നാളെ കൂട്ടവിരമിക്കല്‍, നിയമനത്തിന് നീക്കമില്ലാതെ 20,000 കസേരകള്‍!

തിരുവനന്തപുരം: നാളെ ‘ഗ്രേറ്റ് പെന്‍ഷനേഴ്സ് ഡേ!’ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഈ ഒരൊറ്റ ദിവസം കൂട്ടത്തോടെ വിരമിക്കുന്നത് 20,000 പേര്‍. പെന്‍ഷന്‍ തീയതി ഏകീകരണം നടപ്പാക്കിയതിനുശേഷം സംഭവിക്കുന്ന ആദ്യത്തെ കൂട്ടവിരമിക്കലാണ് ഇത്. ഇത്രയും ഒഴിവുകള്‍ നികത്താനുള്ള ഊര്‍ജ്ജിത ശ്രമമൊന്നും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് കസേരകള്‍ ഒഴിഞ്ഞുതന്നെ കിടക്കുമെന്ന് ഉറപ്പ്. ജനം ‘ആളില്ലാക്കസേരകള്‍’ കണ്ടുമടങ്ങേണ്ടിയും വരും.

20,000 പേര്‍ വിരമിക്കേണ്ടതാണെങ്കിലും ഇവരില്‍ 17,000 പേരേ പെന്‍ഷന് അപേക്ഷ നല്കിയിട്ടുള്ളൂവെന്ന് അക്കൌണ്ടന്റ് ജനറലിന്റെ ഓഫീസിലെ കണക്കുകള്‍ പറയുന്നു. ബാക്കിയുള്ളവരില്‍ 2,500- ഓളം പേര്‍ക്ക് ഇതുവരെ ഔദ്യോഗികമായി വിരമിക്കല്‍ അറിയിപ്പ് കിട്ടിയിട്ടില്ല. അവസാനദിവസമെങ്കിലും കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവരുള്‍പ്പെടെ പെന്‍ഷന്‍ അപേക്ഷ നല്കിയിട്ടില്ലാത്ത മൂവായിരത്തോളം ജീവനക്കാര്‍.

കൂട്ടവിരമിക്കല്‍ കാരണം ‘കൂട്ട ഒഴിവ്’ വരുന്നത് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ത്തന്നെ. 250 പേരാണ് നാളെ ഇവിടെനിന്ന് വിടപറയുക. ഇക്കൂട്ടത്തില്‍ 82 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഒഴിവ് പ്രൊമോഷനിലൂടെ നികത്തുമെങ്കിലും ഫലത്തില്‍ ഒഴിവ് താഴേത്തട്ടിലേക്ക് വരികയാണ് ചെയ്യുക.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താമെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വളരെക്കുറച്ച് ഒഴിവുകള്‍ മാത്രം. ഏറ്റവും കൂടുതല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ്- 42. ഒഴിവുകള്‍ അറിയിക്കാന്‍ പൊതുഭരണ വകുപ്പിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടേയുള്ളൂ. അതേസമയം, നിലവിലുള്ള 600 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ ഏപ്രില്‍ 30-ന് തീരും. ഇത് നീട്ടിക്കിട്ടാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശമാകട്ടെ, സാങ്കേതിക തടസ്സം പറഞ്ഞ് പി.എസ്.സി ഒഴിവാക്കുകയും ചെയ്തു.

അടിയന്തരമായി പുതിയ നിയമനം നടത്തണമെങ്കില്‍ ഏപ്രില്‍ 30- നു മുമ്പ് ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കണമെന്ന് ചുരുക്കം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടേത് ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ വിവിധ വകുപ്പുകളില്‍ നിന്ന് ഇനിയും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. അതിന് വകുപ്പ് മേധാവികള്‍ പറയുന്ന ന്യായം, ഒഴിവുകള്‍ മുന്‍കൂട്ടി അറിയിക്കുന്ന കീഴ്വഴക്കമില്ലെന്നാണ്. വിരമിക്കല്‍ മൂലം ഒഴിവുവരുന്ന തസ്തികകളുടെ കണക്കെടുത്ത് ആറുമാസത്തിനകം പി.എസ്.സിയെ അറിയിക്കാനേ ഇപ്പോഴത്തെ രീതിയനുസരിച്ച് കഴിയൂ.

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചാലോ- അപേക്ഷ ക്ഷണിക്കല്‍, പരിശോധന, പരീക്ഷ, മൂല്യനിര്‍ണയം, പുതിയ റാങ്ക്ലിസ്റ്റ് തയ്യാറാക്കല്‍ തുടങ്ങി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെടുക്കും. അത്രയും കാലം ഒഴിവുകള്‍ക്ക് എന്തു സംഭവിക്കുമെന്നു ചോദിച്ചാല്‍ ഒന്നും സംഭവിക്കില്ല എന്നേയുള്ളൂ മറുപടി.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പെന്‍ഷന്‍, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w