ക്ഷേമത്തിന് കേന്ദ്രപണം; പിന്നാലെ പഴിയും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള കുറ്റപത്രമായും ബദല്‍ സമീപനങ്ങളുടെ രൂപരേഖയായും ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ ക്ഷേമപരിപാടികള്‍ക്കുള്ള അടിസ്ഥാന വിഭവം മിക്കതും കേന്ദ്ര പദ്ധതികളില്‍ നിന്നുതന്നെ എന്ന് വ്യക്തമാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തോടൊപ്പം മാച്ചിങ് ഗ്രാന്റായി സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് സംസ്ഥാന പദ്ധതികളായി പലതിനെയും ജ്ഞാനസ്‌നാനം നടത്തിയിട്ടുമുണ്ട്. എന്നാല്‍ കേന്ദ്ര വിഹിതം ലഭ്യമാകുന്നതിലുള്ള കടപ്പാട് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി മറച്ചുവെയ്ക്കുകയും ചെയ്യുന്നു. പണത്തിനായി കേന്ദ്രത്തെ ഒരുവശത്തുകൂടി ആശ്രയിക്കുമ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കത്തിന്റെ പഴി മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ ചുമത്തുന്നതും കാണാം.

രണ്ട് രൂപയ്ക്ക് 35 ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്‍കുന്നതാണ് ബജറ്റിലെ ഏറ്റവും കൈയടി നേടിയ പ്രഖ്യാപനം. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്നുരൂപയ്ക്ക് 25 കിലോ അരി നല്‍കുന്ന പദ്ധതി മുന്‍ സര്‍ക്കാരിന്റെ കാലത്തേ നിലനിന്നിരുന്നു. കഴിഞ്ഞ ബജറ്റില്‍ രണ്ട് രൂപയ്ക്ക് അരി പ്രഖ്യാപിച്ചു. എന്നാല്‍ രണ്ട് രൂപയ്ക്ക് കിട്ടുന്ന അരി 17 കിലോയായി പരിമിതപ്പെടുത്തിയിരുന്നു. ഈ അരിയാകട്ടെ 12 രൂപ സബ്‌സിഡി നല്‍കി മൂന്ന് രൂപയ്ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നതാണ്. മൂന്നുരൂപയ്ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന അരിക്ക് ഒരു രൂപ സംസ്ഥാനത്തിന്റെ സബ്‌സിഡി നല്‍കിയാണ് രണ്ടുരൂപയ്ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള എ.പി.എല്‍, ബി.പി.എല്‍. മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്ക് ബാധകമാക്കിയില്ലെന്നത് നേട്ടമാണ്. പരമ്പരാഗത മേഖലയിലെ എല്ലാ കൂലിവേലക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുംവിധം പദ്ധതി വിപുലപ്പെടുത്തുകയുമുണ്ടായി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് മറ്റൊരുദാഹരണം. ഗ്രാമങ്ങളില്‍ നടപ്പാക്കിയ ഈ പദ്ധതി ഇപ്പോള്‍ നഗരത്തിലേക്ക് വ്യാപിപ്പിക്കുകയെന്നതിന്റെ ക്രെഡിറ്റ് ധനമന്ത്രിക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ നഗരങ്ങളിലേക്കുകൂടി പദ്ധതി വിപുലപ്പെടുത്തിയപ്പോള്‍ അതിന്റെ പേരിനും മാറ്റം വന്നു. മഹാത്മാഗാന്ധിയുടെ പേരിലുള്ള പദ്ധതി ‘അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി’ എന്നാക്കി മാറ്റി. പദ്ധതിക്കുവേണ്ടി വരുന്ന തുകയുടെ 90 ശതമാനം കേന്ദ്രം വഹിക്കുമെന്ന കാര്യം ബജറ്റില്‍ എടുത്തുപറയുന്നില്ല. സംസ്ഥാന വിഹിതമായി 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതേസമയം തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം കൂലി ഉറപ്പാക്കാന്‍ ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രഖ്യാപിച്ചത് സംസ്ഥാന ബജറ്റിന്റെ നേട്ടമാണ്. 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കുന്ന 1000 കോടിയുടെ ഹരിതഫണ്ടിന് ഇക്കുറി നീക്കിവെച്ച 100 കോടിയിലേക്ക് പണം കണ്ടെത്തുന്നത് ഡാമുകളിലെ മണല്‍ വിറ്റാണ്. ഡാമുകളിലെ മണല്‍ വാരല്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തുന്നതാണ്. ഇതിനുള്ള ചെലവില്‍ നേരിയ അംശമേ സംസ്ഥാന സര്‍ക്കാരിന് വഹിക്കേണ്ടി വരുന്നുള്ളൂയെന്നതാണ് യാഥാര്‍ത്ഥ്യം.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷംകൊണ്ട് 10 കോടി മരങ്ങള്‍ നടുന്ന പദ്ധതി ബജറ്റിന്റെ പ്രകൃതിസംരക്ഷണ ആഭിമുഖ്യം വ്യക്തമാക്കുന്നു. 100 കോടി രൂപയുടെ ഈ പദ്ധതിക്ക് പണം കണ്ടെത്തുന്നത് ഒരുപിടി കേന്ദ്ര പദ്ധതികളില്‍ നിന്നാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഔഷധസസ്യ വികസന പരിപാടി, കശുമാവ് കൃഷി വികസന പരിപാടി, രാഷ്ട്രീയ കൃഷിവികാസ് യോജന, പശ്ചിമഘട്ട വികസന പരിപാടി എന്നീ കേന്ദ്ര പദ്ധതികളാണ് ഹരിതകേരളം പദ്ധതിയുടെ വിഭവസ്രോതസ്സുകള്‍. ചില തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും കൂടിച്ചേരും.

കുട്ടനാട്ടിലെ പരിസ്ഥിതി സന്തുലനത്തിനായി തണ്ണീര്‍മുക്കംബണ്ട് തുറന്നിടുന്നതിനുള്ള മുന്‍കരുതലിന് നഷ്ടപരിഹാരം നല്‍കാനും ആശ്രയിക്കുന്നതും കേന്ദ്രപദ്ധതികളെ തന്നെ. സ്വാമിനാഥന്‍ കമ്മീഷന്‍ പാക്കേജ്, പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ നിന്നുള്ള സഹായം എന്നിവയില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. തുടക്കമെന്ന നിലയില്‍ ഹരിതഫണ്ടില്‍ നിന്ന് ഇന്‍ഷുറന്‍സിനായി 20 കോടി രൂപയാണ് സംസ്ഥാന വിഹിതമായി ഉള്‍പ്പെടുത്തിയത്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w