Category Archives: കക്ഷിരാഷ്ട്രീയം

കെ.എസ്.യു. മാര്‍ച്ചില്‍ കല്ലേറും ലാത്തിയടിയും

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസരംഗത്തെ തകര്‍ച്ചയില്‍ കെ.എസ്.യു. സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും ലാത്തിയടിയും. കല്ലേറില്‍ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.കെ. ദിനിലിനും ലാത്തിയടിയില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലുള്‍പ്പെടെ 12 പേര്‍ക്കും പരിക്കേറ്റു.ബുധനാഴ്ച ഉച്ചയ്ക്ക് 12ന് രക്ഷസാക്ഷിമണ്ഡപത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭയിലേക്ക് നീങ്ങിയ മാര്‍ച്ച് യുദ്ധസ്മാരകത്തിന് സമീപം പോലീസ് തടഞ്ഞു. നിയമസഭയിലേക്ക് കടക്കുന്നത് തടയുന്നതിനായി പോലീസ് തീര്‍ത്ത ബാരിക്കേട് സമരക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചു.

ഇതിനിടെ പ്രകടനത്തിന്റെ പിന്‍നിരയില്‍നിന്നും പോലീസിനുനേരെ കല്ലേറ് തുടങ്ങി. ആദ്യത്തെ രണ്ടുകല്ലുകള്‍ ജലപീരങ്കിയില്‍ തട്ടി ത്തെറിച്ചു. ഒരു കല്ലുകൊണ്ട് മ്യൂസിയം സി.ഐ. ദിനിലിന്റെ കൈയില്‍നിന്ന് രക്തം ഒലിക്കാന്‍ തുടങ്ങിയതോടെ പോലീസ് ലാത്തിയടി തുടങ്ങി. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഓട്ടത്തിനിടെ മറിഞ്ഞുവീണു. നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് തല്ലി. പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനെയും തിരിച്ചുതല്ലി.

അര മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷം നിലനിന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.സമരത്തിന് നേതൃത്വം നല്‍കിയ 12 പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, റിജില്‍, ജോയി, ടി.പി. ദീപുലാല്‍, നിജോ, അബ്ദുല്‍കരീം, സന്ദീപ്, മഹേഷ്ചന്ദ്രന്‍, രാജേഷ്, സുനില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്​പത്രിയില്‍ കഴിയുന്നവരെ നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ സന്ദര്‍ശിച്ചു.


ഇന്ന് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു. വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്തു. പൊതുവിദ്യാഭ്യാസ തകര്‍ച്ചയും സ്വാശ്രയ കച്ചവടത്തിനുമെതിരെ ബുധനാഴ്ചയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബന്ദ് നടത്തുമെന്നും ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്നും കെ.എസ്.യു. പത്രക്കുറിപ്പില്‍ അറിയിച്ചു.

ലിങ്ക് – മാതൃഭൂമി
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, വിദ്യാഭ്യാസം

ബന്ദ് വരുത്തിയ നഷ്ടം 13,000കോടിയുടെ

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഭാരത് ബന്ദ് രാജ്യത്തെ മൊത്തം വ്യവസായ മേഖലയ്ക്ക് വരുത്തിയ നഷ്ടം 13,000കോടിയുടേതെന്ന് ഫിക്കി (ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചെയിംബേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി). അഭ്യന്തര ഉല്പ്പാദന വളര്‍ച്ചയെ (ജി.ഡി.പി) അടിസ്ഥാനമാക്കിയാണ് നഷ്ടത്തിന്റെ തോത് കണക്കാക്കിയിരിക്കുന്നത്. മറ്റൊരു വ്യവസായിക സമിതിയായ അസോച്ചത്തിന്റെ കണക്കില്‍ ഇത് 10,000കോടിയാണ്.
ബന്ദിനെതിരെ വ്യവസായിക ലോകത്ത് വന്‍ പ്രതിഷേധ സ്വരമാണ് ഉയര്‍ന്നത്.

ലിങ്ക് – കേരളകൌമുദി

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

പോലീസ്‌സേനയില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക്

തിരുവനന്തപുരം: പോലീസ് സേനയില്‍ നിന്ന് മനംമടുത്ത് കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുന്നു. അനാകര്‍ഷകമായ ശമ്പളവും അമിതജോലിഭാരവുമാണ് തുടക്കക്കാരെ പിന്നോട്ടടിക്കുന്നതെങ്കില്‍ രാഷ്ട്രീയസമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവുമാണ് മറ്റൊരു വിഭാഗത്തെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.

പതിനായിരത്തോളം ഒഴിവുകളാണ് ഇപ്പോള്‍ പോലീസ് സേനയിലുള്ളത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യബാച്ച് 2007 സപ്തംബര്‍ 15 നാണ് പരിശീലനത്തിനെത്തിയത്. ആയിരത്തിഅഞ്ഞൂറ് പേരെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ ആയിരത്തോളം പേര്‍ കൊഴിഞ്ഞു പോയിക്കഴിഞ്ഞതായാണ് കണക്ക്. ആ ബാച്ചില്‍പ്പെട്ട അഞ്ഞൂറുപേര്‍ മാത്രമാണ് ഇപ്പോള്‍ സേനയില്‍ അവശേഷിച്ചിട്ടുള്ളത്. പിന്നീട് 2009 നവംബര്‍ 30 നാണ് അടുത്ത ബാച്ചിനെ ‘അഡൈ്വസ്’ ചെയ്യുന്നത്. 3500 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ പരിശീലനത്തിനെത്തിയത് 3000 പേര്‍. ആറുമാസത്തെ പരിശീലനകാലയളവില്‍ പിന്നെയും 500 പേര്‍ പണിവേണ്ടെന്നുപറഞ്ഞ് മടങ്ങി. ഇപ്പോള്‍ അവശേഷിച്ചിരിക്കുന്നത് 2500 പേരാണ്. നൂറ്റിയന്‍പതോളം ഉദ്യോഗസ്ഥര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞുപോകുന്നവര്‍ വേറെ. വര്‍ഷം തോറും ആയിരത്തിലേറെപ്പേരാണ് ഇത്തരത്തില്‍ പോകുന്നത്.

രാഷ്ട്രീയവത്കരണത്തിനു പുറമേ മേലുദ്യോഗസ്ഥരുടെ പീഡനവും മാനസികസംഘര്‍ഷവുമാണ് പോലീസ് സേനയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടുന്നത്. കൂടാതെ 24 മണിക്കൂര്‍ ഡ്യൂട്ടിയും ഇവരെ തളര്‍ത്തുന്നുവെന്നാണ് പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. മേലുദ്യോഗസ്ഥരുടെ വീട്ടില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാരും കഷ്ടത്തിലാണ്. ആംഡ് ബറ്റാലിയനിലേതുള്‍പ്പെടെ ഡിവൈ.എസ്.പി. മുതല്‍ മുകളിലോട്ടുള്ളവരുടെ വീട്ടിലെ ജോലിയ്ക്കാണ് പോലീസുകാര്‍ നിയോഗിക്കപ്പെടുന്നത്. ഒരു ഐ.ജി. യോടൊപ്പം ഡ്രൈവര്‍മാരുള്‍പ്പെടെ പത്തോളം പോലീസുകാരെയാണ് നിയോഗിക്കുന്നത്.

കഴിഞ്ഞ മെയ് 30 ന് 3500 പേരെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ നിന്നും കൊഴിഞ്ഞുപോക്കുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരെ പരിശീലിപ്പിക്കുന്നതിനായി ഏഴ് ബറ്റാലിയനുകളില്‍ നിന്ന് 325 പേര്‍ക്കാണ് ഹവില്‍ദാര്‍മാരായി പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ കെ.എ.പി. തേര്‍ഡ് ബറ്റാലിയനിലെ 46 പേര്‍ക്ക് ഇതുവരെയും പ്രൊമോഷന്‍ നല്‍കിയിട്ടില്ല. ഗാര്‍ഡ് ഡ്യൂട്ടി ചെയ്യാന്‍ ആളില്ലെന്ന കാരണം പറഞ്ഞാണ് ഇവരെ പരിശീലിപ്പിക്കാനയക്കാത്തത്. ഈ ബറ്റാലിയനില്‍ നിന്ന് നിയമസഭയിലേക്ക് 40, സെക്രട്ടേറിയറ്റിലേക്ക് 56, മൂഴിയാര്‍ ഡാം സംരക്ഷണത്തിനായി 32 എന്നിങ്ങനെയാണ് കോണ്‍സ്റ്റബിള്‍മാരുടെ വിന്യാസക്കണക്ക്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, കേരളം, വാര്‍ത്ത

സദാശിവന്‍ ചോദിക്കുന്നു; 33 വര്‍ഷം പാര്‍ട്ടിയും സര്‍ക്കാരും എന്തേ മിണ്ടിയില്ല?

കണ്ണൂര്‍: എ.കെ.ജിയുടെ വീടിനെച്ചൊല്ലിയുള്ള വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോള്‍ എ.കെ.ജിയുടെ കുടുംബാംഗങ്ങളിലും പാര്‍ട്ടിക്കകത്തും അത് അടക്കിപ്പിടിച്ച ചര്‍ച്ചയായിരുന്നു. പെരളശ്ശേരിയില്‍ എ.കെ.ജി താമസിച്ചിരുന്ന ‘ഗോപാലവിലാസം’ എന്ന വീട് സംരക്ഷിത സ്മാരകമാക്കാന്‍ സാംസ്‌കാരിക വകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതുമുതല്‍ ആ ചര്‍ച്ച കുടുംബത്തിനിടയില്‍ അസ്വാരസ്യങ്ങളും സൃഷ്ടിച്ചു തുടങ്ങി.

ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത്‌വരെ എത്തിയ എ.കെ.ജി. വിപ്ലവ പ്രസ്ഥാനങ്ങളുടെ അനിഷേധ്യ നേതാവാണ്. എന്നാല്‍ 1977ല്‍ എ .കെ.ജി. മരിച്ചശേഷം ഏതെങ്കിലുമൊരു സി.പി.എം നേതാവ് വീട് സ്മാരകമാക്കുന്നതിനെക്കുറിച്ച് ഇന്നത്തെ അവകാശികളോട് സംസാരിച്ചിരുന്നില്ല. മാറിമാറി വന്ന സര്‍ക്കാറുകളും ഒന്നും ചെയ്തില്ല. 33 വര്‍ഷത്തിന്‌ശേഷം പെട്ടെന്ന് ഇങ്ങനെയൊരു നീക്കം നടക്കുമ്പോള്‍ കഥയിലെ ‘വില്ലന്റെ’ സ്ഥാനത്തുനില്‍ക്കുന്ന ഇപ്പോഴത്തെ അവകാശി ഗോപാലവിലാസം സദാശിവനും അമ്പരപ്പ് ബാക്കിയാണ്. ”ഞങ്ങള്‍ വളര്‍ന്ന വീടാണിത്. എന്റെ അച്ഛനും അമ്മയും ആ മണ്ണിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഞങ്ങള്‍ പിഴുതെറിയപ്പെട്ട പോലെയാണിപ്പോള്‍. ഞങ്ങളുടെ വികാരത്തിന് ഒരു വിലയുമില്ലേ”-സദാശിവന്‍ ചോദിക്കുന്നു. ആ മണ്ണില്‍ അവകാശമുള്ള എ.കെ.ജി.യുടെ പിന്മുറക്കാരില്‍ പലരും ഈ ചോദ്യം പങ്കുവെക്കുന്നു.

എ.കെ.ജി എന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലന്റെ മരുമകളുടെ മകനാണ് സദാശിവന്‍. അദ്ദേഹത്തിന്റെ അച്ഛന്‍ കെ.സി.പത്മനാഭന്‍ നമ്പ്യാര്‍ ‘ഗോപാല വിലാസത്തിന്റെ ചരിത്രസംഗ്രഹം’ ഒരു നോട്ടുബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലിങ്ങനെ പറയുന്നു:

”1918ല്‍ അമ്മയുടെ അച്ഛന്‍ വിലക്ക് വാങ്ങിയ 65 സെന്റ് സ്ഥലവും വിലക്ക് വാങ്ങിയ 46 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും ചേര്‍ന്നുള്ളതാണ് ‘ഗോപാലവിലാസം’ വീട് നില്‍ക്കുന്ന പ്രദേശം. എ.കെ.ജി.യുടെ അമ്മ മാധവിക്കുട്ടിയമ്മ, എ.കെ.ജി.യുടെ സഹോദരി ലക്ഷ്മിയമ്മ, എ.കെ.ജി.യുടെ മരുമകള്‍ ലക്ഷ്മിക്കുട്ടിയമ്മ എന്നിവരുടെ പേരിലായിരുന്നു സ്ഥലം. അമ്മയുടെ അച്ഛന്‍ വീടുപണി തുടങ്ങി. തറക്ക് മുകളില്‍ പണിതത് എ.കെ.ജി. 1961ല്‍ മറ്റുള്ളവര്‍ ഭാഗം പിരിഞ്ഞശേഷം വീടും പറമ്പും ലക്ഷ്മിക്കുട്ടിയമ്മയുടെത് മാത്രമായി. 1918ല്‍ വിലയ്ക്ക് വാങ്ങിയ ഭൂമിയിലെ വീട് നിര്‍മ്മാണം 1928ലാണ് കഴിയുന്നത്. മുകള്‍നില പൂര്‍ത്തിയാക്കാന്‍ അവകാശികളുടെ വേറെ രണ്ട് സ്വത്തും വിറ്റു. 1958ലാണ് ഞങ്ങളുടെ കുടുംബം വന്നപ്പോള്‍ എ.കെ.ജി.യുടെ സഹോദരന്‍ എ.കെ.രാഘവന്‍ നമ്പ്യാര്‍ മൂന്ന്‌പെരിയയിലെ വീട്ടിലേക്ക് താമസം മാറ്റുന്നത്. 1961ന്‌ശേഷം എ.കെ.ജി.യും അവിടെ താമസിച്ചിരുന്നില്ല”- വീടിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണ്. എ.കെ.ജി. ജനിച്ച ചെമ്പകശ്ശേരില്‍ വീട് ഇപ്പോഴും ഉണ്ടുതാനും.

1977ല്‍ എ.കെ.ജി. മരിച്ചപ്പോള്‍ ശവസംസ്‌കാരം നടന്ന മൂന്ന്‌സെന്റ് സ്ഥലം സി.പി.എം. ജില്ലാക്കമ്മിറ്റിക്ക് കൈമാറി. 1997ല്‍ അച്ഛനും അമ്മയും ജീവിച്ചിരിക്കെ എ.കെ.രാഘവന്‍ നമ്പ്യാര്‍ ഒന്നാം സാക്ഷിയായാണ് സദാശിവനുള്‍പ്പെടെ ഏഴ് മക്കള്‍ക്കായി വീടും പറമ്പും ഭാഗം വെച്ചത്. ”ഭാഗം നടന്നപ്പോഴോ 2008ല്‍ സ്മാരകസ്തൂപം പുതുക്കിപ്പണിതപ്പോഴോ നേതാക്കളിലാരെങ്കിലും വീടിനെക്കുറിച്ച് ഞങ്ങളോട് ചോദിച്ചിരുന്നില്ല”-സദാശിവന്‍ പറയുന്നു.

അതിനിടയില്‍ ഭാഗമായി കിട്ടിയ സ്ഥലങ്ങളില്‍ രണ്ട് സഹോദരങ്ങള്‍ വീടുവെച്ചു. ഒരാള്‍ വീടുപണി തുടങ്ങാന്‍ പോകുന്നു. വര്‍ഷങ്ങളായി രോഗാവസ്ഥയിലുള്ള സഹോദരന് വീട് പണിയാന്‍ 82 വര്‍ഷം പഴക്കമുള്ള ഗോപാലവിലാസത്തിന്റെ അടുക്കളയും കുളിമുറിയും ഒരു വര്‍ഷം മുമ്പേ പൊളിച്ചിരുന്നു. ജീര്‍ണാവസ്ഥയിലുള്ള അടുക്കളയും കുളിമുറിയുമില്ലാത്ത വീട്ടില്‍ താമസിക്കാനാവാത്തതിനാല്‍ സദാശിവനും കുടുംബവും നഗരത്തില്‍ വാടകവീട്ടിലാണ് കഴിയുന്നത്. ഗള്‍ഫിലാണ് സദാശിവന് ജോലി.

”വീട് സംബന്ധിച്ച് ഇത്രയും കാലം സി.പി.എം. നേതൃത്വമോ സര്‍ക്കാരോ എന്തെങ്കിലും സൂചന നല്‍കിയിരുന്നില്ല. അതിനാലാണ് ഒരോരുത്തരായി വീട് പണി തുടങ്ങിയത്. പാര്‍ട്ടിക്ക് അങ്ങനെയൊരു താല്പര്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ സന്തോഷത്തോടെ അത് വിട്ടുനല്‍കുമായിരുന്നു. അതില്‍ ഞങ്ങള്‍ കുടുംബക്കാര്‍ക്കെല്ലാം ഒരേ മനസ്സാണ്. അങ്ങനെയൊരു നിര്‍ദ്ദേശം ഇല്ലാതിരുന്നതിനാല്‍ പഴയ വീട്ടില്‍ ഞങ്ങള്‍ ഒട്ടേറെ പണം ചെലവിട്ട് അറ്റകുറ്റപ്പണി നടത്തി. നിവൃത്തികേടുകൊണ്ടാണ് പൊളിക്കാന്‍ തീരുമാനിച്ചത്. സ്വത്ത് ഭാഗം വെക്കുമ്പോള്‍ മുഖ്യസാക്ഷിയായ രാഘവനമ്മാവന്‍ (എ.കെ.രാഘവന്‍ നമ്പ്യാര്‍) തന്നെയാണ് പഴയവീട് പൊളിച്ച് പുതിയതൊന്ന് പണിയാന്‍ ഉപദേശിച്ചതും. ഇപ്പോള്‍ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല”-സദാശിവന്‍ നിസ്സഹായനായി കൈമലര്‍ത്തുന്നു. പാര്‍ട്ടിയുമായുള്ള പാലമാണ് അവര്‍ക്ക് എ.കെ.രാഘവന്‍ നമ്പ്യാര്‍.

ഇപ്പോഴത്തെ വിവാദങ്ങള്‍ പോലെ തന്നെ സി.പി.എം. നേതൃത്വത്തിന്റെ മൗനവും സദാശിവനെയും കുടുംബക്കാരെയും ഉലയ്ക്കുന്നുണ്ട്. ആദ്യ പത്രവാര്‍ത്ത വന്നശേഷമാണ് എ.കെ.രാഘവന്‍ നമ്പ്യാര്‍ സര്‍ക്കാറിന്റെ താല്പര്യത്തെക്കുറിച്ച് പറയുന്നത്. പിന്നീട് എം.വി.ജയരാജനും കാര്യം തിരക്കി. അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നെങ്കില്‍ 33 വര്‍ഷം എന്തിന് അത് മറച്ചുവെച്ചു? ഞങ്ങുടെ വേര് പിഴുതെടുക്കുന്നതുപോലെയായി ഇപ്പോഴത്തെ നീക്കങ്ങള്‍. വീട് പൊളിക്കുന്നതും കാത്തുനില്‍ക്കുകയായിരുന്നോ അവര്‍? സദാശിവന്‍ചോദിക്കുന്നു.

”പ്രായാധിക്യം കൊണ്ട് അവശരായ സഹോദരങ്ങളാണ് അവിടെയുള്ളത്. ഒരാള്‍കൂടി വീട് പണി തുടങ്ങുന്നു. അവര്‍ക്കൊരു സഹായമെന്ന നിലയിലാണ് ഞാനും അവിടെ വീട് വെക്കാന്‍ ആലോചിച്ചത്. രാഘവനമ്മാവനാണ് ആ വഴിക്ക് എന്നെ നയിച്ചതും എന്നിട്ടിപ്പോള്‍…!”- സദാശിവന്റെ ദുഃഖത്തില്‍ കുടുംബങ്ങളും പങ്കുചേരുന്നു. ഒരുപൊതുസ്ഥാപനമായാല്‍ ചുറ്റുവട്ടത്തുള്ളവരുടെ സ്വകാര്യത നഷ്ടമാവുമെന്നും അവര്‍ ഭയക്കുന്നു.

എ.കെ.ജിയുടെ വീടിനെച്ചൊല്ലിയുള്ള ഈ വിവാദം സി.പി.എം. അണികള്‍ക്കിടയിലും ചര്‍ച്ചകളായിട്ടുണ്ട്. 33 വര്‍ഷമായിട്ടും എന്തുകൊണ്ട് ആ കാര്യം ആരും ഓര്‍ത്തുപോലുമില്ല എന്നതാണ് അണികള്‍ പരസ്​പരം ഉന്നയിക്കുന്ന ചോദ്യം. ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടിയില്‍ ഊറ്റം കൊള്ളുന്ന നേതൃത്വത്തോട് തന്നെയാണ് ആ ചോദ്യം.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

സി.എം.എസ്. കോളേജിലെ അക്രമം നിയമവാഴ്ചയോടുള്ള വെല്ലുവിളി -ഹൈക്കോടതി

കൊച്ചി: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച അതിക്രമം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി. കോളേജ് പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കാനുള്ള ഇടക്കാല ഉത്തരവ് നിലനില്‍ക്കേ അക്രമം കാട്ടിയവര്‍ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.ഈ സാഹചര്യത്തില്‍ അടുത്ത പത്ത് ദിവസത്തേക്ക് കോളേജിലെ എല്ലാവര്‍ക്കും, സ്ഥാപനത്തിന്റെ സ്വത്തിനും, സുഗമമായ നടത്തിപ്പിനും പോലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിട്ടുള്ളത്.

അക്രമം ആര് കാണിച്ചാലും തടയണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനുവേണ്ടി അഡ്വ. ജനറല്‍ സി.പി. സുധാകരപ്രസാദിനെ വിളിച്ചുവരുത്തിയാണ് ഈ ഉത്തരവ് നല്‍കിയത്. കോടതിയുടെ ഉത്തരവ് നിലനില്‍ക്കേ അക്രമം നടന്നത് കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാവാനിടയാക്കും എന്ന് ഡിവിഷന്‍ ബഞ്ച് ഓര്‍മിപ്പിക്കുകയും ചെയ്തു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പോലീസ് സംരക്ഷണഹര്‍ജിയില്‍ പ്രിന്‍സിപ്പലിന്റെയും സ്റ്റാഫിന്റെയും ജീവന് സംരക്ഷണം നല്‍കാന്‍ ജൂണ്‍ 15ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇത് നിലനില്‍ക്കേ വീണ്ടും അക്രമം നടന്നതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ നല്‍കിയ ഉപഹര്‍ജി കോടതി പരിഗണിച്ചത്.
കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടന്നതെന്നത് നാണക്കേടാണെന്നും കോടതി വിലയിരുത്തി. ഉച്ചയ്ക്ക്‌കേസ് അഡ്വ. ജനറലിന്റെ വാദത്തിന് മാറ്റിയിരുന്നു.

കോളേജില്‍ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ടി.വി. ചാനലില്‍ കണ്ട കാര്യം കോടതി അഡ്വ. ജനറലുമായി പങ്കുവെച്ചു. ഇത്തരം ദൃശ്യങ്ങള്‍ കോടതിയെ സ്വാധീനിക്കരുതെന്ന വസ്തുത വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. കോളേജിന്റെ വസ്തുവകകള്‍ ചിലര്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യമാണ് കണ്ടത്. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകരുതെന്നുദ്ദേശിച്ചുള്ളതായിരുന്നു കോടതിയുടെ മുന്‍ ഉത്തരവ്. തികച്ചും നിയന്ത്രണം വിട്ടപോലെയുള്ള അതിക്രമമാണ് നടന്നത്. മറ്റുള്ളവരുടെ വസ്തുവകകള്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വരുന്നുവെന്ന് കോടതി ചോദിച്ചു. ഒരുവിധത്തിലുള്ള അക്രമവും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കോട്ടയം എസ്.പി., സി.ഐ, കോട്ടയം വെസ്റ്റ് സി.ഐ. എന്നിവര്‍ക്കാണ് കോടതി സംരക്ഷണ ഉത്തരവ് നല്‍കിയിട്ടുള്ളത്.
എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എസ്. ദീപു, നിതിന്‍ചന്ദ്രന്‍, ജെയ്ക് സി. തോമസ്, വില്‍സണ്‍ കെ. അഗസ്റ്റിന്‍, കെ.ആര്‍. രാജേഷ് എന്നിവരും ഹര്‍ജിയിലെ എതിര്‍കക്ഷികളാണ്. ഇവരുടെ നിയമവിരുദ്ധപ്രവര്‍ത്തനംമൂലം മാസങ്ങളായി കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നുണ്ട്. അക്രമമാര്‍ഗം സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ പരാതി. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ കോടതി പോലീസ് സംരക്ഷണ ഉത്തരവ് നല്‍കിയെങ്കിലും അക്രമം ഉണ്ടായ സാഹചര്യം എസ്.പി. നേരിട്ടെത്തി വിശദീകരിക്കാന്‍ ഉത്തരവിടണമെന്ന് ഉപഹര്‍ജിയില്‍ ആവശ്യപ്പെടുന്നുമുണ്ട്. ഹര്‍ജി ജൂണ്‍ 24ന് വീണ്ടും പരിഗണനക്കെടുക്കും.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

പവാറിനും പട്ടേലിനുമെതിരെ കൂടുതല്‍ തെളിവുകള്‍

* പ്രണബ് പ്രധാനമന്ത്രിയെക്കണ്ട് വിശദീകരിച്ചു
* എന്‍.സി.പി. പ്രതിരോധത്തില്‍
*മോഡി കോടതിയിലേക്ക്; എന്‍ഫോഴ്‌സ്‌മെന്റും ചോദ്യംചെയ്തു

ന്യൂഡല്‍ഹി: എന്‍.സി.പി. നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ ശരദ് പവാറിനും പ്രഫുല്‍ പട്ടേലിനും ഐ.പി.എല്ലിലെ താത്പര്യങ്ങള്‍ വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്തുവന്നു. ഇത് ദേശീയ രാഷ്ട്രീയരംഗത്ത് വന്‍ ചലനത്തിന് കാരണമാകാനിടയുണ്ട്.
അതിനിടെ, ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോഡിയെ മുംബൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യാഴാഴ്ച ആറു മണിക്കൂര്‍ ചോദ്യം ചെയ്തു. തിങ്കളാഴ്ച നടക്കുന്ന ഐ.പി.എല്‍. ഭരണസമിതി യോഗത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാനും മോഡി തീരുമാനിച്ചു.
ഐ.പി.എല്‍. വിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി പ്രണബ് മുഖര്‍ജി ബുധനാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ചര്‍ച്ച നടത്തി. യു.പി.എ. ഘടകകക്ഷിമന്ത്രിമാരായ ശരദ്പവാറിനും പ്രഫുല്‍ പട്ടേലിനുമെതിരെ തെളിവുകള്‍ ലഭിച്ച വിവരം പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് അറിയുന്നത്. ഐ.പി.എല്‍. ലേലവുമായി ബന്ധപ്പെട്ട ചില രഹസ്യവിവരങ്ങള്‍ പ്രഫുല്‍ പട്ടേലിന്റെ പേഴ്‌സണല്‍ സെക്രട്ടറി, മുന്‍മന്ത്രി ശശി തരൂരിന് ഇ-മെയില്‍ വഴി അയച്ചതാണ് പുറത്തായിരിക്കുന്ന പുതിയ വിവരം. ഐ.പി.എല്ലിന്റെ ആതിഥേയ വിഭാഗത്തില്‍ ജോലി ചെയ്യുന്ന പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ പട്ടേലിന് ഐ.പി.എല്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ രാമനയച്ച സന്ദേശമാണ് ഇങ്ങനെ കൈമാറിയത്. ഇത് അച്ഛന്‍ പ്രഫുല്‍ പട്ടേലിന്റെ സെക്രട്ടറിയുടെ മെയിലിലേക്ക് ഫോര്‍വേഡ് ചെയ്യുകയും തുടര്‍ന്ന് ശശി തരൂരിന് അയയ്ക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എല്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് അനുസരിക്കുക മാത്രമേ താന്‍ ചെയ്തുള്ളൂവെന്ന് പൂര്‍ണപട്ടേല്‍ പറയുന്നു. എന്നാല്‍, ഐ.പി.എല്ലിലെ നിര്‍ണായക അംഗമെന്ന നിലയിലാണ് പൂര്‍ണയ്ക്ക് മെയില്‍ അയച്ചതെന്നും അത് മന്ത്രിക്കയച്ചത് എന്തിനെന്ന് അറിയില്ലെന്നുമാണ് സുന്ദര്‍രാമന്‍ പറയുന്നത്. കൊച്ചി, പുണെ ഐ.പി.എല്‍. ടീമുകളുടെ ലേലം നടക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ശശി തരൂരിന് മെയിലയച്ചിരിക്കുന്നത്. പുതിയ ടീമുകളുടെ ഭാവിയിലെ മൂല്യം സംബന്ധിച്ച ഐ.പി.എല്ലിന്റെ വിലയിരുത്തലാണ് മെയിലിലൂടെ പുറത്തുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇവയൊന്നും രഹസ്യമല്ലെന്നും മറ്റുള്ള ഫ്രാഞ്ചൈസികള്‍ക്കും ഇവ ലഭ്യമാണെന്നും പ്രഫുല്‍ പട്ടേല്‍ പറയുന്നു. ശശി തരൂരും താനും സുഹൃത്തുക്കളാണെന്നും ആ നിലയ്ക്കാണ് ചില വിവരങ്ങള്‍ അദ്ദേഹം തേടിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ശരദ് പവാറിന്റെ മകളും എം.പി.യുമായ സുപ്രിയ സുലെയുടെ ഭര്‍ത്താവ് സദാനന്ദ് സുലെയ്ക്ക്, കഴിഞ്ഞ ദിവസം റെയ്ഡ് നടന്ന മും ൈബയിലെ മള്‍ട്ടി സ്‌ക്രീന്‍ മീഡിയ സ്‌പോര്‍ട്‌സില്‍ (എം.എസ്.എം.) പത്തു ശതമാനം ഓഹരിയുണ്ടെന്നാണ് പുറത്തുവന്ന മറ്റൊരു വിവരം. ഐ.പി.എല്ലിന്റെ സംപ്രേഷണത്തിനുള്ള അവകാശത്തിനായി എം.എസ്.എം. എട്ടുകോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് പുറത്തായത്. സുപ്രിയ സുലെയുടെ ഭര്‍ത്താവ് സദാനന്ദിന് പത്തു ശതമാനം ഓഹരി ലഭിച്ചത് അച്ഛന്‍ ബി. ആര്‍. സുലെയുടെ പവര്‍ ഓഫ് അറ്റോര്‍ണി മുഖേനയാണ്. 1992 മുതല്‍ ബി. ആര്‍. സുലെ ഈ ഓഹരികള്‍ കൈവശം വെക്കുന്നു. മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു സുലെ. മള്‍ട്ടി സ്‌ക്രീന്‍ മീഡിയയാണ് സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന്‍ അടക്കമുള്ള ചാനലുകളുടെ ഉടമസ്ഥര്‍.

എന്നാല്‍, തന്റെ ഭര്‍ത്താവിനും കുടുംബത്തിനും ഐ.പി.എല്ലില്‍ പങ്കില്ലെന്ന് സുപ്രിയാ സുലെ വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. സദാനന്ദിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താനാണ് ചിലരുടെ നീക്കമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. നേതാക്കളെ പിന്തുണച്ച് എന്‍.സി.പി.യും രംഗത്തു വന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇതിലില്ലെന്ന് പറഞ്ഞ എന്‍.സി.പി. വക്താവ് ഡി.പി. യാദവ്, പൂര്‍ണ പട്ടേല്‍ ഒരു മെയില്‍ ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞു.

അതിനിടെ, മോഡിക്കെതിരെ കര്‍ക്കശനിലപാടായിരിക്കുമെന്ന സൂചനയാണ് ബി.സി.സി. ഐ. പ്രസിഡന്റ് ശശാങ്ക് മനോഹര്‍ നല്‍കിയത്. 26ന് നടക്കുന്ന യോഗം നിയമപരമല്ലെന്ന മോഡിയുടെ നിലപാട് ചോദ്യംചെയ്ത മനോഹര്‍ അദ്ദേഹമില്ലെങ്കിലും യോഗം ചേരുമെന്ന് മുംബൈയില്‍ വ്യക്തമാക്കി.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

കോണ്‍ഗ്രസിന്റെ ആസ്തി 340 കോടി

ന്യൂഡല്‍ഹി: അധികാരവും ആസ്തിയും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയരഹിതമായി തെളിയിക്കുന്നതായി 2007-08ലെ സ്വത്തുവിവരപ്രഖ്യാപനം. ആദായനികുതി നല്കിയതുമായി ബന്ധപ്പെട്ടാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ സ്വത്തുവിവരം വെളിപ്പെടുത്തിയത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് 340 കോടി രൂപയുടെ ആസ്തിയുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി.ക്ക് 177 കോടിയുടെ സ്വത്തുണ്ട്. സി.പി.എമ്മും ഏറെ പിറകിലല്ല -156 കോടി. ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിക്ക് 144ഉം ബി.എസ്.പി.ക്ക് 118ഉം കോടിയുടെ സ്വത്താണുള്ളത്.

1996-ല്‍ അധികാരത്തിനുപുറത്തായി 2004-ല്‍ തിരിച്ചെത്തിയതുമുതല്‍ കോണ്‍ഗ്രസ്സിന്റെ ആസ്തിയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2002-ല്‍ 65 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 2004-ല്‍ ഇത് 136 കോടിയായി. അപ്പോഴും ബി.ജെ.പി.ക്കു തന്നെയായിരുന്നു കൂടുതല്‍ സ്വത്ത് (155 കോടി). എന്നാല്‍ പിന്നീടങ്ങോട്ട് കോണ്‍ഗ്രസ്സിന്റെ ആസ്തിയില്‍ കുതിച്ചുചാട്ടമുണ്ടായി. 2006-ല്‍ 229 കോടിയും 2008-ല്‍ 340 കോടിയും. എന്‍.ഡി.എ.യുടെ സ്ഥിതി പരുങ്ങലിലായതോടെ ബി.ജെ.പി. പിന്നാക്കം പോയി.

അധികാരമില്ലെങ്കിലും യു.പി.യില്‍ ഇപ്പോഴും ശക്തമായ സ്വാധീനമുള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ്. അധികാരമേറാതെ ദീര്‍ഘനാള്‍ തുടര്‍ന്നാലേ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥിതി മാറിമറിയൂ. താരതമ്യേന മികച്ച ബാലന്‍സ് ഷീറ്റ് ഉണ്ടാക്കാന്‍ സി.പി.എമ്മിനു തുണയായതും കേരളത്തിലും ബംഗാളിലും 2007-ല്‍ നേടിയ വിജയമാവണം.

തിരഞ്ഞെടുപ്പ്, യോഗങ്ങള്‍, പ്രചാരണം എന്നിവയ്ക്കു മാത്രം 2007-08ല്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 110 കോടി രൂപയാണ്. മറ്റു പല പാര്‍ട്ടികളുടെയും ആകെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. സി.പി.എമ്മിന് 69 കോടിയും ബി.എസ്.പി.ക്കും എസ്.പി.ക്കും 79-ഉം 22-ഉം കോടി രൂപയുമാണ് വരുമാനം. ബി.ജെ.പി.ക്ക് ഇത് 120 കോടിയാണ്.

2007-08ല്‍, കോണ്‍ഗ്രസ്സിന്റെ വരുമാനത്തില്‍ 200 കോടിരൂപയും കൂപ്പണ്‍ വിറ്റും സംഭാവനയില്‍ നിന്നുമാണ്. അംഗത്വഫീസും സംഭാവനയും വഴിയുള്ള ബി.ജെ.പി. വരുമാനം 120 കോടിയാണ്.

ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുന്ന ബി.എസ്.പി. സംഭാവനയിലൂടെ 47 കോടിയും അംഗത്വവരിസംഖ്യയില്‍ നിന്ന് 20 കോടിയുമാണ് നേടിയത്. എന്നാല്‍ 20,000 രൂപയ്ക്കുമേലുള്ള സംഭാവനകള്‍ പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നാണ് ബി.എസ്.പി. നികുതി വകുപ്പിനെ അറിയിച്ചത്.

2007-08ല്‍ കോണ്‍ഗ്രസ്സിന്റെ ഓപ്പണിങ് ബാലന്‍സ് 271 കോടി രൂപയായിരുന്നു. ബി.ജെ.പി.യുടേത് 104 കോടി, ബി.എസ്.പി.- 68 കോടി, എസ്.പി.- 140 കോടി, സി.പി.എം.- 102 കോടി എന്നിങ്ങനെയാണ് കണക്ക്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത, സാമ്പത്തികം