വിജയം നൂറുശതമാനമാക്കാന്‍ ‘പഠനവൈകല്യ’വും കുറുക്കുവഴി

കണ്ണൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയ ശതമാനം ഉയര്‍ത്താനുള്ള കുറുക്കുവഴിയായി സംയോജിത വിദ്യഭ്യാസ പദ്ധതി (ഐ.ഇ.ഡി.സി.) മാറുന്നു.

ശാരീരികവും മാനസികവുമായ വൈകല്യങ്ങളും പഠന വൈകല്യങ്ങളും ഉള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഐ.ഇ.ഡി.സി. പദ്ധതി.

പതിവില്‍നിന്ന് വ്യത്യസ്തമായി പല വിദ്യാഭ്യാസ ജില്ലകളിലും ഈ പദ്ധതിയനുസരിച്ച് പരീക്ഷ എഴുതിയവരുടെ എണ്ണം ഇത്തവണ നാലും അഞ്ചും ഇരട്ടിയാണ്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എത്തുന്ന ഉത്തരക്കടലാസുകള്‍തന്നെ ഇതിനുള്ള തെളിവ്. സംസ്ഥാനത്തെ എല്ലാ ക്യാമ്പുകളിലും പ്രത്യേകം രേഖപ്പെടുത്തിയ ഇത്തരം ഉത്തരക്കടലാസുകള്‍ ധാരാളമായി എത്തിയിട്ടുണ്ട്. ആറായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ ഈ പദ്ധതിയനുസരിച്ച് പരീക്ഷ എഴുതിയത് എന്നാണ് കണക്ക്.

പരീക്ഷ എഴുതാന്‍ അധിക സമയം, 25 ശതമാനം ഗ്രേസ് മാര്‍ക്ക്, മറ്റൊരാളെ വെച്ച് പരീക്ഷ എഴുതാനുള്ള അനുമതി, ചോദ്യങ്ങളുടെ വ്യാഖ്യാതാവായി ഒരാള്‍ക്ക് കൂടെ ഇരിക്കാനുള്ള അവസരം, ചില വിഷയങ്ങളിലെ പരീക്ഷ പാടേ ഒഴിവാക്കല്‍ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളാണ് ഐ.ഇ.ഡി.സി. പദ്ധതിയില്‍ പെട്ടവര്‍ക്ക് ലഭ്യമാവുന്നത്.

വിജയ ശതമാനം ഉയര്‍ത്താന്‍ മത്സരിക്കുന്ന വിദ്യാലയങ്ങളാണ് ഈ പദ്ധതിയെ കൂടുതലായി ദുരുപയോഗം ചെയ്തിരിക്കുന്നത്. പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ പഞ്ചായത്തുകളും വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍തന്നെയും ഇക്കാര്യത്തില്‍ ലാഘവബുദ്ധി കാണിച്ചതും അവര്‍ക്ക് പ്രോത്സാഹനമായി. ഐ.ഇ.ഡി.സി. പദ്ധതി നേരത്തെതന്നെ ഉണ്ട്. എങ്കിലും അതിന്റെ സാധ്യത കൂടുതലായി ഉപയോഗപ്പെടുത്തിയത് ഇക്കൊല്ലമാണ്. വിജയ ശതമാനം ഉയര്‍ത്താനായി അതിലെ പഴുതുകള്‍ കണ്ടെത്തി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ കുട്ടികളെയും ഇതിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കുകയാണ് ഇത്തവണ മിക്ക വിദ്യാലയ അധികൃതരും ചെയ്തിട്ടുള്ളത്. നൂറ് ശതമാനം വിജയമെന്ന ലക്ഷ്യമിട്ടായിരുന്നു ഇത്. വൈകല്യം നിശ്ചയിക്കുന്നതില്‍ വരുത്തിയ ഇളവുകളും അതിന് സഹായകമായി.

40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് നിശ്ചയിക്കുന്നവര്‍ക്കാണ് പദ്ധതിയനുസരിച്ച് പരീക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുക. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഇങ്ങനെ നിശ്ചയിക്കാം. എന്നാല്‍ പഠന വൈകല്യത്തിന് മാനദണ്ഡം നിശ്ചയിക്കുക എളുപ്പമല്ല. ഇതാണ് പലരും ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇതിന് 40 ശതമാനം എന്ന മാനദണ്ഡവും ബാധകമാക്കിയിട്ടില്ല. ഇവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന് പകരം ഏതെങ്കിലും സര്‍ക്കാര്‍ ആസ്​പത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത സൈക്യാട്രി വിഭാഗം വിദഗ്ധന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതിയാകും. അപേക്ഷകള്‍ പ്രധാനാധ്യാപകനും ഡി.ഇ.ഒ.യും പരിശോധിച്ച് ഏത് ആനുകൂല്യമാണ് നല്‍കേണ്ടതെന്ന ശുപാര്‍ശയോടെ ഡി.പി.ഐ.ക്ക് നല്‍കും.

ഈ പഴുതാണ് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഒരു വിദ്യാലയത്തില്‍ ഇങ്ങനെ പരീക്ഷ എഴുതിച്ചത് ക്രമക്കേടാണെന്ന് കാണിച്ച് ഭരണപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകള്‍തന്നെ രംഗത്തിറങ്ങിയിരുന്നു. സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നാരോപിച്ച് പ്രതിപക്ഷം മറുപടിയുമായി എത്തി. സി.പി.എം. ശക്തികേന്ദ്രങ്ങളിലെ സ്‌കൂളുകളിലും ഇത്തരത്തില്‍ ധാരാളംപേര്‍ പരീക്ഷ എഴുതുന്നുണ്ടെന്ന പ്രത്യാരോപണവും ഉയര്‍ന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരാണ് ഇങ്ങനെ പരീക്ഷ എഴുതുന്നതെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തോടെ സമരവും വിവാദവും അവസാനിക്കുകയാണുണ്ടായത്.

മിക്ക ജില്ലകളിലും അതത് ജില്ലാ പഞ്ചായത്ത് അധികൃതര്‍തന്നെ വിജയ ശതമാനം ഉയര്‍ത്താന്‍ പരീക്ഷാ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് യോഗംവിളിച്ച് നിര്‍ദേശം നല്‍കിയിരുന്നു. 2009ല്‍ സംസ്ഥാനത്തുണ്ടായ 91.92 എന്ന വിജയ ശതമാനം കൂടുതല്‍ ഉയര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പും ശ്രമിക്കുന്നത്.

നാല് വര്‍ഷംകൊണ്ടാണ് വിജയ ശതമാനം കുതിച്ചുയര്‍ന്നത്. 2000ല്‍ 56.18 ശതമാനമായിരുന്ന വിജയം 2005ല്‍ 58.49 ആയി. 2006ല്‍ 68ഉം 2007ല്‍ 82.29 ഉം ശതമാനമായി. 2008ലാകട്ടെ റെക്കോഡിട്ടു- 92.09 ശതമാനം. മാര്‍ക്ക് നല്‍കുന്നതില്‍ ഉദാരമായ സമീപനം ഉണ്ട് എന്ന ആക്ഷേപം വ്യാപകമായതും ഈ പശ്ചാത്തലത്തിലാണ്. നിലവിലുള്ള ജില്ലാ പഞ്ചായത്തുകളുടെ അവസാനത്തെ അവസരമാണ് ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ. 2008ലെ റെക്കോഡ് മറികടക്കാനുള്ള തീവ്ര ശ്രമം അടിസ്ഥാന സൗകര്യങ്ങളുടെയും പഠനത്തിന്റെയും കാര്യത്തില്‍ എല്ലാ ഭാഗത്തും നടക്കുന്നുണ്ട്. ഇടതുമുന്നണി സര്‍ക്കാരും അത് നേട്ടമായി കാണുന്നു. ഈ ശ്രമങ്ങള്‍ക്കിടയിലാണ് സ്‌കൂളുകാരുടെ വക ചട്ടങ്ങളുടെ ദുരുപയോഗം.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിദ്യാഭ്യാസം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w