അന്യാധീനപ്പെട്ട 1200 ഏക്കര്‍ വനഭൂമി വിവാദമാവുന്നു

തിരുവനന്തപുരം: ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം ജോണ്‍ ജോസഫ് മൂന്നാറില്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ആയിരത്തിഇരുനൂറില്‍പ്പരം ഏക്കര്‍ വനഭൂമി സി.പി. എമ്മിന് തലവേദനയായി.ഇത് നിയമവിരുദ്ധമായി കൈയേറിയ ഭൂമിയാണെന്ന് ഇടുക്കി കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ഇവിടെ നിക്ഷേപമുള്ള ഭരണകക്ഷി നേതാക്കള്‍ അങ്കലാപ്പിലാവുകയും ചെയ്തു. മൂന്നാറിലെ ഒന്നാം ദൗത്യത്തില്‍ ഗ്ലോറിയാ ഫാം ഏറ്റെടുക്കാന്‍ ദൗത്യസംഘം നടപടി തുടങ്ങിയതോടെയാണ് സി.പി.എം. ജയചന്ദ്രന്‍ എം.എല്‍.എയെ ഉപയോഗിച്ച് ദൗത്യസംഘത്തെ തുരത്താന്‍ തീരുമാനിച്ചത്. അങ്ങനെ ഒന്നാം ദൗത്യം പരാജയപ്പെട്ടതിന്റെ മുഖ്യതടയണയായി ഗ്ലോറിയാ ഫാം മാറി.

കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ ‘റ’ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഏലകുത്തകപ്പാട്ടവും പട്ടയഭൂമിയും ചേര്‍ന്ന 953 ഏക്കര്‍ സ്ഥലമാണ് ശാന്തന്‍പാറ എസ്റ്റേറ്റിലെ ഗ്ലോറിയാ ഫാം. ഇതിന് പുറമേ ഇവിടെ 262.41 ഏക്കര്‍ ചോലവനവുമുണ്ട്. ഏലപ്പട്ടയമുള്ളത് 650 ഏക്കറിനാണ്. ഈ പട്ടയത്തിന്റെ മറവില്‍ കുറേ ഏക്കര്‍ വനവും അനധികൃത കൈയേറ്റവും ചേര്‍ന്ന 1215.4 ഏക്കര്‍ ഭൂമിയാണ് നിയമവിരുദ്ധമായി മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം കൈവശം വെച്ചിരിക്കുന്നത്.

മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ മാറി ശാന്തന്‍പാറയില്‍ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിന് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ചെങ്കുത്തായ നാലുകിലോമീറ്റര്‍ പാത പിന്നിട്ടാല്‍ ഗ്ലോറിയാ ഫാമിലെത്താം. ഫാമിന്റെ തുടക്കത്തില്‍ എസ്റ്റേറ്റുടമ അനധികൃതമായി നിര്‍മ്മിച്ച ചെക്ക് പോസ്റ്റുണ്ട്. ഇവിടെ ഭരണം കൈയാളുന്നത് എസ്റ്റേറ്റുടമയുടെ ഗുണ്ടകളാണ്. ഇവരുടെ കര്‍ശന നിരീക്ഷണത്തിലല്ലാതെ ആര്‍ക്കും തന്നെ ഫാമിനുള്ളില്‍ പ്രവേശിക്കാനാവില്ല.

മൂന്നാറിലെ പ്രമുഖമായ ഒരു സ്റ്റാര്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്കായി ഫാമും അതിനുള്ളിലെ കോട്ടേജുകളും തുറന്ന് കൊടുക്കും. ഈ റിസോര്‍ട്ടില്‍ നിന്ന് ഒരാള്‍ക്ക് 500 രൂപ ടിക്കറ്റെടുത്താല്‍ റിസോര്‍ട്ട് ഉദ്യോഗസ്ഥന്‍ ഫാം കാണിക്കാന്‍ സന്ദര്‍ശകരെ കൊണ്ടുപോകും. എമു, മാന്‍, വിവിധതരം പക്ഷികള്‍ എന്നിവയെ വനനിയമങ്ങള്‍ ലംഘിച്ച് ഇവിടെ കൂട്ടിലിട്ട് വളര്‍ത്തുന്നു. ഏലപ്പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് ചെക്ക് ഡാം, റിസോര്‍ട്ട്, ഷെഡ്ഡുകള്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയിട്ടുണ്ട്.

ഏലപ്പാട്ട വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമായതിനാല്‍ ഈ ആയിരത്തി ഇരുന്നൂറ് ഏക്കറും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ നിയമതടസ്സമില്ല. ആദ്യ ദൗത്യസംഘം ഇതിനുള്ള ശ്രമമാരംഭിച്ചപ്പോഴാണ് സി.പി.എം. നേതൃത്വം പീരുമേട് എം.എല്‍.എയെ ഉപയോഗിച്ച് ആ നീക്കം തടഞ്ഞത്. ഒന്നാം ദൗത്യസംഘം മടങ്ങിയതിന് ഒന്നരവര്‍ഷത്തിനുശേഷം 2008 ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ രണ്ടാം ദൗത്യസംഘവുമായി മൂന്നാറിലെത്തി. അന്ന് കൈയേറ്റഭൂമി നേരിട്ട് കണ്ട മുഖ്യമന്ത്രി ഒടുവില്‍ എത്തിയത് ഗ്ലോറിയാ ഫാമിലാണ്. മുഖ്യമന്ത്രിയായിട്ടും ചെക്ക് പോസ്റ്റും പൂട്ടിയിട്ട ഗേറ്റും തുറക്കാന്‍ എസ്റ്റേറ്റ് അധികൃതര്‍ തയ്യാറായില്ല.

ഗേറ്റ് തുറക്കണമെന്ന് മുഖ്യമന്ത്രി നിര്‍ബന്ധം പിടിച്ചതോടെ ഗേറ്റ് തുറന്നു. ഉള്ളില്‍ നിന്നും ഉടമ ജോണ്‍ ജോസഫ് പുറത്തുവന്നു. അന്ന് ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് ”ഇവിടെ അധിക ഭൂമിയുണ്ടെങ്കില്‍ എടുത്തുകൊള്ളണം” എന്ന് ജോണ്‍ ജോസഫ് മുഖ്യമന്ത്രിയോട് പറയുകയും ചെയ്തു.

തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി 2008 ഒക്ടോബര്‍ പത്തിന് ഇ-മെയിലിലൂടെ കളക്ടര്‍ക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് 14 നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതില്‍ 12-ാമത്തെ നിര്‍ദ്ദേശമായി ഇങ്ങനെ പറയുന്നു. ”പാട്ടവ്യവസ്ഥകളുടെ ലംഘനമുണ്ടായതിനാല്‍ പട്ടയം റദ്ദാക്കി മുഴുവന്‍ ഭൂമിയും തിരിച്ചെടുക്കണം”. എന്നാല്‍ ഭരണകക്ഷിയുടെ സമ്മര്‍ദ്ദ ഫലമായി ഗ്ലോറിയാ ഫാമിലെ നഗ്‌നമായ നിയമലംഘനവും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും കളക്ടര്‍ കണ്ടില്ലെന്ന് നടിച്ചു. അന്നുതന്നെ ഭരണകക്ഷിയിലെ പ്രമുഖര്‍ക്ക് ഈ എസ്റ്റേറ്റില്‍ നിക്ഷേപമുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ഇതിന് ശേഷമാണ് 2008 നവംബര്‍ 21 ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനും മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ നാടകം നടത്തിയത്. അന്ന് ഗ്ലോറിയാ ഫാം സന്ദര്‍ശിച്ച റവന്യൂമന്ത്രി അനധികൃതമായി ഏലപ്പട്ടയ വ്യവസ്ഥ ലംഘിച്ച് കൈവശം വെച്ചിട്ടുള്ള മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുന്നതിന് പകരം വെറും 400 ഏക്കര്‍ സ്ഥലം കൈയേറ്റമാണെന്ന് കാണിച്ചാണ് നാല് ബോര്‍ഡ് നാട്ടിയത്. എന്നാല്‍ അത് 262.41 ഏക്കര്‍ മാത്രമാണെന്നാണ് വിവരാവകാശ നിയമപ്രകാരം വില്ലേജ് ഓഫീസര്‍ നല്‍കിയ വിശദീകരണം.

എസ്റ്റേറ്റുടമ രണ്ട് ബോര്‍ഡുകള്‍ എടുത്തു കാട്ടിലെറിഞ്ഞു. ബാക്കി രണ്ടെണ്ണം അവിടെ തൂങ്ങിക്കിടന്നത് വില്ലേജ് ഓഫീസര്‍ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മൂന്നാര്‍ വീണ്ടും വിവാദമായതോടെ ഈ ബോര്‍ഡുകളുടെ കാര്യം മാധ്യമ പ്രവര്‍ത്തകര്‍ റവന്യൂമന്ത്രിയോട് ചോദിച്ചു. താന്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ സംരക്ഷിക്കേണ്ട ചുമതല വില്ലേജോഫീസര്‍ക്കാണെന്നും വില്ലേജോഫീസര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റവന്യൂമന്ത്രി മറുപടി പറഞ്ഞു.

വില്ലേജോഫീസറുടെ വിശദീകരണവുംവിചിത്രമായിരുന്നു. പോലീസില്‍ പരാതിപ്പെട്ടുവെന്നായിരുന്നു വിശദീകരണം. ബോര്‍ഡ് തങ്ങള്‍ അന്വേഷിച്ചുവെങ്കിലും രണ്ടെണ്ണം കണ്ടുകിട്ടിയില്ലെന്ന് പോലീസും വ്യക്തമാക്കി.

ഗ്ലോറിയ എസ്റ്റേറ്റിന്റെ കാര്യം കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കളക്ടര്‍ പറഞ്ഞിട്ടുണ്ട്. അവിടത്തെ കൈയേറ്റം അടുത്തിടെ താന്‍ കണ്ടുപിടിച്ചതാണെന്നാണ് കളക്ടര്‍ പറയുന്നത്. എന്നാല്‍ ഇത് കോടതിയെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്.

മൂന്നാറിലെ ഏറ്റവും വലിയ തടയണയാണ് ഗ്ലോറിയാ എസ്റ്റേറ്റിലുള്ളത്. ഈ ഒറ്റക്കാരണം ചൂണ്ടിക്കാട്ടി ഏലപ്പാട്ടക്കരാര്‍ ലംഘനത്തിന് മുഴുവന്‍ സ്ഥലവും പിടിച്ചെടുക്കാമായിരുന്നു. ഇവിടെ മന്ത്രിയും കളക്ടറും ഒത്തുകളിച്ചു.

മുഖ്യമന്ത്രി കളക്ടര്‍ക്ക് ഇ-മെയിലിലൂടെ നിര്‍ദ്ദേശം നല്‍കിയ ഭൂമി കൈയേറ്റമൊഴിപ്പിക്കല്‍ കളക്ടര്‍ നടപ്പാക്കാത്തതിനുത്തരവാദികള്‍ ഭരണകക്ഷി നേതാക്കള്‍ തന്നെയായിരുന്നു. മന്ത്രി സ്ഥാപിച്ച ബോര്‍ഡുകള്‍ കാട്ടില്‍ കളഞ്ഞപ്പോള്‍ തന്നെ പട്ടയം റദ്ദാക്കി ഭൂമി സര്‍ക്കാരിന് കൈവശപ്പെടുത്താമായിരുന്നു. പക്ഷേ പിന്നീട് റവന്യൂവകുപ്പ് സ്വീകരിച്ച നടപടി, ഈ സര്‍ക്കാരിന് കൈയേറ്റമൊഴിപ്പിക്കലിലുള്ള ആത്മാര്‍ത്ഥതയില്ലായ്മയ്ക്ക് തെളിവാണ്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )