Category Archives: പെന്‍ഷന്‍

ജോലി രണ്ടുവര്‍ഷവും ഒരു ദിവസവും; മന്ത്രിമാരുടെ സ്റ്റാഫിന് കുടുംബപെന്‍ഷനും കമ്യൂട്ടേഷനും

തിരുവനന്തപുരം: രണ്ടു വര്‍ഷവും ഒരു ദിവസവും ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും. ഒപ്പം സര്‍ക്കാര്‍ജീവനക്കാരെക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യങ്ങളും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനാണ് മറ്റൊരു മേഖലയിലുമില്ലാത്ത ഈ ആകര്‍ഷണീയ സേവനവ്യവസ്ഥകള്‍.

മന്ത്രിമാര്‍ സ്വന്തം സ്റ്റാഫിലേക്ക് നേരിട്ട് നിയമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും കമ്യൂട്ടേഷനും അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്​പീക്കറുടെയും ഡെപ്യൂട്ടി സ്​പീക്കറുടെയും നിയമസഭയിലെ ധനകാര്യസമിതികളുടെ അധ്യക്ഷന്‍മാരുടെയും സ്റ്റാഫിനും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത, സര്‍ക്കാര്‍, സാങ്കേതികം, സാമ്പത്തികം

വിരമിക്കുംവരെ വിഹിതമടച്ചിട്ടും പെന്‍ഷന്‍ തുക ഖജനാവില്‍ത്തന്നെ

തിരുവനന്തപുരം: ജോലിയിലിരിക്കെ കൃത്യമായി വിഹിതമടച്ചിട്ടും സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലെയും 53 മുനിസിപ്പാലിറ്റികളിലെയും വിരമിച്ച ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നില്ല. പെന്‍ഷന്‍ നല്‍കാതെ സര്‍ക്കാരിന്റെ കൈയിലുള്ളത് 50 കോടിയിലധികം രൂപ. ഉദ്യോഗത്തിലിരിക്കെ അടയ്ക്കുന്ന വിഹിതമനുസരിച്ച് വിരമിക്കുമ്പോള്‍ പെന്‍ഷന്‍ നല്‍കണമെന്നാണ് നിബന്ധന. സര്‍ക്കാര്‍ നല്‍കിയില്ലെങ്കിലും ബന്ധപ്പെട്ട നഗരസഭയ്ക്കാണ് പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത. കാരണം നഗരസഭകളിലെയും മുനിസിപ്പാലിറ്റികളിലെയും ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കിയിട്ടില്ല. ഇതുമൂലം നഗരസഭകളും മുനിസിപ്പാലിറ്റികളും വികസനത്തിനുള്ള തനത് ഫണ്ടെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്. ഇതുമൂലം വികസന പ്രവര്‍ത്തനങ്ങളില്‍ പലതും പെരുവഴിയിലാവുന്നു.

നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് മുടങ്ങുന്നത് ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പ്രകാരം കിട്ടേണ്ട കുടിശ്ശിക. 2005 മുതലാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കണക്കാക്കിയിരിക്കുന്നത്. തനത് ഫണ്ടെടുത്ത് പെന്‍ഷന്‍ നല്‍കുന്ന തങ്ങള്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രകാരമുള്ള കുടിശ്ശിക നല്‍കാന്‍ പണമില്ലെന്ന നിലപാടിലാണ് നഗരസഭകളും മുനിസിപ്പാലിറ്റികളും.

പെന്‍ഷന്‍ കുടിശ്ശിക ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് തിരുവനന്തപുരം നഗരസഭയ്ക്ക് കിട്ടാനുള്ളത് 16 കോടി. കൊല്ലത്തിന് 6 കോടി. കൊച്ചിക്ക് 11 കോടി. തൃശൂരിന് 4 കോടി. കോഴിക്കോടിന് 13 കോടി. മുനിസിപ്പാലിറ്റികള്‍ക്ക് കിട്ടാനുള്ള കോടികള്‍ വേറെയും.

ശമ്പളത്തിന്റെ 15 ശതമാനമാണ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനായി അടയ്ക്കേണ്ടത്. മാര്‍ച്ചില്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിച്ചപ്പോള്‍ സര്‍ക്കാര്‍ നല്‍കേണ്ട സംഖ്യ പെരുകി. മാര്‍ച്ചില്‍ വിരമിച്ച ജീവനക്കാരുടെ എണ്ണം പൂര്‍ണമായും ഡയറക്ടറേറ്റ് ഒഫ് അര്‍ബന്‍ അഫയേഴ്സില്‍ എത്തിയിട്ടുമില്ല.

തിരുവനന്തപുരം നഗരസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത് 32 പേരാണ്. 10 പേരുടെ കണക്കേ ഡയറക്ടറേറ്റില്‍ എത്തിയിട്ടുള്ളൂ. ഇതുപോലെയാണ് മറ്റ് നഗരസഭകളുടെ കണക്കും. വിരമിച്ചവരുടെ മൊത്തം കണക്കെത്തുമ്പോള്‍ സര്‍ക്കാര്‍ നല്‍കേണ്ട കുടിശ്ശിക ഇനിയും ഉയരും.

ലിങ്ക് – കേരളകൗമുദി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത, സാമ്പത്തികം

നാളെ കൂട്ടവിരമിക്കല്‍, നിയമനത്തിന് നീക്കമില്ലാതെ 20,000 കസേരകള്‍!

തിരുവനന്തപുരം: നാളെ ‘ഗ്രേറ്റ് പെന്‍ഷനേഴ്സ് ഡേ!’ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഈ ഒരൊറ്റ ദിവസം കൂട്ടത്തോടെ വിരമിക്കുന്നത് 20,000 പേര്‍. പെന്‍ഷന്‍ തീയതി ഏകീകരണം നടപ്പാക്കിയതിനുശേഷം സംഭവിക്കുന്ന ആദ്യത്തെ കൂട്ടവിരമിക്കലാണ് ഇത്. ഇത്രയും ഒഴിവുകള്‍ നികത്താനുള്ള ഊര്‍ജ്ജിത ശ്രമമൊന്നും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് കസേരകള്‍ ഒഴിഞ്ഞുതന്നെ കിടക്കുമെന്ന് ഉറപ്പ്. ജനം ‘ആളില്ലാക്കസേരകള്‍’ കണ്ടുമടങ്ങേണ്ടിയും വരും.

20,000 പേര്‍ വിരമിക്കേണ്ടതാണെങ്കിലും ഇവരില്‍ 17,000 പേരേ പെന്‍ഷന് അപേക്ഷ നല്കിയിട്ടുള്ളൂവെന്ന് അക്കൌണ്ടന്റ് ജനറലിന്റെ ഓഫീസിലെ കണക്കുകള്‍ പറയുന്നു. ബാക്കിയുള്ളവരില്‍ 2,500- ഓളം പേര്‍ക്ക് ഇതുവരെ ഔദ്യോഗികമായി വിരമിക്കല്‍ അറിയിപ്പ് കിട്ടിയിട്ടില്ല. അവസാനദിവസമെങ്കിലും കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവരുള്‍പ്പെടെ പെന്‍ഷന്‍ അപേക്ഷ നല്കിയിട്ടില്ലാത്ത മൂവായിരത്തോളം ജീവനക്കാര്‍.

കൂട്ടവിരമിക്കല്‍ കാരണം ‘കൂട്ട ഒഴിവ്’ വരുന്നത് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ത്തന്നെ. 250 പേരാണ് നാളെ ഇവിടെനിന്ന് വിടപറയുക. ഇക്കൂട്ടത്തില്‍ 82 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഒഴിവ് പ്രൊമോഷനിലൂടെ നികത്തുമെങ്കിലും ഫലത്തില്‍ ഒഴിവ് താഴേത്തട്ടിലേക്ക് വരികയാണ് ചെയ്യുക.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താമെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വളരെക്കുറച്ച് ഒഴിവുകള്‍ മാത്രം. ഏറ്റവും കൂടുതല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ്- 42. ഒഴിവുകള്‍ അറിയിക്കാന്‍ പൊതുഭരണ വകുപ്പിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടേയുള്ളൂ. അതേസമയം, നിലവിലുള്ള 600 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ ഏപ്രില്‍ 30-ന് തീരും. ഇത് നീട്ടിക്കിട്ടാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശമാകട്ടെ, സാങ്കേതിക തടസ്സം പറഞ്ഞ് പി.എസ്.സി ഒഴിവാക്കുകയും ചെയ്തു.

അടിയന്തരമായി പുതിയ നിയമനം നടത്തണമെങ്കില്‍ ഏപ്രില്‍ 30- നു മുമ്പ് ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കണമെന്ന് ചുരുക്കം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടേത് ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ വിവിധ വകുപ്പുകളില്‍ നിന്ന് ഇനിയും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. അതിന് വകുപ്പ് മേധാവികള്‍ പറയുന്ന ന്യായം, ഒഴിവുകള്‍ മുന്‍കൂട്ടി അറിയിക്കുന്ന കീഴ്വഴക്കമില്ലെന്നാണ്. വിരമിക്കല്‍ മൂലം ഒഴിവുവരുന്ന തസ്തികകളുടെ കണക്കെടുത്ത് ആറുമാസത്തിനകം പി.എസ്.സിയെ അറിയിക്കാനേ ഇപ്പോഴത്തെ രീതിയനുസരിച്ച് കഴിയൂ.

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചാലോ- അപേക്ഷ ക്ഷണിക്കല്‍, പരിശോധന, പരീക്ഷ, മൂല്യനിര്‍ണയം, പുതിയ റാങ്ക്ലിസ്റ്റ് തയ്യാറാക്കല്‍ തുടങ്ങി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെടുക്കും. അത്രയും കാലം ഒഴിവുകള്‍ക്ക് എന്തു സംഭവിക്കുമെന്നു ചോദിച്ചാല്‍ ഒന്നും സംഭവിക്കില്ല എന്നേയുള്ളൂ മറുപടി.

ലിങ്ക് – കേരളകൌമുദി

ഒരു അഭിപ്രായം ഇടൂ

Filed under പെന്‍ഷന്‍, വാര്‍ത്ത

800-1400 രൂപ പെന്‍ഷന്‍ വര്‍ധന

ന്യൂഡല്‍ഹി: വിമുക്തഭടന്മാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരുകയായിരുന്ന ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുന്നതിന് ബാക്കിയുണ്ടായിരുന്ന രണ്ടു നിര്‍ദേശങ്ങള്‍ കൂടി അംഗീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന ഒാഫിസര്‍ റാങ്കില്‍ താഴെയുള്ള (പിബിഒആര്‍) വിമുക്ത ഭടന്മാര്‍ക്ക് 800 രൂപ മുതല്‍ 1400 രൂപ വരെ വര്‍ധന ലഭിക്കുന്ന ഉത്തരവാണിതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. 2200 കോടി രൂപയാണ് ഇതിന് ചെലവു വരിക.

ഇതോടെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എം. ചന്ദ്രശേഖര്‍ ചെയര്‍മാനായ സമിതി നല്‍കിയ ഏഴു ശുപാര്‍ശകളില്‍ എല്ലാം നടപ്പാക്കിയതായി ആന്റണി ചൂണ്ടിക്കാട്ടി. നേരത്തേ
അഞ്ചു ശുപാര്‍ശകളേ നടപ്പാക്കിയിരുന്നുള്ളൂ. ഇക്കുറി പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ദിവസം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമുക്ത ഭടന്മാര്‍ക്കെല്ലാം ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കി എന്ന് പറഞ്ഞിരുന്നു. ഇതു ശരിയല്ലെന്ന് ഇന്ത്യന്‍ എക്സ് സര്‍വീസ്മെന്‍ മൂവ്മെന്റ് കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യം എല്‍.കെ. അഡ്വാനി ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് മറുപടി പറഞ്ഞത് രണ്ടു ശുപാര്‍ശകള്‍ ഒഴികെ ഉള്ളവ നടപ്പാക്കി എന്നായിരുന്നു.

രണ്ടു ശുപാര്‍ശകള്‍കൂടി നടപ്പാക്കി ഈ മാസം എട്ടിന് ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ഇവ രണ്ടും ഒാഫിസര്‍ റാങ്കില്‍ താഴെയുള്ളവര്‍ക്കു വേണ്ടിയാണ്. ഈ ഉത്തരവുകള്‍ ഇവയാണ്. ഒന്ന്-1997 ഒക്ടോബര്‍
10നു മുന്‍പും അതിനു ശേഷവും വിരമിച്ച പി ബി ഒ ആര്‍ പെന്‍ഷന്‍കാരുടെ പെന്‍ഷനിലുള്ള പാരിറ്റി നടപ്പാക്കുക. രണ്ട്- ജിഒഎം അവാര്‍ഡ് 2006 പ്രകാരം പി ബി ഒ ആര്‍ വിഭാഗക്കാരുടെ പെന്‍ഷനില്‍ വര്‍ധന വരുത്തുക.

നടപ്പാക്കിയ അഞ്ചു ശുപാര്‍ശകള്‍ താഴെപ്പറയുന്നവയാണ്: ഒന്ന്- 2006 ജനുവരി ഒന്നുമുതല്‍ പി ബി ഒ ആര്‍ വിഭാഗക്കാര്‍ക്ക് ക്ളാസിഫിക്കേഷന്‍ അലവന്‍സ് ഏര്‍പ്പെടുത്തുക, രണ്ട്- 2006 ജനുവരി ഒന്നുമുതല്‍ 33 വര്‍ഷം ഫുള്‍പെന്‍ഷന്‍ എന്ന ലിങ്കേജ് ഒഴിവാക്കുക, മൂന്ന്- ലഫ്റ്റനന്റ് ജനറല്‍മാര്‍ക്ക് പ്രത്യേക ശമ്പള സ്കെയില്‍ ഉണ്ടാക്കി പെന്‍ഷന്‍ പുതുക്കുക, നാല്- അംഗവൈകല്യം ബാധിച്ചവര്‍ക്കും മുറിവേറ്റവര്‍ക്കും നല്‍കുന്ന പെന്‍ഷനില്‍ 2006 ജനുവരി ഒന്നിന് മുമ്പ് പെന്‍ഷന്‍ ആയവരും അതിനുശേഷം പെന്‍ഷനായവരും തമ്മിലുള്ള വ്യത്യാസം എടുത്തുകളയുക, അഞ്ച്- അംഗവൈകല്യം സംഭവിച്ചവര്‍ക്കുംമുറിവേറ്റവര്‍ക്കും പെന്‍ഷനിലുണ്ടായിരുന്ന അപാകത നീക്കം ചെയ്യുക.
ലിങ്ക് – മനോരമ

ഒരു അഭിപ്രായം ഇടൂ

Filed under പെന്‍ഷന്‍, വാര്‍ത്ത

സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ ശമ്പളക്കമ്മീഷന്‍

പെന്‍ഷന്‍ പരിഷ്‌കരണവും പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിനായി റിട്ട. ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു അധ്യക്ഷനായി പുതിയ ശമ്പളക്കമ്മീഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അഞ്ചുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഡാം സേഫ്ടി കമ്മീഷന്‍ അധ്യക്ഷനാണ് ഇപ്പോള്‍ ജസ്റ്റിസ് രാജേന്ദ്രബാബു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ. പി.മോഹനന്‍ പിള്ള, അഡ്വ. പി.വേണുഗോപാലന്‍ നായര്‍ എന്നിവരാണ് ശമ്പളക്കമ്മീഷനിലെ മറ്റംഗങ്ങള്‍. പ്രൊമോഷന്‍, ശമ്പളഘടന, മറ്റാനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ആറുമാസമായിരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പത്രലേഖകരോട് പറഞ്ഞു. പെന്‍ഷന്‍ പരിഷ്‌കരണവും കമ്മീഷന്റെ പരിഗണനാ വിഷയമാണ്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് തുല്യത വേണമെന്ന നിര്‍ദ്ദേശം പരിഗണിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കമ്മീഷന് വേണമെങ്കില്‍ ഈ വിഷയം പരിഗണിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രസവാനുകൂല്യം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് ശമ്പളപരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടാം ശമ്പളക്കമ്മീഷന്‍ 2004 ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും അത് നടപ്പാക്കിയത് 2009 ജൂലായ് ഒന്നുമുതലായിരുന്നു. ഇതുമൂലം കഴിഞ്ഞവര്‍ഷം 1500 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടായതെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് പത്രലേഖകരോട് പറഞ്ഞു. ഇതിനുപുറമെ കഴിഞ്ഞവര്‍ഷം നല്‍കിയ രണ്ട് ക്ഷാമബത്തകള്‍വഴി 700 കോടി രൂപയുടെ ബാധ്യതയും ഉണ്ടായി. അതുകൊണ്ട് ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം നല്‍കേണ്ടിവന്നില്ല. ഒന്‍പതാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാകുമ്പോള്‍ ജീവനക്കാരുടെ വരുമാനാന്തരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശമ്പളപരിഷ്‌കരണം കഴിഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍ ഭീമമായ വര്‍ധനവാണുണ്ടായത്. അതാണ് ഡോക്ടര്‍മാരും മറ്റും സമരത്തിനിറങ്ങിയത്. ഇനി ഈ അന്തരം കുറയും.

ഒന്‍പതാം ശമ്പളക്കമ്മീഷനോട് 2009 ജൂലായ് ഒന്നുമുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ താഴെപ്പറയുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ സര്‍വീസിലുള്ള പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്‍സി ജീവനക്കാരും തൂപ്പുകാരും സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍, കോളേജുകള്‍, നേരിട്ട് ശമ്പളം നല്‍കുന്ന ഇതുപോലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍, പാര്‍ട്ട്‌ടൈം ജീവനക്കാരും കാഷ്വല്‍ തൂപ്പുകാരും (യു.ജി.സി, എ.ഐ.സി.ടി.ഇ. സ്‌കീമുകളില്‍പ്പെടുന്നവര്‍ ഇതില്‍ ഉള്‍പ്പെടുകയില്ല), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ജീവനക്കാര്‍. പെന്‍ഷന്‍കാര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ആവശ്യമുണ്ടോയെന്ന് പരിശോധിക്കാം. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങള്‍കൂടി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.

പുതിയ ശമ്പളപരിഷ്‌കാരം നടപ്പിലാകുമ്പോള്‍ വരുന്ന അധിക സാമ്പത്തികബാധ്യതയും കണക്കാക്കാം. ശമ്പളസെ്കയിലുകള്‍ തമ്മിലുള്ള അന്തരം ഉണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കണം. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശമ്പളക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 30 പേരടങ്ങുന്ന സെക്രട്ടേറിയറ്റ് രൂപവത്കരിക്കും. ഇതില്‍ 18 പേര്‍ സെക്രട്ടേറിയറ്റ് സര്‍വീസില്‍നിന്നും 12 പേര്‍ മറ്റ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ളവരുമാകും. ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഒരാളായിരിക്കും കമ്മീഷന്‍ സെക്രട്ടറി. കമ്മീഷന്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഫിബ്രവരി 25ന് ആരംഭിക്കുമെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2006 മാര്‍ച്ച് 25ന് നടപ്പിലാക്കിയ ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും അനുവദിക്കാനും ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ലിങ്ക് – മാതൃഭൂമി

4അഭിപ്രായങ്ങള്‍

Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത

ശാരീരിക വൈകല്യം മൂലംസ്വയം വിരമിച്ച സൈനികര്‍ക്കും പെന്‍ഷന്‍

ന്യൂഡല്‍ഹി: വിരമിക്കുന്നതിനുള്ള സമയം ആകുന്നതിനുമുന്‍പ് ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യം കാരണം സ്വയം ആവശ്യപ്പെട്ടു പെന്‍ഷന്‍ വാങ്ങിയ സൈനികര്‍ക്ക് ഡിസ്എബിലിറ്റി പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവായി. 2006 ജനുവരി ഒന്നിനുശേഷം ഇങ്ങനെ വിരമിച്ചവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. ഇതുവരെ ഇങ്ങനെയുള്ളവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നില്ല.

ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തില്‍നിന്നു കര – നാവിക – വ്യോമ സൈനിക ആസ്ഥാനങ്ങളിലേക്ക് അയച്ചുകഴിഞ്ഞു. നേരത്തേ നഷ്ടപരിഹാരത്തുക വാങ്ങിയിട്ടുണ്ടെങ്കിലും ഇവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടാവുമെന്ന് ഉത്തരവില്‍ പറയുന്നു. സ്വയം വിരമിച്ച പല സൈനികരും പെന്‍ഷനുവേണ്ടി നല്‍കിയ ഹര്‍ജികള്‍

രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. പല കേസുകളിലും പെന്‍ഷന്‍ നല്‍കാനായിരുന്നു കോടതി ഉത്തരവ്.

ആശുപത്രിയില്‍ ചികിത്സയിലോ രോഗ അവധിയിലോ ആയിരിക്കുന്ന ഒാഫിസര്‍മാര്‍ക്കു മുഴുവന്‍ ശമ്പളവും അലവന്‍സുകളും നല്‍കാനും കേന്ദ്ര പ്രതിരോധമന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. ഇതുവരെ ഇത്തരം ഒാഫിസര്‍മാര്‍ക്ക് ആറുമാസക്കാലത്തെ പരിധി കഴിഞ്ഞാല്‍ ശമ്പളമോ വേതനമോ അനുവദിച്ചിരുന്നില്ല. 2008 സെപ്റ്റംബര്‍ ഒന്നുമുതലാണ് ഇതു പ്രാബല്യത്തില്‍ വരുക.

ഒരു അഭിപ്രായം ഇടൂ

Filed under പെന്‍ഷന്‍, വാര്‍ത്ത