Category Archives: മോഷണം

വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: മഹാരാഷ്ട്രയില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : കണ്ണമ്മൂലയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം സാഹസികമായ നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ വച്ച് അറസ്റ്റ് ചെയ്തു.
കണ്ണമ്മൂല ‘ഗയ’യില്‍ പ്രമുഖ സോഫ്ട്വെയര്‍ വ്യവസായി പ്രിയദാസ് ജി. മംഗലത്തിന്റെ ഭാര്യ ജെസിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ രാഹുല്‍ എന്ന വികാസ് ഗോപിനാഥ് ചൌഹാന്‍ (23) ആണ് അറസ്റ്റിലായത്. പൂനെയ്ക്ക് സമീപം അഹമ്മദ് നഗര്‍ ജില്ലയിലെ അശോക് നഗറില്‍ നിന്നാണ് ചൌഹാനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂര്‍, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയത് ഇതേ സംഘമാണെന്ന് ചൌഹാന്റെ അറസ്റ്റോടെ വ്യക്തമായി. ആസൂത്രിതമായി വന്‍ കൊള്ള നടത്തുന്ന സംഘമാണിത്.
തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത ചൌഹാനെ ഇന്നലെ അഹമ്മദ് നഗര്‍ ജുഡിഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കേരള പൊലീസിന് വിട്ടുകൊടുത്തുകൊണ്ട് കോടതി ഉത്തരവിട്ടു. പ്രതിയുമായി അന്വേഷണസംഘം ഇന്ന് പൂനെയില്‍ നിന്ന് തിരിക്കും. ശനിയാഴ്ചയോടെ ഇവിടെ എത്തുമെന്നാണ് കരുതുന്നത്.

ലിങ്ക് – കേരളകൌമുദി

Advertisements

1 അഭിപ്രായം

Filed under മോഷണം, വാര്‍ത്ത

കെപിസിസി സെക്രട്ടറിയുടെ വീട്ടില്‍ 5 ലക്ഷത്തിന്റെ വൈദ്യുതി മോഷണം

പെരുമ്പാവൂര്‍: കെപിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ ടി പി ഹസന്റെ വല്ലത്തുള്ള വീട്ടില്‍ എപിടിഎസ് ഉദ്യോഗസ്ഥര്‍ 5,60,000 രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തി. തിങ്കളാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ എപിടിഎസ് എറണാകുളം എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിന് എടുത്ത കണക്ഷനില്‍നിന്ന് വീടിനോടു ചേര്‍ന്നുള്ള വുഡ് ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പിലേക്ക് മണ്ണിനടിയിലൂടെ ലൈന്‍ വലിച്ചായിരുന്നു തട്ടിപ്പ്. ഒരുവര്‍ഷമായി ഇതു തുടരുന്നുവെന്ന അനുമാനത്തിലാണ് വൈദ്യുതിയുടെ അളവ് കണക്കാക്കിയത്. റെയ്ഡ് സമയത്ത് ഹസന്‍ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരത്താണെന്നു വീട്ടുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതുകൂടാതെ വല്ലം റയോപുരം പ്രദേശത്തെ നിരവധി വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒന്നരലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. അഞ്ച് ദിവസമായി ഇവിടെ റെയ്ഡ് നടക്കുകയാണ്. എറണാകുളം, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലെ എപിടിഎസ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു. പെരുമ്പാവൂര്‍ പൊലീസും സഹായത്തിനെത്തി.

ലിങ്ക് – ദേശാഭിമാനി

ഒരു അഭിപ്രായം ഇടൂ

Filed under മോഷണം, വാര്‍ത്ത

വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച: മോഷ്‌ടാക്കളുടെ വീഡിയോ ചിത്രം ലഭിച്ചു

തിരുവനന്തപുരം: കണ്ണമ്മൂലയില്‍ വീട്ടമ്മയെ കെട്ടിയിട്ട്‌ കവര്‍ച്ച നടത്തിയ സംഘം തലസ്‌ഥാനത്തെ ഒരു ജ്വല്ലറിയില്‍ നിന്ന്‌ ആഭരണങ്ങള്‍ വാങ്ങിയതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കമ്പ്യൂട്ടര്‍ വ്യാപാരി പ്രിയദാസ്‌ മംഗലത്തിന്റെ വീട്ടില്‍ കൊള്ള നടന്നതിന്റെ തലേദിവസം ഈ സംഘത്തില്‍പ്പെട്ട ചിലര്‍ തലസ്‌ഥാനത്തെ ഒരു പ്രമുഖ ജ്വല്ലറിയില്‍ ചെറിയ തോതില്‍ ആഭരണങ്ങള്‍ വാങ്ങിയിരുന്നു. ഇതിന്റെ ബില്ല്‌ ഇവര്‍ കടത്തിക്കൊണ്ടുപോയ ബെന്‍സ്‌ കാറില്‍ നിന്നു കണ്ടെത്തിയ സാഹചര്യത്തിലാണ്‌ പോലീസ്‌ വീഡിയോ ക്ലിപ്പിംഗ്‌സ് കണ്ടെടുത്തത്‌.

നാലു യുവാക്കളെയാണ്‌ പോലീസ്‌ പ്രധാനമായും സംശയിക്കുന്നത്‌. ഒരു മലയാളി മോഷ്‌ടാവ്‌ ഈ സംഘത്തിലുണ്ടായിരുന്നതായി വിവരം ലഭിച്ചു. ആഭരണങ്ങള്‍ വാങ്ങിയത്‌ അപരിചിതരുടെ സംഘം ആയതാണ്‌ മോഷ്‌ടാക്കള്‍ ഇവരാണെന്നു സംശയിക്കാന്‍ കാരണം. ഈ ചിത്രങ്ങള്‍ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറിയിട്ടുണ്ട്‌. കവര്‍ച്ചാ സംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ച ബെന്‍സുകാര്‍ പേട്ട സി.ഐ. സുരേഷ്‌ കുമാര്‍ തലസ്‌ഥാനത്തെത്തിച്ചു. കാറില്‍നിന്നു ലഭിച്ച വിരലടയാളങ്ങള്‍ തമിഴ്‌നാട്‌ പോലീസിന്റെ ഫോറന്‍സിക്‌ വിഭാഗത്തിനു കൈമാറി. കണ്ണമ്മൂലയിലെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളങ്ങളും കാറില്‍നിന്നു ലഭിച്ച വിരലടയാളവും തമ്മില്‍ സാമ്യമുള്ളതായി കണ്ടെത്തി.

ഇവിടെ നടന്ന മാതൃകയില്‍ ചെന്നൈ നഗരത്തില്‍ മോഷണം നടന്നതായി തിരുവനന്തപുരം കമ്മിഷണറെ തമിഴ്‌നാട്‌ പോലീസ്‌ അറിയിച്ചിട്ടുണ്ട്‌. ഒറ്റയ്‌ക്കായിരുന്ന വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട്‌ 20 പവനും മൂന്നു ലക്ഷം രൂപയും കവര്‍ച്ച ചെയ്‌തശേഷം ഇവരുടെ കാറില്‍ മോഷ്‌ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട്‌ 200 കിലോ മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തി. പ്രിയദാസ്‌ മംഗലത്തിന്റെയും ഭാര്യ ജെസിയുടെയും മൊബൈല്‍ ഫോണിന്റെ വിശദാംശങ്ങള്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ജെസിയുടെ മൊഴി കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ഇവരുടെ മൊഴിയിലെ വൈരുധ്യം അന്വേഷണ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

ലിങ്ക് – മംഗളം

ഒരു അഭിപ്രായം ഇടൂ

Filed under മോഷണം, വാര്‍ത്ത

ആളുകള്‍ കൂടിയെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ

വിദ്യാര്‍ത്ഥിനിയുടെ മാല കവര്‍ന്നോടിയ യുവാവിനെ പൊലീസ് ദമ്പതിമാര്‍ കുടുക്കി

തിരുവനന്തപുരം : കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍നിന്ന് നാലു പവന്‍ സ്വര്‍ണമാല പിടിച്ചുപറിച്ച് ഓടിയ യുവാവിനെ പൊലീസ് കോണ്‍സ്റ്റബിളും വനിതാ പൊലീസുകാരിയായ ഭാര്യയും ഓടിച്ചിട്ട് പിടിച്ചു.
ഇവരുടെ ധീരവും സാഹസികവുമായ സേവനത്തിന് ഡി.ജി.പി 2000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
കഥ ഇങ്ങനെ: ഇന്നലെ രാവിലെ 8 മണി. നന്തന്‍കോട് സ്വദേശിയും ആള്‍സെയിന്റ്സ് കോളേജ് വിദ്യാര്‍ത്ഥിനിയുമായ പ്രീതി ജോസ് (20) വീട്ടില്‍നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. നളന്ദ ജംഗ്ഷനില്‍വച്ച് കവടിയാര്‍ സ്വദേശി കണ്ണന്‍ എന്ന സന്തോഷ്കുമാര്‍ പ്രീതിയുടെ പിന്നാലെകൂടി. തക്കം കിട്ടിയപ്പോള്‍ മാല പിടിച്ചുപറിച്ചു കടന്നു. അപ്പോള്‍ അതുവഴി ബൈക്കില്‍ വരികയായിരുന്നു മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജുവും ഭാര്യ വനിതാ ഹെല്‍പ് ലൈനിലെ കോണ്‍സ്റ്റബിള്‍ സന് ധ്യയും. പെണ്‍കുട്ടി നിലവിളിക്കുന്നതും കള്ളന്‍ ഓടുന്നതും കണ്ട് ഇരുവരും ബൈക്ക് നിറുത്തി കള്ളന് പിന്നാലെ പാഞ്ഞു. ഇവരെ കണ്ട് അയാള്‍ മതില്‍ ചാടി അടുത്ത പറമ്പില്‍ കടന്നു. ഇരുവരും പിന്തുടരുന്നതു കണ്ട് വീണ്ടും ഓടി. ഊടുവഴികളിലൂടെയായിരുന്നു ഓട്ടം. പിന്നാലെ എത്തിയ ബിജുവും സന്ധ്യയും രാജീവ് നഗറില്‍വച്ച് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ എതിര്‍ക്കാന്‍ ഒരുമ്പെട്ടു. അതോടെ മല്‍പ്പിടിത്തമായി. ആളുകള്‍ കൂടിയെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ. ഒടുവില്‍, ബിജു അയാളെ കീഴ്പ്പെടുത്തി. ഇതിനിടെ സന്ധ്യ അടുത്ത വീട്ടിലേക്കോടി തോര്‍ത്തുക്കൊണ്ടുവന്ന് അയാളെ ബന്ധിച്ചു.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് മ്യൂസിയം സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസ് എത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ പൊലീസ് പിന്നീട് കോടതിയില്‍ ഹാജരാക്കി.

ലിങ്ക് – കേരളകൌമുദി

ഒരു അഭിപ്രായം ഇടൂ

Filed under മോഷണം, വാര്‍ത്ത

സര്‍ക്കാര്‍ രേഖകള്‍ മോഷണം പോകുന്നു

ലാവലിന്‍: സര്‍ക്കാരിനും ഡി.ജി.പി. ക്കും നോട്ടീസയയ്ക്കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: ലാവലിന്‍ ഫയല്‍ മോഷണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, മെഡിക്കല്‍ കോളേജ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ അഡീഷണല്‍ ജഡ്ജി പി. സോമരാജന്‍ ഉത്തരവിട്ടു. എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നതിന് തടസമായി നിന്ന തെളിവുകളുള്‍ക്കൊള്ളുന്ന എട്ട് രേഖകള്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചതിനും കരാറിനെ എതിര്‍ത്ത് നോട്ടെഴുതിയ മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന മുന്‍മന്ത്രിയുടെ പരാമര്‍ശവുമടങ്ങിയ രേഖകളാണ് കാണാതായത്. ഇവ കാണാതായതിനെതിരെ കെ.എസ്.ഇ.ബി. മുന്‍ ചെയര്‍മാന്‍ രാജഗോപാലന്‍, ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ വൈദ്യുതിമന്ത്രി പിണറായി വിജയന്‍, കെ.എസ്.ഇ.ബി. ബോര്‍ഡംഗമായ സിദ്ധാര്‍ത്ഥമേനോന്‍, ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്ന എ. ഫ്രാന്‍സിസ്, അക്കൗണ്ട്‌സ് അംഗം കെ.ജി. രാജശേഖരന്‍നായര്‍ എന്നിവരെ പ്രതികളാക്കി കേസെടുത്ത് അന്വേഷണമാരംഭിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 13ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പോലീസ് കേസെടുക്കുകയോ ഇവര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതിനെതിരെ അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍, ഡി.ജി.പി, എസ്.ഐ എന്നിവര്‍ക്കെതിരെ നോട്ടീസയയ്ക്കാന്‍ ഉത്തരവായത്. കേസ് 30ന് പരിഗണിക്കും.

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, മോഷണം, വാര്‍ത്ത