ദേശീയ ബയോടെക്നോളജി റഗുലേറ്ററി അതോറിറ്റി ബില്‍

ജിഎം വിളകളെ വിമര്‍ശിച്ചാല്‍ ജയില്‍

ന്യൂഡല്‍ഹി
ശക്തമായ വിമര്‍ശനം കൊണ്ടു ബിടി വഴുതനയുടെ കാര്‍ഷികോത്പാദനം നീട്ടിവയ്പ്പിച്ചവര്‍ നാവടക്കുക. എതിര്‍പ്പു തുടര്‍ന്നാല്‍ നിങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെടാം; കുറഞ്ഞത് ആറുമാസം. ജിഎം വിളകളുടെയും അവ ഉപയോഗിച്ചു നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെയും സുരക്ഷയില്‍ സംശയം ഉന്നയിക്കാനുള്ള അവകാശം നിരോധിച്ചു കേന്ദ്രം പുതിയ നിയമം ഏര്‍പ്പെടുത്തുകയാണ്, ബയൊടെക്നോളജി റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ ബില്‍.
നിയമത്തില്‍ ഷെഡ്യൂള്‍- ഒന്ന് എന്ന വിഭാഗത്തിലാണു ജിഎം വിളകളും ഉത്പന്നങ്ങളും. ഈ വിഭാഗത്തിലുള്ളവയെക്കുറിച്ച് ഏതെങ്കിലും വിധത്തില്‍ തെറ്റിദ്ധാരണ പരത്തിയാല്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ രണ്ടുലക്ഷം രൂപ പിഴയോ ആണു ശിക്ഷ. വിമര്‍ശനത്തിന്‍റെ ഗൗരവം അനുസരിച്ചു തടവും പിഴയും ഒന്നിച്ചും ലഭിക്കാം.
ജനിറ്റിക് എന്‍ജിനീയറിങ് വഴി ഉത്പാദിപ്പിച്ച സസ്യങ്ങള്‍, ഡിഎന്‍എ വാക്സിനുകള്‍, സെല്ലുലാര്‍- ജീന്‍ തെറാപ്പി ഉത്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഷെഡ്യൂള്‍- ഒന്നില്‍ ഉള്‍പ്പെടും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ ജിഎം വിളകളെക്കുറിച്ച് ഒരു വിമര്‍ശനവും പാടില്ലെന്നാണു നിയമത്തിലെ വ്യവസ്ഥ.
ബയൊ ടെക്നോളജി അഥോറിറ്റിയിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍റെ ചുമതലകള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചാലും ലഭിക്കും മൂന്നു മാസം തടവ്. അല്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ പിഴ. അഥോറിറ്റിക്കു മുന്നിലേക്ക് ഒരു പ്രകടനം സംഘടിപ്പിച്ചാലോ അഥോറിറ്റി ഉദ്യോഗസ്ഥരെ കരിങ്കൊടി കാണിച്ചാലോ വരെ ലഭിക്കും ശിക്ഷയെന്ന് അര്‍ഥം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണു നിയമമെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മൗലികാവകാശലംഘനമാണു നിയമമെന്നു സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി. ജിഎം വിളകളുയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു വനം- പരിസ്ഥിതി മന്ത്രി ജയറാം രമേഷും ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഈ നിയമ പ്രകാരം അദ്ദേഹത്തെയും വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം- പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.
സിവില്‍ സൊസൈറ്റിയുടെ നാക്കിനു വിലങ്ങിടുന്നതാണു നിയമമെന്ന് വിരാസത് മിഷന്‍ പ്രവര്‍ത്തക കവിത കുരുഗന്തി അഭിപ്രായപ്പെട്ടു. “തെറ്റിദ്ധാരണ’ എന്നത് ആരാണു തീരുമാനിക്കുക? എന്താണ് അതിന്‍റെ മാനദണ്ഡം. ജിഎം വിളകളുടെ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്തവര്‍ എങ്ങനെ അതിനെതിരേ പറയുന്നതവര്‍ക്കെതിരേ നടപടിയെടുക്കും- കവിത ചോദിച്ചു.

കടപ്പാട് – മെട്രോവാര്‍ത്ത

ജനിതകമാറ്റം വന്ന വിളകളുടെ കാര്യം പരിശോധിക്കാന്‍ അതോറിറ്റി

ബി.ടി. വഴുതന: പരിസ്ഥിതിവാദികളുടെ വിജയം താത്കാലികം
ന്യൂഡല്‍ഹി: ബി.ടി. വഴുതനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രമന്ത്രി ജയറാം രമേഷിന്റെ നടപടിയിലൂടെ പരിസ്ഥിതിവാദികള്‍ക്കുണ്ടായ ജയം താത്കാലികമെന്ന് സൂചന. ജനിതകമാറ്റം വരുത്തിയ വിളകളുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഒരു ‘ദേശീയ ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി’യെ ചുമതലപ്പെടുത്താനുള്ള ബില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പാര്‍ലമെന്റിന്റെ ഈ ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസായാല്‍ ജനിതകമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഇനി പരിസ്ഥിതി മന്ത്രാലയത്തിനുണ്ടാവില്ല. പുതിയ അതോറിറ്റിയാവും തീരുമാനമെടുക്കുക. ഈ അതോറിറ്റി ശാസ്ത്ര-സാങ്കേതികവകുപ്പിന്റെ കീഴിലാണുണ്ടാവുക.

2008-ലാണ് ഇത്തരമൊരു കരടുബില്‍ ആദ്യം തയ്യാറാക്കിയത്. അന്നത് പാര്‍ലമെന്റില്‍ വന്നില്ല. ഇതില്‍ ചില പരിഷ്‌കാരങ്ങള്‍കൂടി വരുത്തി 2009-ലേതായി ഒരു കരടുബില്ലാണ് തയ്യാറാക്കിയത്. ഈ ബില്‍ ഒരു ‘കിരാതബില്‍’ ആണെന്ന് പരിസ്ഥിതിവാദികള്‍ ശബ്ദുമുയര്‍ത്തിയിട്ടുണ്ട്.

ബി.ടി.വഴുതനയെ തടഞ്ഞ പരിസ്ഥിതിമന്ത്രിയുടെ നടപടിയെ വാക്കുകള്‍കൊണ്ട് എതിര്‍ത്തയാളാണ് ശാസ്ത്രസാങ്കേതികവകുപ്പിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രിയായ പൃഥ്വിരാജ് ചൗഹാന്‍.

ജനിതകമാറ്റം വരുത്തിയ ജീവികളുടെയും അവയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെയും ഗവേഷണവും നിര്‍മാണവും ഇറക്കുമതിയും ഉപയോഗവും നിയന്ത്രിക്കുകയാണ് നിര്‍ദിഷ്ട അതോറിറ്റിയുടെ ചുമതല. അതോറിറ്റിക്ക് മൂന്നു ശാഖകളുണ്ടാവും. ഒന്നാമത്തേത് കൃഷി, വനം, മത്സ്യമേഖലകള്‍ കൈകാര്യംചെയ്യും. രണ്ടാമത്തേത് മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒടുവിലത്തേത് വ്യാവസായികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളുടെ മേഖലയും കൈകാര്യംചെയ്യും. ഒര് അധ്യക്ഷനും മൂന്ന് ചീഫ് റഗുലേറ്ററി ഓഫീസര്‍മാരും റഗുലേറ്ററി ശാഖകളും അപകടനിര്‍ണയവിഭാഗങ്ങളും മറ്റും അതോറിറ്റിക്ക് ഉണ്ടാവും.

അതോറിറ്റിയുടെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാവും. നിര്‍ദിഷ്ടനിയമത്തിനു കീഴില്‍വരുന്ന കാര്യങ്ങള്‍ സംബന്ധിച്ച് മറ്റേതെങ്കിലും നിയമം സംസ്ഥാനങ്ങളില്‍ നിലവിലുണ്ടെങ്കില്‍ അവ പിന്‍വലിക്കേണ്ടിവരും. അതോറിറ്റി ‘പൂര്‍ണബോധ്യ’ത്തോടെ നടപ്പിലാക്കുന്ന കാര്യങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യാനുമാവില്ല. ഒരു സിവില്‍കോടതിക്കും മറ്റ് അതോറിറ്റികള്‍ക്കും ഈ തീരുമാനങ്ങള്‍ ചോദ്യംചെയ്യാന്‍ കഴിയില്ല. എന്നാല്‍, ഒരു കാര്യം നയപരമായ കാര്യമാണോ അല്ലയോ എന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാറും അതോറിറ്റിയുമായി തര്‍ക്കമുണ്ടായാല്‍ അന്തിമതീരുമാനം കേന്ദ്രത്തിന്റെതാകും.

പരിസ്ഥിതിവാദികളെ രോഷം കൊള്ളിച്ചിരിക്കുന്നത് മറ്റുരണ്ടു കാര്യങ്ങളാണ്. ഒന്ന്, അതോറിറ്റി അതിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിനെതിരെ പ്രകടനമോ മറ്റോ നടത്തുന്നതുപോലും ശിക്ഷാര്‍ഹമാകുമെന്ന് വ്യവസ്ഥയുണ്ട്. മറ്റൊന്ന്, എന്തൊക്കെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നതും അതോറിറ്റിയാവും തീരുമാനിക്കുക. വിവരാവകാശ നിയമത്തിനും മീതെയാണ് ഈ അതോറിറ്റി. പരിസ്ഥിതി മന്ത്രാലയത്തിന്റെ തീര്‍പ്പിനെതിരായ ലോബി ബഹുരാഷ്ട്ര കുത്തകകളുടെ പിന്‍ബലത്തില്‍ തിരിച്ചടിക്കാന്‍ പുതിയ ബില്ലിലൂടെ ശ്രമിക്കുമെന്ന് പരിസ്ഥിതിവാദികള്‍ കരുതുന്നു.

കടപ്പാട് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )