ഇറോം ഷര്‍മിളയോട് എഴുത്തുകാര്‍ക്ക് എന്താണ്?

ഇറോം ഷര്‍മിളയുടെ പത്തു വര്‍ഷമായി തുടരുന്ന നിരാഹാര സത്യാഗ്രഹം അഹിംസാത്മക സമരത്തിന്റെ അത്ഭുതകരമായ സാധ്യതകള്‍ കാണിച്ചുതരുന്നുണ്ട്. അക്ഷര സ്രഷ്ടാക്കളല്ലാതെ മറ്റാരാണ് ഈ പുത്തന്‍ വീര്യത്തെ ഏറ്റെടുത്ത് പ്രസരിപ്പിക്കേണ്ടത്?

2000 നവംബര്‍ രണ്ടാം തീയതി. മണിപ്പുരിലെ ഇംഫാലില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ മലോം ബസ്സ്റ്റാന്‍ഡില്‍ ഇന്ത്യന്‍സൈന്യം പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. റൈഫിളുകളില്‍ നിന്നുതിരുന്ന വെടിയുണ്ടകളില്‍ പത്ത് നിഷ്‌കളങ്കര്‍ മരിച്ചു വീഴുന്നു. ഈ ഭീകരരംഗത്തിന് സാക്ഷിയാകേണ്ടിവന്ന ഇറോം ഷര്‍മിളയെന്ന യുവതിയുടെ കാല്‍ക്കീഴിലേക്ക് റോഡില്‍ നിന്നുള്ള ചോര ഒഴുകിയെത്തുന്നു. ചുടുനിണത്തിന്റെ സ്​പര്‍ശം ആ ഇരുപത്തിയെട്ടുകാരിയില്‍ ഏതോ ഗോത്രദേവതയുടെ ഊറ്റത്തെ ആവാഹിപ്പിക്കുന്നു. അതോടെ തന്റെ നാടിനെ ചക്രശ്വാസം വലിപ്പിക്കുന്ന സായുധസേനാ പ്രത്യേകാധികാരനിയമമെന്ന കിരാത നിയമത്തിനെതിരെ അവര്‍ സഹനസമരം ആരംഭിക്കുകയാണ്. അറിയാതെ അല്പം ജലം അകത്താകുമോ എന്ന ഭയത്താല്‍ പല്ലുതേപ്പ് പോലും ഉപേക്ഷിച്ച നിരാഹാരസത്യാഗ്രഹം.

സമരം രണ്ടാഴ്ചയിലധികം നീണ്ടപ്പോഴേക്കും സ്വയം ഹനിക്കുക എന്ന നിയമവിരുദ്ധപ്രവൃത്തി ചെയ്തുപോകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. പോലീസ് അവരെ അറസ്റ്റ് ചെയ്ത് ഇംഫാല്‍ ആസ്​പത്രിയിലേക്ക് മാറ്റി. നിര്‍ബന്ധപൂര്‍വം ഡ്രിപ്പ് കൊടുത്തു. ഡ്രിപ്പിന്റെ കുഴല്‍ മാറ്റിയാല്‍ വീണ്ടുമവര്‍ ഉപവാസായുധത്താല്‍ സ്വയം കൊല്ലുമെന്നറിഞ്ഞപ്പോള്‍ സര്‍ക്കാറിന് അവരില്‍ ബലപ്രയോഗത്തിനുള്ള ലൈസന്‍സ് ലഭിച്ചു. അങ്ങനെ ജുഡീഷ്യല്‍ കസ്റ്റഡിയും റീ അറസ്റ്റുമെന്ന പ്രഹസനം ആവര്‍ത്തിച്ച് ഇറോം ഷര്‍മിള നിരന്തരം തടവില്‍ പിടിക്കപ്പെട്ടു.

ആറ് വര്‍ഷത്തോളം ഇംഫാലിലെ ആസ്​പത്രിയില്‍. ഡല്‍ഹിയിലേക്ക് ഒളിച്ചുകടന്നതിനെത്തുടര്‍ന്ന് കുറച്ചുകാലം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍. പിന്നീട് വീണ്ടും ഇന്നേവരെ ഇംഫാല്‍ ആസ്​പത്രിയിലെ ഹൈ സെക്യൂരിറ്റി കസ്റ്റഡിയില്‍ തന്നെ. ആകെ ഒമ്പത് വര്‍ഷം ആറ് മാസം. ഇറോം ഷര്‍മിള ഉണ്ണാവ്രതം അനുഷ്ഠിക്കുന്നതിന്റെ കാരണത്തെ ഇല്ലായ്മ ചെയ്യാനല്ല, ഉണ്ണാവ്രതത്തില്‍ സംഭവിക്കാവുന്ന കുറ്റകൃത്യത്തെ നേരിടാന്‍ മാത്രമായിരുന്നു സര്‍ക്കാറിന്റെ ഭഗീരഥപ്രയത്‌നം.

വളരെ അടുത്ത രണ്ടോ മൂന്നോ വീട്ടുകാര്‍ക്കൊഴികെ ആര്‍ക്കും തന്നെ അവരെ സന്ദര്‍ശിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. സഹോദരന്‍ ഇറോം സിങ് ഹാജിത്ത് സഹോദരിയെ ശുശ്രൂഷിക്കാനായി ജോലി ഉപേക്ഷിച്ച് ആസ്​പത്രിയില്‍ കഴിഞ്ഞുകൂടുകയാണ്. പ്രമുഖ എഴുത്തുകാരി മഹാശ്വേതാദേവി പോലും സന്ദര്‍ശിക്കാനുള്ള പാസിന് അപേക്ഷിച്ച് പരാജയം കൈവരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒടുവില്‍ അങ്ങേയറ്റം മനംനൊന്ത അവരിങ്ങനെ പറഞ്ഞുപോയി -”നമുക്കൊന്നും ചെന്ന് കാണാന്‍ സാധിച്ചില്ലെങ്കിലും വരുംകാലം ഈ കുട്ടിയിലൂടെയായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നോക്കിക്കാണുന്നത്.”

അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മര്‍ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വലിയൊരു ഖണ്ഡം മുഴുവന്‍ ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്.


ചരിത്രപശ്ചാത്തലം

സ്വാതന്ത്ര്യാനന്തരം ഒഴിഞ്ഞുനിന്ന പ്രൊവിന്‍സുകളെല്ലാം രാജ്യത്തോടു കൂട്ടിച്ചേര്‍ക്കണമെന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പദ്ധതിപ്രകാരമായിരുന്നു 1949 ല്‍ മണിപ്പുര്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. സ്വാഭാവികമായും ഈ നടപടി അവിടത്തെ ജനങ്ങളില്‍ കടുത്ത അസ്വസ്ഥതകളും അസംതൃപ്തികളും വളര്‍ത്തി. വിഘടനവാദികളായ ആറു ഗ്രൂപ്പുകള്‍ അറുപതുകളോടെ മണിപ്പുരില്‍ ഉടലെടുത്തു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹം മുഖ്യധാരയുമായി ഇഴുകിച്ചേരുമ്പോള്‍ സംഭവിക്കുന്ന ചീറ്റലും പൊട്ടലും അനുതാപപൂര്‍വം പരിഹരിക്കുന്നതിന് പകരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തെ തുരങ്കംവെക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാസ്സാക്കിയ സമാധാനസേന പ്രത്യേകാധികാര ഓര്‍ഡിനന്‍സ് രൂപം മാറ്റി പ്രത്യേക നിയമത്തിന് ജന്മം നല്‍കി. നാഗാ ഹില്‍സ് കലാപകാരികള്‍ക്കും മണിപ്പുര്‍ കലാപകാരികള്‍ക്കും എതിരെ അത് ഉപയോഗിക്കപ്പെട്ടു. പട്ടാളക്കാരുടെ നിര്‍ദയമായ കൈയേറ്റങ്ങളാല്‍ കൂടുതല്‍ വ്രണിതരായിത്തീര്‍ന്ന കലാപകാരികള്‍ പൂര്‍വാധികം വീര്യത്തോടെ സാഹസങ്ങള്‍ തുടര്‍ന്നു. വിഘടനവാദികളുടെ സംഘങ്ങള്‍ അറുപതിലധികമായി. പ്രത്യേകനിയമപ്രകാരം ആരെയും വെടിവെച്ച് കൊല്ലാം. കലാപകാരികള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള വീടടക്കമുള്ള ഏത് കെട്ടിടവും ഇടിച്ച് നിരത്താം. കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ലാതെ ഒരു സൈനിക ഓഫീസറെയും ശിക്ഷിക്കാന്‍ കഴിയില്ല. വാറന്റ് ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. ഏതു വീട്ടിലും ഇടിച്ചു കയറാം.

2004 ജൂലായ് 11-ന് താന്‍ഞ്ചം മനോരമ എന്ന യുവതിയെ അസം റൈഫിള്‍സിലെ ജവാന്മാര്‍ വീട്ടില്‍ക്കയറി പിടിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്തുകൊന്നു. അവഹേളിക്കപ്പെട്ട സ്ത്രീത്വത്തിന് മുന്നില്‍ ആത്മാവും മനസ്സും മരവിച്ചുനിന്ന മണിപ്പുരി സ്ത്രീകള്‍ പെട്ടെന്ന് തങ്ങളുടെ ശരീരങ്ങളെ അതിഘോരമായൊരു വിലാപമാധ്യമമായി മാറ്റിയെടുത്തു. പന്ത്രണ്ടോളം അമ്മമാര്‍ പരിപൂര്‍ണ നഗ്‌നരായി ഫ്രകൃലഹമൃ എിൗള്‍ ിമ്യവ ുീ, കൃലഹമൃ എിൗള്‍ റമക്ഷവ ്ുി ശാവീസയ്ത്ത എന്ന ബാനറുകളുമേന്തി അസം റൈഫിള്‍സിന്റെ ഏരിയാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മാര്‍ച്ച് ചെയ്തു. ആര്‍ഷഭാരതത്തിന് മാത്രം അവകാശപ്പെടാവുന്ന ഒരു പ്രതിഷേധപ്രകടനമായിരുന്നു അത്!

സൈന്യത്തിന്റെയും സര്‍ക്കാറിന്റെയും മൗനകവചങ്ങള്‍ പുറംലോകമറിയാതെ പിടിച്ചുവെച്ചിരുന്ന ഇറോം ഷര്‍മിളയുടെ നിരാഹാരസത്യാഗ്രഹത്തിന് ഇതോടെ വലിയ പ്രചാരണം ലഭിച്ചു. കരിനിയമം പിന്‍വലിക്കാനായി ഇറോം ഷര്‍മിള നടത്തുന്ന സത്യാഗ്രഹത്തെ പിന്തുണയ്ക്കുന്ന സമരങ്ങള്‍ മണിപ്പുരിലെ വിവിധ പ്രദേശങ്ങളില്‍ മാത്രമല്ല ഭൂഗോളത്തെ നല്ല മനുഷ്യരുടെ ഹൃദയങ്ങളില്‍ മുഴുവന്‍ അരങ്ങേറുന്നുണ്ട്. മഹാശ്വേതാദേവി, അരുന്ധതീറോയ്, സുമിത്രാ പത്മനാഭന്‍ (ജനറല്‍ സെക്രട്ടറി, ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍), പ്രബീര്‍ ഘോഷ് (ജനറല്‍ സെക്രട്ടറി, സയന്‍സ് ആന്‍ഡ് റാഷണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ), സന്ദീപ് പാണ്ഡെ (സോഷ്യല്‍ ആക്ടിവിസ്റ്റ്), ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമന്‍ സ്റ്റഡീസ്, ഗ്വാന്‍ജ് ഉ ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഫോക്ക് സ്‌കൂള്‍ തുടങ്ങി ധാരാളം പ്രശസ്ത വ്യക്തികളും സ്ഥാപനങ്ങളും എ.എഫ്.എസ്.പി.എ. എടുത്തുകളയാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. നീണ്ട പത്ത് വര്‍ഷങ്ങള്‍ നിലനില്പിന്റെ അടിസ്ഥാന നിദാനങ്ങളെ ധിക്കരിച്ച് ഒരു മനുഷ്യജീവി സമരം നടത്തുമ്പോള്‍ അത് എഴുത്തുകാരെ സ്​പര്‍ശിക്കുന്നില്ലെങ്കില്‍ എഴുത്തിന്റെ ഇന്ദ്രിയത്തിന് തന്നെ ക്ഷതം സംഭവിച്ചിരിക്കുന്നു എന്നാണ് അര്‍ഥം.

രണ്ടാമതായി എഴുത്തിന്റെ പ്രധാനപ്പെട്ടൊരു ദൗത്യം ആശയങ്ങളുടെയും സങ്കല്പനങ്ങളുടെയും രൂപവത്കരണമാണല്ലോ. ചരിത്രപാഠങ്ങള്‍ കാലാകാലമായി ബോധ്യപ്പെടുത്തുന്നത് കടുത്ത അനീതിക്കെതിരാണെങ്കില്‍പ്പോലും ഹിംസാത്മക സമരങ്ങള്‍ ഭാവിഫലങ്ങളെ വിലയിരുത്തുമ്പോള്‍ അഭിലഷണീയമല്ല എന്നതാണ്.

അപ്പോള്‍ ഇറോം ഷര്‍മിളയുടെ പത്ത് വര്‍ഷമായി തുടരുന്ന നിരാഹാര സത്യാഗ്രഹം അഹിംസാത്മക സമരത്തിന്റെ അത്ഭുതകരമായ സാധ്യതകള്‍ കാണിച്ചുതരുന്നുണ്ട്. അക്ഷര സ്രഷ്ടാക്കളല്ലാതെ മറ്റാരാണ് ഈ പുത്തന്‍ വീര്യത്തെ ഏറ്റെടുത്ത് പ്രസരിപ്പിക്കേണ്ടത്?
എഴുത്തും എഴുത്തുകാരും എല്ലാകാലത്തും പുലര്‍ത്തിയിട്ടുള്ള ഒരു വികാരം സ്വന്തം നാടിന്റെ സല്‍പ്പേരിനെക്കുറിച്ചുള്ളതാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ ഇറോം ഷര്‍മിളയുടെ നിരാഹാരസത്യാഗ്രഹം ഇന്ത്യയിലെ എഴുത്തുകാര്‍ക്ക് ഇരിക്കപ്പൊറുതിയും നില്‍ക്കപ്പൊറുതിയും നല്‍കാത്തൊരു അവസ്ഥാവിശേഷമാണ് സൃഷ്ടിച്ചുവെച്ചിരിക്കുന്നത്.

ഇറോം ഷര്‍മിളയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ ഇത്തരം ചിന്താഗതികള്‍ എഴുത്തുകാര്‍ക്കിടയില്‍ ഉണ്ടാവുകയും മെയ് എട്ടിന് അവര്‍ സമരനായികയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഒരുദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാറാജോസഫിന്റെയും സിവിക് ചന്ദ്രന്റെയും നേതൃത്വത്തില്‍ ഇംഫാലിലേക്കും ഡല്‍ഹിയിലേക്കും യാത്ര തിരിച്ചിട്ടുള്ള പ്രതിനിധി സംഘത്തില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ രൂക്ഷമായ അങ്കക്കുറി എഴുത്തുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതിന്റെ അനിവാര്യതയാണ് സൂചിപ്പിക്കുന്നത്.

നോബല്‍ സമ്മാനജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഷിറിന്‍ ഇബാദി ഇറോം ഷര്‍മിളാ സമരത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ‘If she dies Indian Parliament is directly responsible. If she dies court and judiciary are responsible. If she dies the executive, the Prime Minister and President are responsible for doing nothing. If she dies each of you journalists is responsible because you did not do your duty.

ഇതോടൊപ്പം ഇതുകൂടി ചേര്‍ക്കാവുന്നതാണ. If Irom Sharmila dies you writers are also responsible and your magic wand of writing will be lost then.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w