നിയമം നോക്കുകുത്തി; അഴിമതിയുടെ തണലില്‍ വയല്‍നികത്തല്‍ വ്യാപകം

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം പാസാക്കി വര്‍ഷം കഴിഞ്ഞിട്ടും നിയമം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതി. നിയമം നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിന്റെ മറവില്‍ നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തപ്പെടുകയാണ്. കക്ഷിഭേദമെന്യേ രാഷ്ട്രീയകക്ഷി നേതൃത്വങ്ങള്‍ അഴിമതിക്ക് വശംവദരായി വയല്‍ നികത്തുന്നതിന് കൂട്ടുനില്‍ക്കുന്നു.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ച് കൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണനിയമം നിലവില്‍ വന്നത് 2008 ആഗസ്ത് 11 നാണ്. തദ്ദേശസ്ഥാപനതലത്തില്‍ രൂപവത്കരിക്കുന്ന സമിതികള്‍ക്കാണ് നിയമത്തില്‍ ഏറ്റവും കാതലായ അധികാരം വ്യവസ്ഥചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഥവാ നഗരസഭാ ചെയര്‍മാന്‍/മേയര്‍ അധ്യക്ഷനായ സമിതിയില്‍ കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, മൂന്ന് നെല്‍ കര്‍ഷകര്‍, തദ്ദേശസ്ഥാപന സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. കര്‍ഷകരെ രാഷ്ട്രീയാടിസ്ഥാനത്തില്‍ വീതംവെക്കാനായിരുന്നു ഭരണമുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള ധാരണ. സി.പി.എമ്മും സി.പി.ഐയും കൂടുതല്‍ അംഗങ്ങള്‍ക്കുവേണ്ടി വടംവലി ആദ്യം തുടങ്ങി. ഇതിന്റെ പേരില്‍ 80 ശതമാനം പഞ്ചായത്തുകളില്‍പ്പോലും സമിതി രൂപവത്കരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പ്രാദേശികമായി രൂപവത്കൃതമാകുന്ന സമിതികളാണ് അതത് തദ്ദേശ സ്ഥാപനത്തിന് പരിധിയില്‍ വരുന്ന പ്രദേശത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഏതൊക്കെയാണെന്ന ഡാറ്റാ ബാങ്ക് ഉണ്ടാക്കേണ്ടത്. ഇങ്ങനെ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ വിജ്ഞാപനംചെയ്യും. നെല്‍വയലായോ തണ്ണീര്‍ത്തടമായോ തിട്ടപ്പെടുത്തുന്ന സ്ഥലം പിന്നീട് നികത്താനാകില്ല. പൊതു ആവശ്യത്തിനായി നികത്തണമെങ്കില്‍ പ്രാദേശിക സമിതിയുടെ ശുപാര്‍ശയുടെ പുറത്ത് കാര്‍ഷികോല്പാദന കമ്മീഷണര്‍ കണ്‍വീനറായ സംസ്ഥാനതല സമിതിയാണ് അംഗീകാരം നല്‍കേണ്ടത്. വേറെ സ്ഥലമില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ മൂന്നുസെന്റ് നികത്താനുള്ള അനുമതി പ്രാദേശിക സമിതിയുടെ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് നല്‍കേണ്ടത്.

നിയമം ലംഘിച്ച് ഏതെങ്കിലും പ്രദേശത്ത് വയല്‍ നികത്തുന്നതിന് അനുമതി നല്‍കുകയോ, നികത്തുന്നതിന് കൂട്ടുനില്‍ക്കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടുവര്‍ഷംവരെ തടവും ഒരു ലക്ഷം രൂപ പിഴയും നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു. ഇത്രയും കര്‍ക്കശമായ നിയമം പ്രാവര്‍ത്തികമാക്കാത്തത് രാഷ്ട്രീയപാര്‍ട്ടികളുടെ നിക്ഷിപ്ത താല്പര്യപ്രകാരമാണെന്നാണ് ആരോപണം.

നിയമം നിലവില്‍ വന്നതിനുശേഷം നികത്തിയ വയലുകള്‍ ഉടമയെക്കൊണ്ടുതന്നെ പൂര്‍വ സ്ഥിതിയിലാക്കിക്കാനും അഥവാ വിസമ്മതിച്ചാല്‍ അങ്ങനെ ചെയ്യുന്നതിനും അതിന്റെ ചെലവ് അയാളില്‍നിന്ന് ഈടാക്കുന്നതിനും വ്യവസ്ഥയുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഒരു കേസ്സിലും ഇത്തരമൊരു നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. നിയമം പ്രാവര്‍ത്തികമാകാത്തതിനാല്‍ ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥര്‍ക്കുപോലും നടപടിയെടുക്കുന്നതിന് പരിമിതികളുണ്ട്. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ പിന്‍ബലം ലഭിക്കുന്നുമില്ല.

പ്രാദേശികസമിതികള്‍ വയലുകള്‍ വിജ്ഞാപനം ചെയ്യുംമുമ്പ് തല്പരകക്ഷികള്‍ അവ മണ്ണിട്ട് നികത്തിയെടുക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ വന്‍കിട പദ്ധതികള്‍ക്കായി ഏക്കര്‍കണക്കിന് സ്ഥലം എറണാകുളം ജില്ലയിലും മറ്റും നികത്തിക്കഴിഞ്ഞു.

പ്രാദേശികസമിതികള്‍ രൂപവത്കരിക്കാനും അവയ്ക്ക് വയലുകള്‍ വിജ്ഞാപനം ചെയ്യാനും ഏതാനും മാസങ്ങള്‍ മാത്രം മതിയെങ്കിലും ഒന്നര വര്‍ഷമായിട്ടും ഈ ദിശയില്‍ നടപടിയൊന്നുമുണ്ടാകാത്തത് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കയോടെയാണ് കാണുന്നത്. പ്രാദേശികസമിതികളുടെ രൂപവത്കരണം എത്ര നീട്ടിക്കൊണ്ടുപോകുന്നുവോ നിയമം പ്രാവര്‍ത്തികമാകുന്നത് അത്രയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയും. അതുതന്നെയാണ് രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ ലക്ഷ്യവുമെന്ന് അവരുടെ നടപടികള്‍ സൂചിപ്പിക്കുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, നിയമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w