എല്ലാ നേതാക്കളും പണം നല്‍കി സഹായിച്ചെന്ന് ജോമോന്‍

ന്യൂഡല്‍ഹി : സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ തന്നെ സഹായിച്ചവരുടെ പേരുകളും കേസു നടത്താന്‍ ലഭിച്ച സഹായധനവും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുള്‍പ്പെടെ എല്ലാ രാഷ്ട്രീയ നേതാക്കളുടെ പേരുകളും നല്‍കിയ സംഭാവനയും സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോട്ടയം എം.പി.യായിരിക്കെ ചെന്നിത്തല 15,000 രൂപ സഹായധനമായി ആക്ഷന്‍ കൗണ്‍സിലിനു നല്‍കി.

മുന്‍മന്ത്രി ടി.കെ.രാമകൃഷ്ണന്‍ (10,000), മുന്‍ എം.പി.മാരായ ലോനപ്പന്‍ നമ്പാടന്‍ (10,000), സേവ്യര്‍ അറയ്ക്കല്‍(5,000), സാജു പോള്‍ എം.എല്‍.എ.(10,000) എന്നിവരാണ് സഹായധനം നല്‍കിയ സി.പി.എം നേതാക്കള്‍. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള 5,000 രൂപ നല്‍കി സഹായിച്ചു.

ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ 10,000 രൂപയും നല്‍കി. എന്‍.സി.പി നേതാക്കളായ മാണി.സി.കാപ്പനും തോമസ് ചാണ്ടി എം.എല്‍.എ.യും പതിനായിരം രൂപ വീതം നല്‍കി. കേരള കോണ്‍ഗ്രസ് നേതാവ് പി.സി.ജോര്‍ജ് രണ്ടായിരം രൂപ സംഭാവന നല്‍കിയതിനു പുറമെ ഒരു ലക്ഷം രൂപ കടം നല്‍കി സഹായിക്കുകയും ചെയ്തു.

ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് 5,000 രൂപയും ബിഷപ്പ് യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് പതിനായിരം രൂപയും മുന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഫാ.കെ.എ.അബ്രഹാം 10,000 രൂപയും ഫാ.ജോസഫ് കൊച്ചുതാഴം 5,000 രൂപ, ഫാ.തോമസ് വിരുതിയില്‍ 10,000 രൂപ, ഫാ.കെ.വി.പൗലോസ് 3,000 രൂപ എന്നിവരും സഹായിച്ചവരില്‍ ഉള്‍പ്പെടുന്നു. ജോസ് പുല്ലപ്പള്ളി, ബിനു അലക്‌സ് എന്നീ വിദേശ മലയാളികള്‍ 1100 ഡോളര്‍ രൂപ നല്‍കി സഹായിച്ചു.

മൊത്തം 43 പേരില്‍ നിന്നായി 5,42,278 രൂപയാണ് കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ സിസ്റ്റര്‍ അഭയ കേസ് ആക്ഷന്‍ കൗണ്‍സിലിനു ലഭിച്ചതെന്ന് ജോമോന്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. സി.പി.എം നേതാവും മുന്‍ കോട്ടയം എം.പി.യുമായ സുരേഷ് കുറുപ്പടക്കമുള്ള അഭിഭാഷകര്‍ നിയമസഹായം നല്‍കിയതും സത്യവാങ്മൂലത്തില്‍ അറിയിച്ചു.

പേരൂര്‍ക്കട ഫെഡറല്‍ബാങ്കിലാണ് തന്റെ അക്കൗണ്ടെന്നും ജോമോന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അഭയ കേസിനെക്കുറിച്ചും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ നല്‍കി സഹായിച്ചു. എന്നാല്‍, ഒരു മാധ്യമവും കേസില്‍ ഇടപെടുകയോ ഉപദേശിക്കുകയോ ചെയ്തിട്ടില്ല. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക മാത്രമായിരുന്നു ആക്ഷന്‍ കൗണ്‍സിലിനെ സഹായിച്ചവരുടെ ലക്ഷ്യമെന്നും ജോമോന്‍ അഭിപ്രായപ്പെട്ടു.

മൊത്തം 23 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നായിരുന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം ആറിന് ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ആറാഴ്ചയ്ക്കുള്ളില്‍ നേരിട്ടു സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചത്. കേസില്‍ ഏപ്രില്‍ ഒന്നിന് അന്തിമവാദം കേള്‍ക്കും. അഭയകേസില്‍ ജോമോന് ഇടപെടാനുള്ള അവകാശം ചോദ്യം ചെയ്ത് ഹൈക്കോടതിയാണ് വ്യക്തിപരവും മറ്റുമായ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടത്.

താന്‍ വാദിയായ കേസില്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്കെതിരെ ജോമോന്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട 23 ചോദ്യങ്ങള്‍ക്ക് പോലീസ് അന്വേഷണം നടത്തി ഉത്തരം നല്‍കുന്നതിനു പകരം ജോമോന്‍ വ്യക്തിപരമായി സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

ലിങ്ക് – മാതൃഭൂമി
ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ അഭയക്കേസില്‍ സാമ്പത്തികമായി സഹായിച്ചെന്ന്‌ ജോമോന്‍
ന്യൂഡല്‍ഹി: രണ്ടു ബിഷപ്പുമാരും കെ.പി.സി.സി.പ്രസിഡന്റ്‌ രമേശ്‌ചെന്നിത്തലയുമടക്കമുളള 41 പേര്‍ അഭയക്കേസിന്റെ നടത്തിപ്പിനായി സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന്‌ അഭയാ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ സുപ്രീംകോടതിയെ അറിയിച്ചു.

18 വര്‍ഷമായി അഭയക്കേസ്‌ തെളിയിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റിയും മറ്റു സാമൂഹിക ബന്ധങ്ങളെക്കുറിച്ചും ഉന്നതതല പോലീസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതി ജഡ്‌ജി വി. രാംകുമാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. അന്വേഷിക്കേണ്ട മേഖലയെക്കുറിച്ചു വ്യക്‌തമാക്കുന്നതിനായി 23 ചോദ്യങ്ങളാണ്‌ മാര്‍ഗ നിര്‍ദേശങ്ങളായി ഏല്‍പ്പിച്ചിരുന്നത്‌.

ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌തിരുന്നു. അതിനാല്‍ പോലീസ്‌ അന്വേഷണവും നടന്നില്ല.

എന്നാല്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കേസ്‌ പരിഗണനയ്‌ക്ക് എടുത്തപ്പോള്‍ 23 കാര്യങ്ങളെക്കുറിച്ച്‌ ജോമോന്‍ തന്നെ മറുപടി സമര്‍ച്ചിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബഞ്ച്‌ ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ച്‌ ജോമോന്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി.

ജോമോനെ നേരിട്ടും അല്ലാതെയും സഹായിക്കുന്നവര്‍, രാഷ്‌ട്രീയക്കാരുമായുളള ബന്ധം മന്ത്രിമാരിലുളള സ്വാധീനം, രാഷ്‌ട്രീയ പാര്‍ട്ടികളുമായിട്ടുളള ബന്ധം, കേസിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണോ, ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പബ്ലിസിറ്റിക്കു വേണ്ടി സഹായിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കാണ്‌ മറുപടി. കേസ്‌ സുപ്രീംകോടതി ഏപ്രില്‍ ഒന്നിന്‌ വീണ്ടും പരിഗണനയ്‌ക്ക് എടുക്കും.

ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനു സാമ്പത്തിക സഹായം നല്‍കിയവരുടെ ലിസ്‌റ്റും അവര്‍ നല്‍കിയ തുകയും (ബ്രായ്‌ക്കറ്റില്‍)

പി.സി.ചെറിയാന്‍ മടുക്കാനി, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌(20000), ടി.കെ. രാമകൃഷ്‌ണന്‍, മുന്‍ മന്ത്രി(10000), രമേശ്‌ചെന്നിത്തല(10000), ലോനപ്പന്‍ നമ്പാടന്‍(10000), ജോമോന്‌ ലഭിച്ച അഡ്വ.കുഞ്ഞിരാമ മേനോന്‍ അവാര്‍ഡ്‌(10001), പി.സി. ജോര്‍ജ്‌ എം.എല്‍.എ. വായ്‌പയായി നല്‍കിയത്‌ – ഒരുലക്ഷം(പിന്നീട്‌ പലതവണയായി തിരിച്ചു നല്‍കി), വ്യക്‌തിപരമായ സംഭാവന(20000), ബിഷപ്‌ പൗലോസ്‌ മാര്‍ പൗലോസ്‌(5000), ബിഷപ്‌ യൂഹാനോന്‍ മാര്‍ പീലക്‌സിനോസ്‌ (10000) കെ.എം.മാത്യൂ, മലയാള മനോരമ ചീഫ്‌ എഡിറ്റര്‍(5000), മുത്തൂറ്റ്‌ മാത്യു (10000), അഡ്വ. പി.എസ്‌. ശ്രീധരന്‍പിളള, ബി.ജെ.പി.(5000), ഏറ്റുമാനൂര്‍ രാധാകുഷ്‌ണന്‍ ബി.ജെ.പി. (10000), ഫാ. കെ.എ.എബ്രഹാം(10000), ഫാ. തോമസ്‌ വിരുത്തിയില്‍(5000), ഫാ. കെ.വി.പൗലോസ്‌(3000), ഫാ. ജോസഫ്‌ കൊച്ചുതാഴം(5000), മാണി സി. കാപ്പന്‍, എന്‍.സി.പി, മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗം കേരളാ യുണി.(10000), മണര്‍കാട്‌ പാപ്പന്‍, പാല(5000), ജോസഫ്‌ പുലിക്കുന്നേല്‍(10000), ടി.പി.നന്ദകുമാര്‍, ചീഫ്‌ എഡിറ്റര്‍,ക്രൈം വാരിക(20000), വര്‍ക്കല രാധാകൃഷ്‌ണന്‍(10000), അഡ്വ. എം.കെ. ചന്ദ്രമോഹന്‍ദാസ്‌(10000), ജോയി ചെമ്മാച്ചേല്‍, നീണ്ടൂര്‍(20000), കെ.എം. ജയിംസ്‌, നീണ്ടൂര്‍(20000), ജോയി തോമസ്‌ നീണ്ടൂര്‍(10000), പി.ടി. ജോസഫ്‌, നീണ്ടൂര്‍(10000), കെ.സി. ചാക്കോ, നീണ്ടൂര്‍(10000), കെ.സി. ടോമി, നീണ്ടൂര്‍(5000), ഡേവി തോമസ്‌, നീണ്ടൂര്‍(5000), ഡോ. ജോസഫ്‌ ഏലൂര്‍, കൈപ്പുഴ(10000), ജോയി മുതുകാട്ടില്‍, കിടങ്ങൂര്‍(10000), പി.കെ. മാത്യു, റിട്ട. സബ്‌ രജിസ്‌ട്രാര്‍, ഏറ്റുമാനൂര്‍(5000), എം.എസ്‌. മാത്യു മുണ്ടയ്‌ക്കല്‍, അതിരമ്പുഴ(5000), കെ.ടി. മാത്യു, മൂവാറ്റുപുഴ(3000), ഇ.കെ. ഹസന്‍കുട്ടി, സംസ്‌ഥാന ജനറല്‍ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ്‌(എം)(10000), കെ.ഇ. മാമ്മന്‍, സ്വാതന്ത്ര്യ സമരസേനാനി, അഭയ ആക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍(10000), സേവ്യര്‍ അറയ്‌ക്കല്‍ മുന്‍ എം.പി, സി.പി.എം.(5000), സാജു പോള്‍ എം.എല്‍.എ, സി.പി.എം.(10000), തോമസ്‌ ചാണ്ടി എം.എല്‍.എ, എന്‍.സി.പി.(10000), പദ്‌മശ്രീ പദ്‌മനാഭന്‍ ഗോപിനാഥന്‍(3000), അഡ്വ. ടി.വി. ഏബ്രഹാം, കോട്ടയം ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്‌(5000).

തുടങ്ങിയ 41 പേരാണ്‌ സാമ്പത്തിക സഹായം നല്‍കിയവര്‍. അടുത്ത സുഹൃത്തുക്കളായ വിദേശമലയാളികളില്‍ ഒരാള്‍ 39084 രൂപയും മറ്റൊരാള്‍ 14193 രൂപയുടെ ചെക്കുകളും അയച്ചു തന്നതായും കോടതിയെ അറിയിച്ചു. സ്വന്തമായി വാഹനം, സ്വര്‍ണം എന്നിവയില്ലാത്ത ഈ അവിവാഹിതന്‍ നീണ്ടുരില്‍ പാരമ്പര്യമായി ലഭിച്ച ആറു സെന്റ്‌ പുരയിടത്തിലാണ്‌ താമസിക്കുന്നത്‌. കേസ്‌ നടത്തിപ്പിനായി ഹൈക്കോടതിയിലെ വിവിധ അഭിഭാഷകര്‍ക്കായി 17000 രൂപയും സുപ്രീംകോടതിയിലെ അഭിഭാഷകര്‍ക്കായി രണ്ടുലക്ഷം രൂപയും നല്‍കിയതായും ജോമോന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്‌.

കടപ്പാട് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )