വാക്സിന്‍ യൂണിറ്റുകള്‍ തുറക്കുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെയും പാര്‍ലമെന്ററി സമിതിയുടെയും വിമര്‍ശനത്തെതുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ്് അടച്ചുപൂട്ടിയ പൊതുമേഖലാ വാക്സിന്‍ യൂണിറ്റുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണംകാട്ടി 2008ല്‍ അടച്ചുപൂട്ടിയ മൂന്ന് വാക്സിന്‍ യൂണിറ്റുകള്‍ തുറക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതിനിടയില്‍ സര്‍ക്കാരിന് നൂറുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. യൂണിറ്റുകള്‍ പൂട്ടിയതോടെ പൂര്‍ണമായും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവന്നതാണ് കോടികളുടെ നഷ്ടം വരുത്തിയത്. സാര്‍വത്രിക രോഗപ്രതിരോധ പദ്ധതി (യുഐപി) പൂര്‍ണമായി പാളുകയും ചെയ്തു. സുപ്രീംകോടതിയും പാര്‍ലമെന്റിന്റെ ആരോഗ്യ- കുടുംബക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റിയും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നതോടെയാണ് അടച്ചുപൂട്ടല്‍ തീരുമാനം കേന്ദ്രം വൈകിയാണെങ്കിലും തിരുത്തിയത്. അടച്ചുപൂട്ടിയ യൂണിറ്റുകള്‍ തുറക്കാന്‍ ഫെബ്രുവരി 12ന് ആണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. ഹിമാചലിലെ കസൌളിയിലുള്ള കേന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കുനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ചെന്നൈയിലെ ബിസിജി വാക്സിന്‍ ലാബോറട്ടറി എന്നിവയാണ് 2008 ജനുവരി 15ന് അടച്ചുപൂട്ടിയത്. ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന ഉല്‍പ്പാദന മാനദണ്ഡങ്ങള്‍ (ജിഎംപി) പാലിക്കുന്നില്ലെന്നായിരുന്നു കാരണം. യുഐപി പദ്ധതിക്കാവശ്യമായ 80 ശതമാനം വാക്സിനുകളും ഉല്‍പ്പാദിപ്പിച്ചിരുന്നത് ഈ യൂണിറ്റുകളായിരുന്നു. സ്വകാര്യസ്ഥാപനങ്ങള്‍ വില കൂട്ടിയതോടെ 2008-09, 2009-10 വര്‍ഷങ്ങളില്‍ വാക്സിനുകള്‍ വാങ്ങിയ ഇനത്തില്‍ കോടികളുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായി. 2008-09 ല്‍ 11 കോടി രൂപയുടെ നഷ്ടം വാക്സിന്‍ ഇടപാടില്‍ വന്നതായി മലയാളിയായ ഡോ. കെ വി ബാബു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരുന്നു. 2009-10 വര്‍ഷത്തിലെ നഷ്ടം 30 കോടിയോളം വരുമെന്നാണ് സൂചന. ഇതിനുപുറമെ അടച്ചുപൂട്ടിയ യൂണിറ്റുകളില്‍ വാക്സിനുകള്‍ കെട്ടിക്കിടന്ന് ഉപയോഗശൂന്യമായ വകയില്‍ ഏതാണ്ട് 60 കോടിയോളം രൂപയുടെ നഷ്ടവും സര്‍ക്കാരിനുണ്ടായി. 2007ല്‍ പൊതുമേഖലാ യൂണിറ്റില്‍ നിന്ന് പത്തുഡോസ് ബിസിജി 13 രൂപയ്ക്ക് വാങ്ങിയിരുന്നത് 2009ല്‍ സ്വകാര്യകമ്പനിയില്‍ നിന്ന് 27.85 രൂപയ്ക്കാണ് സര്‍ക്കാര്‍ വാങ്ങിയത്. 2007ല്‍ 11.80 രൂപയ്ക്ക് വാങ്ങിയിരുന്ന ഡിപിടി വില 23.59 രൂപയായും 9.60 രൂപയായിരുന്ന ഡിടി 13.85 രൂപയായും 6.20 രൂപയായിരുന്ന ടിടി 17.69 രൂപയായും സ്വകാര്യ കമ്പനികള്‍ വര്‍ധിപ്പിച്ചതായി സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നു. മാത്രമല്ല ആവശ്യത്തിന് വാക്സിനുകള്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ടായി. പല സംസ്ഥാനങ്ങളിലും യുഐപി പദ്ധതിക്കാവശ്യമായ വാക്സിനുകള്‍ക്ക് വലിയ ക്ഷാമം നേരിട്ടു. പൊതുമേഖലാ യൂണിറ്റുകള്‍ അടച്ചുപൂട്ടിയ സംഭവത്തില്‍ സുപ്രീംകോടതി ഫെബ്രുവരി 20ന് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. അടച്ചുപൂട്ടലിനെ കുറിച്ച് അന്വേഷിച്ച പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചു. അടച്ചുപൂട്ടലിന് പിന്നില്‍ കള്ളക്കളിയുണ്ടെന്നും ആരോഗ്യമന്ത്രാലയം ഗൌരവമായല്ല വിഷയത്തെ സമീപിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. യൂണിറ്റുകള്‍ തുറക്കാന്‍ എത്രയുംവേഗം നടപടി സ്വീകരിക്കാനും സമിതി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് രണ്ടുവര്‍ഷമായി പൂട്ടിക്കിടന്ന യൂണിറ്റുകള്‍ തുറക്കാന്‍ തീരുമാനമായത്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മൂന്നുവര്‍ഷത്തെ സമയം വാക്സിന്‍ യൂണിറ്റുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്ത കേന്ദ്രം തന്നെയാണ് ഇക്കാര്യത്തില്‍ സഹായിക്കേണ്ടതെന്ന് മാത്രം.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )