Category Archives: ആയുര്‍വേദം

ആയുര്‍വേദത്തിന്റെ സൂക്ഷ്‌മതത്ത്വങ്ങളെ പ്രകാശിപ്പിച്ചത്‌ ജനിതകശാസ്‌ത്രം -ഡോ. വല്യത്താന്‍

കോട്ടയ്‌ക്കല്‍: ആധുനിക ജനിതകശാസ്‌ത്രത്തിന്റെ കണ്ടെത്തലുകളാണ്‌ ആയുര്‍വേദത്തിന്റെ സൂക്ഷ്‌മതത്ത്വങ്ങളെ പ്രകാശിപ്പിക്കാന്‍ സഹായിച്ചതെന്ന്‌ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ റിസര്‍ച്ച്‌ പ്രൊഫസര്‍ ഡോ. എം.എസ്‌. വല്യത്താന്‍ പറഞ്ഞു. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ പ്രഥമ മാനേജിങ്‌ ട്രസ്റ്റിയും ചീഫ്‌ ഫിസിഷ്യനുമായിരുന്ന ഡോ. പി. മാധവവാരിയരുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ ‘എ സയന്‍സ്‌ ഇനീഷ്യേറ്റീവ്‌ ഇന്‍ ആയുര്‍വേദ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പഞ്ചഭൂതങ്ങള്‍, തൃദോഷങ്ങള്‍, പ്രകൃതി എന്നിവയാണ്‌ ആയുര്‍വേദത്തിന്റെ ആധാരശിലകള്‍. ഇതില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌ ഭൗതികശാസ്‌ത്രം, രസശാസ്‌ത്രം, ജൈവശാസ്‌ത്രം എന്നിവയുടെ സമീപനങ്ങള്‍. അതിനാല്‍ ആയുര്‍വേദത്തെയും അടിസ്ഥാനശാസ്‌ത്രങ്ങളെയും വേര്‍തിരിക്കുന്ന ഒരു ഇരുമ്പുമറയുണ്ട്‌. ഈ മറ നീക്കാനുള്ള ഉപാധികളാണ്‌ ആധുനിക ഗവേഷണങ്ങള്‍ കണ്ടെത്തുന്നതെന്നും ഡോ. വല്യത്താന്‍ പറഞ്ഞു.

ചടങ്ങില്‍ ‘മാതൃഭൂമി’യുടെ മുന്‍ അസോസിയേറ്റ്‌ എഡിറ്റര്‍ സി. ഉത്തമക്കുറുപ്പ്‌ അധ്യക്ഷതവഹിച്ചു. ആയുര്‍വേദത്തോട്‌ അവഗണനയും പുച്ഛവുമുണ്ടായിരുന്ന കാലത്ത്‌ അതിനെ ലോകമെമ്പാടും ശാസ്‌ത്രമെന്ന നിലയില്‍ അംഗീകരിപ്പിച്ചത്‌ വൈദ്യരത്‌നം പി.എസ്‌ വാരിയരായിരുന്നു. എന്നാല്‍ ആയുര്‍വേദത്തെ ആധുനിക സാങ്കേതികവിദ്യയുടെ ലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌ ഡോ. പി. മാധവവാരിയരായിരുന്നുവെന്ന്‌ ഉത്തമക്കുറുപ്പ്‌ അനുസ്‌മരിച്ചു. ഡോ. പി. മാധവവാരിയരുമായി ചെലവിടാന്‍ കഴിഞ്ഞ അപൂര്‍വനിമിഷങ്ങള്‍ കോഴിക്കോട്‌ സാമൂതിരി പി.കെ. ശ്രീമാനവേദന്‍രാജ ഉദ്‌ഘാടനപ്രസംഗത്തില്‍ വികാരതീവ്രമായി അനുസ്‌മരിച്ചു.

ചടങ്ങില്‍ മാധവവാരിയര്‍ മെമ്മോറിയല്‍ ഗോള്‍ഡ്‌മെഡലുകള്‍ ഡോ. വല്യത്താന്‍ വിതരണംചെയ്‌തു. തുടര്‍ന്നുനടന്ന ശാസ്‌ത്രസമ്മേളനത്തില്‍ പ്രൊഫ. എം.എസ്‌. ബഗേല്‍ (ജാംനഗര്‍), കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ചാന്‍സലര്‍ ഡോ. ബി. ഇക്‌ബാല്‍, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. മാധവന്‍കുട്ടി, രഞ്‌ജിത്‌ പുരാണിക്ക്‌ (മുംബൈ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്റ്റിയും ചീഫ്‌ ഫിസിഷ്യനുമായ ഡോ. പി.കെ വാരിയര്‍ സ്വാഗതവും അഡീഷണല്‍ ചീഫ്‌ ഫിസിഷ്യന്‍ ഡോ. കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആയുര്‍വേദം, വാര്‍ത്ത

25-7-07 ലെ വാര്‍ത്തകള്‍

മനുഷ്യശരീരം കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ നായകള്‍ക്ക് ഭക്ഷണം

റെജി ജോസഫ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ നവജാതശിശുക്കളുടെ മൃതദേഹമുള്‍പ്പെടെ ശരീരാവശിഷ്ടങ്ങള്‍ നായകള്‍ക്ക് ഭക്ഷണമാകുന്നു. ചാപിള്ളകളുടെ ശരീരം നായും നരിയും കൂട്ടത്തോടെ വലിച്ചുകീറുന്ന കാഴ്ച സാധാരണം. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരണമടയുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ക്കും ഇവിടെ അവകാശികള്‍ നായക്ക ൂട്ടങ്ങ ളാണ്.

വിവിധ ഓപ്പറേഷന്‍ തിയറ്ററുകളില്‍ മുറിച്ചുമാറ്റുന്ന കൈകാലുകളും, ആന്തരാവയവങ്ങളും രോഗബാധിതമായ ശരീരഭാഗങ്ങളും നായകള്‍ ആശുപത്രി വളപ്പിലെ വിശാലമായ കപ്പത്തോട്ടത്തില്‍ വലിച്ചിഴയ്ക്കുകയാണ്. അവശിഷ്ടങ്ങള്‍ ചാമ്പലാക്കുന്ന ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ മാത്രമാണ്. പോളിത്തീന്‍ കൂടുകളിലിലാക്കി പുറന്തള്ളുന്ന ശരീരഭാഗങ്ങളും ചോരത്തുണികളും കുഴികളില്‍ തള്ളുന്നു. പോളിത്തീന്‍ കൂടുകള്‍ കാക്കകളും നായകളും വലിച്ചുകീറിയാണ് ശരീരാവശിഷ്ടങ്ങള്‍ പുറ ത്തട ുക്ക ുന്നത്.

ദിവസം 30 പ്രസവം നടക്കാറുള്ള മെഡിക്കല്‍ കോളജില്‍ ദിവസം ഒരു ചാപിള്ളയുടെ ശരീരമെങ്കിലും നായകള്‍ ഭക്ഷണമാക്കുന്നുണ്ട്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ തലയുടെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം ഇവിടെ കണ്െടത്തി കുഴിച്ചുമൂടി. നൂറു കണക്കിന് നായകളാണ് ഓരോ കുഴികളിലും ആളൊഴിഞ്ഞ കപ്പത്തോട്ടത്തിലും വാസമാക്കിയിരിക്കുന്നത്.

നായക്കൂട്ടങ്ങളുടെ മാരക ആക്രമണം ഭയന്നാണ് ശുചീകരണ വിഭാഗത്തിലെ തൊഴിലാളികള്‍ ഇവിടെ കഴിയുന്നത്. ശരീര അവശിഷ്ടങ്ങള്‍ വലിച്ചുകീറുന്ന നായകള്‍ ശൌര്യത്തോടെ ചീറിയടുക്കുന്നതിനാല്‍ ആ ഭാഗത്തേക്ക് പുറത്തുനിന്ന് ആരും കടന്നു ചെല്ലാറില്ല.

ശരീരഭാഗങ്ങളും ഭ രക്തം വാര്‍ന്ന തുണികളും പഞ്ഞിയും സിറിഞ്ചുകളുമടക്കം കുന്നുകണക്കെ കൂടുകളാണ് ഇന്‍സിനറേറ്ററിന് മുന്നില്‍ തള്ളുന്നത്. ഈച്ചയ ാര്‍ത്ത് ചീഞ്ഞുനാറുന്ന പോളിത്ത ീന്‍ കൂടുകളുടെ അവകാശികള്‍ പിന്നീട് നായ ക്കൂട്ട ങ്ങ ളാ ണ്.

പ്രധാന മന്ദിരത്തിന്റെ മുന്‍ വശത്തെ മതിലിനപ്പുറമാണ് മനുഷ്യ ശരീരം മൃഗങ്ങള്‍ക്ക് തീറ്റയാ വുന്ന ത്.ഇ ന്‍സ ിനറേറ്ററിലെ ചാരവും ചാമ്പലാകാത്ത കുപ്പികളും സിറിഞ്ചുകളുമൊക്കെ തൊട്ടടുത്ത കുഴിയിലുണ്ട്. നായകളും കാക്കകളും വലിച്ചിഴച്ച് മാലിന്യം വാട്ടര്‍ ടാങ്കുകളില്‍ തള്ളുന്നു

കടപ്പാട്‌: ദീപിക

*****************************************************

അഴിമതിയില്‍ മുങ്ങിയ കയര്‍ഫെഡ് ഭരണസമിതി ഉടന്‍ പുനഃസംഘടിപ്പിക്കും


തിരു : രൂക്ഷമായ പ്രതിസന്ധിയിലായ കയര്‍ഫെഡ് ഭരണസമിതി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
കെടുകാര്യസ്ഥതയും അഴിമതിയും വഴിവിട്ട നടപടികളുമാണ് കയര്‍ഫെഡില്‍ നടമാടുന്നത്. പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് കയര്‍ഫെഡ് വ്യതിചലിച്ചിരിക്കുന്നു. കയര്‍ തൊഴിലാളികളെയല്ല മറ്റു ചിലരെ സംരക്ഷിക്കാനാണ് കയര്‍ഫെഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ മുന്നോട്ടു പോകാന്‍ അനുവദിക്കില്ല.
കയര്‍ ബോര്‍ഡ് സഹകരണമില്ല
എ.സി. ജോസ് ചെയര്‍മാനായ കയര്‍ ബോര്‍ഡില്‍ നിന്ന് ഗവണ്‍മെന്റിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. ഈ സ്ഥിതി മാറ്റാന്‍ ശ്രമിക്കണം. ഗവണ്‍മെന്റിന്റെ വിമര്‍ശനങ്ങളെ ഗുണകരമായ രീതിയില്‍ പരിശോധിക്കാന്‍ കയര്‍ബോര്‍ഡ് തയ്യാറാകണം. നബാര്‍ഡ് മുന്‍ റീജിയണല്‍ മാനേജര്‍ ഷെഖാവത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുക്കുന്നതായി അറിയിപ്പ് കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് വാഹനവും വീടും അനുവദിക്കാന്‍ പാടില്ലെന്നാണ് ബോര്‍ഡ് ചട്ടം. അതു മറികടന്നത് നിയമവിരുദ്ധമാണ്. ഇതേപ്പറ്റി ബോര്‍ഡിന്റെ അറിയിപ്പ് കിട്ടിയിട്ടില്ല.
പരിയാരം മെഡിക്കല്‍ കോളേജിലെ 15 ശതമാനം സീറ്റ് കൂടി മാനേജ്മെന്റ് ക്വോട്ടയിലാക്കാനാവുമോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം തരപ്പെടുത്താമെന്നു പറഞ്ഞ് പലരും പണം വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി

*****************************************************

1. കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് രജിസ്ട്രേഷന്‍ വൈകിക്കാന്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി


കൊച്ചി: തനത് പ്രാദേശിക സവിശേഷതകളോടെ ലോകപ്രശസ്തമായ കേരളീയ ഉല്‍പ്പന്നങ്ങളുടെ ഭൂപ്രദേശ സൂചനാ രജിസ്ട്രേഷന്‍ വൈകിക്കാന്‍ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥ ലോബിയുടെ ഒത്തുകളി. കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള ചെന്നൈയിലെ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെതിരെ കേരളത്തിലെ സ്പൈസസ് ബോര്‍ഡ് വാണിജ്യമന്ത്രി ജയറാം രമേഷിന്് പരാതി നല്‍കി. മലബാര്‍ കുരുമുളക്, തലശേരി ഏലം, അമ്പലപ്പുഴ പാല്‍പ്പായസം, പാലക്കാടന്‍ ചേന, നേന്ത്രപ്പഴം തുടങ്ങി പത്തോളം കേരളീയ ഉല്‍പ്പന്നങ്ങളാണ് രജിസ്ട്രേഷന്‍ തേടി തമിഴ്നാട് ഉദ്യോഗസ്ഥരുടെ കനിവുകാത്തു കഴിയുന്നത്.

കയര്‍ ബോര്‍ഡിന്റെ ശ്രമഫലമായി ആലപ്പുഴ കയറിന് കഴിഞ്ഞ ദിവസം ഭൂപ്രദേശ സൂചനാ രജിസ്ട്രേഷന്‍ ലഭിച്ചു. ഇവരുടെ അപേക്ഷ നല്‍കിയ 2006 ഫെബ്രുവരിയില്‍ത്തന്നെ മലബാര്‍ കുരുമുളകിനും തലശേരി ഏലത്തിനും വേണ്ടി സ്പൈസസ് ബോര്‍ഡ് അപേക്ഷ നല്‍കി. എന്നാല്‍ മലബാര്‍ കുരുമുളകിന് രജിസ്ട്രേഷന്‍ നല്‍കാനാവില്ലെന്നായിരുന്നു ചെന്നൈ രജിസ്ട്രിയിലെ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിലപാട്. ബ്രിട്ടീഷ് കുത്തകയായ കാഡ്ബറീസ് മലബാര്‍ എന്ന പേരില്‍ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാരണമാണ് പറഞ്ഞത്. ഭൂപ്രദേശ സൂചന രജിസ്റ്റര്‍ ചെയ്താല്‍ കാഡ്ബറി സമ്പാദിച്ച ട്രേഡ് മാര്‍ക്ക് റദ്ദാവുമെങ്കിലും ചെന്നൈ രജിസ്ട്രി അതിന് തയ്യാറാവുന്നില്ല.

മറ്റു കുരുമുളകില്‍നിന്ന് വ്യത്യസ്തമായി മലബാര്‍ കുരുമുളകിനുള്ള സവിശേഷത ഡിഎന്‍എ ഹാജരാക്കി തെളിയിക്കണമെന്നാണ് രജിസ്ട്രി ഉദ്യോഗസ്ഥരുടെ വാദം. കൊങ്കണ്‍മുതല്‍ കന്യാകുമാരിവരെ പ്രദേശമാണ് കുരുമുളക് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് പണ്ടുമുതല്‍ക്കേ മലബാര്‍ എന്ന് അറിയപ്പെട്ടുവരുന്നത്. വിളവെടുപ്പിനുശേഷവും പരമ്പരാഗതമായി നടത്തുന്ന സംസ്കരണരീതികളാണ് മലബാര്‍ കുരുമുളകിനെ ലോകത്തെ മറ്റു കുരുമുളകുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത് ഡിഎന്‍എ പരിശോധനയിലൂടെ തെളിയിക്കാനാവില്ല. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ആധികാരികമായ അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ കാഡ്ബറിയെ സഹായിക്കാന്‍ തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

മറ്റുല്‍പ്പന്നങ്ങളുടെ കാര്യത്തിലും കേരളത്തിന്റെ പ്രാദേശിക സവിശേഷതകള്‍ അംഗീകരിക്കുന്നതിന് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

രജിസ്ട്രേഷന് അര്‍ഹതയുള്ള നാല്‍പ്പത്തഞ്ചോളം തനത് കേരളീയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രമുഖ അഭിഭാഷകന്‍ സതീഷ് മൂര്‍ത്തി പറഞ്ഞു. സ്പൈസസ് ബോര്‍ഡിനും പ്രാദേശിക കൂട്ടായ്മകള്‍ക്കും വേണ്ടി രജിസ്ട്രേഷന്‍ ജോലികള്‍ ചെയ്യുന്നത് സതീഷ് മൂര്‍ത്തിയാണ്.

കേരളീയ പ്രാദേശിക സവിശേഷതകളുള്ള കാല്‍ ഡസന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാത്രമാണ് ഇപ്പോള്‍ ഭൂപ്രദേശ സൂചനാ രജിസ്ട്രേഷനുള്ളത്. ആറന്മുള കണ്ണാടി, പയ്യന്നൂര്‍ പവിത്രമോതിരം, പാലക്കാടന്‍ മട്ട, കേരള നവരയരി എന്നിവ അവയില്‍ ചിലതാണ്. പത്തു വര്‍ഷത്തേക്കാണ് രജിസ്ടേഷന്‍.

2. ആയുര്‍വേദ മരുന്നുകളുടെ കുത്തകാവകാശം തട്ടിയെടുക്കാന്‍
അനുവദിക്കരുത്: മുഖ്യമന്ത്രി


തിരു: ആയുര്‍വേദ മരുന്നുകളുടെ കുത്തകാവകാശം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഔഷധങ്ങളെയും ചികിത്സയെയും കുറിച്ചുള്ള ചെറിയ അറിവുപോലും വലുതാണ്. അതു സംരക്ഷിക്കപ്പെടേണ്ടതും ഉപയോഗിക്കപ്പെടേണ്ടതും ജനകീയ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗോളവല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദ ബദല്‍ എന്ന വിഷയത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആയര്‍വേദമേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക പേറ്റന്റ് സെല്‍ 1800ല്‍പരം രേഖകള്‍ ശേഖരിച്ചുകഴിഞ്ഞു. നമ്മുടെ നാട്ടിലെ വ്യത്യസ്ത ചികിത്സാ രീതികള്‍ പരസ്പര ബഹുമാനമാണ് വച്ചുപുലര്‍ത്തേണ്ടത്. പരസ്പര പൂരകത്വത്തിനാണ് ശ്രമിക്കേണ്ടത്. രോഗം മാറ്റുകയും മനുഷ്യനോട് കാരുണ്യം കാട്ടുകയും ചെയ്യുന്നതിന് വിശാല മനസ്കത വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി പി കെ ശ്രീമതി അധ്യക്ഷയായിരുന്നു. എം ആര്‍ വാസുദേവന്‍നമ്പൂതിരി, ഡോ. കെ ശങ്കരന്‍, ഡോ. ഹരീന്ദ്രന്‍നായര്‍, ഡോ. ടൈറ്റസ്, ഡോ. വി ജി ഉദയകുമാര്‍, ഡോ. ജോജി തച്ചില്‍, ഡോ. അനിതാ ജേക്കബ് എന്നിവരും സംസാരിച്ചു.

രാവിലെ നടന്ന സെമിനാര്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനംചെയ്തു. സി പി നാരായണന്‍, പ്രൊഫ. എം കെ പ്രസാദ്, ഡോ. ജി വിനോദ്കുമാര്‍, പ്രൊഫ. ടി പി കുഞ്ഞുകൃഷ്ണന്‍, ഡോ. കെ ജി വിശ്വനാഥന്‍, ഡോ. എ ശ്രീകുമാര്‍, ഡോ. രാംകുമാര്‍, ഡോ. കെ ജ്യോതിലാല്‍, പ്രൊഫ. സി രവീന്ദ്രനാഥ് തുടങ്ങിയവരും സംസാരിച്ചു.

കടപ്പാട്‌: ദേശാഭിമാനി

*****************************************************

1. പശു കൃഷി നശിപ്പിച്ചതിനെ ചൊല്ലി തര്‍ക്കം; മധ്യവയസ്കന്‍ മര്‍ദനമേറ്റു മരിച്ചു


കട്ടപ്പന: പശു അയല്‍വാസിയുടെ കൃഷി നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ കലഹത്തെ തുടര്‍ന്ന് മധ്യവയസ്കന്‍ മര്‍ദനമേറ്റു മരിച്ചു. ഏലപ്പാറ ഹെലിബറിയ പുതുവലില്‍ കളളിയോട്ട് പാല്‍രാജ്(50) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ഒരു മാസം മുമ്പ് പാല്‍രാജിന്റെ പശു അയല്‍വാസിയും അകന്ന ബന്ധുവുമായ കെ.എം. രാജുവിന്റെ കൃഷിയിടത്തില്‍ കയറി വിള നശിപ്പിച്ചിരുന്നു.

രാജുവും ബന്ധുക്കളും ചേര്‍ന്ന് പശുവിനെ പിടിച്ചു കെട്ടി മര്‍ദിച്ചു. ഇതിനെതിരേ പോലീസില്‍ പരാതി നല്‍കാന്‍ പാല്‍രാജ് ശ്രമിച്ചത് തടയാന്‍ ഇരുവരും ഉള്‍പ്പെട്ട സമുദായ നേതാക്കള്‍ ശ്രമിച്ചു. സംഭവത്തെച്ചൊല്ലി പാല്‍രാജിന്റെ ഇളയ മകന്‍ പ്രിന്‍സും രാജുവിന്റെ മകന്‍ സോമനും തമ്മില്‍ തിങ്കളാഴ്ച വൈകിട്ട് ഹെലിബറിയ എസ്റ്റേറ്റില്‍ വച്ച് ഏറ്റുമുട്ടി. മര്‍ദനമേറ്റ സോമനും പിതാവും രാജുവും ഏതാനും ബന്ധുക്കളും ചേര്‍ന്ന് രാത്രി ഏഴുമണിയോടെ പാല്‍രാജിനെയും ഭാര്യ മരിയ സെല്‍വിയെയും വീടുകയറി ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ പാല്‍രാജിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കെ.എം. രാജു, മകന്‍ സോമന്‍, ബന്ധുക്കളായ അനീഷ്, അനില്‍കുമാര്‍, സിബിന്‍, ബാലന്‍, അലക്സ് എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ടെന്ന് പീരുമേട് സി.ഐ. അനില്‍കുമാര്‍ പറഞ്ഞു. പാല്‍രാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. പ്രകാശ് മൂത്തമകനാണ്.

2. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലഘൂകരിക്കും: മന്ത്രി പാലോളി
തിരുവനന്തപുരം: ഇപ്പോഴത്തെ കെട്ടിട നിര്‍മ്മാണ ചട്ടം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കില്‍ അത് ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിയമസഭയില്‍ ഉറപ്പുനല്‍കി. കെ.പി. മോഹനന്റെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരള മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടമാണ് ഇപ്പോള്‍ എല്ലാ പഞ്ചായത്തിലും ബാധകമാക്കിയിട്ടുള്ളത്. പഞ്ചായത്തുകള്‍ക്ക് മാത്രമായുള്ള കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതുവരെ ഇപ്പോഴത്തെ ചട്ടപ്രകാരം മാത്രമേ പെര്‍മിറ്റ് നല്‍കാന്‍ കഴിയുകയുള്ളു. ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും ജില്ലാ ടൌണ്‍ പ്ളാനര്‍മാരില്‍ നിന്നും മറുപടി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്ന് മന്ത്രി ഡോ: തോമസ് ഐസക്ക് എം. മുരളിയെ അറിയിച്ചു. ഒരുലക്ഷംപേര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിമാസം 50 രൂപയാണ് പ്രീമിയം. പെന്‍ഷന്‍കാരുടെ ഉത്സവബത്ത വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഒട്ടാകെ നിലവില്‍ 207 കൃഷി അസിസ്റ്റന്റ്മാരുടെ ഒഴിവുകളുണ്ടെന്ന് മന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 505 കൃഷി അസിസ്റ്റന്റ്മാര്‍ക്ക് നിയമന ശിപാര്‍ശ നല്‍കി കഴിഞ്ഞു. ഇവരെ നിയമിച്ചും കഴിച്ചു. 238 കൃഷി അസിസ്റ്റന്റ്മാരുടെ തസ്തികകള്‍ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരം നിയമനശിപാര്‍ നല്‍കാന്‍ പി.എസ്.സിയോടാവശ്യപ്പെട്ടിട്ടുണ്ട്. പി.എസ്.സി ലിസ്റ്റ് ലഭിച്ചാല്‍ സ്ഥിരനിയമനവും അല്ലാത്തപക്ഷം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്വഴി താല്ക്കാലിക നിയമനവും നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എ.പി. അനില്‍കുമാറിന് മന്ത്രി ഉറപ്പുനല്‍കി.

കടപ്പാട്‌: മംഗളം

*****************************************************

ടാറ്റ ഭൂമി: ഉപഗ്രഹ സര്‍വേ അട്ടിമറിച്ചെന്ന് സൂചന; സ്കെച്ചിലും അവ്യക്തത

തൊടുപുഴ: മൂന്നാറിലെ ടാറ്റയുടെ കൈയേറ്റം കണ്ടെത്താന്‍ നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സി നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അട്ടിമറി നടന്നതായി സൂചന. ഉന്നതതല ഒത്തുകളി മൂലം സര്‍വേ ഫലം സത്യസന്ധമാകാനിടയില്ലെന്നാണ് വിവരം.

മിക്കവാറും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ വരാനിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ടാറ്റക്കെതിരായ നടപടിക്ക് സഹായകമാകില്ലെന്നാണ് സൂചന.

കെ.ഡി.എച്ച് വില്ലേജിലെ ടാറ്റാ ഭൂമി സംബന്ധിച്ച വിവരങ്ങളും സ്കെച്ചും അടക്കം ബന്ധപ്പെട്ടവര്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് കൈമാറിയത് അവ്യക്തത നീക്കാതെയാണ്. ഇതനുസരിച്ച് നടന്ന ഉപഗ്രഹ സര്‍വേപ്രകാരം തയാറായ റിപ്പോര്‍ട്ട് ഏതാണ്ട് ടാറ്റയെ വെള്ളപൂശുന്ന തരത്തിലാണെന്നറിയുന്നു. സര്‍വേ വകുപ്പില്‍ നിന്ന് റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് കൈമാറിയ ലിത്തോ മാപ്പിലെയും ബേസിക് ടാക്സ് രജിസ്റ്ററിലെയും ഭൂവിസ്തൃതി തമ്മില്‍ കാര്യമായ വൈരുധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നാണ് സൂചന. വിസ്തൃതി സംബന്ധിച്ച ബേസിക് ടാക്സ് രജിസ്റ്ററിലെ വിവരങ്ങളും എസ്റ്റേറ്റുകളുടെ സ്കെച്ചുകള്‍ തമ്മിലും വ്യത്യാസമുണ്ട്.

അനുവദിച്ചതിലും കൂടുതല്‍ സ്ഥലത്ത് ടാറ്റാ ടീ (കണ്ണന്‍ദേവന്‍ കമ്പനി) തേയില കൃഷി ചെയ്തതായാണ് സര്‍വേ റിപ്പോര്‍ട്ടിലെ മുഖ്യ കണ്ടെത്തല്‍. അതേസമയം ടാറ്റയുടെ കൈവശം ഉണ്ടാകേണ്ടിയിരുന്ന ഭൂമിയില്‍ 3,500 ^ഓളം ഏക്കര്‍ കുറവ് വരുമെന്ന സൂചനയാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ നല്‍കുന്നത്. ലാന്റ് ബോര്‍ഡ് തീരുമാനപ്രകാരം 57,192 ഏക്കറാണ് 1971 ^ല്‍ ടാറ്റക്ക് കൈമാറിയത്. ഇതില്‍ 23,239 ഏക്കറാണ് തേയില കൃഷിക്ക് ഉപയോഗിക്കാവുന്നത്. എന്നാല്‍, 28,000 ഏക്കറില്‍ ടാറ്റ കൃഷി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

അയ്യായിരം ഏക്കറോളം സ്ഥലമാണ് കൈയേറി കൃഷി ചെയ്തിരിക്കുന്നത്. ഇന്ധന ആവശ്യങ്ങള്‍ക്ക് മരം വളര്‍ത്താന്‍ 16,898 ഏക്കറാണ് ലാന്റ് ബോര്‍ഡ് അനുവദിച്ചത്. ഉപഗ്രഹ സര്‍വേയില്‍ ഈ ഭൂമി 8,489 ഏക്കറായി ചുരുങ്ങിയെന്നാണ് കണ്ടെത്തിയത്. ഇന്ധന ഏരിയയില്‍ 8,409 ഏക്കര്‍ കുറവ് വന്നു. ഇത് തേയില കൃഷിക്കായി മാറ്റി ഉപയോഗിക്കുകയായിരുന്നു.

കമ്പനിക്ക് കൈമാറിയ ഭൂമിയില്‍ 4,523 ഏക്കര്‍ എസ്റ്റേറ്റുകള്‍ക്കിടയില്‍ ഉണ്ടെന്നും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കുമായി 2,617 ഏക്കര്‍ നീക്കിവെച്ചതുമായാണ് ലാന്റ് ബോര്‍ഡ് ഉത്തരവിലുള്ളത്. എന്നാല്‍, ഈ ഭൂമിയിലും 3,691 ഏക്കറിന്റെ കുറവ് കണ്ടെത്തി.
ഭൂമി മാറ്റി ഉപയോഗിച്ചെന്ന കുറ്റം മാത്രമാണ് ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റക്കെതിരെ ചുമത്താവുന്നത്. സര്‍വേ റെക്കോര്‍ഡുകള്‍ മാറ്റിമറിച്ചതും ടാറ്റയുടെ ഭൂമി ഉള്‍പ്പെട്ട കെ.ഡി.എച്ച് വില്ലേജിന്റെ മാപ്പിന്റെ ചില ഭാഗങ്ങള്‍ അവ്യക്തമായി നല്‍കിയതും ഉന്നതതലത്തില്‍ നടന്ന ഒത്തുകളിയുടെ സൂചനയാണ്. ടാറ്റ അമ്പതിനായിരം ഏക്കര്‍ കൈയേറിയതായി രണ്ട് നിയമസഭാ അഷ്വറന്‍സ് കമ്മിറ്റികള്‍ കണ്ടെത്തിയതിന് വിരുദ്ധമാകും നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിയുടെ സര്‍വേ ഫലം.

നിയമസഭാ സമിതികളുടെ കണ്ടെത്തലുകള്‍ക്ക് ശേഷം മൂന്നാര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ടാറ്റയുടെ കൈയേറ്റം 75,000 ഏക്കര്‍ വരുമെന്നും പറഞ്ഞിരുന്നു.

കടപ്പാട്‌: മാധ്യമം

*****************************************************

1. പനി: ഗര്‍ഭിണി ഉള്‍പ്പെടെ 17 പേര്‍കൂടി മരിച്ചു

പനിബാധിച്ചു ഗര്‍ഭിണി ഉള്‍പ്പെടെ സംസ്ഥാനത്തു 17 പേര്‍കൂടി മരിച്ചു. കൊല്ലം ജില്ലയിലാണു കൂടുതല്‍ മരണം – അഞ്ച്. പാലക്കാട് ജില്ലയില്‍ മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ രണ്ടുപേര്‍വീതവും പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഒാരോരുത്തരുമാണു പനിക്കു കീഴടങ്ങിയത്.

കോട്ടയം പാലാ ചേര്‍പ്പുങ്കല്‍ വടക്കേ ചാവേലില്‍ സെബാസ്റ്റ്യന്റെ (മോനായി) ഭാര്യ രമ്യ(20)യാണ് മരിച്ച ഗര്‍ഭിണി. ന്യൂമോണിയ ബാധിച്ചായിരുന്നു മരണം.

കൊല്ലം ജില്ലയില്‍ പനിബാധിച്ച് തെക്കേമുറി മുട്ടം പാലവിള തെക്കതില്‍ രാഘവന്‍ (77), കിഴക്കേ കല്ലട താഴം വാര്‍ഡില്‍ പള്ളുരുത്തില്‍ വീട്ടില്‍ പി. ജി. രവീന്ദ്രന്‍ (55), തൃക്കണ്ണമംഗല്‍ അമ്പലംവിള വീട്ടില്‍ എ. വൈ. ഡാനിയേല്‍ (76), ഓയൂര്‍ മീയന പാപ്പാലോട് റഹിം മന്‍സിലില്‍ അയിഷാബീവി (54), കിഴക്കേ മാറനാട് പാലക്കുഴി അംബേദ്കര്‍ കോളനിയില്‍ ഷീബാ മന്ദിരത്തില്‍ സരസമ്മ (45) എന്നിവരാണു മരിച്ചത്.

ചാരുംമൂട് കൊട്ടയ്ക്കാട്ടുശേരി വാലുപറമ്പില്‍ പടീറ്റതില്‍ കരുണാകരന്‍ (36), താമരക്കുളം പച്ചക്കാട് എള്ളുംവിള പുത്തന്‍വീട്ടില്‍ നീലകണ്ഠന്‍ (85) എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ മരിച്ചത്. ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു കരുണാകരന്‍.

പത്തനംതിട്ട വള്ളിക്കോട് തെക്കേവടക്കേതില്‍ രഘുനാഥക്കുറുപ്പ് (52) പനി ബാധിച്ചു മരിച്ചു.

ഇടുക്കി ജില്ലയില്‍ തൊടുപുഴയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ ചാലങ്കോട് ഇലഞ്ഞിക്കല്‍ സജി (34), വാഴത്തോപ്പ് കോടായില്‍ പരമേശ്വരന്‍ (60) എന്നിവരാണു മരിച്ചത്. പനി ബാധിച്ചു ചികിത്സയിലായിരുന്ന സജി ഇന്നലെ ആശുപത്രിയിലേക്കു പോകുംവഴി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പരമേശ്വരന്‍ എറണാകുളത്തു ചികിത്സയിലിരിക്കെയാണു മരിച്ചത്. ഇതോടെ ജില്ലയില്‍ പനിബാധിച്ചു മരിച്ചവരുടെ എണ്ണം 25 ആയി. ജില്ലയില്‍ ഇന്നലെ 1604 പേര്‍ പനിബാധിച്ചു ചികിത്സതേടി. ഇതില്‍ 120 പേരെ കിടത്തി ചികിത്സിക്കുകയാണ്. ജില്ലയില്‍ മൂന്നുപേര്‍ക്കുകൂടി ചിക്കുന്‍ ഗുനിയ സ്ഥിരീകരിച്ചു. കാഞ്ചിയാര്‍ സ്വദേശികളായ രണ്ടുപേര്‍ക്കും സേനാപതി സ്വദേശിയായ ഒരാള്‍ക്കുമാണു ചിക്കുന്‍ ഗുനിയ കണ്ടെത്തിയത്.

എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ തെക്കന്‍ പറവൂര്‍ ഇൌലുകാട്ട് അപ്പു (78), പറവൂര്‍ നന്ദികുളങ്ങര ചിറപ്പണത്ത് നന്ദന്‍ (57) എന്നിവരാണു മരിച്ചത്.ജില്ലയില്‍ ഇന്നലെ പനിബാധിച്ച് 5712 പേര്‍ ചികിത്സയ്ക്കെത്തി. എട്ടുപേര്‍ക്കു ചിക്കുന്‍ ഗുനിയയുടെയും ഒരാള്‍ക്കു ഡെങ്കിപ്പനിയുടെയും ലക്ഷണങ്ങള്‍ കണ്ടെത്തി.

തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പ് പെരിഞ്ചേരി ചൊവ്വൂര്‍ വാലിപ്പറമ്പില്‍ രാജന്‍ (49) എലിപ്പനി ബാധിച്ചാണു മരിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം എലിപ്പനിമരണം അഞ്ചായി. പത്തുപേരെ ഇന്നലെ ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലാക്കി. തിരുവില്വാമല, വില്‍വട്ടം, മാടവന, പഴഞ്ഞി, കുന്നംകുളം, പാമ്പൂര്‍, വെള്ളാങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണു ചിക്കുന്‍ ഗുനിയ ലക്ഷണം കണ്ടെത്തിയത്. ചിക്കന്‍പോക്സ് ബാധിച്ചു വടക്കാഞ്ചേരി സ്വദേശി ചികില്‍സതേടി.

പാലക്കാട് ജില്ലയില്‍ നെന്‍മാറ ചാത്തമംഗലം എസ്ഡി നിവാസില്‍ ദൊരൈസ്വാമി ചെട്ടിയാര്‍ (64), വിത്തനശേരി വെളുത്തേടത്ത് കുളമ്പില്‍ വേലായുധന്‍ (60), കാവശേരി മൂപ്പു പറമ്പില്‍ ചാമിയാര്‍ (54) എന്നിവരാണു മരിച്ചത്. എന്നാല്‍, ദൊരൈസ്വാമി ചെട്ടിയാര്‍ മാത്രമാണു പനിബാധിച്ചു മരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.ഇന്നലെ 1831 പേരെയാണ് പനിബാധിച്ചു വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ആലത്തൂര്‍, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ പനി പടരുകയാണ്. പട്ടാമ്പിയില്‍ ടൈഫോയ്ഡ് ബാധിച്ച് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ചു 3554 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. എട്ടുപേര്‍ക്കു ചിക്കുന്‍ ഗുനിയ സംശയമുണ്ട്. അതിസാരം ബാധിച്ചു 334 പേരെയും മഞ്ഞപ്പിത്തം ബാധിച്ചു മൂന്നുപേരെയും ടൈഫോയ്ഡ് ബാധിച്ച് ഒരാളെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 2. 5 ലക്ഷംവരെ വിലയുള്ള ഫ്ളാറ്റുകള്‍ക്ക് സ്റ്റാംപ് ഡ്യൂട്ടി ഇല്ല

തിരുവനന്തപുരം:  അഞ്ചു ലക്ഷം വരെ മൂല്യമുള്ള ഫ്ളാറ്റുകളെ സ് റ്റാംപ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു.  അതിനു മുകളിലുള്ളവയുടെ കാര്യത്തില്‍ ഇളവുകളും മന്ത്രി പ്രഖ്യാപിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഫലത്തില്‍  5.5 % കുറവാണ് ഉണ്ടാകുക.

കോര്‍പറേഷനുകളില്‍ 10 %, മുനിസിപ്പിലാറ്റികളില്‍ 9%, പഞ്ചായത്തില്‍ 6.5% എന്നിങ്ങനെയായിരിക്കും പുതിയ സ്റ്റാംപ് ഡ്യൂട്ടി നിരക്ക്. നിര്‍മാണ കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍  പിരിക്കുന്ന വാറ്റ് നികുതി പൂര്‍ണമായും തട്ടിക്കിഴിക്കുന്നതിന്റെ  ഫലമായാണ് 4% ഇളവ്. ബാക്കി 1.5%  സര്‍ക്കാര്‍ പ്രഖ്യാപിച്ചതും. സ്റ്റാംപ് ഡ്യൂട്ടി നിരക്കു ദുര്‍വഹമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണു മന്ത്രി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബില്‍ സഭ അംഗീകരിച്ചു.

മെറ്റല്‍ ക്രഷറുകളുടെ വാര്‍ഷിക കോംപൌണ്ടിങ് നികുതി നിരക്ക് ഇരട്ടിയാക്കിയതും കുറച്ചു. മൂന്നു തട്ടുകളായി യഥാക്രമം 50,000, 1,60,000, 3,20,000 എന്നിങ്ങനെയാണു പുതിയ നിരക്ക്.

ലോട്ടറി നികുതി കുടിശിക 8,637 കോടി രൂപ കുടിശിക ഇനത്തില്‍ പിരിച്ചുകിട്ടാനുണ്ട്. വരാനുള്ള സുപ്രീംകോടതി വിധി അനുകൂലമായാല്‍ മാത്രമേ ഇൌ തുക പിരിക്കാന്‍ കഴിയൂ. സഹകരണ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ഇൌടാക്കലുണ്ടാകില്ല. പാവപ്പെട്ട വഴിയോര കച്ചവടക്കാരെ നികുതിയുടെ പേരില്‍ ഉപദ്രവിക്കില്ല. ബജറ്റില്‍ പ്രഖ്യാപിച്ച മരുന്ന്, വാഹന നികുതികളില്‍ മാറ്റമില്ലെന്നു മന്ത്രി പറഞ്ഞു. വാഹനനികുതി ഒറ്റത്തവണയാക്കിയപ്പോള്‍ ചെറിയ കാറുകളുടെ വില കുറയുകയാണുണ്ടായത്. എന്നാല്‍ ആഡംബര കാറുകളുടെ കാര്യത്തില്‍ വില കൂടിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായാണ് ഇതു സംബന്ധിച്ച എല്ലാ സൂചികകളും തെളിയിക്കുന്നതെന്ന് ഐസക് പറഞ്ഞു. റവന്യു കമ്മി 3,129 കോടിയില്‍ നിന്ന് 2,589 ആയി കുറഞ്ഞു. ധനകമ്മി 4,181 കോടിയില്‍ നിന്ന് 3,776 കോടിയായി. അതുപോലെ തന്നെ കടഭാരം 41.2 ശതമാനത്തില്‍ നിന്ന് 39.5% ആയി. നികുതി വരുമാനത്തില്‍ 25% വര്‍ധനയുണ്ട്.

എങ്കിലും പദ്ധതി ലക്ഷ്യത്തിലെത്തിയില്ല. വിദേശ ധനസഹായ പദ്ധതികളും കേന്ദ്രാവിഷ്കൃത പദ്ധതികളും നടപ്പാക്കുന്നതില്‍ കാലാകാലങ്ങളായുള്ള പോരായ്മ  ഇതിനു കാരണമാണ്. റോഡ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ചു ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ അടുത്ത ദിവസം  വെളിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കടപ്പാട്‌: മനോരമ

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

ഒരു അഭിപ്രായം ഇടൂ

Filed under ആയുര്‍വേദം, ആരോഗ്യം, കൃഷി, കേരളം, ഭക്ഷണം, മാധ്യമം, രജിസ്ട്രേഷന്‍