സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ ശമ്പളക്കമ്മീഷന്‍

പെന്‍ഷന്‍ പരിഷ്‌കരണവും പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിനായി റിട്ട. ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു അധ്യക്ഷനായി പുതിയ ശമ്പളക്കമ്മീഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അഞ്ചുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഡാം സേഫ്ടി കമ്മീഷന്‍ അധ്യക്ഷനാണ് ഇപ്പോള്‍ ജസ്റ്റിസ് രാജേന്ദ്രബാബു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ. പി.മോഹനന്‍ പിള്ള, അഡ്വ. പി.വേണുഗോപാലന്‍ നായര്‍ എന്നിവരാണ് ശമ്പളക്കമ്മീഷനിലെ മറ്റംഗങ്ങള്‍. പ്രൊമോഷന്‍, ശമ്പളഘടന, മറ്റാനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ആറുമാസമായിരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പത്രലേഖകരോട് പറഞ്ഞു. പെന്‍ഷന്‍ പരിഷ്‌കരണവും കമ്മീഷന്റെ പരിഗണനാ വിഷയമാണ്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് തുല്യത വേണമെന്ന നിര്‍ദ്ദേശം പരിഗണിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കമ്മീഷന് വേണമെങ്കില്‍ ഈ വിഷയം പരിഗണിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രസവാനുകൂല്യം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് ശമ്പളപരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടാം ശമ്പളക്കമ്മീഷന്‍ 2004 ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും അത് നടപ്പാക്കിയത് 2009 ജൂലായ് ഒന്നുമുതലായിരുന്നു. ഇതുമൂലം കഴിഞ്ഞവര്‍ഷം 1500 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടായതെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് പത്രലേഖകരോട് പറഞ്ഞു. ഇതിനുപുറമെ കഴിഞ്ഞവര്‍ഷം നല്‍കിയ രണ്ട് ക്ഷാമബത്തകള്‍വഴി 700 കോടി രൂപയുടെ ബാധ്യതയും ഉണ്ടായി. അതുകൊണ്ട് ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം നല്‍കേണ്ടിവന്നില്ല. ഒന്‍പതാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാകുമ്പോള്‍ ജീവനക്കാരുടെ വരുമാനാന്തരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശമ്പളപരിഷ്‌കരണം കഴിഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍ ഭീമമായ വര്‍ധനവാണുണ്ടായത്. അതാണ് ഡോക്ടര്‍മാരും മറ്റും സമരത്തിനിറങ്ങിയത്. ഇനി ഈ അന്തരം കുറയും.

ഒന്‍പതാം ശമ്പളക്കമ്മീഷനോട് 2009 ജൂലായ് ഒന്നുമുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ താഴെപ്പറയുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ സര്‍വീസിലുള്ള പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്‍സി ജീവനക്കാരും തൂപ്പുകാരും സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍, കോളേജുകള്‍, നേരിട്ട് ശമ്പളം നല്‍കുന്ന ഇതുപോലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍, പാര്‍ട്ട്‌ടൈം ജീവനക്കാരും കാഷ്വല്‍ തൂപ്പുകാരും (യു.ജി.സി, എ.ഐ.സി.ടി.ഇ. സ്‌കീമുകളില്‍പ്പെടുന്നവര്‍ ഇതില്‍ ഉള്‍പ്പെടുകയില്ല), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ജീവനക്കാര്‍. പെന്‍ഷന്‍കാര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ആവശ്യമുണ്ടോയെന്ന് പരിശോധിക്കാം. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങള്‍കൂടി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.

പുതിയ ശമ്പളപരിഷ്‌കാരം നടപ്പിലാകുമ്പോള്‍ വരുന്ന അധിക സാമ്പത്തികബാധ്യതയും കണക്കാക്കാം. ശമ്പളസെ്കയിലുകള്‍ തമ്മിലുള്ള അന്തരം ഉണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കണം. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശമ്പളക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 30 പേരടങ്ങുന്ന സെക്രട്ടേറിയറ്റ് രൂപവത്കരിക്കും. ഇതില്‍ 18 പേര്‍ സെക്രട്ടേറിയറ്റ് സര്‍വീസില്‍നിന്നും 12 പേര്‍ മറ്റ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ളവരുമാകും. ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഒരാളായിരിക്കും കമ്മീഷന്‍ സെക്രട്ടറി. കമ്മീഷന്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഫിബ്രവരി 25ന് ആരംഭിക്കുമെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2006 മാര്‍ച്ച് 25ന് നടപ്പിലാക്കിയ ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും അനുവദിക്കാനും ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ലിങ്ക് – മാതൃഭൂമി

Advertisements

4അഭിപ്രായങ്ങള്‍

Filed under കേരളം, പെന്‍ഷന്‍, വാര്‍ത്ത

4 responses to “സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ ശമ്പളക്കമ്മീഷന്‍

 1. നിത്യോപയോഗ സാധനങ്ങള്‍ (കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നത്) ക്ക് വിലവര്‍ദ്ധനയുണ്ടായാല്‍ അതിനെതിരെ കര്‍ഷകര്‍ പോലും പ്രതികരിക്കും. സ്വയം തങ്ങളുടെ ഉത്പന്ന വിലവര്‍ദ്ധനവ് അവരെക്കൊണ്ടുതന്നെ വേണ്ട എന്ന് പറയിക്കുന്നു.
  ശമ്പളവര്‍ദ്ധനവിനെതിരെ ആര്‍ക്കും പരാതിയില്ല.

 2. ലംബോദരന്‍

  കഞ്ഞി കുടിക്കണ്ടേ മാഷേ…………….സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷം പാവം തൂപ്പുകാരും പ്യൂണ്മാരുമാണ്. കൈക്കുലി വാങ്ങുന്ന വലിയ ആഫീസര്‍മാര്‍ ന്യൂനപക്ഷമാണ്. അവരെ സംബന്ധിച്ചാണെങ്കില്‍ ഫാര്‍മറുടെ അഭിപ്രായം നൂറൂ ശതമാനം ഒ.കെ

  • ലംബോദരന്‍
   തൂപ്പുകാരും പ്യൂണും ഇരുപത്തിയഞ്ച് കൊല്ലംകൊണ്ട് പതിനാലിരട്ടി ശമ്പളവര്‍ദ്ധനവ് കൈപ്പറ്റുമ്പോള്‍ (പെന്‍ഷനില്‍ ഞാനുള്‍പ്പെടെ) കൃഷിക്കാരുടെ കാര്യം കഷ്ടമാണ് സുഹൃത്തേ. വിവാഹമാര്‍ക്കറ്റാണ് പ്രധാനം. പ്യൂണിന് കിട്ടുന്ന അംഗീകാരം കര്‍ഷകന്റെ മക്കള്‍ക്കില്ല. വര്‍ഷങ്ങള്‍ ചെല്ലുന്തോറും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നഷ്ടകൃഷിചെയ്യാതെ ഭൂമി തരിശിടാം. അതുകൊണ്ട് ജീവിക്കുന്ന കര്‍ഷകര്‍ അടുത്തതവണ രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍ ബാങ്ക് വായ്പയെടുത്ത് കൃഷിചെയ്യും. ഫലം കൂട്ട ആത്മഹത്യതന്നെ.

  • 4,75,000 പേര്‍ കേരളസര്‍ക്കാര്‍ ജീവനക്കാരായുണ്ടെങ്കില്‍എത്രപേര്‍ തൂപ്പുകാരും പ്യൂണും ആയി ഉണ്ട്? തരം തിരിച്ചൊരു ലിസ്റ്റ് കിട്ടാന്‍ എന്താ ഒരു മാര്‍ഗം?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w