ലെവല്‍ക്രോസ്സില്‍ സ്‌കൂള്‍വാന്‍ കുടുങ്ങി; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി

കരുവാറ്റ: ആളില്ലാത്ത ലെവല്‍ക്രോസ്സില്‍ എന്‍ജിന്‍ ഓഫായി നിന്നുപോയ സ്‌കൂള്‍വാന്‍. പാഞ്ഞുവരുന്ന തീവണ്ടി. അലമുറയിടുന്ന കുഞ്ഞുങ്ങളും നാട്ടുകാരും. സ്‌കൂള്‍വാനിന് കഷ്ടിച്ച് 30 മീറ്റര്‍ അകലെ തീവണ്ടി ഞരക്കത്തോടെ ബ്രേക്കിട്ടുനിര്‍ത്തിയപ്പോള്‍ വന്‍ദുരന്തം ഒഴിഞ്ഞതിന്റെ ആശ്വാസം.

തീരദേശപാതയിലെ കരുവാറ്റ റെയില്‍വേ സ്റ്റേഷന് വടക്കുള്ള കൊപ്പാറക്കടവ് റോഡിലെ ലെവല്‍ക്രോസ്സിലാണ് സംഭവം. എല്‍.കെ.ജി. മുതല്‍ ഏഴാംക്ലാസ് വരെയുള്ള 28 കുട്ടികളായിരുന്നു സ്‌കൂള്‍വാനില്‍. ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തിനുള്ള 6321 നമ്പര്‍ പ്രതിവാരതീവണ്ടി കടന്നുവരുന്നതിന്റെ തൊട്ടുമുമ്പ് രാവിലെ ഒമ്പതുമണിയോടെയാണ് സ്‌കൂള്‍വാന്‍ ലെവല്‍ക്രോസ്സിലെത്തിയത്. ഈസമയത്ത് പടിഞ്ഞാറുനിന്ന് ഒരു ഓട്ടോറിക്ഷയും കടന്നുവന്നു. കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാവുന്ന വീതിമാത്രമാണ് ഇവിടെ റോഡിനുള്ളത്. ഓട്ടോഡ്രൈവര്‍ പിന്നോട്ടു മാറ്റണമെന്ന് വാന്‍ഡ്രൈവറും വാന്‍ മാറ്റണമെന്ന് ഓട്ടോക്കാരനും വാശിപിടിച്ചു. ഇതിനിടെയാണ് തീവണ്ടി വന്നത്. ഇതുകണ്ട് ഓട്ടോറിക്ഷാ പിന്നോട്ടു മാറ്റി. വാനിന്റെ എന്‍ജിന്‍ ഓഫായിപ്പോയി. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ ബഹളംവച്ച് തീവണ്ടി ഡ്രൈവറുടെ ശ്രദ്ധയാകര്‍ഷിച്ചു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തീവണ്ടി വരുന്നതുകണ്ട് അലറിക്കരഞ്ഞു.

തീവണ്ടി നിര്‍ത്തിയശേഷം എന്‍ജിന്‍ഡ്രൈവര്‍ വാന്‍ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കിയശേഷമാണ് യാത്ര തുടര്‍ന്നത്.
കരുവാറ്റ അല്‍ അമാന്‍ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വാനിലുണ്ടായിരുന്നത്. രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികളെ ലെവല്‍ക്രോസ് കടത്തിവിടാന്‍ സ്‌കൂളധികൃതര്‍ ഇവിടെ ഒരാളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ഇയാളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വാന്‍, ലെവല്‍ക്രോസ്സിലേക്ക് ഓടിച്ചുകയറ്റിയതെന്ന് സമീപവാസിയായ ചാപ്രയില്‍ ഇന്ദിരാഭവനത്തില്‍ ഗോപാലകൃഷ്ണന്‍ നായര്‍ പോലീസില്‍ മൊഴി നല്‍കി.

വാന്‍ഡ്രൈവര്‍ താമല്ലാക്കല്‍ സ്വദേശി താജുദ്ദീനെതിരെ പോലീസ് കേസെടുത്തു. തീവണ്ടി നിര്‍ത്താന്‍ കഴിഞ്ഞതിനാലാണ് വന്‍ദുരന്തം ഒഴിവായതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.


28 കുരുന്നുജീവന് തുണയായത് റഹ്മാന്റെ മനസ്സാന്നിധ്യം


തിരുവനന്തപുരം: ആ നിമിഷത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൈയും കാലും വിറയ്ക്കുകയാണ്. 28 കുരുന്നുജീവന്‍. കിടന്നിട്ട് ഉറക്കംപോലും വരുന്നില്ല. ലെവല്‍ക്രോസില്‍ കുടുങ്ങിയ സ്‌കൂള്‍വാനില്‍ ഇടിക്കാതെ തീവണ്ടിനിര്‍ത്തി 28 പിഞ്ചുകുട്ടികളുടെ ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദിപറയുകയാണ് ആലുവ സ്വദേശി ലോക്കോ പൈലറ്റ് പി.എം.എ.റഹ്മാനും എറണാകുളം പുതുവൈപ്പിന്‍ സ്വദേശി അസിസ്റ്റന്റ് പൈലറ്റ് കെ.ടി.ഷെനിറ്റും.

ഹരിപ്പാട് കരുവാറ്റ വഴിയമ്പലത്തില്‍നിന്നും കൊപ്പാറ ക്കടവിലേക്ക് പോകുന്ന ലെവല്‍ക്രോസില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. കോരന്‍കുഴി വളവുകഴിഞ്ഞ് 80 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബാംഗ്ലൂര്‍- തിരുവനന്തപുരം (6321) പ്രതിവാരതീവണ്ടി. ഈ ഭാഗത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ വേഗത നിയന്ത്രിച്ചാണ് തീവണ്ടി പായിച്ചത്. ആളില്ലാത്ത ലെവല്‍ക്രോസ് ആയതിനാല്‍ സൈറണ്‍ മുഴക്കിയാണ് വണ്ടി നീങ്ങിയത്. പെട്ടെന്നാണ് ലെവല്‍ക്രോസില്‍ മിനിബസ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്- കെ.ടി.ഷെനിറ്റ് പറഞ്ഞു.

വാന്‍ ഓടുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് മനസ്സിലായി വാന്‍ നില്‍ക്കുകയാണെന്ന്. ഉടന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് പവര്‍ ക്ലോസ്‌ചെയ്തു. 600 മീറ്റര്‍ നീങ്ങിയശേഷം വാനില്‍നിന്നും 200 മീറ്റര്‍ മാറി തീവണ്ടിനിന്നു. അപ്പോഴാണ് ശരിക്കും ശ്വാസം വീണത്-റഹ്മാനും ഷെനിറ്റും പറഞ്ഞു. തീവണ്ടിയില്‍നിന്നും ഇറങ്ങിവരുമ്പോള്‍ വാനിലുണ്ടായിരുന്ന കരുവാറ്റ അല്‍അമീന്‍ നഴ്‌സറി സ്‌കൂളിലെ കുട്ടികള്‍ തങ്ങള്‍ക്കുനേരേ കൈവീശി ടാറ്റ പറഞ്ഞു.

15 വര്‍ഷം മുമ്പ് ചേപ്പാട് ലെവല്‍ ക്രോസില്‍ വിവാഹസംഘം യാത്രചെയ്തിരുന്ന ബസ്സില്‍ തീവണ്ടിയിടിച്ച സംഭവമാണ് ഓര്‍മ വന്നതെന്ന് പൈലറ്റ് റഹ്മാന്‍ പറഞ്ഞു. അന്ന് താന്‍ അസിസ്റ്റന്റ് പൈലറ്റ് ആയിരുന്നു. ആ അപകടത്തില്‍ 34 ജീവനാണ് നഷ്ടമായത്. ഇതറിയാവുന്നതിനാല്‍ എറണാകുളം-ആലപ്പുഴ-കായംകുളം റൂട്ടില്‍ ഹോണ്‍ മുഴക്കിയേ തീവണ്ടി ഓടിക്കാറുള്ളൂവെന്ന് റഹ്മാന്‍ പറഞ്ഞു. വാന്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വളരെ ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീവണ്ടി തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ഭയം മാറിയിട്ടില്ല. കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങളാണ് ഇപ്പോഴും മനസ്സില്‍. ശനിയാഴ്ച രാവിലെ വീണ്ടും കരുവാറ്റ വഴി തീവണ്ടി ഓടിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ദൈവത്തോടും കാരണവന്മാരോടും നന്ദി പറയുകയാണ് ഇരുവരും.

ലിങ്ക് – മാതൃഭൂമി
Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “ലെവല്‍ക്രോസ്സില്‍ സ്‌കൂള്‍വാന്‍ കുടുങ്ങി; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി

  1. പൈലറ്റ് റഹ്മാന് അഭിനന്ദനങ്ങള്‍​.
    15 വര്‍ഷം മുമ്പ് ചേപ്പാട് ലെവല്‍ ക്രോസില്‍ വിവാഹസംഘം യാത്രചെയ്തിരുന്ന ബസ്സില്‍ തീവണ്ടിയിടിച്ച സംഭവമാണ് ഓര്‍മ വന്നതെന്ന് പൈലറ്റ് റഹ്മാന്‍ പറഞ്ഞു. അന്ന് താന്‍ അസിസ്റ്റന്റ് പൈലറ്റ് ആയിരുന്നു. ആ അപകടത്തില്‍ 34 ജീവനാണ് നഷ്ടമായത്. ഇതറിയാവുന്നതിനാല്‍ എറണാകുളം-ആലപ്പുഴ-കായംകുളം റൂട്ടില്‍ ഹോണ്‍ മുഴക്കിയേ തീവണ്ടി ഓടിക്കാറുള്ളൂവെന്ന് റഹ്മാന്‍ പറഞ്ഞു. വാന്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വളരെ ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
    28 പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ റഹ്മാന് അവരുടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും സന്മനസ്സുള്ള വലിയൊരു സമൂഹത്തിന്റെയും അനുഗ്രഹം ഉണ്ടാവും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )