കൊയ്യാന്‍ ആളില്ല: കുട്ടനാട്ടില്‍ 5000 ഏക്കറിലെ നെല്ല് നശിച്ചു

നൂറ്റിയന്‍പത് ദിവസം കഴിഞ്ഞിട്ടും കൊയ്യാനാകാതെ മഴയില്‍ കിളിര്‍ത്ത് നശിച്ച നെല്‍ച്ചെടികളുമായി രാമങ്കരി പറക്കുഴി കിളിരുവാക്കപ്പാടത്തെ കര്‍ഷകന്‍.

കുട്ടനാട്: കൊയ്യാന്‍ തൊഴിലാളികളില്ലാത്തതിനാല്‍ കുട്ടനാട്ടില്‍ 5000 ഏക്കര്‍ പാടശേഖരത്തെ നെല്ല് നശിച്ചു. വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ കര്‍ഷകത്തൊഴിലാളികളെ ലഭ്യമാക്കുമെന്നു ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒരു തൊഴിലാളിയെപ്പോലും ലഭിച്ചില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തിരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ കര്‍ഷകരുടെ ദുരിതം ആരും കാണുന്നില്ല.നെല്ല് കൊയ്യാന്‍ പാകമായ ദിവസം മുതല്‍ മഴ തുടങ്ങി. വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങള്‍ മുങ്ങി. നെല്ല് നശിച്ചു.

വെള്ളത്തില്‍ മുങ്ങിയ പാടങ്ങളില്‍ കൊയ്ത്ത് യന്ത്രം ഇറക്കാന്‍ കഴിയുമായിരുന്നില്ല. കര്‍ഷകത്തൊഴിലാളികളെ ലഭിച്ചിരുന്നെങ്കില്‍ നെല്ല് ചീയുംമുമ്പായി കൊയ്തെടുക്കാമായിരുന്നു. ചില പാടശേഖരങ്ങളില്‍ നാലോ അഞ്ചോ തൊഴിലാളികളെ ലഭിച്ചു. ഏക്കര്‍കണക്കിനു പാടശേഖരങ്ങള്‍ കൊയ്യാനിരിക്കെ ഇത്രയും തൊഴിലാളികളെക്കൊണ്ട് എന്തു കൊയ്യാനാണെന്നാണു കര്‍ഷകരുടെ ചോദ്യം. ഒരു തൊഴിലാളിക്ക് 250 രൂപ വീതം കൂലി കൊടുക്കേണ്ടിവന്നു. ഇവര്‍ കൊയ്തിട്ട നെല്ല് കരയില്‍ എത്തിക്കാന്‍ കൂലി വേറെ കൊടുത്തു. തലച്ചുമടുകാരെ കണ്ടെത്തേണ്ടിയും വന്നു.

രാമങ്കരി പറക്കുടി കിളിരുവാക്ക പാടം 20 ഏക്കറാണ്. പാട്ടത്തുക ഉള്‍പ്പെടെ 14,000 രൂപ ഒരേക്കറിനു ചെലവുണ്ടായി. സെപ്റ്റംബര്‍ 20 നു 120 ദിവസം പിന്നിട്ടു. നൂറുമേനിയായിരുന്നു വിളവ്. പാടത്തേക്കു കൊയ്ത്ത് യന്ത്രം കൊണ്ടുവരാന്‍ വഴിയില്ല. വീതി കുറഞ്ഞ വഴിയില്‍ക്കൂടി ചെറിയ കൊയ്ത്ത് യന്ത്രം എത്തിക്കാമെന്നു കൃഷി ഓഫിസര്‍ ഉറപ്പുകൊടുത്തിരുന്നതായി കൃഷിക്കാര്‍ പറയുന്നു. നടപ്പായില്ല. ഒടുവില്‍ നെല്ല് കൊയ്തിടുന്ന യന്ത്രം കൊടുക്കാമെന്നായി. കൊയ്തിടുന്ന നെല്ല് കെട്ടി കരയിലെത്തിക്കാന്‍ തൊഴിലാളികളെ കണ്ടെത്തേണ്ടിവരുന്നതിനാല്‍ ഇതിനോടു കര്‍ഷകര്‍ യോജിച്ചില്ല.

പാടശേഖരത്തിന്റെ പരിധിയില്‍പ്പെട്ട പ്രദേശത്ത് 130 കര്‍ഷകത്തൊഴിലാളികള്‍ ഉള്ളതാണ്. ഇവരെ തൊഴിലുറപ്പ് പദ്ധതിക്കു കൊണ്ടുപോകാതെ കൊയ്ത്തിനു വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നു പാടശേഖര സമിതി കണ്‍വീനര്‍ മണിമലപ്പറമ്പില്‍ മാത്യു പറഞ്ഞു. സര്‍ക്കാരും ജനപ്രതിനിധികളും കയ്യൊഴിഞ്ഞ പറക്കുടി കിളിരുവാക്ക പാടത്തെ നെല്ല് 150 ദിവസം കഴിഞ്ഞതോടെ ചീഞ്ഞുപൊട്ടി കിളിര്‍ത്തു. കുട്ടനാട്ടില്‍ അവശേഷിച്ച കര്‍ഷകത്തൊഴിലാളികളെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കു നിയോഗിച്ചതോടെ കൃഷി പ്രതിസന്ധിയിലായെന്നു കര്‍ഷകര്‍ പറയുന്നു.

മുഴുവന്‍ നെല്ലും നശിച്ചാല്‍ ഏക്കറിനു 4000 രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയേക്കും. ഒരു ഏക്കറില്‍ നിന്ന് 3000 കിലോ നെല്ല് കണക്കാക്കിയാല്‍  39,000 രൂപ ആണു കര്‍ഷകര്‍ക്കു നഷ്ടമാകുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയിലും പല കര്‍ഷകര്‍ക്കും പ്രതീക്ഷയില്ല. 2008 ലെ വേനല്‍മഴയില്‍ മുഴുവന്‍ നെല്ലും നശിച്ച കര്‍ഷകര്‍ക്ക് ഒന്നും നഷ്ടമായില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ കണ്ടെത്തലത്രെ. കിളിര്‍ത്തതും ചീഞ്ഞതുമായ നെല്ല് 2008 ലേതുപോലെ മുഴുവന്‍ വിലയും നല്‍കി സര്‍ക്കാര്‍ സംഭരിക്കണമെന്നു കുട്ടനാടു വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ആവശ്യപ്പെട്ടു.

ലിങ്ക്  – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w