Category Archives: വായ്പ

കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരുടെ കൈകളില്‍: സായ്‌നാഥ്


കോഴിക്കോട്: കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരില്‍ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മാഗ്സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായ്നാഥ്.

സൌത്ത് സോണ്‍ ഇന്‍ഷ്വറന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ‘ കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, ഭക്ഷ്യസുരക്ഷ’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സാധ്യമാക്കാനുള്ള നയങ്ങളാണ് സര്‍ക്കാരിന്റേത്. എന്നാല്‍, ഈനയംമൂലം കാര്‍ഷിക വായ്പയുടെ സിംഹഭാഗവും അംബാനിമാരിലേക്കാണ് എത്തുന്നത്. Continue reading

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, വായ്പ, വാര്‍ത്ത, സര്‍ക്കാര്‍, സാമ്പത്തികം

വായ്പ കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍.

ബാങ്കുകളുടെ പ്രധാന വരുമാനം വായ്പകള്‍ക്ക് ലഭിക്കുന്ന  പലിശയാണ്.  ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ പലിശ പോയിട്ട് മുതലും നഷ്ടമാകുന്ന സ്ഥിതി വന്നാലോ? മിക്ക ബാങ്കുകളും പൂട്ടിപോകുന്ന സ്ഥിതി വരും.  ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ലക്ഷക്കണക്കിന് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടും.  ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിന്  റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന പ്രുഡന്‍ഷ്യല്‍ നോംസ് എന്നറിയപ്പെടുന്ന  നിയന്ത്രണ സംവിധാനം  നോണ്‍  പെര്‍ഫോമിങ് അസറ്റ്സ്  അഥവാ തിരിച്ചടവുശേഷി നഷ്ടപ്പെട്ട ഉപയോഗ ശൂന്യമായ വായ്പകള്‍  തിരിച്ചറിഞ്ഞ്
നടപടികള്‍ എടുക്കാന്‍ ബാങ്കുകളെ സഹായിക്കുന്നു. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വായ്പ, വാര്‍ത്ത

സംസ്ഥാന സഹകരണ ബാങ്ക് കാര്‍ഷികവിള വായ്‌പ പലിശ കൂട്ടി

പാലക്കാട്: നബാര്‍ഡില്‍ നിന്നുള്ള കാര്‍ഷിക പുനര്‍വായ്പ മുടങ്ങിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സഹകരണബാങ്ക് കാര്‍ഷികവിളവായ്പയുടെ പലിശനിരക്ക് അരശതമാനം കൂട്ടി.

ജില്ലാ സഹകരണബാങ്കുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് കൂട്ടിയിരിക്കുന്നത്. ഇത് പ്രാഥമിക സഹകരണ സംഘങ്ങളെ സാമ്പത്തികപ്രതിസന്ധിയിലാക്കും. പുതിയ തീരുമാനം 2009 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് ഉത്തരവ്.

സംസ്ഥാന സഹകരണബാങ്കിന് ഓഹരിമൂലധനത്തെക്കാള്‍ കൂടുതല്‍ ബാധ്യതയുള്ളതിനാല്‍ നബാര്‍ഡ് കഴിഞ്ഞ സാമ്പത്തികവര്‍ഷംമുതല്‍ വായ്പപരിധി നിശ്ചയിച്ചിരുന്നില്ല. കൂടുതല്‍ കാര്‍ഷികവായ്പ നല്‍കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ പുനര്‍വായ്പ ആവശ്യപ്പെട്ടെങ്കിലും 2009-10 വര്‍ഷത്തേക്ക് സംസ്ഥാന സഹകരണബാങ്കിന് നബാര്‍ഡ് ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതോടെ കാര്‍ഷികവായ്പയ്ക്കുള്ള ഫണ്ട് സംസ്ഥാന സഹകരണബാങ്ക്തന്നെ കണ്ടെത്തേണ്ട സ്ഥിതിവന്നു.

കാര്‍ഷികവിളവായ്പ നല്‍കാന്‍ നബാര്‍ഡില്‍നിന്ന് സംസ്ഥാന സഹകരണബാങ്ക് വായ്പവാങ്ങി അഞ്ചരശതമാനം പലിശയ്ക്കാണ് ജില്ലാ സഹകരണബാങ്കുകള്‍ക്ക് നല്‍കിയിരുന്നത്. ജില്ലാബാങ്കുകള്‍ ഈ ഫണ്ട് ആറ് ശതമാനം പലിശയ്ക്ക് പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും സംഘങ്ങള്‍ കര്‍ഷകര്‍ക്ക് ഏഴുശതമാനം പലിശയ്ക്കും വായ്പ നല്‍കും. കര്‍ഷകരുടെ തിരിച്ചടവില്‍ കിട്ടുന്ന പലിശയില്‍ ഒരു ശതമാനം പ്രാഥമികസംഘങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്ക് അരശതമാനം പലിശകൂട്ടിയതോടെ ജില്ലാ ബാങ്ക് നിരക്ക് ആറരശതമാനമാക്കി. ഇതോടെ പ്രാഥമികസംഘങ്ങളുടെ ലാഭം അരശതമാനമായി കുറഞ്ഞു.

2010 ജൂണ്‍ 21നാണ് പലിശനിരക്ക് അരശതമാനം കൂട്ടിക്കൊണ്ടുള്ള ജില്ലാബാങ്കുകളുടെ സര്‍ക്കുലര്‍ ഇറങ്ങിയത്. ഒരുവര്‍ഷ കാലാവധിയില്‍ ഏഴുശതമാനം നിരക്കില്‍ പരമാവധി മൂന്നുലക്ഷംരൂപവരെയാണ് ഹ്രസ്വകാല കാര്‍ഷികവിളവായ്പകള്‍ നല്‍കുന്നത്. പാലക്കാട്ടെ ഓരോസംഘവും ചുരുങ്ങിയത് ഒന്നരക്കോടിവരെ ഈ വായ്പനല്‍കുന്നുണ്ട്.

കൂട്ടിയ പലിശ മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നതിനാല്‍ ഒരുവര്‍ഷത്തെ പലിശകൂടി അധികം നല്‍കേണ്ടിവരും.

പുതിയ തീരുമാനം തത്കാലം കര്‍ഷകരെ ബാധിക്കില്ലെങ്കിലും പ്രാഥമിക സഹകരണസംഘങ്ങളുടെ കാര്‍ഷിക വായ്പ നല്‍കലിനെ ബാധിച്ചേക്കും.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കേരളം, വായ്പ, വാര്‍ത്ത

ഓട്ടോ ഒതുക്കിയിട്ട് ബിനു നടന്നു, റെക്കോഡിലേക്ക്

കൊച്ചി: ജീവിതം ‘ബ്രേക്ക്ഡൗണാ’കാതിരിക്കാനാണ് ബിനു അത്‌ലറ്റായത്. പക്ഷേ, സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ പാതിവഴിക്കുവെച്ച് ട്രാക്കുപേക്ഷിക്കാനായിരുന്നു യോഗം. ഒരു യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ പെട്ടെന്നു സ്‌പോര്‍ട്‌സ് മതിയാക്കുന്നതു പുതുമയൊന്നുമല്ലാത്ത നാട്ടില്‍ ബിനുവര്‍ഗീസിന്റെ ‘നല്ല നടപ്പിനെ’ കേരളം എന്നേ മറന്നിരിക്കണം.

കീരമ്പാറ സ്റ്റാന്‍ഡില്‍ ഓട്ടോ ഒതുക്കിയിട്ടു ബിനു വീണ്ടും മത്സരിക്കാനിറങ്ങിയത് ഈ ചെറുപ്പക്കാരന്റെ കഴിവുകളറിയുന്ന ചിലരുടെ നിര്‍ബന്ധം കൊണ്ടു മാത്രം. തന്റെ ഇഷ്ടയിനമായ 20 കി.മീ. നടത്തത്തില്‍ മൂന്നു മാസം മുന്‍പ് എറണാകുളത്തെ മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന ഇന്റര്‍ക്ലബ്ബ് അത്‌ലറ്റിക്‌സിലായിരുന്നു ബിനുവിന്റെ തിരിച്ചുവരവ്. ഇക്കുറി സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്. രണ്ടാംവരവിലെ രണ്ടാം സ്വര്‍ണത്തിനിപ്പോള്‍ റെക്കോഡിന്റെ തിളക്കവും.

കൊച്ചിയില്‍ 53-ാമത് സംസ്ഥാന സീനിയര്‍ മീററിന്റെ ആദ്യയിനമായിരുന്ന പുരുഷന്മാരുടെ 20 കി.മീ നടത്തത്തില്‍ പുതിയ സംസ്ഥാന റെക്കോഡോടെയായിരുന്നു ശനിയാഴ്ച ബിനു ഒന്നാംസ്ഥാനത്തെത്തിയത്. ചെന്നൈ നാഷണല്‍സില്‍ ഈയിനത്തില്‍ കേരളത്തെ പ്രതിനിധീകരിക്കാനും ഈ കോതമംഗലത്തുകാരന്‍ യോഗ്യതനേടി.

കീരമ്പാറ അമ്പാനപ്പിള്ളി വര്‍ഗീസ്-ഏലമ്മ ദമ്പതിമാരുടെ മകനായ ബിനു കോതമംഗലം എം.എ. കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണു ശ്രദ്ധേയനായത്. 99-ലെ സര്‍വകലാശാലാ മീറ്റിലായിരുന്നു അരങ്ങേററം. അക്കൊല്ലം ഗ്വാളിയര്‍ ഇന്റര്‍വാഴ്‌സിറ്റി മീറ്റില്‍ എം.ജി.ക്കു വേണ്ടിയും മത്സരിച്ചു. പലവിധകാരണങ്ങളാല്‍ പിന്നീട് കരിയര്‍ മുന്നോട്ടു കൊണ്ടുപോകാനായില്ലെന്നു ബിനു പറയും.

പ്രീഡിഗ്രി കഴിഞ്ഞു പഠിപ്പുനിര്‍ത്തി. സ്വകാര്യ ബസ്സിലെ ക്ലീനറായും പൈനാപ്പിള്‍ ലോറി ഡ്രൈവറായും പിന്നീട് ഓട്ടോഓടിച്ചുമൊക്കെ ജീവിതം. ഇതിനിടയിലാണ് കോതമംഗലത്തു ചേലാട്ടെ പ്രോമിസ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ചേര്‍ന്നു പരിശീലനം തുടരാന്‍ കോച്ച് ജിമ്മി ജോസഫ് പ്രേരിപ്പിച്ചത്. അതു പുതിയ തുടക്കവുമായി.

തിരിച്ചുവരാനും വീണ്ടും വിജയിക്കാനുമെല്ലാം കോച്ച് തന്നെയാണു ശക്തിപകര്‍ന്നത്. ബിനുവിന് ഒരാഗ്രഹം കൂടിയുണ്ട്. ബാങ്ക് വായ്പയെടുത്തു വാങ്ങിയ തന്റെ ഓട്ടോയ്ക്ക് ഇനി ആശാന്റെ (കോച്ച്) പേരിടണം.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വായ്പ, വാര്‍ത്ത

8-8-07 ലെ വാര്‍ത്ത്തകള്‍

മാമൂലുകള്‍’ പഴങ്കഥ; വാളയാര്‍ ഇനി അഴിമതിരഹിതം
പാലക്കാട്:
മാമൂലുകളും അഴിമതിയുംകൊണ്ട് കുപ്രസിദ്ധമായ വാളയാര്‍ ചെക്ക്പോസ്റ്റിന് കാര്യക്ഷമതയുടെയും, കൃത്യനിര്‍വഹണത്തിന്റെയും പുതിയ മുഖം നല്‍കുന്ന ജനകീയപങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് തുടക്കമായി. അഴിമതിരഹിത വാളയാര്‍ ക്യാമ്പയിന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. ഇത് പുതിയ പരീക്ഷണമാണ്. നികുതി ഉയര്‍ത്താതെ, കാര്യക്ഷമതകൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇനിമുതല്‍ മാമൂലടക്കമുള്ള അഴിമതികളുണ്ടാവില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അധ്യക്ഷപ്രസംഗത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലും ഇനിമുതല്‍ മാമൂല്‍ സമ്പ്രദായം ഉണ്ടാവില്ലെന്ന് ഗതാഗതമന്ത്രി മാത്യു ടി തോമസും പ്രഖ്യാപിച്ചു.ശുദ്ധിയുടെ കേളികൊട്ട്:
അഴിമതിരഹിത വാളയാര്‍ ക്യാമ്പയിന്‍
ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ
ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വാണിജ്യ വില്‍പ്പന നികുതി
ഓഫീസിലേക്ക് സ്വീകരിച്ചാനയിക്കുന്നു. ഗതാഗതമന്ത്രി മാത്യുസ ടി
തോമസ്, എന്‍ എന്‍ കൃഷ്ണദാസ് എംപി, ഡെപ്യൂട്ടി സ്പീക്കര്‍
ജോസ്ബേബി, കെ കെ ദിവാകരന്‍ എംഎല്‍എ എന്നിവര്‍ സമീപം

ഇടനിലക്കാരും ഗുണ്ടകളും വാണിരുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന ചെക്ക്പോസ്റ്റിന് ഇനി അവ പഴങ്കഥകളാകും. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഇടപെടലുകളും ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുംമൂലമുണ്ടാകുന്ന ഈ മാറ്റം സംസ്ഥാനത്തിനും ഏറെ നേട്ടങ്ങള്‍ നല്‍കും.

ക്ളിയറിങ്ങിനായി മണിക്കൂറുകളോ, ചിലപ്പോള്‍ ദിവസങ്ങളോ കാത്തിരിക്കുന്നതുമൂലം ട്രക്ക് മുതലാളിമാരും തൊഴിലാളികളുംകേരളത്തിലേക്കുള്ള ചരക്കുഗതാഗതം നിര്‍ത്തുന്നതടക്കം ആലോചിച്ചിരുന്നു. കൂടാതെ ഇവിടെയുണ്ടാകുന്ന ഗതാഗതകുരുക്ക് ദേശീയപാതയിലെ യാത്രയെയും അലങ്കോലമാക്കിയിരുന്നു. പുതിയ സംവിധാനത്തിലൂടെ ശരിയായ രേഖകളുണ്ടെങ്കില്‍ 15 മിനിറ്റിനകം വാഹനങ്ങളെ കടത്തിവിടും.

മൂന്നുവര്‍ഷംകൊണ്ട് രാജ്യത്തെ ഏറ്റവും ആധുനിക ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റാക്കി വാളയാറിനെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് ഏകജാലകസംവിധാനം, ആധുനിക സ്കാനറുകള്‍, വേബ്രിഡ്ജുകള്‍ എന്നിവ ഒരുക്കും.

 

ഇത് പുതിയ പരീക്ഷണം: മുഖ്യമന്ത്രി
പാലക്കാട്:
വാളയാറില്‍ നടക്കുന്നത് പുതിയ പരീക്ഷണമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സോഷ്യല്‍ ഓഡിറ്റിങും മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലും അഴിമതി കുറയ്ക്കാന്‍ സഹായിക്കും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വാളയാറിലടക്കം അഴിമതി കുറഞ്ഞിട്ടുണ്ട്. ധനമന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തിപരമായി നടത്തിയ ഇടപെടലുകളാണ് വാളയാറിലെ മാറ്റത്തിനു പിന്നിലെന്നും ‘അഴിമതി രഹിത വാളയാര്‍ പദ്ധതി’ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാരി വ്യവസായികളോടുള്ള സൌഹാര്‍ദപൂര്‍ണ സമീപനവും നികുതിപിരിവിലുള്ള കര്‍ശനനിലപാടും കാരണം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം നികുതി വരുമാനത്തില്‍ വന്‍വര്‍ധന ഉണ്ടായി. നികുതി ഉയര്‍ത്താതെ, കാര്യക്ഷമതകൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെല്‍പ്പ്ഡെസ്ക്ക് സംവിധാനം ഗതാഗതമന്ത്രി മാത്യു ടി തോമസും രേഖകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്കുള്ള കിറ്റുകള്‍ എന്‍ എന്‍ കൃഷ്ണദാസ് എംപി വിതരണം ചെയ്തു. എംഎല്‍എമാരായ കെ കെ ദിവാകരന്‍, കെ എസ് സലീഖ, സി പി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, കലക്ടര്‍ കെ എസ് ശ്രീനിവാസ്, നികുതിസെക്രട്ടറി മാരാപാണ്ഡ്യന്‍, എഡിജിപി കെ എസ് ജാങ്പാംഗി, പൊലീസ് സൂപ്രണ്ട് വിജയ് സാഖറെ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, ജോബി വി ചുങ്കത്ത് എന്നിവര്‍ സംസാരിച്ചു. വാണിജ്യനികുതി കമീഷണര്‍ പോള്‍ ആന്റണി സ്വാഗതവും കെ മുരളീധരന്‍ നന്ദിയും പറഞ്ഞു. ഈശ്വരന്‍ നമ്പൂതിരി സ്വാഗതഗാനം ആലപിച്ചു.

 

വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇനി ‘മാമൂല്‍’ ഇല്ല: ധനമന്ത്രി
പാലക്കാട്: ‘വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഇനി മാമൂലുകള്‍ ഉണ്ടാകുമോ’ ധനമന്ത്രി തോമസ് ഐസക്ക് ചോദിച്ചു.

‘ഇല്ല….’ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പറഞ്ഞു.

‘കുറച്ചുകൂടി ഉറക്കെ. നിങ്ങളുടെ ശബ്ദം നാടറിയട്ടെ’ മന്ത്രി പ്രോല്‍സാഹിപ്പിച്ചു.

ഇതോടെ ബി ആര്‍ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉറക്കെ പ്രഖ്യാപിച്ചു; ‘വാളയാറില്‍ ഇനി മാമൂലുകള്‍ ഇല്ലേയില്ല’.

അഴിമതിരഹിത വാളയാര്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇനിമുതല്‍ മാമൂലടക്കമുള്ള അഴിമതികളുണ്ടാവില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അധ്യക്ഷപ്രസംഗത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

ആദ്യആഴ്ചയില്‍ മാമൂലുകള്‍ തിരിച്ചു നല്‍കും. പുതിയ നടപടിയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതു കഴിഞ്ഞാല്‍ മാമൂല്‍ നല്‍കുന്നവരെ പൊലീസില്‍ ഏല്‍പ്പിക്കും. ഇടത്തട്ടുകാരേയും ഗുണ്ടകളേയും കര്‍ശനമായി ഒതുക്കും. ജീവനക്കാര്‍ക്ക് താമസ സൌകര്യമടക്കമുള്ളവ നല്‍കും. ക്വാര്‍ട്ടേഴ്സുകള്‍ പുതുക്കാന്‍ 28 ലക്ഷം രൂപ വിനിയോഗിക്കും.

മൂന്നുവര്‍ഷംകൊണ്ട് രാജ്യത്തെ ഏറ്റവും ആധുനിക ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റാക്കി വാളയാറിനെ മാറ്റും. മലബാര്‍ സിമന്റ്സ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെഇവിടം വൈദ്യുതീകരിക്കും. മൂന്നുമാസത്തിനകം പുതിയ ട്രാക്ക് നിര്‍മിക്കും. മഴക്കാലം കഴിഞ്ഞാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലും ഇനി മുതല്‍ മാമൂല്‍ സമ്പ്രദായം ഉണ്ടാവില്ലെന്ന് ഗതാഗതമന്ത്രി മാത്യു ടി തോമസ്. അഴിമതിരഹിത വാളയാര്‍ പദ്ധതിയുടെ ഉദ്ഘാടനവേദിയില്‍ ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വാളയാറിലെ വില്‍പ്പന നികുതി വകുപ്പില്‍ മാമൂലുകളും അഴിമതികളും ഇല്ലെന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിക്കുമ്പോള്‍ ഗതാഗതമന്ത്രിയെന്ന നിലയില്‍ ഒന്നും പറയാതെ പോകാനാവില്ല. രണ്ടാമത്തെ പ്രധാനവകുപ്പാണ് മോട്ടോര്‍ വാഹനവകുപ്പ്. വാളയാറിനെക്കുറിച്ചുള്ള കുപ്രസിദ്ധിയില്‍ തന്റെ വകുപ്പിനും പങ്കുണ്ട്. അത് പരിഹരിക്കുകയാണ്.

ആര്‍ഡിഒ ഓഫീസുകളിലേ പോലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കംപ്യൂട്ടര്‍ സംവിധാനമൊരുക്കും. ഉദ്യോഗസ്ഥര്‍ സ്വയം അഴിമതിമുക്തരായില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി

******************************************************

കാലവര്‍ഷക്കെടുതി: കേന്ദ്രം നല്‍കിയത് 35 കോടി മാത്രം

ന്യൂദല്‍ഹി: കാലവര്‍ഷക്കെടുതി നേരിടാന്‍ ദുരിതാശ്വാസ കരുതല്‍നിധിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ചത് 35.35 കോടി മാത്രം. 50 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ട് നിവേദനം നല്‍കിയ ശേഷം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. കേന്ദ്രത്തില്‍നിന്ന് ഈ തുക ലഭിച്ചത് തങ്ങളുടെ നേട്ടമാണെന്ന മട്ടില്‍ സി.പി.എമ്മും കോണ്‍ഗ്രസും അവകാശത്തര്‍ക്കം നടത്തിവരുമ്പോഴാണ് ‘തര്‍ക്കസംഖ്യ’യില്‍ 15 കോടിയോളം ഇല്ലാതെ പോയത്.

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് അര്‍ഹമായ സഹായം നല്‍കാത്ത കേന്ദ്രസമീപനത്തില്‍ പ്രതിഷേധിച്ച് 20ന് ദല്‍ഹിയില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്താന്‍ പോകുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ കാലവര്‍ഷക്കെടുതിയുടെ വിശദാംശങ്ങള്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ അഭ്യര്‍ഥനപ്രകാരം പ്രകൃതിക്ഷോഭ കരുതല്‍ നിധിയില്‍നിന്ന് 35.35 കോടി രൂപ അനുവദിച്ചിട്ടുള്ളതായി ഈ വിശദീകരണത്തില്‍ പറയുന്നു.

കടപ്പാട്‌: മാധ്യമം

******************************************************

വികലാംഗര്‍ക്കും അയല്‍ക്കൂട്ടവും തൊഴില്‍ പദ്ധതിയും

തിരുവനന്തപുരം: വൈകല്യമുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് രൂപം നല്‍കുന്നു.
ദേശീയ വികലാംഗ കോര്‍പ്പറേഷന്‍ ഫണ്ടുപയോഗിച്ച് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണിത്. ഒരേ തരം വൈകല്യമുള്ളവരെ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയാണ് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നത്.
പത്ത് പേരുള്ള ഒരു ഗ്രൂപ്പില്‍ ഏഴ് പേര്‍ വികലാംഗരാണ്. ഇവരെ സഹായിക്കാന്‍ വൈകല്യമില്ലാത്ത മൂന്നുപേരെയും ഉള്‍പ്പെടുത്തും.
വീടുകളിലാണ് തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നത്. ബുക് ബയന്റിംഗ്, മുയല്‍ വളര്‍ത്തല്‍ എന്നീ യൂണിറ്റുകളാണ് ഇപ്പോള്‍ വികലാംഗ കോര്‍പ്പറേഷന്റെ പരി ഗണനയിലുള്ളത്. ഗ്രൂപ്പുകള്‍ക്കും പദ്ധതികള്‍ സമര്‍പ്പിക്കാം. മുയല്‍ വളര്‍ത്തലിനായി എം.പി ഐയുമായി കോര്‍പ്പറേഷന്‍ ധാരണാപത്രം ഒപ്പിട്ടു.
ഒരു വ്യക്തിക്ക് 25,000 രൂപയും പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 2.5 ലക്ഷം വരെയും 25 പേരുടെ ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെയും വായ്പ നല്‍കും. നാല് ശതമാനമാണ് പലിശ. പഞ്ചായത്തുകള്‍ സബ്സിഡിയും നല്‍കും. സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കാനായി നബാര്‍ഡിന്റെ സഹകരണം തേടുന്നുണ്ട്.
വിവിധ സ്ഥലങ്ങളില്‍ നിന്നായി 15 ഗ്രൂപ്പുകള്‍ അയല്‍ക്കൂട്ടം രൂപീകരിക്കാന്‍ അപേക്ഷ നല്‍കിയതായി വികലാംഗ കോര്‍പ്പറേഷന്‍ എം.ഡി എലിസബത്ത് റൊസാരിയോ പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി

******************************************************

ഭക്ഷ്യയെണ്ണ, കുരുമുളക്, റബര്‍ഇറക്കുമതി കൂടിയതില്‍ ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദുര്‍ബല ഉല്‍പന്നപ്പട്ടികയിലുള്ള കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതി ഉദാര ഇറക്കുമതി നയങ്ങള്‍ കാരണം വന്‍തോതില്‍ വര്‍ധിച്ചത് ആഭ്യന്തര വിപണിയില്‍ ആശങ്ക ഉളവാക്കുന്നു. കുരുമുളകിന്റെ ഇറക്കുമതി 139% വര്‍ധിച്ചപ്പോള്‍ വെളിച്ചെണ്ണയ്ക്കു ഭീഷണി ഉയര്‍ത്തുന്ന സംസ്കരിച്ച ഭക്ഷ്യയെണ്ണകളുടെ കാര്യത്തില്‍ 31 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായതെന്നു വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു.

റബറിന്റെ ഇറക്കുമതിയില്‍ 37.4 ശതമാനമാണു വര്‍ധന.ഇറക്കുമതി വര്‍ധിച്ചിട്ടും ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതി തീരുവ ഈയിടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചിരുന്നു. വിലക്കൂടുതലില്‍നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണു തീരുവ കുറച്ചതെന്നാണു സര്‍ക്കാര്‍ ഭാഷ്യമെങ്കിലും വെളിച്ചെണ്ണയ്ക്കു ഭീഷണിയാണു നടപടി. ഭക്ഷ്യയെണ്ണകളുടെ വിലയില്‍ കിലോയ്ക്കു നാലുരൂപവരെ വില കുറയുമെന്നാണു കണക്കാക്കുന്നത്.

ഇറക്കുമതി വീണ്ടും വര്‍ധിക്കുന്നതോടെ ഭീഷണിക്കു വീണ്ടും ആക്കം കൂടും.അസംസ്കൃത ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതിയിലും വര്‍ധനയുണ്ടായി – 15.7%. അസംസ്കൃത പാമോയിലിന്റെയും അതിന്റെ ഘടകങ്ങളുടെയും ഇറക്കുമതി വര്‍ധിച്ചതുകൊണ്ടാണ് (28%) ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതി വര്‍ധനയുണ്ടായതെന്നു മന്ത്രാലയം വ്യക്തമാക്കി. വെളിച്ചെണ്ണയ്ക്കു ഭീഷണിയാവുന്നതും ഇതുതന്നെ.സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി വര്‍ധനകൊണ്ട് ആശങ്കയ്ക്ക് ആവശ്യമില്ലെന്നു കേന്ദ്ര വാണിജ്യ സഹമന്ത്രി ജയ്റാം രമേശ് വ്യക്തമാക്കുന്നുണ്ട്.

ഇറക്കുമതി വര്‍ധനയെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പൈസസ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അറിയിച്ചതു ‘മനോരമ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുരുമുളകിന്റെ ഇറക്കുമതിയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടും മൊത്തം സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യത്തില്‍ ഇറക്കുമതി (1.4%) കുറഞ്ഞുവെന്നു സ്ഥാപിക്കാനായിരുന്നു മന്ത്രാലയത്തിന്റെ ശ്രമം. മൊത്തം ഇറക്കുമതിയില്‍ കുരുമുളകിന് ഏഴു ശതമാനമുണ്ടായിരുന്നതു 17 ആയപ്പോഴാണിത്.

ഈ വര്‍ഷം ഏപ്രില്‍ – ജൂണ്‍ കാലഘട്ടത്തില്‍ ദുര്‍ബല ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 506 കോടി രൂപയുടെ വര്‍ധനയാണുണ്ടായത് – 11.6% വര്‍ധന. മൊത്തം ഇറക്കുമതിയില്‍ 40,333 കോടി രൂപയുടെ വര്‍ധനയുണ്ടായി.

കറ്റപ്പാട്‌: മനോരമ

******************************************************

ഉറപ്പ് ജലരേഖയായി; പാസഞ്ചര്‍ യാത്രാക്കാര്‍ക്ക് ദുരിതം തന്നെ

കൊച്ചി: പാസഞ്ചര്‍ ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാന്‍ ബോഗികളുടെ എണ്ണം കൂട്ടുമെന്ന റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ ഉറപ്പു ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും മിക്ക പാസഞ്ചര്‍ ട്രെയിനുകളിലും ബോഗികളുടെ എണ്ണം കൂട്ടിയില്ല. ഇതുമൂലം പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം തുടരുന്നു.

രാവിലെയും വൈകുന്നേരവുമുള്ള പാസഞ്ചറുകളില്‍ ജനം തിരക്കുമൂലം ശ്വാസംമുട്ടിയാണ് യാത്രചെയ്യുന്നത്. വൈകിട്ടുള്ള പാസഞ്ചറിലാണ് തിരക്കേറെയും. ചിലപ്പോള്‍ തിരക്കുമൂലം പെണ്‍കുട്ടികളടക്കമുള്ളവര്‍ ബോധം കെട്ടുവീഴന്നതും സ്ഥിരം കാഴ്ചയാണ്. ബോഗികളടെ എണ്ണം കൂട്ടുമെന്നു പ്രഖ്യാപനമുണ്ടായി ഒരു മാസം കഴിഞ്ഞപ്പോഴത്തെ അവസ്ഥയാണിത്. വൈകുന്നേറം ആറിന് എറണാകുളത്തുനിന്നു കായംകുളത്തേക്കു പുറപ്പെടുന്ന പാസഞ്ചറില്‍ ഓരോ ബോഗിയിലും നാന്നൂരിലേറെ പേരാണ് യാത്രചെയ്യുന്നത്. നൂറോളം പേര്‍ക്ക് യാത്രചെയ്യാവുന്ന ബോഗികളിലാണ് ഇത്രയും പേര്‍ കയറേണ്ടി വരുന്നത്. മഴയുള്ള ദിവസങ്ങളില്‍ ജനാലകള്‍ അടച്ചിടുമ്പോള്‍ ശ്വാസം മുട്ടാറുണ്െടന്ന് യാത്രക്കാര്‍ പറയുന്നു.

തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ട്രെയിനില്‍ കുറേപ്പേര്‍ അപകടകരമാം വിധം തൂങ്ങിക്കിടന്നാണ് യാത്ര ചെയ്യുന്നത്. നിന്നു തിരിയാന്‍ മാത്രമല്ല നേരെ ചൊവ്വെ ശ്വസിക്കാന്‍ പോലും പറ്റാത്തത്ര തിങ്ങിനിറഞ്ഞാണ് ജനം ഇതില്‍ യാത്രചെയ്യുന്നത്. സ്ത്രീകള്‍ക്കായുള്ള കമ്പാര്‍ട്ടുമെന്റുകള്‍ നിറഞ്ഞുകവിയുന്നതു മൂലം വൈ കി യെ ത്തുന്ന ചില സ്ത്രീകള്‍ക്ക് ജനറല്‍മ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യേണ്ടി വരുന്നതും പതിവാണ്. ഒട്ടേറെ യാതനകള്‍ സഹിച്ചാണ് തങ്ങള്‍ ഇങ്ങനെ യാത്ര ചെയ്യുന്നതെന്നു സ്ത്രീ യാത്രക്കാര്‍ പറയുന്നു. ടോയ്ലറ്റുകളില്‍പ്പോലും അഞ്ചും ആറും പേര്‍ കയറി നിറഞ്ഞു കവിഞ്ഞാണ് യാത്ര ചെയ്യുന്നത്.

സ്ഥിരം ട്രെയിനില്‍ യാത്ര ചെയ്യുന്നതവര്‍ പലരും തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. ബസില്‍ യാത്ര ചെയ്ത് ജോലിക്കെത്തിയാല്‍ ഇവരില്‍ പലര്‍ക്കും കിട്ടുന്ന ശമ്പളം ബസ് കൂലിക്കു മാത്രമേ ഉണ്ടാവൂ എന്നതാണ് അവസ്ഥ. അതിനാല്‍ യാതനകള്‍ സഹിച്ചും പലരും പാസഞ്ചറില്‍ യാത്ര തുടരുകയാണ്.

കടപ്പാട്‌: ദീപിക

******************************************************

റോഡ് അറ്റകുറ്റപ്പണി: ധനവകുപ്പിന്റെ ഉടക്ക് അവഗണിച്ച് മരാമത്തുവകുപ്പ് ടെന്‍ഡര്‍ വിളിച്ചു
തിരുവനന്തപുരം: ധനമന്ത്രാലയത്തിന്റെ എതിര്‍പ്പവഗണിച്ച് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്തു വകുപ്പ് സംസ്ഥാന വ്യാപകമായി ടെന്‍ഡര്‍ ക്ഷണിച്ചു. ഏകദേശം 338 കോടി രൂപയുടെ പണികള്‍ക്കാണ് ടെന്‍ഡര്‍. മന്ത്രിസഭയുടെയോ ധനമന്ത്രാലയത്തിന്റെയോ അംഗീകാരമില്ലാതെ ടെന്‍ഡര്‍ വിളിച്ചതോടെ ധനകാര്യവകുപ്പും മരാമത്തു വകുപ്പും തമ്മില്‍ ശീതസമരം രൂക്ഷമായി.

ഇന്നലെയാണ് ടെന്‍ഡര്‍ ക്ഷണിച്ചു തുടങ്ങിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം പണി ആരംഭിക്കാനാണ് മരാമത്തു വകുപ്പിന്റെ തീരുമാനം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് ധനമന്ത്രിയോട് മന്ത്രി ടി.യു.കുരുവിള ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ടി.യു.കുരുവിള അവതരിപ്പിച്ച നിര്‍ദേശത്തെ ധനവകുപ്പ് എതിര്‍ത്തു. തുടര്‍ന്ന് മെയിന്റനന്‍സ് ഫണ്ടില്‍നിന്ന് 328 ലക്ഷം രൂപ അനുവദിച്ചു. ഈ തുക അപര്യാപ്തമാണെന്നു മരാമത്തുവകുപ്പ് വാദിച്ചെങ്കിലും ധനമന്ത്രാലയം വഴങ്ങിയില്ല. അറ്റകുറ്റപ്പണിക്കായി 50 കോടി രൂപയെങ്കിലും അടിയന്തരമായി നല്‍കണമെന്ന നിര്‍ദേശത്തോടും ധനമന്ത്രാലയം അനുകൂലമായി പ്രതികരിച്ചില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു ധനവകുപ്പിന്റെ പ്രതികരണം. പദ്ധതിച്ചെലവു പോലും വെട്ടിക്കുറയ്ക്കേണ്ട സാഹചര്യമാണുള്ളത്. കാലവര്‍ഷക്കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി വിഹിതത്തില്‍നിന്നാണ് ചെലവഴിച്ചത്. അറ്റകുറ്റപ്പണിക്കായി കൂടുതല്‍ തുക കടമെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയതോടെ ധനവകുപ്പിന്റെ അംഗീകാരവും അനുമതിയുമില്ലാതെ ടെന്‍ഡര്‍ ക്ഷണിക്കാന്‍ മരാമത്തുവകുപ്പ് തീരുമാനിക്കുകയായിരുന്നു.      മരാമത്തുമന്ത്രി ടി.യു.കുരുവിള നേരിട്ട് ഉദ്യോഗസ്ഥരുടെ മേഖലായോഗങ്ങള്‍ വിളിച്ചു ചേര്‍ത്താണ് ടെന്‍ഡര്‍ ക്ഷണിക്കാന്‍ നിര്‍ദേശം നല്‍കിയത്. പരമാവധി നാലുദിവസത്തിനകം നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്ന മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇന്നലെ മുതല്‍ ടെന്‍ഡര്‍ ക്ഷണിച്ചു തുടങ്ങിയത്. പണി പൂര്‍ത്തിയായ ശേഷം ചെലവായ തുക ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയെന്നതാണു തന്ത്രം.

അഞ്ചുവര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണി കരാറുകാരന്റെ ഉത്തരവാദിത്വത്തിലാക്കുന്ന ‘ഹെവി മെയിന്റനന്‍സ്’ പദ്ധയില്‍പ്പെടുത്തിയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.

കടപ്പാട്‌: മംഗളം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, മാധ്യമം, വായ്പ, സാമ്പത്തികം

28-7-07 ലെ വാര്‍ത്തകള്‍

ക്ഷീരകര്‍ഷക പെന്‍ഷന്‍: നിയമം വിനയാകുന്നു

  ചേര്‍ത്തല: അറുപതു വയസ്സു പൂര്‍ത്തിയായവര്‍ക്ക് അഞ്ചു വര്‍ഷം കഴിയാതെ പെന്‍ഷന്‍ ലഭിക്കില്ലെന്ന ക്ഷേമനിധി നിയമം ക്ഷീരകര്‍ഷകര്‍ക്കു വിനയാവുന്നു.

ക്ഷീരകര്‍ഷകരുടെ ദീര്‍ഘനാളത്തെ മുറവിളിയെ തുടര്‍ന്നു 2005ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ക്ഷീരകര്‍ഷക ക്ഷേമനിധി ഓര്‍ഡിനന്‍സിലെ കര്‍ഷകദ്രോഹ നിയമങ്ങള്‍ ബില്ലാകുമ്പോള്‍ മാറ്റം വരുത്തുമെന്നു പറഞ്ഞിരുന്നു.

എന്നാല്‍, നിയമസഭ പാസാക്കിയ ബില്ലിലും മാറ്റങ്ങളുണ്ടായില്ല. പെന്‍ഷന് അര്‍ഹത നിശ്ചയിക്കുന്നതിനു ക്ഷേമനിധിയില്‍ അംഗമായതിനുശേഷം അഞ്ചുവര്‍ഷം 500 ലിറ്റര്‍ പാല്‍ വീതം അളക്കുകയും 60 വയസ്സു പൂര്‍ത്തിയാവുകയും വേണമെന്നാണു വ്യവസ്ഥ. ഇതുപ്രകാരം നിലവില്‍ 60 വയസ്സു പൂര്‍ത്തിയായവര്‍ക്കും അഞ്ചു വര്‍ഷം കഴിഞ്ഞേ പെന്‍ഷന്‍ ലഭിക്കൂ.

മറ്റെല്ലാ ക്ഷേമനിധികളിലും ഗുണഭോക്തൃവിഹിതത്തിനു തുല്യമായ തുക സര്‍ക്കാരില്‍നിന്നു ക്ഷേമനിധിയിലേക്ക് അടയ്ക്കുമ്പോള്‍ ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അടയ്ക്കുന്ന തുക പൂര്‍ണമായും കര്‍ഷകന്റേതു മാത്രമാണ്. കര്‍ഷകന്‍ അടയ്ക്കുന്നതും സംഘവും മില്‍മയും അടയ്ക്കുന്നതുമെല്ലാം കര്‍ഷകന്‍ സംഘത്തില്‍ നല്‍കുന്ന പാലിന്റെ വിലയില്‍ നിന്നുള്ളതാണെന്നു കഞ്ഞിക്കുഴി ബ്ലോക്കിലെ പ്രാഥമിക ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റുമാര്‍ സംയുക്തമായി മന്ത്രി ദിവാകരനു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ഷങ്ങളായി തുടര്‍ച്ചയായി സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകന് ഈ വര്‍ഷം മാത്രം 500 ലിറ്റര്‍ അളക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അംഗത്വം നിഷേധിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. മറ്റൊരു പെന്‍ഷന്‍ പദ്ധതിയിലും ഗുണഭോക്താവ് അംശാദായം അടയ്ക്കുന്നില്ല.

പക്ഷേ, ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ ക്ഷീരകര്‍ഷകന്റെ അംശാദായം പിടിക്കുന്നുണ്ട്. പെന്‍ഷന് അര്‍ഹരാകുന്ന കര്‍ഷകര്‍ക്കു റിട്ടയര്‍മെന്റ് ആനുകൂല്യമായി കുറഞ്ഞത് 10,000 രൂപയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം.

കടപ്പാട്‌: മനോരമ

******************************************************

സഹകരണമേഖലയെ നശിപ്പിക്കരുത്: ഇന്‍ഫാം

കൊച്ചി: സഹകരണമേഖലയെ പുനരുദ്ധരിക്കുന്നതിനും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും തയാറാകണമെന്ന് ഇന്‍ഫാം ദേശീയട്രസ്റ്റി ഡോ.എം.സി ജോര്‍ജ് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് മൂന്നിനു തലശേരിയില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതി ഈ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡ് നല്‍കുന്ന കുറഞ്ഞ പലിശയുള്ള കാര്‍ഷികവായ്പ ഏതാനും ജില്ലാസഹകരണബാങ്കുകള്‍ക്ക് നിഷേധിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. സമാന്തര വായനശാലകള്‍ തുടങ്ങാനുള്ള നീക്കം അഴിമതി ലക്ഷ്യം വച്ചാണെന്നും അദ്ദേഹം ആരോപിച്ചു.

കടപ്പാട്‌; ദീപിക

******************************************************

ഭൂസമരം: ആന്ധ്രയില്‍ ഇന്ന് ബന്ദ്


ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടി നടത്തിവരുന്ന സമരം കൂടുതല്‍ ശക്തിയാര്‍ജിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി ബി വി രാഘവുലുവും സിപിഐ സെക്രട്ടറിയുമടക്കം പത്തുപേര്‍ ഏഴുദിവസമായി ഹൈദരാബാദിലെ ഇന്ദിരാ പാര്‍ക്കിനു സമീപം നിരാഹാരസമരത്തിലാണ്. സംസ്ഥാനസര്‍ക്കാര്‍ നിയമിച്ച രംഗറാവു കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്ന് സിപിഐ എം-സിപിഐ എംഎല്‍എമാര്‍ സഭയില്‍ ആവശ്യമുന്നയിച്ചെങ്കിലും അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച സമരപ്പന്തലില്‍നിന്ന് ആരംഭിച്ച എംഎല്‍എമാരുടെ പദയാത്ര നിയമസഭയില്‍ അവസാനിച്ചു. ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചെങ്കിലും ആവശ്യം കോണ്‍ഗ്രസ് സര്‍ക്കാര്‍ നിഷേധിച്ചു. തുടര്‍ന്ന് ശനിയാഴ്ച ബന്ദിന് ആഹ്വാനംചെയ്യുകയായിരുന്നു.

സംസ്ഥാനത്ത് വിവിധ കലക്ടറേറ്റുകള്‍ക്കുമുന്നില്‍ റാലിയും ധര്‍ണയും നടന്നു. അനേകംപേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ആറായിരത്തില്‍പ്പരം പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു.

ആന്ധ്രപ്രദേശ് ബന്ദിന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ടിആര്‍എസിന്റെ നേതാക്കളും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ചില നേതാക്കളും സമരപ്പന്തലില്‍ച്ചെന്ന് പിന്തുണ പ്രഖ്യാപിച്ചു.

കടപ്പാട്‌: ദേശാഭിമാനി

******************************************************

സര്‍ക്കാര്‍ റസ്റ്റ് ഹൌസ് മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫുകള്‍ കൈയേറി: മുറികള്‍ കൈയേറി അഴിമതിപ്പിരിവ്; എതിര്‍ത്ത മാനേജരെ സ്ഥലം മാറ്റി

തിരുവനന്തപുരം: അനധികൃതമായി സര്‍ക്കാര്‍ മുറി കൈയേറി താമസിച്ച് മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് കോടികളുടെ അഴിമതിപ്പിരിവ് നടത്തുന്നു. പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിളയുടെ പഴ്സണല്‍ സ്റ്റാഫാണ് പ്രധാനമായും മുറി കൈയേറി ‘പിരിവി’നുള്ള വേദിയായി സര്‍ക്കാര്‍ റസ്റ്റ് ഹൌസിനെ മാറ്റിയത്.

ഇയാളുടെ മുറി കേന്ദ്രീകരിച്ച് പൊതുമരാമത്ത് വകുപ്പിലെ ഇടനിലപ്പിരിവ് ശക്തമായി തുടരുകയാണ്. ഇതു ചോദ്യം ചെയ്ത റസ്റ്റ് ഹൌസ് മാനേജരെ മന്ത്രി കുരുവിള നേരിട്ടിടപെട്ട് സ്ഥാനത്തു നിന്നു മാറ്റി. തലസ്ഥാനത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൌസിലെ 14-ാം നമ്പര്‍ മുറിയാണ് ഒരു വര്‍ഷമായി കൈയേറിയത്. ഇതോടൊപ്പം തന്നെ റസ്റ്റ് ഹൌസിലെ ഏഴാം നമ്പര്‍ മുറിയും കൈയേറിയിട്ടുണ്ട്.

മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാനാണ് ഈ മുറിയിലുള്ളത്. ഇതുവരെ ഒരു പൈസപോലും മുറി വാടകയിനത്തില്‍ നല്‍കിയിട്ടില്ല. 14 -ാം നമ്പര്‍ മുറി കേന്ദ്രീകരിച്ചാണ് മരാമത്ത് വകുപ്പിലെ ഇടപാടുകള്‍ നടക്കുന്നത്. രാവിലെ മുതല്‍ തന്നെ ഈ മുറിയില്‍ കോണ്‍ട്രാക്ടര്‍മാരുടെ തിരക്കാണ്.

കുരുവിളയുടെ പാര്‍ട്ടി നേതാക്കളാണ് ഇടപാടുകള്‍ക്ക് മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നതെന്നും ‘മംഗളം’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മന്ത്രിയുടെ പി.എ നിര്‍ദ്ദേശിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ മുറി നല്‍കുകയാണു ചെയ്യുന്നത്.

രാത്രിയായിക്കഴിഞ്ഞാല്‍ മദ്യപിക്കാനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വേദിയായി റസ്റ്റ് ഹൌസ് മാറുകയാണ്. റസ്റ്റുഹൌസിലെ ചില ജീവനക്കാരും ഇതില്‍ പങ്കാളികളാണ്.

ഇതിനു കൂട്ടുനിന്നതിന് സുരേഷ് എന്ന ദിവസക്കൂലി ജീവനക്കാരനെ റസ്റ്റുഹൌസ് മാനേജര്‍ പുറത്താക്കുകയും ചെയ്തു.

കൂടാതെ വാടക നല്‍കാതെറസ്റ്റ് ഹൌസ്ില്‍ താമസിക്കാന്‍ കഴിയുകയില്ലെന്നും സൌജന്യ നിരക്കില്‍ താമസിപ്പിക്കണമെങ്കില്‍ ജില്ലാ കലക്ടറില്‍ നിന്നു നിര്‍ദ്ദേശം ലഭിക്കണമെന്നും റസ്റ്റ് ഹൌസ് മാനേജരായ മധു ആവശ്യപ്പെട്ടു.

മന്ത്രിയുടെ പി.എ. പറയുന്നവര്‍ക്കെല്ലാം മുറി നല്‍കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം നിലപാടെടുത്തു. ഇക്കാര്യങ്ങള്‍ വിശദമാക്കി മാനേജര്‍ റസ്റ്റ് ഹൌസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കി. കലക്ടറോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

എന്നാല്‍ റസ്റ്റ് ഹൌസ് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകള്‍ക്കു തടസം നിന്ന മാനേജരെ മന്ത്രി നേരിട്ട് ഇടപെട്ട് മാറ്റുകയായിരുന്നു. വികലാംഗനെന്ന പരിഗണന പോലും ഇദ്ദേഹത്തിനു നല്‍കിയില്ല. കൂടാതെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു.

അന്യജില്ലകളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ വേണ്ടിയാണ് പ്രധാനമായും റസ്റ്റ് ഹൌസുകളുണ്ടാക്കിയത്.

വി.എ.ഗിരീഷ്
കടപ്പാട്ട്‌: മംഗളം

******************************************************

വി.എസ് എതിര്‍ക്കുന്ന ഫാക്ടറിക്ക് ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ്

പാലക്കാട്: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ വിവാദ ഇരുമ്പുരുക്ക് ഫാക്ടറിക്ക് ആരോഗ്യവകുപ്പിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്. മലമ്പുഴ ഡാമിന്റെ മലിനീകരണമടക്കം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്ന സ്പോഞ്ച് അയേണ്‍ കമ്പനിക്കാണ് ഡി.എം.ഒ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വി.എസ്. പക്ഷം ഫാക്ടറിക്കെതിരെ കടുത്ത നിലപാട് തുടരുന്നതിനിടയിലാണ് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പ് തലപ്പത്തുനിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ടെന്ന് അറിയുന്നു.

കമ്പനി ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കിയത്. ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം കര്‍ശന നിബന്ധനകളിലൂടെ നിയന്ത്രിക്കണമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കേണ്ട റിപ്പോര്‍ട്ടാണ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. കമ്പനി ആരോഗ്യപ്രശ്നം സൃഷ്ടിക്കില്ലെന്നതിന് പിന്‍ബലമേകുന്ന തെളിവുകള്‍ റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന.
അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എം.ഒയോട് വകുപ്പിലെ ഒരു ഉന്നതന്‍ ആവശ്യപ്പെട്ടിരുന്നത്രെ. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സി ലഭിച്ചെങ്കിലും സി.പി.എം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് കമ്പനിക്ക് ഇനിയും ലൈസന്‍സ് നല്‍കിയിട്ടില്ല. ഇവിടെ വി.എസ് പക്ഷത്തിനാണ് മേല്‍ക്കൈ.
റിപ്പോര്‍ട്ടിനെച്ചൊല്ലി സി.പി.എമ്മില്‍ ഭിന്നത ഉടലെടുത്തുകഴിഞ്ഞു. കമ്പനി മലമ്പുഴയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ് പ്രഖ്യാപിച്ചിരുന്നു. ഫാക്ടറിക്കെതിരെ വി.എസ് പക്ഷം ഇപ്പോഴും പ്രക്ഷോഭപാതയിലാണ്.

കടപ്പാട്‌: മാധ്യമം

******************************************************

മൂന്നാര്‍ ഒഴിപ്പിക്കല്‍ നിറുത്തിവച്ചത് നിര്‍ഭാഗ്യകരം: സുപ്രീംകോടതി


ന്യൂഡല്‍ഹി: മൂന്നാര്‍ ഒഴിപ്പിക്കല്‍ നിറുത്തിവച്ചത് നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി പറഞ്ഞു. “നിങ്ങളെല്ലാം ഉപേക്ഷിച്ചല്ലോ, നിര്‍ഭാഗ്യകരം” (അണ്‍ഫോര്‍ചുനേറ്റ്ലി, യു ഹാവ് ഗിവണ്‍ അപ് എവരിതിംഗ്) മൂന്നാര്‍ ഒഴിപ്പിക്കല്‍ മരവിപ്പിച്ച സംസ്ഥാനസര്‍ക്കാര്‍ നിലപാടിനെ പരാമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.
മൂന്നാറിലെ നെല്ലിത്താനം എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ വാദംകേട്ട വേളയിലാണ് ജസ്റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ ഈ നിരീക്ഷണം. കഴിഞ്ഞ തവണ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേയുടെ കാലവധി ഇന്നലെ തീര്‍ന്നവേളയിലാണ് കേസ് പരിഗണനയ്ക്കെടുത്തത്. നെല്ലിത്താനം എസ്റ്റേറ്റിനുവേണ്ടി തന്റെ മകന്‍ അഡ്വ. കൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു എന്നുചൂണ്ടിക്കാട്ടി ജസ്റ്റിസ് ബാലസുബ്രമണ്യംവാദം കേള്‍ക്കാന്‍ വിസമ്മതിച്ചു.
തങ്ങള്‍ക്ക് ഇത് പ്രശ്നമല്ലെന്നും ബെഞ്ച് ഈ വാദം കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും കേസില്‍ വാദം തുടരാമെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ടി. എല്‍. വിശ്വനാഥഅയ്യര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ജസ്റ്റിസ് ബാലസുബ്രഹ്മണ്യം നിലപാട് മാറ്റിയില്ല. തുടര്‍ന്ന് കേസ് വേറൊരു ബഞ്ചിലേക്ക് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഈ അവസരത്തില്‍ നെല്ലിത്താനം എസ്റ്റേറ്റിനുവേണ്ടി ഹാജരായ അഡ്വ. റോമിചാക്കോ നേരത്തെയുള്ള സ്റ്റേ നീട്ടണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ വാദം കേള്‍ക്കാതെ സ്റ്റേ നീട്ടാന്‍ കഴിയില്ലെന്ന നിയമപ്രശ്നം ഒഴിവാക്കാന്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് അംഗീകരിച്ച കോടതി കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചു. നെല്ലിത്താനം എസ്റ്റേറ്റ് സംസ്ഥാനഭൂമി കൈയ്യേറിയതാണെന്നും അതിനാല്‍ സ്റ്റേ ഉത്തരവ് നീട്ടരുതെന്നും വിശ്വനാഥ അയ്യര്‍ വാദിച്ചു. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വന്‍കിടതോട്ടക്കാരും റിസോര്‍ട്ടുകളും കൈയേറിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ടി. എല്‍. വിശ്വനാഥ അയ്യരുടെ വാദം കത്തിക്കയറിയപ്പോഴാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചുകൊണ്ട് ജസ്റ്റിസ് ബാലസുബ്രഹ്മണ്യം ഇങ്ങനെ പ്രതികരിച്ചത്.

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, മാധ്യമം, വായ്പ

24-7-07 ലെ വാര്‍ത്തകള്‍

പള്ളിവാസല്‍ പദ്ധതിക്കെതിരെ ടാറ്റ; വൈദ്യുതി ബോര്‍ഡ് വെട്ടില്‍

തൊടുപുഴ: ടാറ്റയുടെ കൈവശ ഭൂമിയില്‍ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച വൈദ്യുതി ബോര്‍ഡിനെതിരെ ടാറ്റ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത് പദ്ധതിയുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കും മുമ്പ് ഉദ്ഘാടനം നടത്തി കരാര്‍ നല്‍കിയതാണ് പ്രശ്നമായത്.

ടാറ്റാ ടീയുടെ കൈവശമുള്ള 2.09 ഹെക്ടര്‍ ഭൂമി വില നല്‍കാതെ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്തതായി പ്രഖ്യാപിച്ചതിനെതിരെയാണ് ഹരജി. ഭൂമി സംബന്ധിച്ച പ്രശ്നം പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ടാറ്റ അനുവദിക്കില്ലെന്നാണ് സൂചന. ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുക്കാന്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്.

ടാറ്റാ ടീയുടെ ബോര്‍ഡുണ്ടായിരുന്ന ഭൂമിയില്‍ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ബോര്‍ഡ് സ്ഥാപിച്ചാണ് 2006 ഡിസംബര്‍ 24 ^ന് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രി എത്താതിരുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എ.കെ. ബാലനായിരുന്നു ഉദ്ഘാടകന്‍. എന്നാല്‍, ഭൂമി ടാറ്റയില്‍ നിന്ന് വിട്ടുകിട്ടാതിരുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് ശേഷവും തുടങ്ങാനായില്ല. ഈ സാഹചര്യത്തില്‍ തേയില ചെടികളുടെ വില മാത്രം നല്‍കി ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഭൂമി വില നിഷേധിച്ചതിനെയും അതിലുണ്ടായിരുന്ന കെട്ടിടത്തിന് ഏകപക്ഷീയമായി വിലയിട്ടതിനെയും ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. പുതിയ വൈദ്യുതി നിലയത്തിലേക്കുള്ള ടണല്‍ നിര്‍മാണം തുടങ്ങേണ്ട ഭൂമിയാണ് ടാറ്റയില്‍ നിന്ന് വിട്ടുകിട്ടേണ്ടത്. നാലുവര്‍ഷത്തിനകം കമീഷന്‍ ചെയ്യാന്‍ ഉദ്ദേശിച്ച പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റെ പിടിപ്പുകേട് മൂലം അവതാളത്തിലായത്. ഭൂമി ഏറ്റെടുക്കും മുമ്പ് ഉദ്ഘാടനം നടത്തിയത് അന്നേ വിവാദമായിരുന്നു.

268.01 കോടി ക്ക് പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് എസ്സാര്‍^ഡക്ക്^സി.പി.പി.എല്‍ കണ്‍സോര്‍ഷ്യമാണ്. ഇവര്‍ക്ക് കഴിഞ്ഞ ആറുമാസത്തിനിടെ എര്‍ത്ത് വര്‍ക്ക് തുടങ്ങിവെക്കാന്‍ മാത്രമാണ് സാധിച്ചത്. ഭൂമി ഏറ്റെടുത്ത് കിട്ടാന്‍ വൈകിയതും ടണല്‍ രൂപകല്‍പനയെച്ചൊല്ലി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ തര്‍ക്കമുണ്ടായതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് കാരണം. പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ 154 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. 60 മെഗാവാട്ട് സ്ഥാപിത ശേഷി ലക്ഷ്യമിടുന്ന പദ്ധതി നിലവിലെ പള്ളിവാസലിന്റെ ശേഷി 97.5 മെഗാവാട്ട് ആയി ഉയര്‍ത്തും. പ്രശ്നം പരിഹരിക്കാതിരിക്കുന്നതോടെ കേരളത്തിന്റെ വൈദ്യുതി പ്രതീക്ഷക്കാണ് ഇടിവ് സംഭവിക്കുക.

കടപ്പാട്‌: മാധ്യമം

*****************************************************

കരുത്തോടെ ജൈവവിപണി

എം.ഡി.വര്‍ഗീസ്

ജൈവകൃഷി വ്യാപകമാകുന്നതോടൊപ്പം ഉല്‍പന്നങ്ങളുടെ വിപണിയും കരുത്താര്‍ജിക്കുന്നു. കയറ്റുമതിക്കും ആഭ്യന്തര ഉപയോഗത്തിനും ഈ ഉല്‍പന്നങ്ങളുടെ ആവശ്യം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ജൈവ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് 25% മുതല്‍ 100% വരെ വില കൂടുതലുണ്ടെങ്കിലും, കയറ്റുമതി രംഗത്ത് ഇതിന്റെ സാന്നിധ്യം സജീവമായി. സ്പൈസസ് ബോര്‍ഡിന്റെ സ്ഥിതിവിവരക്കണക്കനുസരിച്ച്, ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ കയറ്റുമതി ആവശ്യം വര്‍ധിച്ചു. കുരുമുളക്, വെള്ളമുളക്, ഗ്രീന്‍മുളക് എന്നിവയെല്ലാം കൂടി 2001-02 ല്‍ കയറ്റുമതി ചെയ്തതും 2.40 കോടി രൂപ വിലവരുന്ന 83.08 ടണ്ണാണ്. 2005-06 ല്‍ ഇത് 2405 ടണ്ണായി ഉയര്‍ന്നു. ഏലക്കായുടെ കയറ്റുമതി ആരംഭിച്ചിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഒരു ടണ്ണോളം കയറ്റുമതി ചെയ്ത് 4.03 ലക്ഷം രൂപ നേടി.

ചുക്കിന്റെ കയറ്റുമതി 7.47 ടണ്ണിലെത്തി ഏറെക്കുറെ ഇരട്ടിയോളമായി. 15 ലക്ഷം രൂപയാണ് ഇതുവഴി ലഭിച്ചത്. മഞ്ഞളിന്റെ കയറ്റുമതി 5.50 ടണ്ണില്‍ നിന്നു 26.80 ടണ്ണായി ഈ കാലയളവില്‍ ഉയര്‍ന്നു. പുളി ഒരു ടണ്ണില്‍ നിന്നു ഒന്നര ടണ്ണിലെത്തി.
അമേരിക്കയിലേക്കും യൂറോപ്പിലേക്കുമാണ് മുഖ്യമായും കയറ്റുമതി. ഗള്‍ഫ് രാജ്യങ്ങളിലും ആവശ്യക്കാരുണ്ട്. കേരളത്തില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ക്കു പുറമെ, മറ്റ് സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന പിരിയന്‍മുളക്, മല്ലി തുടങ്ങിയവയുടെ കയറ്റുമതിയും കൂടുന്നു. ജൈവ കൃഷി രീതി അവലംബിച്ച ചെമ്മീന്‍ പാടങ്ങളില്‍ നിന്നുള്ള മല്‍സ്യത്തിന്റെ കയറ്റുമതി പ്രത്യേക ശ്രദ്ധ കൈവരിക്കുന്നു.

ധാന്യങ്ങള്‍, പച്ചക്കറി, പഴം എന്നിവയുടെ ജൈവ കൃഷിയില്‍ കൃഷിക്കാര്‍ക്ക് താല്‍പര്യം വര്‍ധിക്കുന്നത് വിപണിയുടെ ആവശ്യവും കൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. ആലുവ ആസ്ഥാനമായ സര്‍ട്ടിഫയിങ്ങ് ഏജന്‍സിയായ ഇന്‍ഡോസര്‍ട്ടില്‍ നിന്നു സര്‍ട്ടിഫിക്കേഷന്‍ സ്വീകരിച്ച് ആഭ്യന്തര വിണിയിലും വിദേശ വിപണിയിലും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ തയാറാകുന്നു. ചെറുകിടക്കാരും വന്‍കിടക്കാരും ഇക്കൂട്ടത്തിലുണ്ട്. 20 സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കേരളം (20), തമിഴ്നാട് (16), മഹാരാഷ്ട്ര (13) എന്നിവിടങ്ങളില്‍ നിന്നാണ്. കൃഷിക്കാര്‍ ഒറ്റയ്ക്കും കൂട്ടമായും മുന്നോട്ടുവന്നിട്ടുമുണ്ട്.

ജാതിക്ക, അടയ്ക്ക, ഗോതമ്പ്, കുരുമുളക്, ചക്ക, ഇഞ്ചി, ഏത്തപ്പഴം, മാമ്പഴം തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളത്.

കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍, ജൈവ കൃഷിയില്‍ നിന്നുള്ള അരിയും പച്ചക്കറിയുമെല്ലാം പ്രത്യേകം ബ്രാന്‍ഡ് ചെയ്ത് വില്‍പനയ്ക്ക് വയ്ക്കുന്നു.

വിന്‍കിട കമ്പനികളും സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും ഓര്‍ഗാനിക് ഉല്‍പന്നങ്ങളുടെ സാധ്യത മുതലെടുക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ഓര്‍ഗാനിക് ഭക്ഷ്യ വിഭവങ്ങളുടെ മേഖലയിലേക്ക് ഐടിസി ഫുഡ്സ് പ്രവേശിച്ചു കഴിഞ്ഞു. ആശീര്‍വാദ് സെലക്ട് ഓര്‍ഗാനിക് സ്പൈസസ് എന്ന വിഭാഗത്തില്‍ മഞ്ഞള്‍, മുളക്, മല്ലി ചെടികള്‍ ലഭ്യമാണ്. ഓര്‍ഗാനിക് ആട്ട, പച്ചക്കറികള്‍ തുടങ്ങിയവയും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. ആന്ധ്രാപ്രദേശ്, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്ന് ഇവ വാങ്ങി വിതരണം ചെയ്യാനാണ് കമ്പനിക്ക് പദ്ധതി.

കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയവയുടെ ജൈവ കൃഷി കേരളത്തില്‍ പ്രിയങ്കരമാകുകയാണ്. ഉല്‍പാദന ചെലവ് ഗണ്യമായി കുറയ്ക്കാനും ഉല്‍പന്നത്തിന് ഉയര്‍ന്ന വില കിട്ടാനും ഇത് സഹായകമാകുമെന്നതാണ് കൂടുതല്‍ പേരെ ഇതിന് ആകര്‍ഷിക്കുന്നത്. ആരോഗ്യ കാര്യങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിച്ച്, വിപണിയുടെ വളര്‍ച്ചയ്ക്ക് വളമിടുകയും ചെയ്യുന്നു.

കടപ്പാട്‌: മനോരമ

*****************************************************

കോഴികള്‍ക്കു ‘ഫൌള്‍ കോളറ’; കേരളം ‘രോഗം’ തിന്നുന്നു

പാലക്കാട്: തമിഴ്നാട്ടില്‍നിന്ന് ‘ഫൌള്‍ കോളറ’ രോഗം ബാധിച്ച ഇറച്ചികോഴികളെ കേരളത്തിലേക്കു കയറ്റിയയ്ക്കുന്നത് വ്യാപകമായി. പത്തു ദിവസത്തിനുള്ളില്‍ ലക്ഷത്തിലധികം കോഴികള്‍ ചത്തൊടുങ്ങിയിട്ടും രോഗവിവരം മറച്ചുവച്ചാണ് ഫാം ഉടമകള്‍ രോഗബാധയുള്ള കോഴികളെ കയറ്റി അയയ്ക്കുന്നത്.

കോഴികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ‘ഫൌള്‍ കോളറ’ കണ്ടെത്തിയത്. ‘പാസ്റ്റ്യുറിലോസിസ്’ എന്ന ബാക്ടീരിയയാണു രോഗം ഉണ്ടാക്കുന്നത്. ഫൌള്‍ കോളറ രോഗം പക്ഷിപ്പനി പോലെ ഭയപ്പെടേണ്ടതില്ലെന്നും മനുഷ്യരിലേക്കു പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചെങ്കിലും രോഗബാധയേറ്റ കോഴികളുടെ ഇറച്ചി കഴിക്കുന്നത് നല്ലതല്ലെന്ന് അവരും സമ്മതിക്കുന്നു. ഫൌള്‍ കോളറ കന്നുകാലികളിലും കണ്ടുവരുന്ന രോഗമാണ്. പൊള്ളാച്ചി, പഴനി, പല്ലടം, നാമ്ക്കല്‍ എന്നിവിടങ്ങളിലെ ആയിരകണക്കിനു ഫാമുകളിലെ കോഴികള്‍ രോഗബാധിതരാണ്. ആഴ്ചയില്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ കോഴിക്കുഞ്ഞുങ്ങള്‍ തമിഴ്നാട്ടിലെ ഫാമുകളില്‍ വളരുന്നുണ്ട്. രോഗബാധ കണ്ടെത്തിയിട്ടും പ്രതിരോധ നടപടികള്‍ ഫാം ഉടമകള്‍ സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടില്‍നിന്ന് ലോറികളില്‍ കൊണ്ടുവരുന്ന കോഴികളില്‍ പലതും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ ചത്ത നിലയിലായിരിക്കുമെന്നു കച്ചവടക്കാര്‍ പറഞ്ഞു. കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ കേരളത്തിലെ കച്ചവടക്കാര്‍ക്കു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. എന്നാല്‍ തമിഴ്നാട്ടിലെ ഫാം ഉടമകള്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.

കെ.പ്രസാദ്

കടപ്പാട്‌: മംഗളം

*****************************************************

മനോരമയുടെ കെട്ടിടം പുറമ്പോക്ക് തോടിനു മുകളില്‍

  • കൈയേറിയത് എട്ടു സെന്റ്
  • 1.2 കോടി രൂപയുടെ ഭൂമി
  • കണ്ടെത്തിയത് റീ സര്‍വെക്കിടെ

ആര്‍ സാംബന്‍
തിരു:
മലയാളമനോരമ തിരുവനന്തപുരത്ത് കെട്ടിടം നിര്‍മിച്ചത് പുറമ്പോക്ക് കൈയേറിയാണെന്ന് അധികൃതര്‍ കണ്ടെത്തി. 5.8 മീറ്റര്‍ വീതിയുള്ള തോടുപുറമ്പോക്ക് 60 മീറ്ററോളം നീളത്തില്‍ കൈയേറി അതിന്റെ മുകളിലാണ് മനോരമ തമ്പാനൂരില്‍ ബഹുനിലക്കെട്ടിടം പണിതിരിക്കുന്നത്. തോടിന്റെ ഒഴുക്കു തടസ്സപ്പെടാതിരിക്കാന്‍ കെട്ടിടത്തിന്റെ അടിത്തട്ടിലൂടെ ചെറിയ തുരങ്കമുണ്ടാക്കിയിട്ടുണ്ട്.


തോടിനും മുകളില്‍:
തിരുവനന്തപുരത്ത് പുറമ്പോക്ക് തോടിനു മുകളില്‍ നിര്‍മിച്ച മലയാളമനോരമ ഓഫീസ് കെട്ടിടം.

തോടിനുമീതെ നിര്‍മാണങ്ങള്‍ക്ക് ഒരുകാരണവശാലും അനുമതി ലഭിക്കില്ല. തോടുപുറമ്പോക്ക് പതിച്ചു നല്‍കിയിട്ടുമില്ല. എന്നിട്ടും മനോരമ കെട്ടിടം നിര്‍മിക്കുകയായിരുന്നു.

നഗരഹൃദയമായ തമ്പാനൂരിലെ അരിസ്റ്റോ റോഡിന് അഭിമുഖമായി 72.33 സെന്റ് സ്ഥലത്താണ് മലയാളമനോരമ എഡിറ്ററും മാനേജിങ് ഡയറക്ടറുമായ മാമന്‍ മാത്യുവിന്റെ പേരിലുള്ള കെട്ടിടം. തിരുവനന്തപുരം താലൂക്ക് തൈക്കാട് വില്ലേജില്‍ 10 സര്‍വേ നമ്പരുകളിലായാണ് ഇത്. 2595 എന്ന സര്‍വേ നമ്പരുള്ള പുറമ്പോക്കുഭൂമി ഇതിനു മധ്യത്തിലാണ്. രണ്ടു മീറ്ററോ അതില്‍ കൂടുതലോ വീതി ഉണ്ടെങ്കില്‍മാത്രമേ തോട്, റോഡ് തുടങ്ങിയവ പ്രത്യേക സര്‍വേ ഫീല്‍ഡായി കണക്കാക്കൂ. ഇവിടെ തോടിന് 5.8 മീറ്റര്‍ വീതിയുള്ളതിനാലാണ് പ്രത്യേക സര്‍വേ നമ്പരില്‍ കാണിച്ചിട്ടുള്ളത്. മനോരമയുടെ കൈവശമുള്ള വസ്തു ഇതിന് ഇരുവശങ്ങളിലുമാണെന്ന് സര്‍വെ മാപ്പില്‍നിന്ന് വ്യക്തം.

വഴുതക്കാട് ഭാഗത്തുനിന്ന് ആരംഭിക്കുന്നതാണ് മനോരമ കൈയേറിയിരിക്കുന്ന തോട്. പലയിടത്തും തോടിന് ഇപ്പോള്‍ വീതി കുറവാണ്. മലിനജലം അടക്കം ഒഴുകുന്ന തോടിന്റെ ഒഴുക്ക് കൈയേറ്റങ്ങളുടെ ഫലമായി തടസ്സപ്പെട്ടത് തമ്പാനൂര്‍ ഭാഗത്ത് വെള്ളപ്പൊക്കത്തിനും കാരണമാവുന്നുണ്ട്.

തോടിന്റെ 75 മീറ്റര്‍ ഭാഗമാണ് സര്‍വെ നമ്പര്‍ 2595ല്‍ ഉള്ളത്. ഇതില്‍ 60 മീറ്ററും മനോരമയുടെ കൈവശമാണ്. ഇത് എട്ടു സെന്റ് വരുമെന്നാണ് കണക്കാക്കുന്നത്. സെന്റിന് 15 ലക്ഷത്തോളമാണ്് ഇവിടെ വില. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ഭൂമിയാണ് കൈയേറിയതെന്ന് ഇതില്‍നിന്ന് വ്യക്തം.

തൈക്കാട് വില്ലേജില്‍ നടപ്പാക്കുന്ന റീസര്‍വെ പൈലറ്റ് പ്രൊജക്ടിന്റെ ജോലികള്‍ക്കിടെയാണ് മനോരമയുടെ കൈയേറ്റം സര്‍വെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തോടിന്റെ ഒരു ഭാഗം മനോരമ കൈയേറിയതായി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. പഴയ സര്‍വെ കല്ലുകളും സ്കെച്ചും വച്ച് സര്‍വെ അധികൃതര്‍ സ്ഥലം ഡീ മാര്‍ക്കേറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന്, സെന്‍ട്രല്‍ സര്‍വെ ഓഫീസില്‍നിന്ന് സ്ഥലത്തിന്റെ സ്കെച്ച് മനോരമ എടുപ്പിച്ചു. മാമന്‍ മാത്യുവിന്റെ പേരില്‍ അപേക്ഷ സമര്‍പ്പിച്ച് 18 സര്‍വെ നമ്പരുകളില്‍പ്പെട്ട വസ്തുവിന്റെ വിവരങ്ങളാണ് അവര്‍ ശേഖരിച്ചത്.

കടപ്പാട്‌: ദേശാഭിമാനി

*****************************************************

1. കമ്മീഷന് ആശ്വാസമായി; കര്‍ഷകര്‍ക്ക് ആശങ്കബാക്കി

ടോംസി

തൊടുപുഴ: വിവാദങ്ങള്‍ക്കൊടുവില്‍ കര്‍ഷക കടാശ്വാസ കമ്മീഷനില്‍ ജീവനക്കാരെ നിയമിച്ചതോടെ കമ്മീഷന് ആശ്വാസമായി. എന്നാല്‍ കമ്മീഷന്‍ നടപടികളിലെ അവ്യക്തത മൂലം കര്‍ഷകര്‍ ആശങ്കയിലാണ്.

ഇടുക്കി, വയനാട് ജില്ലകളെ ദുരന്തബാധിത ജില്ലകളായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് പരമാവധി കടാശ്വാസം നല്‍കാന്‍ ജസ്റ്റിസ് അബ്ദുള്‍ ഗഫൂര്‍ ചെയര്‍മാനായ കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടപടികള്‍ തുടങ്ങിയെങ്കിലും ജീവനക്കാരെ നിയമിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ ചെയര്‍മാന്‍ പരസ്യമായി പ്രതിഷേധിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് കടാശ്വാസ കമ്മീഷനില്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ഒരു ഫൈനാന്‍സ് ഓഫീസര്‍, അക്കൌണ്ടന്റ്, മൂന്നു ക്ളാര്‍ക്കുമാര്‍, കമ്മീഷന് ലഭിക്കുന്ന അപേക്ഷകള്‍ തരംതിരിക്കാന്‍ ദിവസവേതന ജോലിക്കാര്‍ തുടങ്ങിയവര്‍ ക ഴിഞ്ഞ ഏതാനും ദിവസമായി കമ്മീഷനില്‍ പ്രവര്‍ത്തനം തുടങ്ങി. ഇ തോടെ കമ്മീഷന്റെ പരാതിക്ക് താത്കാലിക പരിഹാരമായെങ്കിലും കമ്മീഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ ആശങ്കാകു ലരാ ണ്.

കടാശ്വാസം പ്രതീക്ഷിച്ച് കമ്മീഷനില്‍ അപേക്ഷ നല്‍കിയവര്‍ ജപ്തി ഭീഷണിയിലാണ്. ബാങ്കുകള്‍ ജപ്തി നോട്ടീസ് അയക്കുന്നത് തുടരുകയുമാണ്. രണ്ടുലക്ഷത്തിലേറെ അപേക്ഷകളാണ് കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത്. കാര്‍ഷിക വികസന ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സ്വകാര്യ പണമിടപാടുകാര്‍ തുടങ്ങിയവയില്‍ നിന്നുള്ള റിക്കവറി നടപടികള്‍ക്കെ തിരേയാണ് കമ്മീഷന് അപേക്ഷ നല്‍കി കര്‍ഷകര്‍ കാത്തിരിക്കുന്നത്.

ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ വായ്പാ കുടിശിക സംബന്ധിച്ച ഏകദേശധാരണപോലും കമ്മീഷനില്ല. ജപ്തി നോട്ടീസ് ലഭിച്ചവരില്‍ കമ്മീഷന് പരാതി നല്‍കിയ ആയിരത്തിലേറെപ്പേര്‍ക്ക് കമ്മീഷന്‍ സ്റ്റേ ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കടാശ്വാസം എന്നു ലഭിക്കുമെന്ന് ഇനിയും വ്യക്തമല്ല.

ജപ്തികള്‍ക്കു നല്‍കിയ സ്റ്റേകളില്‍ പ്രാരംഭ ഹിയറിംഗ് സെപ്റ്റംബറിലേ ആരംഭിക്കൂ. ഈ ഹിയറിംഗിനു ശേഷം കമ്മീഷന്‍ കടാശ്വാസം പ്രഖ്യാപിച്ചാലും പണം എങ്ങനെ ലഭ്യമാക്കുമെന്ന് ഇതുവരെ വ്യക്തമല്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

കര്‍ഷക കടാശ്വാസത്തിന് 160 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്െടങ്കിലും ഇതിന്റെ പലഇരട്ടി തുകയുണ്െടങ്കിലേ നിലവിലുള്ള അപേക്ഷകര്‍ക്ക് കാടാശ്വാസം നല്‍കാനാകൂ. കമ്മീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപമാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ഓഫീസ് ആവശ്യങ്ങള്‍ക്കും സ്റ്റാമ്പ്, കംപ്യൂട്ടര്‍ തുടങ്ങിയവ വാങ്ങാനുമാണ് കമ്മീഷന്‍ ഈ തുക വിനിയോഗിക്കുന്നത്. അപേക്ഷകളില്‍ കമ്മീഷന്‍ പ്രഖ്യാപിക്കുന്ന ആശ്വാസതുക സര്‍ക്കാര്‍ അനുവദിക്കണം.

നിലവില്‍ കമ്മീഷന് വിപുലമായ അധികാരങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ച് കമ്മീഷന്‍ കടാശ്വാസം പ്രഖ്യാപിച്ചാല്‍ ഇതുവഴി ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം ആരു നല്‍കുമെന്ന് വ്യക്തമല്ല. ഇപ്പോള്‍ തന്നെ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുള്ളവരും കടാശ്വാസം പ്രതീക്ഷിച്ച് അപേക്ഷനല്‍കി കാത്തിരിക്കുകയാണ്. ഇത് ബാങ്കുകളേയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2. സപ്ളൈകോ ഓണം പീപ്പീള്‍സ് ബസാര്‍ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന്

കൊച്ചി: ഓണത്തോടനുബന്ധിച്ച് സപ്ളൈകോ തുറക്കുന്ന പീപ്പിള്‍സ് ബസാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട്ട് നടക്കും. ഓണത്തിന് സപ്ളൈകോ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തി മുന്നൂറോളം പ്രത്യേക ബസാറുകള്‍ തുറക്കുവാനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, നഗരങ്ങളില്‍ ഓണം പീപ്പിള്‍സ് മെട്രോ ബസാറുകളും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, കല്‍പ്പറ്റ, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഓണം പീപ്പിള്‍സ് ബസാറുകളും തുറക്കുന്നതാണ്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കോട്ടയം സപ്ളൈകോ ഗ്രൌണ്ട്, എറണാകുളം കൈലാസം ഗ്രൌണ്ട്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം, കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് എന്നിവിടങ്ങളിലാണ് പീപ്പിള്‍സ് മെട്രോ ബസാര്‍ തുറക്കുന്നത്. മാവേലി സ്റ്റോറുകള്‍, ലാഭം മാര്‍ക്കറ്റുകള്‍ എന്നിവയോടനുബന്ധിച്ച് 100 ഓണം ബസാറുകള്‍ തുറക്കും. ഓഗസറ്റ് 22 മുതല്‍ 26 വരെ ആയിരിക്കും ഇവ പ്രവര്‍ത്തിക്കുക.

ഓണം ബസാറുകള്‍ക്ക് ആവശ്യമായ നേന്ത്രക്കായ, 28 ഇനം പച്ചക്കറികള്‍ എന്നിവ വാങ്ങുന്നതിന് സപ്ളൈകോ ക്രമീകരണം എര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഓണം മെട്രോ ബസാറുകളില്‍ തുറന്നു പ്രവര്‍ത്തിക്കും.

കടപ്പാട്‌: ദീപിക

****************************************************

നടുവൊടിഞ്ഞ കര്‍ഷകനെ തളര്‍ത്തുന്ന നഷ്ടപരിഹാരം
കൊല്ലം : മഴക്കെടുതികളും വെള്ളപ്പൊക്കവും മൂലം ഒരേക്കറിലെ നെല്‍ക്കൃഷി നശിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം വെറും 600 രൂപ! അതു കിട്ടണമെങ്കില്‍ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഏറെ കടക്കണം. ഇപ്പോള്‍ കൃഷി ഓഫീസിലും കര്‍ഷകര്‍ കയറിയിറങ്ങണം.
അശാസ്ത്രീയമായ ഈ നഷ്ടപരിഹാരക്കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ കൃഷി അന്യം നിന്നുപോയതിന്റെ കാരണങ്ങള്‍ വേറെ തിരയേണ്ട. കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത് കിഴങ്ങുവര്‍ഗ്ഗങ്ങളും പച്ചക്കറികളുമാണ്.
ഒരു സെന്റിലെ മരച്ചീനിക്കൃഷി വെള്ളം കയറി നശിച്ചാല്‍ അനുവദിക്കാവുന്ന പരമാവധി നഷ്ടപരിഹാരം 2 രൂപ! മറ്റ് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സെന്റ് ഒന്നിന് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത് 5 രൂപ! കുലച്ച വാഴയ്ക്ക് 25 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 12 രൂപയും. ഫലം നല്‍കുന്ന കുരുമുളക് വള്ളിക്ക് 20 രൂപയും കശുമാവിനും ടാപ്പിംഗ് നടത്തുന്ന റബറിനും 60 രൂപയും വീതമാണ് ലഭിക്കുന്ന നഷ്ടപരിഹാരം. ടാപ്പ് ചെയ്യാത്തതിന് 25 രൂപ കിട്ടും. ഒരു സെന്റ് സ്ഥലത്തെ പയര്‍ കൃഷി നശിച്ചാല്‍ 1.40 രൂപയ്ക്ക് അര്‍ഹതയുണ്ട്. തെങ്ങിന് 300 രൂപയും തൈത്തെങ്ങിന് 100 രൂപയും തെങ്ങിന്‍തൈയ്ക്ക് 25 രൂപയും ഫലമുള്ള കമുകിന് 45 രൂപയും ഫലമില്ലാത്തതിന് 30 രൂപയും വെറ്റിലക്കൊടി സെന്റിന് 155 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. തേക്ക്, പ്ളാവ്, മാവ് തുടങ്ങിയ മറ്റ് വൃക്ഷങ്ങളൊന്നും നഷ്ടപരിഹാരത്തിന്റെ പട്ടികയില്‍ വരൂല്ല.
ഒരേക്കറില്‍ നെല്‍ക്കൃഷി നടത്തി കതിര് വന്ന് പാകമാകുമ്പോള്‍ കുറഞ്ഞത് 6000 രൂപയെങ്കിലും ചെലവുണ്ടാകും. ഈ കൃഷി നശിക്കുമ്പോഴാണ് 600 രൂപ നഷ്ടപരിഹാരമായി വച്ച് നീട്ടുന്നത്. ഒരേക്കറിലെ മരച്ചീനിക്ക് 200 രൂപയും പച്ചക്കറിക്ക് 500 രൂപയും നഷ്ടപരിഹാരം നല്‍കുമ്പോഴും ഈ അനൌചിത്യമുണ്ട്. കേരളത്തിന്റെ കാര്‍ഷിക പുരോഗതിയെ പിന്നോട്ടടിക്കുന്ന ഈ നഷ്ടപരിഹാര വ്യവസ്ഥകളും ചട്ടങ്ങളും അടിയന്തരമായി പരിഷ്കരിക്കണമെന്ന ആവശ്യം കര്‍ഷകരി ല്‍ നിന്നു ഉയര്‍ന്നിട്ടുണ്ട്‌

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

1 അഭിപ്രായം

Filed under ആരോഗ്യം, കൃഷി, കേരളം, ജലം, മാധ്യമം, രോഗങ്ങള്‍, വായ്പ