ഭൂപരിധി: പുതിയ ശുപാര്‍ശകള്‍ക്ക് കേന്ദ്ര അംഗീകാരം

* മുന്‍കാല പ്രാബല്യം ഉണ്ടാവില്ല
* ശുപാര്‍ശകളില്‍ കൂടുതലും നടപ്പാക്കേണ്ടത് സംസ്ഥാനങ്ങള്‍
* വ്യക്തികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും കൈവശംവെക്കാവുന്നത് 15 ഏക്കറില്‍ താഴെ

ന്യൂഡല്‍ഹി: വിവിധ വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി പുതുക്കി നിശ്ചയിക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയ്ക്ക് ഉദ്യോഗസ്ഥതല അംഗീകാരം. എന്നാല്‍ ഭൂപരിധി മുന്‍കാലപ്രാബല്യത്തോടെ പുതുക്കി നിശ്ചയിക്കണമെന്ന വിദഗ്ധസമിതിയുടെ ശുപാര്‍ശ തള്ളിയാണ് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതി ഈ തീരുമാനമെടുത്തത്.

ഇതുപ്രകാരം ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങള്‍ക്ക് അഞ്ചു മുതല്‍ പത്തുവരെ ഏക്കര്‍ ഭൂമിയും അല്ലാത്തവയ്ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ ഏക്കര്‍ ഭൂമിയുമാണ് കൈവശംവെക്കാവുന്നത്. സംസ്ഥാനങ്ങള്‍ക്ക് പ്രാദേശികമായോ ഉപമേഖലാതലത്തിലോ ഇതിനകം നിശ്ചയിച്ച ഭൂപരിധി പുതുക്കാമെങ്കിലും പുതിയ ഭൂപരിധി നേരത്തേ നിശ്ചയിച്ചതിനേക്കാള്‍ അധികമാവരുത്. ഭൂപരിധി പുതുക്കുമ്പോള്‍ അതിന് മുന്‍കാലപ്രാബല്യം നല്‍കരുത്. ‘സ്റ്റാന്റേര്‍ഡ് ഏക്കര്‍’ എന്ന മാനദണ്ഡവും ഉത്പാദനക്ഷമതയും കണക്കിലെടുത്താവണം ഭൂപരിധി പുതുക്കല്‍.

മത,വിദ്യാഭ്യാസ,ചാരിറ്റബിള്‍,വ്യവസായ സംഘടനകള്‍ക്കും പ്ലാന്റേഷന്‍, പഴത്തോട്ടങ്ങള്‍, മത്സ്യക്കകൃഷി തുടങ്ങിയവയ്ക്കും ഭൂപരിധിയുടെ കാര്യത്തില്‍ ഇപ്പോഴുള്ള ഇളവ് ഇനി തുടരേണ്ടെന്ന ശുപാര്‍ശയും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. മതസ്ഥാപനങ്ങളെ ഏകയൂണിറ്റായി കണക്കാക്കി അവയ്ക്ക് കൈവശംവെക്കാവുന്ന പുതിയ ഭൂപരിധി 15 ഏക്കറായി നിശ്ചയിക്കണമെന്നാണ് നിര്‍ദേശം. 1950 മുതല്‍ നിലനില്‍ക്കുന്ന ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവയ്ക്ക് ഒറ്റ യൂണിറ്റായി 15 ഏക്കറേ കൈവശം വെക്കാനാവൂ. ഒട്ടേറെ പ്രതിഷ്ഠകളുള്ള ക്ഷേത്രവും ഒരു കാമ്പസിനകത്തുള്ള ക്ഷേത്രസമുച്ചയവും ഏകയൂണിറ്റായിരിക്കും.

‘കാര്‍ഷികബന്ധങ്ങള്‍ക്കും അപൂര്‍ണമായ ഭൂപരിഷ്‌കരണങ്ങള്‍ക്കും വേണ്ടി’ കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്കരിച്ച വിദഗ്ധസമിതി, ഭൂപരിധിയും ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. അതിന്‍മേല്‍ ആസൂത്രണക്കമ്മീഷന്‍ നല്‍കിയ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാണ് സെക്രട്ടറിതലസമിതി അംഗീകരിച്ചത്. വിദഗ്ധസമിതിയുടെ മുന്നൂറോളം ശുപാര്‍ശകളില്‍ 83 എണ്ണമാണ് ആദ്യഘട്ടത്തില്‍ അംഗീകരിച്ചതെന്ന്കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ബാക്കിയുള്ളവ പിന്നീട് പരിശോധിക്കും.

സെക്രട്ടറിതല സമിതി അംഗീകരിച്ച ശുപാര്‍ശകളില്‍ കൂടുതലും സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കേണ്ടവയാണ്. ചില വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് നടപടിയെടുക്കാനാവും. അത്തരം വിഷയങ്ങള്‍ പ്രധാനമന്ത്രിയോ മന്ത്രിതലസമിതിയോ പരിശോധിച്ചശേഷം കേന്ദ്രമന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. സെക്രട്ടറിതല സമിതിയുടെ തീരുമാനം തുടര്‍നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ചുകൊടുക്കും.

ഒരു സ്ഥലത്തെ താമസക്കാരനല്ലാത്ത ഭൂവുടമയ്ക്ക് കുറഞ്ഞഭൂമിയേ കൈവശംവെക്കാനാവൂ എന്ന ശുപാര്‍ശ ഭേദഗതികളോടെയാണ് സെക്രട്ടറിതല സമിതി അംഗീകരിച്ചത്. സാധാരണ ഭൂപരിധിയുടെ പകുതിയോളം ഇത്തരക്കാര്‍ക്ക് കൈവശംവെക്കാം. പ്ലാന്റേഷന്‍, പഴത്തോട്ടങ്ങള്‍, മത്സ്യക്കൃഷിപ്പാടങ്ങള്‍ എന്നിവയ്ക്ക് ഭൂപരിധിയുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുഇളവുകള്‍ പിന്‍വലിക്കണം. എത്രമാത്രം ഭൂമി കൈവശംവെക്കാമെന്നതിന് ഓരോ വിളയുടെയും സാമ്പത്തിക വ്യാപ്തി (economic size) അടിസ്ഥാനമാക്കണം. ഭൂപരിഷ്‌കരണവകുപ്പ് ഇതിനായി പുതിയ മാനദണ്ഡങ്ങളുണ്ടാക്കും.

എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ഭൂമിയില്‍ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ളവരുടെ കൈയേറ്റം നടന്നിട്ടുള്ളതിനാല്‍ ആറുമാസത്തെ ഇടവേളയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നാണ് നിര്‍ദേശം. ഭൂമി പിടിച്ചെടുക്കുന്നതും അതിനുള്ള കാരണവും വിശദീകരിച്ച് മൂന്നുമാസത്തിലൊരിക്കല്‍ സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ ഏകജാലക സംവിധാനം വേണം – സമിതി നിര്‍ദേശങ്ങളില്‍ ഇവയും പെടുന്നു.

‘ഭൂരഹിതന്‍’ എന്നതിന്റെ നിര്‍വചനം മാറ്റണം. അരസെന്റിലും കുറഞ്ഞ ഭൂമിയുള്ള ആളെയാണ് ഭൂരഹിതനായി കണക്കാക്കേണ്ടത്. അധികഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുമ്പോള്‍ അത് സര്‍ക്കാര്‍ഭൂമിയുടേതുപോലെ സൗജന്യമായി നല്‍കണമെന്നായിരുന്നു വിദഗ്ധസമിതിയുടെ ശുപാര്‍ശ. എന്നാല്‍ അക്കാര്യം സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനത്തിന് വിടാനാണ് പുതിയ തീരുമാനം. ഭൂമിക്ക് അര്‍ഹരായവരെ ഗ്രാമസഭകള്‍ നിശ്ചയിക്കണം. മിച്ചഭൂമി വിതരണം ചെയ്യുമ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ ഒന്നിച്ച് രജിസ്റ്റര്‍ ചെയ്യണം. ബിനാമി ഇടപാട് തടയാനാണിത്.

മത, വിദ്യാഭ്യാസ, ചാരിറ്റബിള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്ലാന്റേഷന്‍, പഴത്തോട്ടങ്ങള്‍, മത്സ്യക്കൃഷിപ്പാടങ്ങള്‍ തുടങ്ങിയവയ്ക്കും ഭൂപരിധിയില്‍ ഇപ്പോഴുള്ള ഇളവ് പിന്‍വലിക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയോട് ആസൂത്രണക്കമ്മീഷന്‍ യോജിച്ചിരുന്നില്ല. എന്നാല്‍ കമ്മീഷന്റെ വിയോജിപ്പ് സെക്രട്ടറിതല സമിതി തള്ളി. എല്ലാ മതസ്ഥാപനങ്ങള്‍ക്കും എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത ഭൂപരിധി പ്രായോഗികമാവില്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. പ്ലാന്റേഷനുകള്‍ക്കും പഴത്തോട്ടങ്ങള്‍ക്കും മറ്റും നല്‍കിയ ഇളവ് പിന്‍വലിക്കണമെന്ന നിര്‍ദേശങ്ങളും കമ്മീഷന്‍ എതിര്‍ത്തിരുന്നു. ഇളവ് പിന്‍വലിച്ചാല്‍ മറ്റ് വിളകളിലേക്ക് അവര്‍ തിരിയുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്‌സാഹിപ്പിക്കാനുള്ള നീക്കത്തിന് അത്തിരിച്ചടിയാവുമെന്നും കമ്മീഷന്‍ സെക്രട്ടറിതല സമിതിയെ അറിയിച്ചിരുന്നു. അതും സമിതി തള്ളി.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w