Category Archives: രജിസ്ട്രേഷന്‍

ആധാരപ്പകര്‍പ്പിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനില്‍ നല്കാം

തിരുവനന്തപുരം: ആധാരപ്പകര്‍പ്പോ ബാധ്യതാ സര്‍ട്ടിഫിക്കറ്റോ വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കാന്‍ ഇനി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടുപോകേണ്ട ആവശ്യമില്ല. ഇത്തരം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. രജിസ്ട്രേഷന്‍ ആവശ്യക്കാര്‍ക്ക് ഓഫീസില്‍ വരാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. ആധാര വിവരങ്ങള്‍ ഓണ്‍ലൈനായി നല്കി ജനങ്ങള്‍ക്കു സമയം നിശ്ചയിച്ച് ടോക്കന്‍ എടുക്കാം. ഓണ്‍ലൈന്‍ ടോക്കണില്‍ ഓഫീസില്‍ വരേണ്ട സമയം തീരുമാനിക്കുന്നതു ആവശ്യക്കാരന്‍ തന്നെയാകും. വസ്തുവിന്റെ സര്‍വെ നമ്പര്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനവുമുണ്ട്. വസ്തു വില്പനരംഗത്ത് നിരവധി അനഭിലഷണീയ നടപടികള്‍ നടക്കുന്നത് തടയാനും വിദേശ മലയാളികള്‍ക്കുപോലും നാട്ടില്‍വരാതെ അവരുടെ വസ്തുവിന്റെ തല്‍സ്ഥിതി മനസിലാക്കാനും ഇത് സഹായകമാകും. ആദ്യഘട്ടത്തില്‍ Continue reading

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ഓണ്‍ലൈന്‍, രജിസ്ട്രേഷന്‍, സര്‍ക്കാര്‍, സാങ്കേതികം

ലോകം മുഴുവന്‍ സുഖം പകരാനായ്

പ്രപഞ്ചത്തിന്റെ ഡോക്ടറാണ് ദൈവം, ആ വെളിച്ചത്തെ കണ്ടെത്തുക, അതില്‍ വിശ്വാസം അര്‍പ്പിക്കുക രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ മുക്തരാകും” പുട്ടപര്‍ത്തിയിലെ ശ്രീസത്യസായി മെഡിക്കല്‍ ട്രസ്റിന്റെ സ്വീകരണമുറിയിയില്‍ ഈ വരികള്‍ ആലേഖനം ചെയ്തിരിക്കുന്നു. ശ്രീസത്യസായി ബാബര്‍യുടേതാണ് ഈ വാക്കുകള്‍.  ദുരിത ദുഃഖങ്ങളുടെ നാടായിരുന്നു ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി ഗ്രാമം. കുടിവെള്ളം പോലുമില്ലാത്ത ഒറ്റപ്പെട്ട ഒരിടം. പാവപ്പെട്ടവരായ ഗ്രാമീണര്‍ക്ക് തുണ ഈശ്വരന്‍ മാത്രം. അസുഖം വരുമ്പോള്‍ ഗ്രാമീണര്‍ പ്രാര്‍ത്ഥിക്കും. ഈ ഗ്രാമത്തിലാണ് 1926 നവംബര്‍ 23ന് സാധാരണക്കാരായ ദമ്പതിമാരുടെ നാലാമത്തെ മകനായി സത്യനാരായണറാവു ജനിച്ചത്. ആരുടെ ദുഃഖം കണ്ടാലും സത്യനാരായണറാവുവിന്റെ മനസ്സലിയും. ഷിര്‍ദ്ദിസായിബാബയുടെ പുന:രവതാരമാണ് താനെന്ന് പതിനാലാം വയസില്‍ സത്യനാരായണറാവു വെളിപ്പെടുത്തി. സത്യനാരായണറാവു സത്യസായിബാബയായി. പുട്ടപര്‍ത്തി ഗ്രാമത്തിന്റെ കണ്ണീര്‍ സായിബാബ ഏറ്റുവാങ്ങി.
ബാബയുടെ ഇംഗിതം അനുസരിച്ച് 1954 ഒക്ടോബര്‍ നാലിന് സത്യസായി മെഡിക്കല്‍ മിഷന്‍ പുട്ടപര്‍ത്തിയില്‍ എട്ട് കിടക്കകളുള്ള ഒരു ജനറല്‍ ആശുപത്രി സ്ഥാപിച്ചു. 30 കിലോമീറ്റര്‍ ചുറ്റളവില്‍ പുട്ടപര്‍ത്തി ഗ്രാമത്തിലെ ഏക ആതുരാലയമായിരുന്നു അത്. പാവപ്പെട്ടവരും അശരണരുമായ ഗ്രാമീണര്‍ അവിടെ അഭയം തേടി. ദിവസങ്ങള്‍ പിന്നിടുന്തോറും എട്ട് കിടക്കകളുള്ള ഈ ആശുപത്രിക്ക് ഗ്രാമത്തിലെ പാവങ്ങളെ മുഴുവന്‍ ശുശ്രൂഷിക്കാനാവാതെ വന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 80 കിടക്കകളും രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകളും എട്ട് വാര്‍ഡുകളും ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെയുള്ള ഏഴ് ഡിപ്പാര്‍ട്ട്മെന്റുകളുമായി ആശുപത്രി വളര്‍ന്നു. 50 വര്‍ഷം പിന്നിട്ടപ്പോള്‍ ആശുപത്രി ആശ്വാസം പകര്‍ന്നത് 40 ലക്ഷം രോഗികള്‍ക്ക്.
ബാബയുടെ മനസിലെ കാരുണ്യം പുട്ടപര്‍ത്തിയിലെ ആതുരാലയഅത്ഭുതങ്ങള്‍ക്കാണ് പിന്നീട് ജന്മം നല്‍കിയത്. 1991 നവംബര്‍ 23- ബാബയുടെ 65-ാം ജന്മദിനം. അന്ന് അവിടെ എത്തിയവരെ അഭിസംബോധന ചെയ്യവേ ബാബ പറഞ്ഞു, “ഹൃദയ ശസ്ത്രക്രിയ പോലെ വന്‍തുക വേണ്ടിവരുന്ന ചികിത്സകള്‍ ഇപ്പോഴും പാവങ്ങള്‍ക്ക് അന്യമാണ്. ഇങ്ങനെയുള്ള രോഗം വന്നാല്‍ പാവങ്ങള്‍ എന്തു ചെയ്യും. പുട്ടപര്‍ത്തിയില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം അത് പ്രവര്‍ത്തിച്ചു തുടങ്ങും.” ബാബയുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയവര്‍ അത്ഭുതപ്പെട്ടു. ഒരു വര്‍ഷം കൊണ്ട് ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പണിതുയര്‍ത്തുകയോ, അസംഭവ്യം തന്നെ.
അന്ന് ജന്മദിനത്തില്‍ സംസാരിച്ചത് ബാബയുടെ ഉള്ളില്‍ നിറഞ്ഞുനിന്ന ദൈവചൈതന്യമായിരുന്നു. 50 ഏക്കര്‍ സ്ഥലത്ത് ആറുമാസം കൊണ്ട് ഒരു ലക്ഷത്തി അമ്പത്തിമൂവായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടം ഉയര്‍ന്നുപൊങ്ങി. ആധുനിക മെഡിക്കല്‍-സാങ്കേതിക സൌകര്യങ്ങളും ശില്‍പ്പചാതുരിയും ഒത്തുചേര്‍ന്ന ഈ കെട്ടിടസമുച്ചയത്തെ ‘ടെമ്പിള്‍ ഒഫ് ഹീലിംഗ്’ (സാന്ത്വനത്തിന്റെ ദേവാലയം) എന്ന് ബാബ വിശേഷിപ്പിച്ചു.

കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍, 1992 നവംബര്‍ 22ന് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയായിരുന്നു ഉദ്ഘാടകന്‍. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് രാഷ്ട്രപതിയും സംഘവും ആശുപത്രി വലംവച്ച് വരുമ്പോഴേക്കും ആദ്യത്തെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ലോകത്തിലെ 50 മികച്ച ആശുപത്രികളില്‍ ഒന്നെന്ന മഹനീയസ്ഥാനവും ശ്രീസത്യസായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന് അവകാശപ്പെട്ടതാണ്. ഇതുവരെ 28,273 ഹൃദയ ശസ്ത്രക്രിയകള്‍ക്ക് സത്യസായി മെഡിക്കല്‍ ട്രസ്റ് സാക്ഷ്യം വഹിച്ചു. ദിവസവും നൂറോളം പേര്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ പരിശോധനയ്ക്കെത്തുന്നു. ദിവസവും നാല് ഹൃദയശസ്ത്രക്രിയകള്‍ ഇവിടെ നടക്കുന്നു. കാര്‍ഡിയോളജിക്ക് പുറമെ കാര്‍ഡിയോ തൊറാസിക്ക് ആന്‍ഡ് വാസ്ക്കുലര്‍ സര്‍ജറി, യൂറോളജി, ഒഫ്താല്‍മോളജി, പ്ളാസ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്സ് എന്നീ വിഭാഗങ്ങളാണ് പ്രശാന്തി ഗ്രാമത്തിലെ സത്യസായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ഉള്ളത്.
വൈറ്റ്ഫീല്‍ഡിലെ സാന്ത്വനകേന്ദ്രം
ശ്രീസത്യസായി ഹെല്‍ത്ത്കെയര്‍ മിഷന്റെ മൂന്നാം ഘട്ടമാണ് വൈറ്റ്ഫീല്‍ഡിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. മൂന്നുലക്ഷത്തി അമ്പത്തിനാലായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍, പന്ത്രണ്ട് മാസം കൊണ്ടാണ് ഈ ആശുപത്രി സമുച്ചയത്തിന്റെ പണി തീര്‍ത്തത്. മസ്തിഷ്കശസ്ത്രക്രിയയ്ക്കുള്ള ഇമേജ് ഗൈഡഡ് ന്യൂറോ നാവിഗേഷന്‍ സമ്പ്രദായം ഇന്ത്യയില്‍ ആദ്യമായി ഈ ആശുപത്രിയിലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. തലച്ചോര്‍ സംബന്ധമായ ചികിത്സകളും ശസ്ത്രക്രിയകളും അതീവ സങ്കീര്‍ണ്ണമായതിനാല്‍ ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ എമര്‍ജന്‍സി യൂണിറ്റുണ്ട്.
2001 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയ് ആണ് ന്യൂറോസര്‍ജറിയുടെയും കാര്‍ഡിയോളജിയുടെയും കാര്‍ഡിയാക്ക് സര്‍ജറിയുടെയും ലോകപ്രശസ്തമായ ഈ ചികിത്സാ സുരക്ഷിതസ്ഥാനം ഉദ്ഘാടനം ചെയ്തത്. വൈറ്റ്ഫീല്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് ന്യൂറോചികിത്സ സംബന്ധിച്ച് രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്നത്. നൂറോളം രോഗികള്‍ക്ക് പ്രതിദിനം ഇവിടെ കണ്‍സള്‍ട്ടേഷന്‍ ലഭിക്കുന്നു. 2001 ജനുവരി മുതല്‍ 2010 ഫെബ്രുവരി വരെ 9108 ന്യൂറോ സര്‍ജറികളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ആറ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും എട്ട് ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്ള ആശുപത്രി സമുച്ചയത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകത, ആധുനികസംവിധാനങ്ങളുള്ള പ്രീ-പോസ്റ് ശസ്ത്രക്രിയാ വാര്‍ഡുകളാണ്. ഒരു ലക്ഷത്തോളം ആളുകള്‍ വൈറ്റ്ഫീല്‍ഡിലെ യൂറോസര്‍ജറി ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ഇതുവരെ പരിശോധന നടത്തിക്കഴിഞ്ഞു.

ട്യൂമര്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള മസ്തിഷ്കശസ്ത്രക്രിയകള്‍ ഏറ്റവും വിജയകരമായി നടത്തുന്ന ലോകത്തിലെ ഹോസ്പിറ്റലുകളില്‍ ഒന്നാണിത്. വളരെയധികം സാമ്പത്തികചെലവ് വരുന്ന ന്യൂറോസര്‍ജറി ഏറ്റവുമധികം രോഗികള്‍ക്ക് സൌജന്യമായി നല്‍കുന്ന ആശുപത്രി കൂടിയാണിത്.
കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക്ക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റുകള്‍, ടെലിമെഡിസിന്‍ കേന്ദ്രം, ലബോറട്ടറി സയന്‍സ് വിഭാഗത്തിന്റെ വിവിധ പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയാണ് വൈറ്റ്ഫീല്‍ഡിലെ മറ്റ് മെഡിക്കല്‍ വിഭാഗങ്ങള്‍. ആശുപത്രി സമുയച്ചത്തിന് വേണ്ടിവന്ന 52 ഏക്കര്‍ സ്ഥലം കര്‍ണ്ണാടക ഗവണ്‍മെന്റ് സൌജന്യമായി നല്‍കുകയായിരുന്നു. രോഗികളുടെ മനസിന് സുഖം നല്‍കുന്ന രീതിയിലാണ് ആശുപത്രി സമുച്ചയവും പച്ചപ്പാര്‍ന്ന ആശുപത്രി പരിസരവും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുത്താല്‍
. സായി ഹോസ്പിറ്റലില്‍ നിന്ന് അയച്ച കത്ത്/സന്ദേശം വായിച്ച് അതിലെ വിവരങ്ങളും ശസ്ത്രക്രിയാ തീയതിയും മനസിലാക്കണം.
. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ 080 28411500 എന്ന നമ്പരിലേക്കോ adminblr@ssihms.org.in എന്ന ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്.
. ശസ്ത്രക്രിയയ്ക്ക് അറിയിക്കുന്ന തീയതിയില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ ഹാജരാകേണ്ടതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക്
. രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഒരേ ദിവസം അപ്പോയിന്റ്മെന്റ് അനുവദിക്കുന്നതല്ല. വ്യത്യസ്ത ഡിപ്പാര്‍ട്ട്മെന്റുകളില്‍ അപ്പോയിന്റ്മെന്റ് ആവശ്യമുണ്ടെങ്കില്‍ ഓരോ ഡിപ്പാര്‍ട്ട്മെന്റിലേക്കും പ്രത്യേകം ഇ-മെയില്‍ അയയ്ക്കേണ്ടതാണ്. അപ്പോയിന്റ്മെന്റ് ലഭിച്ചാലുടന്‍ മെഡിക്കല്‍ റെക്കാഡുകളുടെയും കവറിംഗ് ലെറ്ററുകളുടെയും കോപ്പി ഇ-മെയില്‍ വഴിയോ പോസ്റ്റ് വഴിയോ അയയ്ക്കേണ്ടതാണ്.
ഇ-മെയിലില്‍ അപ്പോയിന്റ്മെന്റ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
. കവറിംഗ് ലെറ്ററിന്റെയും മെഡിക്കല്‍ ലെറ്ററുകളുടെയും കോപ്പി സ്കാന്‍ ചെയ്ത് അയയ്ക്കണം.
കാഷ് കൌണ്ടര്‍ ഇല്ലാത്ത ആശുപത്രി
നിങ്ങളുടെ ഹൃദയങ്ങളില്‍ സ്നേഹദീപം കൊളുത്തുകയാണ് എന്റെ നിയോഗം. മാനവരാശിയുടെ പരസ്പരവിശ്വാസവും സ്നേഹവും ഊട്ടിയുറപ്പിക്കുകയാണ് എന്റെ മാര്‍ഗം. ഒരു ജാതിയുടെയോ മതത്തിന്റെയോ തത്വശാസ്ത്രത്തിന്റെയോ വക്താവല്ല ഞാന്‍. എനിക്ക് സ്നേഹത്തിന്റെ തത്വശാസ്ത്രവും ഭാഷയുമാണുള്ളത്, ബാബ പറയുന്നു.
ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കും വിധമാണ് പ്രശാന്തി ഗ്രാമത്തിലെയും വൈറ്റ്ഫീല്‍ഡിലെയും ശ്രീസത്യസായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ ആശുപത്രി സമുച്ചയങ്ങളുടെ നടത്തിപ്പ് സംവിധാനം. രണ്ടിടങ്ങളിലും ബില്‍ കൌണ്ടറുകളില്ല. എല്ലാ രോഗികള്‍ക്കും രജിസ്ട്രേഷന്‍, പരിശോധന, ശസ്ത്രക്രിയ, മരുന്ന്, ഭക്ഷണം എന്നിവ സൌജന്യമാണ്.
ആശുപത്രികളില്‍ ജാതി-മതഭേദമെന്യേ രോഗികളെ പ്രവേശിപ്പിക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. വാര്‍ഷിക വരുമാനം 50000 രൂപയില്‍ താഴെയുളള രോഗികള്‍ക്കാണ് ചികിത്സയ്ക്കുള്ള 90 ശതമാനം പ്രവേശനവും നീക്കിവച്ചിരിക്കുന്നത്. ഇതിന് പുറമെ കുട്ടികള്‍ക്കും കുടുംബത്തിന്റെ അത്താണിയായവര്‍ക്കും മുന്‍ഗണന ലഭിക്കും.
അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ലോകപ്രശസ്തരായ ഡോക്ടര്‍മാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഈ മെഡിക്കല്‍ സമുച്ചയങ്ങളില്‍ വേതനമില്ലാതെ സേവനമനുഷ്ഠിക്കുന്നവര്‍ സായിസന്ദേശത്തിന്റെ പ്രചാരകരാണ്. ഇന്‍ഫര്‍മേഷന്‍ കൌണ്ടര്‍ മുതല്‍ ശുചീകരണം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സായികര്‍സേവകരാണ് സേവനമനുഷ്ഠിക്കുന്നത്. ഓരോ ആശുപത്രികളിലും ദിവസവും 200 ഓളം കര്‍സേവകര്‍ ജനസേവകരായി എത്തുന്നു. ഊഴമനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് കര്‍സേവകര്‍ വരുന്നത്.
ദിവസവും വെളുപ്പിന് അഞ്ചുമണിക്കുള്ള പ്രാര്‍ത്ഥനയോടെ ആശുപത്രിയും പരിസരവും ഉണരുന്നു. രാമനെയും കൃഷ്ണനെയും അള്ളാഹുവിനെയും ക്രിസ്തുവിനെയും ശ്രീബുദ്ധനെയുമെല്ലാം യഥേഷ്ടം പ്രാര്‍ത്ഥിക്കാനുള്ള സൌകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ഓരോ രോഗിക്കും ഒരു കൂട്ടിരിപ്പുകാരനെ കൂടി കൊണ്ടുവരാന്‍ അനുവാദമുണ്ട്. അയാള്‍ രോഗിയുടെ ബന്ധുവായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇങ്ങനെ വരുന്ന കൂട്ടിരിപ്പുകാര്‍ക്ക് സൌജന്യമായി താമസസൌകര്യം ലഭിക്കും. രാവിലെ 6.30ന് ആശുപത്രിയിലെ ഓരോ ഡിപ്പാര്‍ട്ടുമെന്റും പ്രവര്‍ത്തിച്ചു തുടങ്ങും. ഡയട്രി, കാന്റീന്‍ എന്നിവ നേരത്തെ പ്രവര്‍ത്തനം തുടങ്ങും. കര്‍സേവകര്‍ തുടര്‍ച്ചയായി 12 മണിക്കൂറാണ് സേവനമനുഷ്ഠിക്കുക.
മറ്റ് ആശുപത്രികളിലേതുപോലെ ഇവിടെ രോഗികളോ ബന്ധുക്കളോ രോഗവിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ കൊണ്ടുവരേണ്ടതില്ല. രോഗവിവരങ്ങള്‍ എല്ലാം പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്തിരിക്കുന്നു.  സായി ആശുപത്രികളില്‍ നിന്ന് ഓപ്പറേഷന്‍ കഴിഞ്ഞ് പോകുന്നവരുടെ മേല്‍വിലാസം അതാത് സായിസേവാസമിതി സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് നല്‍കും. അങ്ങനെ സംസ്ഥാനഘടകം വഴി ഓരോ സ്ഥലങ്ങളിലുമുള്ള ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുമായി പ്രവര്‍ത്തകര്‍ ബന്ധപ്പെടും. സ്റേറ്റ് പ്രസിഡന്റുമാര്‍ ലോക്കല്‍ ഡോക്ടര്‍മാര്‍ മുഖേനയാണ് ചികിത്സ നടത്തുക.
ഹൃദയസംഗമം
സായി ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുന്ന രോഗികള്‍ക്ക് ഓരോ വര്‍ഷവും ഹൃദയസംഗമം സംഘടിപ്പിക്കാറുണ്ട്. രോഗികള്‍ക്ക് പരസ്പരം ബന്ധപ്പെടാനും രോഗവിവരങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ പരസ്പരം മനസിലാക്കാനും ഉത്ക്കണ്ഠ ഒഴിവാക്കാനുമാണ് ഈ ഹൃദയസംഗമം നടത്തുന്നത്.
മേല്‍വിലാസങ്ങള്‍ പുട്ടപര്‍ത്തി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശ്രീസത്യസായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ്പ്രശാന്തിഗ്രാം, അനന്തപൂര്‍ ജില്ല, ആന്ധ്രാപ്രദേശ്, ഇന്ത്യ 515134
പൊതുവായ അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 08555-287388- എക്സ്റ്റന്‍ഷന്‍ 513
email: publicrelationspg@sssihms.org.in
രോഗിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 08555-287388- എക്സ്റ്റന്‍ഷന്‍-508 ഫാക്സ്: 91-8555-287544
email: enauirypg@sssihms.org.in വൈറ്റ്ഫീല്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ലൊക്കേഷന്‍ Sathya Sai HospitalEPIP AreaWhitefield, Bengaluru, Karnataka, 560066, India PH. 918028411501
സത്യസായി മെഡിക്കല്‍ ട്രസ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍(9037692398), (9447347466)

ചികിത്സ തേടിയെത്തുമ്പോള്‍
സായിപ്രസ്ഥാനവുമായി ബന്ധപ്പെട്ടവര്‍ക്ക്  മാത്രമേ സത്യസായി ആശുപത്രികളില്‍ ചികിത്സ ലഭിക്കൂ എന്ന് ഒരു പൊതുധാരണയുണ്ട്, അത് ശരിയല്ല. അര്‍ഹതപ്പെട്ട ആര്‍ക്കും സായി മെഡിക്കല്‍ സെന്ററിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സ ലഭ്യമാണ്. ചികിത്സയ്ക്ക് മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണ്. ഇതിനുള്ള അപേക്ഷകള്‍ ഇന്റര്‍നെറ്റിലൂടെ ലഭിക്കും. ആശുപത്രിയുടെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോറവും അതുസംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമാണ്.
ആശുപത്രിയുടെവെബ്സൈറ്റുകള്‍: saibabaforbginners.com/hospitals.htm, psg.sssihms.org.in, wfd.sssihms.org.in, sssihms.org.in/wfd/pages/forpatient.htms , Sai beginners: saibabaforbeginners.com/
ആശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ താഴെ പറയുന്ന ഒരുക്കങ്ങള്‍ കൂടി വേണ്ടതാണ്.
. ഏത് രോഗമാണെന്ന് മുന്‍കൂട്ടി പരിശോധിച്ച് അറിഞ്ഞതിനു ശേഷം ചികിത്സയ്ക്കുള്ള അപേക്ഷ അയയ്ക്കുന്നതായിരിക്കും ഉചിതം. പ്രാഥമിക പരിശോധനയും മറ്റും ഒഴിവാക്കി ചികിത്സ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാന്‍ ഇതുമൂലം കഴിയും.
. ഫോണ്‍, ഇ-മെയില്‍, തപാല്‍ എന്നിവ മുഖേന appointment എടുക്കാം. appointment ലെറ്ററിനൊപ്പം ഒരു കവറിംഗ് ലെറ്റര്‍ കൂടി ഉണ്ടായിരിക്കണം. അതില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
. രോഗിയുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും
. വയസ്
. രോഗത്തിന്റെ പഴക്കം
.അപേക്ഷിക്കുന്ന വര്‍ഷത്തില്‍ എപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചേരാന്‍ കഴിയുകയെന്ന് അറിയിക്കുക (രോഗിക്ക് എത്രയും പെട്ടെന്ന് appointment ലഭിക്കാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്)
.രോഗവിവരം സംബന്ധിച്ച മുന്‍ മെഡിക്കല്‍ റെക്കാഡുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഹാജരാക്കണം. ഇതോടൊപ്പം ചികിത്സിച്ചിരുന്ന ഡോക്ടറുടെ കവറിംഗ് ലെറ്റര്‍ കൂടി ഉണ്ടായിരിക്കണം.
.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ രോഗികള്‍ ഇനി പറയുന്ന കാര്യങ്ങള്‍  കൊണ്ടുവരേണ്ടതാണ്.
. രോഗം സംബന്ധിച്ച് നേരത്തെയുള്ള മെഡിക്കല്‍ റെക്കാഡുകള്‍
. മേല്‍വിലാസം തെളിയിക്കാന്‍ ഇനി പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന്- റേഷന്‍കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവേഴ്സ് ലൈസന്‍സ്, പാസ്പോര്‍ട്ട്.
. ഒരു കൂട്ടിരിപ്പുകാരനെ നിര്‍ബന്ധമായും കൊണ്ടുവരണം (പുരുഷനായിരിക്കുന്നത് അഭികാമ്യം)

ലിങ്ക് – വാരാന്ത്യ കൌമുദി

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, രജിസ്ട്രേഷന്‍, രോഗങ്ങള്‍, വാര്‍ത്ത

ഭൂമി രജിസ്‌ട്രേഷനില്‍ വര്‍ദ്ധനയില്ല; ഏറെയും ഭവന പദ്ധതിയുടേത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി വില്പനയും രജിസ്‌ട്രേഷനും കൂടിയെന്ന വാദം പൊളിയുന്നു. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്ന രജിസ്‌ട്രേഷനില്‍ ശരാശരി നാല്പത് ശതമാനം വരെ ഇ.എം.എസ് ഭവന പദ്ധതിക്കും മറ്റുമുള്ള കരാര്‍ രജിസ്‌ട്രേഷന്‍. വരുമാന വര്‍ദ്ധന അവകാശപ്പെടുന്നതാകട്ടെ ഭൂമിവില നിശ്ചയിച്ച ശേഷം നല്‌കേണ്ടിവരുന്ന ഉയര്‍ന്ന മുദ്രപത്ര വിലയുടേത്.

സാധാരണ സബ്‌രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് കീഴില്‍ അഞ്ച് വില്ലേജുകള്‍ വരെ ഉണ്ടാകും. ജനവരി മുതല്‍ ഡിസംബര്‍ വരെ 3000 രജിസ്‌ട്രേഷന്‍ വരെ ഓരോ രജിസ്ട്രാര്‍ ഓഫീസിലും നടക്കുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ ശരാശരിയും ഇതേ തോതിലാണ്. ജനവരി മുതല്‍ ഈ മാസം വരെ ഏതാണ്ട് 1500 മുതല്‍ 1700 വരെ രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നാല്പത് ശതമാനം വരെ കരാറുകളുടെ രജിസ്‌ട്രേഷനാണ് മിക്കയിടത്തും നടന്നിട്ടുള്ളത്. ഇ. എം. എസ് ഭവന പദ്ധതിക്കുള്ള കരാര്‍ രജിസ്‌ട്രേഷന് ഫീസില്ല. 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യില്ലെന്ന് വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ കരാര്‍ രജിസ്റ്റര്‍ ചെയ്ത് നല്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ രജിസ്‌ട്രേഷന്‍ എണ്ണത്തില്‍ ഇതും ഉള്‍പ്പെടും.

മാര്‍ച്ച് വരെ കേരളത്തിലെ ശരാശരി ഭൂമിവില ഗ്രാമ നഗര വ്യത്യാസമില്ലാതെ ഒരു ആറിന് (ഏകദേശം രണ്ടര സെന്റ്) അമ്പതിനായിരം മുതല്‍ അറുപതിനായിരം വരെ ആയിരുന്നു. ഏപ്രിലില്‍ ഭൂമി വില നിശ്ചയിച്ച ശേഷം ഈ വില ഏകദേശം ഒന്നേകാല്‍ ലക്ഷം വരെ ആയിട്ടുണ്ട്. അതായത് ഗ്രാമപ്രദേശത്ത് രണ്ടര സെന്റിന് 30,000 രൂപ കണക്കാക്കിയിരുന്നെങ്കില്‍ ഏപ്രില്‍ മുതല്‍ ഇത് ഏതാണ്ട് നാല് ലക്ഷം വരെ ആയി ഉയര്‍ന്നിട്ടുള്ള സ്ഥലങ്ങളും ഉണ്ട്. ഈ ഉയര്‍ന്ന വിലയ്ക്ക് അനുസരിച്ചാണ് മുദ്രപ്പത്രം വാങ്ങേണ്ടത്. അതായത് പഞ്ചായത്ത് പ്രദേശത്ത് ഭൂമി വിലയുടെ ഏഴ് ശതമാനവും മുനിസിപ്പാലിറ്റി പ്രദേശത്ത് എട്ട് ശതമാനവും നഗര സഭാ പ്രദേശത്ത് ഒമ്പത് ശതമാനവുമാണ് ഇപ്പോഴത്തെ മുദ്രപ്പത്ര വില. ഇതു കൂടാതെ രജിസ്‌ടേഷന്‍ ഫീസും നല്കണം. ഇങ്ങനെ മുദ്രപ്പത്രത്തിനായി ഉയര്‍ന്ന വില നല്‌കേണ്ടി വരുന്നതാണ് രജിസ്‌ട്രേഷന്‍ വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടായി എന്ന അവകാശവാദത്തിന് പിന്നില്‍.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under രജിസ്ട്രേഷന്‍, വാര്‍ത്ത

ഭൂമി വില : അവ്യക്തത തുടരുന്നു രജിസ്‌ട്രേഷന്‍ നീളുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിവില നിശ്ചയിച്ച് മൂന്ന് മാസത്തോളമായിട്ടും വില തിട്ടപ്പെടുത്താത്ത ഭൂമിയുടെ രജിസ്‌ട്രേഷന് ഏകീകൃത മാര്‍ഗനിര്‍ദേശമായില്ല. പല വില്ലേജുകളിലും വില നിശ്ചയിക്കുന്നതിന് മാനദണ്ഡമില്ലാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ അനന്തമായി നീളുന്നു.

വില്ലേജുകളുടെ അതിര്‍ത്തി പങ്കുവെക്കുന്ന ഭൂമിക്ക് ഇരു വില്ലേജുകളിലും രണ്ട് വില നിലനില്‍ക്കുന്നതും ഒരേ സര്‍വേ നമ്പറിലെ ഭൂമിക്ക് വഴിയരിക് മുതല്‍ മീറ്ററുകളോളം ദൂരത്തില്‍ ഒരേ വില നിശ്ചയിച്ചിട്ടുള്ളതും പരിഹരിക്കാനായില്ല. ധനനിശ്ചയാധാരത്തിന് പരിധി വെച്ചതാണ് കുടുംബ ആധാരങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നത്.

പരാതി പരിഹരിക്കാന്‍ ജില്ലാകളക്ടര്‍മാരെ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട ആര്‍.ഡി.ഒമാരാണ് വില നിശ്ചയിച്ചുനല്‍കേണ്ടത്. ഇതിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പലരും രജിസ്‌ട്രേഷനായി ഇറങ്ങുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നത്. തുല്യ ഭൂപ്രകൃതി ആണെങ്കിലും വില്ലേജ് അതിര്‍ത്തി തിരിക്കുന്ന റോഡിന്റെയോ തോടിന്റെയോ ഇരുവശത്തും രണ്ട് വിലയാണ് രണ്ട് വില്ലേജുകള്‍ നിശ്ചയിച്ചിട്ടുള്ളത്. ഒരാള്‍ക്കുതന്നെ റോഡിന് അപ്പുറവും ഇപ്പുറവുമായി രണ്ട് വില്ലേജുകളിലും ഭൂമി ഉണ്ടെങ്കില്‍ ആധാരം നടത്താനുള്ള ചെലവ് വ്യത്യസ്തമായിരിക്കും. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ഒരു തോടിന് ഒരു വശത്ത് നിലത്തിന് 3500രൂപയും മറുവശത്ത് നിലത്തിന് 35000 രൂപ വരെയുമാണ് ഒരു ആര്‍ ന് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ സ്ഥലം പരിശോധിച്ച് വില നിശ്ചയിക്കാന്‍ യാതൊരു നടപടിയുമില്ല. നെല്‍കൃഷി ചെയ്യുന്ന നിലത്തിന് ഏകീകൃത വില നിശ്ചയിക്കണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു.

വഴിയോടു ചേര്‍ന്നു വരുന്ന ഭൂമിക്ക് നിശ്ചയിച്ചിട്ടുള്ള അതേ വില തന്നെ അരകിലോമീറ്റര്‍ വരെ വരുന്ന സബ് ഡിവിഷനുകള്‍ ഉള്ള സര്‍വേനമ്പറുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇങ്ങനെയുള്ള ഭൂമി പല തരമായി തിരിച്ച് വില നിശ്ചയിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല.

ഒരേ സര്‍വേ നമ്പറില്‍ വരുന്ന സര്‍ക്കാര്‍ ഭൂമിക്ക് ഇനിയും ഡിവിഷനുകള്‍ നിശ്ചയിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇതിനിടയിലെ വ്യക്തികള്‍ക്ക് പതിച്ചുനല്‍കിയിട്ടുള്ള ഭൂമിയുടെ വില്പനയ്ക്കും കളക്ടറേറ്റുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.

ധനനിശ്ചയ ആധാരങ്ങള്‍ ഇപ്പോള്‍ അമ്മയ്ക്കും അച്ഛനും മക്കള്‍ക്ക് എഴുതി നല്‍കാവുന്ന രീതിയില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിന് ഭാര്യയ്ക്കും എഴുതി നല്‍കാം. രണ്ട് ശതമാനമാണ് ഇതിനുള്ള മുദ്രപ്പത്ര വില. മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ധനനിശ്ചയം നടത്തണമെങ്കില്‍ മുദ്രപ്പത്ര വില അഞ്ച് ശതമാനം നല്‍കണം. ഇതു കൂടാതെയാണ് രണ്ട് ശതമാനം ഫീസ്.

ഏപ്രില്‍ മുതല്‍ രജിസ്‌ട്രേഷന്‍ ചെലവ് കുറയുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പാഴ്‌വാക്കായി. ഏപ്രിലിന് മുമ്പ് നാലായിരം രൂപയ്ക്ക് താഴെ ചെലവ് വരുന്ന പത്ത് സെന്റിന്റെ ധനനിശ്ചയ ആധാരം നടത്താന്‍ 35,000 രൂപ വരെ ചെലവ് വന്ന സംഭവങ്ങളുമുണ്ടായി.

ചില ഇടപാടുകളില്‍ 18,000 രൂപ മുദ്രപ്പത്ര വില നല്‍കി ഏപ്രിലിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ഭൂമി ഏപ്രിലിന് ശേഷം വില്പന നടത്തുമ്പോള്‍ പത്രം വാങ്ങേണ്ടി വന്നത് 44,000 രൂപയ്ക്ക്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, രജിസ്ട്രേഷന്‍, വാര്‍ത്ത, സാമ്പത്തികം

വിവാഹ രജിസ്ട്രേഷന് അപേക്ഷിക്കാന്‍ ദമ്പതികള്‍ ഹാജരാകേണ്ടതില്ല: ഹൈക്കോടതി

കൊച്ചി: വിവാഹ രജിസ്ട്രേഷന് അപേക്ഷ നല്‍കാന്‍ ദമ്പതികള്‍ നേരിട്ടു ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തപാല്‍ വഴിയോ മൂന്നാമതൊരാള്‍ വഴിയോ അപേക്ഷ കൈമാറാം. എന്നാല്‍ അഞ്ചു ദിവസത്തിനകം വിവാഹം രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനായി ദമ്പതികള്‍ നേരില്‍ ഹാജരാകണം.
കേരള രജിസ്ട്രേഷന്‍ ഒഫ് മാര്യേജ് റൂള്‍സിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദ്ദേശം. വിവാഹ രജിസ്ട്രേഷന് ദമ്പതികള്‍ ഹാജരാകണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. അപേക്ഷ നല്‍കുന്ന സമയത്ത് ദമ്പതികള്‍ നേരിട്ട് ഹാജരാകണമെന്ന് നിഷ്കര്‍ഷിക്കാന്‍ രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ലിങ്ക് – കേരളകൌമുദി

ഒരു അഭിപ്രായം ഇടൂ

Filed under രജിസ്ട്രേഷന്‍, വാര്‍ത്ത

പ്രത്യേക റവന്യൂസംഘത്തിന്റെ കണ്ടെത്തല്‍: ആധാരം വ്യാജം; ഹാരിസണ്‌ ഭൂമികളില്‍ ഉടമാവകാശമില്ല

തിരുവനന്തപുരം: ഹാരിസണ്‍ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിയിലൊന്നിനും യഥാര്‍ത്ഥത്തില്‍ കമ്പനിക്ക്‌ ഉടമസ്‌ഥാവകാശമില്ലെന്നു റവന്യൂവകുപ്പിന്റെ പ്രത്യേകസംഘം കണ്ടെത്തി. ഉടമസ്‌ഥാവകാശത്തിന്‌ അടിസ്‌ഥാനമായി കമ്പനി ഹാജരാക്കിയ 1600/1923 എന്ന നമ്പരിലെ ആധാരം വ്യാജമാണ്‌. ഏഴു ജില്ലകളിലായുള്ള എസ്‌റ്റേറ്റുകളില്‍ രഹസ്യപരിശോധന നടത്തിയും അയല്‍സംസ്‌ഥാനങ്ങളില്‍നിന്നുള്ള മുന്നാധാരമടക്കമുള്ള പഴയ രേഖകള്‍ പരിശോധിച്ചുമാണു റവന്യൂസംഘത്തിന്റെ കണ്ടെത്തല്‍. കണ്ടെത്തല്‍ റിപ്പോര്‍ട്ടായി ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

പല പേരുകളിലായി സംസ്‌ഥാനത്തുണ്ടായിരുന്ന കമ്പനി 1923-ലാണു ഹാരിസണ്‍ കമ്പനിയായി മാറിയത്‌. അതിനുമുമ്പുതന്നെ ഹാരിസണ്‍ പലരില്‍നിന്നായി ഭൂമി വാങ്ങിയെന്നാണ്‌ അവകാശപ്പെട്ടിരുന്നത്‌. 1865 മുതല്‍ നിലവിലുണ്ടായിരുന്ന നിയമപ്രകാരം 500 ഏക്കറില്‍ താഴെ മാത്രമേ കൈമാറ്റം നടത്താന്‍ പാടുള്ളൂ. പിന്നീടെങ്ങനെ പതിനായിരക്കണക്കിന്‌ ഏക്കര്‍ ഹാരിസണ്‍ കൈമാറ്റം നടത്തിയെന്നതാണു പ്രസക്‌തമായ ചോദ്യം. ഇങ്ങനെ നടന്ന ഇടപാടുകള്‍ക്ക്‌ അടിസ്‌ഥാനമായ രേഖകള്‍ ഹാജരാക്കാന്‍ റവന്യൂസംഘം ഹാരിസണോട്‌ ആവശ്യപ്പെട്ടു. കമ്പനി ആകെ നല്‍കിയത്‌ 1600/1923 എന്ന നമ്പരിലുള്ള ആധാരമാണ്‌.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ പലരില്‍നിന്നായി ഭൂമി വാങ്ങിയെന്ന അവകാശവാദം വ്യാജമാണെന്നു പ്രത്യേക സംഘം കണ്ടെത്തിയത്‌. ഭൂമി കൈയേറിയതാണെന്നാണു സംശയമുയര്‍ന്നിട്ടുള്ളത്‌. 1600/1923 നമ്പര്‍ ആധാരത്തിന്റെ പരിശോധനയ്‌ക്കായി റവന്യൂസംഘം കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍സംസ്‌ഥാനങ്ങളിലും പരിശോധന നടത്തി. ഇതിന്റെ മുന്നാധാരം ഹാജരാക്കാന്‍ സംഘം നിര്‍ദേശിച്ചെങ്കിലും കമ്പനിക്ക്‌ അതിനു കഴിഞ്ഞില്ല.

പല പേരിലായുണ്ടായിരുന്ന കമ്പനികള്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ എന്ന പേരില്‍ ഒറ്റക്കമ്പനിയായെങ്കിലും അതിനു ശേഷവും 26 സ്‌ഥാപനങ്ങളുടെ പേരിലാണു ഭൂമിയുള്ളത്‌. പലതിനും അതീവരഹസ്യമായി ഡയറക്‌ടര്‍ ബോര്‍ഡ്‌വരെ പ്രവര്‍ത്തിക്കുന്നു. രേഖകള്‍ പരിശോധിക്കാന്‍ ഹാരിസന്റെ കര്‍ണാടകയിലെ എസ്‌റ്റേറ്റും സംഘം പരിശോധിച്ചു. 1908 മുതലുള്ള ആധാരങ്ങളുടെ കൈയെഴുത്തുപ്രതിക്കായി പുരാരേഖകള്‍ പരിശോധിച്ചതില്‍നിന്നാണ്‌ ഹാരിസണ്‍ ഹാജരാക്കിയ 1600/1923 നമ്പര്‍ ആധാരം വ്യാജമാണെന്നു കണ്ടെത്തിയത്‌. ഭൂമിയിടപാട്‌ സംബന്ധിച്ച രേഖകളെല്ലാം സംസ്‌ഥാനത്തെ വില്ലേജ്‌, താലൂക്ക്‌ ഓഫീസുകളില്‍നിന്നു നഷ്‌ടപ്പെട്ടിരുന്നു.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളുടെ തുടര്‍ച്ചയായിട്ടാണു പ്രത്യേക റവന്യൂസംഘം രൂപീകരിച്ചത്‌. ഹാരിസണെതിരേ സ്വീകരിക്കേണ്ട നിയമനടപടികള്‍ തീരുമാനിക്കാന്‍ ഉന്നതതല സമിതിയേയും നിയോഗിച്ചിരുന്നു. ഈ സമിതി ഹാരിസണ്‍ എസ്‌റ്റേറ്റുകളുള്ള ജില്ലകളില്‍ റെയ്‌ഡ് നടത്തിയാണു റവന്യൂരേഖകള്‍ പിടിച്ചെടുത്തത്‌.

ലിങ്ക് – മംഗളം

ഒരു അഭിപ്രായം ഇടൂ

Filed under രജിസ്ട്രേഷന്‍, വാര്‍ത്ത

ഭൂമിയുടെ തരംതിരിവ്‌: ഉത്തരവ്‌ പിന്‍വലിച്ചു

തിരുവനന്തപുരം: ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന പ്രമാണങ്ങളില്‍ ഭൂമിയുടെ ഇനം, തരം എന്നിവ രേഖപ്പെടുത്തണമെന്ന വിവാദ ഉത്തരവ്‌ സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ ഉത്തരവ്‌ നടപ്പാക്കേണ്ടെന്ന്‌ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഐ.ജിയോട്‌ നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഐ.ജി. താഴെത്തട്ടിലേക്ക്‌ രേഖാമൂലം കൈമാറി. സപ്‌തംബര്‍ 18ന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവാണ്‌ പിന്‍വലിച്ചത്‌.

ഈ ഉത്തരവ്‌ പ്രകാരം പണ്ടുകാലം മുതല്‍ നിലമായി തണ്ടപ്പേരില്‍ കാണിച്ചിട്ടുള്ള സ്ഥലങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മറ്റാവശ്യങ്ങള്‍ക്കായി മാറ്റിയിട്ടുണ്ടെങ്കിലും പുതിയ പ്രമാണം നടത്തുമ്പോള്‍ നിലമെന്ന്‌ കാണിക്കണമെന്നാണ്‌ വ്യവസ്ഥ. ഇതുമൂലം കാലാകാലങ്ങളായി കര പുരയിടങ്ങളായി മാറ്റിയിട്ടുള്ള സ്ഥലങ്ങള്‍ കൈമാറ്റം ചെയ്യാനോ, പുതിയ വീട്‌ നിര്‍മ്മിക്കാനോ കഴിയാത്ത അവസ്ഥ സംജാതമായി. പണ്ട്‌ നിലമായിരുന്ന സ്ഥലം നികത്തി വീടുവെച്ചാലും ആ സ്ഥലം നിലമെന്നായിരിക്കും രേഖപ്പെടുത്തുക. നിലം നികത്തുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ ഉള്ളതിനാല്‍ സ്ഥലക്രയവിക്രയം തന്നെ ഈ ഉത്തരവുമൂലം ബുദ്ധിമുട്ടായി.

വ്യാപകമായ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്‌ വിശദമായ ചര്‍ച്ച നടത്തുന്നതുവരെ മരവിപ്പിച്ചു നിര്‍ത്താന്‍ 18ന്‌ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞദിവസം റവന്യൂ, ഫിഷറീസ്‌ മന്ത്രിമാര്‍ ഇരുവകുപ്പിലെയും ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ യോഗത്തിലാണ്‌ വിവാദ ഉത്തരവ്‌ നടപ്പാക്കേണ്ടെന്ന്‌ തീരുമാനമായത്‌. എന്നാല്‍ നിലങ്ങളും വയലുകളും കരഭൂമിയായി കാണിച്ച്‌ നിയമത്തില്‍ നിന്ന്‌ ഒഴിവാക്കി നികത്തിയെടുക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇത്തരമൊരു ഉത്തരവ്‌ ഇറക്കിയത്‌. നിലം എന്നതിന്‌ സ്ഥലം എന്ന്‌ രേഖപ്പെടുത്തുമ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമി പുരയിടമാണ്‌ എന്ന്‌ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഈ വസ്‌തുതകൂടി കണക്കിലെടുത്ത്‌ ഉത്തരവിന്റെ അന്തസ്സത്ത എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ സമിതിയെ നിയോഗിച്ചു.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, രജിസ്ട്രേഷന്‍, വാര്‍ത്ത