പൊതുയോഗ നിരോധനം: സര്‍ക്കാര്‍ വാദം കേള്‍ക്കാതെയെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: പൊതുനിരത്തുകള്‍ക്കരികില്‍ പൊതുയോഗം നിരോധിച്ച കോടതിവിധി സര്‍ക്കാരിന്റെ വാദംകേള്‍ക്കാതെയാണ് പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. പൊതുയോഗനിരോധം സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. നിരോധഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതിക്ക് വിപുലമായ അധികാരമുണ്ടെന്ന് വാദത്തിനിടയില്‍ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍, പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഡല്‍ഹിയിലെ വ്യവസായശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതിവിധി ഇതിനുദാഹരണമാണെന്നും കോടതി വിധിയെത്തുടര്‍ന്നാണ് ആകാശത്തുനിന്ന് കരിവീഴുന്നത് അവസാനിച്ചതെന്നും കോടതി പറഞ്ഞു. കോടതിവിധി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന സര്‍ക്കാര്‍വാദവും കോടതി അംഗീകരിച്ചില്ല. നിരോധന ഉത്തരവ് നിലവില്‍വന്ന് ഒരുമാസം കഴിഞ്ഞിട്ടും കോടതിവിധി ലംഘിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടില്ല. സംഘടിക്കാനും ആശയവിനിമയം നടത്താനുമുള്ള പൌരന്റെ ജനാധിപത്യഅവകാശം ഹനിക്കുന്നതാണ് കോടതിവിധിയെന്ന സര്‍ക്കാര്‍വാദവും കോടതി ഖണ്ഡിച്ചു. മറ്റൊരു പൌരന്റെ സഞ്ചാരസ്വാതന്ത്യ്രവും സമാധാനപരമായി ജീവിക്കാനുമുള്ള അവകാശമാണ് പൊതുനിരത്തുകളിലെ പൊതുയോഗം വഴി ഹനിക്കപ്പെടുന്നതെന്നും കോടതി പറഞ്ഞു. കോടതി അധികാരപരിധി കടന്നുവെന്നും ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊതുയോഗം നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാനത്താകെ ബാധകമായ ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍, ഈ സ്ഥിതി ആലുവയില്‍മാത്രമല്ല കേരളം ഒട്ടാകെയുള്ള ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നമായതിനാലാണ് പൊതുവായ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ടികള്‍ വിധി സ്വാഗതംചെയ്തതായും കോടതി പറഞ്ഞു. കോടതിഉത്തരവ് തൃശൂര്‍പൂരവും ആറ്റുകാല്‍ പൊങ്കാലയും അടക്കമുള്ള ഉത്സവങ്ങളുടെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, പൊങ്കാല മഹോത്സവവും സ്റ്റേഡിയങ്ങളിലേക്കു മാറ്റണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ കോടതിവിധി എങ്ങനെയാണ് ബാധിക്കുന്നതെന്നും പാതയോരങ്ങള്‍ക്കുസമീപം സര്‍ക്കാര്‍ പൊതുയോഗങ്ങള്‍ നടത്തുന്നുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാല്‍, ജനങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ റിവ്യു ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്നും ആവശ്യത്തിന് ഹാളുകളും ഓഡിറ്റോറിയങ്ങളും പൊതുയോഗങ്ങള്‍ക്കായി കേരളത്തില്‍ ലഭ്യമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ നിയമപരമായി ചെയ്യേണ്ട കാര്യമാണ് കോടതി ചെയ്തതെന്നും പൊതുവായ നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ടി എന്‍ പ്രതാപന്‍ എംഎല്‍എ വാദിച്ചു. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു. കോടതിവിധിക്കെതിരെ അധിക്ഷേപം ഉയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ പ്രതിഷേധിക്കാതെ ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചത് എന്തിനെന്നും കോടതി ചോദിച്ചു. ജുഡീഷ്യറിക്കെതിരെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയതെന്നായിരുന്നു വിശദീകരണം. പാതയോരങ്ങള്‍ക്കരികില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുകൂടി തടയണമെന്ന് അസോ. ഓഫ് ഹ്യൂമന്‍റൈറ്റ്സ് കോടതിയില്‍ ആവശ്യപ്പെട്ടു. റിവ്യു ഹര്‍ജികളില്‍ തിങ്കളാഴ്ചയും വാദം തുടരും.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w