കൈപ്പത്തി വെട്ടിമാറ്റിയ സംഭവം രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കോതമംഗലം ഇരമല്ലൂര്‍ പരിത്തിക്കാട്ടുകുടി ജാഫര്‍, കാലടി മേക്കാലടി മുണ്ടേത്ത് അഷറഫ് എന്നിവരെ തിങ്കളാഴ്ച മൂന്നുമണിയോടെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. രണ്ടുപേരെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വധശ്രമം, ഗൂഢാലോചന, സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതിയായി ജാഫറിനേയും രണ്ടാം പ്രതിയായി അഷറഫിനേയുമാണ് ചേര്‍ത്തിട്ടുള്ളത്. അഷറഫ് പോപ്പുലര്‍ ഫ്രണ്ട് വിദ്യാര്‍ഥിവിഭാഗത്തിന്റെ നേതാവാണ്.

സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ വിവിധയിടങ്ങളില്‍ കസ്റ്റഡിയില്‍ ഉള്ളതായി സൂചനയുണ്ട്. അതീവ ഗൗരവത്തോടെ സംഭവം കാണുകയും ഊര്‍ജിത അന്വേഷണം നടത്തുകയും ചെയ്യുന്ന പോലീസ് ഇതുവരെ മുപ്പതോളം പേരെ ചോദ്യം ചെയ്തു. രണ്ടുദിവസത്തിനകം പൂര്‍ണ ചിത്രം വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.

ഐജി ബി. സന്ധ്യ, റൂറല്‍ എസ്​പി ടി. വിക്രം എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നല്‍കുകയാണ്.

ആലുവയില്‍ നിന്ന് ഞായറാഴ്ച രാത്രി കമറുദ്ദീന്‍, സജീര്‍ എന്നിവരുള്‍പ്പെടെ ഏഴുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി നേരിട്ട് ബന്ധമുള്ളവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകാതെ ഇവര്‍ പിടിയിലായേക്കും.

ഒരു മാസത്തോളം നീണ്ട ആസൂത്രണത്തിനു ശേഷമാണ് അധ്യാപകനെതിരെ ആക്രമണം നടത്തിയത്. ഇതിന്റെ റിഹേഴ്‌സലും പ്രതികള്‍ നടത്തിയിരുന്നു.

അക്രമത്തിനുപയോഗിച്ച വാഹനം ഒരു ലക്ഷം രൂപയ്ക്ക് തൃശ്ശൂരില്‍ നിന്നാണ് വാങ്ങിയത്. സംഭവം നടന്നുകഴിഞ്ഞാല്‍ ഉടനടി വാഹനം പൊളിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. വാഹനം ആലുവയില്‍ എത്തിക്കാന്‍ കൊണ്ടുപോകുമ്പോഴാണ് ജാഫര്‍ പോലീസിന്റെ പിടിയിലായത്. വണ്ടി ഏറ്റെടുക്കാന്‍ വഴിയില്‍ അഷറഫ് കാത്തുനിന്നിരുന്നു. ഈ വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് പെരുമ്പാവൂരില്‍ നിന്ന് അഷറഫ് പോലീസ് പിടിയിലായത്.

ജാഫറും അഷറഫും പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണെന്ന വിവരം ലഭിച്ചതോടെയാണ് പോലീസന്വേഷണം ആ സംഘടനയെ കേന്ദ്രീകരിച്ച് തിരിഞ്ഞത്. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് അറിയിച്ചിട്ടുണ്ട്.

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയായ പ്രൊഫ. ജോസഫിനെ ഞായറാഴ്ച രാവിലെ മൂവാറ്റുപുഴയിലെ വീട്ടിനടുത്തുവെച്ചാണ് അക്രമികള്‍ വെട്ടിയത്. അമ്മയോടും കന്യാസ്ത്രീയായ സഹോദരിയോടുമൊപ്പം പള്ളിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.

ആക്രമണത്തിന് എട്ടംഗ സംഘമാണ് നിയോഗിക്കപ്പെട്ടിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിയിലേക്കും പള്ളിയില്‍ നിന്ന് തിരിച്ച് വീട്ടിലേക്കുമുള്ള വഴിനീളെ അധ്യാപകന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് വിവരം നല്‍കാന്‍ ഒന്നിലേറെപ്പേര്‍ വിവിധ പോയിന്റുകളിലുണ്ടായിരുന്നു. അധ്യാപകനു നേരെ ആക്രമണം നടത്താന്‍ മറ്റു വഴികളിലൂടെ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു.

ലിങ്ക് – മാതൃഭൂമി
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w