നാം പ്രകൃതിയോട് അകന്നുപോവുന്നു

പ്രകൃതിയോട് വിട്ടുപോവുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ഓരോ ദ്രവ്യത്തിലും പ്രകൃതിക്ക്
വിരുദ്ധമായി ജനിതക വ്യഭിചാരങ്ങള്‍ നടത്തി ഉത്പാദനവും അതിലൂടെ സമ്പാദ്യവും വര്‍ധിപ്പിക്കാന്‍
നോക്കുകയെന്നത് ഒരു ശുഭസൂചകമായി തോന്നുന്നില്ല

അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി

മനുഷ്യസമൂഹമുള്‍പ്പെടെ എല്ലാ ജീവജാലങ്ങളും പ്രകൃതിയില്‍നിന്ന് മെല്ലെമെല്ലെ അകന്നുപോയിക്കൊണ്ടിരിക്കുകയാണോ എന്നൊരു ഭയം വല്ലാതെ അലട്ടുന്നു. ഇപ്പോഴത്തെ പല കാര്യങ്ങളെക്കൊണ്ടും അങ്ങനെ തോന്നിപ്പോവുകയാണ്. പിതൃ-മാതൃബന്ധമില്ലാതെ സന്തതി ഉത്പാദിപ്പിക്കാനുള്ള തന്ത്രങ്ങള്‍വരെ മെനഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
പഞ്ചഭൂതാത്മകമായ പ്രകൃതിയിലെ എല്ലാ ഉത്പന്നങ്ങളിലും ഇതു നിര്‍ബന്ധരൂപേണ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു. പ്രപഞ്ച ഉത്പന്നങ്ങള്‍ക്കു മൂലഘടകമായ പഞ്ചഭൂതങ്ങളുടെ ബന്ധമുള്ളേടത്തോളം കാലം തജ്ജന്യമായ എന്തിലുംതന്നെ വൈകല്യം വരുത്തുന്നതും വ്യഭിചരിക്കുന്നതും അത്യന്തം ആപത്കരവും സമൂഹത്തിനു ദൂരവ്യാപകമായ ദോഷം ചെയ്യുന്നതുമാണ്.ഇവിടെ ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നത് ഇപ്പോള്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ബി.ടി.വഴുതന എന്ന് നാമകരണം ചെയ്ത ജനിതകമാറ്റം വരുത്തിയ പച്ചക്കറിയെ ഉദ്ദേശിച്ചാണ്. ബാസില്ലാസ് തുറിന്‍ജയിന്‍സിസ് എന്ന ബാക്ടീരിയയുടെ ജീന്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതാണത്രെ ഈ പച്ചക്കറി. ഇതു കീടങ്ങളെ ചെറുക്കുമെന്നും ഉത്പാദനം വര്‍ധിപ്പിക്കുമെന്നും കൃഷിച്ചെലവ് കുറയ്ക്കുമെന്നുമൊക്കെ അതിന്റെ ഉത്പാദകര്‍ പറയുന്നതായി ദൃശ്യ-ശ്രവ്യ മാധ്യമദ്വാരാ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വഴുതന, ഷട്പദങ്ങളുള്‍പ്പെടെയുള്ള ചെറുകീടങ്ങള്‍ തിന്നാന്‍ ശ്രമിച്ചാല്‍ അതിനെ നശിപ്പിക്കാന്‍ ബി.ടി. ജീന്‍ എന്ന ഒരു വിഷവസ്തു ഉത്പാദിപ്പിക്കുമത്രെ.

ഈ വിഷവസ്തു മനുഷ്യന്റെ ശരീരത്തിലെത്തിയാലും നാശം സംഭവിക്കില്ലേ? ഇങ്ങനെ ജനിതകമാറ്റം വരുത്തുമ്പോള്‍ അതിന്റെ ഔഷധഗുണം പോവില്ലേ? ഇതു വഴുനതയ്ക്ക് മാത്രമല്ല, നെല്ല് ഉള്‍പ്പെടെയുള്ള മറ്റെല്ലാ ഭക്ഷ്യഉത്പന്നങ്ങള്‍ക്കും ബാധകമാവില്ലേ? ഇതിന്റെ ഭവിഷ്യത്തു മനസ്സിലാക്കാനും അതിനെതിരെ പ്രതികരിക്കാനും ഇനിയും വൈകിക്കുന്നത് ആപത്താണ്. ഏതായാലും ആ വിഷയം ഇപ്പോള്‍ തത്കാലത്തേക്കാണെങ്കിലും കേന്ദ്രസര്‍ക്കാര്‍തന്നെ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ ഉണ്ടായ സമാധാനത്തിനും സന്തോഷത്തിനും കണക്കില്ല.

ആ വിഷയത്തെക്കുറിച്ച് ആയുര്‍വേദ ദൃഷ്ടിയിലൂടെ ഒന്നുകൂടി വിശദമായി വിശകലനം ചെയ്യാന്‍ ശ്രമിക്കാം. വഴുതനകള്‍ ഔഷധങ്ങളില്‍പ്പെട്ടതാണ്. ഭൂമിയിലുണ്ടാവുന്നത് എല്ലാംതന്നെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഔഷധങ്ങളാണെന്ന് ശാസ്ത്രം പറയുന്നുണ്ട്. നമ്മുടെ നടപ്പനുസരിച്ചും അത് യഥാര്‍ഥമാണ്. എന്നാല്‍ ഇന്ന് അശുദ്ധസ്വഭാവം, നിര്‍ബന്ധപൂര്‍വം അടിച്ചേല്പിച്ച് പഞ്ചഭൂതങ്ങളില്‍ ഒന്നുംതന്നെ വിഷസമ്മിശ്രമല്ലാതെ ഉണ്ടാവുമെന്നു തോന്നുന്നില്ല. അനുഭവത്തിലും അവ പ്രത്യക്ഷംതന്നെയാണ്.
ഇന്ന് വാങ്ങുന്ന പല സാധനങ്ങളിലും വിഷാംശം ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയും മറ്റും നിസ്സംശയം ബോധ്യപ്പെടാനും തുടങ്ങിയിരിക്കുന്നു. പച്ചമുന്തിരി കഴിക്കരുതെന്ന് ഈയിടെ എന്തിലോ കണ്ടതായി ഓര്‍ക്കുന്നു. അതില്‍ വിഷമുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ വിഷം തളിച്ച് വളര്‍ത്തിയെടുക്കുന്ന ഭക്ഷണോത്പന്നങ്ങളും പോഷിപ്പിക്കാന്‍ കൃത്രിമമായി ചില ഹോര്‍മോണ്‍ ഉപയോഗങ്ങളും ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

മത്തങ്ങ മുതലായവയില്‍ എന്തോ കുത്തിവെച്ച് അതിന്റെ വലിപ്പം വര്‍ധിപ്പിക്കാന്‍ മാര്‍ഗങ്ങളുണ്ടത്രെ. അതുപോലെത്തന്നെ നേന്ത്രക്കായയ്ക്ക് തുടവും മറ്റും വര്‍ധിപ്പിക്കാന്‍ യൂറിയപോലുള്ള രാസവളങ്ങള്‍ മാണി (കൊടപ്പന്‍) മുറിച്ച് തലപ്പത്തുവെച്ചുകെട്ടുന്ന ഒരു രീതി നടപ്പുണ്ടത്രെ. അങ്ങനെ ചെയ്താല്‍ കായയ്ക്ക് തൂക്കവും തുടവും കൂടുതലുണ്ടാവുമത്രെ. അങ്ങനെ ഒരു മേഖലയിലും വ്യത്യാസമില്ലാതെ വിഷപദാര്‍ഥങ്ങളെക്കൊണ്ട് കലുഷിതമായിരിക്കുന്നു പഞ്ചഭൂതങ്ങളെല്ലാം.
പഞ്ചഭൂതങ്ങളില്‍, അതായത് കാറ്റിലും വെളിച്ചത്തിലും വെള്ളത്തിലും മണ്ണിലും ആകാശത്തിലും വിഷങ്ങള്‍ വിക്ഷേപിച്ചു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്പ് എന്ന വിഷയം അതോടുകൂടി വ്യത്യാസപ്പെടുമെന്ന് തീര്‍ച്ചയാണല്ലോ. പഞ്ചഭൂതങ്ങളാണ് ആവാസവ്യവസ്ഥയുടെ മൂലഘടകം. അതിന്റെ സന്തുലിതാവസ്ഥയ്ക്കുതന്നെ മാറ്റംവരും. ഇതിനെല്ലാം കാരണം പ്രകൃതിയില്‍ മനുഷ്യന്‍ അവന്റെ വിശേഷബുദ്ധി ഉപയോഗിച്ച് മിഥ്യാചാരങ്ങളിലൂടെ പ്രവര്‍ത്തിക്കുക എന്നതുതന്നെയല്ലേ? ഇപ്പോഴത്തെ ഔഷധങ്ങളും ഏറെക്കുറെ ഇതുപോലെ ആയിരിക്കുന്നു. ഔഷധങ്ങളുടെ ഉപയോഗത്തിനും ഈ പ്രപഞ്ചോത്പന്നങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് മറക്കാതിരുന്നാല്‍ നല്ലതാണ്. ആ വിഷയത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.

നാം തുടങ്ങിവെച്ചത് പ്രകൃതിയോട് അകന്നുപോവുക എന്ന വിഷയത്തോടെയാണ്. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളിലും പ്രകൃതിയോട് വിട്ടുപോവുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ഓരോ ദ്രവ്യത്തിലും പ്രകൃതിക്കു വിരുദ്ധമായി ജനിതക വ്യഭിചാരങ്ങള്‍ നടത്തി ഉത്പാദനവും അതിലൂടെ സമ്പാദ്യവും വര്‍ധിപ്പിക്കാന്‍ നോക്കുകയെന്നത് ഒരു ശുഭസൂചകമായി തോന്നുന്നില്ല. കൃത്രിമമായി ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിര്‍ബന്ധപൂര്‍വം നിരോധിക്കേണ്ടതുതന്നെയാണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

നമ്മുടെ നിയന്ത്രണപരിധിയിലല്ലാതെ തന്നെ അനായാസമായി അനേകം ദുഷ്പ്രവണതകള്‍ പ്രകൃതിയിലും അതിലെ ജീവല്‍ സമൂഹത്തിലും ബാധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനു വേണമെങ്കില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന, അവരിലെ വളരെ ചെറിയൊരു വിഭാഗം നടത്തുന്ന കല്പിച്ചുകൂട്ടിയുള്ള ഈ പ്രവണതയ്ക്ക് അനുവാദം കൊടുക്കണോ?

ഇവിടെ മനുഷ്യന്‍ എന്നതിനെക്കുറിച്ച് അല്പം പറയാതെ നിവൃത്തിയില്ല. പ്രപഞ്ചോത്പത്തിക്കുശേഷം പരിവര്‍ത്തന പ്രക്രിയയിലൂടെ രസ, വര്‍ണ, ഗന്ധാദികളായ വിഷയങ്ങളും അനന്തരം സസ്യലതാദി സമൂഹങ്ങളും സ്ഥാവരജംഗമവസ്തുക്കളും ഉണ്ടായി. വളരെവളരെ യുഗങ്ങള്‍ക്കുശേഷം പല മാറ്റങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ് ജീവികളും പിന്നീട് പല പരിണാമങ്ങളുടെ ഫലമായിവകഭേദങ്ങളോടെ അനേകം കാലങ്ങള്‍ക്കുശേഷം അവസാനമായി ഉത്തമനായ, വിശേഷബുദ്ധിയോടുകൂടിയ മനുഷ്യനും ഉത്ഭവിക്കുകയാണുണ്ടായത്.
ആ വിശേഷബുദ്ധി ലഭിച്ച വിശിഷ്ട ജീവിയാണ് മാതൃതുല്യമായി കരുതേണ്ട പ്രകൃതിയെയും സഹോദരങ്ങളെപ്പോലെ കരുതേണ്ട മറ്റു ജീവജാലങ്ങളെയും നീചമായി ഇങ്ങനെ വേദനിപ്പിക്കുന്നത് എന്ന് സ്വയം ഒന്ന് മനസ്സിലാക്കിയാല്‍ നന്നായിരുന്നു.
ഇത്രയും വിവരങ്ങള്‍ എഴുതിയതില്‍നിന്ന് സമൂഹം പ്രകൃതിയില്‍നിന്ന് അകന്നുപോവുന്നുവെന്നതിന്റെ ഒരു ചെറിയ വിവരം കിട്ടിയിട്ടുണ്ടാവുമെന്ന് കരുതട്ടെ. ഈ വിഷയത്തിന്റെ ഗൗരവം സമൂഹത്തിലെ എല്ലാവരും മനസ്സിലാക്കേണ്ടതും അങ്ങനെയുള്ള വിഷയങ്ങളില്‍നിന്ന് വിശേഷബുദ്ധി കിട്ടിയിട്ടുണ്ട് എന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ മാറി നിലേ്ക്കണ്ടതും അതിനു തുനിയുന്നവരെ പ്രതിരോധിക്കേണ്ടതും ആണെന്ന് ഈ അവസരത്തില്‍ ഉദ്‌ബോധിപ്പിക്കുന്നു.

മാതൃഭൂമി ലേഖനം 21-02-10

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w