കേന്ദ്ര ധനകാര്യകമ്മിഷനെതിരെ സമരം ചെയ്യണോ?

വി.ശാന്തകുമാര്‍

രാജ്യത്തുനിന്നും കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയുടെ എത്രഭാഗം എങ്ങനെ സംസ്ഥാനങ്ങള്‍ക്കായി വിഭജിച്ചുനല്‍കണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനാണ് കേന്ദ്രധനകാര്യ കമ്മിഷന്‍. ചില മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കാറുള്ളത്. ഈ മാനദണ്ഡങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കമ്മിഷന്‍ പരിശോധിക്കാറുണ്ട്. ഇപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള പതിമൂന്നാം ധനകാര്യ കമ്മിഷന്‍ കേരളത്തോട് എന്തോ അവഗണന നടത്തിയിട്ടുണ്ടെന്നും അതിനെതിരെ കോടതിയില്‍ പോകുമെന്നും നമ്മുടെ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് ഇതിനുപിന്നിലെ യാഥാര്‍ത്ഥ്യം?

ധനകാര്യകമ്മിഷന് മുഖ്യമായും രണ്ടു കാര്യങ്ങളാണ് തീരുമാനിക്കാനുള്ളത്. കേന്ദ്രത്തിന് കിട്ടുന്ന നികുതിയില്‍ എത്രഭാഗം എല്ലാ സംസ്ഥാനസര്‍ക്കാരുകള്‍ക്കുമായി നല്‍കണം. അക്കാര്യത്തില്‍ പതിമൂന്നാം ധനകാര്യകമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് അനുഗുണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മൊത്തം കേന്ദ്ര നികുതിവരുമാനത്തിന്റെ ഒന്നര ശതമാനംകൂടി, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും അധികമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, നികുതിയ്ക്ക് പുറമേ സര്‍ചാര്‍ജ് എന്ന രീതിയില്‍ കേന്ദ്രം പണം പിരിക്കുകയും അത് സംസ്ഥാനങ്ങള്‍ക്ക് വീതം വയ്‌ക്കേണ്ട ഫണ്ടില്‍ ഉള്‍പ്പെടുത്താതിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതിയെ കമ്മിഷന്‍ ശക്തമായി വിമര്‍ശിച്ചിട്ടുമുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളായി കൂടുതല്‍ പണം കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നതിനേയും കമ്മിഷന്‍ അനുകൂലിക്കുന്നില്ല. ചുരുക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതിവരുമാനത്തില്‍ കൂടുതല്‍ഭാഗം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്ന നിലപാടാണ് പതിമൂന്നാം ധനകാര്യകമ്മിഷനുള്ളത്.

ധനകാര്യകമ്മിഷന്‍ തീരുമാനിക്കേണ്ട രണ്ടാമത്തെ കാര്യം സംസ്ഥാനങ്ങള്‍ക്കു മൊത്തമായി നല്‍കേണ്ടതില്‍ ഓരോ സംസ്ഥാനത്തിനും എത്ര നല്‍കണമെന്നതാണ്. ഇവിടെയാണ് മാനദണ്ഡങ്ങളുടെ പ്രസക്തി. ഇതിനായി വിവിധ മാനദണ്ഡങ്ങള്‍ സ്വീകരിക്കാം. ഇന്ത്യയുടെ ജീവിതനിലവാരം എല്ലായിടത്തും ഉയര്‍ത്തുക എന്ന സമത്വബോധത്തോടെയുള്ള ഒരു ലക്ഷ്യം കമ്മിഷന്‍ സ്വീകരിച്ചു എന്നിരിക്കട്ടെ. സ്വാഭാവികമായി പൊതുജീവിതനിലവാരവും സാമ്പത്തികനിലവാരവും താഴ്ന്നിരിക്കുന്ന ബീഹാര്‍, ഒറീസ, ജാര്‍ഖണ്ട് മുതലായ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ള കേരളത്തിന് അല്പം കുറയ്‌ക്കേണ്ടി വരും.

എന്നാല്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഒരു സമത്വസമീപനത്തെ നമുക്ക് എതിര്‍ക്കാം (അത് തുറന്നുപറഞ്ഞ് എതിര്‍ക്കാന്‍ പലരും തയ്യാറാവില്ല). ആ സംസ്ഥാനത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും ദീര്‍ഘകാലമായി അവര്‍ സ്വീകരിച്ചിട്ടുള്ള നയങ്ങളും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് അവരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും, അതിന് കേരളം പോലെ ജീവിതനിലവാരത്തില്‍ മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനം എന്തിന് ത്യാഗം സഹിക്കണമെന്നും ചോദിക്കാം. ഇതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തില്‍ കാര്യക്ഷമതയുടെ മാനദണ്ഡമുപയോഗിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെട്ടാലും നമുക്ക് തിരിച്ചടി കിട്ടും. കാരണം ഇതേ മാനദണ്ഡമുപയോഗിച്ച്, കേന്ദ്രനികുതി വരുമാനത്തിലേക്ക് കൂടുതല്‍ പണം നല്‍കുന്ന സംസ്ഥാനങ്ങള്‍, തങ്ങള്‍ക്ക് അതിനാല്‍ ഉയര്‍ന്ന പങ്ക് കിട്ടണമെന്ന് വാദിക്കും. ജീവിതനിലവാരം ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തില്‍നിന്നും കേന്ദ്രനികുതിവരുമാനത്തിലേക്ക് നല്‍കുന്ന പങ്ക് മറ്റു ചില സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ (ആളോഹരി കണക്കിലെടുത്താല്‍) കുറവാണ്. ഇതിന് കാരണം കേരളത്തിനകത്ത് വരുമാനം വന്‍തോതില്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള വ്യാവസായികവും സാമ്പത്തികവുമായ വളര്‍ച്ച ഉണ്ടായിട്ടില്ല എന്നതുകൊണ്ടാണ്.

മലയാളികള്‍ വിദേശത്തു പോയി അദ്വാനിച്ച് കൂടുതല്‍ വിദേശനാണ്യമുണ്ടാക്കി കേരളത്തിലേയും ഇന്ത്യയിലേയും ബാങ്കുകളില്‍ നിറയ്ക്കുന്നില്ലേ എന്ന ചോദ്യം ഉയരാം. ഇവിടെ നാം ചില വസ്തുതകള്‍ മനസ്സിലാക്കണം. ബാങ്കുകളില്‍ വരുന്നത് പലിശയോടെ തിരിച്ചുനല്‍കേണ്ട നിക്ഷേപങ്ങളാണ്. അല്ലാതെ നികുതിയല്ല. മിക്ക മറുനാടന്‍ മലയാളികളും (ഇന്ത്യാക്കാരും) നമ്മുടെ രാജ്യത്ത് നികുതി നല്‍കുന്നില്ല. മാത്രമല്ല ഇന്ന് കുറച്ചു കൂടുതല്‍ വിദേശനാണ്യമുണ്ടാകുന്നു എന്നതുകൊണ്ട് രാജ്യത്തിന് കാര്യമായ അധികനേട്ടമില്ല. പത്തു പതിനഞ്ചുവര്‍ഷം മുമ്പുവരെ രാജ്യം വിദേശനാണ്യക്ഷാമം നേരിട്ടിരുന്ന അവസ്ഥയില്‍ കുറച്ചുകൂടുതല്‍ വിദേശ കറന്‍സി, നമ്മുടെ ബാങ്കുകളില്‍ നിക്ഷേപമായി എങ്കിലും എത്തിയാല്‍ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായിരുന്നു. ഇന്ന് വിദേശനാണ്യകൈമാറ്റം ഏതാണ്ട് സ്വതന്ത്രമായതുകൊണ്ടും ഇന്ത്യയ്ക്ക് കാര്യമായ വിദേശനാണ്യ ശേഖരമുള്ളതുകൊണ്ടും മറ്റു രാജ്യങ്ങളിലെ വ്യക്തികളും കമ്പനികളും ഇന്ത്യയില്‍ ഓഹരി കമ്പോളത്തിലും മറ്റും നിക്ഷേപിക്കാന്‍ തത്പരരായിരിക്കുന്നതുകൊണ്ടും നമ്മുടെ മറുനാടന്‍ മലയാളികളുടെ ഇന്ത്യന്‍ ബാങ്കുകളിലെ വിദേശനാണ്യനിക്ഷേപം കാരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ അധികനേട്ടമില്ല.

വീണ്ടും ധനകാര്യകമ്മിഷനിലേക്ക് തിരിച്ചുവരാം. സമത്വത്തിന്റെ മാനദണ്ഡമുപയോഗിച്ചാലും കാര്യക്ഷമതയുടെ അളവുകോലായാലും കേരളത്തിന് (ആളോഹരി അടിസ്ഥാനത്തില്‍) മറ്റു സംസ്ഥാനങ്ങളേക്കാള്‍ അധികം കിട്ടില്ല. അല്പമെങ്കിലും കുറയാനാണ് സാധ്യത. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്ക് അനുഗുണമായ ഏതുമാനദണ്ഡമെടുത്താലും കേരളത്തിന് കിട്ടേണ്ട പങ്ക് മറ്റുള്ളവരെ അപേക്ഷിച്ച് അല്പമെങ്കിലും കുറയും.

പോംവഴി

അപ്പോള്‍ പിന്നെ നമുക്ക് എന്താണ് പോംവഴി? കഴിഞ്ഞ കാലങ്ങളില്‍ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ച നയങ്ങളും രീതികളും, കാലാനുസൃതമായി പരിഷ്‌കരിക്കാനും, കേരളത്തിലെ സാമ്പത്തിക വളര്‍ച്ച ഗുണപരമായി മെച്ചപ്പെടുത്താനും ശ്രമിച്ച് നമ്മള്‍ കേരളത്തിനകത്തുനിന്നുള്ള നികുതി വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് ഏക വഴി (അങ്ങനെ കേരളത്തില്‍നിന്നും കേന്ദ്രത്തിന് കൂടുതല്‍ നികുതിവരുമാനമെത്തിച്ചാല്‍ , നമുക്ക് കാര്യക്ഷമതയുടെ അളവുകോല്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെടാം). ഇങ്ങനെ ചെയ്യേണ്ട ചില കാര്യങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കാം.

1. കേരളത്തില്‍ എല്ലായിടത്തും സര്‍ക്കാര്‍ ആസ്​പത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടെങ്കിലും നല്ലൊരു പങ്ക് ജനങ്ങളും സ്വകാര്യവിദ്യാലയങ്ങളേയും ആസ്​പത്രികളേയും ആശ്രയിക്കുന്നു. ഇത് അവര്‍ക്ക് പണം നല്‍കാനുള്ള കഴിവിനേയാണ് കാണിക്കുന്നത്. എന്നാല്‍ ഇക്കൂട്ടര്‍ പൊതുസ്ഥാപനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവരില്‍ നിന്നും ഒരു ന്യായമായ ചാര്‍ജ് ഈടാക്കി, പൊതു സംവിധാനങ്ങളുടെ ഗുണം മെച്ചപ്പെടുത്താനും സര്‍ക്കാരിന്റെ ഭാരം കുറയ്ക്കാനും നമുക്ക് കഴിയുന്നില്ല.

2. പെന്‍ഷനും ശമ്പളത്തിനുമായി കിട്ടുന്ന വരുമാനത്തില്‍ നല്ലൊരു പങ്ക് ചെലവഴിക്കുമ്പോള്‍, ഈ ഭാരം ഏറ്റവും യുക്തിപരമായി കുറയ്ക്കുന്ന തരത്തില്‍ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുന്നതിനും, പുതിയതായി ജോലിക്ക് കയറുന്നവര്‍ക്കെങ്കിലും ബദല്‍ പെന്‍ഷന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും കഴിയുന്നില്ല.

3. സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന നികുതി വരുമാനത്തില്‍ കാര്യമായ തുക പലിശയ്ക്ക് ചെലവിടുന്നു. ഇതിനു കാരണം സര്‍ക്കാരിന്റെ ഭീമമായ കടഭാരമാണ്. ഈ കടം വാങ്ങിയത് സമൂഹത്തിന് ദീര്‍ഘകാല നേട്ടമുണ്ടാക്കുന്ന പൊതു നിക്ഷേപങ്ങള്‍ക്കോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ അല്ല. ദൈനംദിന ചെലവുകള്‍ക്കാണ്. ദൈനംദിന ചെലവുകള്‍ കുറയ്ക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, ഓരോ ബജറ്റിലും കൈയ്യടി കിട്ടാന്‍ മാത്രം രണ്ടു രൂപയ്ക്ക് അരി തുടങ്ങിയ കടഭാരം വര്‍ധിപ്പിക്കുന്ന പദ്ധതികളുണ്ടാക്കുന്നു. ഇങ്ങനെ ‘കടം വാങ്ങി ഊണു കഴിക്കുന്ന രീതി ‘മാറ്റാന്‍ കഴിയുന്നില്ല.

4. കേരളത്തില്‍ വ്യാവസായികവത്ക്കരണത്തിന് പ്രതികൂലമായി നില്‍ക്കുന്ന ഘടകങ്ങള്‍ മാറ്റി, സ്വകാര്യ നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിച്ച്, തൊഴിലും ഗുണകരമായ സാമ്പത്തിക വളര്‍ച്ചയും ഉണ്ടാക്കാന്‍ കഴിയുന്നില്ല. അങ്ങനെ ചെയ്യാന്‍ കഴിയാത്തതുകൊണ്ട് കേരളസര്‍ക്കാരിന് (ഗുജറാത്ത്, തമിഴ്‌നാട് മുതലായ സര്‍ക്കാരുകള്‍ക്ക് കഴിയുന്ന രീതിയില്‍) നികുതി വരുമാനം സമാഹരിക്കാന്‍ കഴിയുന്നില്ല.

ചുരുക്കത്തില്‍ നമ്മുടെ ഉയര്‍ന്ന ജീവിതനിലവാരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടും യുക്തിപരമായ പരിഷ്‌കരണങ്ങള്‍കൊണ്ടും, കേരളത്തിനകത്ത് ഗുണപരമായ വ്യാവസായിക സാമ്പത്തിക വളര്‍ച്ച പ്രോത്‌സാഹിപ്പിച്ചും സംസ്ഥാന സര്‍ക്കാര്‍, അതിന്റെ വിഭവശേഷി വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അതിന് കഴിയുന്നില്ല. എന്നാല്‍ കേന്ദ്രധനകാര്യകമ്മിഷനെതിരെ സമരം ചെയ്യണമെന്ന് പറയാന്‍ എന്തെളുപ്പം.

കേന്ദ്രധനകാര്യ കമ്മിഷനെതിരെയുള്ള മറ്റൊരു പരാതി, കേരളത്തോട് കടവും റവന്യുകമ്മിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇത് കേരളത്തോട് മാത്രമല്ല, പതിമൂന്നാം ധനകാര്യകമ്മിഷന്‍ കേന്ദ്രത്തോടും ആവശ്യപ്പെടുന്നു. അത് കടുത്ത പാതകമാണോ?

സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൂടുതല്‍ നികുതിവരുമാനം കിട്ടാന്‍ ധനകാര്യകമ്മിഷന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ കിട്ടുന്ന വരുമാനം ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണമെങ്കില്‍ സര്‍ക്കാരുകള്‍ ഉത്പാദനപരമല്ലാത്ത കാര്യങ്ങള്‍ക്കു വാങ്ങിയ കടത്തിന് കൂടുതല്‍ പലിശ നല്‍കേണ്ട സ്ഥിതിയിലല്ലാതാകണം. മാത്രമല്ല, കേന്ദ്രവും സംസ്ഥാനങ്ങളും വാങ്ങുന്ന കടം ധനക്കമ്മി കൂട്ടിയാല്‍ നമ്മുടേത്‌പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥയില്‍ വിലക്കയറ്റം വര്‍ധിപ്പിക്കല്‍ മാത്രമായിരിക്കും സംഭവിക്കുക. സന്തുലിത സാമ്പത്തികവളര്‍ച്ചയ്ക്ക് തടസ്സമാകും. ഭാവി നികുതിവരുമാനത്തെ അത് പ്രതികൂലമായി ബാധിക്കും.

അതിനാല്‍ കടഭാരം കുറയ്ക്കണമെന്നത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കിട്ടുന്ന കേന്ദ്രനികുതിയുടെ പങ്ക് ഉപകാരപ്രദമാകുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള നടപടി മാത്രമാണ്.

സംസ്ഥാന സര്‍ക്കാരുകള്‍ ചില പരിഷ്‌കരണങ്ങല്‍ നടത്തിയാല്‍ അതിന് പ്രോത്സാഹനമായി തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത കുറച്ച് ധനസഹായം നല്‍കുന്നതിനും ധനകാര്യകമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സാധാരണ രീതിയില്‍ ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് നീക്കിവയ്ക്കുന്ന തുകയുടെ ഭാഗം അല്ല. അതിനുപുറമെ ഒരു ചെറിയ പങ്ക് ഇത്തരം ധനസഹായങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നു. ഇതാണ് പരിഷ്‌കരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് കിട്ടേണ്ട നികുതി വരുമാനം കുറയ്ക്കുന്നതിന് ധനകാര്യ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പ്രചരണത്തിന് അടിസ്ഥാനമായിട്ടുള്ള യാഥാര്‍ത്ഥ്യം.

ധനകാര്യ കമ്മിഷന്റെ നികുതി വിഭജനവും നിയന്ത്രണങ്ങളും പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാക്കുന്നതിന് എതിരാണോ?

കഴിഞ്ഞ കുറെ കാലങ്ങളായി പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഏറെ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ദരിദ്രര്‍ക്കും ഏറെ ദരിദ്രര്‍ക്കും വില കുറച്ച് ഭക്ഷ്യധാന്യങ്ങള്‍, തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കാന്‍ തൊഴിലുറപ്പു പരിപാടി, വീടില്ലാത്തവര്‍ക്കും വൈദ്യുതി ഇല്ലാത്തവര്‍ക്കും അതിനുള്ള സഹായം, ഗ്രാമീണ ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടി, കര്‍ഷകര്‍ക്ക് കടം എഴുതിതള്ളാനുള്ള പദ്ധതി തുടങ്ങിയവയൊക്കെ അതില്‍പെടും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്ന പണം, ധനകാര്യകമ്മിഷന്‍ കേന്ദ്രത്തിനായി നീക്കിവയ്ക്കുന്ന പങ്കില്‍നിന്നുമാണ്. ചുരുക്കത്തില്‍ ധനകാര്യകമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും വീതിക്കുന്ന നികുതിവരുമാനത്തില്‍, കേന്ദ്രം തങ്ങളുടെ വിഹിതത്തില്‍നിന്നും ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും സഹായം നല്‍കുന്നതിനായി വന്‍തോതില്‍ പണം ചെലവഴിക്കുന്നു. കേരളത്തില്‍ കുറഞ്ഞ വിലയ്ക്ക് വിവിധവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അരിക്ക് നല്‍കുന്ന സബ്‌സിഡി നോക്കിയാലും ഇതു കാണാം. കേരളം 35 ലക്ഷം പേര്‍ക്ക് അരി രണ്ടുരൂപയ്ക്ക് നല്‍കുന്നത്, ഇതിനായി കേന്ദ്രം ചിലര്‍ക്ക് 3 രൂപയ്ക്കും മറ്റുചിലര്‍ക്ക് 6 രൂപയ്ക്കും, ഇനിയൊരുകൂട്ടര്‍ക്ക് 10 രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 15 രൂപയ്ക്കും (കമ്പോളവിലയില്‍ നിന്നും സബ്‌സിഡി നല്‍കി) നല്‍കുന്ന അരി ഉപയോഗിച്ചാണ്. ഈയിനത്തില്‍ കേരളത്തിന് നല്‍കുന്ന അരിയുടെ കാര്യത്തില്‍പോലും കേന്ദ്രസര്‍ക്കാരിനാണ് കൂടുതല്‍ ഭാരം. അതുപോലെ കേരള സര്‍ക്കാര്‍ കടം എഴുതിതള്ളിയപ്പോള്‍ നല്‍കാന്‍ കഴിഞ്ഞതിനേക്കാള്‍ സഹായം കേന്ദ്രത്തിന്റെ കടാശ്വാസപദ്ധതികൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് കിട്ടിയിട്ടുണ്ടാകുമല്ലൊ. ഇങ്ങനെ കേന്ദ്രം കൂടുതല്‍ സഹായം നല്‍കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല.

എന്നാല്‍ കേന്ദ്രം ഇത്തരം ദരിദ്ര സഹായപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കേരളം ചെയ്യേണ്ടതെന്താണ്? ഇക്കാര്യത്തില്‍ തൊഴിലുറപ്പു പരിപാടിപോലെയുള്ള കേന്ദ്രാവിഷ്‌കൃത പരിപാടികള്‍ കേരളത്തില്‍ നല്ലതുപോലെ നടപ്പിലാക്കി, ആവശ്യമുള്ള എല്ലാവര്‍ക്കും തൊഴില്‍ കിട്ടുമെന്നുറപ്പാക്കുക, കേന്ദ്ര പദ്ധതികളില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ ഏറ്റവും ആവശ്യമുള്ളതുമായ (ഉദാ: തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്കുള്ള പെന്‍ഷന്‍) ദാരിദ്ര്യ സഹായപദ്ധതികള്‍ നടപ്പിലാക്കുക, ബാക്കിയുള്ള വരുമാനമുപയോഗിച്ച് കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പൊതു സംവിധാനങ്ങളും മെച്ചപ്പെടുത്തി സംസ്ഥാനത്തില്‍ സമതുലിതമായ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുക്കുക എന്നിവയാണ്.

എന്നാല്‍ ഇക്കാര്യങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെ കേന്ദ്രവുമായി മത്‌സരിച്ച് തങ്ങളും സഹായംനല്‍കുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.

പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണം വളരെ കുറവുള്ളതും കൂലിപ്പണിക്കാര്‍ക്കുപോലും 300-350 രൂപ പ്രതിദിനം ലഭിക്കുന്നതും (മറ്റു സംസ്ഥാനങ്ങളില്‍ ഇത് വളരെ കുറവാണെന്നോര്‍ക്കുക). ഈ കൂലി കൊടുത്താലും വേണ്ടത്ര തൊഴിലാളികളെ കിട്ടാതിരിക്കുന്നതും പൊതുജീവിതനിലവാരം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നിരിക്കുന്നതുമായ കേരളത്തില്‍.

എന്നാല്‍ അച്ചടക്കത്തോടെ പണം ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താത്പര്യമില്ല. അവര്‍ക്ക് ദരിദ്രര്‍ക്ക് കൂടുതല്‍ സഹായം ചെയ്യുന്നു എന്നമട്ടില്‍ കൂടുതല്‍ പണംവാങ്ങി വീതം വച്ചുകൊടുക്കാനാണ് താത്പര്യം. കാരണം ഇങ്ങനെ ചെയ്യാന്‍ താരതമ്യേന എളുപ്പമാണ്. രാഷ്ട്രീയക്കാര്‍ക്ക് മുദ്രാവാക്യം വിളിക്കാന്‍ സൗകര്യമാകും. തിരഞ്ഞെടുപ്പുകാലത്ത് ആളുകളെ പറ്റിക്കാം. മറിച്ച് കേരളത്തിന്റെ ദീര്‍ഘകാല സമ്പദ് വ്യവസ്ഥയ്ക്കായി പണം ചെലവഴിക്കാന്‍ ബുദ്ധിമുട്ടാണ്. അതിന്റെ നേട്ടം മനസ്സിലാക്കാന്‍, അടുത്ത തിരഞ്ഞെടുപ്പിനപ്പുറം കാണാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ക്കും നല്ലൊരുപങ്കു ജനങ്ങള്‍ക്കും കഴിയുന്നില്ല. ഈയവസ്ഥയില്‍ കേന്ദ്രധനകാര്യ കമ്മിഷനോടുള്ള സമരമാണ് എളുപ്പമുള്ള മാര്‍ഗ്ഗം.
(തിരുവനന്തപുരം സി.ഡി.എസ്സില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍. email : v.santhakumar@gmail.com)

13th Central Finance Commission

Highlights of Some Recommendations Relevant for Kerala

– 32 percent of the Central tax revenue to be shared with states. (Centre has argued for limiting this to 28 percent due to its expenditure schemes including food subsidy, but finance commission did not agree to this suggestion.)
– Kerala to get 2.341 percentage (excluding service tax) and 2.378 percent of service tax
– Criteria for deciding each states’ share:
o Population (with a weight of 25%) with more populous states getting more – Kerala benefited since 1971 census was used;
o Geographical size of the state getting 10 percentage weight; bigger size states have high cost of delivery; though Kerala’s size is less than 2% of all India, its size is reckoned as 2%
o Fiscal capacity distance getting 47.5% weight: tax revenue in each state depends on its state domestic product; how far the per capita tax revenue in each state is lower than the highest state in this regard; an indicator of equity to take care of the low economic development of the state.
o Tax effort and fiscal discipline in state getting 17.5% weight
– Rs. 50000 crores set aside to encourage states to implement GST and to compensate states for any revenue losses due to GST
– Empowered committee of state finance ministers to be made a statutory body with more powers
– States to reduce transit time of Cargo vehicles crossing the borders (good for Kerala)
– Suggestions to the States:
o States should clear the accounts of PSUs and closure on non-working PSUs
o Reduce power losses and implement power sector reforms
– Suggestions to the Centre:
o Revenue deficit of centre to be limited by 2014-15
o Combined debt of centre and states to be limited to 68 percent GDP by 2014-15
o Reduce the share of surcharges and levies taxed by it (and try to increase tax pool to be shared with states)
o Reduce central sponsored schemes to devote more resources to states on the basis of formula
o Money generated through disinvestment can be used for environmental protection and infrastructure
o Centre and states to disclose more information on their actual finance positions
o In the case of external shock, centre should borrow more and distribute to the states (as per some formula) rather than allowing states to borrow more
o Avoiding the need to pay arrears as part of pay commission (this can be interpreted as speeding up the process of pay commission)

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w