3ജി’ ഖജനാവിലേക്ക് 67,719 കോടി

ലേലവരുമാനത്തില്‍ പ്രതീക്ഷിച്ചതിലും ഇരട്ടി വര്‍ധന
കേരള സര്‍ക്കിള്‍ 312 കോടിക്ക് ഐഡിയ, ടാറ്റ, എയര്‍സെല്‍ എന്നിവ സ്വന്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാം തലമുറ ടെലികോം സേവന ലൈസന്‍സിനു (3ജി സ്‌പെക്ട്രം) വേണ്ടിയുള്ള ലേലം ബുധനാഴ്ച അവസാനിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഖജനാവിലെത്തിയത് 67,719 കോടി രൂപ.
നേരത്തേ പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണ് ലേലവരുമാനത്തിലെ വര്‍ധന. 3ജി സ്‌പെക്ട്രം, ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് എന്നിവയുടെ ലൈസന്‍സില്‍നിന്ന് 35,000 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്.
3ജി സ്‌പെക്ട്രത്തിന്റെ ലേലത്തില്‍ നിന്നുമാത്രം 67,719 കോടി ലഭിച്ചതോടെ, ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ലേലത്തില്‍ നിന്നുള്ള തുക ഖജനാവിന് ‘ബോണസാ’കും. സര്‍ക്കാറിന്റെ ധനക്കമ്മി കുറയ്ക്കുന്നതിന് ഈ തുക സഹായകമാകും.
ലേലത്തില്‍ ദേശീയതലത്തിലുള്ള ലൈസന്‍സിന് ആരും അര്‍ഹതനേടിയില്ല. ഡല്‍ഹി സര്‍ക്കിളിനാണ് കൂടുതല്‍ തുക ലഭിച്ചത്; 3317 കോടി രൂപ. കേരളാ സര്‍ക്കിള്‍ ഐഡിയ, ടാറ്റ, എയര്‍സെല്‍ എന്നീ കമ്പനികള്‍ നേടി. 312. 5 കോടി രൂപയാണ് ഈ സര്‍ക്കിളിന്റെ ലേലത്തില്‍ നിന്നു സര്‍ക്കാറിന് ലഭിച്ചത്.

കഴിഞ്ഞ 34 ദിവസമായി നടന്ന ലേലത്തില്‍ ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികളെല്ലാം തന്നെ പ്രധാന നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ ലേലത്തുക 16750.58 കോടി രൂപയായിരുന്നു. എന്നാല്‍, ഈ ലൈസന്‍സ് ആര്‍ക്കും ലഭിച്ചില്ല. അനില്‍ അംബാനിയുടെ റിലയന്‍സ് കോം 13 സര്‍ക്കിളുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. എയര്‍ടെല്ലിന്റെ ഭാരതി ടെലികോം 12 സര്‍ക്കിളുകള്‍ നേടി. ഐഡിയ 11 സര്‍ക്കിളും വൊഡാഫോണും ടാറ്റയും ഒമ്പതു സര്‍ക്കിളും നേടി.
മുംബൈ, ഡല്‍ഹി പോലുള്ള പ്രധാന സര്‍ക്കിളുകള്‍ റിലയന്‍സ്‌കോം, ഭാരതി, വൊഡാഫോണ്‍ എന്നീ ടെലികോം കമ്പനികള്‍ക്കാണ്.
മുംബൈ സര്‍ക്കിളില്‍ നിന്ന് 3,247 കോടി രൂപയാണ് ലേലത്തില്‍ ലഭിച്ചത്. 13 സര്‍ക്കിളിനായി റിലയന്‍സ് കോം 8,583 കോടി നല്‍കി. 12 സര്‍ക്കിളിനായി ഭാരതി 12,290 കോടി, 11 സര്‍ക്കിളിനായി ഐഡിയ 5,765 കോടി, 9 സര്‍ക്കിളിനായി വൊഡാഫോണ്‍ 11,617 കോടി, 13 സര്‍ക്കിളിനായി എയര്‍സെല്‍ 6,498 കോടി, 8 സര്‍ക്കിളിനായി ടാറ്റാ ടെലി 5,864 കോടി, മൂന്നു സര്‍ക്കിളിനായി എസ്‌ടെല്‍ 337 കോടി എന്നിങ്ങനെയാണ് നല്‍കിയത്. വീഡിയോകോണ്‍, എറ്റിസലാത്ത് എന്നിവയ്ക്ക് ഒരു സര്‍ക്കിളും ലഭിച്ചില്ല.
ഏപ്രില്‍ ഒമ്പതിന് തുടങ്ങിയ 3ജി സ്‌പെക്ട്രം ലേലത്തില്‍ ഒമ്പത് ടെലികോം കമ്പനികളാണ് രംഗത്തുണ്ടായിരുന്നത്. 17 ടെലികോം സര്‍ക്കിളുകളില്‍ മൂന്നു കമ്പനികള്‍ക്കും പഞ്ചാബ്, ബിഹാര്‍, ഒറീസ്സ, ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നാലു കമ്പനികള്‍ക്കുമായാണ് നീക്കിവെച്ചത്. ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനും ലേലത്തില്‍ പങ്കെടുക്കാതെ തന്നെ നേരത്തേ 3ജി സ്‌പെക്ട്രം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ലേലത്തുകയ്ക്കനുസരിച്ചായിരിക്കും വില നിശ്ചയിക്കുന്നത്. സപ്തംബറിലാണ് സ്‌പെക്ട്രം ലേലത്തില്‍ ജയിച്ചവര്‍ക്ക് ലഭിക്കുക.

ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ആക്‌സസിനായി 11 ടെലികോം കമ്പനികളാണ് രംഗത്തുള്ളത്. തറവിലയായി നിശ്ചയിച്ചിട്ടുള്ളത് 1,750 കോടി രൂപയാണ്. ഒരു സര്‍ക്കിളില്‍ രണ്ടു കമ്പനികള്‍ക്കായി 20 മെഗാഹെര്‍ട്ട്‌സാണ് നീക്കിവെച്ചിട്ടുള്ളത്.
സര്‍ക്കാറിന്റെ ധനക്കമ്മി 5.5 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി കുറയ്ക്കാന്‍ 3ജി ലേലത്തില്‍ നിന്നു ലഭിച്ച 67,719 കോടി സഹായിക്കും.

2008-ലെ സാമ്പത്തിക മാന്ദ്യത്തില്‍ ധനക്കമ്മിയുമായി ബന്ധപ്പെട്ട കണക്കുകള്‍ കൈവിട്ടുപോയിരുന്നു. ഇത്രയധികം തുക ലഭിക്കുമ്പോള്‍ സാമൂഹികക്ഷേമ രംഗത്ത് കൂടുതല്‍ ചെലവിടുന്നതിന് സര്‍ക്കാറിന് കഴിയും.

3ജി വിപ്ലവം

‘3ജി’ സ്‌പെക്ട്രം അഥവാ മൂന്നാംതലമുറ റേഡിയോ തരംഗരാജി രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവത്തിന് വഴിയൊരുക്കും. അതിവേഗം ദൃശ്യങ്ങളും വിവരങ്ങളും കൈമാറാന്‍ കഴിയുമെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. കൂടുതല്‍ വ്യക്തതയുമുണ്ടാകും. മൊബൈല്‍ ഫോണില്‍ പരസ്​പരം കണ്ടുകൊണ്ട് സംസാരിക്കാന്‍ കഴിയും. രണ്ടുപേര്‍ക്കും ഈ സംവിധാനമുള്ള ഫോണ്‍ വേണമെന്നു മാത്രം. വീഡിയോ കോണ്‍ഫറന്‍സ്, ഇഷ്ടമുള്ള വീഡിയോ തിരഞ്ഞെടുത്ത് കാണാനുള്ള സംവിധാനം, മൊബൈല്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ ഗെയിം, ഇന്റര്‍നെറ്റ് മെസ്സേജിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w