ഈ ഹര്‍ത്താല്‍ ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടിനിന്ന്

മൂന്നു ദശാബ്ദങ്ങള്‍ക്കു മുന്‍പ് എം.എ. ബേബി എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലം. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജനതാ പാര്‍ട്ടി കേന്ദ്രത്തില്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പി.സി. ചുന്ദര്‍ (1977-79) തിരുവനന്തപുരത്തു വന്നപ്പോള്‍ എസ്എഫ്ഐ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. തുടര്‍ന്നു നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുകയും അതു കൊല്ലത്ത് അക്രമാസക്തമാവുകയും ചെയ്തു. ബസുകള്‍ക്കു തീവച്ചു. അതേക്കുറിച്ചു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇപ്രകാരം:
’കൊല്ലത്തു വിദ്യാര്‍ഥികളുടെ രോഷാഗ്നി ആളിപ്പടര്‍ന്നു. ട്രാന്‍സ്പോര്‍ട്ട് ബസിനു തീപിടിച്ചു.

ഇതുപോലെയുള്ള എത്രയെത്ര സമരങ്ങള്‍ക്കും ബന്ദുകള്‍ക്കും അതിനെ സാധൂകരിക്കുന്ന തലക്കെട്ടുകള്‍ക്കും നാം സാക്ഷികളാണ്.
2008 ഒാഗസ്റ്റ് 20ന് ഇടതുപക്ഷം കേന്ദ്ര നയങ്ങള്‍ക്കെതിരെ നടത്തിയ ഹര്‍ത്താല്‍മൂലം കേരളം സ്തംഭിച്ചപ്പോള്‍ ഒാമനപ്പുത്രന്റെ മൃതദേഹത്തിനടുത്തെത്താന്‍ കഴിയാതെ കണ്ണീര്‍പ്പുഴ ഒഴുക്കിയ ഒരമ്മ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിസ്സഹായയായി ഇരുന്ന രംഗം കേരളം മറന്നുകാണില്ല.

ഇതുപോലെ ഒാരോ ഹര്‍ത്താലും എത്രയെത്ര കണ്ണീര്‍ച്ചിത്രങ്ങള്‍ കോറിയിട്ടാണു കടന്നുപോകുന്നത്. ഹര്‍ത്താലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍.. അംഗവൈകല്യം ബാധിച്ചവര്‍.. ജോലി നഷ്ടപ്പെട്ടവര്‍.. വിദേശത്തു പോകാനാകാതെ വന്നവര്‍.. പരീക്ഷ എഴുതാനാകാതെ വന്നവര്‍.. പട്ടിക ഇനിയുമുണ്ട്.
കെഎസ്ആര്‍ടിസി ബസുകളും മറ്റു പൊതുമുതലുകളും എറിഞ്ഞുടയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍, സംസ്ഥാനം ഒരു ദിവസം നിശ്ചലമാകുമ്പോള്‍ സംഭവിക്കുന്ന ഉല്‍പാദന നഷ്ടങ്ങള്‍, കൈവിട്ടുപോകുന്ന നിക്ഷേപങ്ങള്‍.. അതിനൊന്നും കണക്കില്ല. ഹര്‍ത്താല്‍ വന്‍ വിജയമെന്നു കൊട്ടിഘോഷിക്കുന്നവരുടെ കണക്കുപുസ്തകത്തില്‍ ഇൌ നഷ്ടക്കണക്കുകള്‍ക്ക് ഇടം കിട്ടാറില്ല.

കേരളത്തിലെ ഹര്‍ത്താലുകളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഒരു കണക്കുണ്ട്. കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥനത്തു ചെറുതും വലുതുമായ 295 ഹര്‍ത്താലുകളാണു നടന്നത്. 18 എണ്ണം പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ഹര്‍ത്താലുകളാണ്. ഇടതുപക്ഷം – എട്ട്, ബജെപി – എട്ട്, യുഡിഎഫ് – രണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നു നടത്തിയത് 22 ഹര്‍ത്താലുകള്‍. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള യുഡിഎഫ് നടത്തിയതു രണ്ടു ഹര്‍ത്താലുകള്‍. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഇടതുപക്ഷത്തിന്റെ പ്രധാന സമരായുധം ഹര്‍ത്താല്‍തന്നെ.

സമീപകാലത്ത് ഏറ്റവുമധികം ദേശീയ, സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നത് 2008ല്‍ ആണ്. 2006ല്‍ നാല്, 2007ല്‍ രണ്ട്, 2009ല്‍ രണ്ട്, 2010ല്‍ ഇതുവരെ രണ്ട് എന്നിങ്ങനെയാണു മേജര്‍ ഹര്‍ത്താലുകളുടെ എണ്ണം. 2008ല്‍ നടന്ന ഒന്‍പതു ഹര്‍ത്താലുകളില്‍ ബിജെപി – നാല്, എല്‍ഡിഎഫ് – നാല്, യുഡിഎഫ് ഒന്ന്. 2008 ജൂലൈയിലാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇൌ പശ്ചാത്തലത്തിലാണു ഹര്‍ത്താലുകളുടെ പ്രളയം ഉണ്ടായത്.
കേന്ദ്രത്തിനെതിരെ ആ വര്‍ഷം സിപിഎമ്മും ബിജെപിയും മാറി മാറി എട്ടു ഹര്‍ത്താലുകള്‍ നടത്തി. യുപിഎ സര്‍ക്കാരിനെ അന്നുവരെ പുറത്തുനിന്നു പിന്തുണച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിനു പിന്തുണ പിന്‍വലിച്ചു കഴിഞ്ഞപ്പോള്‍ മാത്രമാണു കേന്ദ്രം മോശമാണെന്ന ബോധോദയം ഉണ്ടായത്. ഇരു കൂട്ടര്‍ക്കും ആസന്നമായ തിരഞ്ഞെടുപ്പു മാത്രമായിരുന്നു ലക്ഷ്യം.

ഇടതുപക്ഷത്തിന്റെ ദേശീയ ഹര്‍ത്താല്‍ യഥാര്‍ഥത്തില്‍ കേരളത്തെ മാത്രമേ ബാധിക്കാറുള്ളൂ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഹര്‍ത്താലിനെ പ്രാകൃത സമരമെന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു ഹര്‍ത്താലിനും കൊല്‍ക്കത്തയെ നിശ്ചലമാക്കാന്‍ സാധിക്കില്ല. അവിടെ ജീവിതം ഹൂഗ്ലി നദിപോലെ ഒഴുകിക്കൊണ്ടിരിക്കും. പിന്നെ ത്രിപുരയാണ്. ജനങ്ങളെ ബന്ദികളാക്കി അവരും സമരം ചെയ്യാറില്ല. കേരളത്തിന്റെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ടു മാത്രമേ സിപിഎമ്മിനു ദേശീയതലത്തില്‍ ജനജീവിതം പാടേ സ്തംഭിപ്പിച്ചു എന്നു വിജയഭേരി മുഴക്കാന്‍ കഴിയൂ.

രാജ്യത്ത് ആദ്യമായി ബന്ദ് നിരോധിച്ച സംസ്ഥാനം കേരളമാണ്. 1997ലാണ് ഹൈക്കോടതി നിര്‍ണായകമായ ഇൌ വിധി പ്രസ്താവിച്ചത്. അതു സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. 2004ല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതി വിസമ്മതിക്കുകയും അതിന്റെ മറവില്‍ ബന്ദിനെ ഹര്‍ത്താലാക്കി മാറ്റുകയുമാണ് എല്ലാവരും ചെയ്യുന്നത്. ജനജീവിതം സുഗമമാക്കാന്‍ കോടതി അന്ന് ഒന്‍പതിന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവ നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പക്ഷേ, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താലുകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറക്കുന്നു. ഇൌ സാഹചര്യത്തിലാണ് ദൈവത്തിനുപോലും നമ്മുടെ നാടിനെ രക്ഷിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. പ്രതിഷേധിക്കാനുള്ള ആരുടെയും അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രതിഷേധിക്കാന്‍ അവകാശമുള്ളതുപോലെതന്നെ പ്രതിഷേധത്തില്‍നിന്നു വിട്ടുനില്‍ക്കാനും അവകാശമുണ്ട്. അതാണു മാനിക്കപ്പെടേണ്ടത്. അതാണു ലംഘിക്കപ്പെടുന്നത്.

കേരളം നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പരമ്പരാഗതമായ കാഴ്ചപ്പാടുകളും സമീപനങ്ങളും മാറിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാരിന്റെ പെന്‍ഷന്‍ പറ്റി കഴിയുന്ന ആ കാലം മാറി. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി സംരംഭകരെ സ്വീകരിച്ച് അതിലൂടെ സമ്പത്തും തൊഴിലവസരങ്ങളും ഒരുക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. അതിനുതകുന്ന സമീപനങ്ങളും പരിപാടികളുമാണ് എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

നമ്മുടെ രാജ്യത്തും മറ്റു സംസ്ഥാനങ്ങളിലും ഇപ്പോള്‍ അതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചു കുലുക്കിയിട്ടും ഇന്ത്യ കുലുങ്ങിയില്ല. ഐടി മേഖലപോലും വീണ്ടും ഉഷാറായി. റിക്രൂട്ട്മെന്റുകള്‍ പുനരാരംഭിച്ചു. എല്ലാ മേഖലകളും വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചതു കേരളത്തിനാണ്. ലക്ഷക്കണക്കിനു മലയാളി യുവാക്കള്‍ കേരളത്തിനു പുറത്തുപോയി തൊഴില്‍ കണ്ടെത്തി. പുതിയ സാമ്പത്തിക ക്രമത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത സംസ്ഥാനമാണു കേരളം. മറ്റു സംസ്ഥാനങ്ങള്‍ മല്‍സരിച്ചു നേട്ടം കൈവരിക്കുന്നു.

വിലക്കയറ്റത്തിനെതിരെയാണല്ലോ ഇത്തവണത്തെ ഹര്‍ത്താല്‍. കേരളത്തിലെ ജനങ്ങളെ പട്ടിണിയിലാക്കിയതു കേന്ദ്രമാണെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിനു കേന്ദ്രം മാത്രമാണോ ഉത്തരവാദികള്‍? മുന്‍വര്‍ഷം ഉണ്ടായ രൂക്ഷമായ വരള്‍ച്ച, ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ അനവധി കാരണങ്ങളാല്‍ വിലക്കയറ്റം ഉണ്ടായി എന്നതു വാസ്തവമാണ്. അതിനു കേന്ദ്രം അതിന്റേതായ രീതിയില്‍ പരിഹാരം തേടുകയും ചെയ്തു. കേന്ദ്രത്തിന്റെ ഭക്ഷ്യശേഖരത്തിലേക്കു പശ്ചിമ ബംഗാള്‍ ഒരുമണി അരിപോലും നില്‍കിയില്ല.

കേരളത്തിലെ ജനങ്ങളെ പട്ടിണിയില്‍നിന്നു സംരക്ഷിക്കുന്നതു യഥാര്‍ഥത്തില്‍ ആരാണ്? അരിയുടെ കാര്യമെടുക്കാം. രണ്ടു രൂപയ്ക്ക് അരിയാണല്ലോ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വിലക്കയറ്റ വിരുദ്ധ നടപടി. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ടവരായ അന്ത്യോദയ അന്നയോജനക്കാര്‍ക്കു കേന്ദ്രം മുന്നു രൂപയ്ക്കു നല്‍കുന്ന അരിയാണു സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ സബ്സിഡി നല്‍കി രണ്ടു രൂപയ്ക്കു നല്‍കുന്നത്. കേന്ദ്രം ഇൌ ഒരു കിലോ അരിക്കു നല്‍കുന്ന സബ്സിഡി 18.15 രൂപ. ബിപിഎല്ലുകാര്‍ക്ക് 5.85 രൂപയ്ക്കാണു കേന്ദ്രം അരി നല്‍കുന്നത്. അതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 3.85 രൂപ. കേന്ദ്രം ഒരു കിലോയ്ക്ക്  നല്‍കുന്നത് 15.49 രൂപ. എപിഎല്ലിന് 8.30 രൂപയ്ക്ക് ഇവിടെ അരി വിതരണം ചെയ്യുന്നതു കേന്ദ്രം കിലോയ്ക്ക് 12.84 രൂപ വീതം സബ്സിഡി നല്‍കുന്നതുകൊണ്ടു മാത്രമാണ്. ഇതു കേന്ദ്രത്തിന്റെ ബാധ്യതതന്നെയാണ്. അതേ ബാധ്യതയും പ്രതിബദ്ധതയും  സംസ്ഥാന സര്‍ക്കാരിനുമില്ലേ?

സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന പ്രതിബദ്ധത അളക്കാന്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതി  മാത്രം പരിശോധിച്ചാല്‍ മതി. അതിന്റെ നടത്തിപ്പില്‍ ഏറ്റവും പിന്നിലാണു കേരളം. 100 ദിവസം തൊഴില്‍ നല്‍കേണ്ടതിനു പകരം 2008-09ല്‍ നല്‍കിയതു വെറും 22 ദിവസം. അടുത്ത വര്‍ഷം 31 ദിവസവും. 1000 കോടി വരെ ചെലവഴിക്കാമായിരുന്നിട്ടും 2008-09ല്‍ ചെലവഴിച്ചത് വെറും 277 കോടി. അടുത്ത വര്‍ഷം 450 കോടി. പദ്ധതി നടത്തിപ്പില്‍ 27-ാം സ്ഥാനത്താണു കേരളം.

സംസ്ഥാനത്ത് 22 കേന്ദ്ര പദ്ധതികളാണു നടപ്പാക്കുന്നത്. കേന്ദ്രത്തില്‍നിന്ന് അന്‍പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം വന്നു. കേന്ദ്ര ബജറ്റില്‍ കേരളത്തിന് കൈനിറയെ തന്നു. എന്നിട്ടും എന്തിനാണ് ഹര്‍ത്താല്‍പോലുള്ള മാരകായുധമെടുത്തു കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത്?
ജനരോഷത്തില്‍ ബസിനു തീപിടിച്ചെന്നു വ്യാഖ്യാനിക്കുന്നവര്‍ക്കു സ്വന്തം പരാജയങ്ങളുടെ ഉത്തരവാദി കേന്ദ്രമെന്നു വ്യാഖ്യാനിക്കാനും എന്തെളുപ്പം? പക്ഷേ, ജനരോഷത്തിനു ശരിക്കും തീപിടിച്ചുകഴിഞ്ഞിരിക്കുന്നു.

ലിങ്ക് – മനോരമ

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “ഈ ഹര്‍ത്താല്‍ ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടിനിന്ന്

  1. പുത്തന്‍ വോള്‍വ ബസ്സുകളില്‍ കല്ലെറിയല്ലെ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )