നെല്‍വയലുകള്‍ നികത്തിയതിന് അംഗീകാരം നല്‍കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് നികത്തിയ നെല്‍വയലുകള്‍ക്ക് പിഴ ഈടാക്കി അംഗീകാരം നല്‍കാന്‍ നീക്കം ശക്തമായി. നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കണം. എന്നാല്‍ ഇതുചെയ്യാതെ നികത്തിയ വയലുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കാനാണ് വിവിധ തലങ്ങളില്‍ ആലോചന.

കൃഷിവകുപ്പ് ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. വന്‍കിട കമ്പനികളുടെ ആവശ്യത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദമാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങള്‍ക്കിടയില്‍ വയലുകള്‍ മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്ത നടപടികള്‍ക്ക് അംഗീകാരം ലഭിക്കാനാണ് സാധ്യത. സംസ്ഥാനത്തൊട്ടാകെ നൂറുകണക്കിന് ഏക്കര്‍ വയലുകള്‍ നികത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ എവിടൊക്കെയാണെന്ന് കണ്െടത്തി അതിന്റെ അളവും വിസ്തീര്‍ണവും കണക്കാക്കി ഡേറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യാന്‍ വൈകുന്നതിനാല്‍ നെല്‍പ്പാടങ്ങള്‍ നികത്തുന്നത് തടയാനാവുന്നില്ല. നെല്‍പ്പാടങ്ങള്‍ നികത്തിയവര്‍ക്ക് ഒരു ലക്ഷം രൂപവരെ പിഴയും പരമാവധി മൂന്നു വര്‍ഷംതടവും നല്‍കാനുള്ള വ്യവസ്ഥ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്ലിലുണ്ട്. എന്നാല്‍ നിയമം നിലവില്‍ വന്നതിനുശേഷം ഇതുവരെ ഒരാള്‍ക്കെതിരേപോലും നെല്‍പ്പാടം നികത്തിയതിന് കേസെടുത്തതായി രേഖയില്ല. വയല്‍ നികത്തുന്നതിന് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാനും സാധിക്കും. നിയമമനുസരിച്ച് നെല്‍വയല്‍ തരിശിടുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സാധിക്കും.

നെല്‍വയലുകളുടെ ഡേറ്റാ ബാങ്ക് തയാറാക്കുന്നതിന് റവന്യൂ, കൃഷി വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാകണം. ഇതിനുശേഷം പഞ്ചായത്ത്തല കമ്മിറ്റിയില്‍വച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം ഉണ്ടായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും ഒരു ജില്ലയില്‍ പോലും പൂര്‍ണമായി നെല്‍ വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ഡാറ്റാ ബാങ്ക് തയാറായിട്ടില്ല.

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര ബ്ളോക്കിലെ കാഞ്ഞിരംകുളം വില്ലേജിലെ വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളത്. കൊല്ലം ജില്ലയില്‍ ഒരിടത്തും നെല്‍വയലുകളുടെ കണക്കെടുപ്പ് നടന്നിട്ടില്ല.

പത്തനംതിട്ടയില്‍ പെരുമ്പെട്ടി, ആനിക്കാട്, നെടുമ്പ്രം എന്നീ മൂന്നു വില്ലേജുകളില്‍ മാത്രമാണ് പരിശോധന പൂര്‍ത്തിയായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളുമുള്ള ആലപ്പുഴ ജില്ലയില്‍ ഒരു വില്ലേജിലും വകുപ്പുകളുടെ സംയുക്ത പരിശോധനയും നെല്‍പ്പാടങ്ങളുടെ വിവരശേഖരണവും പൂര്‍ത്തിയായിട്ടില്ല. ഇവിടെ ഒരിടത്തും നെല്‍വയലുകളുടെ ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്തിട്ടില്ല.

കോട്ടയം ജില്ലയില്‍ നാലു മുന്‍സിപ്പാലിറ്റികളിലും 45 പഞ്ചായത്തുകളിലും 54 വില്ലേജുകളിലും പരിശോധന പൂര്‍ത്തിയായി. എന്നാല്‍ ജില്ലയില്‍ ഒരിടത്തും ഡാറ്റാ ബാങ്ക് പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കി ജില്ലയില്‍ കുടയത്തൂര്‍, ഉപ്പുതറ വില്ലേജുകളില്‍ വകുപ്പുകളുടെ വിവരശേഖരണം നടന്നിട്ടുണ്ട്. വിജ്ഞാപനം ഉണ്ടായിട്ടില്ല. എറണാകുളത്ത് പള്ളിപ്പുറം, ഞാറയ്ക്കല്‍, വടക്കേക്കര പഞ്ചായത്തുകളിലും തൃശൂരില്‍ 10 പഞ്ചായത്തുകളിലും സര്‍വേ മാത്രം പൂര്‍ത്തിയായി. പാലക്കാട് മാത്രമാണ് നെല്‍വയല്‍ ഡേറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുള്ളത്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ എവിടൊക്കെയാണെന്ന് കണ്െടത്തുന്നതില്‍ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചില പഞ്ചായത്തുകളിലും ഭാഗികമായി മാത്രമാണ് സംയുക്ത പരിശോധനപോലും പൂര്‍ത്തിയായിരിക്കുന്നത്.

നെല്‍വയല്‍ നികത്തുന്നതിനെക്കുറിച്ച് പരാതി ലഭിച്ചാല്‍ നടപടിയെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡാറ്റാ ബാങ്ക് നിലവിലില്ലാത്തതിനാല്‍ സാധിക്കില്ല.

നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ പ്രമുഖ നെല്ലുത്പാദന പ്രദേശങ്ങള്‍ ഏതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ ജലസേചന പദ്ധതികളുടെ പ്രദേശത്തുള്ള നെല്‍വയലുകളും സംരക്ഷിക്കപ്പെടേണ്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം നിശ്ചയിക്കുന്ന പ്രദേശങ്ങളും നെല്‍വയലുകളായോ തണ്ണീര്‍ത്തടമായോ പരിഗണിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രമുഖ നെല്ലുല്‍പാദന കേന്ദ്രങ്ങളായും തണ്ണീര്‍ത്തടങ്ങളായും സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പാടം നികത്തലും നടന്നിരിക്കുന്നത്. വന്‍കിട കമ്പനികള്‍ നികത്തിയ പാടശേഖരങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ രേഖകളനുസരിച്ച് 1970കളില്‍ എട്ടുലക്ഷം ഹെക്ടറുണ്ടായിരുന്ന വയലുകളുടെ വിസ്തൃതി 2000 ആയപ്പോള്‍ രണ്ടുലക്ഷം ഹെക്ടറായി കുറഞ്ഞു. കേരളത്തിനാവശ്യമായ അരിയുടെ 70 ശതമാനവും സംസ്ഥാനത്തിനുപുറത്തുനിന്നു കൊണ്ടുവരികയാണ്. ആകെയുള്ള നീര്‍ത്തടങ്ങളുടെ വിസ്തൃതി 1,27,930 ഹെക്ടറാണ്. ഇതില്‍ 34,200 ഹെക്ടര്‍ ഉള്‍നാടന്‍ നീര്‍ത്തടവും 93,730 ഹെക്ടര്‍ സമുദ്രതീര നീര്‍ത്തടങ്ങളുമാണ്.

ലിങ്ക് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w