ഒരിക്കല്‍ പട്ടയം ലഭിച്ചവര്‍ക്ക്‌ വീണ്ടും പട്ടയമില്ല

തിരുവനന്തപുരം: ഭൂരഹിതര്‍ക്കു നല്‍കുന്ന പട്ടയം വ്യാപകമായി മറിച്ചുവില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഒരു തവണ പട്ടയം നല്‍കിയവര്‍ക്കു വീണ്ടും പട്ടയം നല്‍കേണ്ടെന്നു സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. ഒരുതവണ പട്ടയം ലഭിച്ചവര്‍ ഭൂമി മറിച്ചുവിറ്റ ശേഷം വീണ്ടും അപേക്ഷിച്ചു പട്ടയം നേടുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

പട്ടയം ലഭിക്കുന്നവര്‍ ഭൂമി വില്‍ക്കുകയും വീണ്ടും പട്ടയത്തിനായി അപേക്ഷിച്ചു ഭൂമി വാങ്ങുകയും ചെയ്യുന്നതിന്‌ പിന്നില്‍ ലോബി പ്രവര്‍ത്തിക്കുന്നതായാണു സൂചന. തമിഴ്‌നാട്ടില്‍നിന്നുള്ള കുടിയേറ്റക്കാരെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്‌. ഒരുതവണ പട്ടയം നേടിയവരെ ഉപയോഗിച്ച്‌ ഏക്കര്‍ കണക്കിനു ഭൂമി തട്ടിയെടുക്കുന്നതായി ലാന്‍ഡ്‌ അസൈന്റമെന്റ്‌ കമ്മിറ്റി കണ്ടെത്തിയിരുന്നു.

സര്‍ക്കാരിനു നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്‌. ഇതുവരെ പട്ടയം ലഭിച്ചവരുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഡേറ്റാ ബാങ്ക്‌ തയാറാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു തവണ പട്ടയം നേടിയശേഷം വീണ്ടും അപേക്ഷിക്കുന്നവരെ ഡേറ്റാ ബാങ്കിന്റെ സഹായത്തോടെ കണ്ടെത്തും. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ പട്ടയവിതരണം പുനരാരംഭിക്കുമെന്നു റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ നിയമസഭയില്‍ വ്യക്‌തമാക്കി. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ്‌ ലക്ഷം പേര്‍ക്കു പട്ടയം നല്‍കാനുള്ള നടപടികള്‍ തുടങ്ങി. ചില ജില്ലകളില്‍ പട്ടയമേളകള്‍ ആരംഭിച്ചു.

സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായപ്പോള്‍തന്നെ വന്‍കിട ലോബികള്‍ പട്ടയം കൈവശപ്പെടുത്താനുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയിരുന്നു. സംസ്‌ഥാനത്തു 16.5 ലക്ഷത്തോളം ഭൂരഹിത കുടുംബങ്ങളുണ്ടെന്നാണു സര്‍ക്കാര്‍കണക്ക്‌. ഇതില്‍ പലര്‍ക്കും നേരത്തെ ലാന്‍ഡ്‌ അസൈന്‍മെന്റ്‌ കമ്മിറ്റികള്‍ വഴി എല്‍.എ. പട്ടയം നല്‍കിയതാണ്‌. എന്നാല്‍ ഈ ഭൂമി വിറ്റശേഷം വീണ്ടും പട്ടയത്തിന്‌ അപേക്ഷിക്കുകയും അങ്ങനെ സര്‍ക്കാരിന്റെ ഭൂമി നഷ്‌ടപ്പെടുകയും ചെയ്യുന്നു.

ഭൂരഹിതരുടെ എണ്ണം കുറയ്‌ക്കുകയെന്ന ലക്ഷ്യവും അപ്രാപ്യമാകുന്നു. മിച്ചഭൂമിക്കു പുറമേ സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയും ഉപയോഗിച്ചാണു പട്ടയം നല്‍കുന്നത്‌. ഭൂമി കണ്ടെത്താനായി ജില്ലാ കലക്‌ടര്‍മാര്‍ക്കു റവന്യൂവകുപ്പ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. നഗരഹൃദയങ്ങളിലുള്ള ഭൂമി ഒഴികെ സര്‍ക്കാരിന്റെ കൈവശമുള്ള മറ്റു പ്രദേശങ്ങള്‍ പട്ടയമായി നല്‍കാനാണ്‌ തീരുമാനം. വനാവകാശപട്ടയം കൂടി ആദിവാസികള്‍ക്കു നല്‍കും. ലാന്‍ഡ്‌ അസൈന്‍മെന്റ്‌ പട്ടയം നല്‍കുന്നതു താലൂക്ക്‌ തലത്തിലുള്ള സമിതികള്‍ വഴിയാണ്‌. സംസ്‌ഥാനത്തു കുടിയേറിയ അന്യസംസ്‌ഥാന തൊഴിലാളികളെ ഉപയോഗിച്ചാണു ഭൂമാഫിയ പട്ടയവിതരണത്തില്‍ പിടിമുറുക്കിയതെന്നും സര്‍ക്കാര്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ രാജകുമാരിയിലാണ്‌ ഇത്‌ ഏറ്റവും കൂടുതല്‍.

പട്ടയം ലഭിച്ചവരുടെ പട്ടിക തയാറാക്കുകയാണു നടപടിയുടെ ആദ്യപടി. എന്നാണു പട്ടയം നല്‍കിയത്‌, എത്ര ഭൂമി, സര്‍വേനമ്പര്‍, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും പട്ടികയില്‍ ഉള്‍ക്കൊള്ളിക്കും. ഇത്‌ എല്ലാ താലൂക്ക്‌ ഓഫീസുകളിലും ലഭിക്കത്തവിധം കമ്പ്യൂട്ടര്‍ ശൃംഖലയിലാക്കും.

അടുത്ത തവണ പട്ടയത്തിനായി അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇതുമായി ഒത്തുനോക്കിയാകും തുടര്‍നടപടിക്കായി പരിഗണിക്കുക. ഇടുക്കി ജില്ലയില്‍ അരലക്ഷത്തോളം പട്ടയം നല്‍കും.

ഇടുക്കിയില്‍ കെ.എസ്‌.ഇ.ബിയുടെ പദ്ധതിക്കായി ഏറ്റെടുക്കുകയും പിന്നീടു പദ്ധതി ഉപേക്ഷിക്കുകയും ചെയ്‌ത സ്‌ഥലം സേനാപതി ഉള്‍പ്പെടെ മൂന്നു വില്ലേജുകളിലെ 14,500 ഭൂരഹിതര്‍ക്കു വിതരണം ചെയ്യും. ആറുമാസത്തിനുള്ളില്‍ ഇതു പൂര്‍ത്തിയാക്കും.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )