ബ്രേക്ക്‌ലൈറ്റില്ല; സര്‍ക്കാര്‍ ബസ്സിന് ഇന്‍ഡിക്കേറ്ററും വേണ്ട

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ 90 ശതമാനം ബസ്സുകളിലും പ്രവര്‍ത്തിക്കാത്ത ഇന്‍ഡിക്കേറ്ററുകള്‍. ഇന്‍ഡിക്കേറ്റര്‍ ഉള്ളവയാകട്ടെ അത് പ്രവര്‍ത്തിപ്പിക്കാറുമില്ല. 45 ശതമാനം ബസ്സുകള്‍ക്കും ബ്രേക്ക്‌ലൈറ്റ് എന്ന സംവിധാനമേയില്ല.
നഗരത്തിലെ കെ.എസ്.ആര്‍.ടി.സി. ബസ്സുകളെക്കുറിച്ച് എസ്.യു.ടി. മെഡിക്കല്‍ കോളേജ് സൈക്കോളജിക്കല്‍ മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. പി.ബി. സുഭാഷ് ചന്ദ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

നഗരത്തിലെ 100 കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് അദ്ദേഹം പഠനവിധേയമാക്കിയത്. തിരക്കേറിയ ബസ് സ്റ്റോപ്പുകളായ കേശവദാസപുരം, പട്ടം, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. സ്വകാര്യബസ്സുകളിലെ ഡ്രൈവര്‍മാര്‍ ഇലക്ട്രിക് സിഗ്‌നലുകള്‍ പരമാവധി പ്രയോജനപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ വണ്ടികളില്‍ അവയുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് നിരീക്ഷിക്കുകയാണ് പഠനം കൊണ്ടുദ്ദേശിച്ചത്.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു ലഭിച്ചതെന്ന് ഡോ. സുഭാഷ് പറയുന്നു. 100 ബസ്സുകളില്‍ ഒരെണ്ണം മാത്രമാണ് ഇന്‍ഡിക്കേറ്റര്‍ സിഗ്‌നല്‍ ഉപയോഗിക്കുന്നത്. രണ്ടുവശങ്ങളിലെയും ബ്രേക്ക് ലൈറ്റ് പ്രവര്‍ത്തിക്കുന്നത് 38 എണ്ണത്തിനു മാത്രം! സ്രാവുകള്‍ക്ക് പിറകേ കുഞ്ഞുമീനുകളെപ്പോലെയാണ് കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ ബൈക്ക്, കാറുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയുടെ നീണ്ട നിര. യാത്രികര്‍ കൈനീട്ടുമ്പോള്‍ ബസ്സിനു സഡന്‍ ബ്രേക്ക് വീഴുകയായി.

ബ്രേക്ക് ലൈറ്റ് ഇല്ലാത്തതിനാല്‍ പിന്നിലുള്ള വാഹനങ്ങള്‍ ഇതറിയില്ല. തുടര്‍ന്ന് അവരും സഡന്‍ ബ്രേക്കിടാന്‍ നിര്‍ബന്ധിതരാവുന്നു. ഫലമോ പിന്നിലുള്ള രണ്ടുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉറപ്പ്. പരോക്ഷമായി അപകടക്കെണിയൊരുക്കി ആനവണ്ടി മുന്നോട്ടു നീങ്ങുകയായി. റോഡപകടങ്ങള്‍ക്കു പിന്നില്‍ ഇങ്ങനെയും ഒരു കാരണമുണ്ടെന്നുള്ളത് അജ്ഞാതം.

2007ല്‍ നടന്ന 35-40 ശതമാനം വരെ വാഹനാപകടങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയാണ് കാരണമെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ഹാന്‍ഡ്ബുക്കില്‍ത്തന്നെയാണ് ഈ കണക്ക്. 12 ശതമാനം മാത്രമാണ് സ്വകാര്യ ബസ്സുകള്‍ മൂലമുള്ള അപകടങ്ങള്‍. സത്യാവസ്ഥ മനസ്സിലാക്കിത്തന്നെയാണ് കെ.എസ്.ആര്‍.ടി.സി. ഈ നിലയില്‍ തുടരുന്നതെന്ന് സാരം. കെ.എസ്.ആര്‍.ടി.സിയെക്കാള്‍ എട്ടുമടങ്ങ് സ്വകാര്യബസ്സുകള്‍ ഉള്ള നാട്ടിലാണ് ഈ അപകടക്കണക്ക് എന്നുകൂടി ഓര്‍ക്കണം.

മോട്ടോര്‍ വാഹനനിയമപ്രകാരം സിഗ്‌നല്‍ ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും നിര്‍ബന്ധമാണെന്നിരിക്കെ ഇവയില്ലാതെ കെ.എസ്.ആര്‍.ടി.സി. അനുസ്യൂതം സര്‍വീസ് നടത്തുന്നു. ഇത്തരം സംവിധാനങ്ങളില്ല എങ്കില്‍ ബസ്സുകള്‍ നിരത്തിലിറക്കാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ബസ്സുകള്‍ നിരത്തിലിറക്കുമ്പോള്‍ വേണ്ട മിനിമം നിബന്ധനകള്‍ പോലും പാലിക്കാതെയാണ് ഇവ ഓടുന്നത്.

ഒരു സ്ഥാപനമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമായ സ്റ്റോക്കുകളോ വാര്‍ഷിക ഓഡിറ്റിങ്ങോ നടത്താറില്ല എന്നും പഠനത്തില്‍ പറയുന്നു. ജീവനക്കാരെ നിയമിക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ മറ്റു നടപടികളെടുക്കാനോ കെ.എസ്.ആര്‍.ടി.സി. എം.ഡിക്ക് അധികാരമില്ല. അധികാരപരിമിതികള്‍ക്കുള്ളില്‍ ശ്വാസം മുട്ടുന്ന എം.ഡിയാണ് കോര്‍പ്പറേഷന്‍േറത് എന്നും പറയുന്നു.

റോഡ് നിയമങ്ങള്‍ കാലികമായി പരിഷ്‌കരിക്കുക, നിയമിക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ആധുനിക പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും പഠനത്തില്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പരിശീലിപ്പിച്ച ഡ്രൈവര്‍മാര്‍ പിഴവുവരുത്തിയാല്‍ ‘ഡീമാര്‍ക്കിങ്’ സമ്പ്രദായം ഏര്‍പ്പെടുത്താവുന്നതാണ്. പിഴവുകള്‍ ക്രമാതീതമായാല്‍ അവരെ പിരിച്ചുവിടാം. കോര്‍പ്പറേഷനെതിരെയുള്ള പരാതി നല്‍കാന്‍ കേന്ദ്രീകൃത കോള്‍ സെന്‍ററുകള്‍ തുടങ്ങാം. ലൈസന്‍സിങ് സമ്പ്രദായത്തിലും ഡ്രൈവിങ് സ്‌കൂളുകളുടെ നിലവാരത്തിലും വ്യക്തമായ പഠനം വേണ്ടിവരും.

കൂടാതെ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് പ്രാധാന്യം നല്‍കിയും ഗതാഗതസംവിധാനങ്ങള്‍ക്ക് മേല്‍നോട്ടം ഏര്‍പ്പെടുത്തിയും പൊതുഗതാഗതത്തെ ആവശ്യാനുസരണം പ്രോത്സാഹിപ്പിക്കണമെന്നാണ് ഡോ. സുഭാഷ് പറയുന്നത്. പോലീസ് ട്രെയിനിങ് കോളേജിലെ ക്രിമിനോളജിസ്റ്റ് ആയിരുന്ന ഡോ. ജെയിംസ് വടക്കുംചേരിയാണ് പഠനത്തിന് വഴികാട്ടിയായത്. കെ.എസ്.ആര്‍.ടി.സി. എം.ഡി. ടി.പി. സെന്‍കുമാര്‍ പഠനത്തിന് ആവശ്യമായ സഹായങ്ങളും നല്‍കി. കേരള സര്‍വകലാശാലയിലെ നിയമപഠനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w