Category Archives: ദേശീയതൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതി: തുക അര്‍ഹര്‍ക്ക് ലഭിക്കുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കൈകളിലേക്കാണ് ഇവ ചെല്ലുന്നത്.
ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ് ദീപക് വര്‍മ്മ, ജസ്റ്റിസ് ബി. എസ്. ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സെന്റര്‍ ഒഫ് എന്‍വയണ്‍മെന്റ് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി എന്ന സന്നദ്ധ സംഘടന 2007-ല്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫണ്ടുകള്‍ പാഴാകുകയോ അനര്‍ഹര്‍ക്ക് ലഭിക്കുകയോ ചെയ്യുന്നു. തൊഴിലാളികള്‍ ചെയ്യുന്ന ജോലിക്കുള്ള കൂലിയാണിത്-കോടതി പറഞ്ഞു. ആന്ധ്രാപ്രദേശും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പദ്ധതി വിജയകരമായി നടപ്പിലാക്കി. മറ്റുള്ളവര്‍ പിന്നിലാണെന്ന് കോടതി പറഞ്ഞു. പല സംസ്ഥാനങ്ങളും സോഷ്യല്‍ ഓഡിറ്റിംഗിന്റെ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു-കോടതി പറഞ്ഞു.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത, സാമ്പത്തികം

തൊഴിലുറപ്പ് : കേരളം 210 കോടി നഷ്ടപ്പെടുത്തി

കേന്ദ്രം അനുവദിച്ചത് 597.17 കോടി ചെലവിട്ടത് 387.19 കോടി  ശരാശരി തൊഴില്‍ ദിനങ്ങള്‍ 41
വേതനത്തില്‍ 89 ശതമാനവും സ്ത്രീകള്‍ക്ക്  6,400 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി
സജീവമായത് 120 പഞ്ചായത്തുകള്‍ മാത്രം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2010 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം കേരളം ചെലവിട്ടത് 387.19 കോടി രൂപ. കേന്ദ്രത്തില്‍ നിന്ന് പരമാവധി 597.17 കോടി രൂപ ലഭിക്കുമായിരുന്ന സ്ഥാനത്താണിത്. കേരളം നഷ്ടപ്പെടുത്തിയത് 209.98 കോടിയാണ്.

തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി എല്ലാവര്‍ക്കും തൊഴില്‍ നല്കാനുള്ള പരിപാടി ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 800 കോടി രൂപ ചെലവഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 210 കോടി നഷ്ടമാക്കിക്കൊണ്ടാണ് സാമ്പത്തികവര്‍ഷം അവസാനിച്ചത്.

തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിച്ചിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായി. പോയ സാമ്പത്തികവര്‍ഷം ശരാശരി തൊഴില്‍ദിനങ്ങളുടെ എണ്ണം 41 ആയി വര്‍ധിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. 2008-09ല്‍ ഇത് 34 ദിവസമായിരുന്നു. ഒരു കുടുംബത്തിന് നൂറു തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 6,400 ഹെക്ടര്‍ തരിശുനിലം കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമാണ്.

999 പഞ്ചായത്തുകളില്‍ 120 ഓളം പഞ്ചായത്തുകളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായി പങ്കെടുത്തത്. മറ്റുള്ള പഞ്ചായത്തുകളില്‍ പദ്ധതി നാമമാത്രമായേ നടപ്പാക്കിയുള്ളൂ.

ആകെ ചെലവിട്ട 387 കോടിയില്‍ 350 കോടിയും കേരളം തൊഴിലാളികള്‍ക്കുള്ള വേതനമായാണ് നല്കിയത്. ഇതില്‍ 89 ശതമാനവും ലഭിച്ചത് സ്ത്രീകള്‍ക്ക്. സ്ത്രീകളുടെ പങ്കാളിത്തം മുന്‍വര്‍ഷത്തേക്കാള്‍ രണ്ടുശതമാനം കൂടി. പദ്ധതിയിലെ വേതനമായ 125 രൂപ കേരളത്തെ സംബന്ധിച്ച് തുച്ഛമായതിനാല്‍ പുരുഷന്മാര്‍ തൊഴിലുറപ്പ് പണിക്ക് പോവുന്നത് നാമമാത്രമായി തുടരുന്നു.

പൂര്‍ണമായും കരാറുകാരെ ഒഴിവാക്കിയാണ് കേരളം പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സാധനസാമഗ്രികള്‍ വാങ്ങാന്‍ വെറും 19.53 കോടിയേ ചെലവിട്ടുള്ളൂ. ബാക്കിയൊക്കെ വേതനമായാണ് നല്കിയത്. പദ്ധതിയിലെ ചെലവ് കുറയാന്‍ ഒരു കാരണം ഇതാണ്. എന്നാല്‍ പുതിയ സാമ്പത്തികവര്‍ഷം ഈയിനത്തില്‍ കൂടുതല്‍ തുക ചെലവിടാനാണ് തീരുമാനം.

2009-10ല്‍ 800 കോടിയോളം രൂപയായിരുന്നു കേരളത്തിന്റെ ലേബര്‍ ബജറ്റ്. എന്നാല്‍ കേന്ദ്രം 597 കോടി രൂപയാണ് അനുവദിച്ചത്. 8.57 ലക്ഷത്തോളം കുടുംബങ്ങള്‍ പണിക്കെത്തി. കേന്ദ്രത്തിന്റെ പ്രതീക്ഷ ഏഴുലക്ഷത്തോളം കുടുംബങ്ങളായിരുന്നു. പുതിയ സാമ്പത്തികവര്‍ഷം 9.40 ലക്ഷം കുടുംബങ്ങള്‍ പണിക്കെത്തുമെന്നാണ് കേന്ദ്രത്തിലെ ഉന്നതാധികാര സമിതി കണക്കാക്കുന്നത്. ഇതനുസരിച്ച് കേരളത്തിന് 1100 കോടിയോളം രൂപ വകയിരുത്താന്‍ സാധ്യതയുണ്ട്.

പിന്നിട്ട സാമ്പത്തിക വര്‍ഷം 460 കോടിയോളം ചെലവഴിക്കാന്‍ കഴിയുമായിരുന്നുവെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ ആറു ജില്ലകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിച്ചത് മാര്‍ച്ചിലാണ്. ജില്ലാ അടിസ്ഥാനത്തിലാണ് കേന്ദ്രം പണം അനുവദിക്കുന്നത്. കൂടുതല്‍ ആവശ്യമുള്ളവയ്ക്ക് കുറച്ചും മറ്റ് ചില ജില്ലകള്‍ക്ക് കൂടുതലും അനുവദിച്ചത് അവസാനഘട്ടത്തില്‍ പദ്ധതിക്ക് തടസ്സമുണ്ടാക്കിയതായി ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ നാമമാത്ര ചെറുകിട കര്‍ഷകരുടെ ഭൂമിയിലേക്ക് പദ്ധതി വ്യാപിപ്പിക്കാനായത് ജനവരിയില്‍ മാത്രമാണ്. സ്വന്തം കൃഷിയിടത്തില്‍ പണിചെയ്യാന്‍ തയ്യാറാവുന്ന കൃഷിക്കാരുടെ ഭൂമിയിലെ പ്രവൃത്തികളാണ് ഏറ്റെടുത്തത്. 1.14 ലക്ഷം കൃഷിക്കാരാണ് ഇത്തരത്തില്‍ തൊഴില്‍കാര്‍ഡ് എടുത്തത്. ഇവര്‍ക്ക് ശരാശരി 14 ദിവസം തൊഴില്‍ നല്കാനേ കഴിഞ്ഞുള്ളൂ. കൂലി കൂട്ടാനും സാമൂഹ്യസുരക്ഷാരംഗത്ത് പ്രയോജനപ്പെടുംവിധം പദ്ധതി വൈവിധ്യവത്കരിക്കാനുമുള്ള കേരളത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രം ഇനിയും അംഗീകരിച്ചിട്ടില്ല.

ലിങ്ക് – മാതൃഭൂമി

1 അഭിപ്രായം

Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത, സാമ്പത്തികം

തൊഴിലെടുത്തവരെ ‘തൊഴിലെടുക്കാതെ’ വട്ടം ചുറ്റിക്കുന്നു

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നവരെ വട്ടം ചുറ്റിച്ചശേഷമേ കേരളത്തില്‍ കൂലി നല്‍കുകയുള്ളൂ. വെറും 125 രൂപയാണ് ഒരു ദിവസത്തെ കൂലി. കേന്ദ്ര പദ്ധതി ആയതിനാല്‍ പണത്തിന് ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും, 90 ദിവസംവരെ കാത്തിരിക്കണം, പണിയെടുത്തതിന്റെ കൂലി വാങ്ങാന്‍. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് ചട്ടം. തമിഴ്നാടും കര്‍ണാടകവും ആന്ധ്രയുമൊക്കെ ഈ ചട്ടം പാലിക്കുന്നുണ്ട്. കേരളത്തില്‍ മാത്രമാണ് സമയത്തിന് കൂലി നല്‍കാതെ പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്നത്. ആവശ്യംപോലെ കേന്ദ്ര ഫണ്ട് ബാങ്കില്‍ കിടപ്പുണ്ട്. എടുക്കണമെങ്കില്‍ അല്പം ജോലി ചെയ്യണം. കേരളത്തില്‍ അതാണ് ബുദ്ധിമുട്ട്.

ഈ വര്‍ഷം മാര്‍ച്ച് 17 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 115 കോടിയോളം രൂപ വൈകിയാണ് വിതരണം ചെയ്തത്. ഇതില്‍ 2.13 കോടിരൂപ നല്‍കിയത് 90 ദിവസം കഴിഞ്ഞാണ്. തൊഴിലുറപ്പ് പദ്ധതിപ്രകാരം പണിയെടുത്ത 25000 പേര്‍ക്ക് 90 ദിവസം കഴിഞ്ഞേ കൂലികിട്ടിയുള്ളൂവെന്ന് അര്‍ത്ഥം. ഒരു ലക്ഷത്തോളം പേര്‍ക്ക് കൂലികിട്ടിയത് 60 ദിവസം കഴിഞ്ഞായിരുന്നു.

തലസ്ഥാന ജില്ലയായ തിരുവനന്തപു രത്ത് 6510 പേര്‍ക്ക് 90 ദിവസം കഴിഞ്ഞും 17500 പേര്‍ക്ക് 60 ദിവസം കഴിഞ്ഞും മാത്രം കൂലി നല്‍കിയപ്പോള്‍ തൊട്ടടുത്ത് കിടക്കുന്ന കന്യാകുമാരി ജില്ലയിലെ ഒരു പഞ്ചായത്തില്‍പ്പോലും കൂലി നല്‍കാന്‍ താമസമുണ്ടായില്ല.
തമിഴ്നാട്ടില്‍ വെറും ഏഴ് പഞ്ചായത്തുകളില്‍ മാത്രമാണ് 90 ദിവസം കഴിഞ്ഞ് വേതനം നല്‍കിയത്. തുകയാകട്ടെ ഒരുലക്ഷത്തില്‍ താഴെ മാത്രവും. തിരുവനന്തപുരം ജില്ലയില്‍ 53 ലക്ഷം രൂപയാണ് 90 ദിവസം വൈകി വിതരണം ചെയ്തത്.

തൊഴില്‍നടന്ന ഭൂഭാഗം അളന്ന് തിട്ടപ്പെടുത്തി ബില്ല് തയ്യാറാക്കുന്നതിലെ താമസമാണ് കൂലി വൈകാന്‍ ഇടയാക്കുന്നത്. എന്‍ജിനിയര്‍മാരാണ് ബില്ല് തയ്യാറാക്കേണ്ടത്. ബില്ല് വൈകുന്നതിന് കാരണമായി പല പഞ്ചായത്തുകളും പറയുന്നത് എന്‍ജിനിയര്‍മാരുടെ അഭാവമാണ്.
തൊഴിലുറപ്പ് പദ്ധതി നിയമപ്രകാരം വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തി എന്‍ജിനിയറെ നിയമിക്കാം. 9000 രൂപ പ്രതിമാസം കേന്ദ്ര ഫണ്ടില്‍ നിന്നുതന്നെ ശമ്പളം നല്‍കാം. ഈ ശമ്പളത്തിന് ചെറുപ്പക്കാരെ കിട്ടിയില്ലെങ്കില്‍ റിട്ടയര്‍ ചെയ്തവരെപ്പോലും നിയമിക്കാം. പക്ഷേ, ഇതിനൊന്നും മെനക്കെടാന്‍ പല പഞ്ചായത്തുകളും തയ്യാറാകുന്നില്ല.

ലിങ്ക് – കേരളകൌമുദി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി മുതല്‍ തൊഴില്‍രഹിത വേതനമില്ല

കാളികാവ് (മലപ്പുറം): ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍രഹിതവേതനം നഷ്ടമാകും. പദ്ധതിപ്രകാരം പണിനല്‍കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍രഹിത വേതനം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളാണ് തൊഴില്‍രഹിതവേതനം നല്‍കിവരുന്നത്.

തൊഴില്‍രഹിത വേതനവ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ട് 169/2009 പ്രകാരമുള്ള ഉത്തരവിലൂടെയാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൊഴില്‍രഹിത വേതനം നഷ്ടപ്പെടുന്നതിന് ഇതുവരെ രണ്ട് വ്യവസ്ഥകളാണുണ്ടായിരുന്നത്. 35 വയസ്സ് തികയുകയോ അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഷന്‍ നഷ്ടപ്പെടുകയോ ചെയ്യണമെന്നതായിരുന്നു അവ. പ്രതിമാസം 100 രൂപയെങ്കിലും സ്വയം വരുമാനമില്ലാത്തവരെയാണ് ആനുകൂല്യം ലഭിക്കുന്നവരില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തൊഴിലുറപ്പ് പദ്ധതിപ്രകാരം ഒരുദിവസത്തെ ജോലിചെയ്താല്‍പ്പോലും പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാവുമെന്നതിനാലാണ് സര്‍ക്കാര്‍ പുതിയ വ്യവസ്ഥ വെച്ചിട്ടുള്ളത്.

2009 ഡിസംബര്‍ 12ന് ഇറക്കിയ പുതുക്കിയ നിര്‍ദേശം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച രീതിയില്‍ ആനുകൂല്യം വിതരണംചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് വലിയ തുക ലാഭിക്കാനാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് സ്വയംതൊഴില്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിച്ചവരെയും തൊഴില്‍രഹിത വേതനത്തില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. പുതിയ നിര്‍ദേശം അനര്‍ഹരെ ഒഴിവാക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപന മേധാവികള്‍ പറയുന്നത്.

പരിഷ്‌കരിച്ച രീതിയില്‍ ആനുകൂല്യം വിതരണംചെയ്യുന്നതിന് പുതിയ പട്ടിക തയ്യാറാക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. അടുത്ത തവണ മുതല്‍ പുതിയ വ്യവസ്ഥപ്രകാരം അര്‍ഹരായവര്‍ക്ക് മാത്രം തൊഴില്‍രഹിതവേതനം നല്‍കാനാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പരിപാടി. തൊഴില്‍രഹിത വേതനം ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് തൊഴില്‍രഹിതവേതനം നല്‍കുന്നത്. വിശേഷദിവസങ്ങളോട് അനുബന്ധിച്ച് മാത്രം ഫണ്ട് അനുവദിക്കുന്നതിനാല്‍ വൈകി മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നത്.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത

സ്വകാര്യ ഭൂമിയിലെ തൊഴിലുറപ്പ്‌; ഭൂവുടമയും ജോലിചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്വകാര്യ കൃഷിഭൂമിയില്‍ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ തുടങ്ങി. അഞ്ചേക്കറില്‍ താഴെയുള്ള ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയിലാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. ഭൂവുടമയും ജോലിചെയ്യണം എന്നതുള്‍പ്പെടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടേ സ്വകാര്യ ഭൂമിയിലെ പണികള്‍ ഏറ്റെടുക്കാവൂ എന്ന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തികളാണ്‌ നടത്തേണ്ടത്‌.

പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍, ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍, ഭൂപരിഷ്‌കരണത്തിന്റെ പ്രയോജനം കിട്ടിയവര്‍, ഇന്ദിരാ ആവാസ്‌യോജനയുടെ ഗുണഭോക്താക്കള്‍ എന്നിവരുടെ ഭൂമിയില്‍ തൊഴിലുറപ്പ്‌ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേരത്തെ തന്നെ വ്യവസ്ഥയുണ്ടായിരുന്നു. ഇതിനോടൊപ്പം ചെറുകിട, നാമമാത്ര കര്‍ഷകരെയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ 2009 ജൂലായില്‍ കേന്ദ്രം ഭേദഗതി വരുത്തി. 2008 കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ നിര്‍വചിച്ചിരിക്കുന്നതുപോലെ അഞ്ചേക്കറില്‍ താഴെയുള്ളവരുടെ ഭൂമിയിലേക്ക്‌ മാത്രമേ തൊഴിലുറപ്പ്‌ വ്യാപിപ്പിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഈ വിജ്ഞാപനത്തെ തുടര്‍ന്ന്‌ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര ഗ്രാമവികസനമന്ത്രാലയം പുറപ്പെടുവിച്ചു. പട്ടികജാതി – പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ ഭൂമിക്ക്‌ പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കണമെന്ന്‌ മാര്‍ഗ്ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നു. ഈ വിഭാഗങ്ങളുടെ ഭൂമി പൂര്‍ണ്ണമായി വിനിയോഗിച്ചശേഷമേ ചെറുകിട നാമമാത്ര കര്‍ഷകരുടെ കൃഷിഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാവൂ.

ജലസംരക്ഷണ-സംഭരണ പ്രവര്‍ത്തനങ്ങളാണ്‌ സ്വകാര്യ ഭൂമികളില്‍ ഏറ്റെടുക്കേണ്ടത്‌. കുളങ്ങളും കിണറുകളും കുഴിക്കാം. തോടുകളുടെയും നിലവിലുള്ള കുളങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കാം. ജലസേചനത്തിന്‌ പുറമേ, ഇത്തരം ഭൂമികളിലും തൈനടീലും മറ്റ്‌ ഭൂവികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാമെന്ന്‌ സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്‌.

ഭൂവുടമ തൊഴിലുറപ്പ്‌ പദ്ധതി നിയമപ്രകാരം തൊഴില്‍ കാര്‍ഡ്‌ നേടിയിരിക്കണം. ഓരോ പ്രവൃത്തിയിലും കൂലിക്കും നിര്‍മാണസാമഗ്രികള്‍ക്കും ചെലവാക്കുന്ന പണം 60:40 എന്നായിരിക്കണം. പ്രവൃത്തികള്‍ ഗ്രാമസഭയും ഗ്രാമപ്പഞ്ചായത്തും അംഗീകരിക്കണം. കരാറുകാരെ നിയോഗിക്കരുത്‌. യന്ത്രങ്ങള്‍ ഉപയോഗിക്കരുത്‌. ഇതിന്റെ ഭാഗമായി ഒരുവിധ യന്ത്രങ്ങളും വാങ്ങരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത

തൊഴിലുറപ്പുപദ്ധതി സ്വകാര്യഭൂമിയിലേക്കും

ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട്‌ സ്വകാര്യവ്യക്തികളുടെ ഭൂമിയിലും ജോലികള്‍ ആരംഭിച്ചു. നീര്‍ത്തടാധിഷുിത പദ്ധതിയില്‍പെടുത്തിയാണ്‌ സംസ്ഥാനത്തെ പഞ്ചായത്തുകള്‍ നടപടി ആരംഭിച്ചത്‌. തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം രജിസ്റ്റര്‍ചെയ്‌ത കുടുംബങ്ങള്‍ക്ക്‌ ആവശ്യമായ തൊഴില്‍ കണ്ടെത്താന്‍ പഞ്ചായത്തുകള്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ്‌ സ്വകാര്യവ്യക്തികളുടെ ഭൂമിയിലും തൊഴിലാളികളെക്കൊണ്ട്‌ പണിയെടുപ്പിക്കുന്നത്‌. അഞ്ച്‌ ഏക്കറില്‍ താഴെയുള്ള സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ്‌ തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം പണി ആരംഭിച്ചിട്ടുള്ളത്‌.

ഉദാഹരണത്തിന്‌, ആലപ്പുഴ ജില്ലയില്‍ 35864 കുടുംബങ്ങളിലായി 2,19,491 പേര്‍ തൊഴിലുറപ്പ്‌ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. പ്രതിവര്‍ഷം 100 തൊഴില്‍ദിനങ്ങള്‍ നല്‍കണമെന്നാണ്‌ വ്യവസ്ഥ. എന്നാല്‍, തൊഴില്‍ക്ഷാമം മൂലം ഈ സാമ്പത്തികവര്‍ഷം ഇതുവരെ രജിസ്റ്റര്‍ചെയ്‌ത കുടുംബങ്ങള്‍ക്ക്‌ ശരാശരി 18 ദിവസത്തെ തൊഴില്‍ മാത്രമാണ്‌ നല്‍കാനായത്‌. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാലുമാസം മാത്രം ശേഷിക്കെ 82 ദിവസത്തോളം ജോലികള്‍ നല്‍കാനുണ്ട്‌. 20.37 കോടി രൂപയാണ്‌ നടത്തിപ്പിനായി നല്‍കിയത്‌. എന്നാല്‍, ഇതുവരെ 6.78 കോടി രൂപ മാത്രമാണ്‌ ചെലവാക്കാനായത്‌. സ്വകാര്യഭൂമിയിലേക്ക്‌ കൂടി ജോലികള്‍ വ്യാപിപ്പിച്ചതോടെ നാലുമാസം കൊണ്ട്‌ 100 തൊഴില്‍ദിനമെന്ന ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ പഞ്ചായത്തുകള്‍.

സംസ്ഥാനത്തെ ഭൂവികസനം, ചെറുകിട ജലസേചനം, പച്ചക്കറി കൃഷി എന്നിവയാണ്‌ നീര്‍ത്തടാധിഷുിത പരിപാടിയുടെ ഭാഗമായി സ്വകാര്യഭൂമിയില്‍ തൊഴിലുറപ്പുപദ്ധതി പ്രകാരം നടത്തുക. നീര്‍ത്തടാധിഷുിത പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന്‌ നിര്‍ദേശിച്ചിട്ട്‌ പല പഞ്ചായത്തുകളും പദ്ധതി സമര്‍പ്പിച്ചിട്ടില്ലെങ്കിലും സ്വകാര്യഭൂമിയില്‍ ജോലി ആരംഭിച്ചുകഴിഞ്ഞു. തൊഴിലുറപ്പുപദ്ധതി പ്രകാരം സ്വകാര്യഭൂമിയിലും ജോലി ആരംഭിച്ചതോടെ വര്‍ഷങ്ങളായി കൃഷിയോഗ്യമല്ലാതെ കിടന്നിരുന്ന ഏക്കറുകണക്കിന്‌ ഭൂമി കൃഷിയോഗ്യമാക്കാന്‍ കഴിയും. ഭൂവുടമകള്‍ക്ക്‌ പണം മുടക്കാതെ തന്നെ കൃഷി ആരംഭിക്കാനാകുമെന്നതും തൊഴിലാളികള്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നതും ഇതിന്റെ നേട്ടമാണ്‌. ഇതോടെ തൊഴിലുറപ്പ്‌ പദ്ധതിക്കായി അനുവദിക്കുന്ന തുക പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയുമെന്നാണ്‌ കരുതപ്പെടുന്നത്‌. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏകദേശം ഒന്നരക്കോടി രൂപ സംസ്ഥാനത്ത്‌ ചെലവഴിക്കാന്‍ കഴിയാതെ വന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത

തൊഴിലുറപ്പ് വേതനം നൂറുരൂപയാക്കി; ബാക്കിത്തുക സംസ്ഥാനം വഹിക്കണം

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ വേതനം 100 രൂപയായി ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിലധികം വേതനം നല്‍കാന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ അത് സ്വന്തം നിലയ്ക്ക് സംസ്ഥാനങ്ങള്‍ തന്നെ കണ്ടെത്തണം.

മിക്ക സംസ്ഥാനങ്ങള്‍ക്കും ഈ തീരുമാനം നേട്ടമാകുമെങ്കിലും നിലവില്‍ 125 രൂപ വേതനം നല്‍കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാവും. ഓരോ തൊഴിലാളിക്കും നല്‍കുന്ന വേതനത്തില്‍ 25 രൂപ കേരള സര്‍ക്കാര്‍ നല്‍കേണ്ടിവരും. കൂലി 200 രൂപയാക്കി കൂട്ടണമെന്ന് കേരളം ആവശ്യപ്പെടുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

ഇത്തരമൊരു തീരുമാനം കേന്ദ്രം ഇതുവരെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം കേന്ദ്ര ഗ്രാമവികസന സഹമന്ത്രി പ്രദീപ്ജയിന്‍ ആദിത്യ ലോക്‌സഭയെ രേഖാമൂലം അറിയിച്ചതായി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളില്‍ 100 രൂപയില്‍ താഴെയാണ് തൊഴിലുറപ്പില്‍ നല്‍കുന്ന കൂലി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം അതത് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കേണ്ടത്. ഇതനുസരിച്ചാണ് കേരളം 125 രൂപ നിശ്ചയിച്ചത്. അടുത്തകാലത്ത് കേരളം മിനിമം കൂലി 160 രൂപയാക്കി ഉയര്‍ത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം കുറവായതിനാല്‍ പങ്കാളിത്തം കുറയുന്നുവെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ഇതിനാല്‍ 200 രൂപയാക്കി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് അടുത്തിടെ നടന്ന സംസ്ഥാന വികസനസമിതി യോഗത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത