ബി.ടി. വഴുതന നമുക്കുവേണ്ടിയല്ല – മാതൃഭൂമി ലേഖനം

”ഇന്ത്യയില്‍ 2,400 വഴുതനയിനങ്ങളുണ്ട്. അഞ്ചുലക്ഷം ഹെക്ടറില്‍ കൃഷിയുണ്ട്. 80 ലക്ഷം ടണ്ണാണ് പ്രതിവര്‍ഷ ഉത്പാദനം. ഉത്പാദനം കുറഞ്ഞുപോകുന്നെന്ന പ്രശ്‌നം ഇവിടെയില്ല. പിന്നെന്തിനാണ് നാം ബി.ടി. വഴുതനയുടെ പിന്നാലെ പോകുന്നത്..?” -ബി.ടി. വഴുതന അവതരിപ്പിച്ച മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര ഭീമന്റെ തലപ്പത്ത് ദീര്‍ഘകാലമിരുന്നയാളുടേതാണീ ചോദ്യം

ഡോ. കെ.പി. പ്രഭാകരന്‍ നായര്‍

പൊതുസമൂഹത്തിന്റെ എതിര്‍പ്പു കണക്കിലെടുത്ത് സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ വിളവിറക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. മൊറട്ടോറിയം എന്നുപറയുന്നത് സമയം നീട്ടിക്കിട്ടാനുള്ള തന്ത്രം മാത്രമാണ്. തുടര്‍ന്ന് വയലുകളില്‍ ബി.ടി. വഴുതനയുടെ പരീക്ഷണകൃഷി നിരോധിക്കാത്തിടത്തോളം ഇത്തരമൊരു വിലക്കുകൊണ്ട് കാര്യമില്ല.

പരാഗണത്തിലൂടെ എളുപ്പം കലര്‍ന്നുപടരുന്ന വിളയാണ് വഴുതന. പരീക്ഷണവയലുകളിലെ ബി.ടി. വഴുതന അങ്ങനെ മറ്റുവയലുകളിലെ നാടനിനങ്ങളുമായി കലരും. അങ്ങനെ അഞ്ചാറുവര്‍ഷം കഴിയുമ്പോള്‍ ഇവിടെ ബി.ടി. വഴുതന മാത്രമേയുള്ളൂ എന്ന സ്ഥിതി വരും.
അമേരിക്കയില്‍ ജനിതക വ്യതികരണം വരുത്തിയ നെല്ലിന്റെ കാര്യത്തില്‍ ഇതു സംഭവിച്ചതാണ്. പരീക്ഷണ വയലുകളില്‍ നിന്ന് പടര്‍ന്നുപടര്‍ന്ന് ഇപ്പോഴവിടെ ജനിതക നെല്ലു മാത്രമേയുള്ളൂ എന്നതാണ് സ്ഥിതി. ബി.ടി. വഴുതനയ്ക്ക് വിത്തുണ്ടാവില്ല. കൃഷിയിറക്കാന്‍ ഓരോ തവണയും വിത്തുണ്ടാക്കുന്ന മൊണ്‍സാന്റോയെയോ അതിന്റെ ഇന്ത്യന്‍ സബ്‌സിഡിയറിയെയോ ആശ്രയിക്കേണ്ടിവരും. അതായത് ഇന്ത്യയിലെ കര്‍ഷകര്‍ അമേരിക്കന്‍ കമ്പനികളുടെ അടിമകളായി മാറും.

ബി.ടി. വഴുതനയുടെ ഗുണദോഷങ്ങള്‍ പരിശോധിക്കാന്‍ ഈ ലേഖകന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച വിദഗ്ധ സമിതി മൊണ്‍സാന്റോയും അതിന്റെ ഇന്ത്യന്‍ സബ്‌സിഡിയറിയായ മഹികോയും നല്‍കിയ വിവരങ്ങള്‍ വിമര്‍ശനാത്മക പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും അവര്‍ക്കെതിരായിരുന്നു. ബി.ടി. വഴുതനയുമായി മുന്നോട്ടുപോകരുതെന്ന് ഈ വിദഗ്ധ സമിതി സര്‍ക്കാറിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതുമാണ്. എന്നിട്ടും ചില സ്ഥാപിത താത്പര്യങ്ങള്‍ക്ക് വഴങ്ങി ജനിതക എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി.) വിളവിറക്കാന്‍ അനുമതി നല്‍കി. സര്‍ക്കാറിന്റെ അന്തിമാനുമതിയേ ഇനി കിട്ടേണ്ടതുള്ളൂ.

ബി.ടി. വഴുതനയോ ജനിതക വ്യതികരണം വരുത്തിയ മറ്റേതെങ്കിലും വിളകളോ ഇന്ത്യക്ക് ആവശ്യമില്ലെന്ന് പൊതു സമൂഹത്തിനും പ്രതിബദ്ധതയുള്ള ശാസ്ത്രകാരന്‍മാര്‍ക്കും പൂര്‍ണ ബോധ്യമുണ്ട്. ഇതിന് അടിവരയിടുന്നതാണ് മൊണ്‍സാന്റോയെന്ന ബഹുരാഷ്ട്ര ഭീമനില്‍ 18 വര്‍ഷം പ്രവര്‍ത്തിച്ച് മാനേജിങ് ഡയറക്ടറായി വിരമിച്ച ജഗദീശന്റെ വാക്കുകള്‍. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:


* എത്രകാലം മൊണ്‍സാന്റോയില്‍ പ്രവര്‍ത്തിച്ചു?
’18 വര്‍ഷം. മാര്‍ക്കറ്റിങ് ആന്‍ഡ് ഡെവലപ്‌മെന്റ് മാനേജരായിട്ടായിരുന്നു തുടക്കം. പിന്നെ ജനറല്‍ മാനേജരായി. അവസാന എട്ടുവര്‍ഷം ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള മാനേജിങ് ഡയറക്ടറായിരുന്നു.

* ബി.ടി. വഴുതന സംബന്ധിച്ച് മന്ത്രി ജയറാം രമേശ് നടത്തിയ തെളിവെടുപ്പില്‍ ഇന്ത്യയുടെ നിയന്ത്രണ ഏജന്‍സികള്‍ ഉത്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന രീതിയെച്ചൊല്ലി താങ്കള്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഇക്കാര്യമൊന്നു വിശദീകരിക്കാമോ? താങ്കള്‍ മൊണ്‍സാന്റോ ഇന്ത്യയുടെ എം.ഡി.യായിരിക്കെ എന്തൊക്കെ ഉത്പന്നങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്?
‘ഒട്ടേറെ കളനാശിനികള്‍ ഞാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര കീടനാശിനി ബോര്‍ഡിനാണ് ഇതുസംബന്ധിച്ച അനുമതിക്കായി അപേക്ഷ നല്‍കുന്നത്. അവ പരിശോധിച്ചുറപ്പിക്കുന്നതിനുള്ള സമയമോ സൗകര്യങ്ങളോ ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കില്ല. അതുകൊണ്ടവര്‍ കമ്പനി നല്‍കുന്ന വിവരങ്ങളെയാണ് ആശ്രയിക്കുന്നത്. മൊണ്‍സാന്റോയുടെ മാത്രമല്ല എല്ലാ കമ്പനികളുടെയും സ്ഥിതിയിതാണ്. നിയന്ത്രണ ഏജന്‍സികള്‍ കമ്പനി നല്‍കുന്ന വിവരങ്ങളെയാണ് ആശ്രയിക്കുന്നതെന്നു വരുമ്പോള്‍ കമ്പനികള്‍ വിവരങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കും (ബി.ടി. വഴുതനയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്).

ബി.ടി. വഴുതന പോലൊരു വിളയുടെ കാര്യത്തില്‍ ഇങ്ങനെ വരുന്നത് ആശങ്കാജനകമാണ്. ഐ.സി.എ.ആര്‍., ഐ.എ.ആര്‍.എ. തുടങ്ങിയ സ്ഥാപനങ്ങളുടെ ദീര്‍ഘകാല സ്വതന്ത്ര പരീക്ഷണങ്ങള്‍ക്കു ശേഷമല്ലാതെ ഇത്തരമൊരു വിള തിരക്കുപിടിച്ച് അവതരിപ്പിക്കരുത്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ബി.ടി. വഴുതന തന്നെ ആവശ്യമില്ല. അഞ്ചുലക്ഷം ഹെക്ടറോളം സ്ഥലത്ത് വഴുതന കൃഷിചെയ്യുന്നുണ്ട്. 80 ലക്ഷം ടണ്ണിലേറെയാണ് പ്രതിവര്‍ഷം ഉത്പാദനം. ഉത്പാദനം കുറവാണെന്ന പ്രശ്‌നം ഇവിടെയില്ല. കീടബാധയുണ്ടെന്നതു ശരിയാണ്. പക്ഷേ, അവ നിയന്ത്രിക്കാന്‍ വേറെ വഴിയുണ്ട്. വേപ്പെണ്ണ പോലുള്ള നാടന്‍ പ്രയോഗങ്ങള്‍ കൊണ്ടുതന്നെ കീടങ്ങളെ നേരിടാം. ബി.ടി. വഴുതനയിലേക്ക് മാറേണ്ട കാര്യമൊന്നും ഇപ്പോഴില്ല.


* ഒട്ടും സുതാര്യമല്ല ഈ വ്യവസായത്തിന്റെ പ്രവര്‍ത്തനം. മൊണ്‍സാന്റോ പോലുള്ള കമ്പനികളുടെ ആഭ്യന്തര പ്രവര്‍ത്തന രീതിയെന്താണ്? യഥാര്‍ഥത്തില്‍ നിങ്ങള്‍ സ്വന്തം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടോ?
‘കളനാശിനികളുടെ കാര്യത്തില്‍ ഞങ്ങള്‍ സ്വന്തം പരിശോധനകള്‍ നടത്തുന്നുണ്ട്. പക്ഷേ, ചിലപ്പോള്‍ വിദേശത്തുനടന്ന പരീക്ഷണങ്ങളുടെ ഫലത്തെ ആശ്രയിക്കും.ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാവില്ല അത്. പക്ഷേ, കീടനാശിനി ബോര്‍ഡ് അത് സ്വീകരിക്കും. ഞങ്ങള്‍ നല്‍കിയ വിവരം പരിശോധിച്ചുറപ്പിക്കാനുള്ള സംവിധാനം അവര്‍ക്കില്ല. ചില പരീക്ഷണങ്ങള്‍ ഞങ്ങള്‍ നടത്താറുണ്ട്. എന്നാല്‍, ഗവേഷണങ്ങള്‍ക്കു വേണ്ട നിയന്ത്രിത കൃഷിയിടങ്ങളൊന്നും ഞങ്ങള്‍ക്കില്ല.

*വിവരങ്ങളില്‍ കൃത്രിമം കാണിച്ചതിന്റെ അനുഭവമുണ്ടോ താങ്കള്‍ക്ക്?
‘എന്റെ അധികാരപരിധിയില്‍ അതുണ്ടായിട്ടില്ല. എന്നാല്‍, വിദേശത്ത് എന്തുനടന്നെന്ന് അറിയില്ല. സ്വന്തം ഉത്പന്നത്തിന് അനുമതി ലഭിക്കണമെന്നതുകൊണ്ട് ഏത് കമ്പനിയും തങ്ങള്‍ക്ക് അനുകൂലമായ വിവരങ്ങളേ സമര്‍പ്പിക്കുകയുള്ളൂ. അതാണ് സാമാന്യബുദ്ധി.

* ബി.ടി. പരുത്തി വികസിപ്പിച്ചത് താങ്കളുടെ കാലത്താവണം. അതേച്ചൊല്ലിയും താങ്കള്‍ക്ക് സംശയങ്ങളുണ്ടോ?
‘ഞാന്‍ സെന്റ് ലൂയിസിലുള്ളപ്പോഴാണ് അവിടെ അതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍, അത് ഇന്ത്യയിലവതരിപ്പിക്കുമ്പോഴേക്ക് ഞാന്‍ കമ്പനി വിട്ടിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ വിശദാംശങ്ങള്‍ എനിക്കറിയില്ല. വിളവ് ഇരട്ടിയായെന്നാണ് ചില കര്‍ഷകര്‍ പറയുന്നത്. വിള ചതിച്ചതുകൊണ്ട് ആത്മഹത്യ ചെയ്തവരുമുണ്ട്. വാണിജ്യാടിസ്ഥാനത്തിലിറക്കിയശേഷം പരാജയങ്ങളുണ്ടായെന്നുറപ്പാണ്. വിശേഷിച്ചും 2002ല്‍ വിള പരാജയപ്പെട്ടു. കീടബാധ പെരുകി. ബി.ടി.സാങ്കേതിക വിദ്യക്കുവേണ്ടി ഉപയോഗിച്ചത് തെറ്റായ പരുത്തിയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. പിന്നീടത് മെച്ചപ്പെടുത്തിയെന്നും പറയുന്നു. പക്ഷേ, ഒന്നോര്‍ക്കണം പ്രകൃതിക്ക് അതിന്റേതായ രീതിയുണ്ട്. ഒന്നു നിയന്ത്രിക്കുമ്പോള്‍ വേറൊന്ന് പെരുകും.

കായ്തുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാനാണ് ബി.ടി. പരുത്തി വികസിപ്പിച്ചത്. അതു നിയന്ത്രിച്ചപ്പോള്‍ മറ്റു കീടങ്ങള്‍ പെരുകി. കായ്തുരപ്പന്‍ തന്നെ പിന്നീട് പ്രതിരോധശേഷിയാര്‍ജിച്ചു. കീടനാശിനി ഉപയോഗം ആദ്യം കുറഞ്ഞെങ്കിലും പിന്നീട് കൂടിവന്നു.


*ബി.ടി. വിളകളുടെ വിത്ത് ഓരോ വര്‍ഷവും വാങ്ങേണ്ടിവരുന്നു എന്ന ആശങ്കയുമുണ്ട്.
‘ശരിയാണ്. അന്തക ജീന്‍ കാരണമാണത്. ഈ ജീന്‍ ഒരിക്കല്‍ മാത്രമേ വിത്തിനെ വളരാന്‍ അനുവദിക്കൂ. അതില്‍ നിന്നുണ്ടായ വിള പിന്നെ വിത്തായുപയോഗിക്കാന്‍ പറ്റില്ല. ബി.ടി. പരുത്തിയില്‍ മൊണ്‍സാന്റോ ആ ജീനുപയോഗിച്ചിരുന്നോ എന്നറിയില്ല; ഏതൊക്കെ വിളകളില്‍ ഉപയോഗിക്കുന്നുണ്ട് എന്നുമറിയില്ല. പക്ഷേ, ബി.ടി. പരുത്തിയുടെ വിത്ത് ഓരോ വര്‍ഷവും വന്‍വിലകൊടുത്ത് വാങ്ങേണ്ടിവരുന്നുണ്ട് കര്‍ഷകര്‍ക്ക്. ഇത് ഇന്ത്യയുടെ കാര്‍ഷിക സംസ്‌കാരത്തിനു വിരുദ്ധമാണ്. അടുത്ത വിളയ്ക്കുള്ള വിത്ത് കര്‍ഷകര്‍ തന്നെ ഉത്പാദിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ രീതി. എന്നാല്‍ ബി.ടി.യുടെ കാര്യത്തില്‍ അതു പറ്റുന്നില്ല. ഓരോ തവണയും പുതിയ വിത്തുവാങ്ങാന്‍ കര്‍ഷകര്‍ക്ക് കമ്പനിയെ സമീപിക്കേണ്ടിവരുന്നു.

*എം.ഡി.യെന്ന നിലയില്‍ താങ്കള്‍ക്കിക്കാര്യങ്ങള്‍ അറിയുമായിരുന്നില്ലേ?
‘സഹപ്രവര്‍ത്തകരുമായി ഇതേക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ അന്തകജീനിന്റെ കാര്യമാണ് പറഞ്ഞത്. ബി.ടി.പരുത്തി വിത്തിന് ഭയങ്കര വിലയാണെന്ന് ഇപ്പോള്‍ കേള്‍ക്കുന്നു. ബി.ടി.പരുത്തി വിത്തുണ്ടാക്കാന്‍ 63 കമ്പനികളുണ്ട്. അവരില്‍ നിന്നെല്ലാം മൊണ്‍സാന്റോ റോയല്‍റ്റി പിരിക്കുന്നുമുണ്ട്. ഇത് പ്രസിദ്ധീകരിക്കപ്പെട്ട വിവരമാണ്. എനിക്കിതേക്കുറിച്ച് നേരിട്ടറിവൊന്നുമില്ല.

*മൊണ്‍സാന്റോ കീടനാശിനികളും കളനാശിനികളുമുണ്ടാക്കുന്നുണ്ട്. ബി.ടി.വിളകളാണെങ്കില്‍ കീടങ്ങളെ ചെറുക്കുകയും ചെയ്യും. പരസ്​പര വിരുദ്ധമല്ലേ ഈ രണ്ടു വാണിജ്യതാത്പര്യങ്ങളും?

‘കള നശിപ്പിക്കാന്‍ മൊണ്‍സാന്റോ ഗ്ലൈഫോസെറ്റ് എന്നൊരുത്പന്നം വികസിപ്പിച്ചു. എന്നാലത് സോയാബീനിനെയും നശിപ്പിക്കുമെന്നു പിന്നാലെ വെളിവായി. അപ്പോഴവര്‍ ഗ്ലൈഫോസെറ്റിനെ ചെറുക്കാന്‍ ശേഷിയുള്ള ജനിതക വ്യതികരണം വരുത്തിയ സോയാബീന്‍ വികസിപ്പിച്ചു. അതായത് കളനശിപ്പിക്കാന്‍ കളനാശിനിയുണ്ടാക്കുക. എന്നിട്ട് കളനാശിനിയെ ചെറുക്കുന്ന വിള വികസിപ്പിക്കുക. അങ്ങനെ രണ്ടുവഴിക്കും പണമുണ്ടാക്കുക. പിന്നീടുകേട്ടു ഈ സോയാബീനും വിജയമായിരുന്നില്ലെന്ന്. ഉത്പാദനം കുറഞ്ഞുവരികയാണത്രെ.


*ബി.ടി.വഴുതനയുടെ കാര്യത്തില്‍ മറ്റെന്തെല്ലാമാണ് പ്രശ്‌നങ്ങള്‍?
‘ധാരാളമുണ്ട്. ഇന്ത്യയുടെ ജൈവവൈവിധ്യത്തെ ബാധിക്കുമെന്നതാണ് പ്രധാനം. ഉദാഹരണത്തിന് ഇന്ത്യയിലിപ്പോള്‍ 2,400 ഇനം വഴുതനകളുണ്ട്. വളരെയെളുപ്പം സങ്കരപരാഗണം നടക്കുന്ന വിളയാണ് വഴുതന. ഒരുവയലില്‍ ബി.ടി.വഴുതന കൃഷി ചെയ്താല്‍ പൂമ്പൊടി മറ്റു വയലുകളിലെ സാധാരണ വഴുതനയുമായി കലരാന്‍ എളുപ്പമാണ്. കാറ്റോ പ്രാണികളോ ബി.ടി.വഴുതന മറ്റു വയലുകളിലുമെത്തിക്കും. ഇങ്ങനെ പരന്ന ബി.ടി.പരുത്തി സമ്മതം വാങ്ങാതെ കൃഷി ചെയെ്തന്നാരോപിച്ച് കാനഡയില്‍ മൊണ്‍സാന്റോ പലര്‍ക്കുമെതിരെ കേസുകൊടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിലൊരു പ്രശസ്ത കേസില്‍ വിധി മൊണ്‍സാന്റോയ്ക്ക് എതിരായിരുന്നു. ഇന്ത്യയിലും ഇതുസംഭവിക്കും. ബി.ടി.വഴുതനത്തോട്ടവും സാധാരണ വഴുതനത്തോട്ടവും തമ്മില്‍ 30മീറ്ററിന്റെ അകലം മതിയെന്നാണ് അവര്‍ പറയുന്നത്. എനിക്കതില്‍ വിശ്വാസം പോര. കാറ്റടിക്കുന്നതും ഷട്പദങ്ങള്‍ പറക്കുന്നതും നമുക്ക് നിയന്ത്രിക്കാനാവില്ല. അതുകൊണ്ടുതന്നെ ജീനിന്റെ സഞ്ചാരവും നിയന്ത്രിക്കാന്‍ പറ്റില്ല. ഇങ്ങനെ സങ്കരം നടന്നാല്‍ നമ്മുടെ ജൈവ വൈവിധ്യമാണ് തകരുക. നമ്മുടെ നാടന്‍ വഴുതനയ്‌ക്കൊരു സവിശേഷഗുണമുണ്ട്. അത് ടൈപ്പ് കക പ്രമേഹം നിയന്ത്രിക്കും. ജനിതക വ്യതികരണം വന്നാല്‍ ബി.ടി.വഴുതനയ്ക്ക് എന്തുഗുണമാണുണ്ടാവുകയെന്ന് നമുക്കറിയില്ല.

*പരിശോധനകളുടെ അപര്യാപ്തതയിലേക്കും സര്‍ക്കാര്‍ അനുമതിയുടെ പ്രശ്‌നങ്ങളിലേക്കുമാണ് വീണ്ടും നാമെത്തുന്നത്.
‘അതെ, സ്വതന്ത്രമായ ദീര്‍ഘകാല പരീക്ഷണങ്ങളാണ് വേണ്ടത്. സൂക്ഷ്മ ഗവേഷണ- നിരീക്ഷണങ്ങളിലൂടെയാവണം ഗുണദോഷങ്ങള്‍ നിര്‍ണയിക്കുന്നത്. ഇവിടെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ ഭക്ഷ്യവിളകളില്‍ പ്രയോഗിക്കുന്നത്. പക്ഷേ, അത് ജനന വൈകല്യങ്ങള്‍ക്കോ മറ്റോ കാരണമാകുമോ എന്നൊന്നും പഠിച്ചിട്ടില്ല. ജനിതക സൊയാബീന്‍ എലികളുടെ വൃക്കയിലും കരളിലും ട്യൂമറും വ്രണങ്ങളുമുണ്ടാക്കുന്നതായി പരീക്ഷണശാലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണവിവരങ്ങളാണ്. ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുവദിക്കാനുള്ള ജി.ഇ.എ.സി.യുടെ തീരുമാനം കുടത്തില്‍ നിന്നു ഭൂതത്തെ തുറന്നുവിടുന്നതുപോലെയാണ്.

*നിങ്ങളുടെ അഭിപ്രായത്തില്‍ നമുക്ക് ബി.ടി. വഴുതനയുടെ ആവശ്യമുണ്ടോ?
‘ബി.ടി. വഴുതനയുടെ കടന്നുവരവുതന്നെ സംശയാസ്​പദമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച വിജ്ഞാന കമ്മീഷനില്‍ സ്ഥിരം അംഗങ്ങളായി മൂന്ന് കമ്പനികളുണ്ട്. മൊണ്‍സാന്റോയും ഡോവ് കെമിക്കല്‍സും അതില്‍പ്പെടും. സ്വാഭാവികമായും അവര്‍ അവരുടെ കാഴ്ചപ്പാടുകള്‍ കടത്തിവിടും. ബി.ടി. വഴുതന ഒരു തുടക്കം മാത്രമാണ്. ബി.ടി. അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ് അങ്ങനെ പലതിനെപ്പറ്റിയും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അങ്ങനെയങ്ങനെ രാജ്യം തന്നെ ബി.ടി.യായി മാറും. ഹില്ലരി ക്ലിന്റണ്‍ ഇന്ത്യയില്‍ വന്നപ്പോള്‍ തന്റെ സന്ദര്‍ശനോദ്ദേശ്യം ഇന്ത്യയുടെ കാര്‍ഷിക നയം അമേരിക്കന്‍ താത്പര്യത്തിനൊത്ത് വളച്ചെടുക്കുകയാണെന്ന് തുറന്നുപറഞ്ഞതാണ്.

*ഭക്ഷ്യസുരക്ഷയ്ക്ക് ബി.ടി. വിളകള്‍ വേണമെന്നാണ് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത് ?
‘രണ്ടുദശകം മുമ്പ് നമ്മള്‍ ഹരിതവിപ്ലവത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചതാണ്. കീടനാശിനികള്‍ വന്‍തോതിലുപയോഗിച്ചതിലൂടെ ഉത്പാദനം ഉയരുകയും ചെയ്തു. പക്ഷേ, മണ്ണ് നാശമായി. ഹ്രസ്വകാല നേട്ടങ്ങളെപ്പറ്റിമാത്രം ചിന്തിക്കുന്നത് ശരിയല്ലെന്നാണതിനര്‍ഥം. പുതിയൊരുത്പന്നം എത്രയും വേഗം അവതരിപ്പിക്കാനാണ് വിദേശ കമ്പനികള്‍ ശ്രമിക്കുക. എത്രയും പെട്ടെന്ന് ലാഭമുണ്ടാക്കുക. എന്നിട്ട് കഴിയുന്നതും വേഗം സ്ഥലം വിടുക. ഇക്കാര്യത്തില്‍ മുന്‍കരുതലെടുക്കേണ്ടതും നമ്മുടെ താത്പര്യം സംരക്ഷിക്കേണ്ടതും സര്‍ക്കാറാണ്. ഈ ചുമതല നിറവേറ്റുന്നതിലാണ് സര്‍ക്കാറും നിയന്ത്രണ ഏജന്‍സികളും പരാജയപ്പെടുന്നത്.

*ഇതെല്ലാം താങ്കളിപ്പോള്‍ പറയുന്നതെന്തേ? എന്തുകൊണ്ട് കുറച്ചു നേരത്തേ ശബ്ദമുയര്‍ത്തിയില്ല?

‘അതിനവസരമുണ്ടായിരുന്നില്ല. ജയറാം രമേശ് ഇങ്ങനെയൊരു പൊതു തെളിവെടുപ്പു വിളിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പറയാന്‍ അവസരം കിട്ടിയത്. ഞാന്‍ സംസാരിച്ചത് മൊണ്‍സാന്റോക്കെതിരെയല്ല, ബി.ടി. സാങ്കേതികവിദ്യയ്‌ക്കെതിരെയാണ്. അതുസംബന്ധിച്ച് എനിക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. ഇന്ത്യന്‍പൗരന്‍ എന്ന നിലയിലാണ് ഞാനതു പ്രകടിപ്പിക്കുന്നത്.

കടപ്പാട് – മാതൃഭൂമി 19-02-10

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w