Category Archives: ഭക്ഷണം

ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുക സാധ്യമാണോ?

അഹമ്മദാബാദ്: ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുക സാധ്യമാണോ?.. ഈ ചോദ്യത്തിന് ഉത്തരം തേടി ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സൈക്കോളജി ആന്‍ഡ് അലൈഡ് സയന്‍സും (ഡി.ഐ.പി.എ.എസ്) അഹമ്മദാബാദിലെ സ്റ്റെര്‍ലിംങ് ആശുപത്രിയും അത്ഭുത മനുഷ്യന്‍ പ്രഹ്ളാദ് ജാനിയില്‍ നടത്തിയ പഠനങ്ങള്‍ ആ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഗുജറാത്ത് സ്വദേശിയായ 82-കാരന്‍ പ്രഹ്ളാദ് ജാനി ശാസ്ത്രത്തിനു പിടികൊടുക്കാത്ത ഒരു അത്ഭുതപ്രതിഭാസമാണ്. 70വര്‍ഷങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ജീവിക്കുന്നത് എന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഗുജറാത്തില്‍ മാതാജി എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഏപ്രില്‍ 22 മുതല്‍ മെയ് 6വരെ 14 ദിവസത്തെ പഠനത്തിന് വിധേയമാക്കിയിരിക്കുകയായിരുന്നു Continue reading

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, ജലം, ഭക്ഷണം, വാര്‍ത്ത

ചൈനീസ് പാല്‍പ്പൊടിയില്‍ വീണ്ടും വിഷം

ബീജിങ്: ചൈനീസ് നിര്‍മ്മിത പാല്‍പ്പൊടി വാങ്ങുബോള്‍ സൂക്ഷിക്കുക. ആരോഗ്യത്തിന് ഏറെ ഹാനികരമായ മെലാമിന്‍ എന്ന വിഷരാസപദാര്‍ത്ഥം അതില്‍ ഏറെ അടങ്ങിയിരിക്കാം.

ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവശ്യകളായ ഗാന്‍സുവില്ലയിലും, ക്വിങായിലും വില്പനയ്ക്കായി കടകളില്‍ വച്ചിരുന്ന പാല്‍ പൊടിയില്‍ വിഷാംശം ഉള്ളതായി പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തി. ക്വിങായിലെ ഒരു ഫാക്ടറിയില്‍ നിന്ന് അറുപതിനായിരം കിലോ പാല്‍പ്പൊടിയാണ് ഈയിടെ പിടിച്ചെടുത്തത്. അവിടെ ഡോങ്യുവാന്‍ ഡെയറി ഫാക്ടറിയില്‍ നിര്‍മ്മിച്ച പാല്‍പ്പൊടിയില്‍ മെലാമിന്‍ എന്ന രാസപദാര്‍ത്ഥം അനുവദനീയമായതിന്റെ അഞ്ഞൂറിരട്ടി ഉള്ളതായാണ് വ്യക്തമായതെന്ന് അധികൃതര്‍ പറഞ്ഞു.

ജിലിന്‍ പ്രവശ്യയില്‍ നിന്നും വിഷപാല്‍പ്പൊടി പിടിച്ചെടുത്തിട്ടുണ്ട്.

2008 ല്‍ വിഷപാല്‍പ്പൊടിയുപയോഗിച്ച് ആറ് കുട്ടികള്‍ മരിക്കുകയും മൂന്നുലക്ഷത്തിലേറെ കുട്ടികള്‍ രോഗബാധിതരാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ലോകവിപണിയില്‍ നിന്നും ചൈനീസ് പാലുല്പ്പന്നങ്ങള്‍ തിരിച്ചു വിളിക്കപ്പെട്ടു. 22 കമ്പനികളില്‍ നിന്നുള്ള പാല്‍ ഉല്പ്പന്നങ്ങളില്‍ വിഷാംശം ഏറെയുള്ളതായി കണ്ടു. 21പേരെ പ്രതിയാക്കി കേസെടുക്കുകയും അതില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും ചൈനയില്‍ വിഷപ്പാല്‍പ്പൊടി നിര്‍മ്മാണത്തിന് ശമനം വന്നിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നത്.

പ്ളാസ്റ്റിക്, വളം, കോണ്‍ക്രീറ്റ് എന്നിവ നിര്‍മ്മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് മെലാമിന്‍. പ്രോട്ടീന്‍ ഉയര്‍ന്ന തോതിലുണ്ടെന്ന് പരിശോധനകളില്‍ കാണിക്കാന്‍ വേണ്ടിയാണ് ഫാക്ടറിക്കാര്‍ മെലാമിന്‍ കൂടിയ അളവില്‍ ചേര്‍ക്കുന്നത്. മെലാമിന്‍ കൂടിയ അളവിലുള്ള പാല്‍ ഉല്പ്പന്നങ്ങള്‍ കഴിച്ചാല്‍ വൃക്കരോഗങ്ങളും ആമാശയരോഗങ്ങളും ഉണ്ടാകും. മരണവും സംഭവിക്കും.

ലിങ്ക് – കേരളകൌമുദി

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, ഭക്ഷണം, രോഗങ്ങള്‍, വാര്‍ത്ത

റേഷന്‍കട നടത്തിപ്പ് പഞ്ചായത്തുകളെ ഏല്‌പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ റേഷന്‍ കടകളുടെ നടത്തിപ്പ് പഞ്ചായത്തുകളെയോ സന്നദ്ധ സംഘടനകളെയോ ഏല്പിക്കാന്‍ നിര്‍ദേശം. ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ കരടിലാണീ നിര്‍ദേശമുള്ളത്. പദ്ധതി നടത്തിപ്പിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മന്ത്രിതല സമിതിയുടെ ഉടനെ ചേരുന്ന യോഗം കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. അടുത്ത മാസം തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് പാസാക്കാനാകുമെന്നാണ് പ്രതീക്ഷ.

തെണ്ടുല്‍ക്കര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം നിശ്ചയിക്കുക. അതനുസരിച്ച് ജനസംഖ്യയുടെ 35 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ബി.പി.എല്‍. കുടുംബത്തെ നിശ്ചയിക്കേണ്ട ചുമതല ഗ്രാമസഭകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണെന്ന് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബി.പി.എല്‍. കുടുംബത്തെ നയിക്കുന്നത് സ്ത്രീ ആയിരിക്കണം. ഭാവിയില്‍ ഭക്ഷ്യധാന്യം നല്കുന്നതിന് പകരം പണം നലേ്കണ്ട സ്ഥിതിയുണ്ടായാല്‍ അത് പുരുഷന് ലഭിച്ച് നഷ്ടപ്പെടാതിരിക്കാനാണ് ‘കുടുംബ നായിക’യെന്ന സങ്കല്പം ബില്ലില്‍ കൊണ്ടുവരുന്നത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം പണം നല്കണമെന്ന് ചില സംസ്ഥാനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. ഓരോ പഞ്ചായത്തും ബി.പി.എല്‍. കുടുംബങ്ങളെ തീരുമാനിച്ച് നിശ്ചിത ഇടവേളയില്‍ പട്ടിക പുനഃപ്പരിശോധിക്കണം.
ബി.പി.എല്‍. കുടുംബത്തിന് മാസം 25 കി. ഗ്രാം ഭക്ഷ്യധാന്യം നല്കണമെന്നാണ് കരടുബില്ലിലെ ശുപാര്‍ശ. 35. കി. ഗ്രാം ഭക്ഷ്യധാന്യം നല്കണമെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ധാന്യം നല്കാമെന്ന് കരട്ബില്ലില്‍ പറയുന്നുണ്ടെങ്കിലും അധികവിഹിതം സംസ്ഥാനങ്ങള്‍ സ്വയം കണ്ടെത്തണം.

അരി, ഗോതമ്പ് തുടങ്ങിയവയ്ക്ക് പുറമെ മറ്റു അവശ്യസാധനങ്ങള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യണമെന്ന് നേരത്തേ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ കരടില്‍ ഇതുസംബന്ധിച്ച് വ്യക്തമായ പരാമര്‍ശമില്ല. ഭക്ഷ്യധാന്യം ശേഖരിച്ച് നല്കുക എന്ന ഉത്തരവാദിത്വമാണ് കേന്ദ്രത്തിനുള്ളത്. പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഏതെങ്കിലുമൊരു മാസം ഭക്ഷ്യധാന്യ വിതരണം മുടങ്ങിയാല്‍ ബി.പി.എല്‍. കുടുംബത്തിന് പകരം പണം നല്കണം. അതിനായി പ്രത്യേക ‘ഭക്ഷ്യസുരക്ഷാ ആനുകൂല്യ നിധി’ കേന്ദ്രത്തില്‍ ഉണ്ടാക്കും. സംസ്ഥാനങ്ങളിലും ഇത്തരമൊരു നിധി രൂപവത്കരിക്കണം.
പദ്ധതിയുടെ നടത്തിപ്പില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സുപ്രധാന ചുമതലയാണ് ബില്ലില്‍ നല്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും വിജിലന്‍സ് കമ്മിറ്റികള്‍ വേണം. ഓരോ റേഷന്‍കടയുടെയും കാര്യത്തില്‍ കമ്മിറ്റി മാസംതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റേഷന്‍കടകളുടെ കണക്ക് ജനകീയ സമിതികളാണ് പരിശോധിക്കേണ്ടത് (സോഷ്യല്‍ ഓഡിറ്റിങ്). ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും ശാസ്ത്രീയമായ സംഭരണസ്ഥലങ്ങള്‍ തയ്യാറാക്കണം.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under ഭക്ഷണം, വാര്‍ത്ത

കുറഞ്ഞ വിലയില്‍ അരിയും ഗോതമ്പും

*സംസ്ഥാനങ്ങളുടെ ആവശ്യത്തിന് കേന്ദ്രം വഴങ്ങി
*കേരളത്തിന് 55,000 ടണ്‍ അരിയും 40,000 ടണ്‍ ഗോതമ്പും

അരി 11.85 രൂപ
ഗോതമ്പ് 8.45 രൂപ

ന്യൂഡല്‍ഹി: പൊതുവിപണി വിതരണ പദ്ധതി (ഒ.എം.എം.എസ്.) പ്രകാരം കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തിന് ഒടുവില്‍ കേന്ദ്രം വഴങ്ങി. കിലോയ്ക്ക് 11.85 രൂപ നിരക്കില്‍ അരിയും 8.45 രൂപ നിരക്കില്‍ ഗോതമ്പും സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി വിതരണം ചെയ്യാന്‍ മന്ത്രിതല സമിതി തീരുമാനിച്ചു.

30 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് പദ്ധതിപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക. കേരളത്തിന് 55,000 ടണ്‍ അരിയും 40,000 ടണ്‍ ഗോതമ്പുമാണ് അനുവദിച്ചത്. ഇക്കൊല്ലം നവംബര്‍ വരെ പദ്ധതി നിലവിലുള്ളതിനാല്‍ അതിനകം ഘട്ടങ്ങളായി ഭക്ഷ്യധാന്യം ഗോഡൗണുകളില്‍നിന്ന് എടുത്താല്‍ മതിയാകും. എ.പി.എല്‍, ബി.പി.എല്‍, അന്ത്യോദയ അന്ന യോജന തുടങ്ങിയ എല്ലാ വിഭാഗക്കാര്‍ക്കും ഒരേ നിരക്കിലാണ് ഈ പദ്ധതിപ്രകാരം അരിയും ഗോതമ്പും നല്‍കുക.

ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനുള്ള അരി കിലോയ്ക്ക് 8.30 രൂപയ്ക്കും ഗോതമ്പ് 6.10 രൂപയ്ക്കുമാണ് ഭക്ഷ്യമന്ത്രാലയം ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കാര്യത്തില്‍ ഈ നിരക്ക് യഥാക്രമം 5.65 രൂപയും 4.15 രൂപയുമാണ്. അന്ത്യോദയ, അന്നയോജന പ്രകാരം വിതരണം ചെയ്യേണ്ട അരി മൂന്നു രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കുമാണ് നല്‍കുന്നത്.

ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതലസമിതിയാണ് എ.പി.എല്‍. നിരക്കിനേക്കാള്‍ 3.55 രൂപ കൂട്ടി അരിയും 2.55 രൂപ കൂട്ടി ഗോതമ്പും സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഭക്ഷ്യമന്ത്രി ശരദ് പവാര്‍, മന്ത്രിമാരായ എ.കെ.ആന്റണി, പി.ചിദംബരം എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ഭക്ഷ്യധാന്യങ്ങളുടെ വില ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഒ.എം.എം.എസ്. പ്രകാരം ഇതുവരെ ഉയര്‍ന്ന നിരക്കാണ് കേന്ദ്രം ഭക്ഷ്യധാന്യങ്ങള്‍ക്ക് ഈടാക്കിയിരുന്നത്. രണ്ടുകൊല്ലം മുമ്പ് കേരളത്തിനുള്ള റേഷന്‍വിഹിതം കുറച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍, പകരം ഒ.എം.എം.എസ്. വഴി കൂടിയ വിലയ്ക്ക് അരി അനുവദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതെടുക്കാന്‍ തയ്യാറായില്ല. അന്ന് അരി കിലോയ്ക്ക് 16 രൂപയ്ക്കും ഗോതമ്പ് 12 രൂപയ്ക്കും നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍ എ.പി.എല്‍. റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന നിരക്കില്‍ അരി അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അതിന് കേന്ദ്രം വഴങ്ങിയില്ല.

വിലക്കൂടുതല്‍മൂലം കേരളത്തെപ്പോലെ ഒട്ടേറെ സംസ്ഥാനങ്ങള്‍ ഈ പദ്ധതിവഴി അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐ. ഗോഡൗണുകളില്‍നിന്ന് എടുത്തില്ല. കഴിഞ്ഞകൊല്ലം ഒക്‌ടോബര്‍ മുതല്‍ ഇക്കൊല്ലം മാര്‍ച്ച്‌വരെ അനുവദിച്ച 20 ലക്ഷം ടണ്‍ ഗോതമ്പില്‍നിന്ന് 4.08 ടണ്ണേ സംസ്ഥാനങ്ങള്‍ കൈപ്പറ്റിയുള്ളൂ. അതുപോലെ 10 ലക്ഷം ടണ്‍ അരി അനുവദിച്ചതില്‍ 4.96 ലക്ഷം ടണ്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ വാങ്ങിയത്. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങളോടൊപ്പം കഴിഞ്ഞകൊല്ലം സംഭരിച്ച ധാന്യങ്ങളും കേന്ദ്രശേഖരത്തിലുണ്ട്. ഇക്കൊല്ലത്തെ ഉത്പാദനവും സംഭരണവും മോശമാകില്ലെന്നാണ് പ്രതീക്ഷ. ധാന്യശേഖരം കൂടിയതും ഗോഡൗണുകളില്‍ സ്ഥലമില്ലാത്തതുമാവണം വിലകുറച്ച് ധാന്യങ്ങള്‍ വില്‍ക്കാന്‍ കേന്ദ്രത്തിന് പ്രേരണയായത്. ഇക്കൊല്ലം ഏപ്രില്‍വരെയുള്ള കണക്കനുസരിച്ച് 90 ലക്ഷം ടണ്‍ ഗോതമ്പ് കേന്ദ്രശേഖരത്തിലുണ്ട്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under ഭക്ഷണം, വാര്‍ത്ത

പായ്ക്കറ്റ് പലവ്യഞ്ജനങ്ങളില്‍ മാരക രോഗാണുക്കളെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നപായ്ക്കറ്റ് പലവ്യഞ്ജനങ്ങളില്‍ മാരക രോഗാണുക്കളെ കണ്ടെത്തി. മല്ലിപ്പൊടിയുടെയും മുളകുപൊടിയുടെയും സാമ്പിളുകളിലാണ് ടൈഫോയ്ഡ് പരത്തുന്ന സാല്‍മൊണെല്ല ബാക്ടീരിയയെ സെന്‍ട്രല്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കണ്ടെത്തിയത്.

വിതരണത്തിനെത്തിയിരുന്ന പലവ്യഞ്ജനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കഴിഞ്ഞമാസം പരിശോധനയ്ക്കയച്ചിരുന്നു. മല്ലിപ്പൊടി, മുളകുപൊടി പായ്ക്കറ്റുകള്‍ ജില്ലാതല റീജണല്‍ ലാബുകളിലെ അദ്യഘട്ട പരിശോധനയെത്തുടര്‍ന്നാണ് കോന്നിയിലെ സെന്‍ട്രല്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സാമ്പിളുകള്‍ എത്തിച്ചത്. മല്ലിപ്പൊടിയിലും മുളകുപൊടിയിലും അപകടരമായ അളവിലധികം സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം ലാബ് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ മുതല്‍ നാട്ടിലെ സാധാരണ പലവ്യഞ്ജനക്കടകളില്‍ വരെ ഇത്തരം കോടിക്കണക്കിന് പായ്ക്കറ്റുകള്‍ സംസ്ഥാനവ്യാപകമായി വിറ്റുവരുന്നുണ്ട്. മല്ലിപ്പൊടിയും മുളകുപൊടിയും വാങ്ങാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഒരു കോടിയോളം രൂപയാണ് ഇക്കഴിഞ്ഞ മാസം ചെലവിട്ടത്. അതായത് പത്തുലക്ഷത്തോളം പായ്ക്കറ്റുകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ മാത്രം വിതരണത്തിനെത്തിയിട്ടുണ്ട്. അതില്‍ നല്ലൊരു ഭാഗവും വിറ്റുപോയി. ഈ പായ്ക്കറ്റുകളുടെ സാമ്പിളിലാണ് മാരകമായ സാല്‍മൊണെല്ല ബാക്ടീരിയകളെ കണ്ടെത്തിയത്. ഇതിന്റെ പതിന്മടങ്ങ് പായ്ക്കറ്റുകള്‍ സ്വകാര്യകടകളിലൂടെ വിറ്റുകൊണ്ടിരിക്കുന്നു.

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കപ്പെടുന്നതിനാലാണ് സാല്‍മൊണെല്ല ബാക്ടീരിയകള്‍ കടന്നുകയറുന്നതെന്ന് പ്രശസ്ത ഗാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ.നരേന്ദ്രനാഥ് പറയുന്നു. ” സാല്‍മൊണെല്ല ബാക്ടീരിയകള്‍ നിരവധി ഇനങ്ങളുണ്ട്. ഇതില്‍ സാല്‍മൊണെല്ല ടൈഫിയാണ് ടൈഫോയ്ഡ് ഉണ്ടാക്കുന്നത്. മുളകുപൊടി പായ്ക്കറ്റുകളില്‍ സാധാരണ സാഹചര്യങ്ങളില്‍ ഇവ കടന്നുകയറാന്‍ സാധ്യത കുറവാണ്. വൃത്തിഹീനമായ അവസ്ഥയിലാണ് ഈ ബാക്ടീരിയകള്‍ സാന്നിധ്യമുറപ്പിക്കുന്നത്. സാല്‍മൊണെല്ല ബാക്ടീരിയകള്‍ ഭക്ഷ്യവിഷബാധയുണ്ടാക്കും…” – ഡോ.നരേന്ദ്രനാഥ് പറഞ്ഞു.

സാല്‍മൊണെല്ല ബാക്ടീരിയകള്‍ കണ്ടെത്തിയ സാധനങ്ങളുടെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത പറഞ്ഞു. ”സംസ്ഥാനത്ത് എല്ലാ കടകളിലും ഇത്തരം പായ്ക്കറ്റുകള്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും സാധനങ്ങളുടെ ഗുണനിലവാരം ആരും പരിശോധിക്കുന്നില്ല. ജില്ലാതല റീജണല്‍ ലാബുകളില്‍ എല്ലാദിവസവും സാമ്പിളുകള്‍ പരിശോധനക്കയയ്ക്കുന്നുണ്ട്. ഇത് കൂടാതെ ഔട്ട്‌ലെറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നുണ്ട്. അധിക പരിശോധന വേണ്ടിവരുമ്പോഴാണ് കേന്ദ്ര ലാബിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത്. സാമ്പിളുകളുടെ ജൈവ, രാസ പരിശോധനയാണ് അവിടെ നടത്തുന്നത്. അത്തരത്തില്‍ ഒരു പരിശോധനയിലാണ് സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഗുണനിലവാരത്തില്‍ പുലര്‍ത്തുന്ന നിഷ്‌ക്കര്‍ഷ കാരണമാണ് ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം സാമ്പിളുകളില്‍ പരിശോധിച്ചതും കണ്ടെത്തിയതും” – യോഗേഷ് ഗുപ്ത പറഞ്ഞു. സാധാരണയായി ഒരു സാധനം വില്‍പ്പനയ്‌ക്കെടുമ്പോള്‍ എന്തൊക്കെ ഗുണപരിശോധനയാണ് നടത്തുന്നതെന്ന് ഉത്പാദകരെ നേരത്തെ അറിയിക്കുമെന്നും ഇക്കഴിഞ്ഞ ഡിസംബറിലാണ് ജൈവപരിശോധന നടത്തിത്തുടങ്ങിയതെന്നും ഗുപ്ത അറിയിച്ചു.

സാല്‍മൊണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടിട്ടും പലവ്യഞ്ജന പായ്ക്കറ്റുകള്‍ തിരിച്ചെടുക്കാനോ വിതരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ സ്വകാര്യ വില്‍പ്പനശാലകളെ നിയന്ത്രിക്കാനും നിലവില്‍ സംവിധാനമില്ല.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, ഭക്ഷണം, വാര്‍ത്ത

പിന്നെ, ചാന്തുപൊട്ട്

കോഴിയെ അതിവേഗം വില്‍പനയ്ക്കു പാകപ്പെടുത്താന്‍ സ്ത്രീഹോര്‍മോണായ ഇൌസ്ട്രജനും ആന്റിബയോട്ടിക്കുകളും തീറ്റയില്‍ കലര്‍ത്തി നല്‍കുന്ന തട്ടിപ്പു വ്യാപകം. ചെറുപ്രായത്തില്‍ത്തന്നെ തുടകള്‍ക്കും നെഞ്ചിനും വലുപ്പം വയ്പിച്ചു തീന്‍മേശയിലെത്തിക്കുകയാണു കോഴി ഫാം ഉടമകളുടെ ലക്ഷ്യം. കേരളത്തിനു പുറത്തുള്ള വന്‍കിട ഫാമുകളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഇതു നടത്തുന്നത്. കോഴിയിറച്ചി പതിവായി കഴിക്കുന്നവരിലേക്കും ഇൌസ്ട്രജന്‍ കടന്നുവരാം. ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ രൂപത്തിലും ഭാവത്തിലും അമിത വണ്ണത്തിലും വളരാനുള്ള ഒരു കാരണം ഇതാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പുരുഷ ശരീരത്തില്‍ ഇൌ സ്ത്രീ ഹോര്‍മോണ്‍ അമിതമായി എത്തുന്നതുമൂലം വന്ധ്യതയ്ക്കും മറ്റും കാരണമാകുന്നു.

കേരളം ഒരു ദിവസം അകത്താക്കുന്ന കോഴിയിറച്ചിയുടെ അളവും സംസ്ഥാനത്തെ വന്ധ്യത ചികില്‍സാ കേന്ദ്രങ്ങളിലെ തിരക്കും കൂട്ടിവായിക്കുമ്പോള്‍ ഇൌസ്ട്രജന്റെ അമിതോപയോഗത്തിന്റെ ദൂഷ്യം വ്യക്തമാകും.ആറു മുതല്‍  എട്ട് ആഴ്ച പ്രായത്തിനിടയില്‍ കോഴികളെ വിറ്റഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നീടുള്ള ഒാരോ ദിവസവും ഉടമയ്ക്കു വന്‍ നഷ്ടമായിരിക്കും. വെറുതേ തീറ്റ കൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ കുറഞ്ഞ ദിവസം കൊണ്ടു പരമാവധി വളര്‍ച്ചയെത്തിച്ച ശേഷം കോഴിയെ വില്‍ക്കാനാണ് ഉടമയുടെ ശ്രമം.

രോഗ പ്രതിരോധ ശേഷിക്കുവേണ്ടി നല്‍കുന്ന ആന്റിബയോട്ടിക് ആണെങ്കില്‍ കൂടി നിശ്ചിത സുരക്ഷിത കാലം കഴിഞ്ഞേ ആ കോഴിയെ വില്‍ക്കാന്‍ പാടുള്ളൂ. അതൊന്നും ആരും വകവയ്ക്കാറില്ല. ശരീരത്തിലെ മറ്റു ബാക്ടീരിയകളെ നശിപ്പിച്ചു വളര്‍ച്ചയുടെ ഘടകങ്ങളെ ഉത്തേജിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളാണു കോഴികള്‍ക്കു തീറ്റയില്‍ ചേര്‍ത്തുനല്‍കുന്നത്. കന്നുകാലിത്തീറ്റയും കോഴിത്തീറ്റയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ വസ്തുക്കളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്.

ഗോഡൌണുകളില്‍ ഉപേക്ഷിക്കാന്‍ തരമില്ലാതെ കിടക്കുന്ന പുഴുത്തുനാറിയ അരി കോഴിത്തീറ്റയായും കാലിത്തീറ്റയായും മാറുന്നതായി ഇൌയിടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പുഴുവരിച്ചു നാറുന്ന അരി കീടനാശിനികള്‍ തളിച്ചു കീടങ്ങളെ നശിപ്പിച്ച ശേഷമാണു മൃഗങ്ങള്‍ക്കു തീറ്റയായി മാറ്റുന്നത്. ഇൌ കീടനാശിനികള്‍ തീറ്റയിലൂടെ മൃഗങ്ങളിലേക്കും പാല്‍, മുട്ട, ഇറച്ചി എന്നിവയിലൂടെ മനുഷ്യരിലേക്കും എത്തുന്നു.

കരളുപിളര്‍ന്നു താറാവ്
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെന്റര്‍ ഒാഫ് എക്സലന്‍സ് ഇന്‍ മീറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ 2006ല്‍ നടത്തിയ പഠനത്തില്‍ മാരകമായ കാര്‍ബോഫ്യൂറാന്‍ രാസവസ്തുവിന്റെ അളവ് അപകടകരമായ നിരക്കില്‍ കണ്ടെത്തി. കാര്‍ബോഫ്യൂറാന്‍ നേരിയ തോതിലാണെങ്കിലും തുടര്‍ച്ചയായി ശരീരത്തിലെത്തുന്നതു കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാക്കും.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെടുത്ത താറാവ്, പോത്ത് ഇറച്ചി സാംപിളുകളിലായിരുന്നു സര്‍വകലാശാലയുടെ പരിശോധന. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് ഒരു കിലോ മാംസത്തില്‍ 0.1 മൈക്രോഗ്രാം കാര്‍ബോഫ്യൂറാന്‍ മാത്രമാണു പരമാവധി അനുവദനീയമായിട്ടുള്ളത്. ഒരു മില്ലിഗ്രാമിന്റെ പതിനായിരത്തില്‍ ഒരംശമാണിത്.തമിഴ്നാട്ടില്‍നിന്നു കൊണ്ടുവന്ന പോത്തുകളില്‍നിന്നാണു പോത്തിറച്ചിയുടെ മുഴുവന്‍ സാംപിളും ശേഖരിച്ചത്.  താറാവിന്റെയും പോത്തിന്റെയും കിഡ്നിയിലും ഇറച്ചിയിലുമാണു കാര്‍ബോഫ്യൂറാന്റെ അംശം കൂടുതലായി കണ്ടെത്തിയത്. ഇവയുടെ കരളിലും കൊഴുപ്പിലും മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കടലമ്മ ചതിക്കില്ല
പച്ചക്കറികളും ഇറച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മല്‍സ്യം പൊതുവേ രാസമാലിന്യങ്ങളില്‍ നിന്നു വിമുക്തമാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നു ശേഖരിക്കുന്ന കയറ്റുമതി മല്‍സ്യ സാംപിളുകള്‍ ദേശീയ മല്‍സ്യ കയറ്റുമതി വികസന ഏജന്‍സിയില്‍ (എംപിഇഡിഎ) പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1430 സാംപിളുകള്‍ പരിശോധിച്ചതില്‍ രാസമാലിന്യങ്ങളോ, കീടനാശിനികളോ, ഘന ലോഹങ്ങളോ ഒരു സാംപിളില്‍പോലും അനുവദനീയമായതിലും ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടില്ല. മല്‍സ്യ പരിശോധനയില്‍ രാജ്യാന്തര നിലവാരമുള്ളതാണ് ഇൌ ലബോറട്ടറി.

ആഴക്കടല്‍ പൊതുവേ മാലിന്യ വിമുക്തമായതാവാം ഇതിനു കാരണം. കേരളത്തിലെ വിവിധ മല്‍സ്യമാര്‍ക്കറ്റുകളില്‍നിന്നു ശേഖരിച്ച സാംപിളുകളിലും എംപിഇഡിഎ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തകരാര്‍ കണ്ടെത്തിയില്ല. എന്നാല്‍ കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളിലെ മല്‍സ്യം സുരക്ഷിതമാണെന്നു പൂര്‍ണമായും വിശ്വസിക്കാനാവില്ല.

വ്യവസായ മലിനീകരണം ഏറ്റവും രൂക്ഷമായ ആലുവ വ്യവസായ മേഖലയില്‍ പെരിയാറിലെ മല്‍സ്യക്കുരുതി  പതിവാണ്. കൊച്ചി സര്‍വകലാശാലയിലെ മല്‍സ്യ ഗവേഷണ വിഭാഗം ഏലൂര്‍, മഞ്ഞുമ്മല്‍, വരാപ്പുഴ മേഖലകളില്‍നിന്നെടുത്ത മല്‍സ്യ സാംപിളുകളില്‍ ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 90കളില്‍ കുട്ടനാടന്‍ കായല്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ കക്കയില്‍ രാസമാലിന്യത്തിന്റെ അളവു കൂടുതലായി കണ്ടിരുന്നു.

ഈ പോത്തിന്റെ ഒരു കാര്യം
വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് അന്യസംസ്ഥാന കന്നുകാലികളെ കടത്തി വിടൂ. കാലിക്കു രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് കൈക്കൂലി വാങ്ങി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍തന്നെ ആവശ്യക്കാര്‍ക്കു നല്‍കുന്ന പരിപാടിയുണ്ട്.
ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍നിന്നു വിജിലന്‍സ് പിടിച്ചെടുത്തതു മൂന്നു മാസം മുന്‍പാണ്. തമിഴ്നാട്ടില്‍നിന്ന് ഏറ്റവുമധികം ഉരുക്കള്‍ അതിര്‍ത്തി കടക്കുന്ന ചെക്ക് പോസ്റ്റുകളിലൊന്നാണു ഗോവിന്ദാപുരം.

തമിഴ്നാട്ടിലെ ഡോക്ടര്‍മാര്‍ ഒപ്പിട്ടു മുന്‍പു ചെക്ക് പോസ്റ്റില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടറില്‍ സ്കാന്‍ ചെയ്തു വാഹനത്തിന്റെയും കാലികളുടെയും വിശദാംശങ്ങളും കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ സ്ഥലങ്ങളും എഡിറ്റ് ചെയ്തു നീക്കും. ഒപ്പും സീലും രോഗമില്ലെന്ന സാക്ഷ്യപത്രവും നിലനിര്‍ത്തും. ഇങ്ങനെ തയാറാക്കുന്ന ഷീറ്റുകളുടെ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്താണു വില്‍പ്പന. വ്യാജ സര്‍ട്ടിഫിക്കറ്റൊന്നിന് 100 മുതല്‍ 300 രൂപ വരെയാണു കാലിക്കടത്തു സംഘങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഇൌടാക്കിയിരുന്നതെന്നു വിജിലന്‍സ് കണ്ടെത്തി.

വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ രോഗമുള്ളതും ചത്തതുമായ നൂറുകണക്കിനു കാലികളെ കേരളത്തിലേക്കു കടത്തിയതായി സംശയിക്കപ്പെടുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു നാളുകള്‍ക്കുള്ളില്‍ കേരളത്തില്‍ കുളമ്പുരോഗം പടര്‍ന്നുപിടിച്ചത് ഇൌ സംശയത്തെ ബലപ്പെടുത്തുന്നു.കന്നുകാലികളെ കൊണ്ടുവരുന്ന പ്രധാന ചെക്ക് പോസ്റ്റായ നടുപ്പുണിയില്‍ പ്രതിദിനം 50 ലോഡ് കാലികളാണ് എത്തുന്നത്. ചന്ത ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. ഗോവിന്ദാപുരം ചെക്ക് പോസ്റ്റിലും പ്രതിദിനം 50 ലോഡ് കാലികള്‍ എത്തുന്നു.രോഗംമൂലവും അല്ലാതെയും ചത്ത കന്നുകാലികളുടെ മാംസംപോലും അറവുശാലകളില്‍ വില്‍പ്പനക്കെത്തുന്നു. കുളമ്പുരോഗം, ക്ഷയം, ഭക്ഷ്യ വിഷബാധ, വിര ശല്യം, കാന്‍സര്‍, ആന്ത്രാക്സ് തുടങ്ങിയ വിവിധ രോഗങ്ങള്‍ കന്നുകാലികളില്‍ കണ്ടുവരാറുണ്ട്.

ഏതാനും വര്‍ഷം മുന്‍പു കൊച്ചിയില്‍ പനമ്പിള്ളി നഗര്‍ പാസ്പോര്‍ട്ട് ഒാഫിസിനു സമീപം പാമ്പുകടിയേറ്റു ചത്ത പശുവിന്റെ മാംസം എടുക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞ സംഭവമുണ്ടായി. ഒാര്‍ത്തു നോക്കുക, വറുത്തും പൊരിച്ചും നാം കഴിക്കുന്ന ‘ബീഫ് എത്ര സുരക്ഷിതമാണെന്ന്.

മയക്കി വീഴ്ത്താന്‍ അജിനാമോട്ടോ
ഹോട്ടല്‍ ഭക്ഷണത്തില്‍ മനുഷ്യനു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും വിധം അജിനാമോട്ടോ ചേര്‍ക്കുന്നതു വ്യാപകം. ഹോട്ടല്‍ ഭക്ഷണത്തിലേക്കു നമ്മെ ആകര്‍ഷിക്കുന്നതു മോണോ സോഡിയം ഗൂട്ടാമേറ്റ് എന്ന അജിനാമോട്ടോയെന്നാണ്.

ഉപ്പ്, മധുരം, ചവര്‍പ്പ്, പുളി എന്നതായിരുന്നു നമ്മുടെ നാവിനു പരിചിതമായ രുചികള്‍. ഇൌ ഗണത്തിലേക്കു പുതുതായി വന്നുചേര്‍ന്ന രുചിയാണു സോഡിയം ഗൂട്ടാമേറ്റിന്റെ ‘ഉമാമി രുചി. നാവിന്റെ രസമുകുളങ്ങള്‍ ഉമാമിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുവെന്നതാണു ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവരില്‍ അഡിക്ഷന്‍ വരുത്തുന്നത്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു കൂടിയാല്‍ എന്തു സംഭവിക്കുമോ അതെല്ലാം അജിനാമോട്ടോ കൂടിയാലും ഉണ്ടാവാം. ഉപ്പു കൂടിയാല്‍ നാം ഭക്ഷണം മതിയാക്കുമെങ്കില്‍ അജിനാമോട്ടോയ്ക്ക് ആ പ്രശ്നമില്ല. നാളെയും ആ ഭക്ഷണം തേടിച്ചെല്ലുമെന്ന വ്യത്യാസം മാത്രം. രക്ത സമ്മര്‍ദം കൂടാനും ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യത്തിനും മാനസിക തകരാറുകള്‍ക്കും സോഡിയം ഗൂട്ടാമേറ്റിന്റെ അമിത ഉപയോഗം ഇടയാക്കും.

ഭക്ഷണത്തിനു പഴക്കം തോന്നിപ്പിക്കാതിരിക്കാനും ഇതിനു കഴിയും. ഹോട്ടല്‍ ഭക്ഷണത്തില്‍ മുതല്‍ ബേക്കറി പലഹാരങ്ങളില്‍ വരെ സോഡിയം ഗൂട്ടാമേറ്റ് അനിയന്ത്രിതമായി ഉപയോഗിക്കുന്നു. സാമ്പാറിന്റെ പരമാവധി ആയുസ്സ് 12 മണിക്കൂര്‍ എന്നായിരുന്നെങ്കില്‍ സോഡിയം ഗൂട്ടാമേറ്റ് വന്നതോടെ 24 മണിക്കൂര്‍ കഴിഞ്ഞാലും സാമ്പാര്‍ ‘പൊടിപ്പനായി ഇരിക്കുമെന്നതു കാറ്ററിങ് വ്യവസായത്തിലും ഇതിനു സ്ഥാനം നല്‍കി.

നിയമപരമായി അജിനാമോട്ടോയ്ക്കു നിരോധനമില്ലെങ്കിലും ഇന്ത്യയില്‍ ഏറ്റവും അധികം അജിനാമോട്ടോ വിറ്റഴിയുന്നതു കേരളത്തിലാണെന്നത് ആശങ്കയ്ക്കിട നല്‍കുന്നു. അതില്‍തന്നെ എറണാകുളമാണു മുന്നില്‍. സാമ്പാറിനും വടയ്ക്കും അത്യുത്തമം എന്ന രീതിയിലാണു തമിഴ്നാട്ടില്‍ അജിനാമോട്ടോയുടെ ടിവി പരസ്യം.

കേരളത്തില്‍ സാമ്പാറില്‍ മുതല്‍ ചിക്കനില്‍ വരെയും സോഡിയം ഗൂട്ടോമേറ്റ് ഉപയോഗിക്കുന്നു. കടലക്കറിയിലും നേന്ത്രക്കായ് ഉപ്പേരിയിലും മിക്സ്ചറിലും ബിസ്കറ്റിലും എല്ലാം ഗൂട്ടോമേറ്റ് അടങ്ങിയിരിക്കുന്നു. വറക്കാനും പൊരിക്കാനും ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം ഉപഭോക്താവിന്റെ നാവിലെത്തിക്കാതിരിക്കാനും ഇൌ വില്ലന്‍ സഹായിക്കുന്നുണ്ട്.

ലിങ്ക് – മനോരമ

1 അഭിപ്രായം

Filed under ആരോഗ്യം, ഭക്ഷണം, വാര്‍ത്ത

മാരാരിക്കുളം വിജയം – ഹരിതം

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ഈയിടെ ശ്രദ്ധേയമായ ഒരു പരിപാടി നടന്നു-വഴുതന മഹോത്സവം. ഒരാഴ്ചത്തെ മേളയുടെ വാര്‍ത്ത ചില ദേശീയപത്രങ്ങള്‍ വരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
വഴുതന മഹോത്സവം ദേശീയശ്രദ്ധ പിടിച്ചുപറ്റിയതിനു കാരണമുണ്ട്. അതു വെറുമൊരു കാര്‍ഷികോത്സവമായിരുന്നില്ല. ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ (ബി.ടി. വഴുതനങ്ങ) വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനംമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി.) അനുമതി നല്‍കിയ സാഹചര്യത്തിലാണ് മേള സംഘടിപ്പിക്കപ്പെട്ടത്.
ബി.ടി. വഴുതനങ്ങയ്‌ക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭങ്ങളും മേളകളും നടക്കുന്നുണ്ട്. പക്ഷേ, അവയൊക്കെ സംഘടിപ്പിക്കുന്നത് സന്നദ്ധസംഘടനകളോ ജൈവകര്‍ഷകസംഘടനകളോ പരിസ്ഥിതിപ്രവര്‍ത്തകരോ ആണ്. ഇക്കാര്യത്തില്‍ ഒരു ഗ്രാമപ്പഞ്ചായത്ത് ഇത്രയും സജീവമായി രംഗത്തുവന്നതാണ് ദേശീയ മാധ്യമങ്ങളെ ആകര്‍ഷിച്ചത്.
മേളയ്ക്ക് പഞ്ചായത്ത് കാര്യമായ ഒരുക്കങ്ങള്‍ തന്നെ നടത്തി. ആദ്യം, മാരാരിക്കുളം വഴുതന സംരക്ഷണപദ്ധതി എന്നപേരില്‍ ഒരു കര്‍മപദ്ധതി ആവിഷ്‌കരിച്ചു. അന്‍പതോളം കര്‍ഷകരെ കണ്ടെത്തി. ആയിരം രൂപ വെച്ച് സഹായം നല്‍കി. നാടന്‍ വഴുതനങ്ങയുടെ വിത്തെടുത്തു. പിന്നീട് തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ പതിന്നാല് സ്ത്രീകള്‍ക്ക് ഇരുപത്തേഴുദിവസം തൊഴില്‍ നല്‍കി നാല്പതിനായിരം തൈകള്‍ മുളപ്പിച്ചെടുത്തു.
ചുറ്റുവട്ടത്തെ മൂന്നു കോളേജുകളിലെ വിദ്യാര്‍ഥികള്‍ ഈ തൈകള്‍ ഏഴായിരം വീടുകളില്‍ ആഘോഷപൂര്‍വം നട്ടുപിടിപ്പിച്ചു. കഴിഞ്ഞില്ല. മൂല്യവര്‍ധിത ഉത്പന്നമെന്ന നിലയില്‍, രണ്ടുവര്‍ഷം കേടുകൂടാതെ സൂക്ഷിക്കാവുന്ന നാടന്‍വഴുതനങ്ങ അച്ചാര്‍ നിര്‍മിക്കാന്‍ പത്തു സ്ത്രീകള്‍ക്കു പ്രത്യേക പരിശീലനം നല്‍കി.
ഇവരുണ്ടാക്കിയ രണ്ടായിരം കുപ്പി അച്ചാര്‍ മേളയുടെ ആദ്യത്തെ രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ വിറ്റുതീര്‍ന്നു. പ്രാദേശികമായ പതിനഞ്ചുതരം വഴുതന ഉള്‍പ്പെടെ എണ്‍പതുതരം വഴുതനങ്ങകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പ്രദര്‍ശനം കാണാന്‍ ഒരുലക്ഷത്തോളം പേര്‍ എത്തി. ഇതിനുപുറമേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളതും അന്‍പതോളം ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ട് ബി.ടി. വഴുതനങ്ങാവിഷയത്തില്‍ ദേശീയ സെമിനാറും സംഘടിപ്പിച്ചു.
പരമ്പരാഗതവിളകളും വിത്തുകളും കാര്‍ഷികരീതികളും ജൈവവൈവിധ്യവും പരിസ്ഥിതിയും ജനങ്ങളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷിതത്വവും സംരക്ഷിക്കുന്നതില്‍ ഒരു തദ്ദേശഭരണസ്ഥാപനത്തിനുള്ള അധികാരങ്ങളും അവകാശങ്ങളും ഉത്തരവാദിത്വവും മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞുവെന്നതാണ് മാരാരിക്കുളത്തിന്റെ നേട്ടം.
ബി.ടി. വഴുതനങ്ങയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം എന്തുതന്നെയായിരുന്നാലും മരംവഴുതനയെന്ന മാരാരിക്കുളം ബ്രാന്‍ഡിനെ എന്തുവില കൊടുത്തും സംരക്ഷിക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയമായ വിവാദങ്ങള്‍ക്കും ശാസ്ത്രീയമായ തര്‍ക്കങ്ങള്‍ക്കും വ്യവഹാരപ്രശ്‌നങ്ങള്‍ക്കും വഴിവെച്ച ഒരു വിഷയത്തില്‍, സ്വയംനിര്‍ണായവകാശം വിനിയോഗിക്കാനുള്ള ചങ്കൂറ്റം ഗ്രാമപ്പഞ്ചായത്ത് പ്രകടിപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14-നാണ് അപ്രൂവല്‍ കമ്മിറ്റി ബി.ടി. വഴുതനങ്ങയ്ക്ക് അനുമതി നല്‍കിയത്. ബി.ടി. പരുത്തിയില്‍ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് വഴുതനങ്ങയുടെ കാര്യത്തിലും ഉപയോഗിക്കുന്നത്. മണ്ണില്‍നിന്നുള്ള ഒരു ബാക്ടീരിയത്തെ ചെടിയുടെ ജീനിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ ബാക്ടീരിയ ഒരുതരം വിഷപ്രോട്ടീന്‍ ഉത്പാദിപ്പിക്കും. തണ്ടുതുരപ്പന്‍ കീടങ്ങളെയും കായ്കളെ ആക്രമിക്കുന്ന പുഴുക്കളെയും ഈ വിഷം അകറ്റുമെന്നും അതിനാല്‍ കീടനാശിനിയുടെ ഉപയോഗം പരമാവധി കുറയ്ക്കാനും വിളവു വര്‍ധിപ്പിച്ച് ലാഭമുണ്ടാക്കാനും കര്‍ഷകര്‍ക്കു കഴിയുമെന്നുമാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.
എന്നാല്‍, ജനിതകമാറ്റം വരുത്തിയ പച്ചക്കറിക്ക് ഒരു രാജ്യവും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ജനിതകമാറ്റം വരുത്തി വിളകളുടെ ജീനിനുള്ളില്‍ വിഷം ഉത്പാദിപ്പിക്കുന്നതു മനുഷ്യരുടെയും മൃഗങ്ങളുടെയും ഭക്ഷ്യസുരക്ഷിതത്വത്തെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് പഠിക്കുമ്പോള്‍ മുപ്പതോളം മാനദണ്ഡങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ടെന്നും മൊണ്‍സാന്‍േറായുടെ ഇന്ത്യന്‍ കൂട്ടുകമ്പനി മഹികോയുടെ പഠനത്തില്‍ നിര്‍ണായകമായ പല മാനദണ്ഡങ്ങളും ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നും ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ ഡോ. പുഷ്പഭാര്‍ഗവ മാരാരിക്കുളത്ത് നടത്തിയ പ്രസംഗത്തിലും ആവര്‍ത്തിച്ചു. മഹികോ പഠനവിധേയമാക്കിയതു വെറും ആറു മാനദണ്ഡങ്ങള്‍ മാത്രമാണ്. ഇതില്‍ത്തന്നെ മൃഗങ്ങളില്‍ നടത്തിയ പഠനം വെറും മൂന്നുമാസമേ നടത്തിയിട്ടുള്ളൂ. എലികളില്‍ നടത്തുന്ന പഠനം പോലും ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും നടത്തണം. ബി.ടി. വഴുതനങ്ങ ഭക്ഷ്യയോഗ്യമാണോ, അതു പരിസ്ഥിതിയെ എങ്ങനെ ബാധിക്കും എന്നൊക്കെയുള്ള കാര്യങ്ങളില്‍ വിശ്വസനീയമായ ഒരു പഠനവും മഹികോ നടത്തിയിട്ടില്ല.
പച്ചനുണകളും അസംബന്ധങ്ങളും കുത്തിനിറച്ചതാണ് അപ്രൂവല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ഡോ. ഭാര്‍ഗവ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ശാസ്ത്രസമൂഹത്തെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തുകയാണ് അപ്രൂവല്‍ കമ്മിറ്റി ചെയ്തതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ബി.ടി. വഴുതനങ്ങയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതാന്‍ ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നതായി അപ്രൂവല്‍ കമ്മിറ്റിക്കുകീഴില്‍ പ്രവര്‍ത്തിച്ച വിദഗ്ധ കമ്മിറ്റിയുടെ അധ്യക്ഷന്‍ അര്‍ജുല ആര്‍. റെഡ്ഡി തന്നോട് രഹസ്യമായി പറഞ്ഞതായും ഡോ. ഭാര്‍ഗവ പറയുന്നു.
എല്ലാ തര്‍ക്കങ്ങളും വിവാദങ്ങളും മാറ്റിവെച്ച് ലളിതമായി ചിന്തിച്ചാല്‍ത്തന്നെ വിളകളില്‍ ജനിതക മാറ്റം എന്തിനാണ് വരുത്തുന്നത് എന്നു മനസ്സിലാകുന്നില്ല. നെല്ലോ കപ്പയോ കാപ്പിയോ വെണ്ടയോ വഴുതനങ്ങയോ എന്തുമാകട്ടെ നമ്മള്‍ കാലാകാലമായി കൃഷി ചെയ്തുവരുന്ന വിളകളാണ്. ഏതു വിത്തുപയോഗിക്കണം, എപ്പോള്‍ കൃഷി ചെയ്യണം, എങ്ങനെ വിളയിക്കണം, എങ്ങനെ കീടങ്ങളെ നിയന്ത്രിക്കണം, എപ്പോള്‍ വിളവെടുക്കണമെന്നൊക്കെ നമ്മുടെ കര്‍ഷകര്‍ക്ക് അറിയുന്നതല്ലേ? ഒരു നന തെറ്റിയാല്‍ എന്തു സംഭവിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിവുള്ളവരാണ് കര്‍ഷകര്‍. മണ്ണിന്റെ മണം എന്താണെന്നറിയാത്തവര്‍ പരീക്ഷണശാലകളില്‍ വികസിപ്പിക്കുന്ന വിത്തുകള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്പിക്കുന്നത് ശരിയാണോ? അതുപോലെ എന്തു കഴിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്കും അവകാശമില്ലേ? മാര്‍ക്കറ്റില്‍ ലഭിക്കുന്നതു വിഷവഴുതനങ്ങയാണോ എന്ന് അവര്‍ എങ്ങനെ അറിയും? ലേബലിങ് ഉണ്ടാകുമോ?
ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഇനി ഒരേഒരവസരം കൂടിയേ ഉള്ളൂ. കേന്ദ്രപരിസ്ഥിതിസഹമന്ത്രി ജയറാം രമേഷ് നേരിട്ടുനടത്തുന്ന പബ്ലിക് ഹിയറിങ് അപ്രൂവല്‍ കമ്മിറ്റിയുടെ തീരുമാനം വിവാദമായപ്പോഴാണ് പൊതുജനാഭിപ്രായം ആരായുമെന്ന് ജയറാം രമേഷ് പ്രഖ്യാപിച്ചത്.
ഈ മാസം 25ന് ബാംഗ്ലൂരിലാണ് ഹിയറിങ്. കേരളത്തിലുള്ളവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഇതേ ഒരവസരമുള്ളൂ. ബി.ടി.വഴുതനയുടെ കാര്യത്തില്‍ വിയോജിപ്പറിയിക്കാന്‍ കൃഷി വകുപ്പ് ഒരു ഔദ്യോഗികസംഘത്തെ ബാംഗ്ലൂരിലേക്ക് അയയ്ക്കുന്നുവെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിലെങ്കിലും സി.പി.എം-സി.പി.ഐ. വിഭാഗീയതയും ഗ്രൂപ്പുവഴുക്കുമൊന്നുമില്ലാത്തതുഭാഗ്യം. ജനിതകമാറ്റം വരുത്തിയ വിളകളുടെ കാര്യത്തില്‍ കൃത്യമായ നിലപാടും നയവും സര്‍ക്കാറിനുണ്ട് എന്നത് വലിയൊരു കാര്യം തന്നെയാണ്.

കടപ്പാട് – മാതൃഭൂമി ലേഖനം 20-01-10

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കേരളം, ഭക്ഷണം, വാര്‍ത്ത