ലോകം മുഴുവന്‍ സുഖം പകരാനായ്

പ്രപഞ്ചത്തിന്റെ ഡോക്ടറാണ് ദൈവം, ആ വെളിച്ചത്തെ കണ്ടെത്തുക, അതില്‍ വിശ്വാസം അര്‍പ്പിക്കുക രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ മുക്തരാകും” പുട്ടപര്‍ത്തിയിലെ ശ്രീസത്യസായി മെഡിക്കല്‍ ട്രസ്റിന്റെ സ്വീകരണമുറിയിയില്‍ ഈ വരികള്‍ ആലേഖനം ചെയ്തിരിക്കുന്നു. ശ്രീസത്യസായി ബാബര്‍യുടേതാണ് ഈ വാക്കുകള്‍.  ദുരിത ദുഃഖങ്ങളുടെ നാടായിരുന്നു ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി ഗ്രാമം. കുടിവെള്ളം പോലുമില്ലാത്ത ഒറ്റപ്പെട്ട ഒരിടം. പാവപ്പെട്ടവരായ ഗ്രാമീണര്‍ക്ക് തുണ ഈശ്വരന്‍ മാത്രം. അസുഖം വരുമ്പോള്‍ ഗ്രാമീണര്‍ പ്രാര്‍ത്ഥിക്കും. ഈ ഗ്രാമത്തിലാണ് 1926 നവംബര്‍ 23ന് സാധാരണക്കാരായ ദമ്പതിമാരുടെ നാലാമത്തെ മകനായി സത്യനാരായണറാവു ജനിച്ചത്. ആരുടെ ദുഃഖം കണ്ടാലും സത്യനാരായണറാവുവിന്റെ മനസ്സലിയും. ഷിര്‍ദ്ദിസായിബാബയുടെ പുന:രവതാരമാണ് താനെന്ന് പതിനാലാം വയസില്‍ സത്യനാരായണറാവു വെളിപ്പെടുത്തി. സത്യനാരായണറാവു സത്യസായിബാബയായി. പുട്ടപര്‍ത്തി ഗ്രാമത്തിന്റെ കണ്ണീര്‍ സായിബാബ ഏറ്റുവാങ്ങി.
ബാബയുടെ ഇംഗിതം അനുസരിച്ച് 1954 ഒക്ടോബര്‍ നാലിന് സത്യസായി മെഡിക്കല്‍ മിഷന്‍ പുട്ടപര്‍ത്തിയില്‍ എട്ട് കിടക്കകളുള്ള ഒരു ജനറല്‍ ആശുപത്രി സ്ഥാപിച്ചു. 30 കിലോമീറ്റര്‍ ചുറ്റളവില്‍ പുട്ടപര്‍ത്തി ഗ്രാമത്തിലെ ഏക ആതുരാലയമായിരുന്നു അത്. പാവപ്പെട്ടവരും അശരണരുമായ ഗ്രാമീണര്‍ അവിടെ അഭയം തേടി. ദിവസങ്ങള്‍ പിന്നിടുന്തോറും എട്ട് കിടക്കകളുള്ള ഈ ആശുപത്രിക്ക് ഗ്രാമത്തിലെ പാവങ്ങളെ മുഴുവന്‍ ശുശ്രൂഷിക്കാനാവാതെ വന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 80 കിടക്കകളും രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകളും എട്ട് വാര്‍ഡുകളും ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെയുള്ള ഏഴ് ഡിപ്പാര്‍ട്ട്മെന്റുകളുമായി ആശുപത്രി വളര്‍ന്നു. 50 വര്‍ഷം പിന്നിട്ടപ്പോള്‍ ആശുപത്രി ആശ്വാസം പകര്‍ന്നത് 40 ലക്ഷം രോഗികള്‍ക്ക്.
ബാബയുടെ മനസിലെ കാരുണ്യം പുട്ടപര്‍ത്തിയിലെ ആതുരാലയഅത്ഭുതങ്ങള്‍ക്കാണ് പിന്നീട് ജന്മം നല്‍കിയത്. 1991 നവംബര്‍ 23- ബാബയുടെ 65-ാം ജന്മദിനം. അന്ന് അവിടെ എത്തിയവരെ അഭിസംബോധന ചെയ്യവേ ബാബ പറഞ്ഞു, “ഹൃദയ ശസ്ത്രക്രിയ പോലെ വന്‍തുക വേണ്ടിവരുന്ന ചികിത്സകള്‍ ഇപ്പോഴും പാവങ്ങള്‍ക്ക് അന്യമാണ്. ഇങ്ങനെയുള്ള രോഗം വന്നാല്‍ പാവങ്ങള്‍ എന്തു ചെയ്യും. പുട്ടപര്‍ത്തിയില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം അത് പ്രവര്‍ത്തിച്ചു തുടങ്ങും.” ബാബയുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയവര്‍ അത്ഭുതപ്പെട്ടു. ഒരു വര്‍ഷം കൊണ്ട് ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പണിതുയര്‍ത്തുകയോ, അസംഭവ്യം തന്നെ.
അന്ന് ജന്മദിനത്തില്‍ സംസാരിച്ചത് ബാബയുടെ ഉള്ളില്‍ നിറഞ്ഞുനിന്ന ദൈവചൈതന്യമായിരുന്നു. 50 ഏക്കര്‍ സ്ഥലത്ത് ആറുമാസം കൊണ്ട് ഒരു ലക്ഷത്തി അമ്പത്തിമൂവായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടം ഉയര്‍ന്നുപൊങ്ങി. ആധുനിക മെഡിക്കല്‍-സാങ്കേതിക സൌകര്യങ്ങളും ശില്‍പ്പചാതുരിയും ഒത്തുചേര്‍ന്ന ഈ കെട്ടിടസമുച്ചയത്തെ ‘ടെമ്പിള്‍ ഒഫ് ഹീലിംഗ്’ (സാന്ത്വനത്തിന്റെ ദേവാലയം) എന്ന് ബാബ വിശേഷിപ്പിച്ചു.

കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍, 1992 നവംബര്‍ 22ന് രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയായിരുന്നു ഉദ്ഘാടകന്‍. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് രാഷ്ട്രപതിയും സംഘവും ആശുപത്രി വലംവച്ച് വരുമ്പോഴേക്കും ആദ്യത്തെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ലോകത്തിലെ 50 മികച്ച ആശുപത്രികളില്‍ ഒന്നെന്ന മഹനീയസ്ഥാനവും ശ്രീസത്യസായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന് അവകാശപ്പെട്ടതാണ്. ഇതുവരെ 28,273 ഹൃദയ ശസ്ത്രക്രിയകള്‍ക്ക് സത്യസായി മെഡിക്കല്‍ ട്രസ്റ് സാക്ഷ്യം വഹിച്ചു. ദിവസവും നൂറോളം പേര്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ പരിശോധനയ്ക്കെത്തുന്നു. ദിവസവും നാല് ഹൃദയശസ്ത്രക്രിയകള്‍ ഇവിടെ നടക്കുന്നു. കാര്‍ഡിയോളജിക്ക് പുറമെ കാര്‍ഡിയോ തൊറാസിക്ക് ആന്‍ഡ് വാസ്ക്കുലര്‍ സര്‍ജറി, യൂറോളജി, ഒഫ്താല്‍മോളജി, പ്ളാസ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്സ് എന്നീ വിഭാഗങ്ങളാണ് പ്രശാന്തി ഗ്രാമത്തിലെ സത്യസായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ഉള്ളത്.
വൈറ്റ്ഫീല്‍ഡിലെ സാന്ത്വനകേന്ദ്രം
ശ്രീസത്യസായി ഹെല്‍ത്ത്കെയര്‍ മിഷന്റെ മൂന്നാം ഘട്ടമാണ് വൈറ്റ്ഫീല്‍ഡിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. മൂന്നുലക്ഷത്തി അമ്പത്തിനാലായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍, പന്ത്രണ്ട് മാസം കൊണ്ടാണ് ഈ ആശുപത്രി സമുച്ചയത്തിന്റെ പണി തീര്‍ത്തത്. മസ്തിഷ്കശസ്ത്രക്രിയയ്ക്കുള്ള ഇമേജ് ഗൈഡഡ് ന്യൂറോ നാവിഗേഷന്‍ സമ്പ്രദായം ഇന്ത്യയില്‍ ആദ്യമായി ഈ ആശുപത്രിയിലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. തലച്ചോര്‍ സംബന്ധമായ ചികിത്സകളും ശസ്ത്രക്രിയകളും അതീവ സങ്കീര്‍ണ്ണമായതിനാല്‍ ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ എമര്‍ജന്‍സി യൂണിറ്റുണ്ട്.
2001 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയ് ആണ് ന്യൂറോസര്‍ജറിയുടെയും കാര്‍ഡിയോളജിയുടെയും കാര്‍ഡിയാക്ക് സര്‍ജറിയുടെയും ലോകപ്രശസ്തമായ ഈ ചികിത്സാ സുരക്ഷിതസ്ഥാനം ഉദ്ഘാടനം ചെയ്തത്. വൈറ്റ്ഫീല്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് ന്യൂറോചികിത്സ സംബന്ധിച്ച് രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്നത്. നൂറോളം രോഗികള്‍ക്ക് പ്രതിദിനം ഇവിടെ കണ്‍സള്‍ട്ടേഷന്‍ ലഭിക്കുന്നു. 2001 ജനുവരി മുതല്‍ 2010 ഫെബ്രുവരി വരെ 9108 ന്യൂറോ സര്‍ജറികളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ആറ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും എട്ട് ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്ള ആശുപത്രി സമുച്ചയത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകത, ആധുനികസംവിധാനങ്ങളുള്ള പ്രീ-പോസ്റ് ശസ്ത്രക്രിയാ വാര്‍ഡുകളാണ്. ഒരു ലക്ഷത്തോളം ആളുകള്‍ വൈറ്റ്ഫീല്‍ഡിലെ യൂറോസര്‍ജറി ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ഇതുവരെ പരിശോധന നടത്തിക്കഴിഞ്ഞു.

ട്യൂമര്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള മസ്തിഷ്കശസ്ത്രക്രിയകള്‍ ഏറ്റവും വിജയകരമായി നടത്തുന്ന ലോകത്തിലെ ഹോസ്പിറ്റലുകളില്‍ ഒന്നാണിത്. വളരെയധികം സാമ്പത്തികചെലവ് വരുന്ന ന്യൂറോസര്‍ജറി ഏറ്റവുമധികം രോഗികള്‍ക്ക് സൌജന്യമായി നല്‍കുന്ന ആശുപത്രി കൂടിയാണിത്.
കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക്ക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റുകള്‍, ടെലിമെഡിസിന്‍ കേന്ദ്രം, ലബോറട്ടറി സയന്‍സ് വിഭാഗത്തിന്റെ വിവിധ പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയാണ് വൈറ്റ്ഫീല്‍ഡിലെ മറ്റ് മെഡിക്കല്‍ വിഭാഗങ്ങള്‍. ആശുപത്രി സമുയച്ചത്തിന് വേണ്ടിവന്ന 52 ഏക്കര്‍ സ്ഥലം കര്‍ണ്ണാടക ഗവണ്‍മെന്റ് സൌജന്യമായി നല്‍കുകയായിരുന്നു. രോഗികളുടെ മനസിന് സുഖം നല്‍കുന്ന രീതിയിലാണ് ആശുപത്രി സമുച്ചയവും പച്ചപ്പാര്‍ന്ന ആശുപത്രി പരിസരവും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുത്താല്‍
. സായി ഹോസ്പിറ്റലില്‍ നിന്ന് അയച്ച കത്ത്/സന്ദേശം വായിച്ച് അതിലെ വിവരങ്ങളും ശസ്ത്രക്രിയാ തീയതിയും മനസിലാക്കണം.
. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ 080 28411500 എന്ന നമ്പരിലേക്കോ adminblr@ssihms.org.in എന്ന ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്.
. ശസ്ത്രക്രിയയ്ക്ക് അറിയിക്കുന്ന തീയതിയില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ ഹാജരാകേണ്ടതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക്
. രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഒരേ ദിവസം അപ്പോയിന്റ്മെന്റ് അനുവദിക്കുന്നതല്ല. വ്യത്യസ്ത ഡിപ്പാര്‍ട്ട്മെന്റുകളില്‍ അപ്പോയിന്റ്മെന്റ് ആവശ്യമുണ്ടെങ്കില്‍ ഓരോ ഡിപ്പാര്‍ട്ട്മെന്റിലേക്കും പ്രത്യേകം ഇ-മെയില്‍ അയയ്ക്കേണ്ടതാണ്. അപ്പോയിന്റ്മെന്റ് ലഭിച്ചാലുടന്‍ മെഡിക്കല്‍ റെക്കാഡുകളുടെയും കവറിംഗ് ലെറ്ററുകളുടെയും കോപ്പി ഇ-മെയില്‍ വഴിയോ പോസ്റ്റ് വഴിയോ അയയ്ക്കേണ്ടതാണ്.
ഇ-മെയിലില്‍ അപ്പോയിന്റ്മെന്റ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
. കവറിംഗ് ലെറ്ററിന്റെയും മെഡിക്കല്‍ ലെറ്ററുകളുടെയും കോപ്പി സ്കാന്‍ ചെയ്ത് അയയ്ക്കണം.
കാഷ് കൌണ്ടര്‍ ഇല്ലാത്ത ആശുപത്രി
നിങ്ങളുടെ ഹൃദയങ്ങളില്‍ സ്നേഹദീപം കൊളുത്തുകയാണ് എന്റെ നിയോഗം. മാനവരാശിയുടെ പരസ്പരവിശ്വാസവും സ്നേഹവും ഊട്ടിയുറപ്പിക്കുകയാണ് എന്റെ മാര്‍ഗം. ഒരു ജാതിയുടെയോ മതത്തിന്റെയോ തത്വശാസ്ത്രത്തിന്റെയോ വക്താവല്ല ഞാന്‍. എനിക്ക് സ്നേഹത്തിന്റെ തത്വശാസ്ത്രവും ഭാഷയുമാണുള്ളത്, ബാബ പറയുന്നു.
ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കും വിധമാണ് പ്രശാന്തി ഗ്രാമത്തിലെയും വൈറ്റ്ഫീല്‍ഡിലെയും ശ്രീസത്യസായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ ആശുപത്രി സമുച്ചയങ്ങളുടെ നടത്തിപ്പ് സംവിധാനം. രണ്ടിടങ്ങളിലും ബില്‍ കൌണ്ടറുകളില്ല. എല്ലാ രോഗികള്‍ക്കും രജിസ്ട്രേഷന്‍, പരിശോധന, ശസ്ത്രക്രിയ, മരുന്ന്, ഭക്ഷണം എന്നിവ സൌജന്യമാണ്.
ആശുപത്രികളില്‍ ജാതി-മതഭേദമെന്യേ രോഗികളെ പ്രവേശിപ്പിക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. വാര്‍ഷിക വരുമാനം 50000 രൂപയില്‍ താഴെയുളള രോഗികള്‍ക്കാണ് ചികിത്സയ്ക്കുള്ള 90 ശതമാനം പ്രവേശനവും നീക്കിവച്ചിരിക്കുന്നത്. ഇതിന് പുറമെ കുട്ടികള്‍ക്കും കുടുംബത്തിന്റെ അത്താണിയായവര്‍ക്കും മുന്‍ഗണന ലഭിക്കും.
അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ലോകപ്രശസ്തരായ ഡോക്ടര്‍മാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഈ മെഡിക്കല്‍ സമുച്ചയങ്ങളില്‍ വേതനമില്ലാതെ സേവനമനുഷ്ഠിക്കുന്നവര്‍ സായിസന്ദേശത്തിന്റെ പ്രചാരകരാണ്. ഇന്‍ഫര്‍മേഷന്‍ കൌണ്ടര്‍ മുതല്‍ ശുചീകരണം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സായികര്‍സേവകരാണ് സേവനമനുഷ്ഠിക്കുന്നത്. ഓരോ ആശുപത്രികളിലും ദിവസവും 200 ഓളം കര്‍സേവകര്‍ ജനസേവകരായി എത്തുന്നു. ഊഴമനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് കര്‍സേവകര്‍ വരുന്നത്.
ദിവസവും വെളുപ്പിന് അഞ്ചുമണിക്കുള്ള പ്രാര്‍ത്ഥനയോടെ ആശുപത്രിയും പരിസരവും ഉണരുന്നു. രാമനെയും കൃഷ്ണനെയും അള്ളാഹുവിനെയും ക്രിസ്തുവിനെയും ശ്രീബുദ്ധനെയുമെല്ലാം യഥേഷ്ടം പ്രാര്‍ത്ഥിക്കാനുള്ള സൌകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ഓരോ രോഗിക്കും ഒരു കൂട്ടിരിപ്പുകാരനെ കൂടി കൊണ്ടുവരാന്‍ അനുവാദമുണ്ട്. അയാള്‍ രോഗിയുടെ ബന്ധുവായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇങ്ങനെ വരുന്ന കൂട്ടിരിപ്പുകാര്‍ക്ക് സൌജന്യമായി താമസസൌകര്യം ലഭിക്കും. രാവിലെ 6.30ന് ആശുപത്രിയിലെ ഓരോ ഡിപ്പാര്‍ട്ടുമെന്റും പ്രവര്‍ത്തിച്ചു തുടങ്ങും. ഡയട്രി, കാന്റീന്‍ എന്നിവ നേരത്തെ പ്രവര്‍ത്തനം തുടങ്ങും. കര്‍സേവകര്‍ തുടര്‍ച്ചയായി 12 മണിക്കൂറാണ് സേവനമനുഷ്ഠിക്കുക.
മറ്റ് ആശുപത്രികളിലേതുപോലെ ഇവിടെ രോഗികളോ ബന്ധുക്കളോ രോഗവിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ കൊണ്ടുവരേണ്ടതില്ല. രോഗവിവരങ്ങള്‍ എല്ലാം പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്തിരിക്കുന്നു.  സായി ആശുപത്രികളില്‍ നിന്ന് ഓപ്പറേഷന്‍ കഴിഞ്ഞ് പോകുന്നവരുടെ മേല്‍വിലാസം അതാത് സായിസേവാസമിതി സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് നല്‍കും. അങ്ങനെ സംസ്ഥാനഘടകം വഴി ഓരോ സ്ഥലങ്ങളിലുമുള്ള ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുമായി പ്രവര്‍ത്തകര്‍ ബന്ധപ്പെടും. സ്റേറ്റ് പ്രസിഡന്റുമാര്‍ ലോക്കല്‍ ഡോക്ടര്‍മാര്‍ മുഖേനയാണ് ചികിത്സ നടത്തുക.
ഹൃദയസംഗമം
സായി ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുന്ന രോഗികള്‍ക്ക് ഓരോ വര്‍ഷവും ഹൃദയസംഗമം സംഘടിപ്പിക്കാറുണ്ട്. രോഗികള്‍ക്ക് പരസ്പരം ബന്ധപ്പെടാനും രോഗവിവരങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ പരസ്പരം മനസിലാക്കാനും ഉത്ക്കണ്ഠ ഒഴിവാക്കാനുമാണ് ഈ ഹൃദയസംഗമം നടത്തുന്നത്.
മേല്‍വിലാസങ്ങള്‍ പുട്ടപര്‍ത്തി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശ്രീസത്യസായി ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ്പ്രശാന്തിഗ്രാം, അനന്തപൂര്‍ ജില്ല, ആന്ധ്രാപ്രദേശ്, ഇന്ത്യ 515134
പൊതുവായ അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 08555-287388- എക്സ്റ്റന്‍ഷന്‍ 513
email: publicrelationspg@sssihms.org.in
രോഗിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 08555-287388- എക്സ്റ്റന്‍ഷന്‍-508 ഫാക്സ്: 91-8555-287544
email: enauirypg@sssihms.org.in വൈറ്റ്ഫീല്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ലൊക്കേഷന്‍ Sathya Sai HospitalEPIP AreaWhitefield, Bengaluru, Karnataka, 560066, India PH. 918028411501
സത്യസായി മെഡിക്കല്‍ ട്രസ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍(9037692398), (9447347466)

ചികിത്സ തേടിയെത്തുമ്പോള്‍
സായിപ്രസ്ഥാനവുമായി ബന്ധപ്പെട്ടവര്‍ക്ക്  മാത്രമേ സത്യസായി ആശുപത്രികളില്‍ ചികിത്സ ലഭിക്കൂ എന്ന് ഒരു പൊതുധാരണയുണ്ട്, അത് ശരിയല്ല. അര്‍ഹതപ്പെട്ട ആര്‍ക്കും സായി മെഡിക്കല്‍ സെന്ററിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സ ലഭ്യമാണ്. ചികിത്സയ്ക്ക് മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണ്. ഇതിനുള്ള അപേക്ഷകള്‍ ഇന്റര്‍നെറ്റിലൂടെ ലഭിക്കും. ആശുപത്രിയുടെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോറവും അതുസംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമാണ്.
ആശുപത്രിയുടെവെബ്സൈറ്റുകള്‍: saibabaforbginners.com/hospitals.htm, psg.sssihms.org.in, wfd.sssihms.org.in, sssihms.org.in/wfd/pages/forpatient.htms , Sai beginners: saibabaforbeginners.com/
ആശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ താഴെ പറയുന്ന ഒരുക്കങ്ങള്‍ കൂടി വേണ്ടതാണ്.
. ഏത് രോഗമാണെന്ന് മുന്‍കൂട്ടി പരിശോധിച്ച് അറിഞ്ഞതിനു ശേഷം ചികിത്സയ്ക്കുള്ള അപേക്ഷ അയയ്ക്കുന്നതായിരിക്കും ഉചിതം. പ്രാഥമിക പരിശോധനയും മറ്റും ഒഴിവാക്കി ചികിത്സ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാന്‍ ഇതുമൂലം കഴിയും.
. ഫോണ്‍, ഇ-മെയില്‍, തപാല്‍ എന്നിവ മുഖേന appointment എടുക്കാം. appointment ലെറ്ററിനൊപ്പം ഒരു കവറിംഗ് ലെറ്റര്‍ കൂടി ഉണ്ടായിരിക്കണം. അതില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
. രോഗിയുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും
. വയസ്
. രോഗത്തിന്റെ പഴക്കം
.അപേക്ഷിക്കുന്ന വര്‍ഷത്തില്‍ എപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചേരാന്‍ കഴിയുകയെന്ന് അറിയിക്കുക (രോഗിക്ക് എത്രയും പെട്ടെന്ന് appointment ലഭിക്കാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്)
.രോഗവിവരം സംബന്ധിച്ച മുന്‍ മെഡിക്കല്‍ റെക്കാഡുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഹാജരാക്കണം. ഇതോടൊപ്പം ചികിത്സിച്ചിരുന്ന ഡോക്ടറുടെ കവറിംഗ് ലെറ്റര്‍ കൂടി ഉണ്ടായിരിക്കണം.
.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ രോഗികള്‍ ഇനി പറയുന്ന കാര്യങ്ങള്‍  കൊണ്ടുവരേണ്ടതാണ്.
. രോഗം സംബന്ധിച്ച് നേരത്തെയുള്ള മെഡിക്കല്‍ റെക്കാഡുകള്‍
. മേല്‍വിലാസം തെളിയിക്കാന്‍ ഇനി പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന്- റേഷന്‍കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവേഴ്സ് ലൈസന്‍സ്, പാസ്പോര്‍ട്ട്.
. ഒരു കൂട്ടിരിപ്പുകാരനെ നിര്‍ബന്ധമായും കൊണ്ടുവരണം (പുരുഷനായിരിക്കുന്നത് അഭികാമ്യം)

ലിങ്ക് – വാരാന്ത്യ കൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, രജിസ്ട്രേഷന്‍, രോഗങ്ങള്‍, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w