ശപിക്കപ്പെട്ട കുറെ ആംഗലവും അലങ്കാരവും

കെ.ഗോവിന്ദന്‍കുട്ടി

തരൂരിന്റെ കഷ്ടകാലം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സാമൂതിരിയുടെ ശല്യം സഹിക്കവയ്യാതെ തരൂര്‍ സ്വരൂപത്തിലെ കാരണവര്‍ ഹൈദര്‍ അലിയുടെ സഹായം തേടിയിരുന്നു. ഡിണ്ടിഗലില്‍ പാളയമടിച്ചിരുന്ന മൈസൂര്‍ പടത്തലവന്‍ അതുതന്നെ തഞ്ചമെന്നു കരുതി മലയാളക്കരയില്‍ കുതിരകയറി. പിന്നെ തരൂരിനെയും സാമൂതിരിയെയും ഒരുപോലെ തകര്‍ത്തു.

ശശി തരൂര്‍ അതുപോലൊരു ക്ഷണമോ അപേക്ഷയോ സൌദി രാജാവിനു കൊടുത്തില്ല. അക്ഷരാഭ്യാസമുള്ള ആരും പറയാവുന്നതേ വിദേശകാര്യ സഹമന്ത്രി പറഞ്ഞുള്ളൂ. പാക്കിസ്ഥാന്റെ മേലുള്ള സ്വാധീനം ഇന്ത്യയ്ക്ക് അനുകൂലമായി ഉപയോഗപ്പെടുത്താന്‍ സൌദിക്കു സൌമനസ്യമുണ്ടായാല്‍, ആര്‍ക്കെങ്കിലും പുളിക്കുമോ? പുളിക്കും, അപ്പറഞ്ഞ പരന്ത്രീസൊന്നും തിരിയാത്തവര്‍ക്ക്; തിരിയുന്നവരില്‍ തലതിരിഞ്ഞ ചിലര്‍ക്കും പുളിക്കും. തരൂര്‍ എങ്ങാനും രക്ഷപ്പെട്ടാലോ?

രാഷ്ട്രീയ ഗോദയില്‍ ഇറങ്ങുമ്പോള്‍ തരൂരിന്റെ ദൌര്‍ബല്യം രണ്ടായിരുന്നു. ഒന്ന്, നന്നായി ഇംഗ്ലിഷ് പറയും. രണ്ട്, വേണ്ടപ്പെട്ടവര്‍ക്കെല്ലാം വേണ്ടപ്പെട്ടവനാണ്. ഒളിപ്പോരുകാരെ ഇളക്കിവിടാന്‍ പോന്നതാണു രണ്ടും. പുറത്തു വളര്‍ന്ന തരൂരിനു മലയാളം അറിയില്ലെന്ന പഴിയെല്ലാം പതിരായിപ്പോയി. കേന്ദ്രത്തില്‍ കേരളത്തിന്റെ കേള്‍ക്കാവുന്ന ശബ്ദവും കാണാവുന്ന രൂപവും അദ്ദേഹം ആയിപ്പോകുമോ എന്ന പേടി മാത്രം ശരിയാകുമെന്നു വന്നു.

താരതമ്യേന പ്രായംചെന്ന വിദേശമന്ത്രിയുടെ ഉൌര്‍ജസ്വലനായ ജൂനിയര്‍ സഹപ്രവര്‍ത്തകന്‍ ലോകവേദിയില്‍ സജീവസാന്നിധ്യമായപ്പോള്‍ അദ്ദേഹത്തിന്റെ അമളിക്കുവേണ്ടി ഡല്‍ഹിയിലെ നികുംഭിലകളില്‍ അന്വേഷണം മുറുകുകയായിരുന്നു.

കന്നാലികളെച്ചൊല്ലിയായിരുന്നു ആദ്യത്തെ ബഹളം. അലങ്കാരവും ആംഗലവും പിടിക്കാത്തവര്‍ വിമാനത്തില്‍ കന്നാലികള്‍ കയറുമെന്നു വരുത്തിത്തീര്‍ത്തു. പരിശുദ്ധ പശുവെന്നു പച്ചമലയാളത്തിലാക്കാവുന്ന ഒരു പ്രയോഗം സോണിയയെ ദുഷിക്കാനായിരുന്നുവെന്നായി വേറൊരു കണ്ടുപിടിത്തം.

ഉയരാന്‍ മോഹിക്കുന്ന ഏതെങ്കിലും കാളിദാസനോ തരൂരോ താനിരിക്കുന്ന മരത്തിന്റെ തായ്ത്തടി വെട്ടുമോ? പശുവിനെ പരിഹസിച്ചുവെന്ന് ആരും പറയാതിരുന്നതാണ് അദ്ഭുതം. വിദേശകാര്യ സഹമന്ത്രിക്കു വിദേശനയം അറിയില്ലെന്നു വരുത്താനുള്ള ഏറ്റവും ഒടുവിലത്തെ യുദ്ധം റിയാദിലെ വരണ്ട വായുവില്‍ ഒതുങ്ങിയതേയുള്ളൂ. ഇന്ദ്രപ്രസ്ഥത്തിലെ ഭാഷാപരമായ ഉൌഷരതയില്‍ അതൊന്നു മുളപൊട്ടിക്കരിഞ്ഞെന്നു മാത്രം.

പഴയ ഒരു വിദേശമന്ത്രിയെപ്പറ്റി ഇങ്ങനെ പറഞ്ഞുകേട്ടിരുന്നു. വര്‍ത്തുളമായ അദ്ദേഹത്തിന്റെ ഒാരോ വാക്യത്തിനും അതേ ഭാഷയില്‍ വ്യാഖ്യാനം വേണം, മനുഷ്യര്‍ക്കു മനസ്സിലാകണമെങ്കില്‍. തരൂരിന്റെ ദൌര്‍ഭാഗ്യം അദ്ദേഹത്തിന്റെ വര്‍ത്തുളതയല്ല, തല്‍പരനോ മന്ദനോ ആയ അനുവാചകന്റെ വക്രതയാകുന്നു. ആര്‍ക്കും വളച്ചൊടിക്കാന്‍ വയ്യാത്തവിധം ‘കാക്കേ കാക്കേ കൂടെവിടെ മൊഴിഞ്ഞാലേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റൂ – തരൂരിന്റെ തലത്തില്‍ നീങ്ങുന്നവര്‍ക്കു വിശേഷിച്ചും. വിഡ്ഢികള്‍ക്കും വിലസാറാക്കാന്‍ വേണ്ടിയാണു വിനയത്തെ ഒരു ഗുണമാക്കിവച്ചിട്ടുള്ളതെന്ന വചനം തീര്‍ത്തും ഭോഷ്കല്ല.

രാജീവ് ഗാന്ധിയുടെ ഒരു ശീലം തരൂരും പങ്കിടുന്നതായി കാണാം. തോന്നുന്നതു തുറന്നടിക്കുന്നയാളായിരുന്നു, കൊല്ലപ്പെട്ട പ്രധാനമന്ത്രി. ലോകത്തെ അദ്ദേഹം മിക്കപ്പോഴും തന്റെ സ്വീകരണമുറി പോലെ കണ്ടു. ഉള്ളു തുറന്നു. അതല്ല, രാഷ്ട്രീയത്തിന്റെ രീതി. കപടലോകത്തെപ്പറ്റി രമണനെപ്പോലെ മോങ്ങുകയല്ല, കാപട്യത്തെ ഒരു ശൈലിയായി സംസ്കരിച്ചെടുക്കുകയാണു താനെന്നു രാഷ്ട്രീയക്കാരന്‍ മേനി പറയുന്നു. തരൂര്‍ അത് ഇനിയും വശമാക്കേണ്ടിയിരിക്കുന്നു.

പിന്നെ, ശോഭിക്കാനും ജയിക്കാനും സാധ്യതയുണ്ടെന്നു തോന്നിക്കാതിരിക്കുന്നതും ശത്രുപീഡ കുറയ്ക്കും. എല്ലാം ഒരുതരം നയവും അഭിനയവും ആണെന്ന് അറിയുന്ന ആളാവണമല്ലോ വിദേശനയം രൂപപ്പെടുത്തുന്ന മന്ത്രി.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w