സദാശിവന്‍ ചോദിക്കുന്നു; 33 വര്‍ഷം പാര്‍ട്ടിയും സര്‍ക്കാരും എന്തേ മിണ്ടിയില്ല?

കണ്ണൂര്‍: എ.കെ.ജിയുടെ വീടിനെച്ചൊല്ലിയുള്ള വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോള്‍ എ.കെ.ജിയുടെ കുടുംബാംഗങ്ങളിലും പാര്‍ട്ടിക്കകത്തും അത് അടക്കിപ്പിടിച്ച ചര്‍ച്ചയായിരുന്നു. പെരളശ്ശേരിയില്‍ എ.കെ.ജി താമസിച്ചിരുന്ന ‘ഗോപാലവിലാസം’ എന്ന വീട് സംരക്ഷിത സ്മാരകമാക്കാന്‍ സാംസ്‌കാരിക വകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതുമുതല്‍ ആ ചര്‍ച്ച കുടുംബത്തിനിടയില്‍ അസ്വാരസ്യങ്ങളും സൃഷ്ടിച്ചു തുടങ്ങി.

ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത്‌വരെ എത്തിയ എ.കെ.ജി. വിപ്ലവ പ്രസ്ഥാനങ്ങളുടെ അനിഷേധ്യ നേതാവാണ്. എന്നാല്‍ 1977ല്‍ എ .കെ.ജി. മരിച്ചശേഷം ഏതെങ്കിലുമൊരു സി.പി.എം നേതാവ് വീട് സ്മാരകമാക്കുന്നതിനെക്കുറിച്ച് ഇന്നത്തെ അവകാശികളോട് സംസാരിച്ചിരുന്നില്ല. മാറിമാറി വന്ന സര്‍ക്കാറുകളും ഒന്നും ചെയ്തില്ല. 33 വര്‍ഷത്തിന്‌ശേഷം പെട്ടെന്ന് ഇങ്ങനെയൊരു നീക്കം നടക്കുമ്പോള്‍ കഥയിലെ ‘വില്ലന്റെ’ സ്ഥാനത്തുനില്‍ക്കുന്ന ഇപ്പോഴത്തെ അവകാശി ഗോപാലവിലാസം സദാശിവനും അമ്പരപ്പ് ബാക്കിയാണ്. ”ഞങ്ങള്‍ വളര്‍ന്ന വീടാണിത്. എന്റെ അച്ഛനും അമ്മയും ആ മണ്ണിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഞങ്ങള്‍ പിഴുതെറിയപ്പെട്ട പോലെയാണിപ്പോള്‍. ഞങ്ങളുടെ വികാരത്തിന് ഒരു വിലയുമില്ലേ”-സദാശിവന്‍ ചോദിക്കുന്നു. ആ മണ്ണില്‍ അവകാശമുള്ള എ.കെ.ജി.യുടെ പിന്മുറക്കാരില്‍ പലരും ഈ ചോദ്യം പങ്കുവെക്കുന്നു.

എ.കെ.ജി എന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലന്റെ മരുമകളുടെ മകനാണ് സദാശിവന്‍. അദ്ദേഹത്തിന്റെ അച്ഛന്‍ കെ.സി.പത്മനാഭന്‍ നമ്പ്യാര്‍ ‘ഗോപാല വിലാസത്തിന്റെ ചരിത്രസംഗ്രഹം’ ഒരു നോട്ടുബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലിങ്ങനെ പറയുന്നു:

”1918ല്‍ അമ്മയുടെ അച്ഛന്‍ വിലക്ക് വാങ്ങിയ 65 സെന്റ് സ്ഥലവും വിലക്ക് വാങ്ങിയ 46 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും ചേര്‍ന്നുള്ളതാണ് ‘ഗോപാലവിലാസം’ വീട് നില്‍ക്കുന്ന പ്രദേശം. എ.കെ.ജി.യുടെ അമ്മ മാധവിക്കുട്ടിയമ്മ, എ.കെ.ജി.യുടെ സഹോദരി ലക്ഷ്മിയമ്മ, എ.കെ.ജി.യുടെ മരുമകള്‍ ലക്ഷ്മിക്കുട്ടിയമ്മ എന്നിവരുടെ പേരിലായിരുന്നു സ്ഥലം. അമ്മയുടെ അച്ഛന്‍ വീടുപണി തുടങ്ങി. തറക്ക് മുകളില്‍ പണിതത് എ.കെ.ജി. 1961ല്‍ മറ്റുള്ളവര്‍ ഭാഗം പിരിഞ്ഞശേഷം വീടും പറമ്പും ലക്ഷ്മിക്കുട്ടിയമ്മയുടെത് മാത്രമായി. 1918ല്‍ വിലയ്ക്ക് വാങ്ങിയ ഭൂമിയിലെ വീട് നിര്‍മ്മാണം 1928ലാണ് കഴിയുന്നത്. മുകള്‍നില പൂര്‍ത്തിയാക്കാന്‍ അവകാശികളുടെ വേറെ രണ്ട് സ്വത്തും വിറ്റു. 1958ലാണ് ഞങ്ങളുടെ കുടുംബം വന്നപ്പോള്‍ എ.കെ.ജി.യുടെ സഹോദരന്‍ എ.കെ.രാഘവന്‍ നമ്പ്യാര്‍ മൂന്ന്‌പെരിയയിലെ വീട്ടിലേക്ക് താമസം മാറ്റുന്നത്. 1961ന്‌ശേഷം എ.കെ.ജി.യും അവിടെ താമസിച്ചിരുന്നില്ല”- വീടിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണ്. എ.കെ.ജി. ജനിച്ച ചെമ്പകശ്ശേരില്‍ വീട് ഇപ്പോഴും ഉണ്ടുതാനും.

1977ല്‍ എ.കെ.ജി. മരിച്ചപ്പോള്‍ ശവസംസ്‌കാരം നടന്ന മൂന്ന്‌സെന്റ് സ്ഥലം സി.പി.എം. ജില്ലാക്കമ്മിറ്റിക്ക് കൈമാറി. 1997ല്‍ അച്ഛനും അമ്മയും ജീവിച്ചിരിക്കെ എ.കെ.രാഘവന്‍ നമ്പ്യാര്‍ ഒന്നാം സാക്ഷിയായാണ് സദാശിവനുള്‍പ്പെടെ ഏഴ് മക്കള്‍ക്കായി വീടും പറമ്പും ഭാഗം വെച്ചത്. ”ഭാഗം നടന്നപ്പോഴോ 2008ല്‍ സ്മാരകസ്തൂപം പുതുക്കിപ്പണിതപ്പോഴോ നേതാക്കളിലാരെങ്കിലും വീടിനെക്കുറിച്ച് ഞങ്ങളോട് ചോദിച്ചിരുന്നില്ല”-സദാശിവന്‍ പറയുന്നു.

അതിനിടയില്‍ ഭാഗമായി കിട്ടിയ സ്ഥലങ്ങളില്‍ രണ്ട് സഹോദരങ്ങള്‍ വീടുവെച്ചു. ഒരാള്‍ വീടുപണി തുടങ്ങാന്‍ പോകുന്നു. വര്‍ഷങ്ങളായി രോഗാവസ്ഥയിലുള്ള സഹോദരന് വീട് പണിയാന്‍ 82 വര്‍ഷം പഴക്കമുള്ള ഗോപാലവിലാസത്തിന്റെ അടുക്കളയും കുളിമുറിയും ഒരു വര്‍ഷം മുമ്പേ പൊളിച്ചിരുന്നു. ജീര്‍ണാവസ്ഥയിലുള്ള അടുക്കളയും കുളിമുറിയുമില്ലാത്ത വീട്ടില്‍ താമസിക്കാനാവാത്തതിനാല്‍ സദാശിവനും കുടുംബവും നഗരത്തില്‍ വാടകവീട്ടിലാണ് കഴിയുന്നത്. ഗള്‍ഫിലാണ് സദാശിവന് ജോലി.

”വീട് സംബന്ധിച്ച് ഇത്രയും കാലം സി.പി.എം. നേതൃത്വമോ സര്‍ക്കാരോ എന്തെങ്കിലും സൂചന നല്‍കിയിരുന്നില്ല. അതിനാലാണ് ഒരോരുത്തരായി വീട് പണി തുടങ്ങിയത്. പാര്‍ട്ടിക്ക് അങ്ങനെയൊരു താല്പര്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ സന്തോഷത്തോടെ അത് വിട്ടുനല്‍കുമായിരുന്നു. അതില്‍ ഞങ്ങള്‍ കുടുംബക്കാര്‍ക്കെല്ലാം ഒരേ മനസ്സാണ്. അങ്ങനെയൊരു നിര്‍ദ്ദേശം ഇല്ലാതിരുന്നതിനാല്‍ പഴയ വീട്ടില്‍ ഞങ്ങള്‍ ഒട്ടേറെ പണം ചെലവിട്ട് അറ്റകുറ്റപ്പണി നടത്തി. നിവൃത്തികേടുകൊണ്ടാണ് പൊളിക്കാന്‍ തീരുമാനിച്ചത്. സ്വത്ത് ഭാഗം വെക്കുമ്പോള്‍ മുഖ്യസാക്ഷിയായ രാഘവനമ്മാവന്‍ (എ.കെ.രാഘവന്‍ നമ്പ്യാര്‍) തന്നെയാണ് പഴയവീട് പൊളിച്ച് പുതിയതൊന്ന് പണിയാന്‍ ഉപദേശിച്ചതും. ഇപ്പോള്‍ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല”-സദാശിവന്‍ നിസ്സഹായനായി കൈമലര്‍ത്തുന്നു. പാര്‍ട്ടിയുമായുള്ള പാലമാണ് അവര്‍ക്ക് എ.കെ.രാഘവന്‍ നമ്പ്യാര്‍.

ഇപ്പോഴത്തെ വിവാദങ്ങള്‍ പോലെ തന്നെ സി.പി.എം. നേതൃത്വത്തിന്റെ മൗനവും സദാശിവനെയും കുടുംബക്കാരെയും ഉലയ്ക്കുന്നുണ്ട്. ആദ്യ പത്രവാര്‍ത്ത വന്നശേഷമാണ് എ.കെ.രാഘവന്‍ നമ്പ്യാര്‍ സര്‍ക്കാറിന്റെ താല്പര്യത്തെക്കുറിച്ച് പറയുന്നത്. പിന്നീട് എം.വി.ജയരാജനും കാര്യം തിരക്കി. അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നെങ്കില്‍ 33 വര്‍ഷം എന്തിന് അത് മറച്ചുവെച്ചു? ഞങ്ങുടെ വേര് പിഴുതെടുക്കുന്നതുപോലെയായി ഇപ്പോഴത്തെ നീക്കങ്ങള്‍. വീട് പൊളിക്കുന്നതും കാത്തുനില്‍ക്കുകയായിരുന്നോ അവര്‍? സദാശിവന്‍ചോദിക്കുന്നു.

”പ്രായാധിക്യം കൊണ്ട് അവശരായ സഹോദരങ്ങളാണ് അവിടെയുള്ളത്. ഒരാള്‍കൂടി വീട് പണി തുടങ്ങുന്നു. അവര്‍ക്കൊരു സഹായമെന്ന നിലയിലാണ് ഞാനും അവിടെ വീട് വെക്കാന്‍ ആലോചിച്ചത്. രാഘവനമ്മാവനാണ് ആ വഴിക്ക് എന്നെ നയിച്ചതും എന്നിട്ടിപ്പോള്‍…!”- സദാശിവന്റെ ദുഃഖത്തില്‍ കുടുംബങ്ങളും പങ്കുചേരുന്നു. ഒരുപൊതുസ്ഥാപനമായാല്‍ ചുറ്റുവട്ടത്തുള്ളവരുടെ സ്വകാര്യത നഷ്ടമാവുമെന്നും അവര്‍ ഭയക്കുന്നു.

എ.കെ.ജിയുടെ വീടിനെച്ചൊല്ലിയുള്ള ഈ വിവാദം സി.പി.എം. അണികള്‍ക്കിടയിലും ചര്‍ച്ചകളായിട്ടുണ്ട്. 33 വര്‍ഷമായിട്ടും എന്തുകൊണ്ട് ആ കാര്യം ആരും ഓര്‍ത്തുപോലുമില്ല എന്നതാണ് അണികള്‍ പരസ്​പരം ഉന്നയിക്കുന്ന ചോദ്യം. ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടിയില്‍ ഊറ്റം കൊള്ളുന്ന നേതൃത്വത്തോട് തന്നെയാണ് ആ ചോദ്യം.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )