ആദായം കിട്ടേണ്ടത് കര്‍ഷകനു തന്നെ

കാര്‍ഷികരംഗത്ത് ഉത്പാദനം വര്‍ധിച്ചാല്‍ എല്ലാമായി എന്നാണ് പൊതുവെ ധാരണ. വിപണിയില്‍ ധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സുലഭമാകുന്ന അവസ്ഥ സാധാരണ ഉപഭോക്താക്കളുടെ വീക്ഷണത്തില്‍ ക്ഷേമകരം എന്ന വിശേഷണം അര്‍ഹിക്കുന്നതാണ്. ആ സമൃദ്ധിക്ക് പിന്നിലെ അധ്വാനത്തിന്റെയും കയ്പുനീരിന്റെയും കഥകള്‍ ചികഞ്ഞ് മനസ്സിലാക്കാന്‍ അധികമാരും മെനക്കെടാറില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം കിട്ടുമെന്ന് ഉറപ്പിക്കാനാവാതെ ഉണ്ടാകുന്ന ഉത്പാദനവര്‍ധന കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയുടെ സൂചകമായി കണക്കാക്കാനാവില്ലെന്ന ആസൂത്രണ കമ്മീഷനംഗം അഭിജിത് സെന്നിന്റെ പരാമര്‍ശം സവിശേഷശ്രദ്ധ പതിയേണ്ട ഒന്നാണ്. ഹരിതവിപ്ലവ നാളുകളിലേതില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് ന്യൂഡല്‍ഹിയിലെ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ ബി. പി. പാല്‍ സ്മാരക പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്. അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളുടെയും ആധുനിക കൃഷി സമ്പ്രദായങ്ങളുടെയും ബലത്തില്‍ ഉത്പാദനം കൂടുന്നുണ്ടെങ്കിലും കൃഷിയിടങ്ങളുടെ വിസ്തൃതി ഭയാനകമാംവണ്ണം കുറഞ്ഞുവരുന്നതിന്റെ കാര്യകാരണങ്ങളിലേക്ക് അടിയന്തര ശ്രദ്ധപതിയേണ്ടതിന്റെ ആവശ്യകതയിലേക്കാണ് യഥാര്‍ഥത്തില്‍ അദ്ദേഹം വിരല്‍ ചൂണ്ടുന്നത്.

ഉത്പന്നങ്ങള്‍ക്ക്, കൃഷിച്ചെലവ് കഴിഞ്ഞ് മിച്ചംവെക്കാന്‍ പാകത്തിന് വില കിട്ടിയില്ലെങ്കില്‍ കര്‍ഷകര്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലെത്തുക സ്വാഭാവികമാണ്. ആ സാഹചര്യത്തിലാണ് പലരും കൃഷി ഉപേക്ഷിക്കാന്‍ പോലും തയ്യാറാകുന്നത്. ചിലര്‍ നിലം തരിശാക്കി ഇടുമ്പോള്‍ മറ്റു ചിലര്‍ വയലുകള്‍ നികത്തി കൂടുതല്‍ ആദായകരമായ മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗപ്പെടുത്തുന്നു. അതിന് പഴിക്കേണ്ടത് കര്‍ഷകരെയല്ല. അത്തരം സ്ഥിതിവിശേഷം ഒഴിവാക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ശാസ്ത്രസമൂഹത്തിനും വരെ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഭക്ഷ്യോത്പാദന രംഗത്ത് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഹരിതവിപ്ലവം പോലും കര്‍ഷകരുടെ വരുമാനവര്‍ധനയ്ക്ക് ഒട്ടും ഊന്നല്‍ നല്‍കിയിരുന്നില്ല എന്ന വസ്തുത കാണാതിരുന്നുകൂടാ. വിളവ് വര്‍ധിപ്പിക്കുക എന്ന ഏകമുഖലക്ഷ്യമാണ് പദ്ധതി നടത്തിപ്പുകാര്‍ക്കെല്ലാം അന്നും ഇന്നും ഉള്ളത്. അതിന്റെ ഫലമായി ഉത്പാദകര്‍ ദരിദ്രരായിത്തന്നെ തുടരുന്നു. കാര്‍ഷിക സാക്ഷരതയുടെ കാര്യത്തിലും അവര്‍ ഏറെ പിന്നിലായി. കൃഷി ശാസ്ത്രജ്ഞരുടെയും ആസൂത്രകരുടെയും ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച പരിഹരിക്കാനുള്ള നടപടികള്‍ ഇനിയെങ്കിലും കൈക്കൊള്ളാന്‍ അമാന്തിക്കാതിരുന്നാല്‍ മതി. അതേ ലക്ഷ്യം വെച്ച് സാമ്പത്തിക വിദഗ്ധരുടെ മസ്തിഷ്‌കവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഏറെ വൈദഗ്ദ്ധ്യമൊന്നും അവകാശപ്പെടാനില്ലാത്തവര്‍ക്കുപോലും കൃഷിഭൂമിയില്‍ വിജയഗാഥകള്‍ രചിക്കാന്‍ കഴിയുമെന്നതിന് കേരളം തന്നെ സാക്ഷിയാണ്. കോഴിക്കോട് നഗരത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന വേങ്ങേരിയില്‍ തരിശിട്ടിരുന്ന പത്തേക്കറോളം നെല്‍വയലില്‍ വിളവിറക്കിക്കൊണ്ട് തുടക്കം കുറിച്ച കൂട്ടായ്മ ഒരു ഗ്രാമത്തെയൊന്നാകെ കാര്‍ഷിക, ഭക്ഷ്യ, തൊഴില്‍ മേഖലകളില്‍ സ്വയംപര്യാപ്തതയിലേക്കുയര്‍ത്തിക്കൊണ്ടിരിക്കുന്ന അത്ഭുതകഥ ഇക്കഴിഞ്ഞ ആഴ്ച ‘മാതൃഭൂമി’ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. പരമ്പരാഗതകര്‍ഷകരുടെ മാത്രം സഹായത്തോടെ ജൈവകൃഷി സമ്പ്രദായത്തിലൂടെ ധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് വിളവുകള്‍ പരസ്​പരം പങ്കിട്ടെടുക്കുന്ന മാതൃകയാണ് വേങ്ങേരിക്കാര്‍ ലോകസമക്ഷം അവതരിപ്പിക്കുന്നത്. സാമ്പത്തിക, കാര്‍ഷിക, ആസൂത്രണ രംഗത്തെ വിദഗ്ധര്‍ മനസ്സിരുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ആ സംരംഭം. ഉത്പാദകരുടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി ഉത്പന്നം സംഭരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനത്തിലൂടെ വിലനിര്‍ണയവും വിപണനവും നടത്തുന്ന ‘മില്‍മ’ മറ്റൊരു മാതൃകയാണ്. ധാന്യ വിളകളുടെ കാര്യത്തിലും എന്തുകൊണ്ട് ആ മാര്‍ഗം പരീക്ഷിച്ചുകൂടാ? വിപണന വിലയുടെ ഏറിയ കൂറും ഉത്പാദകന്റെ കൈവശം തന്നെ എത്തിച്ചേരുന്നു എന്നതാണ് ആ സംവിധാനത്തിന്റെ നേട്ടം. കൃഷിയെ സര്‍വനാശത്തില്‍ നിന്ന് കരകയറ്റാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഇനിയും പലതും ഉണ്ടാവും. അതുകണ്ടെത്തി നടപ്പാക്കാനുള്ള മനസ്സുവേണമെന്നുമാത്രം.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w