ഹെല്‍മെറ്റ് ഉത്തരവ് കര്‍ശനമാക്കണം; മന്ത്രിമാരുടെ നിര്‍ദേശം അവഗണിക്കണം

ഇന്‍ഷുറന്‍സ് പരിരക്ഷ ഹെല്‍മെറ്റ് ധരിച്ചവര്‍ക്ക് മാത്രമാക്കണം

കൊച്ചി: ഇരുചക്ര വാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമാനുസൃത ഉത്തരവ് പാലിക്കേണ്ടതില്ലെന്ന് മന്ത്രിമാരും മറ്റും നല്‍കുന്ന നിര്‍ദേശം അവഗണിക്കണം. ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് നടപടി വരുമ്പോള്‍ മന്ത്രിമാരുടെ നിര്‍ദേശമോ പ്രസ്താവനയോ തുണയാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഹെല്‍മെറ്റ് വേട്ട നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ 2008 ആഗസ്തില്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന പത്രറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ജോര്‍ജ് ജോണ്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് ബി.പി. റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്.

ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഹെല്‍മെറ്റ് ധരിച്ചവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കാവുന്നതാണ് എന്നാണ് ഉത്തരവില്‍ പറയുന്നത്. ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവുശിക്ഷ വ്യവസ്ഥചെയ്യുന്ന കാര്യവും പരിഗണിക്കണം. ഇതിനായി മോട്ടോര്‍വാഹന നിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് നിര്‍ദേശം. നിലവില്‍ 300 രൂപയാണ് ഹെല്‍മെറ്റ് ധരിക്കാത്തതിനുള്ള പിഴ.

കോടതിയുടെ ഉത്തരവുകള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കും വിധം മന്ത്രിമാരും മറ്റും പൊതുപ്രസ്താവന ഇറക്കാറുണ്ട്. ഇത്തരം പ്രസ്താവനകള്‍ പാലിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് മോട്ടോര്‍ വാഹന നിയമത്തിലെ 129-ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ നിയമവും അതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവും നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് മന്ത്രിമാരും സര്‍ക്കാര്‍ വകുപ്പുകളും എന്ന് കോടതി ചൂണ്ടിക്കാട്ടി.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടാണ് ‘ഹെല്‍മെറ്റ് വേട്ട കര്‍ശനമാക്കേണ്ടെ’ന്ന് 2008 ആഗസ്തില്‍ നിര്‍ദേശം നല്‍കിയതെന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയിലെ പരാതി. കളമശ്ശേരി റോട്ടറി ക്ലബ്ബിന്റെ റോഡ് സുരക്ഷ പദ്ധതിയുടെ ചെയര്‍മാനാണ് ഹര്‍ജിക്കാരനായ ജോര്‍ജ് ജോണ്‍. ഇരുചക്രവാഹന യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിക്കണമെന്നും അതിനെതിരെ പ്രസ്താവന ഇറക്കുന്നവരെ കോടതിയലക്ഷ്യ കുറ്റത്തിന് ശിക്ഷിക്കണമെന്നുമാണ് അഡ്വ. ജോയി തട്ടില്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )