായി ആക്ഷേപമുയരുകയും ചെയ്തു.
ജോസഫ് ആക്രമിക്കപ്പെടുമ്പോള്‍ സലോമിയും മക്കളായ മിഥുനും ആമിയും വീട്ടിലുണ്ടായിരുന്നു. സേ്ഫാടനശബ്ദവും കരച്ചിലും കേട്ടാണ് അവര്‍ ഓടിയെത്തുന്നത്. അക്രമികളുടെ ഭീഷണിക്കിടെ ഭര്‍ത്താവിനെ കാണാന്‍ പറ്റിയില്ലെന്ന് സലോമി പറഞ്ഞു.
ഏപ്രില്‍ ഒന്നിന് അറസ്റ്റിലായ പ്രൊഫ. ജോസഫ് ഏഴാം തീയതിയാണ് ജാമ്യത്തിലിറങ്ങുന്നത്. തൊടുപുഴ താലൂക്കില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥ. എംജി യൂണിവേഴ്‌സിറ്റി ചോദ്യപേപ്പര്‍ വിവാദം അന്വേഷിക്കാന്‍ ഒരു കമ്മീഷനെ വച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തേക്ക് പ്രൊഫ. ജോസഫിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പ്രിന്‍സിപ്പലിനെ ഒരു വര്‍ഷത്തേക്ക് ആ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്താനും തീരുമാനിച്ചിരുന്നു.
സഹിക്കാവുന്നതിലും അപ്പുറത്താണ് എന്റെ കുടുംബത്തിന് സംഭവിച്ചത്. ഇനിയെങ്കിലും തങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണേ എന്നു തേങ്ങുകയാണ് സലോമിയും മക്കളും.

ലിങ്ക് – മാതൃഭൂമി

വാക്കത്തി മാറ്റിവച്ചു; കോടാലിക്ക്‌ വിറകു വെട്ടുംപോലെ കൈ വെട്ടി’

കൊച്ചി/മൂവാറ്റുപുഴ: കേള്‍ക്കുന്നവരുടെ പോലും ചോര മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ ആ വൃദ്ധമാതാവിനും സഹോദരിയായ കന്യാസ്‌ത്രീക്കും മനസില്‍ ഭീതിയായിരുന്നില്ല.

‘കൊല്ലല്ലേ…’ എന്നലറിക്കരയുന്ന മകനെ അക്രമികളില്‍നിന്നു പിടിച്ചുമാറ്റാന്‍ ചെല്ലുമ്പോള്‍ ആ മാതാവു കണ്ടു- അക്രമികളിലൊരാള്‍ വാക്കത്തി മാറ്റിവച്ച്‌, വാഹനത്തില്‍നിന്നു കോടാലി എടുത്തുകൊണ്ടുവരുന്നു. പിന്നെ, നിലത്തു വീണു കിടന്ന മകന്റെ വലതുകൈപ്പത്തി റോഡിനോടു ചേര്‍ത്തുവച്ച്‌ വിറകുവെട്ടുംപോലെ വെട്ടിമാറ്റുന്നു. അറ്റുപോയ കൈപ്പത്തി സമീപത്തെ വീട്ടുമുറ്റത്തേക്കു വലിച്ചെറിഞ്ഞു. ഇടതുകൈ മുറിഞ്ഞുതൂങ്ങി. ഇടതുകാലിനും ആഴത്തില്‍ മുറിവേറ്റു.

തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ മാതാവ്‌ ഏലിക്കുട്ടി (81)യും സഹോദരി സിസ്‌റ്റര്‍ മേരി സ്‌റ്റെല്ലയും നടന്നതൊക്കെ വിവരിക്കുമ്പോള്‍, ആ അവസ്‌ഥ ആര്‍ക്കും ചിന്തിക്കാവുന്നതിലപ്പുറം.

വെട്ടേറ്റു ഗുരുതരാവസ്‌ഥയിലായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടുപോയ ശേഷം അറ്റുപോയ കൈപ്പത്തി കൈയിലെടുത്തു പിന്നാലെ പോകുമ്പോള്‍ ഭീതിയും ദുഃഖവുമൊന്നുമായിരുന്നില്ല മനസില്‍, അതിനെല്ലാം മീതെയുള്ള ഒരുതരം മരവിപ്പായിരുന്നെന്നു സിസ്‌റ്റര്‍ സ്‌റ്റെല്ല ഓര്‍മിച്ചു. പള്ളിയില്‍ പോകാന്‍ ധരിച്ച വെള്ളവസ്‌ത്രമാകെ മകന്റെ ചോര ചീറ്റിത്തെറിക്കുമ്പോഴും ഏലിക്കുട്ടി അക്രമികളെ വ്യക്‌തമായി കണ്ടു. ലുങ്കി ധരിച്ച്‌, ലുങ്കിയുടെ കഷണം മുറിച്ചു തലയില്‍ കെട്ടിയയാളാണു മകന്റെ കൈപ്പത്തി വെട്ടിയതെന്ന്‌ അവര്‍ പറഞ്ഞു. മുന്നോട്ടുചെന്നു വെട്ടരുതേ എന്ന്‌ അലമുറയിട്ടെങ്കിലും അക്രമികളിലൊരാള്‍ തന്റെ കൈപിടിച്ചു തിരിച്ചുമാറ്റി. പിടിവലിക്കിടെ കൈക്കുഴയിലെ തൊലിപൊട്ടി.

ചോദ്യക്കടലാസ്‌ വിവാദത്തിനുശേഷം പേടികാരണം മകന്‍ കാര്യമായി പുറത്തേക്കൊന്നും പോയിരുന്നില്ലെന്നും ഏറെനാള്‍കൂടിയാണ്‌ ഇന്നലെ പള്ളിയില്‍ പോയതെന്നും ഏലിക്കുട്ടി പറഞ്ഞു.

‘പടക്കമെറിഞ്ഞു പുകപടലമുയര്‍ത്തിയാണ്‌ അവര്‍ എത്തിയത്‌. പിന്നീടു കാറിന്റെ ചില്ലു പൊട്ടിച്ചു. വാക്കത്തിയുമായി രണ്ടുപേരാണു മുന്നോട്ടു വന്നത്‌. അപ്പോള്‍ ഞാനും മകള്‍ സിസ്‌റ്റര്‍ സ്‌റ്റെല്ലയും ഇറങ്ങിച്ചെന്നു. ജോസഫിനെ അവര്‍ നിലത്തുവീഴ്‌ത്തി.

വാക്കത്തി മാറ്റിവച്ച്‌ ലുങ്കിയുടുത്തയാള്‍ ഒമ്‌നിവാനിലേക്കു നടന്നുപോയി കോടാലി എടുത്തുകൊണ്ടുവന്നു. വെട്ടരുതേ എന്നു ഞങ്ങള്‍ കേണപേക്ഷിച്ചെങ്കിലും അപ്പോഴേക്ക്‌ അയാള്‍ കൈ വെട്ടിക്കഴിഞ്ഞിരുന്നു. അക്രമികള്‍ വേറെയും അഞ്ചോആറോ പേര്‍ ഉണ്ടായിരുന്നു, പക്ഷേ, വെട്ടിയത്‌ ഒരാള്‍ മാത്രമാണ്‌. കുര്‍ബാന കൈക്കൊണ്ട്‌ ഇന്നലെത്തന്നെ സ്വദേശമായ ഈരാറ്റുപേട്ടയിലേക്കു മടങ്ങാനിരിക്കുമ്പോഴായിരുന്നു സംഭവം.

തടയാന്‍ ചെന്ന തന്റെ കഴുത്തില്‍ കഠാരവച്ചു രണ്ടുപേര്‍ പിടിച്ചുനിര്‍ത്തിയെന്നു സിസ്‌റ്റര്‍ സ്‌റ്റെല്ല പറഞ്ഞു. പള്ളിയില്‍നിന്നു നിരവധി ആളുകള്‍ ആവഴി വരുന്നുണ്ടായിരുന്നു.

എല്ലാവരും ഭയന്നു മാറിനിന്നു. ‘പ്രാര്‍ഥന കഴിഞ്ഞു കാറില്‍ ഞങ്ങള്‍ വീട്ടിലേക്കു വരുകയായിരുന്നു. സഹോദരനാണു വണ്ടിയോടിച്ചിരുന്നത്‌. നിര്‍മലസദന്‍ റോഡില്‍നിന്നു വീട്ടിലേക്കുള്ള വഴിയിലേക്കു വണ്ടി തിരിക്കാന്‍ തുടങ്ങുമ്പോള്‍ ഒമ്‌നിവാന്‍ കാറിനുമുന്നില്‍ നിര്‍ത്തി തടഞ്ഞു. അക്രമിസംഘം ചാടിയിറങ്ങി. അവരുടെ കൈവശം കോടാലിയും അരിവാളും കഠാരയും വാക്കത്തിയുമൊക്കെയുണ്ടായിരുന്നു. കാറിന്റെ ഗ്ലാസ്‌ കോടാലികൊണ്ടു തകര്‍ത്ത ശേഷമായിരുന്നു അക്രമം.

കൈപ്പത്തി അറ്റുവീണിട്ടും അവര്‍ പരാക്രമം തുടര്‍ന്നു. കാലിലും ഇടുപ്പിലും അറ്റുപോയ കൈയിലും അവര്‍ വെട്ടി. കരയാന്‍ ശ്രമിച്ചിട്ടും ശബ്‌ദം പുറത്തുവന്നില്ല. വഴിയിലൂടെ ആളുകള്‍ കൂടുതല്‍ വരുന്നതുകണ്ടതോടെ അക്രമിസംഘം വണ്ടിയില്‍ കയറി രക്ഷപ്പെട്ടു.

ബഹളം കേട്ട്‌ ഓടിവന്ന മകനും സുഹൃത്തും കൂടിയാണു ജോസഫിനെ എടുത്തു വണ്ടിയില്‍ കയറ്റിയത്‌. ആദ്യം മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലേക്ക്‌. അവിടെ പ്രാഥമികചികിത്സ നല്‍കി. പിന്നെ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയിലേക്ക്‌. പലപ്രാവശ്യം അക്രമികള്‍ വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തി. വീട്ടില്‍ അതിക്രമിച്ചുകയറി, വീടു മുഴുവന്‍ പരിശോധിച്ചു. പ്രതികരിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി.

പോലീസില്‍ പരാതിപ്പെട്ടിട്ടും മതിയായ സുരക്ഷ നല്‍കിയില്ല- സിസ്‌റ്റര്‍ സ്‌റ്റെല്ല പറഞ്ഞു.

ന്യൂസിലന്‍ഡില്‍ അധ്യാപികയായ സ്‌റ്റെല്ല 30-നു തിരികെ പോകാനിരിക്കുകയായിരുന്നു.

വിവരം നല്‍കിയത് ബൈക്കില്‍ പിന്തുടര്‍ന്നവര്‍

മൂവാറ്റുപുഴ : നിര്‍മ്മല മാതാ പള്ളിയില്‍ നിന്ന് കുര്‍ബാനയ്ക്കുശേഷം വീട്ടിലേക്ക് തിരിച്ചപ്പോഴേ രണ്ടുപേര്‍ ബൈക്കില്‍ പ്രൊഫ. ജോസഫിനെ പിന്തുടര്‍ന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു. പള്ളിയങ്കണം മുതല്‍ ഇരുവരും പിന്നാലെയുണ്ടായിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഒമ്നി വാനില്‍ കാത്തുനിന്നവര്‍ ആക്രമണം നടത്തിയത്. ലുങ്കി ഉടുത്ത് നെറ്റിയില്‍ തുണികൊണ്ടു കെട്ടിയിരുന്ന ഒരാളാണ് കൈ വെട്ടിമാറ്റിയത്. മറ്റുള്ളവര്‍ മുഖം മറയാത്തവിധം തല മൂടിക്കെട്ടിയിരുന്നു. ആക്രമണത്തിനിടെ സ്ഫോടകവസ്തു എറിഞ്ഞതിനാല്‍ പരിസരമാകെ പുക പടര്‍ന്നു. സമീപത്തുണ്ടായിരുന്നവര്‍ക്ക് അതിനാല്‍ അക്രമികളെ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. കാറിനടുത്ത് പുക ഉയര്‍ന്നപ്പോള്‍ എന്തോ അപകടം പറ്റിയതാണെന്നാണ് പരിസരവാസികള്‍ ആദ്യം കരുതിയത്. കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ഓടി എത്തിയവരെ ആയുധങ്ങള്‍ കാട്ടിയും ആക്രോശിച്ചും അകറ്റിനിറുത്തിയാണ് അക്രമികള്‍ രക്ഷപ്പെട്ടത്.

സംഭവസ്ഥലത്തുനിന്ന് ഒരുവാക്കത്തിയും, സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങളും ചെരുപ്പുകളും പച്ച പ്ളാസ്റിക് കവറുകളും രണ്ട് കറുത്ത തൊപ്പികളും പൊലീസിന് ലഭിച്ചു. പൊലീസിന്റെ സയന്റിഫിക് ടീം സ്ഥലത്തെത്തി സാമ്പിളുകളും തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ജോസഫിന് കുറേനാളായി ഭീഷണികള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മേയ് 28ന് ഏതാനുംപേര്‍ വീട്ടിലെത്തി ജോസഫിനെ തിരക്കുകയുണ്ടായി. സംശയം തോന്നിയ വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴേക്കും അവര്‍ സ്ഥലംവിട്ടു. ഒരുമാസം മുമ്പുവരെ ജോസഫിന്റെ വീടിന് പൊലീസ് കാവലുണ്ടായിരുന്നു. പിന്നീട് രാത്രിയും പകലും പൊലീസ് സംഘം ഇതുവഴി റോന്തുചുറ്റിയിരുന്നു. പൊലീസിന്റെ നിരീക്ഷണം കുറഞ്ഞ സന്ദര്‍ഭം നോക്കിയാണ് ആക്രമണം നടന്നത്.

ഐ.ജി ബി. സന്ധ്യ, എറണാകുളം റൂറല്‍ എസ്.പി ടി.വിക്രം, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി എ.വി. ജോര്‍ജ്, മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.എം. സാബു, സി.ഐ പി.പി. ഷംസ്, എസ്.ഐ നോബിള്‍ മാനുവല്‍, പിറവം സി.ഐ ബിജു കെ. സ്റ്റീഫന്‍ തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

സമുദായ സംഘര്‍ഷത്തിലേക്ക് വഴുതാതിരിക്കാന്‍ നീക്കങ്ങള്‍ കരുതലോടെ

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം സമുദായ സംഘര്‍ഷമായി മാറാതിരിക്കാന്‍ വിവിധ തലങ്ങളില്‍ നടന്നത് കരുതലോടെയുള്ള നീക്കങ്ങള്‍. മത-സമുദായ നേതൃത്വങ്ങള്‍ക്കൊപ്പം പൊലീസും ഇക്കാര്യത്തില്‍ കരുതലോടെ പ്രവര്‍ത്തിച്ചത് ഗുണകരമായി. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് അവസരം നല്‍കാത്ത വിധമായിരുന്നു പൊലീസിന്റെ നീക്കം. സംഭവവുമായി ഏതെങ്കിലും മതസംഘടനക്ക് ബന്ധമുള്ളതായി സൂചനയൊന്നുമില്ലെന്ന് പൊലീസ് ആദ്യമേ വ്യക്തമാക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ ജീവന്‍ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ലയുടെ അഭ്യര്‍ഥന പ്രകാരം ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി പ്രവര്‍ത്തകരാണ് രക്തം ദാനം ചെയ്തത്. ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്ന നാടിനെ നടുക്കിയാണ് മൂവാറ്റുപുഴയില്‍ അധ്യാപകനെ വെട്ടിയ വാര്‍ത്ത പുറത്തുവന്നത്. ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിയായ അധ്യാപകന്‍ എന്ന നിലക്ക് സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും വ്യാപകമായി. ഇതോടെ മതനേതൃത്വങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവരെ അകറ്റിനിര്‍ത്തുകയായിരുന്നു ആദ്യ ലക്ഷ്യം.

കരുതലോടെ പ്രതികരിച്ച  സഭാനേതൃത്വവും  മതസൗഹാര്‍ദം തകരുന്ന  നീക്കങ്ങള്‍  ഉണ്ടാകരുതെന്ന നിലപാടിന് ഊന്നല്‍ നല്‍കി. ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകന്‍ തെറ്റുചെയ്‌തെന്ന് വ്യക്തമായ ഉടന്‍ മാനേജ്‌മെന്റ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് സഭ ഖേദപ്രകടനം നടത്തിയ സാഹചര്യത്തില്‍  ഇത്തരം സംഭവമുണ്ടായത് അപലപനീയമാണെന്നാണ് കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ വക്താവ് ഡോ. സ്റ്റീഫന്‍ ആലത്തറ പ്രതികരിച്ചത്.

സംഭവമറിഞ്ഞയുടന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സംസ്ഥാന അസി. അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി അധ്യാപകന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും ഇതേ കരുതലോടെയാണ്. ഒരു മതവിഭാഗവും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അക്രമികള്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ലെന്നും അബ്ദുല്‍ അസീസ് വ്യക്തമാക്കി. അധ്യാപകന്റെ ജീവന്‍ രക്ഷിക്കുന്നതിന് എന്തുസഹായത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന്  അദ്ദേഹം സിസ്റ്റര്‍ സ്‌റ്റെല്ലക്ക് വാക്കുനല്‍കുകയും ചെയ്തു. ഈ വാഗ്ദാനത്തിലെ ആത്മാര്‍ഥത തിരിച്ചറിഞ്ഞ അവര്‍, ജോസഫിന് പത്ത് കുപ്പി രക്തം അടിയന്തരമായി ആവശ്യം  വന്നപ്പോള്‍  ആദ്യം വിളിച്ചത് ജമാഅത്തെ ഇസ്‌ലാമി  എറണാകുളം ഏരിയ ഓര്‍ഗനൈസര്‍ വി.എ. സലീമിനെയായിരുന്നു. വെട്ടേറ്റ അധ്യാപകന് പത്തുകുപ്പി ബി-പോസിറ്റീവ്  രക്തം  ആവശ്യമുണ്ടെന്നറിഞ്ഞ് ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകരെത്തി രക്തദാനം നടത്തി.
അധ്യാപകനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് മുസ്‌ലിം ലീഗ് നേതൃത്വം ഉടന്‍രംഗത്തിറങ്ങിയതും ശ്രദ്ധേയമായി. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ നടപടിയായി ഇതെന്ന് സാമാന്യ ജനവും വിലയിരുത്തലിലെത്തിയതോടെ അക്രമികള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയായി.

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

ഒരു മെഡിക്കല്‍ പ്രവേശന പരീക്ഷ മതിയെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: എം.ബി.ബി.എസ്. പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒരു പ്രവേശന പരീക്ഷ മാത്രമാക്കി മാറ്റണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ന്യൂനപക്ഷ-സ്വാശ്രയ കോളേജുകള്‍ക്ക് അടക്കം ഈ തീരുമാനം ബാധകമാകും. സി.ബി.എസ്.ഇ. മാതൃകയില്‍ തന്നെയാകും പരീക്ഷ നടത്തുക.

ബിരുദ-ബിരുദാനന്തര പരീക്ഷകളുടെ കരിക്കുലവും പരിഷ്‌കരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായും സ്വാശ്രയ മാനേജ്‌മെന്റുകളുമായും ചര്‍ച്ച നടത്തും. മാനേജ്‌മെന്റുകളുമായി ഒന്നാംഘട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ഉന്നതപഠനത്തിന്റെ നിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിലുള്ള ലക്ഷ്യമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി.

അതേസമയം പൊതുപരീക്ഷാ രീതി സ്വീകരിക്കപ്പെട്ടാല്‍ സംസ്ഥാനത്തെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയും സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യവും നടത്തുന്ന പരീക്ഷയും ഇല്ലാതാകും. എന്നാല്‍ സംവരണ തത്വങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും ശുപാര്‍ശയില്‍ റാങ്ക് ലിസ്റ്റ് പ്രത്യേകമായി പുറത്തിറക്കാനുള്ള കാര്യം ആലോചിക്കുമെന്നും പറയുന്നു. എന്നാല്‍ മാനേജ്‌മെന്റ് ക്വാട്ട സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

പരിയാരത്ത് പിജി സീറ്റ് വില്‍പന; കൊയ്യുന്നതു കോടികള്‍

തിരുവനന്തപുരം: ജനറല്‍ മെറിറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പിജി മെഡിക്കല്‍ സീറ്റുകള്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ മാനേജ്മെന്റ ക്വോട്ട എന്ന പേരില്‍ വന്‍തുകയ്ക്കു വില്‍ക്കുന്നു. ആരോഗ്യ സെക്രട്ടറിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെയും ഉത്തരവുകള്‍ ലംഘിച്ചാണ് ഈ വില്‍പന.

ഇക്കുറി പ്രവേശന പരീക്ഷയുടെ പട്ടികയില്‍ നിന്ന് 50% സീറ്റുകള്‍ നികത്തുമെന്നു പ്രോസ്പെക്ടസില്‍ അച്ചടിച്ച ശേഷം മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നല്‍കാന്‍ 29 ന് അഭിമുഖം നടത്തുകയാണ്. കേരളത്തില്‍ മെഡിക്കല്‍ പിജി സീറ്റുകള്‍ ഉള്ള ഏക സ്വാശ്രയ മെഡിക്കല്‍ കോളജാണു പരിയാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്. സിപിഎം നേതൃത്വത്തിലുള്ള സമിതിയാണു ഭരണം.
ഇവിടെ പിജിക്കു 11 സീറ്റ് ഉണ്ട്.

ജനറല്‍ മെറിറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ 50% സീറ്റുകള്‍ കഴിഞ്ഞ മൂന്നു വര്‍ഷവും കോളജ് അധികൃതര്‍ സര്‍ക്കാരിനു കൈമാറിയിരുന്നില്ല. എല്ലാ സീറ്റും മാനേജ്മെന്റ് ക്വോട്ടയിലായിരുന്നു വില്‍പന. 60 ലക്ഷം രൂപയാണു ഫീസ്. അതിനു മാത്രം രസീത് നല്‍കും. ഇതിനു പുറമെ തലവരിയിനത്തില്‍ ലക്ഷങ്ങള്‍ കൂടി നല്‍കിയാലേ സീറ്റ് ലഭിക്കൂ. ഈ നടപടി അവസാനിപ്പിക്കണമെന്നും 50% പിജി സീറ്റുകള്‍ സര്‍ക്കാരിനു കൈമാറണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി ഡിസംബര്‍ 18നു കോളജ് പ്രിന്‍സിപ്പലിനു കത്തു നല്‍കി.

ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിബന്ധന പ്രകാരം സ്വാശ്രയ കോളജുകളിലെ 50% സീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള
ജനറല്‍ മെറിറ്റില്‍ നിന്നാണു നല്‍കേണ്ടതെന്നും എന്നാല്‍ മൂന്നു വര്‍ഷമായി അതു ചെയ്യുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.  2010-11 അധ്യയനവര്‍ഷത്തിലെ 50% പിജി സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു. പൊതുപ്രവേശന പരീക്ഷ വഴിയാകും ഇതു നികത്തുകയെന്നും ഇക്കാര്യം പ്രോസ്പെക്ടസില്‍ പ്രസിദ്ധീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ഇക്കുറിയും ഒരു സീറ്റും സര്‍ക്കാരിനു നല്‍കേണ്ടെന്നാണു ഭരണസമിതി തീരുമാനം. സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം. സീറ്റ് ഏറ്റെടുക്കുമെന്നു കത്തെഴുതിയ ആരോഗ്യ സെക്രട്ടറി ഇളിഭ്യനായി. ഇക്കുറിയും ഫീസ് 60 ലക്ഷം തന്നെ. 29ന് അഭിമുഖത്തിനു ഹാജരാകാനാണു വിദ്യാര്‍ഥികളെ അറിയിച്ചിരിക്കുന്നത്. മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനത്തിന്റെ മുഖ്യ മാനദണ്ഡം പണമാണ്.

ഏറ്റവും കൂടുതല്‍ തുക നല്‍കുന്നവര്‍ക്കാണു സീറ്റ്. അതിന്റെ അടിസ്ഥാനത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചു പ്രവേശനം നല്‍കും. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, പ്രവേശന പരീക്ഷ നടത്തുകയാണു തങ്ങളുടെ ജോലിയെന്നും സീറ്റ് അനുവദിക്കുന്നതു ഡിഎംഇ ആണെന്നുമായിരുന്നു പ്രവേശന പരീക്ഷാ കണ്‍ട്രോളറുടെ പ്രതികരണം. സീറ്റ് അനുവദിക്കുന്നതു സര്‍ക്കാരിന്റെ ഇഷ്ടമാണെന്നും മെഡിക്കല്‍ കൌണ്‍സിലിന്റെ നിബന്ധനയൊന്നുമില്ലെന്നുമായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ മറുപടി.

ലിങ്ക് – മനോരമ

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം, സാമ്പത്തികം